ആൻ ഫ്രാങ്ക്
സഫാരി ടിവിയിൽ ഹിസ്റ്ററി എന്ന പരമ്പരയിൽ 24 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്ത ആൻ ഫ്രാങ്കിന്റെ ചരിത്രം ഇന്നലെ അവസാനിച്ചു. എത്ര ഹൃദയഭേദകമായ ഒരു ജീവിതം! ജർമ്മനിയിൽ സമ്പന്നമായ ജൂത വണിക് കുടുംബത്തിൽ 1929ൽ ഓട്ടോ ഫ്രാങ്കിന്റേയും എഡിത് ഫ്രാങ്കിന്റേയും മകളായി ജനിച്ച ആൻ ഫ്രാങ്ക് 1945 ൽ വെറും 15 വയസ്സിൽ നാസി ക്യാമ്പിൽ അസുഖ ബാധിതയായി മരിച്ചു. മൂത്ത സഹോദരി മാർഗറ്റ് ഫ്രാങ്കും അതേ വിധി പങ്കിട്ടു.
വിധിവൈപരീത്യമെന്നു പറയാം, ആനിന്റെയൊപ്പമാണ് ഹിറ്റ്ലറും നാസിസവും വളർന്നത്. ഹിറ്റ്ലറുടെ ജർമനിയിൽ ക്രമേണ വളർന്നുവന്ന ജൂതവിരോധവും പീഡനങ്ങളും അസഹ്യമായപ്പോൾ കുടുംബം നെതർലാന്റിലേക്ക് കുടിയേറി. അവിടെ ജ്യൂസ് നിർമ്മാണക്കമ്പനി കെട്ടിപ്പടുത്തു. എന്നാൽ, അധികം താമസിയാതെ ഹിറ്റ്ലർ നെതർലാന്റ് ആക്രമിച്ച് കീഴടക്കിയപ്പോൾ ജർമ്മനിയിലേതിന് സമാനമായ ഭീകരാവസ്ഥ നെതർലാന്റിലും സംജാതമായി. ഓട്ടോ ഫ്രാങ്ക് അമേരിക്കയിലേക്കോ ക്യൂബയിലേക്കോ കൂടിയേറ്റത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല.
ഒടുവിൽ, മൂത്ത മകൾക്ക് ലേബർ ക്യാമ്പിലേക്ക് നാസികളുടെ വിളി വന്നു. അതോടെ, കുടുംബം ഒന്നടങ്കം ഒളിവിലായി. താൻ നടത്തിവരുന്ന സ്ഥാപനത്തിന്റെ തട്ടിൻപുറത്ത് ഒരു വലിയ ബുക്ക് ഷെൽഫിന്റെ പിന്നിലായിരുന്നു ഒളിസ്ഥലം. അവിടെ വെച്ചാണ് ആൻ പിന്നീട് ലോകപ്രശസ്തിയിലേക്കുയർന്ന ഡയറി എഴുതാൻ തുടങ്ങുന്നത്.
താമസിയാതെ മറ്റൊരു കുടുംബവും ഒരു ഡോക്ടറും അവരുടെ കൂടെ കൂടി.
താഴെ ഓഫീസിലുളള ജോലിക്കാർ ജീവനു ഭീഷണി വകവെക്കാതെ നീണ്ട രണ്ടു വർഷക്കാലം അവർക്കുവേണ്ട എല്ലാ സഹായങ്ങളും അതീവ രഹസ്യമായി ചെയ്തുപോന്നു. എന്നിട്ടും, മറ്റാരോ ഒറ്റിക്കൊടുത്തതിന്റെ ഫലമായി പോലീസ് ഓഫീസ് റെയ്ഡ് ചെയ്യുകയും രണ്ടു ജോലിക്കാരടക്കം എല്ലാവരേയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഒന്നാം ലോകയുദ്ധത്തിൽ ജർമ്മൻ പട്ടാളത്തിൽ ലഫ്ട്നന്റായി സേവനമനുഷ്ഠിച്ചിരുന്ന ഓട്ടോ ഫ്രാങ്കിന്റെ പട്ടാള വസ്തുക്കൾ കണ്ടിട്ടും പോലീസിന് ഒരു കുലുക്കവുമുണ്ടായില്ല.
അവർ അവിടെ ചിന്നിച്ചിതറിയിട്ട ആനിന്റെ ഡയറി ഒരു ജോലിക്കാരിയാണ് എടുത്ത് സൂക്ഷിച്ചു വെച്ചത്.
തുടർന്ന് വിവിധ ക്യാമ്പുകളിലെ പട്ടിണിയും അസുഖങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളുമെല്ലാമായി നരകതുല്യമായ ജീവിതത്തിനൊടുവിൽ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. യുദ്ധത്തിനൊടുവിൽ ഓട്ടോ ഫ്രാങ്ക് മാത്രം ജീവിതത്തിലേക്കു തിരിച്ചുവന്നു.
ആനും മാർഗറ്റും അടയ്ക്കപ്പെട്ട ക്യാമ്പ് അവർ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് സൈന്യം മോചിപ്പിച്ചു എന്നത് അവരുടെ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ 60 ലക്ഷത്തിലധികം ജൂതന്മാരെ ഒരു സർക്കാർ എല്ലാ വിധ ഔദ്യോഗിക സംവിധാനങ്ങളുമുപയോഗിച്ചു കൊലയറയിലേക്കു നടത്തി, അതും മനുഷ്യൻ ഏറെക്കുറെ പരിഷ്കൃതമനുഷ്യനായി മാറി എന്ന് കരുതപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിൽ എന്നത് നടുക്കുന്ന വസ്തുതയാണ്. മനുഷ്യചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ കാലത്തിൽ (ഏതാണ്ട് 10 വർഷം) യുദ്ധമില്ലാതെത്തന്നെ ഇത്രയും ഭീകരമായ ഒരു സംഭവമുണ്ടായിട്ടുണ്ടാവില്ല. എങ്ങനെയാണ് ഒരു പ്രബുദ്ധ നൂറ്റാണ്ടിൽ ഒരു വലിയ മനുഷ്യസമൂഹത്തെ തോക്കുകളുടെ മാത്രം സഹായത്താൽ ആടുമാടുകളെപ്പോലെ നിരന്തരമായി കൊലയറയിലേക്ക് തള്ളിവിടാൻ കഴിഞ്ഞത്? ഇത്രയും കാലം ലോകം എന്തു ചെയ്യുകയായിരുന്നു. പ്രാണരക്ഷാർത്ഥം യൂറോപ്പിൽനിന്ന് പാലസ്തീനിലേക്കും ക്യൂബയിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്തവരെ തടഞ്ഞ് മനസ്സാക്ഷിയുടെ ഒരു ലാഞ്ഛനപോലുമില്ലാതെ തിരികെയയ്ക്കാൻ ലോകമഹാശക്തികളെന്നു ഊറ്റം കൊള്ളുന്ന ബ്രിട്ടനും അമേരിക്കക്കുമൊക്കെ എങ്ങനെ കഴിഞ്ഞു?
നാസികളുടെ രാക്ഷസീയ ഭീകരതയ്ക്കുമുന്നിൽ ലോകമനസ്സാക്ഷി വിറങ്ങലിച്ചുനിന്നു എന്നതല്ലേ വാസ്തവം? ഇനിയും അങ്ങനെയൊന്നു സംഭവിക്കില്ലെന്നു ഉറപ്പു പറയാൻ കഴിയുമോ?
18/722