കണ്ണടച്ചിരുട്ടാക്കിയാല്‍ പടുകുഴികളില്‍ വീണുകൊണ്ടേയിരിക്കും .
Search This Blog
Tuesday, September 28, 2010
കടലാസില്ലാത്ത വിദ്യാഭ്യാസം
വര്‍ത്തമാനകാലത്തിന്റെ വരദാനമാണ് കമ്പ്യൂട്ടര്‍. ലോകത്തിലാകെ അഞ്ച് കമ്പ്യൂട്ടറിന്റെ ആവശ്യമേയുള്ളുവെന്ന് ഐ ബി എമ്മിന്റെ തലവനായിരുന്ന തോമസ് ജെ വാട്‌സണ്‍ 1943ല്‍ പ്രസ്താവിച്ചു എന്ന് പറയപ്പെടുന്നത് തെറ്റോ ശരിയോ ആവട്ടെ, ഇന്ന് കമ്പ്യൂട്ടറിന്റെ വിവിധരൂപത്തില്‍ ഒരാള്‍ക്ക് ഒന്നിലധികം എന്നതിനു പുറമെ, ആഗോള കമ്പ്യൂട്ടര്‍ ശൃംലയുടെ ആവിര്‍ഭാവത്തോടെ ഒരാള്‍ക്ക് ഒരു ലക്ഷം എന്ന അവസ്ഥയും നിലനില്‍ക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ മറ്റൊരു മേഖലക്കും അവകാശപ്പെടാനാവാത്ത അത്ഭുതകരമായ വളര്‍ച്ചയാണ് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ നാം കണ്ടത്. അത് ഇന്നും അനുസ്യൂതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ വിവരസംസ്‌കരണശേഷിയും വേഗതയും ഇരട്ടിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം അവയുടെ വലുപ്പവും വിലയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ആശാവഹമായ ഈ പ്രവണത ഏത് സാധാരണക്കാരനും കമ്പ്യൂട്ടര്‍ കയ്യിലൊതുങ്ങുന്നതാക്കുന്നു. വാസ്തവത്തില്‍, മറ്റെല്ലാറ്റിനുമുപരി ആഗോളഗ്രാമം എന്ന സങ്കല്‍പ്പത്തിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കുന്നത് കമ്പ്യൂട്ടറാണ് എന്ന് നിസ്സംശയം പറയാം.
കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ ഈ വളര്‍ച്ച നമ്മുടെ ദൈനംദിന ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാന്‍ സഹായിച്ചുവെങ്കിലും അതിന്റെ അനന്തസാദ്ധ്യതകള്‍ ഇനിയും വളരെയധികം ജനോപകാരപ്രദവും പരിസ്ഥിതിസൗഹൃദപരവുമായ മേലകളില്‍ വിനിയോഗിക്കാനാവും. ഇന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ വിപ്ളവകരമായ മാറ്റം സൃഷ്ടിക്കാവുന്ന ഒരു മേഖലയാണ് കടലാസിന്റെ നിര്‍മ്മാര്‍ജ്ജനം. കടലാസും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം സുവിദിതമാണ്. വനനശീകരണത്തിന്റെ ഇരുപത് ശതമാനവും കടലാസ് നിര്‍മ്മാണത്തിനു വേണ്ടിയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു കിലോ കടലാസുല്‍പ്പാദിപ്പിക്കുന്നതിന് മൂന്നര കിലോ മരം വേണം. അത് മൂന്ന് കിലോ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നു. അതായത്, കടലാസുല്‍പ്പാദനം ഒരേ സമയം പ്രകൃതി വിഭവങ്ങള്‍ ശോഷിപ്പിക്കുകയും അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളി പരിസ്ഥിതി സംതുലിതാവസ്ഥ തകര്‍ക്കുകയും ചെയ്യുന്നു. അതേ സമയം ഇന്ത്യയിലെ മൊത്തം കടലാസുപഭോഗം 2007ലെ കണക്കു പ്രകാരം 70ലക്ഷം ടണ്ണായിരുന്നുവെങ്കില്‍ അത് 2015 ആകുമ്പോഴേക്ക് ഇരട്ടിയാവുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കടലാസ് രഹിത കാര്യാലയങ്ങള്‍ എന്ന ആശയം പുതിയതല്ലെങ്കിലും, ഒരു പക്ഷേ അതിനേക്കാള്‍ ഫലപ്രദമായി ഇത് പ്രാവര്‍ത്തികമാക്കാവുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം.
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം കൊമ്പുകോര്‍ക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ഇവിടെ അവ പരസ്പരം കൈകോര്‍ത്തു പിടിക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്ന, ഏകദേശം 9 ഇഞ്ച് മാത്രം വലുപ്പമുള്ള 'നെറ്റ് ബുക്കുകളും, ലിനക്‌സ്, ഉബുന്റു, ഓപ്പന്‍ ഓഫീസ് എന്നീ സൗജന്യ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ടെക്‌സ്റ്റ് പുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും അപ്പാടെ ഒഴിവാക്കാവുന്നതാണ്. എല്ലാ ടെക്‌സ്റ്റ് പുസ്തകങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കി ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യാം. ഇതിന് അക്ഷയ പോലുള്ള സേവനകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം. (അതല്ലാതെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള എജുസാറ്റ് പോലുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലൊട്ടാകെ വിദ്യാഭ്യാസത്തിനു മാത്രമായി കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കാവുന്നതാണ്. ഇത് പ്രാദേശിക ഭാഷ സംബന്ധമായ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ ഇന്ത്യയിലാകെ ഒരൊറ്റ വിദ്യാഭ്യാസ സംവിധാനവും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ സഹായിക്കും.) കുട്ടികള്‍ക്ക് അവ തമ്മില്‍ തമ്മില്‍ കൈമാറുകയും ചെയ്യാം. കൂടാതെ ഓരോ സ്‌കൂളിനും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും അവ മറ്റു സ്‌കൂളുകളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം സജജീകരിക്കുകയും വേണം. (ഇത് സ്വാഭാവികമായും, വിദ്യാഭ്യാസ മേലയില്‍ കടലാസ് രഹിത കാര്യാലയങ്ങള്‍ എന്ന അവസ്ഥയിലേക്ക് നയിക്കും.) പിന്നെ വേണ്ടത് എല്ലാ കുട്ടികള്‍ക്കും മുമ്പ് പറഞ്ഞതുപോലുള്ള സൗജന്യ സോഫ്റ്റ്‌വെയറോടു കൂടിയ, ചെറിയ, ഭാരം കുറഞ്ഞ നെറ്റ്ബുക്കുകളാണ്. ഇത്രയും വലിയ ഒരു വിപണി തുറക്കപ്പെടുമ്പോള്‍ അവ ഇപ്പോഴത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്നതാണ്. അതിനെ പുറമെ സര്‍ക്കാരില്‍ നിന്നും സബ്‌സിഡിയും നല്‍കണം.
അത്തരം കമ്പ്യൂട്ടറുകളില്‍ വളരെ പ്രധാനമായ ഒരു സവിശേഷതയുണ്ടായിരിക്കണം-ഒപ്റ്റിക്കല്‍ പേനയുപയോഗിച്ച് എഴുതുകയും അത് അതേപടി സൂക്ഷിച്ചുവെക്കാനുമുള്ള സൗകര്യം. അങ്ങനെ ഇലക്ട്രോണിക് കൈപ്പട അല്ലെങ്കില്‍ ഡിജിറ്റല്‍ കൈപ്പട സാര്‍വ്വത്രികവും അംഗീകൃതവുമായ ഒരു സവിശേഷതയായി മാറും. അത്തരം പേനകള്‍ സാധാരണ പേനകള്‍ പോലെ സൗകര്യമായി പിടിച്ചെഴുതാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്യാന്‍ പ്രയാസമുണ്ടാവില്ല. അങ്ങനെയാവുമ്പോള്‍ സാധാരണ കൈപ്പടയും ഡിജിറ്റല്‍ കൈപ്പടയും തമ്മില്‍ അതിന്റെ വ്യക്ത്യാധിഷ്ഠിതവും മനശ്ശാസ്ത്രപരവുമായ എല്ലാ അര്‍ത്ഥതലങ്ങളിലും യാതൊരു വ്യത്യാസവുമുണ്ടായിരിക്കുകയില്ല. ദൈനംദിന പഠന സംബന്ധമായ എല്ലാ പ്രവൃത്തികളും ഈ രീതിയില്‍ നിര്‍വ്വഹിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുകയാണെങ്കില്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ടൈപ്പിങ് വേഗത വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമത നിര്‍ണ്ണയിക്കുന്ന ഘടകമാവുകയില്ല . മാത്രമല്ല, കയ്യെഴുത്ത് എന്ന കഴിവിന് വംശനാശം സംഭവിക്കാതെ നിലനിര്‍ത്താം, പേന മുതലായ എഴുത്തുപകരണങ്ങളോട് വിട പറയേണ്ടി വരുമെങ്കിലും.
