യുദ്ധകാണ്ഡത്തിൽ ശ്രീരാമപട്ടാഭിഷേകം എന്ന 129ാം സർഗ്ഗത്തിൽ രാമൻ ലങ്കയിൽ നിന്നും തിരിച്ചെത്തി ഭരതനിൽ നിന്നും രാജ്യഭാരം ഏറ്റെടുക്കുകയും വിഭീഷണവാനരാദികളുടെ സജീവമായ പങ്കാളിത്തത്തോടെ ഗംഭീരമായി പട്ടാഭിഷേകം നടത്തുകയും എല്ലാവരേയും സമ്മാനങ്ങൾ നല്കി യാത്രയയ്ക്കുകയും ചെയ്തു.
തുടർന്ന് അല്ലലും അലട്ടുമില്ലാത്ത, ഏറ്റവും മാതൃകാപരമായ ഭരണം കാഴ്ച വെച്ചുകൊണ്ട് രാമൻ പതിനൊന്നായിരം വർഷം ജീവിച്ചു.
തുടർന്ന് പുരാണേതിഹാസങ്ങളുടെ രീതിയനുസരിച്ച് ഒരു ഫലശ്രുതിയോടുകൂടി കൃതി അവസാനിപ്പിക്കുന്നു എന്നു പറയാം.
കഥ യുദ്ധകാണ്ഡത്തോടു കൂടി അവസാനിച്ചു എന്നു കണക്കാക്കിയാൽത്തന്നെ കഥയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ എന്തുകൊണ്ടോ കവി ഒഴിവാക്കിയിരിക്കുന്നു. ഏറ്റവും പ്രധാനമായി രാമായണത്തിൽ രാമൻ കഴിഞ്ഞാൽ രണ്ടാമത്തെ മുഖ്യകഥാപാത്രം എന്ന് ഉറപ്പിച്ചു പറയാവുന്ന, മൂന്നു ലോകവും കീഴടക്കിയ രാവണനെപ്പറ്റി വിശദമായി ഒന്നും അതുവരെയുള്ള കഥയിൽ പറയുന്നില്ല. ഉത്തരകാണ്ഡത്തിൽ, രാമൻ രാജാവായി സസുഖം വാഴുമ്പോൾ, ഏറ്റവും പ്രശസ്തരായ ഋഷിമാരുടെ ഒരു സംഘം സന്ദർശിക്കുകയും രാമൻ അവരോട് ജിജ്ഞാസയോടെ ചോദിക്കുമ്പോൾ അഗസ്ത്യമുനി പറയുന്നതായിട്ടാണ് രാവണചരിതം വായനക്കാരുടെ മുന്നിലെത്തുന്നത്.
അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വായനക്കാരിൽ ഉദിക്കുന്നു: മൂന്നു ലോകത്തും പ്രസിദ്ധനായ രാവണനെപ്പററി ഒന്നുമറിയാതെയാണോ രാവണനുമായി രാമൻ യുദ്ധത്തിനു പുറപ്പെട്ടത്? രാമായണത്തിന്റെ മുഖ്യ ആഖ്യാനത്തിൽ പ്രത്യക്ഷമായി സീതയെ കട്ടു കൊണ്ടു പോയ ഒരു ഭീകര രാക്ഷസൻ എന്ന ചിത്രം മാത്രമാണ് വായനക്കാരിൽ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ, ഉത്തരകാണ്ഡത്തിലെ രാവണചരിതം എത്തുമ്പോൾ മാത്രമാണ് രാവണന്റെ ഭീമാകാരം വായനക്കാരന്റെ മുന്നിൽ മാനം മുട്ടെ ഉയർന്നു പൊങ്ങുന്നത്. വാസ്തവത്തിൽ, ഈ ഭാഗം വളരെ മുമ്പ് ബാലകാണ്ഡത്തിലോ, അയോദ്ധ്യാകാണ്ഡത്തിലോ, അതുമല്ലെങ്കിൽ, രാമന്റെ അവതാരോദ്ദേശ്യമെന്ന നിലക്ക് ഒരു പൂർവ്വകാണ്ഡമായിത്തന്നെയോ വരേണ്ടതായിരുന്നില്ലേ?
പൊതുവെ പറഞ്ഞാൽ, ഇതു തന്നെയാണ് ഉത്തരകാണ്ഡത്തിൽ പറയുന്ന കാര്യങ്ങളുടെയെല്ലാം അവസ്ഥ. അതായത് മുഖ്യ ആഖ്യാനത്തിൽ ഒഴിവാക്കിയ ഉപഖ്യാനങ്ങളെല്ലാം അനുബന്ധങ്ങൾപോലെ ഉത്തരകാണ്ഡത്തിൽ ചേർത്തു വെച്ചിരിക്കുന്നു. അതിൽ രാവണചരിതത്തിനു പുറമെ, ഹനുമാന്റെ ചരിത്രമുണ്ട്, ജനകന്റെ ഉല്പത്തിയുണ്ട് ശംബൂകവധമുണ്ട്, ലവണാസുരവധമുണ്ട്...
ഇവയെല്ലാം മുഖ്യ ആഖ്യാനത്തിൽ സന്ദർഭോചിതമായി സന്നിവേശിപ്പിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചു പോകുന്നു.
എന്നാൽ , അതിനിടയ്ക്ക് മുഖ്യ ആഖ്യാനത്തിന്റെ തുടർച്ചയെന്ന പോലെ വരുന്ന സീതാപരിത്യാഗവും മറ്റും ഏച്ചുകൂട്ടിയപോലെ മുഴച്ചിരിക്കുന്നു.
ഉത്തരകാണ്ഡത്തിൽ രാക്ഷസവാനരവിസർജ്ജനം എന്ന 40ാം സർഗ്ഗത്തിൽ വാനരന്മാർ വിഭീഷണൻ മുതലായവരെ സമ്മാനങ്ങൾ നല്കി യാത്രയയയ്ക്കുന്നു എന്ന് വീണ്ടും ആവർത്തിക്കുന്നു.
രാവണൻ പതിനായിരം വർഷം ആഹാരമില്ലാതെ തപസ്സു ചെയ്തു. ഓരോ ആയിരം വർഷം കൂടുമ്പോൾ ദശമുഖൻ ഓരോ തലയറുത്ത് തീയിൽ ഹോമിച്ചു. പതിനായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ പത്താമത്തെ തലയും ഹോമിക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് വേണ്ട വരം ആവശ്യപ്പെട്ടു.
വളരെ കൃത്യമായി അമരത്വം തന്നെയാണ് രാവണൻ ആവശ്യപ്പെടുന്നത്. അല്ലാതെ രാമായണത്തിൽ പലയിടത്തും പറയുന്നതുപോലെ മനുഷ്യരിൽ നിന്നുള്ള അവധ്യത്വം ആവശ്യപ്പെടാതിരുന്നതല്ല. എന്നാൽ, കേവലമായ അമരത്വം വരിക്കാനാവില്ല എന്നു ബ്രഹ്മാവ് പറഞ്ഞതിനെ തുടർന്നാണ് രാവണൻ ദൈത്യദാനവരാക്ഷസന്മാരും ദേവന്മാരും വധിക്കരുതെന്ന വരം ആവശ്യപ്പെടുന്നത്. മനുഷ്യാദികളായ പ്രാണികളെയെല്ലാം തൃണവൽഗണിച്ചു എന്നത് രാവണനു പറ്റിയ അബദ്ധം തന്നെ. അതിൽ സന്തുഷ്ടനായെന്നവണ്ണം ബ്രഹ്മാവ് ഒരു ബോണസ് വരം കൂടി നല്കുന്നു. അതായത്, മുമ്പ് അഗ്നിയിൽ ഹോമിച്ച തലകളെല്ലാം പൂർവ്വസ്ഥിതിയിലാവുമെന്ന്. ഇത്, പക്ഷെ, വരമോ ശാപമോ എന്നത് മറ്റൊരു കാര്യം.
