ശ്ലോകങ്ങൾ ശാസ്ത്രീയസംഗീത ശൈലിയിൽ ചൊല്ലുന്ന പ്രവണത കൂടിക്കൂടി വരുന്നതായി കാണാം. എന്നാൽ, ഇത് എത്രകണ്ട് അനുകരണീയമാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ശ്ലോകങ്ങളുടെ ഈണവും താളവും ശാസ്ത്രീയസംഗീതത്തിൽനിന്നും വ്യത്യസ്തമാണ്. അത് ഓരോ വൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ, ഒരു ശ്ലോകം ശാസ്ത്രീയസംഗീതശൈലിയിൽ ആലപിക്കുമ്പോൾ വൃത്തത്തിന്റെ സ്വതസ്സിദ്ധമായ സ്വത്വം നഷ്ടപ്പെടുന്നു. സംഗീതാത്മകമായി ശ്ലോകം ചൊല്ലുമ്പോൾ എല്ലാ വൃത്തങ്ങളും ഒരുപോലെയിരിക്കും. അവ തമ്മിലുള്ള വിവേചനം അസാദ്ധ്യമാവുന്നു. ഇത് ഒട്ടും ആശാസ്യമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ, ഇതിനർത്ഥം ശ്ലോകം ഒരിക്കലും സംഗീതാത്മകമായി ആവിഷ്ക്കരിക്കാൻ പാടില്ല എന്നല്ല. ശ്ലോകം ചൊല്ലേണ്ട വേദിയിൽ പരമ്പരാഗത ശ്ലോകശൈലിയിലും സംഗീത വേദിയിൽ സംഗീതാത്മകമായും ചൊല്ലുക എന്നതാണ് കരണീയം.