Search This Blog

Friday, July 29, 2022

അപ്പോളോ-1

60കളിൽ വിയറ്റ്നാം യുദ്ധത്തിലെ അപമാനകരമായ പങ്കും അഭ്യന്തരമായ കറുത്തവരുടെ മനുഷ്യാവകാശ സമരങ്ങളുമെല്ലാo കൂടി നാണം കെട്ട യു എസ് അതിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ 1967ൽ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അപ്പോളോ-1. ചന്ദ്രനിലിറങ്ങാനുള്ള പദ്ധതിയുടെ തുടക്കം എന്ന നിലക്കായിരുന്നു അത്. പ്രതീക്ഷിച്ചതുപോലെ പത്രങ്ങളല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. Edward White, Gus Grissum, Roger B Chafee എന്നിവരായിരുന്നു അതിലെ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ടവർ. പേടകത്തിന്റെ നിർമ്മാണത്തിനുശേഷം പരിശീലനത്തിന്റെ ഭാഗമായി എല്ലാ സജ്ജീകരണങ്ങളോടുകൂടി, എന്നാൽ, റോക്കറ്റിലെ ഇന്ധനം നിറയ്ക്കാതെ പേടകത്തിൽ കയറി.
അതിനുമുമ്പ് നടത്തിയ പരിശോധനയിൽ അകത്ത് എന്തോ ദുർഗന്ധമുണ്ടെന്ന് കണ്ടെത്തി. വീണ്ടും വിശദമായ വിദഗ്ധപരിശോധനയ്ക്കുശേഷം പ്രശ്നമൊന്നുമില്ലെന്ന നിഗമനത്തിലെത്തിയിരുന്നു.
അങ്ങനെ, മൂന്നു പേരും കയറിയിരുന്നതിനുശേഷം (അവർക്കും മണം അനുഭവപ്പെട്ടിരുന്നു) അല്പം കഴിഞ്ഞപ്പോൾ പേടകത്തിനകത്തെ പ്രാണവായുവിന്റെ അളവ് ക്രമാതീതമായി ഉയരുകയും പെട്ടെന്ന് അകത്ത് തീനാളങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. നൊടിയിടയിൽ പേടകത്തിലാകെ തീ ആളിപ്പടരുകയും അഗ്നിശമനശ്രമങ്ങൾ വിഫലമായതിനാൽ മൂന്നുപേരും അകത്തു കുടുങ്ങി വെന്തുമരിക്കുകയും ചെയ്തു.
- സഫാരി ടിവി മിഷൻ സ്പേസ്
30/7/22

Wednesday, July 20, 2022

ആൻ ഫ്രാങ്ക്

ആൻ ഫ്രാങ്ക്

സഫാരി ടിവിയിൽ ഹിസ്റ്ററി എന്ന പരമ്പരയിൽ   24 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്ത ആൻ ഫ്രാങ്കിന്റെ ചരിത്രം ഇന്നലെ അവസാനിച്ചു. എത്ര ഹൃദയഭേദകമായ ഒരു ജീവിതം! ജർമ്മനിയിൽ സമ്പന്നമായ ജൂത വണിക് കുടുംബത്തിൽ 1929ൽ ഓട്ടോ ഫ്രാങ്കിന്റേയും എഡിത് ഫ്രാങ്കിന്റേയും മകളായി ജനിച്ച ആൻ ഫ്രാങ്ക് 1945 ൽ വെറും 15 വയസ്സിൽ നാസി ക്യാമ്പിൽ അസുഖ ബാധിതയായി മരിച്ചു. മൂത്ത സഹോദരി മാർഗറ്റ് ഫ്രാങ്കും അതേ വിധി പങ്കിട്ടു.
വിധിവൈപരീത്യമെന്നു പറയാം, ആനിന്റെയൊപ്പമാണ് ഹിറ്റ്ലറും നാസിസവും വളർന്നത്. ഹിറ്റ്ലറുടെ ജർമനിയിൽ ക്രമേണ വളർന്നുവന്ന ജൂതവിരോധവും പീഡനങ്ങളും അസഹ്യമായപ്പോൾ കുടുംബം നെതർലാന്റിലേക്ക് കുടിയേറി. അവിടെ ജ്യൂസ് നിർമ്മാണക്കമ്പനി കെട്ടിപ്പടുത്തു. എന്നാൽ, അധികം താമസിയാതെ ഹിറ്റ്ലർ നെതർലാന്റ് ആക്രമിച്ച് കീഴടക്കിയപ്പോൾ ജർമ്മനിയിലേതിന് സമാനമായ ഭീകരാവസ്ഥ നെതർലാന്റിലും സംജാതമായി. ഓട്ടോ ഫ്രാങ്ക് അമേരിക്കയിലേക്കോ ക്യൂബയിലേക്കോ കൂടിയേറ്റത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല.
ഒടുവിൽ, മൂത്ത മകൾക്ക് ലേബർ ക്യാമ്പിലേക്ക് നാസികളുടെ വിളി വന്നു. അതോടെ, കുടുംബം ഒന്നടങ്കം ഒളിവിലായി. താൻ നടത്തിവരുന്ന സ്ഥാപനത്തിന്റെ തട്ടിൻപുറത്ത് ഒരു വലിയ ബുക്ക് ഷെൽഫിന്റെ പിന്നിലായിരുന്നു ഒളിസ്ഥലം. അവിടെ വെച്ചാണ് ആൻ പിന്നീട് ലോകപ്രശസ്തിയിലേക്കുയർന്ന ഡയറി എഴുതാൻ തുടങ്ങുന്നത്.
താമസിയാതെ മറ്റൊരു കുടുംബവും ഒരു ഡോക്ടറും അവരുടെ കൂടെ കൂടി.
താഴെ ഓഫീസിലുളള ജോലിക്കാർ ജീവനു ഭീഷണി വകവെക്കാതെ നീണ്ട രണ്ടു വർഷക്കാലം അവർക്കുവേണ്ട എല്ലാ സഹായങ്ങളും അതീവ രഹസ്യമായി ചെയ്തുപോന്നു. എന്നിട്ടും, മറ്റാരോ ഒറ്റിക്കൊടുത്തതിന്റെ ഫലമായി പോലീസ് ഓഫീസ് റെയ്ഡ് ചെയ്യുകയും രണ്ടു ജോലിക്കാരടക്കം എല്ലാവരേയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഒന്നാം ലോകയുദ്ധത്തിൽ ജർമ്മൻ പട്ടാളത്തിൽ ലഫ്ട്നന്റായി സേവനമനുഷ്ഠിച്ചിരുന്ന ഓട്ടോ ഫ്രാങ്കിന്റെ പട്ടാള വസ്തുക്കൾ കണ്ടിട്ടും പോലീസിന് ഒരു കുലുക്കവുമുണ്ടായില്ല.
അവർ അവിടെ ചിന്നിച്ചിതറിയിട്ട ആനിന്റെ ഡയറി ഒരു ജോലിക്കാരിയാണ് എടുത്ത് സൂക്ഷിച്ചു വെച്ചത്.
തുടർന്ന് വിവിധ ക്യാമ്പുകളിലെ പട്ടിണിയും അസുഖങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളുമെല്ലാമായി നരകതുല്യമായ ജീവിതത്തിനൊടുവിൽ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. യുദ്ധത്തിനൊടുവിൽ ഓട്ടോ ഫ്രാങ്ക് മാത്രം ജീവിതത്തിലേക്കു തിരിച്ചുവന്നു.
ആനും മാർഗറ്റും അടയ്ക്കപ്പെട്ട ക്യാമ്പ് അവർ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് സൈന്യം മോചിപ്പിച്ചു എന്നത് അവരുടെ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ 60 ലക്ഷത്തിലധികം ജൂതന്മാരെ ഒരു സർക്കാർ എല്ലാ വിധ ഔദ്യോഗിക സംവിധാനങ്ങളുമുപയോഗിച്ചു കൊലയറയിലേക്കു നടത്തി, അതും മനുഷ്യൻ ഏറെക്കുറെ പരിഷ്കൃതമനുഷ്യനായി മാറി എന്ന് കരുതപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിൽ എന്നത് നടുക്കുന്ന വസ്തുതയാണ്. മനുഷ്യചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ കാലത്തിൽ (ഏതാണ്ട് 10 വർഷം) യുദ്ധമില്ലാതെത്തന്നെ ഇത്രയും ഭീകരമായ ഒരു സംഭവമുണ്ടായിട്ടുണ്ടാവില്ല. എങ്ങനെയാണ് ഒരു പ്രബുദ്ധ നൂറ്റാണ്ടിൽ ഒരു വലിയ മനുഷ്യസമൂഹത്തെ തോക്കുകളുടെ മാത്രം സഹായത്താൽ ആടുമാടുകളെപ്പോലെ നിരന്തരമായി കൊലയറയിലേക്ക് തള്ളിവിടാൻ കഴിഞ്ഞത്? ഇത്രയും കാലം ലോകം എന്തു ചെയ്യുകയായിരുന്നു. പ്രാണരക്ഷാർത്ഥം യൂറോപ്പിൽനിന്ന് പാലസ്തീനിലേക്കും ക്യൂബയിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്തവരെ തടഞ്ഞ് മനസ്സാക്ഷിയുടെ ഒരു ലാഞ്ഛനപോലുമില്ലാതെ തിരികെയയ്ക്കാൻ ലോകമഹാശക്തികളെന്നു ഊറ്റം കൊള്ളുന്ന ബ്രിട്ടനും അമേരിക്കക്കുമൊക്കെ എങ്ങനെ കഴിഞ്ഞു?
നാസികളുടെ രാക്ഷസീയ ഭീകരതയ്ക്കുമുന്നിൽ ലോകമനസ്സാക്ഷി വിറങ്ങലിച്ചുനിന്നു എന്നതല്ലേ വാസ്തവം? ഇനിയും അങ്ങനെയൊന്നു സംഭവിക്കില്ലെന്നു  ഉറപ്പു പറയാൻ കഴിയുമോ?

