Search This Blog

Thursday, July 16, 2015

ഫോട്ടോഗ്രഫി

നിയമങ്ങളനുസരിച്ച് പടമെടുക്കുന്നവൻ പ്രൊഫഷണൽ. എന്നാൽ, ഒരു കലാകാരൻ ഫോട്ടോഗ്രഫിയുടെ നിയമങ്ങൾ മറികടക്കുന്നു.

Friday, July 10, 2015

വീണപൂവ് -മുഖപുസ്തക ചർച്ചയിൽ നിന്ന്



ആശാന്റെ വീണ പൂവിനെപ്പറ്റി ഒരു ചര്‍ച്ചയായാലോ? ഒരോ ദിവസവും ഓരോ ശ്ലോകമെടുത്ത് അതിന്റെ വിവിധ വശങ്ങള്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുക. എല്ലാവരുടേയും സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ക്ലച്ച് പിടിക്കുന്നില്ലെങ്കില്‍ ഉടന്‍ നിര്‍ത്തുന്നതാണ്.
കൃതിയുടെ പേരില്‍ തന്നെ സംശയമുണ്ട്. വീണപൂവ് എന്ന് ഒറ്റവാക്കിലാണ്‌ പറയുന്നതും അച്ചടിയില്‍ കാണുന്നതും . എന്നാല്‍ ഇതു വാസ്തവത്തില്‍ രണ്ടു വാക്കല്ലേ?

1
 ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കും . ഇവിടെ ആദ്യശ്ലോകത്തില്‍ തന്നെ വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ ശക്തമായി സ്വാധീനിക്കുന്നു.
Like · CommentLal Ranjan, Sindhu Kv, Sreekumar Kariyad and 97 others like this.

2
ലാളിച്ചു പെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

ഉചിതമായ വാങ്ങ്മയചിത്രത്തിലൂടെ വരച്ചുകാട്ടുന്ന മനോഹരമായ ശൈശവസ്മരണ! പൂവിനെ പല്ലവപുടങ്ങളിൽ വെച്ചു പരിപാലിക്കുന്നു; ഇളംകാറ്റ് ചെറിയ തൊട്ടിലാട്ടുന്നു, ദലമർമ്മരങ്ങൾ താരാട്ടു പാടുന്നു.

'ആലോലവായു' എന്നത് അല്പം അരോചകമായി തോന്നുന്നു. 'മലരേ,' എന്ന സംബോധനയും സ്ഥാനം തെറ്റിയല്ലേ വന്നത് എന്ന് ഒരു സംശയം.

3
 പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ .

പൂവിന്റെ ഒരു ലഘു ജീവചരിത്രം ഇതള്‍വിരിയുകയാണിവിടെ. ശൈശവം കഴിഞ്ഞ് ബാല്യത്തിലേക്ക്. പുതുനിലാവില്‍ കുളി, ബാല്യത്തിന്റെ ചൂടില്‍ ദു:ഖമെന്തെന്നറിയാതെ ഇളം മൊട്ടുകളോടു ചേര്‍ന്ന് ആഘോഷം . അങ്ങനെ ഉല്ലാസഭരിതമായ ദിനങ്ങള്‍ !

4
 ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

സര്‍വ്വസ്വതന്ത്ര ബാല്യത്തിനു ശേഷം പഠനകാലം . പകല്‍ പക്ഷികളുടെ ഗാനം ശ്രദ്ധിച്ച് തലയാട്ടി സംഗീതവും രാത്രി നക്ഷത്രങ്ങളെ നോക്കി ലോകതത്വവും പഠിക്കല്‍ . രാത്രി പ്രത്യക്ഷപ്പെടുകയും പകല്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന താരകളെ നോക്കി പഠിക്കുന്നത് ഒന്നാം ശ്ലോകത്തില്‍ പറഞ്ഞ 'ശ്രീ ഭൂവിലസ്ഥിര' എന്ന തത്വം തന്നെയായിരിക്കണം . അതിനാല്‍, തന്നെ കാത്തിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടിക്കാണാനും സമചിത്തതയോടെ സ്വീകരിക്കാനും പൂവിന്‌ കഴിഞ്ഞിരിക്കണം.

5
 ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു

യൌവനത്തിന്റെ തിരനോട്ടം .ഇവിടേയും വൃത്തത്തിനും പ്രാസത്തിനും വേണ്ടിയുള്ള 'പൂവേ' വിളി അധികപ്പറ്റായി തോന്നുന്നു.
1 June at 00:07 · Like · 4

6
 ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.
1 June at 22:36 · Like · 5

7
 വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.

വൈരാഗ്യമേറിയവൻ സന്യസിയാവാം, വൈദികൻ ആവുമോ? അതു മാറ്റി നിർത്തിയാൽ ജീവിതത്തിൽ നിന്നും ഓടിപ്പോകുന്നവനും ജീവനുവേണ്ടി ഓടുന്നവനും പൂവിന്റെ ഭംഗി നോക്കി നിന്നുപോകും എന്ന നിരീക്ഷണം മനോഹരമായിരിക്കുന്നു!
2 June at 23:04 · Like · 3

8
 മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും

'തെല്ലോ' എന്ന രൂപം അത്ര വ്യക്തമല്ല. കൊതിച്ചു അനുഭവാർത്ഥികൾ എന്നാണോ മനസ്സിലാക്കേണ്ടത്? ചിത്രമല്ലത് എന്നാൽ?
3 June at 21:59 · Edited · Like · 3

9
 ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം

ഈ ശ്ലോകം മുതൽ സാമാന്യത്തിൽ നിന്നും സവിശേഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഇതുവരെ ഏതു പൂവിനും ബാധകമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെങ്കിൽ ഇവിടെ ജാതാനുരാഗമൊരുവനുണ്ട്, വിശേഷസുഭഗത്വമുണ്ട്, അങ്ങനെ അല്പം നാടകീയത രംഗപ്രവേശം ചെയ്യുന്നു.
5 June at 08:19 · Edited · Like · 4

10
 "കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

ഭൂതകാലത്തിൽ ലയിച്ച വായനക്കാരനെ ഒന്നു കുലുക്കിയുണർത്തുന്നതുപോലെ ഈ ശ്ലോകത്തിൽ കവി പൂവിന്റെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നു. ഹൃസ്വമെങ്കിലും അർത്ഥപൂർണ്ണവും, ദു:ഖപൂർണ്ണമെങ്കിലും സുന്ദരവുമായ യൌവനം അവസാനിച്ചുവെന്ന് പൂവ് പറയുന്നതുപോലെ കവിക്ക് തോന്നുന്നു. അർത്ഥദീർഘം എന്ന പ്രയോഗം ആസ്വാദ്യമായിരിക്കുന്നു.
5 June at 23:44 · Like · 2

11
 അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ

വീണ്ടും ഫ്ലാഷ് ബാക്ക്. പണ്ടത്തെ സ്വയംവരകഥകളെ ഓർമ്മിപ്പിക്കും വിധം സുന്ദരിയും സംഗീതം, ദർശനം എന്നിവയിൽ വിജ്ഞാനമുള്ളവളുമായ രാജകുമാരിയെപ്പറ്റി കേട്ടറിഞ്ഞ് പല ദിക്കുകളിൽ നിന്നും ഭൈമീകാമുകന്മാരായി ചിത്രശലഭങ്ങൾ വന്നിരിക്കാം, കൂട്ടത്തിൽ ദൂരെ നിന്നും അനുരാഗലോലനായി ഒരു ഭൃംഗരാജനും.
ഇവിടെ ഒരു വ്യത്യാസമുള്ളത് കഥാകാരന്മാരെപ്പോലെ കഥ ഉറപ്പിച്ചു പറയുന്നില്ല എന്നതാണ്. കവി ഭാവനാപരമായ അനുമാനത്തിൽ മാറിനിൽക്കുകയാണ്. ‘അണഞ്ഞിരിക്കാം‘, ‘വന്നെന്നുമാം ‘ എന്നേ പറയുന്നുള്ളു. മറ്റൊന്നുള്ളത് ഒരു ഭൃംഗരാജൻ മാത്രമാ‍ണ് വന്നത് എന്നത് അല്പം വിചിത്രമായി തോന്നാം.
6 June at 22:14 · Edited · Like · 3

12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം
7 June at 22:22 · Like · 3
ഇവിടെ വീണ്ടും വർത്തമാനകാലത്തിലേക്കു വരുന്നു എന്ന് മാത്രമല്ല, തികച്ചും നാടകീയമായി അനുഭവസാക്ഷിയായ വണ്ട് പ്രത്യക്ഷപ്പെടുന്നു. പൂവ് ശലഭത്തെ തിരസ്കരിച്ച് വണ്ടിനെ സ്വീകരിക്കുകയാണുണ്ടായതെന്ന് കവിയുടെ ഭാവന. മനുഷ്യകഥാരൂപം പിന്തുടരുന്ന കവി തികച്ചും ആധുനിക ആഖ്യാനശൈലിയാണു സ്വീകരിക്കുന്നത് എന്ന് കാണാൻ കഴിയും. അതേസമയം പദപ്രയോഗത്തിൽ പലപ്പോഴും മണിപ്രവാളത്തെ ആശ്രയിക്കുന്നു. കില്ല്, ഇദാനിം, ഇഹ എന്നീ വാക്കുകൾ മലയാള നിഖണ്ടുവിൽ കാണാൻ കഴിയുമെങ്കിലും ഇവയ്ക്ക് പൂര്ണ്ണമായും മലയാളിത്വം കല്പിച്ചു നല്കാൻ കഴിയുമോ? എന്നാൽ കൃതി രചിക്കപ്പെട്ടത് 1907ൽ ആണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇതൊരു പോരായ്മയായി കണക്കാക്കാനാവില്ല.
8 June at 07:25 · Like · 5

13
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?

വളരെ ഉയർന്ന, ചിന്താപരമായ ഒരു നിലയിൽ നിന്നും ആരംഭിച്ച കൃതി ഇത്തരം നാടകീയതയിൽ അഭിരമിക്കുമ്പോൾ അതിന്റെ ഗൌരവവും ആഴവും നഷ്ടപെടുന്നില്ലേ എന്നൊരു സംശയം.
8 June at 23:01 · Like · 4

14
 ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ.

ഇതു കവിയുടെ വിചാരമല്ലേ? ഉദ്ധരണി കാണുന്നില്ല. വണ്ട് മരിച്ചു പോട്ടെ എന്നു കവി വിചാരിക്കുന്നതിൽ അല്പം അഭംഗിയില്ലേ?
9 June at 22:23 · Edited · Like · 4

15
 ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?

വ്യസനവും കുണ്ഠിതവും ഒന്നു തന്നെയല്ലേ ? അപ്പോൾ വ്യസനകുണ്ഠിതം ഒരു വിചിത്ര പ്രയോഗമായില്ലേ? വിക്കിപ്പിഡിയയിൽ നിന്നുമെടുത്ത ഈ പാഠത്തിലെ പിശകായിരിക്കുമോ ? പകരം കഠിനകുണ്ഠിതമായിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു.
അത്യുഗ്രമാം എന്ന വിശേഷണം തരുവിന് യോജിക്കുന്നുണ്ടോ ?
20 hrs · Edited · Like · 3

16
 ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!

ഇവിടെ കാല്പനികതയെല്ലാം കളഞ്ഞുകുളിച്ച് ഒരു തരം പഴഞ്ചൻ താലികെട്ടിന്റെ അവസ്ഥയായില്ലേ എന്നൊരു സംശയം.
ഒന്നോർക്കിൽ എന്ന വാക്ക് ഇവിടെ അധികപ്പറ്റല്ലേ ?
കഴിഞ്ഞ ശ്ലോകവുമായി ഇതിന് ഒരു ബന്ധമില്ലാത്തതുപോലെ.
11 June at 21:58 · Like · 1

17
 ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയതു നിന്നെ ഹനിച്ചു പൂവേ!

