ദുരന്തത്തിന്റെ ഒരു കരിമേഘപടലം എപ്പോഴും മുഗൾ സാമ്രാജ്യത്തിന്റെ മീതെ തങ്ങിനിന്നിരുന്നു. സാംസ്കാരികമായും സാമ്പത്തികമായും അക്കാലത്തെ, ലോകത്തെത്തന്നെ ഏറ്റവും പ്രബലവും വിപുലവുമായ സാമ്രാജ്യത്വശക്തികളിലൊന്ന് എന്ന നിലയിലും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും വിധിവൈപരീത്യത്തിന്റെ കരാളഹസ്തം അതിനെ എപ്പോഴും പിന്തുടർന്നിരുന്നു. ഇന്ത്യ ആക്രമിച്ചു കീഴടക്കിയ എല്ലാ വിദേശശക്തികളിൽനിന്നും വ്യത്യസ്തമായി ഭാരതീയസംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് അതുമായി ഇണങ്ങിച്ചേരാൻ ശ്രമിച്ചുകൊണ്ട് ഇന്ത്യക്കാരായി ജീവിച്ചുകൊണ്ടാണ് മുഗളന്മാർ ഇന്ത്യ ഭരിച്ചത്. എന്നാൽ, വിചിത്രമെന്നു പറയട്ടെ, മുഗൾ രാജവംശത്തെ നിരന്തരം വേട്ടയാടിയത് പുറംശക്തികളേക്കാൾ രാജകുടുംബത്തിനകത്തു നിന്നുമുയർന്ന ഛിദ്രശക്തികളായിരുന്നു. ഓരോ അധികാരക്കൈമാറ്റവും കുടില തന്ത്രങ്ങളും ചതിയും രക്തച്ചൊരിച്ചിലും അരങ്ങേറിക്കൊണ്ടായിരുന്നു. അതിന്റെ നേർസാക്ഷ്യമാണ് ഷാജഹാന്റെ അന്ത്യകാലത്ത് ആഗ്ര കോട്ടയിൽ ഒപ്പം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ മകൾ ജഹനാരയുടെ അനുഭവക്കുറിപ്പുകൾ.
ഷാജഹാൻ ചക്രവർത്തി രോഗബാധിതനായപ്പോൾ മക്കൾക്കിടയിൽ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരം രൂക്ഷമായി. മൂത്തപുത്രനും കിരീടാവകാശിയുമായ ദാരാ ഷുക്കോവിനെ വഞ്ചനയിലൂടെയും കുടില തന്ത്രത്തിലൂടെയും കീഴടക്കി തലയറുത്ത്, ആഗ്ര കോട്ടയിൽ മകളോടൊപ്പം ബന്ധനസ്ഥനായിരുന്ന പിതാവിന്റെ മുന്നിൽ കാഴ്ചവെച്ചു. ജഹനാരയ്ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു അത്. അതിനെത്തുടർന്നാണ് ഈ എഴുത്ത് തുടങ്ങുന്നത്.
ഇത് പരമ്പരാഗത ശൈലിയിലുള്ള ഒരു ആത്മകഥയാണെന്നു പറയാനാവില്ല. തന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ അധികാരക്കൊതിമൂലം കാട്ടിക്കൂട്ടുന്ന ഘോരമായ ക്രൂരതകളിൽ മനംനൊന്ത് തന്റെ ദുഃഖവും നിരാശയും നിസ്സഹായാവസ്ഥയും അക്ഷരങ്ങളിലേക്കു പകർത്തുകയാണ് ജഹനാര ഇവിടെ ചെയ്യുന്നത്. വസ്തുനിഷ്ഠമായ ജീവിതാഖ്യാനത്തിനു പകരം അവരുടെ ദുഃഖസ്മൃതികളിലൂടെയാണ് വായനക്കാരൻ കടന്നുപോകുന്നത്. ആശാന്റെ ചിന്താവിഷ്ടയായ സീതയെയാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.
അച്ഛനായ ഷാജഹാൻ ചക്രവർത്തിയുടെ വലംകയ്യായി നിന്നുകൊണ്ട് വളരെ വിജയകരമായി രാജ്യകാര്യങ്ങളിൽ ഇടപെട്ടിരുന്ന ജഹനാര ഇപ്പോൾ ആഗ്ര കോട്ടയിൽ അച്ഛനോടൊപ്പം തടങ്ങലിലാണ്.
മുഗൾ സാമ്രാജ്യത്തിന്റെ ഭാവി വാഗ്ദാനമാവുമായിരുന്ന കിരീടാവകാശിയായ മൂത്തപുത്രൻ ദാരാ ഷുക്കോവ് മുഗൾപാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം അംഗീകരിക്കുകയും പഠിക്കുകയും ഹിന്ദുമുസ്ലീം മൈത്രിക്കുവേണ്ടി കഠിനശ്രമം നടത്തുകയും ചെയ്യുന്ന ഒരു മാതൃകാഭരണാധികാരിയാണ്. മാത്രമല്ല, ഉപനിഷത്പോലുള്ള കൃതികൾ പേർഷ്യനിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരൻ കൂടിയാണ്. കൃഷി, തത്വചിന്ത, സംഗീതം ചിത്രകല എന്നിങ്ങനെ പല വ്യത്യസ്ത മേഖലകളിലും അദ്ദേഹത്തിന് ആധികാരിക പാണ്ഡിത്യമുണ്ടായിരുന്നു.