18/722

Thursday, June 30, 2022

വായനക്കാർ എഴുതുന്നു: കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം

വളരെ പ്രയാസപ്പെട്ടാണ് മധുരാജിന്റെ "കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം" എന്ന കരളലയിക്കുന്ന സചിത്രലേഖനം (100:16) വായിച്ചു തീർത്തത്. പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന നമുക്ക് എന്തുപറ്റീ? എന്നു മുതലാണ് നമ്മൾ ഇത്ര കഠിനഹൃദയരായത്? കെറെയിലിനുവേണ്ടി ഉറഞ്ഞു തുള്ളുന്ന സർക്കാരിന് വെറും നക്കാപ്പിച്ച സഹായം നല്കി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ കഴിയുന്നതെങ്ങനെ? നിരവധി സമരങ്ങൾ അരങ്ങേറിയിട്ടും എങ്ങനെ അവർക്ക് ഈ മഹാദുരന്തം കണ്ടില്ലെന്നു നടിക്കാൻ കഴിയുന്നു? സ്വന്തം എടുത്തുചാട്ടംകൊണ്ടു മാത്രം മലയിടുക്കിൽ വീണുപോയ ഒരാളെ രക്ഷിക്കാൻ കാട്ടിയ ജാഗ്രതയും കർമ്മവ്യഗ്രതയുംപോലും സർക്കാരിന്റെ അനുമതിയോടെ പ്ലാന്റേഷൻ കോർപ്പറേഷൻ നടത്തിയ ബുദ്ധിശൂന്യവും ദുരുപദിഷ്ടവുമായ ഒരു ക്രൂരതയുടെ ഇരകളായ ഈ ഹതഭാഗ്യരുടെ കാര്യത്തിൽ കൈമോശം വന്നതെന്തുകൊണ്ട്? നമ്മുടെ നന്മമരങ്ങളെല്ലാം എവിടെപ്പോയി ഒളിച്ചു? രാഷ്ട്രീയ വിഷയങ്ങളിൽ ഇളകിമറിയുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നതെന്തുകൊണ്ട്? പ്രബുദ്ധ കേരളത്തിനും ബുദ്ധിമാന്ദ്യം സംഭവിച്ചുവോ? ഭരണാധികാരികൾ അനങ്ങാപ്പാറനയം സ്വീകരിക്കുന്നുവെങ്കിൽവായനക്കാർ എഴുതുന്നു: കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം തണലും നല്കാൻ മുന്നോട്ടു വരേണ്ടതാണ്. പ്രബുദ്ധ കേരളത്തിന്റെ പൊയ്മുഖം ഇവിടെ വലിച്ചെറിയപ്പെടുന്നു. കേരളത്തിന്റെ മുഖച്ഛായക്ക് ഇത്രയേറെ തീരാകളങ്കം ഏല്പിച്ച മറ്റൊരു ദുരന്തം കേരളചരിത്രത്തിൽത്തന്നെ അപൂർവ്വമായിരിക്കും. ദശാബ്ദങ്ങളായി ഇവിടെ നടമാടുന്ന ഈ മഹാ ദുരന്തത്തെ മറവിയിലേക്കു തള്ളി വികസനസ്വപ്നങ്ങളിൽ മയങ്ങിക്കിടക്കുന്ന കേരളത്തെ തട്ടിയുണർത്താൻ ഈ ലേഖനത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു.
30/6/22

Friday, June 17, 2022

ശ്ലോകങ്ങളും ശാസ്ത്രീയസംഗീതവും

ശ്ലോകങ്ങൾ ശാസ്ത്രീയസംഗീത ശൈലിയിൽ ചൊല്ലുന്ന പ്രവണത കൂടിക്കൂടി വരുന്നതായി കാണാം. എന്നാൽ, ഇത് എത്രകണ്ട് അനുകരണീയമാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ശ്ലോകങ്ങളുടെ ഈണവും താളവും ശാസ്ത്രീയസംഗീതത്തിൽനിന്നും വ്യത്യസ്തമാണ്. അത് ഓരോ വൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ, ഒരു ശ്ലോകം ശാസ്ത്രീയസംഗീതശൈലിയിൽ ആലപിക്കുമ്പോൾ വൃത്തത്തിന്റെ സ്വതസ്സിദ്ധമായ സ്വത്വം നഷ്ടപ്പെടുന്നു. സംഗീതാത്മകമായി ശ്ലോകം ചൊല്ലുമ്പോൾ എല്ലാ വൃത്തങ്ങളും ഒരുപോലെയിരിക്കും. അവ തമ്മിലുള്ള വിവേചനം അസാദ്ധ്യമാവുന്നു. ഇത് ഒട്ടും ആശാസ്യമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ, ഇതിനർത്ഥം ശ്ലോകം ഒരിക്കലും സംഗീതാത്മകമായി ആവിഷ്ക്കരിക്കാൻ പാടില്ല എന്നല്ല. ശ്ലോകം ചൊല്ലേണ്ട വേദിയിൽ പരമ്പരാഗത ശ്ലോകശൈലിയിലും സംഗീത വേദിയിൽ സംഗീതാത്മകമായും ചൊല്ലുക എന്നതാണ് കരണീയം.