ഇതുവരെ വണ്ടിനോടൊപ്പം നിന്ന കവി പൂവിന്റെ വീക്ഷണത്തിലേക്കു മാറി മറ്റൊരു സാദ്ധ്യത തേടുന്നു. 'ഭാഗ്യഹീനനായ വണ്ട് ഇവിടെ ശഠനായി മാറുന്നു. മാത്രമല്ല, പൂവിന്റെ അകാലമൃത്യുവിന്റെ കാരണക്കാരനും കൂടി ആവാമെന്നാണ് സൂചന.
'കുസുമാന്തരലോലൻ' എന്ന പ്രയോഗം രസാവഹമായിരിക്കുന്നു, ഇപ്പോഴത്തെ പത്രഭാഷയിൽ രാജ്യാന്തര കുറ്റവാളി എന്നെല്ലാം പറയുന്നപോലെ.
15 June at 13:40 · Edited · Like · 4

18
 ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

ആശാന്റെ കൃതികളിൽ പൊതുവെ വിരളമായ നർമ്മരസം തുളുമ്പുന്ന ഒരു ശ്ലോകം.
പ്രണയം 'ആപത്തെഴുന്ന തൊഴിലായി‘ കവി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ എടുത്തുചാടുന്നതിനുമുമ്പ് നല്ലവണ്ണം ആലോചിക്കണം അല്ലെങ്കിൽ ഇതുപോലെ പലപ്പോഴും പശ്ചാത്തപി ക്കേണ്ടിവരും എന്ന് കവി വണ്ടിനെ സരസമായി ഉപദേശിക്കുന്നു.
ഇതിലെ, വിശേഷത്തിൽ നിന്നു സാമാന്യത്തിലേക്കു നയിക്കുന്ന അലങ്കാരത്തിന്റെ പേർ മറന്നുപോയി. ആരെങ്കിലും പറയുമല്ലോ.
13 June at 22:54 · Edited · Like · 4

19. പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?

ഇവിടെ കവി കൃതിയിൽ നിന്നും മാറിനിന്ന് സ്വയം എഡിറ്ററുടെ വേഷമണിയുന്നതുപോലെ തോന്നുന്നു. മൂകങ്ങളായ കാര്യങ്ങളെപ്പറ്റി പറയുന്നത് ശരിയല്ല എന്ന സന്ദേഹത്താൽ പറഞ്ഞതെല്ലാം വെട്ടിക്കളയുന്നപോലെ.
14 June at 22:17 · Like · 2

20
 പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?

പൂവിന്റെ ചൈതന്യം വഴിനീളെ സൌരഭ്യം പരത്തിക്കൊണ്ട് പോയ്മറഞ്ഞുവെന്നും ശോകാന്ധനായ വണ്ട് ആ ഗന്ധം നുകർന്നുകൊണ്ട് പിന്തുടർന്നുവെന്നുമുള്ള കല്പന മനോഹരം തന്നെ.
15 June at 22:14 · Edited · Like · 2

21
 ഹാ! പാപമോമൽമലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?

വണ്ടു പോകുന്നതോടുകൂടി കൃതിയുടെ തുടക്കത്തിലെ ഭാവതീവ്രത തിരിച്ചെത്തുന്നു . പത്താമത്തെ ശ്ലോകത്തിന്റെ തുടര്‍ച്ചയായി ഇനിയുള്ള ഭാഗം ചേര്‍ത്തുവെച്ച് വായിച്ചു നോക്കാവുന്നതാണ്‌. ഭാവഗരിമയുടെ ഐകരൂപ്യം നമുക്ക് തിരിച്ചറിയാന്‍ കഴിയും . അതിനിടയിലുള്ള വണ്ടിന്റെ വരവും സംഭാഷണവുമെല്ലാമടങ്ങിയ നാടകീയത കൃതിയുടെ അടിസ്ഥാനഭാവവുമായി ഒത്തുപോകുന്നില്ല എന്നു തോന്നുന്നു. വാസ്തവത്തില്‍ ഇവിടെ വീണു കിടക്കുന്ന പൂവും കവിയും മാത്രമേയുള്ളു. ആ ഏകാന്തതയാണ്‌(solitude) കൃതിയുടെ സത്ത. അതില്‍ നിന്നാണ്‌ കവിത ജനിക്കുന്നത്. ചിത്രശലഭങ്ങളെപ്പറ്റിയും വണ്ടിനേപ്പറ്റിയും ഭൂതകാലസ്മരണയില്‍ ഒന്നു സൂചിപ്പിക്കുക മാത്രമേ വേണ്ടതുള്ളു എന്നു തോന്നുന്നു.
അർത്ഥാന്തരന്യാസ അലങ്കാരം.
16 June at 22:07 · Edited · Like · 7


22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

തെറ്റെന്നു-പെട്ടെന്ന്. ഈ അർത്ഥത്തിലുള്ള പ്രയോഗം ഇപ്പോൾ നിലവിലുണ്ടോ?
നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ
ഇതിലെ അലങ്കാരമേതാണ്?
17 June at 21:54 · Like · 2


Chandra Babu അലങ്കാരം രൂപകാതിശയോക്തി.

23.
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

വെളുപ്പാൻ കാലത്തെ കാറ്റു തട്ടി പൂവ് വീഴുന്നതു കേട്ടുണർന്നവർ താരമാണെന്നു കരുതിയത് നല്ല കാവ്യഭാവനയായി കണക്കാക്കാം. (രാത്രി കഴിയുമ്പോൾ അപ്രത്യക്ഷമാവുന്ന താരവും ഒരു ദിവസം കഴിഞ്ഞ് വാടിപ്പോകുന്ന പൂവും ഉചിതമായ താരതമ്യം തന്നെ) എന്നാൽ, ദിവ്യഭോഗം വിട്ട് ഭൂവിലടിയുന്ന ജീവനാണെന്നു കരുതാൻ പ്രത്യേക കണ്ണുകൾ തന്നെ വേണം.
ദിവ്യഭോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൌകികജീവിതസുഖം ആയിരിക്കുമെന്നു കരുതുന്നു.
തിട്ടം നിനച്ചു എന്നാൽ ഉറപ്പിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്? അങ്ങനെയാവുമ്പോൾ ഒരു വസ്തുവല്ലേ പാടുള്ളു? ഇവിടെ രണ്ടിലേതാണ് എന്ന് സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
അലങ്കാരം ഉല്പ്രേക്ഷയാവുമോ? (അതു താനല്ലയോ ഇത് എന്നു വർണ്ണ്യത്തിലാശങ്ക, ഉല്പ്രേക്ഷാഖ്യയലൊകൃതി)
18 June at 22:22 · Like · 3

24.
അത്യന്തകോമളതയാർന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.

വിലാപകാവ്യത്തിന്റെ അവിഭാജ്യഘടകമായ, ദുഃഖത്തിൽ പങ്കുചേരുന്ന പ്രകൃതിയുടെ വർണ്ണനയാണു ഇനി വരുന്നത്. അനുയോജ്യമായ രൂപകങ്ങളിലൂടെ, ഹൃദ്യമായ വാങ്ങ്മയചിത്രങ്ങളിലൂടെ വളരെ അനായാസമായാണ് ആശാൻ അത് നിർവഹിക്കുന്നത്
പൂവിന്റെ വീഴ്ച്ച കണ്ട് ഭൂമി തന്നെ തളർന്നുപോയി (അതിശയോക്തി). അടുത്തുള്ള പുൽനാമ്പുകൾ ഉദ്വേഗഭരിതരായി.
ഇയന്നു, പൂണ്ട്- രണ്ടും ഒന്നല്ലേ?
19 June at 21:50 · Like · 5

25. 
അന്യൂനമാം മഹിമ തിങ്ങിയൊരാത്മസത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും

ഗതമൌക്തികശുക്തി-മുത്തു നഷ്ടപ്പെട്ട ചിപ്പി( ആദ്യം വായിച്ചപ്പോൾ ഇതെന്താ സാധനം എന്നൊന്നന്ധാളിച്ചു. നിഖണ്ഡു തന്നെ ശരണം.) സന്നാഭം- കാന്തി നഷ്ടപ്പെട്ട്
ഇവിടെ ആത്മതത്വത്തിന് ഒരു വിശദീകരണം ആവശ്യമുണ്ട്.
കുറിപ്പ്: Jyothibai Pariyadath ന്റെ അഭിപ്രായപ്രകാരം (താഴെ കാണുക) ആത്മതത്വമെന്നത് ആത്മസത്വമായി തിരുത്തിയിരിക്കുന്നു.
22 June at 19:17 · Edited · Like · 4

26.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.

ഇതാ മനോഹരമായ ഒരു ശ്ലോകം! വളരെ പരിചിതമായ കാഴ്ചകൾ കാവ്യാത്മകവും വിലാപകാവ്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വിഷാദാത്മകവുമായി അവതരിപ്പിച്ചിരിക്കുന്നു. മാറാല ശവക്കച്ചയായിരിക്കുന്നു. മഞ്ഞുതുള്ളികൾ മുത്തുമാലയായിരിക്കുന്നു(ഇപ്പോഴത്തെ റീത്ത്?) .ഹാ എന്ന ആർത്തനാദം ശ്ലോകത്തിലുടനീളം മറ്റൊലിക്കൊള്ളുന്നതും ശ്രദ്ധിക്കുക.
‘അണിഞ്ഞു’ എന്നത് അത്ര ശരിയായില്ലെന്നു തോന്നുന്നു. അണിയിച്ചു എന്നല്ലേ വേണ്ടത്?
22 June at 10:21 · Edited · Like · 5

27.
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.

വീണ്ടും വളരെ അനുയോജ്യമായ രൂപകങ്ങളിലൂടെ...
ഹിമകണങ്ങളെ താരങ്ങളുടെ കണ്ണീരായി കല്പിച്ചിരിക്കുന്നു. ചടകങ്ങള്‍ ചവറ്റിലക്കിളികള്‍ , കരിയിലക്കിളികള്‍ എന്നൊക്കെ വിളിക്കുന്ന ഒരു തരം തവിട്ടുനിറത്തിലുള്ള കിളികളാണെന്നു കരുതുന്നു. പറമ്പിലെല്ലാം അവ സ്ഥിരം കാഴ്ചയാണ്‌. അവ കൂടുവിട്ട് പൂവിന്റെ അരികെ വന്നു ദു:ഖാര്‍ ത്തരായിപുലമ്പുന്നു. ഹൃദ്യമായ വാങ്മയചിത്രങ്ങള്‍ !
നേരായി എന്നതുകൊണ്ട് ശരിയ്ക്കും എന്നു പറയുന്നതുപോലെയായിരിക്കുമെന്നു തോന്നുന്നു.
22 June at 22:13 · Like · 2

28.
ആരോമലാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവവുമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

എല്ലാ സൽഗുണങ്ങളും ഇണങ്ങി, ആർക്കും ഒരു ദോഷവും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാ‍തെ പരോപകാരം മാത്രം ചെയ്തു മാത്രം ജീവിച്ച പൂവിനെപ്പറ്റി ചിന്തിച്ച് ആരും കണ്ണീർ വാർത്തുപോകും എന്ന് ദു:ഖം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.
സാധാരണയായി സ്ത്രീക്കു നൽകുന്ന ആരോമൽ എന്ന വിശേഷണം ആശാൻ വ്യത്യസ്തമായാണ് (ആരോമലാമഴക്) പ്രയോഗിച്ചിരിക്കുന്നത്.
23 June at 22:08 · Like · 4

29.
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു

ദു:ഖം സൂക്ഷ്മപ്രകൃതിയിൽ നിന്ന്, മനുഷ്യനിലൂടെ കടന്ന് സ്ഥൂലപ്രകൃതിയിലേക്കു വ്യാപിക്കുന്നു. ചക്രവാളവും സൂര്യനും വിവർണമായിരിക്കുന്നു. കാറ്റ് നെടുവീർപ്പിടുന്നു.
24 June at 21:39 · Like · 3

30.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

ഒടുവിൽ കവി സ്വന്തം ചിന്തകളിലേക്ക് തിരിച്ചെത്തുന്നു.
25 June at 22:04 · Like · 5

എന്തിന്നു ഗുണധോരണി നിന്റെ മേല്‍ ചൊരിയാനുള്ള അലിവ് കാട്ടി , അഥവാ, കനിഞ്ഞു നല്‍കി എന്നല്ലേ ഉദ്ദേശിക്കുന്നത്? ആവതെന്തുള്ളു എന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നല്ലേ വിവക്ഷിക്കുന്നത്?
26 June at 15:57 · Like · 5


31.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ് വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

സ്വന്തം ജന്മദൌത്യം വേഗം പൂർത്തിയാക്കി ഉത്തമർ പോകട്ടെ, വഴിയാത്രക്കാരുടെ കാലടികൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള പാറയുടെ ചിരകാല ജീവിതത്തിനേക്കാൾ ഭേദം മിന്നൽപ്പിണറിന്റെ ക്ഷണികജീവിതമല്ലേ എന്ന് കവി സ്വയം ആശ്വാസം കൊള്ളുന്നു.
ഈ ശ്ലോകങ്ങളിലെ നിരീക്ഷണങ്ങൾ കവിയുടെ ജീവിതത്തിലും സത്യമായി എന്നത് ദു:ഖകരമായ വസ്തുതയാണ്.
നിശി എന്ന വാക്കിന്റെ സാംഗത്യം എന്താണ്?
26 June at 21:25 · Like · 3