കുംഭകർണ്ണനാവട്ടെ, വേനൽക്കാലത്ത് പഞ്ചാഗ്നി മദ്ധ്യത്തിലും മഴക്കാലത്ത് മഴ നനഞ്ഞു കൊണ്ടും തണുപ്പു കാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്നും ധർമ്മത്തിലും സന്മാർഗ്ഗത്തിലും അടിയുറച്ചു കൊണ്ട് പതിനായിരം സംവത്സരം തപസ്സു ചെയ്തു.
എന്നാൽ, വരം നല്കുന്നതിനു മുമ്പ്, ഭയചകിതരായ ദേവകളുടെ അപേക്ഷ പ്രകാരം ബ്രഹ്മാവ് ഒരു തന്ത്രം പ്രയോഗിക്കുന്നു. സരസ്വതിയെ നിയോഗിച്ച് കുംഭകർണ്ണന് നാക്കുപിഴ വരുത്തുന്നു. അങ്ങനെ, വരം ചോദിച്ചപ്പോൾ അനേക വർഷങ്ങൾ ഉറങ്ങാൻ കഴിയണം എന്നായിപ്പോയി. അങ്ങനെയാവട്ടെ എന്നു ബ്രഹ്മാവും.
ഉടൻ തന്നെ കുംഭകർണ്ണന് ബോധമുദിച്ചു. എങ്ങനെ താൻ ഇങ്ങനെയൊരു വരം ആവശ്യപ്പെട്ടു എന്ന് അത്ഭുതപ്പെട്ടു. ദേവന്മാർ തന്നെ വ്യാമോഹിപ്പിച്ചിട്ടുണ്ടാവണം എന്ന് കാരണവും കണ്ടെത്തി.
വിഭീഷണനും അയ്യായിരം വർഷം ഒറ്റക്കാലിൽ നിന്നുകൊണ്ട് തപസ്സു ചെയ്തു. അതിനു ശേഷം കയ്യും മുഖവും മുകളിലേക്കുയർത്തി ധ്യാനനിരതനായി വീണ്ടും അയ്യായിരം വർഷം തപസ്സു ചെയ്തു. വിഭീഷണൻ ആവശ്യപ്പെട്ട വരം എപ്പോഴും, ഏതു സാഹചര്യത്തിലും ചെയ്യുന്നതെല്ലാം ധർമ്മാധിഷ്ഠിതമാവണമെന്നായിരുന്നു.
എന്തായാലും, വരം ലഭിച്ച ഉടൻ ആയിരക്കണക്കിനു വർഷങ്ങളായി പാലിച്ചു വന്ന അതികഠിനമായ ആത്മനിയന്ത്രണം അപ്പാടെ കാറ്റിൽ പറത്തി രാവണനും കുംഭകർണ്ണനും അതിഭീകരമായ രാക്ഷസഭാവം പുറത്തെടുക്കുന്നു.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തിന്റെ വിചിത്രമായ തിരിച്ചിടലാണ് ഇത്. ചിന്തനീയമായ ഒരു വിചിത്ര മാനസികാവസ്ഥ.
മൂന്നു പേരും പതിനായിരം കൊല്ലമാണ് അതികഠിനമായ തപസ്സ് ചെയ്യുന്നത്. എന്നാൽ, മൂന്നു പേരും ആവശ്യപ്പെട്ടതനുസരിച്ച് സമ്പാദിക്കുന്ന വരം തീർത്തും വ്യത്യസ്തം.
സത്വരജതമോഗുണങ്ങളുടെ ഒരു ആവിഷ്കാരം കൂടിയാണ് ഈ സഹോദരങ്ങൾ.
വാല്മീകീരാമായണത്തിൽ
ശംബൂകവധം
എന്നും വിവാദമായ വിഷയം
ശൂദ്രന് തപസ്സു ചെയ്യാൻ പാടില്ല എന്നു പച്ചയായി പറയുന്ന, ശൂദ്രൻ, അഥവാ ചാതുർവ്വർണ്യം ജന്മനാ നിർണ്ണയിക്കപ്പെടുന്നു എന്ന് അർത്ഥശങ്കയയ്ക്കിടയില്ലാത്തവിധം വിളിച്ചു പറയുന്ന ഒരു സന്ദർഭം.
രാവണവധത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തി രാമൻ മാതൃകാപരമായ ഭരണം നടത്തിക്കൊണ്ടിരിക്കെ, ഒരു ബ്രാഹ്മണൻ മരണം സംഭവിച്ച ബാലനായ തന്റെ മകന്റെ മൃതശരീരവുമായി കൊട്ടാരത്തിലെത്തുന്നു. രാജാവിന് എന്തോ ധർമ്മഭ്രംശം സംഭവിച്ചിരിക്കുന്നു, അതുകൊണ്ടാണ് ഇങ്ങനെയൊരു ബാലമരണം സംഭവിച്ചത് എന്ന് രാജാവിനെ പഴിക്കുകയും തന്റെ ഏക മകനെ വീണ്ടെടുത്തു തരണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു.
രാമൻ രാജഗുരുക്കളായ മഹർഷീശ്വരന്മാരോട് വിഷയം കൂടിയാലോചിക്കുന്നു.
ആ സദസ്സിൽ വെച്ച് നാരദൻ അതിന്റെ കാരണത്തെപ്പറ്റി രാമനോട് വിശദമായി സംസാരിക്കുന്നു. അതായത്, നാടിന്റെ സനാതന വ്യവസ്ഥക്കു വിരുദ്ധമായി ഏതോ ശൂദ്രൻ തപസ്സു ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ അപമൃത്യുവുണ്ടായത് അതിനു വേണ്ട പരിഹാരമുണ്ടാക്കണം. എങ്കിൽ, ബ്രാഹ്മണ ബാലന് ജീവൻ തിരികെ ലഭിക്കും. ഇതു കേട്ട ഉടൻ രാജാവ് രാജ്യഭാരം സഹോദരന്മാർക്കു നല്കി, ബ്രാഹ്മണബാലന്റെ മൃതശരീരം എണ്ണപ്പാത്തിയിൽ കേടു കൂടാതെ സംരക്ഷിക്കാൻ കൽപ്പന കൊടുത്തു. അതിനു ശേഷം പുഷ്പക വിമാനത്തെ മനസ്സിൽ ധ്യാനിച്ച് വിളിച്ചു വരുത്തുകയും അമ്പും വില്ലും വാളും എടുത്ത് വിമാനത്തിൽ കയറി ഒറ്റയ്ക്ക് യാത്രയാവുകയും ചെയ്തു.
വിമാനമാർഗ്ഗം നാനാദിക്കിലും സഞ്ചരിച്ച് തെക്കൻ ദിക്കിൽ ഒരു പർവ്വതത്തിന്റെ സമീപത്തുള്ള പൊയ്കയിൽ തല കീഴായിനിന്നു തപസ്സു ചെയ്യുന്ന താപസനെ കണ്ടു മുട്ടുന്നു.
കസ്യാം യോന്യാം തപോവൃദ്ധ
വർത്തസേ ദൃഢവിക്രമ
തപോവൃദ്ധ, ദൃഢവിക്രമ, ഏതു ജാതിയിലാണ് അങ്ങയുടെ ജനനം? എന്നാണ് രാമൻ ശംബൂകനോടു ചോദിക്കുന്നത്.