Wednesday, June 15, 2022

വളരുന്ന ഇസ്ലാമിക തീവ്രവാദം

പാശ്ചാത്യ സമൂഹം കൃസ്തുവിൽ നിന്നകലുന്നു. പണത്തിനു പിന്നാലെ പായുന്നു. എന്തും വിറ്റു കാശാക്കാം. തീവ്രവാദ ഇസ്ലാം ആ ശൂന്യതയിൽ കയറി പിടിമുറുക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ അവിടേക്ക് കൂടിയുന്നു. തീവ്രവാദികൾ ആയുധം വാങ്ങിക്കൂട്ടുന്നു, ലഹരി മരുന്ന് ശത്രുക്കൾക്കെതിരായി പ്രയോഗിക്കുന്നു. ലോക വൻശക്തികൾ എന്ന് ഊറ്റം കൊള്ളുന്നവർക്ക് ഇവർക്കു മുന്നിൽ അടിയറവു പറയേണ്ടി വരുന്നു. കാരണം, സ്വന്തം നിക്ഷിപ്ത താല്പര്യങ്ങൾക്കു വേണ്ടി ഇവർതന്നെയാണ് തീവ്രവാദികളെ ആയുധവും പണവും നല്കി പോറ്റിവളർത്തുന്നത്. തീവ്രവാദികളേയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളേയും ഒറ്റപ്പെടുത്തിക്കൊണ്ടു മാത്രമേ ഇതിനു പരിഹാരം കാണാൻ കഴിയൂ.

Tuesday, May 31, 2022

മാധവിക്കുട്ടിയുടെ മതംമാറ്റം

എന്തൊക്കെ പറഞ്ഞാലും മാധവിക്കുട്ടിയുടെ മതംമാറ്റം അവരെപ്പറ്റിയുള്ള മതിപ്പ് കുറച്ചു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഒന്നാമതായി, ബുദ്ധിജീവിയും സ്വതന്ത്ര ചിന്തകയുമായിട്ടുപോലും, എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന ബോധം വയസ്സുകാലത്തുപോലും അവർക്കുണ്ടായില്ല. രണ്ടാമതായി, അവരുടെ സർവ്വസ്വതന്ത്രസ്വത്വത്തിനു ഒരിക്കലും യോജിക്കാത്ത മതമാണ് അവർ തിരഞ്ഞെടുത്തത്. പകരം, കൃസ്തുമതമാണ് അവർ തെരഞ്ഞെടുത്തത് എങ്കിൽ ആർക്കും അതു മനസ്സിലാക്കാം. അതും പോട്ടെ, ഇസ്ലാം മതത്തിന്റെ കാതൽ മനസ്സിലാക്കിയാണ് അവർ മാറിയതെന്ന് കരുതിയാലും കുഴപ്പമില്ല. എന്നാൽ, തീർത്തും അനാവശ്യമായി, അവരുടെ സ്വത്വത്തിനു നേരേ വിരുദ്ധമായി ഇസ്ലാമിന്റെ അങ്ങേയറ്റം യാഥാസ്ഥിതിക രൂപമായ പർദ്ദയിലൊളിക്കാനാണ് അവർ തീരുമാനിച്ചത്. ചുരുക്കം പറഞ്ഞാൽ, ഒരു ബുദ്ധിജീവിയായ അവർക്ക് പരിപക്വമായ വയസ്സുകാലത്തും ഹിന്ദുമതത്തേപ്പറ്റിയോ ഇസ്ലാംമതത്തെപ്പറ്റിയോ, പ്രായോഗികമായ ഏതൊരു മതത്തിന്റെയോ തനിസ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത വളരെ സ്പഷ്ടമായി മുഴച്ചു നില്ക്കുന്നു.

Monday, May 16, 2022

വായനക്കാർ എഴുതുന്നു: അപൂർവ്വ ശാസ്ത്രപ്രതിഭ : ഗോപിനാഥൻ കർത്ത

ഹൃദയസ്പൃക്കായ ഒരു വായനാനുഭവമായിരുന്നു കോട്ടയിൽ ഐപ്പ് വർഗ്ഗീസ്, ഇന്ദിര കർത്ത, ജോസഫ് ആന്റണി എന്നിവർ ചേർന്നെഴുതിയ 'മലയാളി അറിയാതെപോയ അപൂർവ്വ ശാസ്ത്രപ്രതിഭ' എന്ന ലേഖനം (100:8). നിരവധി മാദ്ധ്യമങ്ങളിലൂടെ വിവരവിസ്ഫോടനം നടക്കുന്ന ഇക്കാലത്തും ഗോപിനാഥൻ കർത്ത എന്ന ശാസ്ത്രപ്രതിഭയെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ശാസ്ത്രമേഖലയെക്കുറിച്ചും സാമാന്യം വിശദമായ അറിവു പകരുന്ന വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം തന്നെയായിരുന്നു അത്. മാത്രമല്ല, വായനക്കാരിൽ ഒരുപാട് ചിന്തകളുണർത്തുന്ന ഒന്നാണ് ഈ ലേഖനം. ശാസ്ത്രമേഖല പൊതുവെ പാശ്ചാത്യരുടെ കുത്തകയാണെന്ന ഒരു രൂഢമൂലമായ വിശ്വാസം ലോകത്താകമാനം നിലനില്ക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. അതിനിടയിൽ അത്രയൊന്നും ആധുനിക സൗകര്യങ്ങളില്ലാതെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, അസാമാന്യ പ്രതിഭാവിലാസം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങൾ അവഗണിക്കപ്പെടുന്നു എന്നത് വളരെ ദു:ഖകരമായ വസ്തുതയാണ്. അങ്ങനെത്തന്നെയാണ് ഇന്ത്യക്ക് ഗോപിനാഥൻ കർത്തയുടെ പേരിലുള്ള, ചുരുങ്ങിയത് ഒരു നോബൽ പുരസ്കാരമെങ്കിലും നഷ്ടപ്പെട്ടത് എന്ന് നിസ്സംശയം പറയാം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിട്ടുപോലും ഈ ദുർഗ്ഗതി അദ്ദേഹത്തെ വേട്ടയാടി എന്നത് തീർത്തും അപലപനീയമാണ്. വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന നോബൽ പുരസ്കാരങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താല്പര്യങ്ങളിലേക്കും ലേഖനം വെളിച്ചം വീശുന്നു. ഇതൊരു വെല്ലുവിളിയായെടുത്ത്, ഇന്ത്യ ശാസ്ത്രപ്രതിഭകൾക്ക് ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും നല്കി ശാസ്ത്രമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയർത്തേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ലേഖനം വിരൽ ചൂണ്ടുന്നത്.
ഒടുവിൽ, നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ ശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്ക് എത്രകണ്ട് പ്രാധാന്യം നൽകുന്നുണ്ട് എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. അക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വേറിട്ടുനില്ക്കുന്നു എന്നു പറയാൻ വളരെ സന്തോഷമുണ്ട്. ആഴ്ചപ്പതിപ്പിൽ വരുന്ന ശ്രീ ജോസഫ് ആന്റണിയുടേയും മറ്റും ശാസ്ത്രലേഖനങ്ങൾ ഇവിടെ സ്മരിക്കുന്നു. അറിയപ്പെടാത്ത ശാസ്ത്രപ്രതിഭകളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6/5/22
22-25/5/22 ലക്കം (100 : 10 )ൽ പ്രസിദ്ധീകരിച്ചു