RamanNambisan Kesavath നിശി - ഈ ശ്ലോകത്തില്‍ സാംഗത്യം
മേഘജ്യോതിസ്സു നിശയിലാണ് കൂടുതല്‍ തെളിയുന്നത്. പാന്ഥനു വെളിച്ചം ആവശ്യമായതും രാത്രി തന്നെ . രൂക്ഷശില പാന്ഥസഞ്ചാരത്തിന്നു തടസ്സം നില്‍ക്കുന്നതാണ് . (ആശാന്‍ ഒരു വാക്കു പോലും എവിടെയും വെറുതെ ചേര്‍ക്കുന്നില്ല.)
बाध bAdha obstacle
27 June at 05:18 · Edited · Unlike · 7

32.
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചത് ഒരേ പ്രപഞ്ചശക്തിയായതിനാല്‍ എല്ലാവരും സഹോദരരാണെന്ന സമഭാവന, ഒരു നൂറ്റാണ്ടിന്നു ശേഷം പരിസ്ഥിതിനാശം സര്‍വ്വനാശത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്‌.
27 June at 22:53 · Edited · Like · 4

33.
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ

‘ഇന്നു ഞാൻ നാളെ നീ’ എന്ന് ജി. കുന്നും ആഴിയുമെല്ലാം നശിക്കുമെന്നു പറയുമ്പോൾ ഒരു പക്ഷെ, യുഗാന്ത്യപ്രളയമായിരിക്കണം ആശാന്റെ മനസ്സിൽ. എന്നാൽ ഇന്ന് ആഗോളതാപനത്തിന്റെ ഭീതിദമായ പ്രത്യാഘാതസാദ്ധ്യതകൾക്കു മുമ്പിൽ നാം പകച്ചുനിൽക്കുകയാണ്. കുന്നുകളാവട്ടെ, ഇപ്പോള്‍ത്തന്നെ പാറമടകളായി മാറിക്കൊണ്ടിരിക്കുന്നു!
29 June at 00:37 · Edited · Like · 6


34.
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

സൂര്യൻ കരങ്ങൾ നീട്ടി പൂവിന്റെ അവശേഷിച്ച കാന്തിസമ്പത്ത് എടുക്കുന്നുവെന്നും കാറ്റ് അതിന്റെ പിതൃസ്വത്തായ സൌരഭ്യം കവരുന്നു എന്നും കാവ്യഭാവന.
സമ്പന്നനായ ഒരാൾ മരിക്കുമ്പോൾ ബന്ധുക്കൾ അയാളുടെ സ്വത്ത് തട്ടിയെടുക്കാൻ ഓടിയണയുന്ന ചിത്രം സമൂഹത്തിനു നേരെ ഒരു കണ്ണാടിയെന്നപോലെ കവി വരച്ചുകാട്ടുന്നു. അംഭോജബന്ധു, ദായഭാഗം എന്നീ വാക്കുകൾ അന്വർത്ഥമാണ്.
നേരിട്ടു സാമൂഹ്യവിമർശനം നടത്തുന്ന വീണപൂവിലെ ഏക ശ്ലോകമാണിതെന്നു തോന്നുന്നു.
രൂപകാതിശയോക്തി തന്നെയാണോ ഇതിലെ അലങ്കാരം ?
30 June at 00:26 · Like · 3


Chandra Babu രൂപകാതിശയോക്തി ഇല്ല.

35.
‘ഉത്പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

സൃഷ്ടിക്കപ്പെടൂന്നതെല്ലാം നശിക്കും, അണുക്കൾ നിൽക്കും(അണുക്കൾ എന്നതുകൊണ്ട് ശാസ്ത്രലോകം വിവക്ഷിക്കുന്ന അർത്ഥമാണോ ഉദ്ദേശിക്കുന്നത്? അക്കാലത്ത് ഈ വിജ്ഞാനം അത്ര സാധാരണമായിരുന്നോ?) പിന്നെ കർമ്മഫലം പോലെ പുതിയ ജന്മം സംഭവിക്കുമെന്ന് ആഗമങ്ങളുടെ വെളിച്ചത്തിൽ കവി ഉറപ്പിക്കുന്നു. നിർമ്മലമായ ജീവിതം നയിച്ച പൂവിന് ശോഭനമായ ജന്മം തന്നെയായിരിക്കും ലഭിക്കുക എന്നായിരിക്കണം കവിയുടെ പ്രത്യാശ.
30 June at 22:13 · Like · 7

36.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ

നമുക്കതല്ല എന്നത് എങ്ങനെ അന്വയിക്കാം ? രണ്ടാം പകുതിയിലെ വാദം ദുർബ്ബലമായി തോന്നുന്നു. ഏതെങ്കിലും വടിവിൽ എന്നേ പറയുന്നുള്ളു. കവിക്കു തന്നെ വ്യക്തതയില്ലാത്തതുപോലെ.
1 July at 22:17 · Like · 5

37.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

നക്ഷത്രം അസ്തമിച്ച് പിറ്റേദിവസം ഉദയാദ്രിയില്‍ ഉദിക്കുന്നതുപോലെ പൂവ് താമസിയാതെ സ്വര്‍ഗ്ഗരാജ്യത്ത് കല്പദ്രുമത്തില്‍ കൂടുതല്‍ ശോഭയോടെ വിടര്‍ന്നെന്നുവരാം എന്ന് കവി സങ്കല്പിക്കുന്നു.
2 July at 22:45 · Like · 4

38.
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.

'നിന്റെ കാന്തികണ്ട് അടുത്തുകൂടുന്ന സുന്ദരികളാല്‍ അലങ്കരിക്കപ്പെട്ട നീ സുരയുവാക്കള്‍ക്ക് ഇമ്പവും രാഗസമ്പത്തും നല്കി ഏറെ സുകൃതം നേടാം ' എന്നല്ലേ?
'സമ്പത്തെയും സമധികം' അല്പം വികലമായോ?
3 July at 22:27 · Like · 4

39.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍ .

അതല്ലെങ്കില്‍ , അമരരായ ഋഷിമാര്‍ക്ക് പൂജാപുഷ്പമായി മാറി സ്വര്‍ല്ലോകവും മറ്റു കടമ്പകളും കടന്ന് തമസ്സില്ലാത്ത പരമപദത്തിലേക്ക് പ്രവേശിക്കാം . ഇതുതന്നെയാണ്‌ ഉചിതവും സ്വാഭാവികവും എന്നു തോന്നുന്നു. സകലസംഗമം എങ്ങനെ വിശദീകരിക്കാം ?
4 July at 22:47 · Like · 4

40
ഹാ! ശാന്തിയൗപനിഷദോക്തികള്‍തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

ദു:ഖിക്കുന്നത് ആത്മപീഡനപരവും അജ്ഞര്‍ക്ക് യോജിച്ചതുമാണെന്നും പൌരാണിക ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ കവി പറയുന്നു. ശ്രുതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക, പിന്നെയെല്ലാം ഈശാജ്ഞപോലെയെന്നു സമാധാനിക്കുക.
കൃതിയുടെ ആരംഭത്തിലെ 'ഹാ പുഷ്പമേ' എന്ന സംബോധന കരുണവും ബീഭത്സവുമാണെങ്കില്‍ , ഇവിടത്തെ 'പൂവേ ' എന്ന ലളിതമായ വിളി ശാന്തിയും സമഭാവനയും സ്ഫുരിക്കുന്നതാണ്‌.
ഈ ശ്ലോകങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്ന ചിന്തകള്‍ പൌരാണികകൃതികള്‍ മുതല്‍ ആധുനിക കൃതികള്‍ വരെ ലോകത്തെല്ലായിടത്തും പ്രതിപാദിക്കപ്പെട്ടവയായിരിക്കാം . ചര്‍ച്ച ചെയ്യപ്പെടാതെ തന്നെ മഹാന്മാര്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ ആവര്‍ത്തിച്ചിട്ടുള്ളതായിരിക്കാം . അതിനാല്‍ , ഇവ മനുഷ്യരാശിയുടെ പൊതുപൈതൃകമായി കണക്കാക്കാം . എന്നാല്‍ ഒരു കവിയെ സം ബന്ധിച്ചിടത്തോളം അവ എങ്ങനെ സന്ദര്‍ഭോചിതമായി, മനസ്സില്‍ തട്ടും വിധത്തില്‍ ആവിഷ്ക്കരിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം എന്നു തോന്നുന്നു.
5 July at 23:31 · Like · 6

41
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ ;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!

വീണപൂവിലെ ഏറ്റവും പ്രസിദ്ധവും മനോഹരവുമായ അന്ത്യശ്ലോകം. പൂവിനെ പടിപടിയായി പരമപദത്തില്‍ വരെ എത്തിച്ചതിനുശേഷം പെട്ടെന്ന്, ഒരു ചലചിത്രകാരന്റെ ചാതുരിയോടുകൂടി 'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ' യാഥാര്‍ത്ഥ്യത്തിലേക്ക് ദൃശ്യം കട്ടുചെയ്യുന്നു. എന്നിട്ട്, 'കണ്ണേ മടങ്ങുക' എന്ന് ദൃശ്യാനുഭവം പൂര്‍ത്തിയാക്കുന്നു. അതോടൊപ്പം 'അവനിവാഴ്വു കിനാവു കഷ്ടം' എന്ന് ലോകവീക്ഷണത്തെ സംബന്ധിച്ച ഒരു തീര്‍പ്പിലെത്തുന്നു.
അതേസമയം തൊട്ടു മുമ്പത്തെ ശ്ലോകത്തിനു കടകവിരുദ്ധമായ നിലപാടാണ്‌ ഇതെന്ന് വ്യക്തമാണ്‌. കഴിഞ്ഞ ശ്ലോകത്തോടെ കൃതി വളരെ മനോഹരമായി അവസാനിപ്പിക്കാവുന്ന ഒരു സാദ്ധ്യതയുമില്ലേ എന്നും ചിന്തിക്കാവുന്നതാണ്‌.
ഒരു വിധത്തില്‍ ആശാനിലെ അടിയുറച്ച റിയലിസ്റ്റിന്റെ ബഹിര്‍സ്ഫുരണമായി ഇതിനെ കാണാവുന്നതാണ്.
7 July at 00:07 · Like · 9

Tuesday, July 7, 2015

വായനാവാരം

കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകങ്ങളോടുകൂടി സ്കൂള്‍ ഗ്രന്ഥശാലകള്‍ സജീവമാവട്ടെ, പഠനഭാരം അല്പം കുറയട്ടെ, പൊതു വായനക്ക് പഠനത്തില്‍ അല്പം ഇടം കിട്ടട്ടെ, കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കട്ടെ, വായിച്ച കാര്യങ്ങള്‍ കുട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയുണ്ടാവട്ടെ. അങ്ങനെ വന്നാല്‍ വാരമില്ലാതെ തന്നെ വായന വരും.

Wednesday, June 24, 2015

മരണത്തിന്റെ മരണം

എല്ല്ലാവരും മരിച്ചാല്‍ പിന്നെ മരണവും മരിക്കും!

പണ്ട്

പണ്ട് കോളേജ് വിദ്യാർത്ഥികൾക്കിടയിലും മറ്റും പുസ്തകം കൊണ്ടുനടക്കുക ഒരു ഫാഷനായിരുന്നു. മിക്കാവാറും ഹറോൾഡ് റോബിൻസ്, ആർതർ ഹൈലി, ഇയാൻ ഫ്ലെമിങ് തുടങ്ങിയവരുടെ ബസ്റ്റ് സെല്ലറുകളായിരിക്കും. എങ്കിലും ഇടയ്ക്ക് സാർത്രും, കമ്മുവും ദസ്തെയ്‌വ്സ്കിയും എം ടിയും വി കെ നും ഒ വി വിജയനും ഒക്കെ കാണാമായിരുന്നു.

പണ്ടത്തെ നാലുകെട്ടുകളില്‍ മേലടുക്കള (ഇന്നത്തെ ഊണുമുറി) കുട്ടിയടുക്കള (ഇന്നത്തെ വര്‍ക്കേരിയ) എന്നിങ്ങനെ മുറികളുണ്ടായിരുന്നു(അനുഭവസാക്ഷ്യം). അവയില്‍ ചെറിയ അടുപ്പുകളുമുണ്ടാവും. അടുക്കളയിലെ അടുപ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചില വിശേഷാവസരങ്ങളിലും ഉപയോഗിക്കാനാണിത്.