ശൂദ്രനാണ് എന്ന സത്യം പറയുമ്പോൾ രാമൻ മറ്റൊന്നും ആലോചിക്കാതെ, ഒരവസരവും നൽകാതെ വാളെടുത്ത് ശംബൂകനെ വെട്ടിക്കൊല്ലുകയാണ് ചെയ്യുന്നത്. .
എന്നാൽ, അതേസമയം, പണ്ട്, ദശരഥൻ ശബ്ദവേധിയായ അസ്ത്രം ഉപയോഗിച്ച്, ആന വെള്ളം കുടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് താപസകുമാരനെ കൊന്നപ്പോൾ ഞാൻ ശൂദ്രനാണ് അതിനാൽ, അങ്ങേയ്ക്ക് ബ്രഹ്മഹത്യാപാപമില്ല എന്നു ദശരഥനോട് പറയുന്നുണ്ട്.
നദ്വിജാതിരഹം രാജൻ
മാ ഭൂത്തേ മനസോ വ്യഥാ
ശൂഭായാമസ്മി വൈശ്യേന
ജാതോ ജനപദാധിപ
രാജാവേ, ഞാൻ ബ്രാഹ്മണനല്ല ; ഞാൻ ശൂദ്രസ്ത്രീയിൽ വൈശ്യനു ജനിച്ചവനാകുന്നു. അതിനാൽ, മനസ്സിൽ ഒരു ആധിയും വേണ്ട.
അതായത്, ഇവിടെ ശൂദ്രനു തപസ്സു ചെയ്യാൻ യാതൊരു വിലക്കുമില്ല.
ഒരു താപസനെ കണ്ടെത്താൻ രാജാവ് രാജ്യഭരണമുപേക്ഷിച്ച് ഒറ്റയ്ക്ക് വിമാന മാർഗ്ഗം യാത്രയാവുന്നു.(സീതയെകണ്ടെത്താൻ പെട്ടപാട് നമ്മൾ കണ്ടതാണ്)
ജീവിപ്പിക്കാനുള്ള ബ്രാഹ്മണബാലന്റെ ശരീരം എണ്ണപ്പാത്തിയിലിട്ടു സംരക്ഷിക്കാൻ പറയുന്നു. രാമരാവണയുദ്ധത്തിൽ ലക്ഷക്കണക്കിനു വാനരന്മാരെ പുനർജ്ജീവിപ്പിച്ചത് ഇങ്ങനെയാണോ?
കപടഭാവത്തോടെയാണ് രാമൻ ജംബൂകനോട് സംസാരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ഇതൊന്നും രാമായണത്തിന്റേയോ രാമന്റേയോ, വാല്മീകിയുടെയോ പൊതുസ്വഭാവവുമായി യാതൊരുതരത്തിലും യോജിച്ചു പോകുന്നതല്ല എന്ന് ഒരു ശരാശരി വായനക്കാരനു പോലും പകൽപോലെ വ്യക്തമാവും. അതിനാൽ, ഇതെല്ലാം വളരെ അവിദഗ്ദ്ധമായ കൂട്ടിച്ചേർക്കലിന്റെ ഫലമായി വന്നു ഭവിച്ചതായേ കരുതാൻ കഴിയൂ.
സീതാപരിത്യാഗം, മോക്ഷലബ്ധി
സത്യമാണോ, ധർമ്മമാണോ വലുത്?
കേവലമായ സത്യമാണോ സമൂഹം പടുത്തുയർത്തിയ യാഥാസ്ഥിക ധർമ്മമാണോ ഒരു പ്രതിസസിഘട്ടത്തിൽ പരിഗണിക്കപ്പെടേണ്ടത് എന്ന ചോദ്യമാണ് വാല്മീകിരാമായണത്തിൽ സീതാപരിത്യാഗം എന്ന ദുർഘടസന്ധി ഉയർത്തുന്നത്.
രാവണവധത്തിനുശേഷം സീതയെപ്പറ്റി സ്വന്തം മനസ്സിലുദിച്ച സംശയം രാമൻ ക്രൂരമായിത്തന്നെ പരസ്യമായി പ്രകടിപ്പിച്ചതാണ്. അതിനു പ്രതിവിധിയായി സീത ഉടൻ തന്നെ സ്വമേധയാ തീയിൽ ചാടി അഗ്നിപരീക്ഷക്കു തയ്യാറാവുകയും അഗ്നിദേവൻതന്നെ സീതയെ എടുത്തുകൊണ്ടുവന്ന് രാമനെ തിരിച്ചേല്പിക്കുകയും സീതയെ സ്വീകരിക്കുവാൻ 'ആജ്ഞാപിക്കുക’യും ചെയ്തതാണ്. അതും പോരാഞ്ഞ് ഇന്ദ്രനോടൊത്ത് ദേവന്മാരും അതു കഴിഞ്ഞ് സ്വർഗ്ഗത്തിൽ നിന്ന് ദശരഥനും പ്രത്യക്ഷപ്പെട്ട് സീത തികച്ചും പതിവ്രതയാണെന്നും നിസ്സംശയമായും അവളെ സ്വീകരിക്കണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സന്തോഷപൂർവ്വം സ്വീകരിക്കുകയും സന്തോഷകരമായ ദാമ്പത്യം തുടർന്നു വന്നതുമാണ്. ഇതിൽപ്പരം ഒരു സത്യം എന്താണ് വേണ്ടത്?
അങ്ങനെയിരിക്കെ, ഒരിക്കൽ, ദൂതന്മാരോട് നാട്ടിലെ വിശേഷങ്ങളാരായുകയും ജനങ്ങളെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത് എന്ന് അവർ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ, രാമൻ വീണ്ടും വീണ്ടും രാജകുടുംബാംഗങ്ങളിലാരെപ്പറ്റിയും പറയുന്ന കാര്യങ്ങളെപ്പറ്റി സത്യമായ കാര്യം മറയ്ക്കാതെ പറയാൻ നിർബ്ബന്ധിക്കുമ്പോഴാണ് അവർ സീതയെപ്പറ്റിയുള്ള അപവാദത്തെപ്പറ്റി പറയുന്നത്. അതോടു കൂടി രാമൻ ആകെ തളരുന്നു. ഇത്രയേയുള്ളു രാമന്റെ മനസ്ഥൈര്യം?
പഴയ അഗ്നിപരീക്ഷയുടെ കാര്യങ്ങൾ ഓർമ്മിക്കാത്തതല്ല. അതെല്ലാം ഈ സന്ദർഭത്തിലും രാമൻ ആവർത്തിക്കുന്നുണ്ട്:
പ്രത്വയാർത്ഥം തത സീതാ
വിവേശജ്വലനം തഥാ
പ്രത്യക്ഷം തവ സൗമിത്രേ
ദേവാനാം ഹവ്യവാഹന
അപാപാം മൈഥിലീമാഹ
വായുശ്ചാകാശ ഗോചര:
ചന്ദ്രാദിത്യൗ ചശംസേതേ
സുരാണാം സന്നിധൗ പുരാ
ഋഷീണാം ചൈവ സർവേഷാ
മപാപാം ജനകാത്മജാം
ഏവം ശുദ്ധസമാചാരാ
ദേവഗന്ധർവ്വസന്നിധൗ
ലങ്കാദ്വീപേ മഹേന്ദ്രേണ
മമ ഹസ്തേ നിവേശിതാ
അന്തരാത്മാ ച മേ വേത്തി
സീതാം ശുദ്ധാം യശസ്വിനീം
തതോ ഗൃഹീത്വാ വൈദേഹീ
മയോദ്ധ്യാമഹമാഗത
അതിൽ തെളിവിനു വേണ്ടി സീത അവിടെ തീയിൽ ചാടി. സൗമിത്രേ, നീയും ദേവകളും കാണ്കേ ഹവ്യവാഹനനായ അഗ്നിയും ആകാശഗോചരനായ വായുവും സീത നിർദോഷയാണെന്ന് പറഞ്ഞു. സർവ്വദേവമഹർഷിമാരുടേയും സവിധത്തിൽ വെച്ച് സൂര്യചന്ദ്രന്മാരും സീത നിർദോഷയാന്നെന്ന് അന്നു തന്നെ ചൊല്ലുകയുണ്ടായി. ഇങ്ങനെ സദ് വൃത്തയായവളെ ദേവഗന്ധർവ്വന്മാരുടെ സന്നിധിയിൽ ലങ്കാദ്വീപിൽ വെച്ച് പുരന്ദരൻ എന്റെ കൈയിൽത്തന്നു.