Sunday, May 8, 2022

പരിഭാഷ

ഇംഗ്ലീഷ് മീഡിയത്തിന്റെ അതിപ്രസരം കാരണം പുതു തലമുറകൾക്ക് മലയാളം അന്യമാവുന്നു. (ഇംഗ്ലീഷ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ? അതുമില്ല). അതുകൊണ്ട് രണ്ടു വാചകങ്ങൾ ചേർത്തെഴുതിയാൽ പ്രശ്നമായി. വാചകങ്ങൾ മൂന്നാം ക്ലാസ്സിലേയും നാലാം ക്ലാസിലേയും പാഠപുസ്തകങ്ങളിലെപ്പോലെ ഒറ്റൊറ്റ വാചകങ്ങളിലെഴുതിയാൽ അതു വിവർത്തനമാവില്ല. മൂല ഗ്രന്ഥകാരനെ അപമാനിക്കലാവും അത്. എന്നു വച്ച് ഇംഗ്ലീഷ് അതേപടി മലയാളത്തിലാക്കുകയുമല്ല. ഭാഷയുടെ സ്വഭാവമനുസരിച്ച് ഔചിത്യബോധത്തോടു കൂടി വിവർത്തനം ചെയ്യുകയാണ് വേണ്ടത്.

Sunday, May 1, 2022

വൈദ്യുതവാഹനങ്ങൾ നേരിടുന്ന വെല്ലുവിളികൾ

വൈദ്യുതവാഹനങ്ങളുടെ കാര്യത്തിൽ ചില ഘടകങ്ങൾകൂടി ഒത്തുവരേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനം, അതായത്, വേണ്ടത്ര ചാർജ്ജിങ് സൗകര്യം. അതിൽത്തന്നെ ചാർജ്ജിങ്ങിനെടുക്കുന്ന സമയം. ഇത് അധികം താമസിയാതെത്തന്നെ വരുമെന്നു പ്രതീക്ഷിക്കാം. എന്നാൽ, പ്രധാന പ്രശ്നം ഈ വൈദ്യുതി എവിടെനിന്നു വരുന്നു എന്നതാണ്. ആ വൈദ്യുതി ഉല്പാദനം എത്രകണ്ട് പരിസ്ഥിതിസൗഹൃദപരമാണെന്നതാണ്. ബാറ്ററിയുടെ ആയുസ്സ്, ബാറ്ററി മാറ്റാൻ വേണ്ട ചെലവ് ഇന്ധനച്ചിലവിനെ മറികടക്കുമോ എന്നത് മറ്റൊരു ചോദ്യം. ഏറ്റവും ഒടുവിലായി ബാറ്ററി തീ പിടിക്കുക, പൊട്ടിത്തെറിക്കുക എന്നിങ്ങനെ വാർത്തകൾ വരുന്നു. എന്തായാലും, കാലം അല്പം കൂടി മുന്നോട്ടു പോകുമ്പോൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ വൈദ്യുത വാഹനങ്ങളിലേക്ക് ശക്തമായി കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു പ്രതീക്ഷിക്കാം. അതിന്റെ ഒരു ദിശ സൗരോർജ്ജവാഹനങ്ങളായിരിക്കാം.

Wednesday, April 27, 2022

അമ്പലങ്ങൾ - ക്ലാസ്സിക്കൽ കലകളുടെ ഈറ്റില്ലം

എല്ലാ ക്ലാസ്സിക്കൽ കലകൾക്കുo വേദിയൊരുക്കി അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അമ്പലങ്ങൾ ഇന്ത്യൻ സംസ്കാരത്തിനും സമൂഹത്തിനും നല്കുന്ന മഹത്തായ സംഭാവനതന്നെയാണ്. പ്രതികൂല സാഹചര്യ ളും കാലത്തിന്റെ വെല്ലുകളികളും മറികടന്ന് ഇവ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് മുഖ്യമായും ക്ഷേത്രങ്ങളുടെ സേവനം കൊണ്ടുതന്നെയാണെന്ന് നിസ്സംശയം പറയാം.

Tuesday, April 26, 2022

ഘോഷയാത്ര - ടി ജെ എസ് ജോർജ്ജ്

ജീവിതസായാഹ്നത്തിലെത്തിയ എല്ലാവർക്കും ഒരുപാട് സ്മരണകളുണ്ടായിരിക്കും. പൊതുവെ, എല്ലാവർക്കും അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടമായിരിക്കും. പലപ്പോഴും അതെല്ലാം കേൾക്കാൻ ആളെ കിട്ടാൻ പ്രയാസമായിരിക്കും. കാരണം, അത് പറയുന്ന ആളുടെ വ്യക്തിത്വം, ശൈലി, പറയുന്ന വിഷയം, കേൾക്കുന്ന ആളുടെ പ്രകൃതം, താല്പര്യം എന്നിവയെല്ലാം ആശ്രയിച്ചിരിക്കുമല്ലോ. സ്മരണകളിലെ നായകൻ പറയുന്ന ആൾതന്നെയാവുകയും പറയുന്നത് ഒരേ കാര്യങ്ങൾതന്നെയാവുകയും ചെയ്താൽ സ്വാഭാവികമായും കേൾവിക്കാർ പതുക്കെ അവരുടെ പാട്ടിനുപോകും.
അവിടെയാണ് ടി ജെ എസ് ജോർജ് എന്ന വിഖ്യാതനായ പത്രപ്രവർത്തകൻ്റെ ‘ഘോഷയാത്ര‘ എന്ന ഓർമ്മക്കുറിപ്പുകൾ വ്യത്യസ്തമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഒരു ഘോഷയാത്രതന്നെയാണ്. ഒരുപാട് മഹാവ്യക്തിത്വങ്ങളുടെ, അവരുടെ ജീവിതത്തിലെ റോളർകോസ്റ്ററുകൾപോലെയുള്ള ഗതിവിഗതികളുടെ, മഹത്തായ വിജയങ്ങളുടെ, വൻ പരാജയങ്ങളുടെ, വിചിത്ര സ്വഭാവസവിശേഷതകളുടെ, മഹാചരിത്രസംഭവങ്ങളുടെയെല്ലാം ഒരു മഹാഘോഷയാത്ര. ഇതിൽ, വഴിയോരത്ത് കാഴ്ച നോക്കിനിൽക്കുന്ന ജിജ്ഞാസുവായ ഒരു കുട്ടിയുടെ സ്ഥാനമാണ് ഗ്രന്ഥകാരൻ്റേത്. 
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വ്യക്തി എത്തിപ്പെടുക എന്നത് ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇക്കാര്യത്തിൽ ഗ്രന്ഥകാരൻ വളരെ ഭാഗ്യവാനാണെന്നു നിസ്സംശയം പറയാം. ലോകത്ത് അഭൂതപൂർവ്വമായ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഒരു പത്രപ്രവർത്തകനായി അദ്ദേഹം ജീവിതമാരംഭിക്കുന്നത്. അത് മുംബൈ, ഹോങ്കോങ്, അമേരിക്കയിലെ ഐക്യരാഷ്ട്രസഭ (അതിന്റെ ഭാഗമായി ലഭിച്ച, അസുലഭമായ കോൺകോർഡ് യാത്രയെക്കുറിച്ചും വളരെ രസകരമായി അദ്ദേഹം വിവരിക്കുന്നു) എന്നിങ്ങനെ മുന്നേറവേ, പത്രപ്രവർത്തനത്തിലെ മഹാരഥന്മാർക്കു പുറമേ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള അനേകം പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാനും ചരിത്രസംഭവങ്ങൾക്കു സാക്ഷിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ അനുഭവ വിവരണത്തിലൂടെ അദ്ദേഹം വായനക്കാരുടെ മുമ്പിൽ കാലത്തിന്റെ ഒരു വാഗ്മയചിത്രം വരച്ചു കാട്ടുന്നു. പുസ്തകത്തിനൊടുവിൽ കൊടുത്തിരിക്കുന്ന 'ഘോഷയാത്രയിൽ പങ്കെടുത്തവർ' എന്ന നാമസൂചിയിലൂടെ ഒന്നു കണ്ണോടിച്ചാൽമാത്രം മതി അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ. ആരേയും പഴിക്കാനോ വിധിക്കാനോ മുതിരാതെ ഒരു കുട്ടിയുടെ കൗതുകത്തോടെ ജീവിതക്കാഴ്ച കാണാനും അതു മറ്റുള്ളവരുമായി വളരെ രസകരമായി പങ്കുവയ്ക്കാനും അദ്ദേഹം ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു. 


