രാത്രിയുടെ ഇരുളിൽ പരക്കുന്ന അഭൗമമായ പ്രകാശത്തിൽ, മറ്റെല്ലാ കാഴ്ചകളും ശ്രദ്ധയിൽനിന്ന് മാറ്റി നിർത്തിക്കൊണ്ട് ഏകാഗ്രമായ ഭാവനയെ പരമാവധി ഉദ്ദീപിപ്പിക്കുന്ന വിധത്തിലാണ് കഥകളി അവതരിപ്പിക്കുന്നത്. ഇവിടെ വിളക്കുണ്ട് , പക്ഷേ, വിളക്കിന്റെ പ്രകാശമില്ല. കഥകളിയുണ്ട്, എന്നാൽ, കാണുന്നത് മറ്റ് ഒരുപാട് അലങ്കോലമായ കാഴ്ചകളാണ്. ചുരുക്കത്തിൽ, കഥകളിയുടെ ആത്മാവിന് കത്തി വെക്കുന്ന ഒരു പ്രദർശനം.
Search This Blog
Tuesday, September 13, 2022
Sunday, September 11, 2022
പുസ്തകപരിചയം: Afterlives - Abdulrazak Gurnah
2021ലെ നോബൽ പുരസ്കാരജേതാവായ അബ്ദുറസാക്ക് ഗുർണയുടെ Afterlives എന്ന നോവൽ വളരെ പ്രതീക്ഷയോടെയാണ് വാങ്ങി വായിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, തീർത്തും നിരാശാജനകമായിരുന്നു ഫലം. വികലവും അനുപാതരഹിതവുമായ ഒരു ഘടനയാണ് നോവൽ ഉടനീളം പുലർത്തുന്നത്.
20ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കഥ നടക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ കിഴക്കനാഫ്രിക്കയിലെ ജർമ്മൻ/ബ്രിട്ടീഷ് സംഘർഷങ്ങൾ കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.
ആദ്യം ഖലീഫ എന്ന ഒരു ഇന്ത്യൻ വംശജന്റെ ജീവിതം പിന്തുടർന്ന്, അയാൾ കിഴക്കനാഫ്രിക്കയിലെ ഒരു കച്ചവടക്കാരന്റെ ചെറിയ കമ്പനിയിൽ ചേരുന്നതും അയാളുടെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന സഹോദരി മരിച്ചപ്പോൾ അനാഥയായ അവരുടെ മകൾ ആഷയെ കച്ചവടക്കാരന്റെ പ്രേരണയിൽ വിവാഹം ചെയ്യുന്നതും മറ്റും വിവരിക്കുന്നു. കച്ചവടക്കാരൻ മരിക്കുമ്പോൾ മകൻ നാസർ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നു. അവരുടെ വീടിനടുത്ത വീട്ടിലാണ് ഖലീഫയുടെ കുടുംബവും താമസിക്കുന്നത്.
പിന്നെ, ഇല്യാസിന്റെ കഥയായി. ഒരു ശുപാർശക്കത്തുമായി വരുന്ന അയാൾക്ക് ഒരു ജർമ്മൻകമ്പനിയിൽ ജോലി കിട്ടുന്നു. കുടുംബത്തിൽ രക്ഷിതാക്കൾ മരിച്ചപ്പോൾ ഒറ്റയ്ക്കായ ആഫിയ എന്ന സഹോദരിയെ ഒരു ബന്ധുവിന്റെ കൂടെയാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ബന്ധു അവളോടു ക്രൂരമായി പെരുമാറുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഖലീഫയുമായി സൗഹൃദത്തിലായ ഇല്യാസ് ഈ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവളെ തന്റെ കൂടെ താമസിക്കാനനുവദിക്കുന്നു.
പെട്ടെന്ന് ഒരു ബോധോദയംപോലെ ഇല്യാസ് കമ്പനിയിലെജോലിയുപേക്ഷിച്ച് ജർമ്മൻ സൈന്യത്തിൽ ചേരാൻ പോകുന്നു. പിന്നീട് അയാളെപ്പറ്റി നോവലവസാനംവരെ യാതൊരു വിവരവുമില്ല. എന്നാൽ, യുദ്ധകാലത്ത് അയാൾ ആ പ്രദേശത്തെല്ലാമുണ്ടായിരുന്നു എന്ന് നോവലിന്റെ അവസാനത്തിൽ പറയുന്നുണ്ട്.