കണ്ണാടി ഓട് 

പണ്ട് കണ്ണാടി ഓട് എന്നൊരു സാധനമുണ്ടായിരുന്നു. അടുക്കളയിലും ഊണുമുറിയിലുമൊക്കെയാണ് അതുവെക്കുക. ചില്ലുകൊണ്ടുള്ള ഓടാണിത്.  ഒന്നോ രണ്ടോ മേല്‍ക്കൂരയില്‍ വെച്ചാല്‍ മുറിയില്‍ നല്ല സൂര്യപ്രകാശം. ഓട് അലങ്കാരത്തിനു മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത്  ഈ പരിസ്ഥിതി സൗഹൃദസംവിധാനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
പണ്ട്  പുതിയ ഒന്നാംതരം പുസ്തകങ്ങളെപ്പറ്റിയറിയാൻ ഒരു സാഹിത്യവാരഫലമുണ്ടായിരുന്നു. (അറിഞ്ഞിട്ടു കാര്യമൊന്നുമില്ല, പുസ്തകക്കടയിലും ഗ്രന്ഥശാലകളിലൊന്നും കിട്ടാനുണ്ടാവില്ല, എങ്കിലും!) ഇന്ന് ഒരു മാർഗ്ഗവും കാണുന്നില്ല.

ച്യൂയിങ് ഗം ഒരു ഫാഷനായിരുന്നു. എല്ലാവരും ചവച്ചുകൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മൊബൈലിൽ കൊത്തിക്കൊണ്ടു നടക്കുന്നതുപോലെ.


പണ്ട് എഞ്ചിനായിരുന്നില്ല-ഇഞ്ചൻ. പ്രത്യേകമായി, മണ്ണെണ്ണയിൽ പ്രവർത്തിക്കുകയും ഒരു ചരടുചുറ്റി വലിച്ച് സ്റ്റാർട്ടാക്കുകയും ചെയ്തിരുന്ന, കൊണ്ടുനടക്കാവുന്ന പമ്പുസെറ്റിന് പറയുന്ന പേരാണ് ഇഞ്ചൻ.

പണ്ട് ഗ്രാമങ്ങൾ സംഗീതാത്മകമായിരുന്നു, സിനിമാ കൊട്ടകയിൽ നിന്നുള്ള സംഗീതം, വേനൽക്കാലത്ത് നാടകക്കാരുടെ സംഗീതം. ചായക്കടയിൽനിന്നുള്ള സംഗീതം, അമ്പലത്തിൽനിന്നുള്ള സംഗീതം, റേഡിയോവിൽ നിന്നുള്ള ചലചിത്രഗാനങ്ങൾ, റേഡിയോ സിലോൺ, വിവിധഭാരതി... മുസ്ലീം കല്യാണവീട്ടിൽ 24 മണിക്കൂർ പെട്ടിപ്പാട്ട് നിർബ്ബന്ധമായിരുന്നു. വിദൂരതയിൽ നിന്നുള്ള പാട്ടിൽ ലയിച്ച് മയക്കത്തിലേക്ക് വീഴുമ്പോൾ അതു സ്വപ്നത്തിന്റെ ഭാഗമാവുന്നു...

പണ്ട് ഇംഗ്ലീഷ് പ്രസംഗത്തിൽ ചിന്മയാനന്ദൻ ഒരു standard ആണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇന്ന് അങ്ങനെ ആരെങ്കിലും ഉണ്ടോ? മലയാളത്തിൽ, എന്റെ അഭിപ്രായത്തിൽ, ലീലാവതി ടീച്ചറാണ്



ഒരു കാലത്ത് ലിനൻ എന്നൊരു തുണിത്തരം വലിയ ഫാഷനായിരുന്നു. വാസ്തവത്തിൽ എന്താണ് ഈ ലിനൻ?



സിനിമാപ്പേരുകൾ കൊണ്ട് കഥകൾ മെനയുന്നത് ഒരു കുസൃതിയായിരുന്നു.

Lending library

ഒരിടയ്ക്ക് ഗ്രന്ഥശാലകളേക്കാൾ പ്രസിദ്ധമായിരുന്നു Lending library എറണാകുളത്ത് Eloor Lending library ആയിരുന്നു താരം. പുസ്തകത്തിന്റെ വിലയുടെ ഒരു ഭാഗം നിക്ഷേപമായി നൽകണം, മറ്റെല്ലാം സാധാരണ ഗ്രന്ഥശാലകളേപ്പോലെതന്നെയാണെന്നു തോന്നുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് അവയുടെ മെച്ചമായി പറഞ്ഞുകേട്ടിരുന്നത്. സാധാരണ ഗ്രന്ഥശാലക്കാരനായതിനാലും പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ദുശ്ശീലമുണ്ടായിരുന്നതിനാലും എനിക്ക് ഇവയോട് വലിയ ആകർഷണം തോന്നിയിട്ടില്ല.

ഒരു കാലത്ത് തടിയും തൂക്കവും ഓജസ്സും ലഭിക്കാനുള്ള മരുന്ന് എന്ന പേരിൽ ‘ജീവൻ‌ടോണിന്റെ’ പരസ്യമില്ലാത്ത-മസിൽ പിടിച്ചു നിൽക്കുന്ന ഒരു ബോഡി ബിൽഡറുടെ ചിത്രം- ഒരു ആനുകാലികങ്ങളും കാണുകയില്ല. ‘ജീവൻ‌ടോൺ‘ മലയാളത്തിൽ ഒരു ശൈലിതന്നെയായി മാറി. ‘ആളൊരു ജീവൻ‌ടോൺ’ ആണ് എന്നൊക്കെ കേൾക്കാം. ഞങ്ങളുടെ സ്ഥലത്ത് ഒരു ‘ജീവൻ‌ടോൺ ബാവ‘യുണ്ടായിരുന്നു. കുറെ കഴിഞ്ഞ് വെല്ലുവിളിയുയർത്തിക്കൊണ്ട് ‘പവർമാൾട്’ എത്തി. 1990നു ശേഷമാണെന്നു തോന്നുന്നു, ഇതെല്ലാം കാണാതായത്.

കമ്പ്യൂ‍ട്ടർ
1994ൽ ആദ്യത്തെ കമ്പ്യൂട്ടർ, ഐ ബി എം കമ്പാറ്റിബിൾ 386(second hand), വാങ്ങുമ്പോൾ അതിന്റെ ഹാഡ് ഡിസ്ക് 80 MB റാം 4 MB സ്പീഡ് 33MHz. അന്ന് കമ്പ്യൂട്ടർ കട നടത്തിയിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് നല്ല കോൺഫിഗറേഷൻ എന്നാണ്. ഇന്ന് ചുരുങ്ങിയത് 500ജിബി ഹാഡ് ഡിസ്ക്, 4ജിബി റാം എന്നു കണക്കാക്കിയാൽ ഹാഡ് ഡിസ്കിന്റെ വളർച്ച ഏകദേശം 6400 ഇരട്ടി റാമിന്റേത് 1000 ഇരട്ടി!

ഇന്നത്തെ കുട പണ്ട് ശീലക്കുടയായിരുന്നു. കാരണം സാധാരണമായത് ഓലക്കുടയായിരുന്നു. ശീലക്കുട പരിഷ്കാരവും ആർഭാടവുമായിരുന്നു.

ഡ്യൂപ്ലിക്കേറ്റ്

പണ്ട്, ജപ്പാൻ കത്തിനിന്നിരുന്ന കാലത്ത് ഹോങ്കോംഗ് ആയിരുന്നു ഉപകരണങ്ങൾ വില കുറച്ചു കിട്ടാനുള്ള മാർഗ്ഗം. അതു ഹോങ്കോങ്ങാണ് എന്ന് അല്പം പുച്ഛത്തോടെ പറയുമായിരുന്നു. കാലം മുന്നോട്ടുപോയപ്പോൾ ആ സ്ഥാനം തായ്‌വാൻ ഏറ്റെടുത്തു. പിന്നീട് അവരെയെല്ലാം പിന്തള്ളിക്കൊണ്ട് ചൈന രംഗപ്രവേശം ചെയ്തു. അതോടുകൂടി മറ്റെല്ലാവരും മുങ്ങിപ്പോയി. ഇപ്പോൾ ഒറിജിനലുമില്ല, ഡ്യൂപ്ലിക്കേറ്റുമില്ല, ചൈന മാത്രം. പതുക്കെ, ലോകം മുഴുവൻ ഇതു അംഗീകരിച്ചിരിക്കുന്നു എന്നു തോന്നുന്നു.

Tuesday, June 9, 2015

പുതിയ മങ്ക്ലീഷ്

മലയാളം ചാനലുകളിലെ അവതാരകരും അതിഥികളും ഇപ്പോള്‍ ഒരു പുതിയ മങ്ക്ലീഷിലാണ്‌ സംസാരിക്കുന്നത്. അതായത്, ഒരു വാചകം മലയാളം പറഞ്ഞാല്‍ അടുത്ത വാചകം ഇംഗ്ലീഷില്‍ ! എന്തൊരു വൈകൃതം !

കണക്കും ഭാഷയും

കണക്കും ഭാഷയും വളര്‍ച്ച പൂര്‍ത്തിയാക്കിയതുപോലെ തോന്നുന്നു. ഭാഷ വളരുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുവെങ്കിലും അടിസ്ഥാനപരമായ മാറ്റം കാണുന്നില്ല. മാത്രമല്ല, ഭാഷകള്‍ മരിച്ചുകൊണ്ടിരിക്കുകയല്ലാതെ നൂറ്റാണ്ടുകളായി ഒരു പുതിയ ഭാഷ പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.

ന നൂനം ദൈവതം കിഞ്ചില്‍...

ന നൂനം ദൈവതം കിഞ്ചില്‍
കാലേന ബലവത്തരം
-രാമായണം
കാലത്തേക്കാള്‍ ബലവത്തായ ഒരു ദൈവമില്ല.

ജൂൺ 5 ലോകപരിസ്ഥിതിദിനം.



ജൂൺ 5 ലോകപരിസ്ഥിതിദിനം.

പുരോഗമനത്തിന്റേയും വികസനത്തിന്റേയും മോഹവലയത്തിൽപ്പെട്ട് നാം ഒരു കുത്തൊഴുക്കിലെന്നപോലെ പിന്തിരിയാനാവാത്തവിധം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു, നാശത്തിലേക്കാണെന്ന് കൃത്യമായ ബോദ്ധ്യമുണ്ടായിട്ടും.

കൊച്ചി 2100ൽ



ഇന്നത്തെ കൊച്ചിനഗരം 1341ൽ അജ്ഞാതമായ ഭൌമപ്രതിഭാസത്തിന്റെ ഫലമായി കടലിൽ നിന്നും പൊങ്ങിവന്നതാണത്രെ! (നമ്മുടെ ഭൌമശാസ്ത്രജ്ഞരൊന്നും ഇതിനെപ്പറ്റി പഠനം നടത്തിയിട്ടില്ലേ?) അതുപോലെ 2100 ആവുമ്പോഴേയ്ക്കും അത് ദ്വാരകപോലെ വെള്ളത്തിനടിയിലാവുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ (National Institute of Oceanography, India)

പഠനത്തിൽ പറയുന്നു.( അടയാളം-റിപ്പോർട്ടർ ടീവി)


ഇന്നു കേട്ട വാക്ക്:

ജൃംഭണം-കോട്ടുവായിടൽ

മരണക്കളി

മരണക്കളി. അക്ഷരാർത്ഥത്തിൽ ഒരു മരണക്കളി . കളി ജയിച്ചാൽ വധശിക്ഷ ! ഉക്രൈൻ എന്ന ഹതഭാഗ്യ രാജ്യം കടന്നുപോയ കൊടുംക്രൂരതകളുടെ അഗ്നിപരീക്ഷകൾ ഫൂട്ബോളിലൂടെ അനാവരണം ചെയ്യുന്നു മാതൃഭൂമി ആഴ്ചപ്പതിൽ ഒ  കെ രാമകൃഷ്ണന്റെ ലേഖനം.