ഇവിടെ മറ്റൊരു വന്‍ സാദ്ധ്യത ഒളിഞ്ഞു കിടക്കുന്നു. ഒരോ വിഷയത്തിന്റെ പാഠ്യപദ്ധതിയിലും ധാരാളം അനുയോജ്യമായ ദൃശ്യ ശ്രാവ്യ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഠനം ഒരു ബഹുമാദ്ധ്യമ അനുഭവമാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ലോകോത്തര നിലയിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും. മാത്രമല്ല, പാഠ്യപദ്ധതിയുടെ കാലാനുസൃതമായ പരിഷ്‌കരണത്തിന് ഇന്നത്തെപ്പോലെ എല്ലാ പുസ്തകങ്ങളും മാറ്റി പുതിയ പുസ്തകങ്ങള്‍ അച്ചടിക്കേണ്ട ആവശ്യമില്ല; ആവശ്യമായ മാറ്റങ്ങള്‍ മാത്രം വരുത്തി കമ്പ്യൂട്ടര്‍ ശൃംലയിലൂടെ വിതരണം ചെയ്താല്‍ മാത്രം മതി.
പാഠ്യസംബന്ധമായ എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറില്‍ നേരിട്ട് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ ഒരു കൊച്ചു കമ്പ്യൂട്ടര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇങ്ങനെ കുട്ടികളുടെ ഭാരവും, അവരെ ചുമക്കുന്ന വാഹനങ്ങളുടെ ഭാരവും കുറയും. കടലാസിനായി മുറിക്കുന്ന വൃക്ഷങ്ങളും അവ കൃഷി ചെയ്യുന്ന സ്ഥലവും പ്രകൃതിക്ക് തിരിച്ചു നല്‍കാം. അതേസമയം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിവിധ മേലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
സമീപഭാവിയില്‍ തന്നെ കമ്പ്യൂട്ടറുകള്‍ സൗരോര്‍ജ്ജ ബാറ്ററികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സാങ്കേതികവിദ്യ വികസിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടുകൂടി കമ്പ്യൂട്ടറുകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കും. അതോടൊപ്പം തന്നെ കമ്പ്യൂട്ടറുകളുടെ വയര്‍ലെസ്സ് ശൃംലകള്‍ വര്‍ദ്ധിച്ച തോതില്‍ ഉപയോഗിച്ചു കൊണ്ട് പരീക്ഷകള്‍ നടത്തുകയും ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിക്കുകയും ചെയ്യാം. ഇന്നത്തെ രീതിയില്‍ പുസ്തകങ്ങള്‍ അടുക്കി വെച്ചിട്ടുള്ള ലൈബ്രറികള്‍ ഇപ്പോഴത്തെ മനുസ്‌ക്രിപ്റ്റ് ലൈബ്രറികള്‍ പോലെ ഒരു പുരാവസ്തു സ്ഥാപനമായി മാറുന്ന കാലം അതിവിദൂരമല്ല. പുസ്തകം പോലെ കയ്യില്‍ പിടിച്ച് വായിക്കാന്‍ പാകത്തില്‍ ഇ-ബുക് റീഡര്‍ ഇപ്പോള്‍ത്തന്നെ വിപണിയിലെത്തിക്കഴിഞ്ഞുവെന്ന് ഓര്‍മ്മിക്കുക.
ഇപ്പറഞ്ഞതെല്ലാം ഒറ്റയടിക്ക്, ഒന്നോ രണ്ടോ കൊല്ലങ്ങള്‍ കൊണ്ട് സാധിക്കും എന്ന വ്യാമോഹമൊന്നും നമ്മുടെ വ്യവസ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കുമുണ്ടായിരിക്കുകയില്ല. എങ്കിലും ഇന്ന് നമുക്ക് ലഭ്യമായ വിദ്യാഭ്യാസ വിദഗ്ധരുടേയും കമ്പ്യൂട്ടര്‍ വിദഗ്ധരുടേയും മാനവവിഭവശേഷി ഏകോപിച്ചുകൊണ്ട് പടി പടിയായി, ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാല്‍ സമീപഭാവിയില്‍ത്തന്നെ ലക്ഷ്യം കൈവരിക്കാനാവുമെന്നതില്‍ യാതൊരു സംശയവുമില്ല. അത് വര്‍ത്തമാനകാലമുയര്‍ത്തുന്ന വെല്ലുവിളിയായ ഒരു നവഭാരതസൃഷ്ടിയിലേക്കുള്ള ഉറച്ച കാല്‍വെപ്പായിരിക്കും.
25/7/2009 പരമേശ്വരന്‍
Monday, September 13, 2010
വേറിട്ടുപോയ സംഗതികള്‍
കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ ഇക്കൊല്ലത്തെ 'മാന്-ബുക്കര്‍ പ്രൈസ്', വൈകിവന്ന വിവേകം പോലെ, 1958ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്‌ത നൈജീരിയന്‍ നോവലിസ്റ്റായ ചിനുവ അചെബെ(Chinua Achebe)യുടെ ആദ്യനോവലായ 'തിങ്ങ്സ് ഫാള്‍ അപ്പാര്ട്'(Things Fall Apart) എന്ന കൃതിക്ക് ലഭിച്ചു.
കാലത്തിന്റെ കുത്തൊഴുക്കില്‍ , വെള്ളക്കാരന്റെ കുതിക്കുന്ന കാലടികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന്, ഒരു പ്രാചീന ഗോത്രസമൂഹത്തിന് സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്പൃക്കായ കഥ പറയുന്നു ഈ നോവല്‍ .മതത്തെ കരുവാക്കി അതിന്റെ നിഴലില്‍ തന്ത്രപരമായി മുന്നേറി പ്രാദേശിക ജനസമൂഹങ്ങളെ അസ്‌തപ്രജ്ഞരാക്കി അധികാരവും രാജ്യവും കയ്യടക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വ ശക്തിക്കെതിരായി സ്വന്തം സ്വത്വവും ശബ്ദവും നഷടപ്പെട്ട, നിസ്സഹായരായ ജനസമൂഹം നടത്തുന്ന, പരാജയം വിധിക്കപ്പെട്ട ചെറുത്തുനില്പിന്റെ കഥകൂടിയാണ് ഇത്.
ചരിത്രത്തിന്റെ സവിശേഷമായ ഒരു ദശാസന്ധിയില്‍ നിലയുറപ്പിച്ചുകൊണ്ട്, സമൂഹത്തിന്റെ പ്രതിനിധിയായ നായകന്റെ വ്യക്തിദുരന്തങ്ങളിലൂടെ വെള്ളക്കാരന്റെ കടന്നുകയറ്റവും അതിന് അവരെ അനുവദിച്ച ഗോത്രത്തിന്റെ ദൌര്‍ബ്ബല്യങ്ങളും കാലത്തിന്റെ പ്രതികൂലാവസ്ഥയും സമൂഹത്തിനേല്‍പ്പിക്കുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും നോവലിസ്റ്റ് അനുഭാവപൂര്‍വ്വം വരച്ചുകാട്ടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്, വിവിധരൂപത്തില്‍ അരങ്ങേറിയ യൂറോപ്പ്യന്‍ സാമ്രാജ്യത്വ അധിനിവേശത്തിനടിപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടേയും കഥയാണ് ഇത്.
ഒകോങ്ക്വൊ മഹാമല്ലനും യുദ്ധവീരനുമാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ അയാള്‍ 'പൂച്ച' എന്ന ഓമനപ്പേരിലറിയുന്ന അജയ്യനായ അമലിന്‍സെയെ മലര്‍ത്തിയടിച്ചു. അങ്ങനെ അയാളുടെ ഖ്യാതി ഉമ്വോഫിയയിലെ ഒമ്പതു ഗ്രാമങ്ങള്‍ക്കുമപ്പുറം വ്യാപിച്ചു.