എന്നാൽ, മറ്റു സഹോദരന്മാരായ മുറാദ്, ഔറംഗസേബ്, ഷുജ എന്നിവരെയെല്ലാം എങ്ങിനെയെങ്കിലും പിതാവിൽനിന്ന് ഭരണം തട്ടിയെടുക്കാനുള്ള ചിന്ത മാത്രമാണ് നയിച്ചിരുന്നത്. അതിനാൽത്തന്നെ ദാരയുമായി അവർ ശത്രുതയിലാണ്. അതിൽ വക്രബുദ്ധിയായ ഔറംഗസേബിനും ചെറുതല്ലാത്ത പങ്കുണ്ട്. അവരിൽ ഏറ്റവും കൂടിലബുദ്ധി ഔറംഗസേബ് തന്നെ! വലിയ മതവിശ്വാസിയും ഭക്തനുമെന്ന പൊയ്മുഖമണിഞ്ഞ് മതത്തെ ഒരു ആയുധമാക്കി കൊടിയ വിശ്വാസവഞ്ചനയും കൂടിലതന്ത്രവും പയറ്റി, ഒരു മനസ്സാക്ഷിയുമില്ലാതെ, മതദ്രോഹവും ദേശദ്രോഹവും പ്രവർത്തിച്ചു അധികാരം കൈക്കലാക്കി മുഗൾ സാമ്രാജ്യത്തിനു അപമാനമായി മാറി ഔറംഗസേബ്. വാസ്തവത്തിൽ, മുഗൾസാമ്രാജ്യത്തിലെ അന്തകവിത്തായിരുന്നു അദ്ദേഹം. മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അത്.
ജഹനാര ദാരായ്ക്കു എല്ലാ പിന്തുണയും നൽകിയപ്പോൾ മറ്റൊരു സഹോദരിയായ രോഷൻ ആര കുടിലബുദ്ധിയായ ഔറംഗസേബിനൊപ്പമാണ്.
ഷാജഹാന്റെ സാമന്തനായ രജപുത്ര സേനാനായകൻ ദുലേർ എന്ന് ജഹനാര വിളിക്കുന്ന ഛത്രസാൽ ജഹനാരയുടെ പ്രാണപ്രിയനാണ്. അതേസമയം, ഷാജഹാന്റെ സേനാനായകനായിരുന്ന നജ്വത് ഖാൻ ജഹനാരയെ പ്രണയിക്കുന്നുണ്ടെങ്കിലും ജഹനാര അതു നിരസിക്കുന്നു. ആ പകയിൽ യുദ്ധത്തിനിടയിൽ സ്വപക്ഷക്കാരനായ ഛത്രസാലിനെ വെടിവെച്ചു കൊല്ലുകയും മുറാദാണ് കൊന്നതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
തന്റെ ദുരന്തപര്യാവസായിയായ പ്രണയത്തെക്കുറിച്ച് കരളലിയിക്കുന്ന ഭാഷയിലാണ് ജഹനാര വിവരിക്കുന്നത്. അത് കൃതിയുടെ മുഖ്യ ഭാഗംതന്നെയാണ്.
അധികാരം കാട്ടി പ്രലോഭിപ്പിച്ചും ദാര മതവിരുദ്ധനാണെന്ന് പ്രചരിപ്പിച്ചും മറ്റു സഹോദരന്മാരെ ദാരയ്ക്കെതിരാക്കി. ദാരയുടെ സേനാനായകന്മാരെ വശത്താക്കി യുദ്ധത്തിനിടയിൽ ദാരയുടെ സൈന്യത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്ത് യുദ്ധത്തിൽ ദാരയെ തോല്പിച്ചു.
പിതാവ് ഷാജഹാൻ അന്തരിച്ചു എന്ന് കള്ള വാർത്ത പ്രചരിപ്പിച്ചാണ് ദൽഹിയിൽ അധികാരം പിടിച്ചടക്കാൻ സഹോദരങ്ങളെ പ്രലോഭിപ്പിക്കുന്നത്.
ഷാജഹാൻ രോഗബാധിതനായി ആഗ്ര കോട്ടയിൽ വസിക്കുമ്പോൾ ഔറംഗസേബിന്റെ സൈന്യം കോട്ട വളയുകയും ചക്രവർത്തിയെ കൂടെയുണ്ടായിരുന്ന സഹോദരിമാരടക്കം തടവിലാക്കുകയും ചെയ്തു. എന്നിട്ട്, സഹോദരിമാരായ ജഹനാരയോടും രോഷൻ ആരയോടും തന്നോടൊപ്പം വന്നു കൊള്ളാൻ ക്ഷണിച്ചു. ജഹനാര നിരസിച്ചുവെങ്കിലും രോഷൻ ആര ഔറംഗസേബിനോടൊപ്പം ചേർന്നു.