കീർത്തിമതിയായ സീത പരിശുദ്ധയാണെന്ന് എന്റെ അന്തരാത്മാവും അറിയുന്നു. അതുകൊണ്ടുതന്നെയാണ് സീതയെ അയോദ്ധ്യയിലേക്കു കൊണ്ടു പോന്നത്.
ഇതിൽപ്പരം രാമന് എന്താണ് വേണ്ടത്? ഇതിലെല്ലാം ഉപരിയാണോ ഏതോ നാട്ടുകാർ എന്തോ അപവാദം പറയുന്നത്? ഏതോ നാട്ടുകാർ എന്തോ പറയുന്നതാണോ ധർമ്മം? അങ്ങനെ നോക്കുമ്പോൾ ഇതു സത്യവും ധർമ്മവും തമ്മിലുള്ള സംഘർഷം തന്നെയല്ല എന്നു പറയേണ്ടി വരും. മറിച്ച്, ഇത് രാമന്റെ ചഞ്ചല മനസ്സും സീതയുടെ സ്ഥൈര്യവും സ്ഥിതപ്രജ്ഞയും തമ്മിലുള്ള പോരാട്ടമാണ്. നിർഭാഗ്യവശാൽ, സീതയുടെ ഭാഗത്തുള്ള ധർമ്മവും സത്യവും നീതിയും നന്മയുമെല്ലാം പരാജയപ്പെടുന്നു. മാത്രമല്ല, അതിന്റെ കീർത്തി മുഴുവൻ തീർത്തും തെറ്റായി രാമന് ചാർത്തിക്കൊടുത്തിരിക്കുന്നു.
അതുകൊണ്ടും അവസാനിക്കുന്നില്ല. എത്ര ഹീനമായാണ് രാമൻ സീതയെ കാട്ടിലേക്കയക്കുന്നത്! പണ്ടത്തെപ്പോലെ സീതയ്ക്കു പ്രതികരിക്കാൻ അവസരം കൊടുക്കാതെ, സീതയുടെ ഇഷ്ടം നടപ്പാക്കാൻ എന്ന വ്യാജേന, നിരപരാധിയായ ഒരാളെ അയാളറിയാതെ ചതിവിൽ തുറുങ്കിലടയ്ക്കുന്ന പോലീസ് മുറയാണ്, ചതി ഒട്ടും സംശയിക്കാത്ത, ഗർഭിണിയായ സീതയുടെ മേൽ, സ്വയം മാറി നിന്ന്, ലക്ഷ്മണനെ നിയോഗിച്ചുകൊണ്ട് രാമൻ പ്രയോഗിക്കുന്നത്.
വനത്തിൽ , താപസരുടെ ആശ്രമത്തിൽ കഴിയാനുള്ള ആഗ്രഹം സാധിക്കാൻ പോകുന്നു എന്ന സന്തോഷത്തോടെയാണ് സീത യാത്ര പുറപ്പെടുന്നത്. ആശ്രമവാസികൾക്ക് സമ്മാനിക്കാനായി സ്വർണ്ണവും രത്നങ്ങളും കൂടെ കരുതുന്നു. ഒടുവിൽ, ഗംഗാനദിക്കക്കരെ ആശ്രമസമീപത്തെത്തുമ്പോൾ ദുഃഖം സഹിക്കാൻ വയ്യാതെ കരഞ്ഞു പോകുന്ന ലക്ഷ്മണനെ സീത ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് തന്നെ രാമൻ ഉപേക്ഷിച്ചിരിക്കുന്നു എന്ന നടുക്കുന്ന സത്യം സീത മനസ്സിലാക്കുന്നത്.
ദുഖാർത്തയായ സീത ബോധരഹിതയായി നിലം പതിക്കുന്നു. ഉടൻ തന്നെ ബോധം വീണ്ടെടുത്ത സീത ലക്ഷ്മണനോട് കരളലിയിക്കുന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത്.
കിം നു വക്ഷ്യാമി മുനിഷു
കർമ്മ വാ ദുത്കൃതം ച കിം
കിസ്മിംശ്ചിത് കാരണേ ത്യക്താ
രാഘവേണ മഹാത്മനാ
മഹർഷിമാരോട് ഞാൻ എന്തു പറയും? എന്തു ദൃഷ്കൃതമാണ് ഞാൻ ചെയ്തത്? മഹാത്മാവായ രാഘവൻ എന്നെ ഉപേക്ഷിക്കാൻ കാരണമെന്ത്?
ന ഖല്യദ്വൈവ സൗമിത്രേ
ജീവിതം ജാഹ്നവീതലേ
ത്യജേയം രാജവംശസ്തു
ഭർത്തൂർമേ പരിഹാസ്യതേ
സൗമിത്രേ, എനിക്കിപ്പോൾത്തന്നെ ഗംഗയിൽ പ്രാണൻ ത്യജിക്കാനും കഴിയില്ല. കാരണം, അങ്ങനെ ചെയ്താൽ ഭർത്താവിന്റെ രാജവംശം പരിഹസിക്കപ്പെടും.
തുടർന്ന്, യുക്തിയുക്തമായ വാക്കുകൾക്കൊടുവിൽ , സമചിത്തത വീണ്ടെടുത്ത് തന്റെ കടമ നിർവ്വഹിച്ച് തിരിച്ചു പൊയ്ക്കൊള്ളാൻ സീത ലക്ഷ്മണനോട് പറയുന്നു.
ഇവിടെയെല്ലാം രാമനേക്കാൾ എല്ലാംകൊണ്ടും എത്രയോ മുകളിലാണ് സീതയുടെ നില.
പിന്നീട്, രാമന് ഇങ്ങനെ വരാൻ എന്താണ് കാരണം എന്ന് സുമന്ത്രൻ ലക്ഷ്മണനോടു പറയുന്നുണ്ട്.
ദേവാസുരയുദ്ധത്തിൽ തോറ്റോടിയ അസുരന്മാർക്ക് ഭൃഗു മഹർഷിയുടെ പത്നി അഭയം നല്കി. ഇതിൽ കോപിച്ച് വിഷ്ണു ചക്രം പ്രയോഗിച്ച് ഭൃഗുപത്നിയുടെ തലയറുത്തു. വിവരമറിഞ്ഞ ഭൃഗു വിഷ്ണുവിനെ ശപിച്ചു. ഭൂമിയിൽ മനുഷ്യനായി ജനിക്കുമെന്നും വളരെക്കാലം പത്നിവിയോഗം അനുഭവിക്കും എന്നുമായിരുന്നു ശാപം. ഇവിടേയും പ്രശ്നം വിഷ്ണുവിന്റെയാണ്, ഇതിൽ സീതക്ക് ഒരു പങ്കുമില്ല. എന്നിട്ടും അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് സീതയും!
