ലോകചരിത്രത്തിൽത്തന്നെ മുമ്പൊരിക്കലും കാണാത്ത, നമ്മുടെ പ്രാചീന ചെകുത്താൻ സങ്കല്പങ്ങളെപ്പോലും വെല്ലുന്ന ഒരു മഹാദുരന്തമായിരുന്നു പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊല. ഏതാണ്ട് അറുപതു ലക്ഷം ജൂതന്മാരെയാണ് ലോകത്തെ മുഴുവൻ സാക്ഷി നിർത്തി നിഷ്ക്കരുണം കൊന്നുതള്ളിയത് എന്നാണ് കണക്ക്. എന്നാൽ, ലോകത്തോട് ഈ മഹാ ദുരന്തത്തെപ്പറ്റി പറയാനെന്ന വണ്ണം അപൂർവ്വം ചിലർ, അപാര സഹനശേഷിയും ഇച്ഛാശക്തിയും പിന്നെ ഭാഗ്യവും കൈമുതലാക്കിക്കൊണ്ട് നരകതുല്യമായ പീഡാനുഭവങ്ങളെ അതിജീവിച്ച് ഒരു മഹാത്ഭുതംപോലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവരിലൊരാളാണ് 2021 ഒക്ടോബറിൽ നൂറ്റൊന്നാമത്തെ വയസ്സിൽ മരിച്ച എഡ്ഡി ജാക്കു.
ഉദ്വേഗഭരിതമായ ഒരു നോവലിനേക്കാൾ വിചിത്രമായിരുന്നു പലരുടേയും ജീവിതം.
കാണാതായ വാൾട്ടർ ഷെലിഫ് എന്ന ഒരു ജർമ്മൻ കുട്ടിയുടെ തിരിച്ചറിയൽ രേഖയുപയോഗിച്ച് ആൾമാറാട്ടത്തിലൂടെയായിരുന്നു എഡ്ഡി ജാക്കുവിന്റെ കോളേജ് വിദ്യാഭ്യാസം. ഗൃഹാതുരത്വം സഹിക്കാനാവാതെ അവധിയിൽ വീട്ടിലെത്തിയപ്പോൾ കുടുംബം അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, ഉടൻതന്നെ എഡ്ഡിയും ജർമ്മൻ പോലീസിന്റെ പിടിയിലായി. ഒടുവിൽ, ബുച്ചൻവാൾഡ് ക്യാമ്പിലേക്കയക്കപ്പെട്ടു. അവിടെ നിന്ന് വിടുതൽ നേടി അച്ഛനോടൊപ്പം രഹസ്യമായി ജർമ്മനി വിട്ടു.
ബൽജിയത്തിലെത്തിയ കുടുംബം വീണ്ടും പിടിക്കപ്പെട്ടു. ഒടുവിൽ, ഓഷ് വിറ്റ്സ് ക്യാമ്പിലെത്തി. അച്ഛനുമമ്മയും അവിടെ ഗ്യാസ് ചേംബറിൽ കൊല്ലപ്പെട്ടു. എല്ലായിടത്തും തന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം അദ്ദേഹത്തിനു തുണയായി. കൊലയറയിലേക്ക് ആനയിക്കപ്പെടുന്നതിനു പകരം കൊലയറകളിലേക്കുള്ള വിഷവാതക നിർമ്മാണ മെഷിനറികളുടെ പ്രവർത്തന സംബന്ധമായ വിദഗ്ദ്ധ ജോലികളിൽ നിയോഗിക്കപ്പെട്ടു. പട്ടിണി കിടന്നും കഠിനാദ്ധ്വാനം ചെയ്തു.
യുദ്ധാവസാനത്തിൽ, തടവുകാരെ ജോലിക്കു കൊണ്ടുപോകുന്നതിനിടയിൽ ചാടി രക്ഷപ്പെട്ട് അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി വേണ്ട ചികിത്സ നല്കി അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. സഹോദരിയും ഉറ്റസുഹൃത്തായ ഒരു ജർമ്മൻകാരനും രക്ഷപ്പെട്ടു. എഡ്ഡി വിവാഹിതനായി കുടുംബ സമേതം ആസ്ട്രേലിയയിൽ ജീവിതം കെട്ടിപ്പടുത്തു.
വളരെക്കാലം തന്റെ ദുരിതം നിറഞ്ഞ ജീവിതത്തെപ്പറ്റി തീർത്തും മൗനം ദീക്ഷിച്ച അദ്ദേഹം സ്വന്തം മാതാപിതാക്കളുടെ ഓർമ്മയിൽ മൗനം വെടിയാൻ തീരുമാനിച്ചു.
അങ്ങനെ ലോകം മുഴുവൻ സഞ്ചരിച്ച് ഹതാശരായവർക്ക് സാന്ത്വനം നല്കുന്ന പ്രഭാഷണങ്ങളിൽ മുഴുകി.
അങ്ങനെ, ലോകത്തിലെ ഏറ്റവും സന്തോഷ വാനായ മനുഷ്യൻ താനാണെന്നു പ്രഖ്യാപിച്ചു കൊണ്ട്, സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം രാക്ഷസസമാനനായ ഹിറ്റ്ലറെ തറപറ്റിച്ചു എന്നു പറയാം.
തന്റെ നൂറാമത്തെ വയസ്സിൽ The Happiest Man on Earth എന്ന പുസ്തകം രചിച്ചു ലോകത്തിനു സമർപ്പിച്ചു.
2021ൽ നൂറ്റൊന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
13/8/22