ഇതിവൃത്തംകൊണ്ടും ശൈലികൊണ്ടും മലയാള ഭാഷയെ ശരിക്കും പിടിച്ചുകുലുക്കിയ രണ്ടു കൃതികളാണ് മാടമ്പിന്റെ അശ്വത്ഥാമാവും ഭ്രഷ്ടും. എന്നാൽ, പൊതുധാരയിൽനിന്ന് വ്യത്യസ്തമായ ജീവിതശൈലികൊണ്ട് പൊതുവെ അല്പം മാറിനില്ക്കുന്ന നമ്പൂതിരിസമുദായത്തെ കേന്ദ്രീകരിച്ചുള്ള അല്പം അസാധാരണ പ്രമേയമായതിനാൽ അവ ശരാശരി നമ്പൂതിരിസമുദായത്തിൽപ്പെട്ടവർതന്നെ അർഹിക്കുന്ന വിധത്തിൽ മനസ്സിലാക്കുകയും അറിഞ്ഞാസ്വദിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അപ്പോൾപ്പിന്നെ പൊതുസമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം, പ്രത്യേകിച്ചും അറുപതുകളും എഴുപതുകളും, ലോകമാകെത്തന്നെ മാറ്റങ്ങളുടെ സവിശേഷ കാലഘട്ടമായിരുന്നു. അരാജകത്വം, വ്യവസ്ഥാപിതമൂല്യങ്ങളോടുള്ള വെറുപ്പ് പ്രതിഷേധം, ലഹരി, ലൈംഗികത, ഹിപ്പിയിസം, വ്യക്തികളിലേക്കൊതുങ്ങുന്ന അന്തർമുഖത്വം, നിരാശാബോധം, കുറച്ചുകൂടി ഉയർന്നതലത്തിൽ അസ്തിത്വവാദം എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ മുഖമുദ്രകളായിരുന്നു.
അക്കാലത്ത് രചിക്കപ്പെട്ട അശ്വത്ഥാമാവ് എന്ന നോവൽ സ്വാഭാവികമായും ആ കാലഘട്ടത്തിന്റെ സവിശേഷതകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ, അശ്വത്ഥാമാവ് എന്ന നോവലിനെ വേറിട്ടു നിർത്തുന്നത് മാടമ്പ് അത് ആവിഷ്കരിക്കുന്ന സ്വത:സിദ്ധമായ, സ്ഫുടം ചെയ്ത ഭാഷയാണ്. അന്നു വരെ മലയാളം കണ്ടിട്ടില്ലാത്ത, വജ്രത്തിന്റെ മൂർച്ചയുള്ള ഭാഷയാണ് അദ്ദേഹം അശ്വത്ഥാമാവിലും ഭ്രഷ്ടിലും കൈരളിക്കു കാഴ്ചവെക്കുന്നത്.
ഓണം ഉത്രാടംനാൾ ഗൾഫിലേക്ക് കള്ളലോഞ്ച് കയറാൻ കടൽത്തീരത്തു കാത്തുനില്ക്കുന്ന കഞ്ചുണ്ണിയിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനമായ തിരുവോണത്തിന്റെ തലേദിവസമാണ് കുഞ്ചുണ്ണി ജീവിതത്തിൽ പരാജയപ്പെട്ട് ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നതിൽനിന്നുതന്നെ ദുരന്തത്തിന്റെയും വൈരുദ്ധ്യങ്ങളുടെയും സൂചനയാരംഭിക്കുന്നു. കുഞ്ചുണ്ണിയുടെ ചിന്തയിലൂടെയാണ് നോവൽ വികസിക്കുന്നത്. ഒടുവിൽ, കടപ്പുറത്തിന്റെ വർത്തമാനകാലത്തിൽത്തന്നെ നോവൽ അവസാനിക്കുകയും ചെയ്യുന്നു.
സ്ഥലത്തെ അതിസമ്പന്നരായ വല്യേടത്ത് എന്ന ആഢ്യകുടുംബത്തിന്റെ അയൽവാസിയും ആശ്രിതരുമാണ് കുഞ്ചുണ്ണിയുടെ കുടുംബമായ പുല്ലാശ്ശേരി മന. അവിടത്തെ വിവിധങ്ങളായ ജോലികൾ ചെയ്താണ് കുഞ്ചുണ്ണിയുടെ കുടുംബം പുലരുന്നത്.