ഇതു കേൾക്കുമ്പോൾ ലക്ഷ്മണന് ആശ്വാസമായി. അപ്പോഴും നിരപരാധിയായ സീതയുടെ അവസ്ഥയെപ്പറ്റി ചിന്തിക്കാൻ ലക്ഷ്മണൻ മുതിരുന്നില്ല.
വാല്മീകീരാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയും അതേസമയം, ജൂഗൂപ്സാവഹവുമായ ഒരു സന്ദർഭമാണ് ഇതെന്നു പറയാം.
തുടർന്ന്, സീതയെ കാട്ടിൽ ഉപേക്ഷിച്ചതിനു ശേഷം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിൽ രാമനോ മറ്റുള്ളവരോ വാല്മീകിയോ ഏതാനും സർഗ്ഗങ്ങളിൽ സീതയെപ്പറ്റി യാതൊന്നും പറയുന്നില്ല! ശത്രുഘ്നൻ ലവണാസുരവധത്തിനായി പോകുംവഴി വാല്മീകിയുടെ ആശ്രമം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്യുന്നുണ്ട്. അവിടെ വെച്ച് സീതയുടെ പ്രസവവാർത്ത അറിയുന്നു. അവിടെ നിന്ന് യാത്രയാവുന്നതിനു മുമ്പ് സീതയെ സന്ദർശിക്കുന്നു. സീതയെ വന്ദിച്ച് 'അമ്മേ, ഭാഗ്യം' എന്നു മാത്രം പറയുന്നു.
ലവണാസുരവധം കഴിഞ്ഞ് തിരിച്ചു വരുംവഴിയും ശത്രുഘ്നൻ വാല്മീകീആശ്രമം സന്ദർശിക്കുന്നുണ്ട്. അവിടെ വെച്ച് ആരോ അതിമധുരമായി രാമകഥ ചെല്ലുന്നത് കേൾക്കുന്നു. കൂടെയുള്ള സൈന്യം ഇതിനെപ്പറ്റി ആരായുകയും ചെയ്യുന്നു. എന്നാൽ, ശത്രുഘ്നൻ അതിനെപ്പററി വാല്മീകിയോടു ചോദിക്കാൻ വിസമ്മതിക്കുന്നു. ആശ്രമത്തിൽ അങ്ങനെ വിസ്മയകരമായി പലതും കാണും അതിനെപ്പററിയെല്ലാം ചോദിക്കുന്നതു ശരിയല്ല എന്നാണ് ശതൂഘ്നൻ പറയുന്നത്.
അപ്പോഴും സീതയെപ്പററിയോ, മക്കളായ ലവകുശന്മാരെപ്പറ്റിയോ യാതൊരു പരാമർശവുമില്ല.
പിന്നീട്, രാമൻ അതിഗംഭീരമായി അശ്വമേധയാഗം ചെയ്യാൻ ഒരുങ്ങവേ, എല്ലാ രാജാക്കന്മാരേയും ഋഷിമാരേയും വിഭീഷണാദി രാക്ഷസന്മാരേയും സുഗ്രീവനേയും മറ്റു വാനരന്മാരേയും ക്ഷണിച്ചുവരുത്തുമ്പോൾ വാല്മീകിയേയോ സീതയേയോ ക്ഷണിക്കുന്നതായി പറയുന്നില്ല. എന്നാൽ, അതേസമയം, സീതയുടെ സ്ഥാനത്ത് ഒരു കാഞ്ചനസീതയെ നിർമ്മിച്ച് തൽസ്ഥാനത്തു വെക്കുകയും ചെയ്യുന്നു!
പക്ഷെ, വാല്മീകി അങ്ങനെ വിടുന്ന ആളായിരുന്നില്ല.
യാഗം നടന്നുകൊണ്ടിരിക്കേ അദ്ദേഹം ലവകുശന്മാരുമായി സ്ഥലത്തെത്തുകയും അവരെക്കൊണ്ട് താൻ രചിച്ച രാമകഥ അതിമധുരമായി പാടിക്കുകയും ചെയ്തു. വാല്മീകി അവർക്ക് രണ്ടു നിർദ്ദേശങ്ങൾ നല്കിയിരുന്നു. ആരുടെ മക്കളാണെന്നു രാമൻ ചോദിച്ചാൽ വാല്മീകിയുടെ ശിഷ്യരാണെന്നു മാത്രം പറയുക. പൊന്നും പണവുമൊന്നും ആഗ്രഹിക്കരുത്. വനവാസികൾക്ക് ഇതുകൊണ്ട് എന്തു പ്രയോജനം?ലവകുശന്മാർ പറഞ്ഞതു പോലെ വാല്മീകി രചിച്ച രാമകഥ യാഗപരിസരത്തെല്ലാം നടന്ന് അതിമധുരമായി പാടാൻ തുടങ്ങി. കുട്ടികൾക്ക് രാമനുമായുള്ള സാമ്യം കണ്ട് പലരും അത്ഭുതപ്പെട്ടു. കുട്ടികളുടെ സംഗീതപരിപാടി രാമന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ അവരെ ക്ഷണിച്ചു വരുത്തി ഋഷിമാരുടേയും മറ്റും വലിയ സദസ്സിൽ അവരെക്കൊണ്ട് രാമകഥ പാടിപ്പിച്ചു. ആരാണ് ഇതിന്റെ കർത്താവ് എന്തെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നെല്ലാം കുട്ടികളോടു ചോദിച്ചു. വാല്മീകി മഹർഷിയാണ് ഇതിന്റെ രചയിതാവ്, അദ്ദേഹം അവിടെ സന്നിഹിതനായിട്ടുണ്ട് എന്ന് അവർ രാമനോടു പറഞ്ഞു. രാമൻ അവർക്ക് പതിനെണ്ണായിരം സ്വർണ്ണം സമ്മാനമായി നല്കാൻ നിർദ്ദേശിച്ചു. എന്നാൽ, വനവാസികളായ തങ്ങൾക്ക് ഇതുകൊണ്ട് എന്തു പ്രയോജനം എന്നു പറഞ്ഞ് അവർ അതെല്ലാം നിരസിച്ചു.
കുട്ടികളുടെ കഥാലാപനത്തിൽ നിന്നു തന്നെ ഒടുവിൽ, അവർ സ്വന്തം മക്കളാണെന്ന് രാമന് മനസ്സിലായി. അങ്ങനെ, രാമൻ ദൂതന്മാരെ അയച്ച് വാല്മീകിയെ തന്റെ ഇംഗിതം അറിയിക്കുന്നു. അതായത്, വാല്മീകിയുടെ അനുവാദത്തോടു കൂടി സീതയ്ക്ക് സഭയിൽ വെച്ച് തന്റെ പരിശുദ്ധി തെളിയിക്കാൻ ഒരു അവസരം കൂടി നല്കാമെന്നായിരുന്നു അത്.
സീതയെ കാട്ടിലുപേക്ഷിക്കുന്നതിനു മുമ്പ് രാമന് ഈ ബുദ്ധി എന്തുകൊണ്ട് തോന്നിയില്ല എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്.
ഏതായാലും, പറഞ്ഞതു പോലെ, ദേവകളും ഋഷിമാരും ജനങ്ങളും വിഭീഷണാദിരാക്ഷസന്മാരും വാനരന്മാരുമടങ്ങുന്ന ഒരു മഹാ സദസ്സിൽ, മുന്നിൽ വാല്മീകിയെ അനുഗമിച്ചുകൊണ്ട് അധോവദനയായി, കണ്ണീർ വാർത്തുകൊണ്ട് രാമനെ സ്മരിച്ചുകൊണ്ട് സീത പ്രത്യക്ഷപ്പെട്ടു.