വേറിട്ടുപോയ സംഗതികൾ

ചിനുഅ അചെബെയുടെ Things Fall Apart എന്ന നോവലിന്റെ പരിഭാഷ മലയാളംവായന.കോം എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു:
ലക്കം 1
http://malayalamvayana.com/index.php?option=com_content&view=article&id=3270&com_contdisp=tru&Itemid=3073

ലക്കം 2
http://malayalamvayana.com/index.php?option=com_content&view=article&id=3271&com_contdisp=tru&Itemid=3073

ലക്കം 3
http://malayalamvayana.com/index.php?option=com_content&view=article&id=3395&com_contdisp=tru&Itemid=3073

ലക്കം 4
http://malayalamvayana.com/index.php?option=com_content&view=article&id=3423&com_contdisp=tru&Itemid=3073

ലക്കം 5
http://malayalamvayana.com/index.php?option=com_content&view=article&id=3485&com_contdisp=tru&Itemid=3073

ലക്കം 6
http://malayalamvayana.com/index.php?option=com_content&view=article&id=3540&com_contdisp=tru&Itemid=3073

ലക്കം 7
http://malayalamvayana.com/index.php?option=com_content&view=article&id=3590&com_contdisp=tru&Itemid=3073

ലക്കം 8
http://malayalamvayana.com/index.php?option=com_content&view=article&id=3612&com_contdisp=tru&Itemid=3073

ലക്കം 9
http://malayalamvayana.com/index.php?option=com_content&view=article&id=3701&com_contdisp=tru&Itemid=3073

ലക്കം 10
http://malayalamvayana.com/index.php?option=com_content&view=article&id=3745&com_contdisp=tru&Itemid=3073

ലക്കം 11
http://malayalamvayana.com/index.php?option=com_content&view=article&id=3796&com_contdisp=tru&Itemid=3073

ലക്കം 12
http://malayalamvayana.com/index.php?option=com_content&view=article&id=3866&com_contdisp=tru&Itemid=3073

ലക്കം 13
http://malayalamvayana.com/index.php?option=com_content&view=article&id=3897&com_contdisp=tru&Itemid=3073

ലക്കം 14
http://malayalamvayana.com/index.php?option=com_content&view=article&id=3969&com_contdisp=tru&Itemid=3073

ലക്കം 15
http://malayalamvayana.com/index.php?option=com_content&view=article&id=3993&com_contdisp=tru&Itemid=3073

ലക്കം 16
http://malayalamvayana.com/index.php?option=com_content&view=article&id=4024&com_contdisp=tru&Itemid=3073

ലക്കം 17
http://malayalamvayana.com/index.php?option=com_content&view=article&id=4139&com_contdisp=tru&Itemid=3073

ലക്കം 18
http://malayalamvayana.com/index.php?option=com_content&view=article&id=4184&com_contdisp=tru&Itemid=3073

ലക്കം 19
http://malayalamvayana.com/index.php?option=com_content&view=article&id=4227&com_contdisp=tru&Itemid=3073

ലക്കം 20
http://malayalamvayana.com/index.php?option=com_content&view=article&id=4300&com_contdisp=tru&Itemid=3073

ലക്കം 21
http://malayalamvayana.com/index.php?option=com_content&view=article&id=4355&com_contdisp=tru&Itemid=3073

ലക്കം 22
http://malayalamvayana.com/index.php?option=com_content&view=article&id=4403&com_contdisp=tru&Itemid=3073

ലക്കം 23
http://malayalamvayana.com/index.php?option=com_content&view=article&id=4443&com_contdisp=tru&Itemid=3073

ലക്കം 24
http://malayalamvayana.com/index.php?option=com_content&view=article&id=4509&com_contdisp=tru&Itemid=3073

ലക്കം 25
http://malayalamvayana.com/index.php?option=com_content&view=article&id=4543&com_contdisp=tru&Itemid=3073