എല്ലാം സ്വന്തം കഠിനാദ്ധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഒകോങ്ക്വൊ നേടിയെടുത്തത്. പിതൃസ്വത്തായി അയാള്ക്ക് ഒന്നും ലഭിച്ചില്ല. അയാളുടെ അച്ഛന്‍ ഉനോക മദ്യത്തിലും ഓടക്കുഴല്‍ വായനയിലും മുഴുകി അലസമായി ജീവിതം കഴിച്ചുകൂട്ടി. എല്ലാവരില്‍ നിന്നും അയാള്‍ ഇഷ്ടം പോലെ കടം വാരിക്കൂട്ടി. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ ഒന്നും അയാള്ക്ക് ലഭിച്ചില്ല. ഇത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്. ദേഹത്ത് നീര് വന്ന മരിച്ച അദ്ദേഹത്തിന് മാന്യമായ ശവമടക്കല്‍ പോലും ലഭിച്ചില്ല. കുടുംബസ്വത്തായി ഒകോങ്ക്വൊയ്ക്ക് ലഭിച്ചത് അച്ഛന്റെ കടങ്ങള്‍ മാത്രമായിരുന്നു.
ഇതൊന്നും പക്ഷെ ഒകോങ്ക്വൊയെ തളര്‍ത്തിയില്ല. നാട്ടിലെ ഒരു സമ്പന്നന്റെ കീഴില്‍ കൃഷിപ്പണി ചെയ്‌ത് അതുകൊണ്ടുള്ള വരുമാനം കൊണ്ട് അയാള്‍ കൃഷിസ്ഥലവും കിഴങ്ങുവിത്തുകളുമെല്ലാം സമ്പാദിച്ചു. ക്രമേണ കടങ്ങളെല്ലാം വീട്ടുകയും പുരയിടങ്ങളും കളങ്ങളും സ്വന്തമാക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഗോത്രത്തിലെ മൂന്ന് ഉന്നതപദവികളും കരസ്ഥമാക്കി. തന്റെ സമ്പത്ത് വിളിച്ചോതുന്ന തരത്തില്‍ അയാള്‍ മൂന്ന് വിവാഹം കഴിക്കുകയും മൂന്നുപേര്‍ക്കും നാട്ടുനടപ്പ് പ്രകാരം പ്രത്യേകം കുടിലുകള്‍ പണിയുകയും ചെയ്‌തു. അങ്ങനെ അയാള്‍ നാട്ടിലെ ഏറ്റവും സമ്പന്നരായ പ്രമാണികളിലൊരാളായി മാറി. സമൂഹം ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുകയും എല്ലാ പ്രശ്നങ്ങളിലും അവസാനതീര്‍പ്പു കല്പിക്കുകയും ചെയ്യുന്ന, പാതാളത്തില്‍ നിന്നും വരുന്ന പിതൃക്കളുടെ പ്രതിരൂപങ്ങളായ പൊയ്മുഖം വെച്ച എഗ്വുഗ്വുക്കളുടെ നിരയിലും അയാളുണ്ട്.
അയല്‍ഗോത്രമായ മ്ബൈനൊയുമായുള്ള സംഘര്‍ഷം ഒരു കന്യകയേയും ആണ്‍കുട്ടിയേയും പിഴയായി ഉമ്വോഫിയയ്ക്ക് നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പായപ്പോള്‍ ഉമ്വോഫിയയുടെ പ്രതിനിധിയായി അവിടെച്ചെന്ന് അവരെ ഏറ്റുവാങ്ങിയതും ഒകോങ്ക്വൊ ആയിരുന്നു. ഇകെമെഫുന എന്നു പേരായ ആണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ഗോത്രം തത്ക്കാലം ഒകോങ്ക്വൊയെ ഏല്‍പ്പിക്കുകയാണുണ്ടായത്. അവന്‍ അയാളുടെ കുടുംബത്തിലെ ഒരംഗം പോലെ വളര്‍ന്നു. അയാളുടെ ആദ്യഭാര്യയിലെ മകനായ ന്വോയെയുടെ ഉറ്റചങ്ങാതിയായി മാറി അവന്.
പൌരുഷത്തിന്റെ പ്രതിരൂപമായി അയാള്‍ സ്വയം വീക്ഷിച്ചു. എല്ലാവിധ ദൌര്‍ബ്ബല്യങ്ങളേയും അയാള്‍ വെറുത്തു. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തം അയാളുടെ അച്ഛന്‍ തന്നെയായിരുന്നു. താന്‍ അച്ഛനെപ്പോലെയാവുമോ എന്ന ഭയം അയാളെ നിരന്തരം വേട്ടയാടി. എല്ലാ സൌമ്യഭാവങ്ങളും അയാള്‍ അമര്‍ത്തിവെച്ചു. ഉരുക്കുമുഷ്ടിയോടെ കുടുംബഭരണം നടത്തുന്ന അയാളെ കുടുംബാംഗങ്ങള്‍ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
പ്രവചനദൈവത്തിന്റെ കല്‍പ്പനയനുസരിച്ച് പിഴയായി ലഭിച്ച ഇകെമെഫുനയെ കൊല്ലണമെന്ന് ഗോത്രകാരണവന്മാര്‍ തീരുമാനിച്ചു. നല്ല കാര്യപ്രാപ്‌തിയും തന്റേടവും പ്രകടിപ്പിച്ച അവന്‍ ഒകോങ്ക്വൊയുടെ പ്രത്യേക പ്രീതി സമ്പാദിച്ചിരുന്നു. പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഒകോങ്ക്വൊയ്ക്ക് സ്വന്തം മകനേക്കാള്‍ പ്രിയം അവനോടായിരുന്നു. ഒകോങ്ക്വൊയെ അവന്‍ 'അച്ഛാ എന്നാണ് വിളിച്ചിരുന്നത്.
ഈ തീരുമാനമറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയവരിലൊരാളായ എസ്യുഡു, ഇകെമെഫുനയുടെ മരണത്തില്‍ ഒരു പങ്കും വഹിക്കരുതെന്ന് ഒകോങ്ക്വൊയെ ഉപദേശിച്ചു. കാരണം അവന്‍ അയാളെ 'അച്ഛാ' എന്നാണല്ലോ വിളിക്കുന്നത്.
എന്നിട്ടും ആ ദൌത്യം നിര്‍വ്വഹിക്കാന്‍ മറ്റുള്ളവരോടൊപ്പം ഒകോങ്ക്വൊയും പോയി. മാറിനില്‍ക്കുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു അയാളുടെ മതം. രാത്രി വനത്തില്‍ കൊണ്ടുപോയി, അവിടെ വെച്ചാണ് കൃത്യം നിര്‍വ്വഹിക്കേണ്ടത്. തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു അവനെ ധരിപ്പിച്ചിരുന്നത്. ഒരു കള്ളിന്‍കുടം തലയിലേറ്റിയായിരുന്നു അവന്‍ നടന്നിരുന്നത്. ഇരുട്ടില്‍ വാളിന്റെ ശബ്ദവും കുടം തകര്‍ന്നുവീഴുന്നതും സംഘത്തിന്റെ പിന്നില്‍ നടന്നിരുന്ന ഒകോങ്ക്വൊ കേട്ടു. പെട്ടെന്ന് ഇകെമെഫുന, 'അച്ഛാ, ഇവരെന്നെ കൊല്ലുന്നു' എന്നു നിലവിളിച്ചുകൊണ്ട് ഒകോങ്ക്വൊയുടെ അടുത്തേക്ക് ഓടിയണഞ്ഞു. ഒകോങ്ക്വൊ ഉടന്‍ തന്റെ വാള്‍ ഊരിയെടുത്ത് അവനെ വെട്ടിക്കൊന്നു. ഒരു ഭീരുവാകാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. നോവലിലെ ഏറ്റവും ഹൃദയാവര്‍ജജകമായ രംഗമാണ് ഇത്.
ഗൂഢമായാണ് ഈ വധം ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും അവന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും ഊഹിച്ചു. ഒകോങ്ക്വൊയടക്കം അയാളുടെ കുടുംബത്തെയാകെ അത് ദു:ഖത്തിലാഴ്ത്തി. രണ്ടു ദിവസം മുഴുവന്‍ ഒകോങ്ക്വൊ ഭക്ഷണമൊന്നും കഴിച്ചില്ല. മകന്‍ ന്വോയെ ഒരിക്കലും അയാള്ക്ക് മാപ്പ് കൊടുത്തില്ല.