ആദ്യം വാല്മീകിമഹർഷി രാമന് സീതയുടെ പരിശുദ്ധിയെ കുറിച്ച് ഉറപ്പു നല്കുന്നു. സീതയ്ക്ക് എന്തെങ്കിലും ദേഷമുണ്ടെങ്കിൽ തന്റെ ആയിരക്കണക്കിനു കൊല്ലക്കാലത്തെ തപസ്സ് നിഷ്ഫലമാവട്ടെ എന്നാണ് അദ്ദേഹം ശപഥം ചെയ്യുന്നത്.
ബഹുവർഷസഹസ്രാണി
തപശ്ചര്യാ മയാകൃതാ
തസ്യാ : ഫലമുപാശ്നീയാ
മപാപാ യദി മൈഥിലീ
അനേകായിരമാണ്ടുകൾ ഞാൻ തപസ്സു ചെയ്തിട്ടുണ്ട്. മൈഥിലി നിർദ്ദോഷയാണെങ്കിൽ മാത്രം ഞാൻ അതിന്റെ ഫലം അനുഭവിക്കട്ടെ.
രാമൻ അതു പൂർണ്ണമായും സമ്മതിക്കുമ്പോഴും സീത സഭാമദ്ധ്യത്തിൽ വിശുദ്ധി തെളിയിച്ച് തന്റെ പ്രീതി സമ്പാദിക്കട്ടെ എന്ന മൊശടൻ നിലപാടാണ് സ്വീകരിക്കുന്നത്.
ഇവിടെ സീതയുടെ പരിശുദ്ധിയെകുറിച്ച് ഉത്തമബോദ്ധ്യമുണ്ടായിട്ടും സ്വന്തം അപകർഷതയിൽനിന്നുളവായ വിചിത്ര മാനസികാവസ്ഥയാണ് രാമൻ പ്രകടിപ്പിക്കുന്നത്.
തുടർന്ന്, സീത ശപഥം ചെയ്യുന്നു:
യഥാfഹം രാഘാവാദന്യം
മനസാfപി ന ചിന്തയേ
തഥാ മേ മാധവീ ദേവീ
വിവരം ദാതുമർഹതി
മനസാ കർമ്മണാ വാചാ
യഥാ രാമം സമർച്ചയേ
തഥാ മേ മാധവീ ദേവി
വിവരം ദാതുമർഹതി.
ഞാൻ രാമനെയല്ലാതെ മറ്റാരെക്കുറിച്ചും മനസ്സിൽ വിചാരിക്കാറില്ലെങ്കിൽ ഭൂമിദേവി എനിക്ക് ഇടം തരട്ടെ!
മനസാ വാചാ കർമ്മണാ ഞാൻ രാമനെ അർച്ചിക്കുന്നുണ്ടെങ്കിൽ ഭൂമീദേവി എനിക്ക് ഇടം തരട്ടെ!
അതോടുകൂടി അവിടെ കൂടിയവരെയെല്ലാം അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് ഭൂമിയിൽ നിന്നും ഒരു സ്വർണ്ണ സിംഹാസനം ഉയർന്നു വരികയും ഭൂമിദേവിതന്നെ സീതയെ അതിലിരുത്തി രസാതലത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സീതയുടെ ശപഥം ഭൂമിദേവി ഇടം തരട്ടെ എന്നു മാത്രമാണ്. അല്ലാതെ, പരിശുദ്ധി തെളിയിക്കുന്നതിന്റെ സ്വാഭാവികലക്ഷ്യം എന്നു കണക്കാക്കാവുന്ന രാമനോടൊത്തുള്ള ജീവിതം തിരികെ കിട്ടണമെന്നല്ല. സീതാപരിത്യാഗത്തോടെ രാമൻ അതിനുള്ള അർഹത നഷ്ടപ്പെടുത്തി എന്നു വേണം മനസ്സിലാക്കാൻ. രാമനു മറുപടിയായി ലോകത്തിനു മുമ്പിൽ സ്വന്തം പരിശുദ്ധി തെളിയിക്കുന്നതോടു കൂടി രാമനെ കയ്യൊഴിയുകയും സ്വയം രാമന് അപ്രാപ്യയാവുകയും ചെയ്യുക എന്ന മധുരമായ പ്രതികാരമാണ് ഇവിടെ അരങ്ങേറിയത്. ഭൂമീദേവിയും ആ ലക്ഷ്യത്തിനനുസൃതമായാണ് പ്രവർത്തിച്ചത്.
രാമനെ സംബന്ധിച്ചിടത്തോളം, കനത്ത പ്രഹരം തന്നെയായിരുന്നു ഇത്. ലോകത്തിനു മുന്നിൽ മര്യാദാപുരുഷോത്തമനാവാൻ താൻ കാട്ടിലെറിഞ്ഞ സീത തന്റെ വ്യവസ്ഥയിൽത്തന്നെ വീണ്ടും പരിശുദ്ധി തെളിച്ച് തിരിച്ചെത്തുന്നു എന്ന രാമന്റെ അഹന്തയ്ക്ക് വൻ തിരിച്ചടിയേല്പിച്ചുകൊണ്ട് അതേ ലോകത്തിനു മുന്നിൽ സ്വന്തം പരിശുദ്ധി തെളിയിക്കുകയും രാമന് മറ്റൊരവസരം നിഷേധിച്ചുകൊണ്ട് സീത എന്നെന്നേയ്ക്കുമായി അപ്രത്യക്ഷയാവുകയും ചെയ്യുന്നു. രാമന്റെ വിശ്വാസ്യത പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. സീത തിരിച്ചു വന്നാൽ, എന്നെങ്കിലും രാമന് ഇതുപോലെ വീണ്ടും ഒരു വിളി തോന്നില്ലെന്നെന്താണുറപ്പ്?
രാമന്റെ തികച്ചും പ്രതീക്ഷിതമായ പ്രതികരണം മന:ശാസ്ത്രപരമായിത്തന്നെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
വിസ്മയം, ദുഃഖം, ശുണ്ഠി, കോപം എന്നിങ്ങനെ മുന്നേറുന്നു അത്. ഭ്രാന്തമായ കോപത്തിൽ ഉടൻ സീതയെ തിരിച്ചെത്തിക്കാൻ രാമൻ ഭൂമിദേവിയോട് ആജ്ഞാപിക്കുന്നു, പണ്ട് സീതാപഹരണത്തിനു ശേഷം ചെയ്തതുപോലെ, ഭൂമി മുച്ചൂടും നശിപ്പിക്കുമെന്ന് വൃഥാ ഭീഷണിപ്പെടുത്തുന്നു.