വേറിട്ടുപോയ സംഗതികൾ

പരമേശ്വരൻ

കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ കഴിഞ്ഞ കൊല്ലത്തെ ‘മാൻ-ബുക്കർ പ്രൈസ്‌, വൈകിവന്ന വിവേകം പോലെ, 1958-ൽ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്ത നൈജീരിയൻ നോവലിസ്‌റ്റായ ചിനുവ അചെബെ (Chinua Achebe)യുടെ ആദ്യനോവലായ ’തിങ്ങ്‌സ്‌ ഫാൾ അപ്പാർട്‌‘ (Things Fall Apart) എന്ന കൃതിക്ക്‌ ലഭിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ, വെളളക്കാരന്റെ കുതിക്കുന്ന കാലടികൾക്കിടയിൽ ഞെരിഞ്ഞമർന്ന്‌, ഒരു പ്രാചീന ഗോത്രസമൂഹത്തിന്‌ സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്‌പൃക്കായ കഥ പറയുന്നു ഈ നോവൽ. മതത്തെ കരുവാക്കി അതിന്റെ നിഴലിൽ തന്ത്രപരമായി മുന്നേറി പ്രാദേശിക ജനസമൂഹങ്ങളെ അസ്‌തപ്രജ്‌ഞ്ഞരാക്കി അധികാരവും രാജ്യവും കയ്യടക്കുന്ന പാശ്‌ചാത്യ സാമ്രാജ്യത്വ ശക്തിക്കെതിരായി സ്വന്തം സ്വത്വവും ശബ്‌ദവും നഷ്‌ടപ്പെട്ട, നിസ്സഹായരായ ജനസമൂഹം നടത്തുന്ന, പരാജയം വിധിക്കപ്പെട്ട ചെറുത്തുനില്‌പിന്റെ കഥകൂടിയാണ്‌ ഇത്‌.
ചരിത്രത്തിന്റെ സവിശേഷമായ ഒരു ദശാസന്ധിയിൽ നിലയുറപ്പിച്ചുകൊണ്ട്‌, സമൂഹത്തിന്റെ പ്രതിനിധിയായ നായകന്റെ വ്യക്തിദുരന്തങ്ങളിലൂടെ വെളളക്കാരന്റെ കടന്നുകയറ്റവും അതിന്‌ അവരെ അനുവദിച്ച ഗോത്രത്തിന്റെ ദൗർബ്ബല്യങ്ങളും കാലത്തിന്റെ പ്രതികൂലാവസ്ഥയും സമൂഹത്തിനേൽപ്പിക്കുന്ന ആഘാതങ്ങളും പ്രത്യാഘാതങ്ങളും നോവലിസ്‌റ്റ്‌ അനുഭാവപൂർവ്വം വരച്ചുകാട്ടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, വിവിധരൂപത്തിൽ അരങ്ങേറിയ യൂറോപ്പ്യൻ സാമ്രാജ്യത്വ അധിനിവേശത്തിനടിപ്പെട്ട്‌ ജീവിക്കാൻ വിധിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌ ഇത്‌.
ഒകോങ്ക്വൊ മഹാമല്ലനും യുദ്ധവീരനുമാണ്‌. വളരെ ചെറുപ്പത്തിൽതന്നെ അയാൾ ’പൂച്ച‘ എന്ന ഓമനപ്പേരിലറിയുന്ന അജയ്യനായ അമലിൻസെയെ മലർത്തിയടിച്ചു. അങ്ങനെ അയാളുടെ ഖ്യാതി ഉംവോഫിയയിലെ ഒമ്പതു ഗ്രാമങ്ങൾക്കുമപ്പുറം വ്യാപിച്ചു.
എല്ലാം സ്വന്തം കഠിനാദ്ധ്വാനം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഒകോങ്ക്വൊ നേടിയെടുത്തത്‌. പിതൃസ്വത്തായി അയാൾക്ക്‌ ഒന്നും ലഭിച്ചില്ല. അയാളുടെ അച്‌ഛൻ ഉനോക മദ്യത്തിലും ഓടക്കുഴൽ വായനയിലും മുഴുകി അലസമായി ജീവിതം കഴിച്ചുകൂട്ടി. എല്ലാവരിൽ നിന്നും അയാൾ ഇഷ്‌ടം പോലെ കടം വാരിക്കൂട്ടി. സമൂഹത്തിലെ സ്‌ഥാനമാനങ്ങൾ ഒന്നും അയാൾക്ക്‌ ലഭിച്ചില്ല. ഇത്‌ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അപമാനകരമാണ്‌. ദേഹത്ത്‌ നീര്‌ വന്ന്‌ മരിച്ച അദ്ദേഹത്തിന്‌ മാന്യമായ ശവമടക്കൽ പോലും ലഭിച്ചില്ല. കുടുംബസ്വത്തായി ഒകോങ്ക്വൊയ്‌ക്ക്‌ ലഭിച്ചത്‌ അച്‌ഛന്റെ കടങ്ങൾ മാത്രമായിരുന്നു.
ഇതൊന്നും പക്ഷെ ഒകോങ്ക്വൊയെ തളർത്തിയില്ല. നാട്ടിലെ ഒരു സമ്പന്നന്റെ കീഴിൽ കൃഷിപ്പണി ചെയ്‌ത്‌ അതുകൊണ്ടുളള വരുമാനം കൊണ്ട്‌ അയാൾ കൃഷിസ്ഥലവും കിഴങ്ങുവിത്തുകളുമെല്ലാം സമ്പാദിച്ചു. ക്രമേണ കടങ്ങളെല്ലാം വീട്ടുകയും പുരയിടങ്ങളും കളങ്ങളും സ്വന്തമാക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഗോത്രത്തിലെ മൂന്ന്‌ ഉന്നതപദവികളും കരസ്‌ഥമാക്കി. തന്റെ സമ്പത്ത്‌ വിളിച്ചോതുന്ന തരത്തിൽ അയാൾ മൂന്ന്‌ വിവാഹം കഴിക്കുകയും മൂന്നുപേർക്കും നാട്ടുനടപ്പ്‌ പ്രകാരം പ്രത്യേകം കുടിലുകൾ പണിയുകയും ചെയ്‌തു. അങ്ങനെ അയാൾ നാട്ടിലെ ഏറ്റവും സമ്പന്നരായ പ്രമാണികളിലൊരാളായി മാറി. സമൂഹം ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുകയും എല്ലാ പ്രശ്‌നങ്ങളിലും അവസാനതീർപ്പു കല്‌പിക്കുകയും ചെയ്യുന്ന, പാതാളത്തിൽ നിന്നും വരുന്ന പിതൃക്കളുടെ പ്രതിരൂപങ്ങളായ പൊയ്‌മുഖം വെച്ച എഗ്വുഗ്വുക്കളുടെ നിരയിലും അയാളുണ്ട്‌.
അയൽഗോത്രമായ മ്‌ബൈനൊയുമായുളള സംഘർഷം ഒരു കന്യകയേയും ആൺകുട്ടിയേയും പിഴയായി ഉംവോഫിയയ്‌ക്ക്‌ നൽകിക്കൊണ്ട്‌ ഒത്തുതീർപ്പായപ്പോൾ ഉംവോഫിയയുടെ പ്രതിനിധിയായി അവിടെച്ചെന്ന്‌ അവരെ ഏറ്റുവാങ്ങിയതും ഒകോങ്ക്വൊ ആയിരുന്നു. ഇകെമെഫുന എന്നു പേരായ ആൺകുട്ടിയുടെ സംരക്ഷണ ചുമതല ഗോത്രം തത്‌ക്കാലം ഒകോങ്ക്വൊയെ ഏൽപ്പിക്കുകയാണുണ്ടായത്‌. അവൻ അയാളുടെ കുടുംബത്തിലെ ഒരംഗം പോലെ വളർന്നു. അയാളുടെ ആദ്യഭാര്യയിലെ മകനായ ന്വോയെയുടെ ഉറ്റചങ്ങാതിയായി മാറി അവൻ.
പൗരുഷത്തിന്റെ പ്രതിരൂപമായി അയാൾ സ്വയം വീക്ഷിച്ചു. എല്ലാവിധ ദൗർബ്ബല്യങ്ങളേയും അയാൾ വെറുത്തു. അതിന്‌ ഏറ്റവും വലിയ ദൃഷ്‌ടാന്തം അയാളുടെ അച്‌ഛൻ തന്നെയായിരുന്നു. താൻ അച്‌ഛനെപ്പോലെയാവുമോ എന്ന ഭയം അയാളെ നിരന്തരം വേട്ടയാടി. എല്ലാ സൗമ്യഭാവങ്ങളും അയാൾ അമർത്തിവെച്ചു. ഉരുക്കുമുഷ്‌ടിയോടെ കുടുംബഭരണം നടത്തുന്ന അയാളെ കുടുംബാംഗങ്ങൾ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌.
പ്രവചനദൈവത്തിന്റെ കൽപ്പനയനുസരിച്ച്‌ പിഴയായി ലഭിച്ച ഇകെമെഫുനയെ കൊല്ലണമെന്ന്‌ ഗോത്രകാരണവൻമാർ തീരുമാനിച്ചു. നല്ല കാര്യപ്രാപ്‌തിയും തന്റേടവും പ്രകടിപ്പിച്ച അവൻ ഒകോങ്ക്വൊയുടെ പ്രത്യേക പ്രീതി സമ്പാദിച്ചിരുന്നു. പുറമേക്ക്‌ പ്രകടിപ്പില്ലെങ്കിലും ഒകോങ്ക്വൊയ്‌ക്ക്‌ സ്വന്തം മകനേക്കാൾ പ്രിയം അവനോടായിരുന്നു. ഒകോങ്ക്വൊയെ അവൻ ’അച്‌ഛാ‘ എന്നാണ്‌ വിളിച്ചിരുന്നത്‌.
ഈ തീരുമാനമറിഞ്ഞപ്പോൾ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയവരിലൊരാളായ എസ്യുഡു, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ചു. കാരണം അവൻ അയാളെ ’അച്‌ഛാ‘ എന്നാണല്ലോ വിളിക്കുന്നത്‌.
എന്നിട്ടും ആ ദൗത്യം നിർവ്വഹിക്കാൻ മറ്റുളളവരോടൊപ്പം ഒകോങ്ക്വൊയും പോയി. മാറിനിൽക്കുന്നത്‌ ആണുങ്ങൾക്ക്‌ ചേർന്നതല്ലെന്നായിരുന്നു അയാളുടെ മതം. രാത്രി വനത്തിൽ കൊണ്ടുപോയി, അവിടെ വെച്ചാണ്‌ കൃത്യം നിർവ്വഹിക്കേണ്ടത്‌. തന്റെ പഴയ വീട്ടിലേക്ക്‌ കൊണ്ടുപോവുകയാണെന്നായിരുന്നു അവനെ ധരിപ്പിച്ചിരുന്നത്‌. ഒരു കളളിൻകുടം തലയിലേറ്റിയായിരുന്നു അവൻ നടന്നിരുന്നത്‌. ഇരുട്ടിൽ വാളിന്റെ ശബ്‌ദവും കുടം തകർന്നുവീഴുന്നതും സംഘത്തിന്റെ പിന്നിൽ നടന്നിരുന്ന ഒകോങ്ക്വൊ കേട്ടു. പെട്ടെന്ന്‌ ഇകെമെഫുന, ’അച്‌ഛാ, ഇവരെന്നെ കൊല്ലുന്നു‘ എന്നു നിലവിളിച്ചുകൊണ്ട്‌ ഒകോങ്ക്വൊയുടെ അടുത്തേക്ക്‌ ഓടിയണഞ്ഞു. ഒകൊങ്ക്വൊ ഉടൻ തന്റെ വാൾ ഊരിയെടുത്ത്‌ അവനെ വെട്ടിക്കൊന്നു. ഒരു ഭീരുവാകാൻ അയാൾ ഒരുക്കമല്ലായിരുന്നു. നോവലിലെ ഏറ്റവും ഹൃദയാവർജ്ജകമായ രംഗമാണ്‌ ഇത്‌.
ഗൂഢമായാണ്‌ ഈ വധം ആസൂത്രണം ചെയ്‌തിരുന്നതെങ്കിലും അവൻ വധിക്കപ്പെട്ടിരിക്കുന്നു എന്ന്‌ എല്ലാവരും ഊഹിച്ചു. ഒകോങ്ക്വൊയടക്കം അയാളുടെ കുടുംബത്തെയാകെ അത്‌ ദുഃഖത്തിലാഴ്‌ത്തി. രണ്ടുദിവസം മുഴുവൻ ഒകോങ്ക്വൊ ഭക്ഷണമൊന്നും കഴിച്ചില്ല. മകൻ ന്വോയെ ഒരിക്കലും അയാൾക്ക്‌ മാപ്പ്‌ കൊടുത്തില്ല.
ഗോത്രവ്യവസ്ഥിതിയുമായി അങ്ങേയറ്റം ഇഴുകിച്ചേർന്ന വ്യക്തിത്വമായിരുന്നു ഒകോങ്ക്വൊ. അതിന്റെ എല്ലാ ആചാരനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും പൂർണ്ണമായും ഉൾക്കൊളളുകയും സ്വപ്രയത്നം കൊണ്ട്‌ അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും, അങ്ങനെ, ഒന്നുമില്ലായ്‌മയിൽ നിന്ന്‌ അയാൾ ഗോത്രത്തിലെ ഉന്നതശ്രേണിയിലേക്കുയരുകയും ചെയ്‌തു. അസാമാന്യമായ കായികശക്‌തികൊണ്ടും യുദ്ധവീര്യം കൊണ്ടും അയാൾ ഗോത്രത്തിന്റെ അഭിമാനമുയർത്തി. ഗോത്രത്തിൽ ആകെയുളള നാലു പദവികളിൽ മൂന്നും അയാൾ നിഷ്‌പ്രയാസം കരസ്‌ഥമാക്കി. അപൂർവ്വത്തിലപൂർവ്വമായ നാലാമത്തെ പദവിയും ലക്ഷ്യം വെച്ചുകൊണ്ട്‌ മുന്നേറുകയായിരുന്നു അയാൾ. അതുകൂടി സമ്പാദിച്ചാൽ അയാൾ പരമോന്നത ബഹുമതിയായ ’ഗോത്രത്തിന്റെ തമ്പുരാന‘​‍ായി മാറും.
എന്നാൽ, കാലം കാത്തുനിന്നില്ല.
ഗോത്രത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാരിലൊരാളായ, ഇകെമെഫുനയുടെ മരണത്തിൽ ഒരു പങ്കും വഹിക്കരുതെന്ന്‌ ഒകോങ്ക്വൊയെ ഉപദേശിച്ച, എസ്യുഡു മരിച്ചു. അദ്ദേഹത്തോടുളള ആദരസൂചകമായി ശവസംസ്‌കാരച്ചടങ്ങ്‌ ഗംഭീരമായാണ്‌ സംഘടിപ്പിച്ചത്‌. ആഘോഷങ്ങൾക്കിടയിൽ ആചാരവെടികൾ മുഴങ്ങി. പെട്ടെന്ന്‌ ഒരു ആർത്തനാദമുയർന്നു. ഒകോങ്ക്വൊയുടെ തോക്ക്‌ പൊട്ടിത്തെറിച്ച്‌ അതിന്റെ ചീൾ ഹൃദയത്തിൽ തുളച്ചുകയറി, അന്തരിച്ച എസ്യുഡുവിന്റെ 16 വയസ്സുകാരനായ മകൻ മരിച്ചുവീണു. ആഘോഷങ്ങളെല്ലാം കെട്ടടങ്ങി. സ്വന്തം ഗോത്രത്തിലെ ഒരാളെ കൊല്ലുക എന്നത്‌ മാപ്പർഹിക്കാത്ത അപരാധമാണ്‌. അത്‌ ചെയ്‌ത ആൾ എന്നെന്നേയ്‌ക്കുമായി നാടുകടത്തപ്പെടും. എന്നാൽ, ഇത്‌ അബദ്ധത്തിൽ പിണഞ്ഞ കുറ്റമായതിനാൽ ഏഴുകൊല്ലം കഴിഞ്ഞാൽ തിരിച്ചുവരാം.
അന്നേദിവസം തന്നെ ഒകോങ്ക്വോയും കുടുംബവും കൂടെ കൊണ്ടുപോകാവുന്ന സാധനങ്ങളെല്ലാമായി മ്‌ബാന്റയിലെ തന്റെ അമ്മയുടെ വീട്ടിലേക്ക്‌ തിരിച്ചു. അയാൾ പോയി അധികം താമസിയാതെ തന്നെ നാട്ടുനടപ്പനുസരിച്ച്‌ അയാളുടെ അവശേഷിക്കുന്ന വസ്‌തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു.
ഈ സംഭവം ഒകോങ്ക്വൊയ്‌ക്ക്‌ അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു. അമ്മയുടെ വീട്ടുകാർ അയാളെ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചുവെങ്കിലും ഓർക്കാപ്പുറത്തു കിട്ടിയ ഈ പ്രഹരം അയാൾക്ക്‌ താങ്ങാവുന്നതിലധികമായിരുന്നു. എങ്കിലും, സാവധാനം അയാൾ അതും മറികടന്നു. അമ്മാമനായ ഉചേന്ദുവിന്റേയും മറ്റു ബന്ധുക്കളുടേയും സഹായസഹകരണങ്ങളോടെ അയാൾ ഒരിക്കൽ കൂടി അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടുപോയി. അവർ നൽകിയ കൃഷിസ്ഥലവും വിത്തുമെല്ലാം ഉപയോഗിച്ച്‌ കഠിനാദ്ധ്വാനത്തിലേക്ക്‌ മടങ്ങുകയും പുതിയ സാഹചര്യത്തിൽ, നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുളള യത്നത്തിൽ മുഴുകുകയും ചെയ്‌തു. അതിൽ അയാൾ ഏറെക്കുറെ വിജയിക്കുകയും ചെയ്‌തു.
എന്നാൽ കാലത്തിന്റെ കുതിപ്പ്‌ മറ്റൊരു ദിശയിലായിരുന്നു.