ഗോത്രവ്യവസ്ഥിതിയുമായി അങ്ങേയറ്റം ഇഴുകിച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു ഒകോങ്ക്വൊ. അതിന്റെ എല്ലാ ആചാരനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും സ്വപ്രയത്നം കൊണ്ട് അതിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും, അങ്ങനെ, ഒന്നുമില്ലായ്മയില്‍ നിന്ന് അയാള്‍ ഗോത്രത്തിലെ ഉന്നതശ്രേണിയിലേക്കുയരുകയും ചെയ്‌തു. അസാമാന്യമായ കായികശക്തികൊണ്ടും യുദ്ധവീര്യം കൊണ്ടും അയാള്‍ ഗോത്രത്തിന്റെ അഭിമാനമുയര്‍ത്തി. ഗോത്രത്തില്‍ ആകെയുള്ള നാലു പദവികളില്‍ മൂന്നും അയാള്‍ നിഷ്പ്രയാസം കരസ്ഥമാക്കി. അപൂര്‍വ്വത്തിലപൂര്‍വ്വമായ നാലാമത്തെ പദവിയും ലക്ഷ്യം വെച്ചുകൊണ്ട് മുന്നേറുകയായിരുന്നു അയാള്‍ . അതുകൂടി സമ്പാദിച്ചാല്‍ അയാള്‍ പരമോന്നത ബഹുമതിയായ 'ഗോത്രത്തിന്റെ തമ്പുരാനാ'യി മാറും.
എന്നാല്‍ , കാലം കാത്തുനിന്നില്ല.
ഗോത്രത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാരിലൊരാളായ, ഇകെമെഫുനയുടെ മരണത്തില്‍ ഒരു പങ്കും വഹിക്കരുതെന്ന് ഒകോങ്ക്വൊയെ ഉപദേശിച്ച, എസ്യുഡു മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ശവസമ്സ്കാരച്ചടങ്ങ് ഗംഭീരമായാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ ആചാരവെടികള്‍ മുഴങ്ങി. പെട്ടെന്ന് ഒരു ആര്‍ത്തനാദമുയര്‍ന്നു. ഒകോങ്ക്വൊയുടെ തോക്ക് പൊട്ടിത്തെറിച്ച് അതിന്റെ ചീള്‍ ഹൃദയത്തില്‍ തുളച്ചുകയറി, അന്തരിച്ച എസ്യുഡുവിന്റെ 16വയസ്സുകാരനായ മകന്‍ മരിച്ചുവീണു. ആഘോഷങ്ങളെല്ലാം കെട്ടടങ്ങി. സ്വന്തം ഗോത്രത്തിലെ ഒരാളെ കൊല്ലുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. അത് ചെയ്‌ത ആള്‍ എന്നെന്നേയ്ക്കുമായി നാടുകടത്തപ്പെടും . എന്നാല്‍ , ഇത് അബദ്ധത്തില്‍ പിണഞ്ഞ കുറ്റമായതിനാല്‍ ഏഴുകൊല്ലം കഴിഞ്ഞാല്‍ തിരിച്ചുവരാം.
അന്നേദിവസം തന്നെ ഒകോങ്ക്വൊയും കുടുംബവും കൂടെ കൊണ്ടുപോകാവുന്ന സാധനങ്ങളെല്ലാമായി മ്ബാന്റയിലെ തന്റെ അമ്മയുടെ വീട്ടിലേക്ക് തിരിച്ചു. അയാള്‍ പോയി അധികം താമസിയാതെ തന്നെ നാട്ടുനടപ്പനുസരിച്ച് അയാളുടെ അവശേഷിക്കുന്ന വസ്‌തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു.
ഈ സംഭവം ഒകോങ്ക്വൊയ്ക്ക് അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. അമ്മയുടെ വീട്ടുകാര്‍ അയാളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചുവെങ്കിലും ഓര്‍ക്കാപ്പുറത്തുകിട്ടിയ ഈ പ്രഹരം അയാള്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. എങ്കിലും, സാവധാനം അയാള്‍ അതും മറികടന്നു. അമ്മാമനായ ഉചേന്ദുവിന്റേയും മറ്റു ബന്ധുക്കളുടേയും സഹായസഹകരണങ്ങളോടെ അയാള്‍ ഒരിക്കല്‍ കൂടി അതിജീവനത്തിന്റെ പാതയില്‍ മുന്നോട്ടുപോയി. അവര്‍ നല്‍കിയ കൃഷിസ്ഥലവും വിത്തുമെല്ലാം ഉപയോഗിച്ച് കഠിനാദ്ധ്വാനത്തിലേക്ക് മടങ്ങുകയും പുതിയ സാഹചര്യത്തില്‍ , നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള യത്നത്തില്‍ മുഴുകുകയും ചെയ്‌തു. അതില്‍ അയാള്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്‌തു.
എന്നാല്‍ കാലത്തിന്റെ കുതിപ്പ് മറ്റൊരു ദിശയിലായിരുന്നു.
അയല്‍ഗ്രാമങ്ങളില്‍ പലതിലും കൃസ്‌ത്യന്‍ മിഷനറി പ്രവര്‍ത്തനം തകൃതിയായി നടന്നിരുന്നു. അവര്‍ മ്ബാന്റയിലുമെത്തി, പള്ളി പണിയാന്‍ അല്‍പ്പം സ്ഥലം ചോദിച്ചുകൊണ്ട്. നിരന്തരപരിശ്രമത്തിനു ശേഷമാണ് അവര്‍ക്ക് ഗോത്രകാരണവന്മാരെ കാണാനും അവരുടെ ആവശ്യമുന്നയിക്കാനും കഴിഞ്ഞത്. കാരണവന്മാരുടെ സഭയില്‍ ആദ്യം ആര്‍ക്കും സമ്മതമായിരുന്നില്ലെങ്കിലും ഉചേന്ദുവിന്റെ രസകരമായ യുക്തി കേട്ടപ്പോള്‍ എല്ലാവരും സമ്മതിച്ചു. ദുര്‍ഭൂതങ്ങളുടെ ആവാസഭൂമിയാണ് ദുര്‍വ്വനം . കുഷ്ഠം, വസൂരി മുതലായ നികൃഷ്ടമായ അസുങ്ങള്‍ ബാധിച്ചു മരിച്ചവരേയും, ശിക്ഷിക്കപ്പെട്ടു മരിച്ചവരേയും എല്ലാം ശേഷക്രിയകളൊന്നും ചെയ്യാതെ അവിടെ കൊണ്ടുപോയി തള്ളുകയാണ് പതിവ്. ആഭിചാരക്രിയകളുടെ മരുന്നിന്റെ അവശിഷ്ടങ്ങള്‍ അവിടെയാണ് നിക്ഷേപിക്കുന്നത്. ഗതികിട്ടാപ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ് ദുര്‍വ്വനം. അവിടെ ആര്‍ക്കും അധികനാള്‍ ജീവിക്കാനാവുകയില്ല. അതുകൊണ്ട് മിഷനറിമാര്ക്ക് പള്ളി പണിയാന്‍ അവിടെ സ്ഥലം കൊടുത്താല്‍ ഏതാനും ദിവസങ്ങള്‍ക്കകം എല്ലാവരും ചത്തൊടുങ്ങും. ഇതായിരുന്നു ഉചേന്ദുവിന്റെ ന്യായം. ഇത് എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.
മിഷനറിമാര്‍ ഒട്ടും വൈകാതെ അതിഭീകരമെന്നു കരുതപ്പെട്ടിരുന്ന ദുര്‍വ്വനത്തില്‍ കാട് വെട്ടിത്തെളിയിച്ച് പള്ളി പണിയാന്‍ തുടങ്ങി. ദിവസങ്ങള്‍ പലതും കടന്നുപോയിട്ടും കൃസ്‌ത്യാനികള്‍ക്കും പള്ളിക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, അവരുടെ പ്രവര്‍ത്തനം തകൃതിയായി മുന്നോട്ട് പോവുകയും ചെയ്‌തു.
ഇതൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ ഗോത്രവ്യവസ്ഥിതിയുടെ നെടുംതൂണുകളായ വിശ്വാസപ്രമാണങ്ങള്‍ ഓരോന്നായി തകര്‍ന്നുവീഴാന്‍ തുടങ്ങി. ഒരു ഗോത്രമെന്ന നിലയിലുള്ള സമൂഹത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. സമൂഹത്തില്‍ അവശതയനുഭവിക്കുകയും ഭ്രഷ്‌ടരാക്കപ്പെടുകയും ചെയ്‌തവരെല്ലാം പുതിയ മതത്തിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്തി മതം മാറ്റം നടത്തിക്കൊണ്ടിരുന്നു. കൃസ്‌ത്യന്‍ മതമാവട്ടെ, സന്തോഷപൂര്‍വ്വം അവരെ സ്വീകരിക്കുകയും അവര്ക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാന്‍ സഹായകമായ ഉറച്ച പിന്തുണ നല്‍കുകയും ചെയ്‌തു. മാത്രമല്ല, പുതിയ മതം യാതൊരു വിവേചനവുമില്ലാതെ അവരോടൊപ്പം സഹവസിക്കാന്‍ അനുവദിക്കുകയും ചെയ്‌തു. സ്വാഭാവികമായും മതം മാറ്റങ്ങള്‍ കൂടിക്കൂടി വന്നു. പഴയ ഗോത്രവ്യവസ്ഥിതി അന്തം വിട്ടു നിന്നു.
അങ്ങനെയിരിക്കെയാണ് കൃസ്‌ത്യാനികളുടെ കൂട്ടത്തില്‍ ന്വോയെയെ കണ്ടുവെന്ന് ഒരു ബന്ധു ഒകോങ്ക്വൊയെ അറിയിച്ചത്. കോപാന്ധനായ ഒകോങ്ക്വൊ ന്വോയെ വീട്ടിലെത്തിയപ്പോള്‍ ആക്രോശിച്ചുകൊണ്ട് അവനെ കടന്നുപിടിച്ച് ഒരു വലിയ വടികൊണ്ട് അടിക്കാന്‍ തുടങ്ങി. തക്കസമയത്ത് ഉചേന്ദു ഇടപെട്ടതുകൊണ്ട് അവന്‍ രക്ഷപ്പെട്ടു. അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ന്വോയെ ഒരിക്കലും തിരിച്ചുവന്നില്ല.
പുതിയ മതത്തോടൊപ്പം സംഘര്‍ഷങ്ങളും വന്നു. ഗോത്രവിശ്വാസങ്ങളെ നിന്ദിച്ച് സംസാരിച്ച മതം മാറ്റക്കാരെ ഗോത്രവര്‍ഗ്ഗക്കാര്‍ പൊതിരെ തല്ലി. ഗോത്രക്കാരുടെ വിശുദ്ധ പെരുമ്പാമ്പിനെ പുത്തന്‍ മതക്കാരിലൊരാള്‍ കൊന്നു. ഗോത്രക്കാര്‍ മതം മാറിയവരെ ഭ്രഷ്ടരാക്കി. അബാമെയില്‍ സൈക്കിളില്‍ വന്ന ഒരു വെള്ളക്കാരനെ, ഇരുമ്പ് കുതിരയില്‍ വന്ന ആള്‍ ഗോത്രത്തിന് നാശം വരുത്തുമെന്ന പ്രവചനമനുസരിച്ച്, ഗോത്രക്കാര്‍ കൊന്ന് സൈക്കിള്‍ പിടിച്ചുവെച്ചു. ആഴ്ച്ചകള്‍ക്കുശേഷം തിങ്ങിനിറഞ്ഞ ചന്ത വെള്ളക്കാരും അനുയായികളും വളയുകയും മുഴുവന്‍ ഗ്രാമവാസികളേയും വെടിവെച്ചുകൊല്ലുകയും ചെയ്‌തു. ചന്തയില്‍ പോകാതെ ശേഷിച്ച ഏതാനും പേര്‍ അയല്‍ഗ്രാമങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. അങ്ങനെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.
ഉമ്വോഫിയയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏഴുകൊല്ലത്തെ നാടുകടത്തലിനു ശേഷം ഒകോങ്ക്വൊ ഉമ്വോഫിയയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും
അവിടെ പള്ളി മാത്രമല്ല, വെള്ളക്കാരന്റെ കോടതിയും നിലവില്‍ വന്നിരുന്നു. അവിടെ, ഗോത്രസമ്സ്കാരത്തെപ്പറ്റി ഒന്നുമറിയാത്ത ജില്ലാകമ്മീഷണര്‍ വെള്ളക്കാരന്റെ നിയമമനുസരിച്ച് കുറ്റകൃത്യങ്ങള്ക്ക് ശിക്ഷ വിധിച്ചു. കൃസ്‌ത്യാനികളെ ദ്രോഹിച്ചവരെയെല്ലാം തുറുങ്കിലടച്ചു. ദൂരഗ്രാമങ്ങളില്‍ നിന്നു വന്ന 'കോട്മ'കള്‍ എന്നു വിളിച്ചിരുന്ന കോടതി ദൂതന്മാര്‍ പോലീസുകാരെപ്പോലെ പ്രവര്‍ത്തിച്ചു. കുറ്റവാളികളെ പിടിക്കാനും മര്‍ദ്ദിക്കാനും ആരംഭിച്ചു. അവര്‍ വേട്ടാനായ്ക്കളെപ്പോലെ നാട്ടില്‍ ചുറ്റിനടന്നു. പള്ളിയും കോടതിയും പരസ്പരധാരണയോടെ മുന്നോട്ടുപോയി. ഗോത്രക്കാരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്ന് മിഷനറി പ്രസംഗിച്ചു നടന്നു. അപ്പോഴേയ്ക്കും അനേകം പേര്‍ മതം മാറിക്കഴിഞ്ഞിരുന്നു. അവരും ഗോത്ര വിശ്വാസങ്ങളെ തള്ളിപ്പറയാന്‍ തുടങ്ങി.
അല്‍പ്പം മിതവാദിയായ പാതിരി മി.ബ്രൌണ്‍ മാറി ജയിമ്സ് സ്മിത്ത് വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
ഭൂമിദേവിയുടെ ദിനം പ്രമാണിച്ചുള്ള ചടങ്ങുകള്ക്ക് പിതൃക്കളുടെ ആത്മാക്കളായ എഗ്വുഗ്വുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ കൃസ്‌ത്യന്‍ സ്‌ത്രീകള്ക്ക് പള്ളിയില്‍ നിന്ന് തിരിച്ചുപോകാന്‍ തടസ്സമായി. ഒത്തുതീര്‍പ്പ് പ്രകാരം എഗ്വുഗ്വുക്കള്‍ അല്പനേരത്തേയ്ക്ക് പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും മതം മാറിയവരില്‍ ഒരാളായ എനോക് എഗ്വുഗ്വുക്കളിലൊരാളുടെ മുംമൂടി എടുത്തുമാറ്റി. ഇത് അങ്ങേയറ്റത്തെ പാതകമായാണ് ഗോത്രക്കാര്‍ കണക്കാക്കുന്നത്. പിതൃക്കളുടെ ആത്മാവിനെ കൊല്ലുന്നപോലെയാണ് ഇത്.
പിറ്റേ ദിവസം എഗ്വുഗുക്കളെല്ലാം ഒത്തുകൂടുകയും രോഷാകുലരായ അവര്‍ എനൊകിന്റെ പുരയിടത്തിലേക്ക് കുതിക്കുകയും വീട് പൊളിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്‌തു. അരിശം തീരാതെ അവര്‍ പള്ളിക്കു നേരെ തിരിഞ്ഞു. മി. സ്മിത് അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അല്പസമയത്തിനുള്ളില്‍ പള്ളി മണ്ണും ചാരവും ചേര്‍ന്ന ഒരു കൂമ്പാരമായി മാറി.