ഒടുവിൽ, ബ്രഹ്മാവ് തന്നെ പ്രത്യക്ഷപ്പെട്ട് 'അടങ്ങ് വേലായ്ധാ' എന്ന മട്ടിൽ രാമനിൽ സ്വത്വബോധം ഉണർത്തുകയും സീതയുടെ അന്തർദ്ധാനത്തിന്റെ പൊരുൾ രാമനെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ, അത്യന്തം നാടകീയവും രസനിഷ്യന്ദിയും ആണെങ്കിലും, സീതയുടെ ആദ്യത്തെ അത്യുജ്ജ്വലമായ അഗ്നിപരീക്ഷയ്ക്കും സ്വീകാരത്തിനും ശേഷം ഈ ഉപാഖ്യാനം മുഴുവൻ തീർത്തും അനാവശ്യവും സാമാന്യയുക്തിക്കു നിരക്കാത്തതുമായ ആവർത്തനമാണെന്നു പറയാം. മാത്രമല്ല, ഈ ആഖ്യാനം രാമന്റെ ഗുണങ്ങൾക്കു പകരം ദൗർബല്യങ്ങൾ മാത്രമാണ് പുറത്തുകൊണ്ടുവരുന്നത് എന്നു കാണാൻ വിഷമമില്ല. ഇത് യുദ്ധകാണ്ഡത്തിലവസാനിക്കുന്ന മുഖ്യ ആഖ്യാനത്തിലെ രാമനുമായി പൊരുത്തപ്പെടുന്നില്ല എന്നു പറയാം. അങ്ങനെ ചിന്തിക്കുമ്പോൾ ഈ ഭാഗം പിന്നീട് എഴുതിച്ചേർത്തതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റു പറയാൻ കഴിയില്ല.
ഉപസംഹാരം
ശത്രുഘ്നനെ ലവണാസുരവധത്തിനായി നിയോഗിച്ച്, വധത്തിനുശേഷം രാമൻ ശത്രുഘ്നനെത്തന്നെ ആ രാജ്യത്തിന്റെ രാജാവായി വാഴിച്ചു. രാമന്റെ അനുവാദത്തോടെ ഭരതനും കേകയ രാജാവും ചേർന്ന് ഗന്ധർവ്വരാജ്യം കീഴടക്കി ഭരതന്റെ രണ്ടു മക്കൾക്കായി വീതിച്ചു നല്കി. അതിനുശേഷം തന്നോടൊപ്പം വസിക്കാനായിരുന്നു രാമൻ ഭരതനു നല്കിയ നിർദ്ദേശം.
അതുപോലെ, ഭരതന്റെ അഭിപ്രായമനുസരിച്ച്, ലക്ഷ്മണന്റെ മക്കളായ അംഗദനും ചന്ദ്രകേതുവിനും വേണ്ടി കാരുപഥവും മല്ലഭൂമിയും കീഴടക്കി അവിടെ അംഗദീയമെന്നും ചന്ദ്രകാന്തമെന്നും പേരായ നഗരങ്ങൾ നിർമ്മിക്കുകയും അവിടെ അവരെ രാജാവായി വാഴിക്കുകയും ചെയ്തു.
അതിനു ശേഷം രാമനും ലക്ഷ്മണനും ഭരതനും അയോദ്ധ്യയിൽ വളരെക്കാലം സസുഖം വസിച്ചു
അങ്ങനെയിരിക്കെ, കാലൻ ഒരു താപസന്റെ വേഷത്തിൽ രാമന്റെ കൊട്ടാരത്തിലെത്തി അതിഗൂഢമായ ഒരു കാര്യം ഒറ്റയ്ക്ക് പറയാനുണ്ടെന്ന് ഉണർത്തിക്കുന്നു. മറ്റാരെങ്കിലും അതു കാണുകയോ കേൾക്കുകയോ ചെയ്താൽ അയാൾ വധിക്കപ്പെടണം എന്നും താപസൻ ആവശ്യപ്പെട്ടു. അതു പൂർണ്ണമായും അംഗീകരിച്ച രാമൻ ആരേയും അകത്തേക്കു കടത്തിവിടരുത്, അഥവാ, ആരെങ്കിലും കടന്നു വന്നാൽ അയാൾ വധിക്കപ്പെടും എന്ന കല്പനയോടെ ലക്ഷ്മണനെത്തന്നെ കാവൽ നിർത്തുന്നു. ആ സമയത്ത് ദുർവ്വാസാവ് അവിടെയെത്തുകയും എത്രയും പെട്ടെന്ന് രാമനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്പം കാക്കാൻ ആദരപൂർവ്വം അപേക്ഷിക്കുന്ന ലക്ഷ്മണനോട് ഉടൻ രാമനെ കാണാനനുവദിച്ചില്ലെങ്കിൽ, രാമനേയും ലക്ഷ്മണനേയും ഭരതനേയും ഒപ്പം രാജ്യത്തേയും സന്തതിപരമ്പരകളേയും ശാപത്താൽ ഉന്മൂലനം ചെയ്യുമെന്ന് ദുർവ്വാസാവ് ആക്രോശിക്കുന്നു. ധർമ്മസങ്കടത്തിലായ ലക്ഷ്മണൻ തന്റെ ആത്മത്യാഗം കൊണ്ട് മറ്റെല്ലാവരേയും നാശത്തിൽ നിന്നു രക്ഷിക്കാമെന്ന നിശ്ചയത്തോടെ അകത്തു പ്രവേശിച്ച് മഹർഷി വന്ന വിവരം രാമനെ അറിയിക്കുന്നു...
ഇതിനിടയിൽ, കാലൻ തന്റെ ആഗമനോദ്ദേശം രാമനോടു പറയുന്നു. രാമന്റെ അവതാര ലക്ഷ്യം പൂർത്തിയായിരിക്കുന്നു. വിഷ്ണു സ്വരൂപത്തിലേക്കു മടങ്ങുകയോ ഇതുപോലെ തുടരുകയോ ചെയ്യാമെന്ന് പറയുന്നു. രാമൻ തിരിച്ചു പോകാമെന്ന് സമ്മതിക്കുന്നു.
എല്ലാവരോടും കൂടിയാലോചിച്ച്, കാര്യങ്ങൾ ലക്ഷ്മണനോട് തുറന്നു പറഞ്ഞ് രാമൻ ലക്ഷ്മണനെ ഉപേക്ഷിക്കുന്നു.
കണ്ണീരോടെ ലക്ഷ്മണൻ നേരെ സരയൂതീരത്തേക്കു പോയി അന്ത്യയാത്രയ്ക്കുവേണ്ടി ശ്വാസമടക്കികൊണ്ട് നില്ക്കവെ, ദേവേന്ദ്രൻ പ്രതൃക്ഷപ്പെട്ട് ലക്ഷ്മണനെ ദേവലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
തുടർന്ന്, ഭരതനോട് രാജ്യഭാരം ഏല്ക്കാൻ നിർദ്ദേശിച്ചുകൊണ്ട് താനും ലക്ഷ്മണനെ പിന്തുടരുകയാണെന്ന് രാമൻ പ്രഖ്യാപിക്കുന്നു. എന്നാൽ, ഭരതൻ ആ നിർദ്ദേശം അംഗീകരിക്കാതെ, ലവനും കുശനുമായി രാജ്യം വീതിച്ചു നല്കി രാമനെ പിന്തുടരാനാണ് തീരുമാനിച്ചത്.
സംഭവ വികാസങ്ങളെല്ലാം അറിയിയ്ക്കാനായി രാമൻ ദൂതനെ ശത്രുഘ്നന്റെ അടുത്തേക്കയക്കുന്നു. ഘോരമായ വംശനാശം അടുത്തെത്തി എന്നറിഞ്ഞ ശത്രുഘ്നൻ താനും രാമനെ പിന്തുടരുകയാണെന്നു പ്രഖ്യാപിച്ച് രാജ്യം മക്കളായ സുബാഹുവിനും ശത്രുഘാതിക്കും വീതിച്ചു നല്കി അയോദ്ധ്യയിലെത്തുന്നു. ന ചാന്യദപി വക്തവ്യം
തവ വീര ന ശാസനം
വിഹന്യമാനമിച്ഛാമി
മദ്വിധേന വിശേഷത
വീര, മറിച്ചൊന്നും പറയരുത്. അങ്ങയുടെ ആജ്ഞയെ അനാദരിക്കരുതെന്നുണ്ട്, പ്രത്യേകിച്ചും. എന്നെപ്പോലൊരാൾ
എന്നാണ് ശത്രുഘ്നൻ രാമനോടു പറയുന്നത്. ശത്രുഘ്നന്റെ ദൃഢനിശ്ചയം മനസ്സിലാക്കി രാമൻ ' അങ്ങനെയാവട്ടെ' എന്ന് അനുവാദം നല്കുന്നു.