അവിടത്തെ വല്യമ്പുരിയുടെ മകൾ ഉണ്യേമയോട് സ്വന്തം അനുജത്തിയെന്നപോലെ പെരുമാറുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
കുഞ്ചുണ്ണിയും സഹോദരന്മാരായ കുട്ടനും അപ്പുവും നല്ലവണ്ണം പഠിച്ച് ഉന്നതവിദ്യാഭ്യാസം സമ്പാദിക്കുന്നു. കുഞ്ചുണ്ണി വല്യേടത്തു വക കോളേജിൽ അദ്ധ്യാപകനാവുന്നു.
താൻപോരിമയുടെ ആ കാലത്താണ് കുഞ്ചുണ്ണിയിലെ നിഷേധിയും അരാജകവാദിയും ഉണരുന്നത്.
ആയിടയ്ക്കാണ് വലിയൊരു ജന്മി കുടുംബത്തിൽനിന്ന് കുഞ്ചുണ്ണി വേളി കഴിക്കുന്നത്. ആദ്യരാത്രിയിൽത്തന്നെ വധുവിന് അപസ്മാരബാധയുണ്ടാവുന്നു. അതു കുഞ്ചുണ്ണിക്ക് വലിയൊരു പ്രഹരമായി.
ക്രമേണ സ്വന്തം കുടുംബത്തെ പാടെ അവഗണിച്ചു കൊണ്ട് കുഞ്ചുണ്ണി മദ്യാസക്തിയിലേക്കും വേശ്യാബന്ധങ്ങളിലേക്കും കൂപ്പുകുത്തുന്നു. അങ്ങനെ അയാൾ ഒരു ദുരന്ത നായകനായി മാറുന്നു.
'പാപഗ്രഹങ്ങൾ പാപസ്ഥാനത്ത് പാപദൃഷ്ടിയോടെ നില്ക്കുമ്പോഴാണ് കുഞ്ചുണ്ണി പിറന്നത്.'
എങ്കിലും അവയുടെ അപഹാരത്താൽ അയാൾ ഗുരുവായി, എഴുത്തുകാരനായി, ബുദ്ധിജീവിയായി ജ്വലിച്ചുനിന്നു.
അമ്മിണിയും രാധയും കാർത്തുവും സിസിലിയും വാറ്റുചാരായവും വിദേശിയും പാപഗ്രഹത്തിന്റെ കരാള കാന്തിയുടെ ആകർഷണത്തിൽ കുടുങ്ങി കുഞ്ചുണ്ണിയുടെ ജീവിതത്തിലരങ്ങേറി.
കാർത്തു മിസ് മേനകയായി. ഉണ്യേമ ഒഴിഞ്ഞു മാറി. ഒടുവിൽ ദാമ്പത്യം തകർന്നു, അർബ്ബുദരോഗിയായി.
രണ്ടു തവണ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു.
വലിയ തറവാട്ടിൽ പിറന്നിട്ടും അമ്മ നല്കിയ വീണമാത്രം ആശ്രയമായ അപസ്മാര രോഗിയായ ഭാര്യ ഇട്ടിച്ചിരി നിസ്സംഗയായി എല്ലാറ്റിനും സാക്ഷിയായി. ഒടുവിൽ, എല്ലാവർക്കും ആശ്രയമായി.
പാശ്ചാത്യ അസ്തിത്വദു:ഖിതരെപ്പോലെ കുഞ്ചുണ്ണി ഒറ്റയ്ക്കായിരുന്നില്ല. ജന്മജന്മാന്തര പാപപുണ്യങ്ങൾ, കർമ്മഫലങ്ങൾ അയാൾക്ക് അകമ്പടി സേവിച്ചു. പാപഗ്രസ്തനായി, ചിരംജീവിയായ അശ്വത്ഥാമാവ് തേർ തെളിച്ചു.
അങ്ങനെ അത് പാശ്ചാത്യ അസ്തിത്വവാദത്തിന്റെ ഇന്ത്യൻ പതിപ്പായി മാറി എന്നു പറയാം.
