പാശ്ചാത്യർ വന്നു കയറിയ രാജ്യങ്ങളിലെല്ലാം പ്രാദേശികമായതെല്ലാം പഴഞ്ചനും പ്രാകൃതവുമാണെന്ന ഒരു മനോഭാവം സ്വയം കൈക്കൊള്ളുകയും, പുറം മോടികൊണ്ടും മൃഗീയശക്തികൊണ്ടും കുടില നിയമങ്ങൾകൊണ്ടും നാട്ടുകാരിൽ അടിച്ചേല്പിക്കുകയും ചെയ്തിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പുറംമോടിക്കോ വൻ പ്രചാരണത്തിനോ സ്വതവേ വലിയ താല്പര്യം (ഇന്നും) കാണിക്കാത്ത ഇന്ത്യൻ പ്രകൃതം ഈ വിദേശ ശക്തികൾക്ക് അഴിഞ്ഞാടാൻ വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുത്തു. അക്കാലത്ത് ലോകോത്തരമായിരുന്ന ഇന്ത്യയിലെ തുണി നെയ്ത്തു വ്യവസായം ബ്രിട്ടീഷുകാർ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പാടേ തകർത്തത് സുവിദിതമാണല്ലോ. നമ്മുടെ തനതായ വാസ്തുവിദ്യ, കപ്പൽനിർമ്മാണം, ആയുർവ്വേദം, യോഗ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. നൂറ്റാണ്ടുകളായുള്ള കോളനിഭരണം തളർത്തിയ ഇന്ത്യൻ സ്വത്വം ഇപ്പോഴും കൊളോണിയൽ മാനസികാവസ്ഥയിൽനിന്നു തീർത്തും മോചിതരായിട്ടില്ല എന്നത് നിർഭാഗ്യകരമായ സത്യമാണ്. ഈ സാഹചര്യത്തിൽ, നമുക്ക് നഷ്ടപ്പെട്ടതെന്തെല്ലാമാണ് എന്ന അന്വേഷണത്തെപ്പറ്റിയുള്ള ഇത്തരം ലേഖനങ്ങളുടെ ഒരു പരമ്പരതന്നെ പ്രസിദ്ധീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു വിശ്വസിക്കുന്നു. ഒരു കാലത്ത് വ്യാവസായിക മുന്നേറ്റത്തിന്റെ നട്ടെല്ലായിരുന്ന ഗുണമേന്മയേറിയ ഇരുമ്പുരുക്കു സാങ്കേതികവിദ്യ നമുക്കു നഷ്ടപ്പെട്ടതെങ്ങനെ എന്ന കണ്ണു തുറപ്പിക്കുന്ന ഈ ലേഖനം പ്രസിദ്ധീകരിച്ച ലേഖകനും മാതൃഭൂമിക്കും വളരെ നന്ദി. ലേഖനത്തിൽ സൂചിപ്പിച്ച സ്ഥലങ്ങളുടെ സമീപപ്രദേശത്തു ജനിച്ചുവളർന്ന ഈയുള്ളവന് ഇങ്ങനെയൊരു നിർമ്മിതിയെക്കുറിച്ചു കേട്ടറിവു പോലുമുണ്ടായിരുന്നില്ല. ഇനിയും ഇത്തരം ലേഖനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വെളിച്ചം കാണട്ടെ എന്നാശിക്കുന്നു.
15/3/23
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 2-8ൽ പ്രസിദ്ധീകരിച്ചു
No comments:
Post a Comment