തുടർന്ന്, വിഭീഷണന്റെ നേതൃത്വത്തിൽ രാക്ഷസന്മാരും , സുഗ്രീവന്റെ നേതൃത്വത്തിൽ വാനരന്മാരും അയോദ്ധ്യയിലെ ആബാലവൃദ്ധം ജനങ്ങളും വിവരമറിഞ്ഞ് രാമനെ പിന്തുടരാനെത്തുന്നു. (സുഗ്രീവൻ അംഗദനെ രാജാവായി വാഴിച്ചിരിക്കുന്നു.
ഉറ്റ സുഹൃത്തായ സുഗ്രീവനെക്കൂടാതെ ദേവലോകത്തോ പരമപദത്തിലോ താൻ പോവുകയില്ല എന്നു പറഞ്ഞാണ് രാമൻ സുഗ്രീവനെ കൂടെ വരാൻ അനുവദിക്കുന്നത്.
എന്നാൽ, പ്രജകളുള്ളിടത്തോളം കാലം ധർമ്മാനുസരണം ലങ്ക വാഴണം എന്നാണ് വിഭീഷണനോട് രാമൻ സ്നേഹപൂർവ്വം നിർദ്ദേശിക്കുന്നത്.
അതുപോലെ, ഹനുമാനോട് തന്റെ കഥ പ്രചരിക്കുന്നിടത്തോളം കാലം സ്വന്തം പ്രതിജ്ഞ പാലിച്ചുകൊണ്ട് ജീവിച്ചിരിക്കാൻ രാമൻ നിർദ്ദേശിക്കുന്നു.
ജാംബവാനോടും മറ്റു അഞ്ചു പേരോടും കലികാലം വരെ ജീവിച്ചിരിക്കാൻ നിർദ്ദേശിക്കുന്നു.
അതേസമയം, മറ്റുള്ള രാക്ഷസന്മാരേയും വാനരന്മാരേയും തന്നെ അനുഗമിക്കുവാൻ രാമൻ അനുവദിക്കുന്നു.
തുടർന്നു വരുന്നത് അക്ഷരാർത്ഥത്തിൽ, മഹത്തായ മഹാപ്രസ്ഥാനമാണ്.
ഏറ്റവും ഹൃദയസ്പർശിയും സ്തോഭജനകവുമായ ആഖ്യാനമാണ് ഇവിടെ. വേണമെങ്കിൽ, ഒരു സർഗ്ഗം മുഴുവൻ ഉദ്ധരിക്കാവുന്നതാണ്.
നേരിയ വസ്ത്രമുടുത്ത്, കൈവിരലുകളിൽ കുശപ്പുല്ലുകൾ ധരിച്ച്, പരമമായ ബ്രാഹ്മമന്ത്രം ജപിച്ച്, ആരോടും ഒന്നും മിണ്ടാതെ, സൂര്യനെപ്പോലെ ജ്വലിച്ചു കൊണ്ട് രാമൻ ഗൃഹത്തിൽ നിന്നും പുറത്തുകടന്നു. രാമന്റെ വലതുവശത്ത് ശ്രീയും ഇടത്ത് ഭൂമിയും മുന്നിൽ സംഹാരശക്തിയും നിലകൊണ്ടു. വില്ലും ശരങ്ങളും വേദങ്ങളും ഗായത്രിയും ഓങ്കാരവും വഷട്കാരവും മഹർഷിമാരും ദേവന്മാരും എല്ലാ രാമനെ അനുഗമിച്ചു..
ബന്ധുക്കളും ബ്രാഹ്മണരും ഭൃത്യരും അടങ്ങിയ കൊട്ടാരവാസികളായ സകലരും കൊട്ടാരം വിട്ടിറങ്ങി രാമനെ അനുഗമിച്ചു. അവിടെ വന്നെത്തിയ മഹർഷിമാരും മഹീദേവന്മാരും രാക്ഷസന്മാരും വാനരന്മാരും ഋക്ഷന്മാരും അയോദ്ധ്യാവാസികളും എന്തിനേറെ, വാല്മീകിയുടെ തന്നെ വാക്കുകളിൽ, സർവ്വ ചരാചരങ്ങളും രാമനെ അനുഗമിച്ചു.
പണ്ടത്തെപ്പോലെ ഇതു വനയാത്രയല്ല, മറിച്ച്, തിരിച്ചുവരവില്ലാത്ത, ജീവിതത്തിന്റെ അന്ത്യയാത്രയാണ്, പൂർണ്ണബോദ്ധ്യത്തോടെയുള്ള സ്വച്ഛന്ദമൃത്യുവാണ്. ഇവിടെ ഭയമില്ല, ശങ്കയില്ല, ഉൽക്കണ്ഠയില്ല, ദുഃഖമില്ല, നിരാശയില്ല, പരമാത്മാവുമായി ഏകീഭവിക്കുന്നതിലെ പരമാനന്ദം മാത്രം.
ന തത്ര കശ്ചിദ്ദീനോ വാ
വ്രീഡിതോfപി ദുഃഖിത:
ഹൃഷ്ടം പ്രമുദിതം സർവ്വം
ബഭൂവ പരമാത്ഭുതം
അതിൽ ദീനനായോ ദുഖിതനായോ ലജ്ജിതനായോ ആരും തന്നെ ഉണ്ടായിരുന്നില്ല. സർവ്വരും ഹർഷവും മോദവും പൂണ്ട് അത്യാശ്ചര്യഭരിതരായി വിളങ്ങി.
മഹാഭാരതത്തിലെപ്പോലെ, ഇവിടെ പരാജയബോധമില്ല, ശൂന്യതാബോധമില്ല, ഒറ്റപ്പെടലില്ല, വിഷാദമില്ല, വിഫലചിന്തയില്ല, മറിച്ച്, രാക്ഷസനോ വാനരനോ സാധാരണ ജനമോ എന്ന ഭേദമില്ലാതെ, ഒറ്റമനസ്സോടെ, അഭൗമമായ പരമാനന്ദത്തോടെ രാമനോടൊപ്പം അന്ത്യയാത്രയ്ക്കാരുങ്ങുകയാണ്! ദ്വാരക കടലെടുത്തു പോകുമ്പോൾ, ഇവിടെ, അയോദ്ധ്യ ശൂന്യമായി എന്നു വാല്മീകി പറയുന്നു. എന്നാൽ, ഇവിടെ നശ്വരതയുടെ ശൂന്യതയല്ല, മറിച്ച്, ആത്മബോധത്തോടെ പരമാത്മശക്തിയുമായി സ്വയം താദാത്മ്യം പ്രാപിക്കുന്ന അനശ്വരതയുടെ ശൂന്യതയാണ്.
ഇത്രയും അത്യുജ്ജ്വലമായ ഒരു ഉപസംഹാരം ലോകത്ത് മറ്റേതെങ്കിലും കൃതിയിൽ കാണാനാവുമോ?
ചുരുക്കത്തിൽ, ഈ അത്യുജ്ജ്വലമായ ഉപസംഹാരം ഉത്തരകാണ്ഡത്തെ സാർത്ഥകമാക്കുന്നു.