സുന്ദരിമാർക്ക് ആരാധനാമൂർത്തിയായി, പുരുഷന്മാർക്ക് ചതുർത്ഥിയായി. സ്ത്രീകൾക്ക് അഭീഷ്ടം നല്കുന്നതിൽ നിസ്സഹായനായി, പുരുഷന്മാരെ അടിച്ചൊതുക്കി. ചിലപ്പോൾ വാക്കുകൊണ്ട്, ചിലപ്പോൾ മുഷ്ടികൊണ്ട്. സക്കറിയയെ, സത്സംഗം കർത്താവിനെ.
ഉറക്കഗുളികകളെപ്പറ്റി മൂന്നു തവണ പരാമർശമുണ്ടെങ്കിലും ആരും ആത്മഹത്യ ചെയ്യുന്നില്ല, വല്യേടത്തെ വല്യമ്പൂരിയുടെ രണ്ടാംവേളി നങ്ങേമയൊഴിച്ച്. അതോ, ഇല്ലത്തെ സ്വത്തിനവകാശിയായി പുരുഷസന്തതിക്കായി രണ്ടാംവേളി കഴിക്കാൻ വേണ്ടി ആദ്യഭാര്യയെ സൂത്രത്തിൽ ഭ്രഷ്ടാക്കി കൊന്നതിനുശേഷം കൊണ്ടുവന്ന നങ്ങേമ, താനതിനു തയ്യാറല്ല എന്നുറപ്പിക്കാനാണ് അതു ചെയ്തത്.
ഇടയ്ക്ക് എല്ലാം നിർത്തി നല്ല കുട്ടിയാവാൻ ശ്രമിച്ചു. എന്നാൽ, പന്ത്രണ്ടിൽ വ്യാഴം സമ്മതിച്ചില്ല. വീണ്ടും ഇരുട്ടിലേക്കൂളിയിട്ടു.
സാംഖ്യശാസ്ത്രവും ശാങ്കരവേദാന്തവും തമ്മിലൊരു താരതമ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അനുജൻ അപ്പു അമേരിക്കയിൽ കോളേജദ്ധ്യാപകൻ. കുട്ടൻ ഡോക്ടറായി വടക്കേ ഇന്ത്യയിൽ. അവിടത്തുകാരി ഡോക്ടറെ വിവാഹം ചെയ്തു. അവർ അവരുടെ പാട്ടിനു പോകാൻ തുടങ്ങി. ഒടുവിൽ, വിവാഹമോചനം എന്നുറപ്പിച്ച് കുട്ടൻ. അപ്പോഴും ഇട്ടിച്ചിരിയായിരുന്നു അനുരഞ്ജന ശ്രമത്തിനായി ഒരുങ്ങിപ്പുറപ്പെട്ടത്. വടക്കേ ഇന്ത്യക്കാരി മുണ്ടും വേഷ്ടിയുമുടുത്തു. വാൽക്കണ്ണാടിയും വരക്കുറിയുമായി കറുകമാലയും കണ്മഷിയുമണിഞ്ഞു. കുട്ടൻ തോറ്റു.
ഉണ്യേമയും നങ്ങേമയും ഇട്ടിച്ചിരിയുടെ ചങ്ങാത്തം കൊതിച്ചു. വീണ പഠിച്ചു. അപ്പു അമേരിക്കയിൽനിന്നു വന്ന് അഭിവാദ്യം ചെയ്തു.
കുഞ്ചുണ്ണിക്ക് സന്തതി പിറന്നു. ചെറിയ കുട്ടൻ. ഇട്ടിച്ചിരിക്കും ഉണ്യേമയ്ക്കും മകനായി.
കുഞ്ചുണ്ണി രൗദ്രതാളത്തിൽ ചരിച്ചപ്പോൾ ഇട്ടിച്ചിരി നിസ്സംഗമായി ശമനതാളം സ്വീകരിച്ചു.
കുഞ്ചുണ്ണി ഇട്ടിച്ചിരിയുടെ വീണാഗാനത്തിനായി കൊതിച്ചു.