രണ്ടു ദിവസം കഴിഞ്ഞ്, ഔദ്യോഗിക സന്ദര്‍ശനത്തിന് പോയിരുന്ന ജില്ലാ കമ്മീഷണര്‍ തിരിച്ചെത്തിയപ്പോള്‍ മി. സ്മിത്തില്‍ നിന്നും വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കി. അദ്ദേഹം ഉമ്വോഫിയയിലെ ഏറ്റവും തലമൂത്ത ആറു നേതാക്കന്മാരെ ചര്‍ച്ചക്ക് ക്ഷണിച്ചു. ഒകോങ്ക്വൊയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചര്‍ച്ചയാരംഭിക്കുന്നതിനു തൊട്ടുമുമ്പ് തീര്‍ത്തും അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ കമ്മീഷണറുടെ അനുചരന്മാര്‍ ആറുപേരേയും ബന്ധനസ്ഥരാക്കി. ആറുപേരും ആയുധധാരികളായാണ് വന്നിരുന്നതെങ്കിലും അവര്ക്ക് അവയെടുക്കാനുള്ള സാവകാശം കിട്ടിയില്ല. ആറുപേരേയും തുറുങ്കിലടക്കുകയും മുഖ്യകോടതിദൂതന്റെ നേതൃത്വത്തില്‍ അവരുടെ തല മുണ്ഡനം ചെയ്യുകയും പൊതിരെ മര്‍ദ്ദിക്കുകയും ചെയ്‌തു. നാലു ദിവസത്തിനു ശേഷം നാട്ടുകാരില്‍ നിന്നും ഇരുനൂറ്റമ്പത് ചാക്ക് കവിടി നാണയങ്ങള്‍ പിരിച്ചെടുത്ത് പിഴയടച്ചപ്പോള്‍ അവരെ വെറുതെ വിട്ടു.
ഭാവിനടപടികളാലോചിക്കുവാനായി ഗോത്രം മുഴുവന്‍ മൈതാനത്ത് ഒത്തുകൂടി. പ്രസംഗങ്ങള്‍ നടക്കുന്നതിനിടക്ക് മുഖ്യകോടതി ദൂതന്റെ നേതൃത്വത്തില്‍ അഞ്ചുപേര്‍ അവിടെയെത്തി.മുഖ്യകോടതിദൂതനെ കണ്ടയുടന്‍ ഒകോങ്ക്വൊ ചാടിയെഴുന്നേറ്റ് അയാളെ നേരിട്ടു. യോഗം ഉടന്‍ അവസാനിപ്പിക്കണമെന്ന് അയാള്‍ പറഞ്ഞ ഉടന്‍ ഒകോങ്ക്വൊ അയാളെ വെട്ടി തുണ്ടമാക്കി. പൊന്തക്കാട്ടില്‍ ഒളിഞ്ഞുനിന്നിരുന്ന സംഘം പുറത്തുചാടുകയും പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്‌തു. ചെറുത്തുനിന്ന് പൊരുതുന്നതിനു പകരം ജനം ചിന്നിച്ചിതറി. ചിലര്‍ ഒകോങ്ക്വൊയെ പഴിക്കുന്നുമുണ്ടായിരുന്നു. താന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഒകോങ്ക്വൊക്ക് ബോദ്ധ്യമായി. അയാള്‍ വാള്‍ താഴെയിട്ട് അവിടം വിട്ടു.
ഒകോങ്ക്വൊയെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയ ജില്ലാകമ്മീഷണര്‍ കണ്ടത് അയാളുടെ വീടിനു പിന്നില്‍ ഒരു മരത്തില്‍ തൂങ്ങിനില്‍ക്കുന്ന ഒകോങ്ക്വൊയുടെ ജഡമാണ്.
ഒരു ഉത്തരാധുനിക സമാപ്‌തിപോലെ, താന്‍ എഴുതാന്‍ പോകുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഈ സംഭവങ്ങള്‍ എങ്ങനെ പ്രതിപാദിക്കണമെന്നാലോചിച്ചുകൊണ്ട് കോടതിയിലേക്ക് നടക്കുന്ന ജില്ലാകമ്മീഷണറെ വിവരിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.
സ്ഥലം , കാലം , ഭാഷ, സംസ്കാരം എന്നിവയുടെ വ്യത്യസ്ഥമായ സവിശേഷതകളുയര്‍ത്തുന്ന പരിമിതികള്‍ തികച്ചും അന്യ ഭാഷയായ ഇംഗ്ളീഷിലൂടെ, അതും തന്റെ ആദ്യ കൃതിയില്‍ , കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യമായ കൈത്തഴക്കമാണ് ശ്രീ ചിനുവ അചെബെ ഈ നോവലില്‍ പ്രകടിപ്പിക്കുന്നത്. ഒരു മുദ്രാവാക്യത്തിന്റെ അതിഭാവുകത്തിലേക്ക് വഴുതിവീഴാന്‍ എല്ലാ സാദ്ധ്യതകളുമുള്ള ഇതിവൃത്തത്തെ കൃതഹസ്‌തനായ ഒരു എഴുത്തുകാരന്റെ അച്ചടക്കത്തോടുകൂടി സമീപിക്കുകയും അതിന്റെ സന്ദേശം അതിശക്തമായി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതില്‍ നോവലിസ്റ്റ് സ്‌തുത്യര്‍ഹമായ വിജയം കൈവരിച്ചിരിക്കുന്നു. നോവലിലുടനീളം അന്തര്‍ലീനമായി നിലനില്‍ക്കുന്ന നര്‍മ്മബോധവും നിസ്സംഗമായ യാഥാര്‍ത്ഥ്യബോധവും ഈ കൃതിയെ വ്യത്യസ്ഥമായ ഒരു വായനാനുഭവമാക്കിമാറ്റുന്നു.
ചിനുവ അചെബെ: പ്രസിദ്ധ നൈജീരിയന്‍ നോവലിസ്റ്റായ ചിനുവ അച്ചെബെ 1930ല്‍ കിഴക്കന്‍ നൈജീരിയയില്‍ ഒഗിഡി എന്ന ഗ്രാമത്തില്‍ ഒരു കൃസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ചു. ഗ്രാമത്തിലെ മിഷന്‍ സ്കൂളിലും ഉമ്വാഹിയ ഗവ. കോളേജിലും ഇബദന്‍ സര്‍വ്വകലാശാല കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം കുറച്ചുകാലം നൈജീരിയന്‍ ബ്രോഡ്കാസറ്റിങ് സര്‍വ്വീസില്‍ ജോലി നോക്കിയതിനു ശേഷം 1967ല്‍ നൈജീരിയ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ്, കണക്റ്റികട്ട്, ബാര്ഡ്, സര്‍വ്വകലാശാലകളിലും അദ്ദേഹം അദ്ധ്യാപകനായിരുന്നു.
കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ ചെറുകഥകള്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ അച്ചെബെയുടെ ആദ്യനോവലാണ് Things Fall Apart(1958) അതിന് തുടര്‍ച്ചയായി No Longer at Ease(1960)ഉം 1964 ല്‍ Arrow of God ഉം പ്രസിദ്ധീകരിച്ചു. ക്ക പ്പന്റ A Man of the People(1966) Anthills of Savannah തുടങ്ങിനോവലുകള്‍ , ചെറുകഥകള്‍ , കവിതകള്‍ , ലേനങ്ങള്‍ എന്നിങ്ങനെ നിരവധി കൃതികള്‍ ചിനുവ അച്ചെബെയുടെ വകയായിട്ടുണ്ട്.
നൈജീരിയ, ബ്രിട്ടന്‍ , യു.എസ്.എ, കനഡ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇരുപതോളം ഓണററി ഡോക്ടറേറ്റുകളടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1987ല്‍ നൈജീരിയയിലെ പരമോന്നത ബഹുമതിയായ നൈജീരിയന്‍ നാഷണല്‍ മെറിറ്റ് അവാര്‍ഡിന്നര്‍ഹനായി.
സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ആഫ്രിക്കന്‍ റൈറ്റേര്‍സ് സീരീസ് എന്ന പദ്ധതിയുടെ ആദ്യകാല എഡിറ്റര്‍ എന്ന നിലയില്‍ മറ്റ് ആഫ്രിക്കന്‍ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിലും ശ്രീ ചിനുവ അച്ചെബെ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
16/7/2007 പരമേശ്വരന്‍ കെ. വി.
21 ജൂലായ് 07 ന് കുവൈറ്റ് ടൈംസില്‍ പ്രസിദ്ധീകരിച്ചു.
Monday, July 26, 2010
ചില ഭൗമദിന ദുശ്ച്ചിന്തകള്‍
ചില ഭൗമദിന ദുശ്ച്ചിന്തകള്‍
ഏപ്രില്‍ 22. മറ്റൊരു ഭൗമദിനം. 1970ല്‍ അമേരിക്കന്‍ സെനറ്റര്‍ ഗെലോഡ് നെല്‍സന്‍ തുടങ്ങിവെച്ച, പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ ദിനം മറ്റനേകം ദിനങ്ങള്‍ പോലെ, അല്പം പ്രചരണ കോലാഹലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, എന്തെങ്കിലും കാതലായ മാറ്റം സൃഷ്ടിച്ചിട്ടുണ്ടോ?