കൊച്ചി വിമാനത്താവള നിർമ്മാണത്തെപ്പറ്റി വി ജെ കുര്യൻ

കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത് തമിഴ്നാട്, കർണ്ണാടക,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളായിരുന്നു. എന്നാൽ, ഇവിടെയുളളവരേയും ജോലിക്കെടുക്കണമെന്ന മുറവിളിയുയർന്നു. അങ്ങനെ കോൺട്രാക്റ്റർ കുറെ മലയാളിത്തൊഴിലാളികളേയും ജോലിക്കെടുത്തു. എന്നാൽ, അധികം താമസിയാതെ, അവർ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പരാതിയുമായി കോൺട്രാക്റ്റർ എത്തി. പരിഹാരവും അദ്ദേഹംതന്നെ മുന്നോട്ടു വെച്ചു. അതായത്, ജോലിയൊന്നും ചെയ്യേണ്ട, കൂലി (നോക്കുകൂലി!) കൃത്യമായി കൊടുക്കാം. തുടർന്ന് പ്രാദേശിക തൊഴിലാളികൾ വന്ന് ജോലിക്കു പകരം ജോലിസ്ഥലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ഫുട്ബോൾകളി തുടങ്ങി. അപ്പോൾ ജോലി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ പണി നിർത്തി കളി കാണാൻ തുടങ്ങി. വീണ്ടും കോൺട്രാക്ടറുടെ പ്രശ്നപരിഹാരം വന്നു. പ്രാദേശിക തൊഴിലാളികൾ ജോലിക്കു വരേണ്ട. എല്ലാ ആഴ്ചയും കൂലി പ്രാദേശിക തൊഴിലാളികളുടെ വീട്ടിലെത്തിക്കാം. അങ്ങനെയാണ് പ്രശ്നം ഒത്തുതീർന്നത്.
- വി ജെ കുര്യൻ (സഫാരി ടിവി 'ചരിത്രം എന്നിലൂടെ')
അങ്ങനെയാണ് മലയാളികൾ ഇന്ന് അഭിമാനിക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണം നടന്നത്. ഒരു പക്ഷേ, ഇതും കൊച്ചി വിമാനത്താവളത്തിന്റെ ലോകത്തിലാദ്യം എന്ന വിശേഷണങ്ങളിലൊന്നായിരിക്കാം. 

Wednesday, April 20, 2022

സിനിമാ നെഗറ്റീവുകളുടെ സംരക്ഷണം

പഞ്ചവടിപ്പാലം സിനിമയുടെ നെഗറ്റീവ് നഷ്ടപ്പെട്ടുപോയി എന്ന് ഗാന്ധിമതിബാലൻ സഫാരി ടിവി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ. അങ്ങനെ ഒരുപാട് സിനിമകളുടെ നെഗറ്റീവ് നഷ്ടപ്പെട്ടു എന്ന് പലപ്പോഴും കേൾക്കാറുണ്ട്. ഭീമമായ തുക മുടക്കി നിർമ്മിക്കപ്പെടുന്ന സിനിമകളുടെ നെഗറ്റീവുകൾ കേട്ടുപാടുകൂടാതെ സംരക്ഷിക്കാൻ പണം മുടക്കിയ നിർമ്മാതാവുതന്നെയല്ലേ പ്രാഥമികമായി വേണ്ടത് ചെയ്യേണ്ടത്? പുറമേ, ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻപോലുള്ള സർക്കാർ സംവിധാനങ്ങളും കൂടുതൽ സാങ്കേതികത്തികവോടെ അവ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരാണ്. മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളുടേയും ഒരു ശേഖരം ഇങ്ങനെ സൂക്ഷിച്ചു വെക്കേണ്ടതാണ്. കാരണം, അവ വരും തലമുറകൾക്ക് കാലത്തിന്റെ നേർക്കാഴ്ച നൽകുന്നു. ആയിരങ്ങളിലൊതുങ്ങുന്ന സിനിമകളുടെ ശേഖരം അത്രയേറെ പ്രയാസമുളളതാണോ? നമ്മുടെ അനാസ്ഥയും ദീർഘവീക്ഷണമില്ലായ്മയും മാത്രമാണ് ഇതിനു കാരണം. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഇതെല്ലാം സൂക്ഷിച്ച വെക്കുക എന്നത് വളരെ നിസ്സാരമാണ്. എന്നാലും പത്തോ ഇരുപതോ കൊല്ലം കഴിയുമ്പോൾ ഇപ്പോഴത്തെ സിനിമകളുടെ കോപ്പികളെല്ലാം നഷ്ടപ്പെട്ടു എന്ന് കേൾക്കാനിടയായാൽ അതിലൊട്ടും അത്ഭുതപ്പെടാനില്ല.

