Search This Blog

Tuesday, May 31, 2022

മാധവിക്കുട്ടിയുടെ മതംമാറ്റം

എന്തൊക്കെ പറഞ്ഞാലും മാധവിക്കുട്ടിയുടെ മതംമാറ്റം അവരെപ്പറ്റിയുള്ള മതിപ്പ് കുറച്ചു എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഒന്നാമതായി, ബുദ്ധിജീവിയും സ്വതന്ത്ര ചിന്തകയുമായിട്ടുപോലും, എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന ബോധം വയസ്സുകാലത്തുപോലും അവർക്കുണ്ടായില്ല. രണ്ടാമതായി, അവരുടെ സർവ്വസ്വതന്ത്രസ്വത്വത്തിനു ഒരിക്കലും യോജിക്കാത്ത മതമാണ് അവർ തിരഞ്ഞെടുത്തത്. പകരം, കൃസ്തുമതമാണ് അവർ തെരഞ്ഞെടുത്തത് എങ്കിൽ ആർക്കും അതു മനസ്സിലാക്കാം. അതും പോട്ടെ, ഇസ്ലാം മതത്തിന്റെ കാതൽ മനസ്സിലാക്കിയാണ് അവർ മാറിയതെന്ന് കരുതിയാലും കുഴപ്പമില്ല. എന്നാൽ, തീർത്തും അനാവശ്യമായി, അവരുടെ സ്വത്വത്തിനു നേരേ വിരുദ്ധമായി ഇസ്ലാമിന്റെ അങ്ങേയറ്റം യാഥാസ്ഥിതിക രൂപമായ പർദ്ദയിലൊളിക്കാനാണ് അവർ തീരുമാനിച്ചത്. ചുരുക്കം പറഞ്ഞാൽ, ഒരു ബുദ്ധിജീവിയായ അവർക്ക് പരിപക്വമായ വയസ്സുകാലത്തും ഹിന്ദുമതത്തേപ്പറ്റിയോ ഇസ്ലാംമതത്തെപ്പറ്റിയോ, പ്രായോഗികമായ ഏതൊരു മതത്തിന്റെയോ തനിസ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത വളരെ സ്പഷ്ടമായി മുഴച്ചു നില്ക്കുന്നു.