നമുക്ക് ഈ ഭൂമി മാത്രമേയുള്ളു. അമ്പിളിമാമനും ഗ്രഹങ്ങളും നക്ഷത്രങ്ങളും താണ്ടി ഒടുവില്‍ നമുക്ക് നമ്മുടെ പാവം ഭൂമിയില്‍ത്തന്നെ തിരിച്ചെത്തണം. എത്ര തന്നെ ഉയരത്തിലേക്ക് കുതിച്ചുയര്‍ന്നാലും തിരിച്ചെത്തുന്നത് ഭൂമിയില്ലെങ്കില്‍ പിന്നെ നാശത്തില്‍ മാത്രമാണ്.
ഈ ഭൂമി നമുക്കുവേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍, ജീവനു വേണ്ട എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്ത് ഒരുക്കിവെച്ചിരിക്കുന്ന ഈ മഹാപ്രതിഭാസം ഇനി എത്ര കാലം നിലനില്‍ക്കും?
നമ്മുടെ ഭൂമി ഏകദേശം 6x 10^ 21ടണ്‍ പിണ്ഡവും 51കോടി എഴുപത്തിരണ്ടായിരം ചതുരശ്രകിമി വിസ്തീര്‍ണ്ണവുമുള്ള ഒരു കൊച്ചു ഗോളമാണ്. അതിനെ ഏകദേശം 18കിലോമീറ്റര്‍ ഉയരത്തില്‍ വായുമണ്ഡലം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഭൗമാന്തരീക്ഷത്തിന്‍ പുറത്തുനിന്നും വരുന്ന അള്‍ട്രാവൈലറ്റ് പോലുള്ള ക്ഷുദ്രരശ്മികളെ തടയാന്‍ ഓസോണ്‍ പാളികൊണ്ടുള്ള അദൃശ്യ കോട്ടമതില്‍ തീര്‍ത്തിരിക്കുന്നു. ഇതെല്ലാം സൂര്യനില്‍ നിന്ന് കൃത്യമായ അളവില്‍ മാത്രം ഊര്‍ജ്ജം സ്വീകരിക്കത്തക്കവിധം നിശ്ചിതമായ ദൂരത്തില്‍ വിന്യസിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ വേണ്ടത്ര അളവില്‍ കടലും കാടും പര്‍വ്വതങ്ങളും വിന്യസിപ്പിച്ച് കാലാവസ്ഥ ആവാസയോഗ്യമാക്കിയിരിക്കുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണങ്ങള്‍ മുതല്‍ ഏകകോശജീവികളുടെ ജീവിതചക്രം വരെ എണ്ണിയാലൊടുങ്ങാത്ത സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ ചാക്രികവ്യവസ്ഥകളിലൂടെ ശതകോടിക്കണക്കിന് മനുഷ്യരും എണ്ണം കണക്കാക്കപ്പെടാത്തത്ര സസ്യജന്തുജാലങ്ങളും എല്ലാം ഇവിടെ ഏതാനും നൂറ്റാണ്ടുകള്‍ വരെ, കാലത്തിന്റെ ഗതിവിഗതികള്‍ക്കു വിധേയമായി, പരസ്പരപൂരകങ്ങളായി, സ്വന്തം ധര്‍മ്മം നിറവേറ്റിക്കൊണ്ട് അതിവസിക്കുന്ന അത്ഭുതകരമായ ഒരു വ്യവസ്ഥാവിശേഷം സഹസ്രാബ്ദങ്ങളിലൂടെ വളര്‍ന്ന് വികാസം പ്രാപിച്ചുകൊണ്ട് നിലനിന്നു പോന്നു.
എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ളവം പ്രകൃതിയുടെ വിചിത്രമായ ഒരു വഴിമാറിച്ചവിട്ടലായിരുന്നു. മുമ്പെങ്ങുമുണ്ടാവാത്തവിധം സ്വന്തം സംതുലിതാവസ്ഥയ്ക്ക് ഇത്രയും വലിയ ഒരു പ്രഹരം പ്രകൃതി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം, ഒരു പക്ഷേ, പ്രകൃതിനിയമമായ സൃഷ്ടി, സ്ഥിതി, സംഹാരത്തിലെ സംഹാരഘട്ടത്തിന്റെ തുടക്കം എന്നു മാത്രമായിരിക്കും. വ്യാവസായികവിപ്ളവത്തോടുകൂടി മനുഷ്യന്‍ മാത്രം വികാസപരിണാമങ്ങളുടെ അനുപാതങ്ങള്‍ പാടെ തകര്‍ത്തുകൊണ്ട് ബഹുദൂരം മുന്നോട്ടുപോയി. ഭൂപ്രകൃതിയുടെ സമസ്ത മേലകളും ഈ കുതിപ്പിനു മുന്നില്‍ നിസ്സഹായരായി നിന്നു. അധികം താമസിയാതെ മനുഷ്യപ്രഭാവം ഭൗമാന്തരീക്ഷം ഭേദിച്ച് ശൂന്യാകാശത്തേയ്ക്കും ചന്ദ്രനിലേക്കുമെല്ലാം വ്യാപിക്കാന്‍ തുടങ്ങി. അതോടൊപ്പം ലോകം മുഴുവന്‍ ഒറ്റയടിക്ക് തകര്‍ക്കാനുള്ള ആയുധശക്തിയും മനുഷ്യന് സ്വായത്തമായി. ഈ പ്രപഞ്ചം മുഴുവന്‍ മനുഷ്യനു വേണ്ടി എന്ന പ്രാചീന ധാരണ കൂടുതല്‍, കൂടുതല്‍ പ്രബലമാവാന്‍ തുടങ്ങി.
പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ ആരംഭമായിരുന്നു അത്. മനുഷ്യന്റെ പ്രവര്‍ത്തനമേഖലകളെല്ലാം യന്ത്രങ്ങളേറ്റെടുത്തു. അവയ്ക്കു വേണ്ടി വ്യവസായശാലകള്‍ അണിനിരന്നു. ആവശ്യത്തിനും അല്ലാതെയുമുള്ള വന്‍തോതിലുള്ള ഉത്പാദനവും പ്രകൃതിയുടെ സ്വാഭാവിക ഉത്പാദനവേഗതയുടെ എത്രയോ മടങ്ങ് വേഗത്തിലുള്ള ഉപഭോഗവും ഭൂമിയുടെ വിഭവസ്രോതസ്സുകളെല്ലാം നിഷ്‌കരുണം കൊള്ളയടിച്ചു. അതോടൊപ്പം തന്നെ മനുഷ്യന്‍ ഒരു അസുരവിത്തുപോലെ പെരുകാനും തുടങ്ങി. ഇപ്പോള്‍ അറനൂറുകോടി കവിഞ്ഞ ലോകജനസംഖ്യ 2050ആകുമ്പോഴേക്ക് എഴുനൂറുകോടിയാവുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അതായത്, കൂടുതല്‍ വിശപ്പ്, കൂടുതല്‍ ആവശ്യങ്ങള്‍, കൂടുതല്‍ പ്രകൃതിചൂഷണം, കൂടുതല്‍ മലിനീകരണം, കൂടുതല്‍ പരിസ്ഥിതിത്തകര്‍ച്ച. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കുള്ള ഈ പുരോഗമനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഭൗമാന്തരീക്ഷത്തിന്റെ രക്ഷാകവചമായ ഓസോണ്‍ പാളിയില്‍ അവിടവിടെ ദ്വാരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് ദശാബ്ദങ്ങള്‍ക്കു മുമ്പാണ്. അതിനു കാരണം നമ്മുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്ന ക്‌ളോറോഫ്‌ളൂറോകാര്‍ബണ്‍ തുടങ്ങിയ രാസവസ്തുക്കളാണെന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഓസോണ്‍ പാളിയുടെ ശോഷണം ഉത്തരധ്രുവത്തില്‍ താപനില ഉയര്‍ത്തുന്നതിനും മഞ്ഞുരുകലിനും കാരണമാവുന്നു. ഇത് ഭൂമിയുടെ ഉപരിതലത്തിലെ ഊഷ്മാവിന്റേയും കരജലസംതുലിതാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, ബാഹ്യാന്തരീക്ഷത്തില്‍ നിന്നും വരുന്ന അള്‍ട്രാവൈലറ്റ് പോലുള്ള ക്ഷുദ്രരശ്മികള്‍ കാന്‍സര്‍ പോലുള്ള പല അസുഖങ്ങള്‍ക്കും കാരണമാവുന്നു.