Wednesday, April 6, 2022

Era of Darkness - Shashi Tharoor

എല്ലാ ഇന്ത്യക്കാരും, നമ്മുടെ ചരിത്രത്തെപ്പറ്റി അത്രയൊന്നും ബോധവാന്മാരല്ലാത്ത പുതിയ തലമുറയും ബോധവാന്മാരായിട്ടും ബ്രിട്ടീഷ് ഭക്തികൊണ്ടും ബ്രിട്ടീഷുകാർതന്നെ പ്രചരിപ്പിച്ച വ്യാജവസ്തുതകളുടെ മോഹവലയത്തിൽപ്പെട്ടുപോയ പഴയ തലമുറയും ഒരുപോലെ വായിക്കേണ്ട ഒരു അമൂല്യ ഗ്രന്ഥമാണ് ശശി തരൂരിൻ്റെ Era of Darkness. ഇരുളടഞ്ഞ കാലം എന്ന പേരിൽ മലയാള വിവർത്തനവും ലഭ്യമാണ്.
ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണത്തിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്ന ശശി തരൂരിൻ്റെ ഓക്സ്ഫഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധമായ പ്രസംഗത്തിൽനിന്നാണ് ഇത്തരമൊരു പുസ്തകമെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഭരണം ഇന്ത്യക്കു വളരെയേറെ ഗുണം ചെയ്തു എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്ന വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ടാണ് പുസ്തകം മുന്നേറുന്നത്. വിഷയം ആഴത്തിൽ പഠിച്ച്, കൃത്യമായ വസ്തുതകളും കണക്കുകളും നിരത്തിക്കൊണ്ടാണ് അദ്ദേഹം വായനക്കാർക്ക് തീർത്തും ബോദ്ധ്യമാവും വിധം തൻ്റെ വീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് എല്ലാ പദ്ധതികളും അവർ പ്രാവർത്തികമാക്കിയത്. അതു മൂലം ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ലോകത്തിൽത്തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഇന്ത്യ ബ്രിട്ടീഷുകാർ വിടുമ്പോൾ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി. അതേസമയം, ബ്രിട്ടൻ അതിസമ്പന്ന രാജ്യങ്ങളിലൊന്നായിമാറി. നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ജീവരക്തം ഊറ്റിക്കൂടിച്ച ഭീകരസത്വമായിരുന്നു ബ്രിട്ടൻ. എല്ലാ പ്രാദേശിക ഉല്പാദനപ്രക്രിയകളും നിയമം മൂലവും മൃഗീയശക്തികൊണ്ടും അടിച്ചമർത്തുക, ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വലിയ വിലയ്ക്ക് വാങ്ങാൻ നിർബ്ബന്ധിതരാക്കുക തുടങ്ങിയ കുടിലതന്ത്രങ്ങളാണ് അവർ പയറ്റിയത്. നാട്ടുരാജ്യാക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുകയും രണ്ടു പക്ഷത്തുനിന്നും സുരക്ഷക്ക് പണം വാങ്ങുക എന്ന തെരുവുഗുണ്ടകളുടെ ശൈലിയാണ് അവർ പിന്തുടർന്നത്.
ബ്രിട്ടീഷ്സംഭാവനയായി ആരാധകർ ചൂണ്ടിക്കാട്ടുന്ന വലിയൊരു പദ്ധതി ഇന്ത്യൻ റയിൽവെയാണ്. ഇന്ത്യയിലെ വിദൂരഭാഗങ്ങളിൽനിന്നു കയറ്റുമതിക്കുള്ള ചരക്കുകൾ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം കൊണ്ടുവരുക എന് എന്നതായിരുന്നു റയിൽവെ നിർമ്മാണത്തിന്റെ ലക്ഷ്യം. എന്നാൽ, അതിന്റെ നിർമ്മാണച്ചെലവ് അക്കാലത്ത് അമേരിക്കയിലെ ചെലവിന്റെ ഒമ്പതിരട്ടിയോളമായിരുന്നു. കാരണം, അതിനുവേണ്ട സാമഗ്രികൾ മുഴുവനും ഇന്ത്യൻ പണംകൊണ്ട് ബ്രിട്ടനിൽനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭീമമായ ശമ്പളമാണ് മറ്റൊന്ന്. അതും ബ്രിട്ടനിലേക്കൊഴുകി. ബ്രിട്ടീഷ് പാർലമെന്റംഗങ്ങൾ പലരും ഇന്ത്യൻ റയിൽവെയുടെ ഓഹരിക്കാരായിരുന്നു. അക്കാലത്തെ നിലവാരമനുസരിച്ച് ഭീമമായ ലാഭവിഹിതമാണ് അവർക്ക് നല്കിയിരുന്നത്. പകരം ഇന്ത്യയെ കൊള്ളയടിക്കുന്നതിനു സഹായകരമായ നിയമങ്ങൾ അവർ പാസ്സാക്കി. ഇങ്ങനെ ഒരു ദൂഷിതവലയമായിരുന്നു റയിൽവെ കേന്ദ്രീകരിച്ച് അരങ്ങേറിയത്. മാത്രമല്ല, തീവണ്ടികളിൽ ചരക്കുഗതാഗതത്തിനായിരുന്നു മുൻഗണന. ചരക്കു ഗതാഗതത്തിനും ഉയർന്ന ഉദ്യോഗസ്ഥന്മാർ കയറുന്ന ഉയർന്ന ക്ലാസ്സുകളിലും വളരെ കുറഞ്ഞ കൂലിയായിരിക്കേ, വളരെ പരിമിതമായ മൂന്നാം ക്ലാസ്സിൽ ഉയർന്ന നിരക്കും ഈടാക്കിക്കൊണ്ടിരുന്നു. 
ബ്രിട്ടൻ്റെ നിയമസംവിധാനമയിരുന്നു മറ്റൊന്ന്. ഒരുപാട് ഭേദഗതികളോടെ അത് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും വിവേചനത്തിൻ്റെ കൂത്തരങ്ങായിരുന്ന നിയമസംവിധാനം അക്കാലത്ത് ബ്രിട്ടീഷ് ക്രിമിനലുകളെ രക്ഷിക്കാനും തദ്ദേശീയർക്ക് പരമാവധി ശിക്ഷ നൽകാനുമുള്ള ഒരു ഉപകരണമായിരുന്നു. ബ്രിട്ടീഷുകാർ ചെയ്യുന്ന കൊലകൾക്കുപോലും നിസ്സാരമായ വകുപ്പുകൾ ചുമത്തി ചെറിയ ശിക്ഷകൾ വിധിക്കുമ്പോൾ ഇന്ത്യക്കാരുടെ നിസ്സാര കുറ്റങ്ങൾക്കുപോലും കനത്ത ശിക്ഷയാണ് വിധിച്ചിരുന്നത്. ചുരുക്കത്തിൽ, ലോകത്തിനു മുന്നിൽ ഒരു മഹാസ്ഥാപനം എന്ന പ്രതീതിയുണർത്തുന്ന പൊള്ളയായ കെട്ടുകാഴ്ച്ച മാത്രമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ നിയമസംവിധാനം. അതിന്റെ ഏറ്റവും ഭീതിതമായ ദൃഷ്ടാന്തമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. എന്താണ് നടക്കുന്നത് എന്ന് നോക്കാൻപോലും ശ്രമിക്കാതെ, ഒരു മുന്നറിയിപ്പും നല്കാതെ, രക്ഷാമാർഗ്ഗങ്ങളെല്ലാം അടച്ചുകൊണ്ട് തുരുതുരാ വെടിയുതിർത്തു നൂറുകണക്കിന് നിരപരാധികളും നിരായുധരുമായ സാധാരണക്കാരെ കൊന്നൊടുക്കി. മുറിവേറ്റവരെ രക്ഷിക്കാൻ ആരേയും അനുവദിക്കാതെ ഒരു ദിവസത്തേക്ക് പ്രവേശനം നിരോധിച്ചു. ഇത്തരം അധമകൃത്യം ചെയ്ത രാക്ഷസസമാനനനായ ഡയർ എന്ന ക്ഷുദ്രജീവിയെ ന്യായീകരിക്കാനും അനുമോദിക്കാനുമാണ് ബ്രിട്ടീഷ് സർക്കാർ ഒരുമ്പെട്ടത്.