അയൽഗ്രാമങ്ങളിൽ പലതിലും ക്രിസ്‌ത്യൻ മിഷ നറി പ്രവർത്തനം തകൃതിയായി നടന്നിരുന്നു. അവർ മ്‌ബാന്റയിലുമെത്തി, പളളി പണിയാൻ അൽപ്പം സ്ഥലം ചോദിച്ചുകൊണ്ട്‌. നിരന്തരപരിശ്രമത്തിനു ശേഷമാണ്‌ അവർക്ക്‌ ഗോത്രകാരണവന്മാരെ കാണാനും അവരുടെ ആവശ്യമുന്നയിക്കാനും കഴിഞ്ഞത്‌. കാരണവന്മാരുടെ സഭയിൽ ആദ്യം ആർക്കും സമ്മതമായിരുന്നില്ലെങ്കിലും ഉചേന്ദുവിന്റെ രസകരമായ യുക്തി കേട്ടപ്പോൾ എല്ലാവരും സമ്മതിച്ചു. ദുർഭൂതങ്ങളുടെ ആവാസഭൂമിയാണ്‌ ദുർവ്വനം. കുഷ്‌ഠം, വസൂരി, മുതലായ നികൃഷ്‌ടമായ അസുഖങ്ങൾ ബാധിച്ചു മരിച്ചവരേയും, ശിക്ഷിക്കപ്പെട്ടു മരിച്ചവരേയും എല്ലാം ശേഷക്രിയകളൊന്നും ചെയ്യാതെ അവിടെ കൊണ്ടുപോയി തളളുകയാണ്‌ പതിവ്‌. ആഭിചാരക്രിയകളുടെ മരുന്നിന്റെ അവശിഷ്‌ടങ്ങൾ അവിടെയാണ്‌ നിക്ഷേപിക്കുന്നത്‌. ഗതികിട്ടാപ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ്‌ ദുർവ്വനം. അവിടെ ആർക്കും അധികനാൾ ജീവിക്കാനാവുകയില്ല. അതുകൊണ്ട്‌ മിഷനറിമാർക്ക്‌ പളളി പണിയാൻ അവിടെ സ്ഥലം കൊടുത്താൽ ഏതാനും ദിവസങ്ങൾക്കകം എല്ലാവരും ചത്തൊടുങ്ങും. ഇതായിരുന്നു ഉചേന്ദുവിന്റെ ന്യായം. ഇത്‌ എല്ലാവരും സന്തോഷത്തോടെ അംഗീകരിച്ചു.
മിഷനറിമാർ ഒട്ടും വൈകാതെ അതിഭീകരമെന്നു കരുതപ്പെട്ടിരുന്ന ദുർവ്വനത്തിൽ കാട്‌ വെട്ടിത്തെളിയിച്ച്‌ പളളിപണിയാൻ തുടങ്ങി. ദിവസങ്ങൾ പലതും കടന്നുപോയിട്ടും ക്രിസ്‌ത്യാനികൾക്കും പളളിക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, അവരുടെ പ്രവർത്തനം തകൃതിയായി മുന്നോട്ട്‌ പോവുകയും ചെയ്‌തു.
ഇതൊരു തുടക്കം മാത്രമായിരുന്നു. താമസിയാതെ ഗോത്രവ്യവസ്ഥിതിയുടെ നെടുംതൂണുകളായ വിശ്വാസപ്രമാണങ്ങൾ ഓരോന്നായി തകർന്നുവീഴാൻ തുടങ്ങി. ഒരു ഗോത്രമെന്ന നിലയിലുളള സമൂഹത്തിന്റെ കെട്ടുറപ്പ്‌ നഷ്‌ടപ്പെട്ടു. സമൂഹത്തിൽ അവശതയനുഭവിക്കുകയും ഭ്രഷ്‌ടരാക്കപ്പെടുകയും ചെയ്‌തവരെല്ലാം പുതിയ മതത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി മതംമാറ്റം നടത്തിക്കൊണ്ടിരുന്നു. ക്രിസ്‌ത്യൻ മതമാവട്ടെ, സന്തോഷപൂർവ്വം അവരെ സ്വീകരിക്കുകയും അവർക്ക്‌ നഷ്‌ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാൻ സഹായകമായ ഉറച്ച പിന്തുണ നൽകുകയും ചെയ്‌തു. മാത്രമല്ല, പുതിയ മതം യാതൊരു വിവേചനവുമില്ലാതെ അവരോടൊപ്പം സഹവസിക്കാൻ അനുവദിക്കുകയും ചെയ്‌തു. സ്വാഭാവികമായും മതംമാറ്റങ്ങൾ കൂടിക്കൂടി വന്നു. പഴയ ഗോത്രവ്യവസ്ഥിതി അന്തംവിട്ടു നിന്നു.
അങ്ങനെയിരിക്കെയാണ്‌ ക്രിസ്‌ത്യാനികളുടെ കൂട്ടത്തിൽ ന്വോയെയെ കണ്ടുവെന്ന്‌ ഒരു ബന്ധു ഒകോങ്ക്വൊയെ അറിയിച്ചത്‌. കോപാന്ധനായ ഒകോങ്ക്വൊ ന്വോയെ വീട്ടിലെത്തിയപ്പോൾ ആക്രോശിച്ചുകൊണ്ട്‌ അവനെ കടന്നുപിടിച്ച്‌ ഒരു വലിയ വടികൊണ്ട്‌ അടിക്കാൻ തുടങ്ങി. തക്കസമയത്ത്‌ ഉചേന്ദു ഇടപെട്ടതുകൊണ്ട്‌ അവൻ രക്ഷപ്പെട്ടു. അന്ന്‌ വീട്ടിൽ നിന്ന്‌ ഇറങ്ങിപ്പോയ ന്വോയെ ഒരിക്കലും തിരിച്ചുവന്നില്ല.
പുതിയ മതത്തോടൊപ്പം സംഘർഷങ്ങളും വന്നു. ഗോത്രവിശ്വാസങ്ങളെ നിന്ദിച്ച്‌ സംസാരിച്ച മതംമാറ്റക്കാരെ ഗോത്രവർഗ്ഗക്കാർ പൊതിരെ തല്ലി. ഗോത്രക്കാരുടെ വിശുദ്ധ പെരുമ്പാമ്പിനെ പുത്തൻ മതക്കാരിലൊരാൾ കൊന്നു. ഗോത്രക്കാർ മതം മാറിയവരെ ഭ്രഷ്‌ടരാക്കി. അബാമെയിൽ സൈക്കിളിൽ വന്ന ഒരു വെളളക്കാരനെ, ഇരുമ്പ്‌ കുതിരയിൽ വന്ന ആൾ ഗോത്രത്തിന്‌ നാശം വരുത്തുമെന്ന പ്രവചനമനുസരിച്ച്‌, ഗോത്രക്കാർ കൊന്ന്‌ സൈക്കിൾ പിടിച്ചുവെച്ചു. ആഴ്‌ചകൾക്കുശേഷം തിങ്ങിനിറഞ്ഞ ചന്ത വെളളക്കാരും അനുയായികളും വളയുകയും മുഴുവൻ ഗ്രാമവാസികളേയും വെടിവെച്ചുകൊല്ലുകയും ചെയ്‌തു. ചന്തയിൽ പോകാതെ ശേഷിച്ച ഏതാനും പേർ അയൽഗ്രാമങ്ങളിലേക്ക്‌ ഓടി രക്ഷപ്പെട്ടു. അങ്ങനെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.
ഉംവോഫിയയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏഴുകൊല്ലത്തെ നാടുകടത്തലിനുശേഷം ഒകോങ്ക്വൊ ഉംവോഫിയയിൽ തിരിച്ചെത്തുമ്പോഴേയ്‌ക്കും അവിടെ പളളി മാത്രമല്ല, വെളളക്കാരന്റെ കോടതിയും നിലവിൽ വന്നിരുന്നു. അവിടെ, ഗോത്രസംസ്‌കാരത്തെപ്പറ്റി ഒന്നുമറിയാത്ത ജില്ലാക്കമ്മീഷണർ വെളളക്കാരന്റെ നിയമമനുസരിച്ച്‌ കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷ വിധിച്ചു. ക്രിസ്‌ത്യാനികളെ ദ്രോഹിച്ചവരെയെല്ലാം തുറുങ്കിലടച്ചു. ദൂരഗ്രാമങ്ങളിൽ നിന്നു വന്ന ’കോട്‌മ‘കൾ എന്നു വിളിച്ചിരുന്ന കോടതി ദൂതന്മാർ പോലീസുകാരെപ്പോലെ പ്രവർത്തിച്ചു. കുറ്റവാളികളെ പിടിക്കാനും മർദ്ദിക്കാനും ആരംഭിച്ചു. അവർ വേട്ടനായ്‌ക്കളെപ്പോലെ നാട്ടിൽ ചുറ്റിനടന്നു. പളളിയും കോടതിയും പരസ്‌പരധാരണയോടെ മുന്നോട്ടുപോയി. ഗോത്രക്കാരുടെ ദൈവങ്ങളെല്ലാം വ്യാജമാണെന്ന്‌ മിഷനറി പ്രസംഗിച്ചു നടന്നു. അപ്പോഴേയ്‌ക്കും അനേകം പേർ മതം മാറിക്കഴിഞ്ഞിരുന്നു. അവരും ഗോത്ര വിശ്വാസങ്ങളെ തളളിപ്പറയാൻ തുടങ്ങി.
അൽപ്പം മിതവാദിയായ പാതിരി മി.ബ്രൗൺ മാറി ജയിംസ്‌ സ്‌മിത്ത്‌ വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി.
ഭൂമിദേവിയുടെ ദിനം പ്രമാണിച്ചുളള ചടങ്ങുകൾക്ക്‌ പിതൃക്കളുടെ ആത്മാക്കളായ എഗ്വുഗ്വുക്കൾ പുറത്തിറങ്ങിയപ്പോൾ ക്രിസ്‌ത്യൻ സ്‌ത്രീകൾക്ക്‌ പളളിയിൽ നിന്ന്‌ തിരിച്ചുപോകാൻ തടസ്സമായി. ഒത്തുതീർപ്പ്‌ പ്രകാരം എഗ്വുഗ്വുക്കൾ അല്‌പനേരത്തേയ്‌ക്ക്‌ പിൻവാങ്ങാൻ ഒരുങ്ങിയപ്പോഴേയ്‌ക്കും മതം മാറിയവരിൽ ഒരാളായ എനോക്‌ എഗ്വുഗ്വുക്കളിലൊരാളുടെ മുഖംമൂടി എടുത്തുമാറ്റി. ഇത്‌ അങ്ങേയറ്റത്തെ പാതകമായാണ്‌ ഗോത്രക്കാർ കണക്കാക്കുന്നത്‌. പിതൃക്കളായ ആത്മാവിനെ കൊല്ലുന്നപോലെയാണ്‌ ഇത്‌.
പിറ്റേദിവസം എഗ്വുഗുക്കളെല്ലാം ഒത്തുകൂടുകയും രോഷാകുലരായ അവർ എനൊകിന്റെ പുരയിടത്തിലേക്ക്‌ കുതിക്കുകയും വീട്‌ പൊളിക്കുകയും തീവെച്ച്‌ നശിപ്പിക്കുകയും ചെയ്‌തു. അരിശം തീരാതെ അവർ പളളിക്കുനേരെ തിരിഞ്ഞു. മി. സ്‌മിത്‌ അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അല്‌പസമയത്തിനുളളിൽ പളളി മണ്ണും ചാരവും ചേർന്ന ഒരു കൂമ്പാരമായി മാറി.
രണ്ടുദിവസം കഴിഞ്ഞ്‌, ഔദ്യോഗിക സന്ദർശനത്തിന്‌ പോയിരുന്ന ജില്ലാ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ മി. സ്‌മിത്തിൽ നിന്നും വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കി. അദ്ദേഹം ഉംവോഫിയയിലെ ഏറ്റവും തലമൂത്ത ആറു നേതാക്കൻമാരെ ചർച്ചക്ക്‌ ക്ഷണിച്ചു. ഒകോങ്ക്വൊയും അക്കൂട്ടത്തിലുണ്ടായിരുന്നു. ചർച്ചയാരംഭിക്കുന്നതിനു തൊട്ടുമുമ്പ്‌ തീർത്തും അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ കമ്മീഷണറുടെ അനുചരൻമാർ ആറുപേരെയും ബന്ധനസ്ഥരാക്കി. ആറുപേരും ആയുധധാരികളായാണ്‌ വന്നിരുന്നതെങ്കിലും അവർക്ക്‌ അവയെടുക്കാനുളള സാവകാശം കിട്ടിയില്ല. ആറുപേരെയും തുറുങ്കിലടക്കുകയും മുഖ്യ കോടതിദൂതന്റെ നേതൃത്വത്തിൽ അവരുടെ തല മുണ്ഡനം ചെയ്യുകയും പൊതിരെ മർദ്ദിക്കുകയും ചെയ്‌തു. നാലു ദിവസത്തിനുശേഷം നാട്ടുകാരിൽ നിന്നും ഇരുനൂറ്റമ്പത്‌ ചാക്ക്‌ കവിടി നാണയങ്ങൾ പിരിച്ചെടുത്ത്‌ പിഴയടച്ചപ്പോൾ അവരെ വെറുതെ വിട്ടു.
ഭാവി നടപടികളാലോചിക്കുവാനായി ഗോത്രം മുഴുവൻ മൈതാനത്ത്‌ ഒത്തുകൂടി. പ്രസംഗങ്ങൾ നടക്കുന്നതിനിടക്ക്‌ മുഖ്യകോടതി ദൂതന്റെ നേതൃത്വത്തിൽ അഞ്ചുപേർ അവിടെയെത്തി. മുഖ്യകോടതി ദൂതനെ കണ്ടയുടൻ ഒകോങ്ക്വൊ ചാടിയെഴുന്നേറ്റ്‌ അയാളെ നേരിട്ടു. യോഗം ഉടൻ അവസാനിപ്പിക്കണമെന്ന്‌ അയാൾ പറഞ്ഞ ഉടൻ ഒകോങ്ക്വൊ അയാളെ വെട്ടി തുണ്ടമാക്കി. പൊന്തക്കാട്ടിൽ ഒളിഞ്ഞുനിന്നിരുന്ന സംഘം പുറത്തുചാടുകയും പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്‌തു. ചെറുത്തുനിന്ന്‌ പൊരുതുന്നതിനു പകരം ജനം ചിന്നിച്ചിതറി. ചിലർ ഒകോങ്ക്വൊയെ പഴിക്കുന്നുമുണ്ടായിരുന്നു. താൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന്‌ ഒകോങ്ക്വൊക്ക്‌ ബോധ്യമായി. അയാൾ വാൾ താഴെയിട്ട്‌ അവിടം വിട്ടു.
ഒകോങ്ക്വൊയെ അന്വേഷിച്ച്‌ അയാളുടെ വീട്ടിലെത്തിയ ജില്ലാകമ്മീഷണർ കണ്ടത്‌ അയാളുടെ വീടിനു പിന്നിൽ ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന ഒകോങ്ക്വൊയുടെ ജഡമാണ്‌.
ഒരു ഉത്തരാധുനിക സമാപ്‌തിപോലെ, താൻ എഴുതാൻ പോകുന്ന ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവങ്ങൾ എങ്ങനെ പ്രതിപാദിക്കണമെന്നാലോചിച്ചുകൊണ്ട്‌ കോടതിയിലേക്ക്‌ നടക്കുന്ന ജില്ലാക്കമ്മീഷണറെ വിവരിച്ചുകൊണ്ടാണ്‌ നോവൽ അവസാനിക്കുന്നത്‌.
സ്ഥലം, കാലം, ഭാഷ, സംസ്‌കാരം എന്നിവയുടെ വ്യത്യസ്തമായ സവിശേഷതകളുയർത്തുന്ന പരിമതികൾ തികച്ചും അന്യഭാഷയായ ഇംഗ്ലീഷിലൂടെ, അതും തന്റെ ആദ്യ കൃതിയിൽ, കൈകാര്യം ചെയ്യുന്നതിൽ അസാമാന്യമായ കൈത്തഴക്കമാണ്‌ ശ്രീ ചിനുവ അചെബെ ഈ നോവലിൽ പ്രകടിപ്പിക്കുന്നത്‌. ഒരു മുദ്രാവാക്യത്തിന്റെ അതിഭാവുകത്തിലേക്ക്‌ വഴുതിവീഴാൻ എല്ലാ സാധ്യതകളുമുളള ഇതിവൃത്തത്തെ കൃതഹസ്‌തനായ ഒരു എഴുത്തുകാരന്റെ അച്ചടക്കത്തോടുകൂടി സമീപിക്കുകയും അതിന്റെ സന്ദേശം അതിശക്‌തമായി വായനക്കാരിലെത്തിക്കുകയും ചെയ്യുന്നതിൽ നോവലിസ്‌റ്റ്‌ സ്‌തുത്യർഹമായ വിജയം കൈവരിച്ചിരിക്കുന്നു. നോവലിലുടനീളം അന്തർലീനമായി നിലനിൽക്കുന്ന നർമ്മബോധവും നിസ്സംഗമായ യാഥാർത്ഥ്യബോധവും ഈ കൃതിയെ വ്യത്യസ്‌തമായ ഒരു വായനാനുഭവമാക്കിമാറ്റുന്നു.
ചിനുവ അചെബെഃ
പ്രസിദ്ധ നൈജീരിയൻ നോവലിസ്‌റ്റായ ചിനുവ അച്ചെബെ 1930 ൽ കിഴക്കൻ നൈജീരിയയിൽ ഒഗിഡി എന്ന ഗ്രാമത്തിൽ ഒരു ക്രിസ്‌ത്യൻ കുടുംബത്തിൽ ജനിച്ചു. ഗ്രാമത്തിലെ മിഷൻ സ്‌കൂളിലും ഉംവാഹിയ ഗവ. കോളേജിലും ഇബദൻ സർവ്വകലാശാല കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം കുറച്ചുകാലം നൈജീരിയൻ ബ്രോഡ്‌കാസറ്റിങ്ങ്‌ സർവ്വീസിൽ ജോലി നോക്കിയതിനുശേഷം 1967ൽ നൈജീരിയ സർവ്വകലാശാലയിൽ ചേർന്നു. അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ്‌, കണക്‌റ്റികട്ട്‌ ബാർഡ്‌, സർവ്വകലാശാലകളിലും അദ്ദേഹം അധ്യാപകനായിരുന്നു.
കോളേജ്‌ വിദ്യാഭ്യാസ കാലത്തുതന്നെ ചെറുകഥകൾ എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയ അച്ചെബെയുടെ ആദ്യനോവലാണ്‌ 'Things Fal!Apart(1958 അതിന്‌ തുടർച്ചയായി No Longer at Ease(1960) ഉം 1964 ൽ Arrow of God ഉം പ്രസിദ്ധീകരിച്ചു. A Man of the People (1966) Anthills of Savannah തുടങ്ങി നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിങ്ങനെ നിരവധി കൃതികൾ ചിനുവ അച്ചെബെയുടെ വകയായിട്ടുണ്ട്‌.
നൈജീരിയ, ബ്രിട്ടൻ, യു.എസ്‌.എ. കനഡ എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഇരുപതോളം ഓണററി ഡോക്‌ടറേറ്റുകളടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1987ൽ നൈജീരിയയിലെ പരമോന്നത ബഹുമതിയായ നൈജീരിയൻ നാഷണൽ മെറിറ്റ്‌ അവാർഡിന്നർഹനായി.

സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ആഫ്രിക്കൻ റൈറ്റേർസ്‌ സീരിസ്‌ എന്ന പദ്ധതിയുടെ ആദ്യകാല എഡിറ്റർ എന്ന നിലയിൽ മറ്റ്‌ ആഫ്രിക്കൻ എഴുത്തുക്കാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിലും ശ്രീ ചിനുവ അച്ചെബെ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്‌

ഫ്ലാറ്റും കേരളവും

ഈ ഫ്ലാറ്റ് എന്നു പറയുന്നത് എന്താണെന്നറിയാതിരുന്ന ഒരു കേരളമുണ്ടായിരുന്നു, ഒരുപാട് പിന്നിലല്ലാതെ. ഒരുപാട് മുന്നിലേക്കു പോകാതെ തന്നെ ഒറ്റവീട് എന്താണെന്നറിയാത്ത ഒരു കേരളമുണ്ടായേയ്ക്കാം

Thursday, November 6, 2014

Missing Person

Missing Person by Patrick Modiano tells the story of a private investigator's investigation into his own past after partial loss of memory in the background of Germany's occupation of France during II World war. He has lost memory of everything including his own name. Though the subject harks back to existentialist writings of Camus, Kafka, Sartre.. the style is totally different without any philosophizing- 'deceptively simple', direct, matter of fact. He picks up bits and pieces from characters who shared the same experiences as well as links to other characters and thus the story moves on. Unlike traditional investigative stories, the novel doesn't lead to a satisfactory conclusion with all the questions answered but is left open ended with a hopeless resignation. A unique reading experience, indeed!

101 Haikus

Tuesday, August 12, 2014

വിദ്യാര്‍ത്ഥിരാഷ്ട്രീയം



'പഠിക്കാന്‍ സമ്മതിച്ചാല്‍ പഠിപ്പുമുടക്കെന്തിന്‌?' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ. വി ശിവദാസിന്റെ ചിന്താര്‍ഹമായ ലേഖനം . വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയത്തിന്റേയും പഠിപ്പുമുടക്കിന്റേയും പ്രസക്തിയെക്കുറിച്ച് സ്വതന്ത്രവും സന്തുലിതവുമായ അഭിപ്രായരൂപീകരണത്തിനു സഹായകമാവുന്ന ഒരു ലേഖനം .

വിദ്യാഭ്യാസരംഗമാകെ കൊള്ളലാഭത്തിലധിഷ്ഠിതമായ വാണിജ്യവല്ക്കരണത്തിന്റെ കരാളഹസ്തത്തിന്റെ പിടിയില്ക്കിടന്ന് പിടയുമ്പോള്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‌ ഏറെ പ്രസക്തിയുണ്ട്. അതേ സമയം വിദ്യാര്‍ത്ഥിസമൂഹത്തിന്റെ വമ്പിച്ച യുവശക്തി ജാതിമതകക്ഷിരാഷ്ട്രീയ ദിശകളില്‍ വേര്‍പിരിഞ്ഞ് ഛിന്നഭിന്നമാവുമ്പോള്‍ വിദ്യാഭ്യാസരംഗത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് അത് വഴിമാറി യുക്തിരഹിതമായ ഹിംസയുടേയും നശീകരണത്തിന്റേയും പാതയില്‍ എത്തിപ്പെടുന്നു. പരസ്പര ആക്രമണവും പൊതുമുതല്‍ (സ്വകാര്യ മുതലും ) നശിപ്പിക്കലും ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
അതേസമയം രാഷ്ട്രീയരാഹിത്യം ലഹരി, ലൈംഗികത, വര്‍ഗ്ഗീയത തുടങ്ങിയ അനാശാസ്യ പ്രവണതകളിലേക്ക് യുവാക്കളുടെ കര്‍മ്മശേഷി തിരിച്ചുവിടുമെന്നത് തര്‍ക്കമറ്റ വിഷയമാണ്‌. അത് സാമൂഹികചിന്തകളില്‍ നിന്നും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, ഭാവിപൌരന്‍ എന്ന നിലയ്ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ അവരെ അപ്രാപ്തരാക്കുന്നു.

Sunday, August 3, 2014

One Hundred Years of Solitude



വര്‍ഷങ്ങള്‍ക്കുമുമ്പ് പകുതി വെച്ച് ഉപേക്ഷിച്ച One Hundred Years of Solitude ന്റെ ഇംഗ്ളീഷ് വിവര്‍ത്തനം വീണ്ടും വായിച്ചു . അപാരം ! ഏകാന്തതയും മരണവും കൊടികുത്തി വാഴുന്ന അത്ഭുതകരമായ രചന തന്നെ. എത്ര എത്ര കഥാപാത്രങ്ങള്‍ , നിരീക്ഷണങ്ങള്‍, കല്പനകള്‍. വിവരണങ്ങള്‍ ! വാക്കുകള്‍ കൊണ്ടുള്ള മായാജാലം .

വിവര്‍ത്തനം എന്നു തോന്നാത്ത വിധത്തിലുള്ള പരിഭാഷ. അപ്പോള്‍ ഇത് സ്പാനിഷില്‍ എങ്ങനെയായിരിക്കും എന്ന് അതിയായ ജിജ്ഞാസ. മലയാള വിവര്‍ത്തനം എങ്ങനെയാണാവോ? ഇത്രയും സാന്ദ്രമായി മലയാളത്തിലേക്ക് മൊഴിമാറ്റം സാദ്ധ്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല. പത്തൊമ്പതാം അദ്ധ്യായം മുതല്‍ ഒരു പുതുതുടക്കം പോലെ തുടരുന്ന നോവല്‍ അമരാന്ത ഉര്‍സുലയുടെ മരണം വരെ അല്പം പൈങ്കിളിയായില്ലേ എന്നൊരു സംശയം .
പൊതുവെ എല്ലാവരുടേയും അന്ത്യം വരെ പിന്തുടരുന്ന കഥ റെനാറ്റയെ മഠത്തില്‍ ഉപേക്ഷിച്ചതിനു ശേഷം ഒന്നും പറയുന്നില്ല എന്നതു ശരിയല്ലേ ?

Aureliano had finished classifying the alphabet of the parchments, so that when Melquíades asked him if he had discovered the language in which they had been written he did not hesitate to answer.
“Sanskrit,” he said.
-One Hundred Years of Solitude

As soon as José Arcadio closed the bedroom door the sound of a pistol shot echoed through the house. A trickle of blood came out under the door, crossed the living room, went out into the street, continued on in a straight line across the uneven terraces, went down steps and climbed over curbs, passed along the Street of the Turks, turned a corner to the right and another to the left, made a right angle at the Buendía house, went in under the closed door, crossed through the parlor, hugging the walls so as not to stain the rugs, went on to the other living room, made a wide curve to avoid the dining-room table, went along the porch with the begonias, and passed without being seen under Amaranta's chair as she gave an arithmetic lesson to Aureliano José , and went through the pantry and came out in the kitchen, where Úrsula was getting ready to crack thirty six eggs to make bread.
-One Hundred Years of Solitude(Marquez)

http://www.oprah.com/oprahsbookclub/Characters-The-Buendia-Family

Wednesday, July 30, 2014

ഭാവിസാഹിത്യം


വായിൽ തോന്നുന്നതെല്ലാം എഴുതുക(പറഞ്ഞാൽ മതി കമ്പ്യൂട്ടർ എഴുതിക്കോളും), എന്നിട്ട് അത് ഒരു എഴുത്ത് സോഫ്റ്റ്‌വെയറിനു സമർപ്പിക്കുക കഥ, കവിത, ലേഖനം, യാത്രാവിവരണം എന്നിങ്ങനെ ഏതുവേണമെന്ന് നിർദ്ദേശിക്കാം. ഏതാനും മിനുട്ടുകൾക്കുള്ളിൽ പറഞ്ഞ സാധനം അതിമനോഹരരൂപത്തിൽ പുറത്തുവരുന്നു. അതിനെ വെറുതെ ഇന്റർനെറ്റിലേക്ക് പറത്തി വിടുന്നു. ലക്ഷക്കണക്കിന്‌ കഥകളും കവിതകളും തുമ്പികളെപ്പോലെ ഇന്റർനെറ്റിൽ പറന്നു നടക്കുന്നു. കടലാസില്ല, മഷിയില്ല, അച്ചടിയില്ല, പ്രസാധകരില്ല, പകർപ്പവകാശമില്ല. സർവസ്വതന്ത്രം . 

Monday, July 21, 2014

മലയാളം സിനിമകളും ഇംഗ്ളീഷ് പേരുകളും 



മലയാളം പേരുകള്‍ ഇടാത്ത മലയാള സിനികള്‍ക്ക് സബ്സിഡി നല്‍കേണ്ടെന്ന് സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി.

സിനിമയുടെ വിഷയത്തിന്‌ അത്യാവശ്യമാണെങ്കില്‍ മാത്രം ഇംഗ്ളീഷ് പേരുകള്‍ ഉപയോഗിക്കുക. വെറും ജാഡയ്ക്കും പൊങ്ങച്ചത്തിനും പുതുതലമുറ നാട്യത്തിനും വേണ്ടി മാത്രം അങ്ങനെ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതു തന്നെ. എന്നാല്‍ അത്തരമൊരു ഔചിത്യബോധം സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതാണ്‌. നിയമം കൊണ്ടുവരുന്നതിനു മുമ്പ് അത്തരം ബോധവത്കരണപ്രചരണങ്ങള്‍ നടത്തുന്നതു നല്ലതാണ്! എന്നാല്‍ കൂടുതല്‍ നല്ലത് സിനിമാസംഘടനകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിന്റെ പരിഹാസ്യത സ്വയം മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കുകയുമാണ്‌ .
ഇതു ഭാഷയുടെ പ്രശ്നത്തേക്കാള്‍ അന്ധമായ അനുകരണത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, ഔചിത്യമില്ലായ്മയുടെ എല്ലാം പ്രശ്നമാണ്‌. ഇത്തരം പേരിട്ടാല്‍ ആധുനികമായി, പരിഷ്ക്കാരമായി എന്ന അറുപഴഞ്ചന്‍ ചിന്താഗതിയാണ്‌ ഇതിനു പിന്നില്‍ .