വര്‍ദ്ധിച്ച തോതില്‍ നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് മുതലായ ഹരിതഗൃഹവാതകങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്. അതേസമയം ഇതിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാവുന്ന വന്‍കാടുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ ഉള്‍പ്പെട്ട ആമസോണ്‍ കാടില്‍ മാത്രം 2000ത്തിനും 2006നുമിടയ്ക്ക് 150000 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഊഹിക്കാവുന്നതാണ്.
വ്യാവസായികവിപ്ളവത്തിന്റെ ഉപോല്‍പ്പന്നമായ വ്യവസായശാലകളും അതിനെ ചുറ്റിപ്പറ്റി വളരുന്ന വന്‍ നഗരങ്ങളും ഉയര്‍ത്തുന്ന മലിനീകരണഭീഷണികള്‍ നിരവധിയാണ്. ഒരിക്കലും നശിക്കാത്ത പ്ളാസ്റ്റിക്, അന്തരീക്ഷമലിനീകരണം, പ്രത്യാഘാതങ്ങള്‍ തലമുറകളിലേക്ക് പടരുന്ന ന്യൂക്‌ളിയര്‍ മാലിന്യങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. അമിതമായ വെള്ളത്തിന്റെ ഉപയോഗം ഭൂമിയുടെ ഉപരിതലം വിട്ട് ഭൂഗര്‍ഭജലചൂഷണത്തിലെത്തിച്ചിരിക്കുന്നു. അല്പം ശുദ്ധവായു ശ്വസിക്കാന്‍ ഓക്‌സിജന്‍ പാര്‍ലറുകളെ ആശ്രയിക്കേണ്ട ഭീതിദമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇതെല്ലാം ദശാബ്ദങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇതിന്റെ പേരില്‍ വന്‍ശക്തികള്‍ പലതവണ സമ്മേളിക്കുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തുവെങ്കിലും 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം' എന്ന കവിവാക്യം അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അനന്തരഫലങ്ങള്‍. ആഗോള ഊര്‍ജ്ജ ഉപഭോഗത്തിന്റെ 80 ശതമാനവും ധൂര്‍ത്തടിക്കുന്ന അമേരിക്ക സ്വന്തം സുഖലോലുപതയ്ക്ക് അല്പം പോലും കുറവ് വരുത്താനാവില്ല എന്ന പേരില്‍ 1997ലെ ക്യോട്ടോ ഉടമ്പടിയില്‍ നിന്ന് വിട്ടു നിന്നു. ഉത്തര ധ്രുവത്തിലെ ഹിമപ്പരപ്പ് ഉരുകി നഗ്നമാക്കപ്പെട്ട ധ്രുവപ്രദേശങ്ങളില്‍ കൊടി നാട്ടി അവകാശമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് റഷ്യയടക്കമുള്ള തൊട്ടുകിടക്കുന്ന രാജ്യങ്ങള്‍. ഉടമ്പടികള്‍ക്കു ശേഷവും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 1992-2007 കാലഘട്ടത്തില്‍ ലോകത്തിലാകെ 38 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലം മുന്നോട്ട് പോകും തോറും പുതിയ, പുതിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്ന് ആധാരമായ ജൈവപ്രക്രിയകള്‍ മുഴുവന്‍ നടക്കുന്നത് ഏകദേശം 17 സെന്റീമീറ്റര്‍ മാത്രം ആഴമുള്ള മേല്‍മണ്ണിലാണ്. കൃഷി മൂലമുള്ള മണ്ണൊലിപ്പ് മൂലം എല്ലാ കൊല്ലവും ഈ മേല്‍മണ്ണിന്റെ ഒരു ശതമാനത്തോളം നഷ്ടപ്പെടുന്നുവെന്നാണ് ഏകദേശ കണക്ക്. അതേസമയം ഒരു ഇഞ്ച് കനത്തില്‍ മേല്‍മണ്ണ് സ്വാഭാവികമായി രൂപം പ്രാപിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങളെടുക്കും. അതിനേക്കാള്‍ ഭീതിദമാണ് നഗരവല്‍ക്കരണം മൂലം വിവിധരൂപത്തില്‍ മൂടപ്പെട്ട് ഉപയോഗശൂന്യമാവുന്ന മണ്ണിന്റെ അവസ്ഥ. കൊല്ലം തോറും ഒരു ലക്ഷത്തിമുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള മേല്‍മണ്ണ് കെട്ടിടം, റോഡ്, നനം എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് യു എന്‍ ഭക്ഷ്യകൃഷി സമിതിയുടെ 2002ലെ കണക്ക്.
കുറച്ചുകൂടി 'ആഴ'ത്തില്‍ ചിന്തിച്ചാല്‍, നാം നിത്യേന ആസ്വദിക്കുന്ന ഉപഭോഗവസ്തുക്കളെല്ലാം വരുന്നത് ഈ ഭൂമിക്കടിയില്‍ നിന്നാണ്. മുമ്പ് പറഞ്ഞ പരിമിതമായ വലിപ്പമുള്ള ഭൂമിക്കടിയില്‍ നിന്ന് നാം ഖനനം ചെയ്യുന്നത് ദിനംപ്രതി ദശലക്ഷക്കണക്കിന് ടണ്‍ ആണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രം ആരംഭിച്ച ക്രൂഡോയിലിന്റെ മാത്രം ലോകമാകെയുള്ള ഉത്പാദനം ദിവസംപ്രതി 85ദശലക്ഷം ബാരലാണ്. ഇതുപോലെ നൂറ്റാണ്ടുകളായി ഖനനം ചെയ്തുകൊണ്ടിരിക്കുന്ന കല്‍ക്കരി, ഇരുമ്പ്, മറ്റു ലോഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ ഇതെത്ര കാലം ഇങ്ങനെ തുടരാന്‍ സാധിക്കും എന്ന് നാം അമ്പരന്നു പോകും. ഭൗമാന്തരീക്ഷ പരിസ്ഥിതിയെപ്പറ്റി വലിയ കോലാഹലങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂഗര്‍ഭപരിസ്ഥിതിയെപ്പറ്റി കാര്യമായി ഒന്നും തന്നെ പറഞ്ഞുകേള്‍ക്കാനില്ല. ഭൂമി അതിവേഗം ഒരു ചിതല്‍പ്പുറ്റായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
സര്‍വ്വംസഹയായ ഭൂമി, അഥവാ, ഭൂമി എല്ലാം സഹിച്ചുകൊള്ളുമെന്നത് ഒരു മിഥ്യാസങ്കല്‍പ്പമാണ്. എല്ലാ വിധ വിദ്ധ്വംസകപ്രവൃത്തികളോടും പ്രകൃതി അതിന്റേതായ രീതിയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അത് അല്പമെങ്കിലും മനസ്സിലാക്കുന്ന ശാസ്ത്രസമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ വനരോദനമായി അവശേഷിക്കുന്നു. താത്ക്കാലിക നേട്ടം മാത്രം മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന രാഷ്ട്രീയനേതൃത്വവും വ്യവസായ വാണിജ്യ സമൂഹവും ലോകം ഭരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ വിവേകം നിഷ്ഫലമാം വിധം വൈകി ഉദിക്കുന്നുവെങ്കില്‍ അതില്‍ ഒട്ടും തന്നെ അത്ഭുതപ്പെടാനില്ല. പക്ഷെ, ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഒരു പരിസ്ഥിതി ദുരന്തം ഏറ്റവുമധികം ബാധിക്കുക, ഭൂമിയിലെ വാസം ഏറ്റവുമധികം ആസ്വദിക്കുന്ന മാനവരാശിയെയായിരിക്കും; അതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് വിശേഷബുദ്ധിയും യുക്തിബോധവുമുള്ള മനുഷ്യനു മാത്രമാണ്. അതുകൊണ്ടുതന്നെ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കും
18/4/2009 പരമേശ്വരന്‍
Labels:
പരിസ്ഥിതി
Subscribe to:
Posts (Atom)