ഇംഗ്ലീഷ് വിദ്യാഭ്യാസമാകട്ടെ, സ്വന്തമായുള്ളതിനെയെല്ലാം പുച്ഛത്തോടെ കാണുന്ന ഒരു കൂട്ടം ബ്രിട്ടീഷ്ഭക്തരെ തങ്ങളുടെ ഗുമസ്തപ്പണിക്കുവേണ്ടി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. 
സ്പെയിനിന് കോളനിരാജ്യങ്ങളെ മുഴുവൻ കത്തോലിക് മതത്തിലേക്ക് മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഫ്രാൻസിന് സ്വന്തം സംസ്ക്കാരം വളർത്തുക എന്നതായിരുന്നു. ബ്രിട്ടനാകട്ടെ, സമ്പത്ത് കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അത് അവരുടെ പ്രബുദ്ധ മതേതരത്വമായി തെറ്റിദ്ധരിക്കാനിടയാക്കി
ശശി തരൂർ നിരീക്ഷിക്കുന്നു.
ബംഗാളിൽ ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണികൊണ്ട് തെരുവിൽ വീഴുമ്പോൾ ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്നവിധത്തിൽ വിൻസ്റ്റൺ ചർച്ചിൽ വ്യക്തിപരമായ ഉത്തരവിൽ ഇന്ത്യയിൽനിന്ന് ധാന്യങ്ങളും മറ്റും കയറ്റുമതി തുടരുകയും ആസ്ത്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു വന്ന ഗോതമ്പ് ബ്രിട്ടന്റെ കരുതൽ ശേഖരം കൂട്ടാൻവേണ്ടി വഴിതിരിച്ചുവിടുകയും അതുവഴി ലക്ഷക്കണക്കിനു പട്ടിണിമരണങ്ങൾക്കു കാരണക്കാരനായ ചർച്ചിലിനെ ഹിറ്റ്ലർക്കു സമനായി ശശി തരൂർ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നു.
 പല തരത്തിലുള്ള ഭിന്നതകൾകൊണ്ട് വെട്ടിനുറുക്കിയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്. നിസ്സാര വൈവിധ്യങ്ങളെ ഊതിപ്പെരുപ്പിച്ച് മുതലെടുക്കുക എന്നതായിരുന്നല്ലോ അവരുടെ മുഖമുദ്ര. ഏറ്റവും നല്ല ഉദാഹരണം പൊതുവെ ഒരു ആധുനികൻ എന്നു പറയാവുന്ന ജിന്ന തന്നെയാണ്. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ Direct Action Day ആഹ്വാനം ചെയ്യുന്ന തരത്തിൽ അയാളെ ഒരു ക്ഷുദ്രജീവിയാക്കിയതിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ പങ്ക് ശശി തരൂർ വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അത് വിഭജനാനന്തര ഭീകരതവരെ നീണ്ടു.
ഇന്ത്യൻ നേതാക്കളോടാലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് നാമമാത്രമായ പ്രതിനിധിസഭയിൽനിന്ന് കോൺഗ്രസ്സ് നേതാക്കൾ രാജിവെച്ചത് അബദ്ധമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടുന്നു. അത് തന്നിഷ്ടം പോലെ പ്രവർത്തിക്കാനും ജിന്നയുടെ ലീഗുമായി കൂടുതൽ അടുത്ത് ഭിന്നിപ്പ് വർദ്ധിപ്പിക്കാനുമുള്ള അവസരമായാണ് ബ്രിട്ടീഷ് ഭരണകൂടം ഉപയോഗപ്പെടുത്തിയത്. ലീഗിനെ പ്രീണിപ്പിക്കാനുള്ള എല്ലാ അവസരവും അവർ മുതലെടുത്തു.
ക്വിറ്റ് ഇന്ത്യാസമരവും വേണ്ടത്ര വിജയിച്ചില്ല എന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.
അഹിംസാമാർഗ്ഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നു പറയാമെങ്കിലും 1945 ജനുവരിയിൽ നടന്ന നാവികകലാപം ഇന്ത്യയിൽനിന്നുള്ള ബ്രിട്ടൻ്റെ ഒഴിഞ്ഞുപോക്കിന് വളരെയേറെ ആക്കം കൂട്ടിയെന്നു ശശി തരൂർ നിരീക്ഷിക്കുന്നു.   
പിന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാര്യം. ആദ്യകാല രാഷ്ട്രീയ നിലവാരത്തിലേക്ക് ഉയരാൻ പിന്നീടു വന്ന തലമുറകൾക്കായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. മാത്രമല്ല, തുടർച്ചയായ അധ:പതനത്തിന്റെ പാതയിലായിരുന്നു എന്നതും സത്യം തന്നെ. ഇന്ത്യക്കു യോജിച്ചത് പ്രസിഡൻഷ്യൽ സംവിധാനമാണെന്ന് ശശി തരൂർ പറയുന്നു. ഇപ്പോഴത്തെ രീതിയിൽ രാജ്യതാല്പര്യത്തേക്കാൾ നിക്ഷിപ്ത താല്പര്യങ്ങളാണ് പാർട്ടികളെ നയിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
സ്വാതന്ത്ര്യത്തിനു ശേഷം 75 വർഷം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പു വരുമ്പോൾ നാലു വോട്ടിന് ജാതിയും മതവും പ്രാദേശികതയുമെല്ലാം കുത്തിച്ചെലുത്തി സായിപ്പിന്റെ തന്ത്രം പയറ്റാൻ നമുക്ക് ഒരു ഉളുപ്പുമില്ല. എന്തൊക്കെയായാലും, ഭാഷയിലും, പാരമ്പര്യത്തിലും, ജീവിതരീതിയിലുമെല്ലാം ഇത്രയേറെ വൈവിദ്ധ്യമുള്ള ഒരു രാജ്യം ഇങ്ങനെയെങ്കിലും ഒന്നിച്ചു നില്ക്കുന്നു എന്നത് നിസ്സാര കാര്യമല്ല. മറിച്ച്, നൂറ്റാണ്ടുകളോളം ജനാധിപത്യം നിലനില്ക്കുന്ന പ്രബുദ്ധരെന്നു നാം കരുതുന്ന രാജ്യങ്ങളിലെ അവസ്ഥയെന്താണ്? എവിടെയെങ്കിലും ഇവിടത്തെപ്പോലെ ഇത്രയധികം കക്ഷികളുള്ള ഒരു സംവിധാനമുണ്ടോ? എല്ലായിടത്തും മുഖ്യമായി രണ്ടു കക്ഷികൾ മാത്രം. പിന്നെ, ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ അവസ്ഥയെന്താണ്? ഒരുപാട്, ഒരുപാട് പരിമിതികൾക്കുള്ളിലും ഇന്ത്യ എല്ലാ മേഖലകളിലും വൻ മുന്നേറ്റം നടത്തി എന്നത് അനിഷേധ്യമായ വസ്തുതയാണ്.