പിന്നീട് വരുന്നത് ജർമ്മൻ സൈന്യത്തിൽ ഒരു പ്രാദേശിക സൈനികനായ ഹംസയുടെ കഥയാണ്. സുദീർഘമായ ജർമ്മൻ/ബ്രിട്ടീഷ് യുദ്ധവിവരണമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ. അയാൾ ഉന്നത സൈനികോദ്യോഗസ്ഥന്റെ പ്രീതി നേടിയെടുക്കുകയും അദ്ദേഹം കുറേശ്ശെയായി അയാളെ ജർമ്മൻ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം മറ്റൊരു കീഴുദ്യോഗസ്ഥനെ അസൂയാലുവാക്കുന്നു. യുദ്ധാവസാനം തോറ്റു പിൻവാങ്ങവേ ഗ്രൂപ്പിന്റെ തലവൻ അയാളെ വെട്ടി പരിക്കേല്പിക്കുന്നു. ഒരു ജർമ്മൻ ഫാദറും കുടുംബവും അയാളെ ശുശ്രൂഷിച്ചു സുഖപ്പെടുത്തുന്നു. യുദ്ധാനന്തരം സ്വന്തം വീടന്വേഷിച്ചു കണ്ടെത്തുന്നതിൽ പരാജയപ്പെട്ട അയാൾ ഖലീഫയുടെ വീടിന്റെ ഭാഗമായ ഒരു ഷെഡ്ഡിൽ താമസിക്കുകയും പതുക്കെ കമ്പനിയിലെ മരപ്പണിക്കാരനാവുകയും ചെയ്യുന്നു. തുടർന്ന് ഇല്യാസിന്റെ സഹോദരി ആഫിയയുമായി പ്രണയത്തിലാവുന്നു. പരിചയമായി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തനെ വളരെ നിസ്സാരമായി ആ ഷെഡ്ഡിൽവച്ചുതന്നെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് സായിപ്പിനെ കടത്തിവെട്ടുന്ന രീതിയായി. പിന്നീട് അവർ വിവാഹം ചെയ്യുകയും ഖലീഫയുടെ വീട്ടിലേക്കു താമസംമാറ്റുകയും ചെയ്യുന്നു. അവർക്ക് ഒരു മകൻ ജനിക്കുകയും അവന് കാണാതായ അമ്മാമൻ ഇല്യാസിന്റെ പേരുതന്നെ നല്കുകയും ചെയ്യുന്നു. അവന്റെ ബാല്യകാലത്തെ സ്വഭാവസവിശേഷതകൾക്കൊന്നും നോവലിൽ വലിയ പ്രസക്തിയില്ല.
ഇല്യാസ് ഉന്നതവിദ്യാഭ്യാസം നേടുകയും ഗവേഷണാർത്ഥം ജർമ്മനിയിലേക്കു പോവുകയും ചെയ്യുന്നു. അവിടെ വെച്ച് ഗവേഷണത്തിന്റെ ഭാഗമായി തന്റെ അച്ഛനെ ശുശ്രൂഷിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന പാതിരികുടുംബത്തെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് തന്റെ അമ്മാമനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഒടുവിൽ, അയാൾ നാസികളുടെ പിടിയിലാവുകയും കോൺസൻട്രേഷൻ കാമ്പിൽ കൊല്ലപ്പെടുകയും ചെയ്തു എന്ന് മനസ്സിലാവുന്നു.
നോബൽ പ്രൈസ് ലഭിച്ച ഒരു എഴുത്തുകാരനിൽനിന്നുള്ള ഒരു നോവൽ എന്ന നിലയിൽ ഇത് തീർത്തും നിരാശപ്പെടുത്തി. ഒരുപാട് വിവരണങ്ങൾ നോവലിൽ അധികപ്പറ്റായി തോന്നി. വാസ്തവത്തിൽ, നോവലിലെ അവസാനത്തെ അദ്ധ്യായം നിയന്ത്രിതമായി ഒന്ന് വികസിപ്പിച്ചാൽ നല്ല നോവലാവുമായിരുന്നു എന്നു തോന്നിപ്പോകുന്നു.
ദോഷം പറയരുതല്ലോ, പുസ്തകത്തിന്റെ കവറിൽ നിറയെ പത്രപ്രവർത്തക തമ്പുരാക്കന്മാരുടെ സ്തുതിഗീതങ്ങളാണ്. ഇവരുടെയെല്ലാം ആസ്വാദന നിലവാരം അപാരംതന്നെ എന്നല്ലാതെ എന്തു പറയാൻ!
11/9/22
Subscribe to:
Posts (Atom)