ഒടുവിൽ, പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി ഗ്രഹപ്പിഴകൾ സൃഷ്ടിച്ച തന്റെ ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങി കണ്ടകശ്ശനി തീർക്കാൻ ഏഴാം കടലിനക്കരേയ്ക്ക് യാത്രയാവാനൊരുങ്ങുന്നു. ഹസ്സൻ കുട്ടി എല്ലാം ഏറ്റിട്ടുണ്ട്. അഞ്ഞൂറു രൂപ കൊടുത്താൽ മതി.
ഈ ചെറുകൃതിയിൽ എത്രയെത്ര കഥാപാത്രങ്ങൾ! എല്ലാവർക്കും അവരുടേതായ കഥകളുണ്ട്. അവയെല്ലാം ഏതാനും വാചകങ്ങൾകൊണ്ടോ സൂചനകൾകൊണ്ടോ കോറിയിട്ട്, പരസ്പരം ഇണക്കിച്ചേർത്ത് ചെത്തിമിനുക്കിയ വജ്രംപോലെ മനോഹരമായ ഒരു രചനാശില്പം ഒരുക്കിത്തീർത്ത നോവലിസ്റ്റിന്റെ കരവിരുതും കയ്യടക്കവും അപാരംതന്നെയെന്നേ പറയാനാവൂ.
കുഞ്ചുണ്ണി എം.എ., എൽ എൽ ബിയിലെ എൽ എൽ ബി അല്പം അധികപ്പറ്റായില്ലേ എന്നു സംശയിക്കേണ്ടിയിരുന്നു. നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിത്വമാണ് കുഞ്ചുണ്ണി. എൽ എൽ ബി പഠിച്ച കുഞ്ചുണ്ണി ഭാഷാദ്ധ്യാപകനായാണ് ജോലി ചെയ്യുന്നത്. അവസാനത്തെ അദ്ധ്യായത്തിൽ വക്കീൽജോലിയെപ്പറ്റി ഒരു പരാമർശമുണ്ടെന്നതൊഴിച്ചാൽ നോവലിൽ മറ്റെവിടേയും അങ്ങനെയൊരു സൂചനയില്ല. അതേസമയം, സണ്ണിയുടെ ഡബിൾ എം.എയാണ് കുഞ്ചുണ്ണിക്കു കൂടുതൽ യോജിക്കുക എന്നു തോന്നുന്നു.
അതുപോലെ, കുഞ്ചുണ്ണിയോട് കുഞ്ഞിനു വേണ്ടിയുള്ള ആവർത്തിക്കപ്പെടുന്ന അപേക്ഷകൾ അല്പം അതിഭാവുകത്വം നിറഞ്ഞതായിപ്പോയി.
ഇട്ടിച്ചിരിയുടെ കാര്യം അന്വേഷിക്കാൻ വേണ്ടി കോളേജിലെത്തിയ അവരുടെ വൃദ്ധനായ അമ്മാമനോട് 'ഷട്ടപ്പ് , ഗെറ്റ് ഔട്' എന്നു പറയുന്നത് അല്പം അല്പത്തരമായില്ലേ എന്നു സംശയം. അശ്വത്ഥാമാവ് സിനിമയിൽ അത് തിരുത്തി 'നമ്പൂരി ഇപ്പോ പൊയ്ക്കോളൂ' എന്നാക്കിയിട്ടുണ്ട്.
മറ്റൊന്നും രചിക്കാതെ, അശ്വത്ഥാമാവിലൂടെ മാടമ്പ് ആദ്യമായി നേരിട്ട് നോവലിലേക്കു പ്രവേശിക്കുകയായിരുന്നു. അതു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീട്, ഭ്രഷ്ട് അടക്കം ഏതാനും നോവലുകൾ കൂടി രചിക്കുകയും നാടകം സിനിമ, ടി വി അവതരണം, ആനവിജ്ഞാനം എന്നിങ്ങനെ പല മേഖലകളിലേക്കും പടർന്നു പന്തലിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ മർമ്മസ്ഥാനമായ എഴുത്തിൽ അദ്ദേഹമർഹിക്കുന്ന അംഗീകാരം ലഭിച്ചുവോ എന്നു സംശയമാണ്.
23/8/22