Friday, March 25, 2022

സിനിമാ, സിനിമാ സർവ്വത്ര!

തിരുവനന്തപുരത്ത് സിനിമാപ്പൂരം കഴിഞ്ഞ് ഒന്നു വിശ്രമിക്കാമെന്നു വിചാരിച്ചപ്പോളിതാ തൃശ്ശൂരിൽ മറ്റൊരു സിനിമാപ്പൂരം! എന്നും നമ്മളെ ഇരുട്ടിലിരുത്താനാണോ പരിപാടി?😃

Wednesday, March 23, 2022

പ്രൊഫ. പ്രഭാകരമേനോൻ


ദശാബ്ദങ്ങൾക്കു ശേഷം, അവധിയിൽ നാട്ടിൽ വരുമ്പോൾ തൃശ്ശൂർ ടൗണിൽവെച്ച് പലപ്പോഴും യാദൃച്ഛികമായി കണ്ടുമുട്ടാറുണ്ടായിരുന്നു. റോഡിൽ വെച്ചാണെങ്കിൽ, നിന്നനിൽപ്പിൽ കുറെ നേരം വർത്തമാനം പറയുക പതിവായിരുന്നു. അടുത്ത തവണ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി എന്റെ ഒരു പുസ്തകം ഗുരുദക്ഷിണയായി കൊടുക്കണം എന്നു വിചാരിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും കണ്ടില്ല. കുറേക്കാലമായി അദ്ദേഹത്തെ കാണാറില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മരണവാർത്ത കണ്ടത്. സംസ്കാരത്തിനു പോയി. എന്നാൽ, 5 മിനിട്ടു വൈകി. അപ്പോഴേയ്ക്കും ശവദാഹം തുടങ്ങിയിരുന്നു. എന്നെപ്പോലെ അല്പം വൈകി പണ്ട് ലൈബ്രറിയിലുണ്ടായിരുന്ന പി കെ കെ രാജയും എത്തി. എന്റെ കാറിൽ അദ്ദേഹത്തേയും കൂട്ടി തിരിച്ചുപോന്നു.

Thursday, February 17, 2022

പർദ്ദ കേരളത്തിൽ



1980കൾ വരെ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷപ്രദേശമായ മലപ്പുറത്തുപോലും പർദ്ദയുണ്ടായിരുന്നില്ല. തട്ടവും കാച്ചിയുമായിരുന്നു വേഷം. സ്ത്രീകൾ പുരുഷന്മാരോടൊപ്പം പാടത്തും പറമ്പിലും എല്ലാ ജോലികളും ചെയ്തിരുന്നു. പ്രത്യേകിച്ച് ഒരു വിവേചനവും ഉണ്ടായിരുന്നില്ല. ഗൾഫ് യുഗം തുടങ്ങിയപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. ഇത് നേർസാക്ഷ്യം. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽപ്പോലുമില്ലാത്തവിധം ഇവിടെ പർദ്ദ അരങ്ങു വാഴുന്നു.
ഫോട്ടോ: വിക്കിമീഡിയ കോമൺസ്  




Wednesday, February 16, 2022

ഇന്ത്യൻ ചരിത്രബോധം

പണ്ടുള്ളവർക്ക് ചരിത്രബോധമുണ്ടായിരുന്നില്ല, അതിനാൽ, നമുക്ക് കൃത്യമായ ലിഖിതചരിത്രമില്ല എന്ന് എല്ലാവരും ആരോപിക്കാറുണ്ട്. എന്നാൽ, ഈ 21 ആം നൂറ്റാണ്ടിലും നമ്മൾ ഇന്ത്യക്കാർക്ക് ചരിത്രബോധം തെളിഞ്ഞിട്ടില്ല. കാരണം, എണ്ണമറ്റ അമൂല്യ ചരിത്രസ്മാരകങ്ങളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ജീർണ്ണാവസ്ഥയിൽ ഇന്ത്യയുടെ പല ഭാഗത്തും ചിതറിക്കിടക്കുന്നത്. അതെല്ലാം, പുനരുദ്ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആരും ബോധവാന്മാരല്ല എന്നത് ഇന്ത്യയുടെ ദുരന്തം തന്നെ. കാരണം, ഇതൊന്നും വെറുതെയല്ല, മറിച്ച്, വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുണ്ടാക്കാനും കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാനും അവക്ക് കഴിയുമെന്ന സാമാന്യബോധവും നിർഭാഗ്യവശാൽ നമുക്കില്ലാതെ പോയി.

Saturday, February 5, 2022

ഇന്ത്യൻ രാഷ്ട്രീയം

രാഷ്ട്രീയം എന്നു പറഞ്ഞാൽ കട്ടുമുടിക്കാനും ചുറ്റും കുറെ ആളുകളെ നിർത്തി മേനിക്കണ്ടപ്പനായി വിലസാനുമുള്ള ഒരു വേദിയാണെന്ന അവസ്ഥയുള്ളിടത്തോളം കാലം കോൺഗ്രസ്സോ മറ്റേതൊരു പാർട്ടിയോ നന്നാവില്ല എന്നത് മൂന്നു തരം. എത്ര കൊട്ടുകിട്ടിയാലും മനസ്സിലാവാത്ത ദുരന്തങ്ങളാണ് ഇന്ന് രാഷ്ട്രീയവേദി കയ്യടക്കിയിരിക്കുന്നത്. ആം ആദ്മി ചെറിയൊരു പ്രതീക്ഷ നല്കി. പക്ഷേ, അതു മുളയിലേ കരിഞ്ഞു. കോൺഗ്രസ്സാണെങ്കിൽ, എന്നെ തല്ലണ്ടമ്മാമാ, ഞാൻ നേരെയാവില്ല എന്ന മട്ടിലും. കാരണം, ആർക്കും നന്നാവണെമെന്നില്ല. പൊതുജനത്തിന്റെ പണംകൊണ്ട് തിന്നും കുടിച്ചും വിലസണമെന്നുമാത്രമേയുള്ളു. അങ്ങനെയുള്ളവരെ മാത്രമേ രാഷ്ട്രീയം ആകർഷിക്കുന്നുള്ളു. അതിനാൽ, ഇവിടെ പ്രതീക്ഷക്ക് ഒരു വകയും കാണുന്നില്ല.

Sunday, January 30, 2022

വരും തലമുറകൾക്ക് ഒരു വിദ്യാഭ്യാസസ്ഥാപനം

IIT, IISc,TIFR പോലെയുള്ള ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരേയും കാത്തുനില്ക്കാതെ, ആരേയും ആശ്രയിക്കാതെ, ഈ കേരളത്തിൽ സ്ഥാപിക്കാൻ കഴിയുമോ? അതിവേഗ റയിൽപ്പാത, മുട്ടിനു മുട്ടിനു വിമാനത്താവളങ്ങൾ എന്നിവയേക്കാളെല്ലാം വരുംതലമുറകൾക്ക്  നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും ഉത്തമമായ സംഭാവന അതായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.