തുടർന്ന്, പണ്ട് രാജാവാക്കാമെന്ന് ഖുറാൻ തൊട്ട് വാക്കുകൊടുത്ത മുറാദിനെ സ്ഥാനാരോഹണത്തിനെന്ന വ്യാജേന ക്ഷണിച്ചു വരുത്തുകയും ചതിയിൽ തടവിലാക്കുകയും ചെയ്തു. ഒടുവിൽ വിഷം കുടിപ്പിച്ച് വധിച്ചു.
താമസിയാതെ, മറ്റൊരു സഹോദരനായ ഷുജയുമായി യുദ്ധം ചെയ്ത് ചതിപ്രയോഗത്തിലൂടെ തോൽപ്പിച്ചു. പ്രാണരക്ഷാർത്ഥം ബർമ്മയിലേക്കു പലായനം ചെയ്ത ഷുജയെ അവിടത്തെ രാജാവ് പിടികൂടി വധിച്ചു.
സമാനമായ രീതിയിൽ, ദാരയുടെ വിശ്വസ്തനായ സേനനായകനെ പാട്ടിലാക്കി, യുദ്ധത്തിനിടയിൽ കൂറുമാറ്റി ദാരയെ തോല്പിച്ചു. രക്ഷയില്ലാതെ, അദ്ദേഹം പേർഷ്യയിലേക്കു സൈന്യസമേതം പലായനം ചെയ്യുന്നതിനിടയിൽ അഫ്ഘാൻ രാജാവ് പിടികൂടി തടവിലാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച സൈന്യത്തേയും തടവിലാക്കി.
പിന്നാലെയെത്തിയ ഔറംഗസേബ് അവരെ പിടികൂടി. അതിനിടയിൽ, ഭാര്യ നാദിരാ ബീഗം വജ്രം വിഴുങ്ങി ആത്മഹത്യ ചെയ്തു.
ചങ്ങലക്കിട്ട ദാരയെ ദൽഹിയിലേക്കു കൊണ്ടുപോയി വിചാരണ ചെയ്ത് ബിംബാരാധകൻ, ഇസ്ലാമിന്റെ ശത്രു എന്നീ കുറ്റങ്ങൾ ചുമത്തി ഗളഛേദം ചെയ്ത് വധശിക്ഷ നടപ്പാക്കി. എന്നിട്ട് ആ ശിരസ്സ് വൃദ്ധനും രോഗാതുരനും തടവിലാക്കപ്പെട്ടവനുമായ പിതാവ് ഷാജഹാന്റെ മുന്നിൽ കാഴ്ചവെച്ചു.
ഇങ്ങനെ ഇതിഹാസ സമാനമായ ചരിത്രമാണ് ജഹനാര ഹൃദയഭേദകമായ വിധത്തിൽ രേഖപ്പെടുത്തുന്നത്. ആദ്യം അതെല്ലാം നശിപ്പിക്കാനൊരുങ്ങിയെങ്കിലും പിന്നീട് മനംമാറ്റം വന്ന് ജാസ്മിൻകൊട്ടാരത്തിന്റെ കൽകെട്ടിനടിയിൽ ഒളിപ്പിച്ചു വെച്ചു. 200 വർഷങ്ങൾക്കുശേഷം 1886ൽ ഇന്ത്യയിലെ ചരിത്രസ്ഥലികൾ സന്ദർശിക്കാനെത്തിയ ഫ്രഞ്ചു വനിത ആൻഡ്രിയ ബുട്ടെൻസൺ അതു കണ്ടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കാലപ്പഴക്കം കൊണ്ട് കുറേ ഭാഗങ്ങൾ ജീർണ്ണിച്ചു പോയിരുന്നു. ശേഷിച്ച ഭാഗം മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.
എം.എൻ സത്യാർത്ഥിയുടെ വിവർത്തനത്തിൽപ്പോലും ഭാഷയുടെ ഭാവതീവ്രതയും വശ്യതയും നമ്മെ അതിശയിപ്പിക്കും. ബുദ്ധിമതിയും സംവേദനക്ഷമമായ ഒരു മനസ്സിന്റെ ഉടമയുമായ ജഹനാരയുടെ വ്യക്തിവിശേഷം ഓരോ വാക്കിലും പ്രകടമാണ്. ഇന്നും ആധുനികം എന്നു വിശേഷിപ്പിക്കാവുന്ന ഭാവപ്രപഞ്ചമാണ് ഈ കൃതി കാഴ്ച വെക്കുന്നത്. അപ്പോൾ പേർഷ്യൻ ഭാഷയിൽ അതിന്റെ ഭാവപ്പൊലിമ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ദു:ഖസാന്ദ്രമായ ഒരു അനുഭൂതിയായി വായനക്കാരെ ഈ കൃതി ചിരകാലം പിന്തുടരുമെന്നതിൽ സംശയമില്ല.
16/8/22
Search This Blog
Tuesday, August 16, 2022
പുസ്തകപരിചയം : ജഹനാര - ആത്മകഥ വിവ: എം.എൻ സത്യാർത്ഥി
Subscribe to:
Posts (Atom)