Search This Blog
Wednesday, April 27, 2022
അമ്പലങ്ങൾ - ക്ലാസ്സിക്കൽ കലകളുടെ ഈറ്റില്ലം
എല്ലാ ക്ലാസ്സിക്കൽ കലകൾക്കുo വേദിയൊരുക്കി അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അമ്പലങ്ങൾ ഇന്ത്യൻ സംസ്കാരത്തിനും സമൂഹത്തിനും നല്കുന്ന മഹത്തായ സംഭാവനതന്നെയാണ്. പ്രതികൂല സാഹചര്യ ളും കാലത്തിന്റെ വെല്ലുകളികളും മറികടന്ന് ഇവ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് മുഖ്യമായും ക്ഷേത്രങ്ങളുടെ സേവനം കൊണ്ടുതന്നെയാണെന്ന് നിസ്സംശയം പറയാം.
Tuesday, April 26, 2022
ഘോഷയാത്ര - ടി ജെ എസ് ജോർജ്ജ്
ജീവിതസായാഹ്നത്തിലെത്തിയ എല്ലാവർക്കും ഒരുപാട് സ്മരണകളുണ്ടായിരിക്കും. പൊതുവെ, എല്ലാവർക്കും അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടമായിരിക്കും. പലപ്പോഴും അതെല്ലാം കേൾക്കാൻ ആളെ കിട്ടാൻ പ്രയാസമായിരിക്കും. കാരണം, അത് പറയുന്ന ആളുടെ വ്യക്തിത്വം, ശൈലി, പറയുന്ന വിഷയം, കേൾക്കുന്ന ആളുടെ പ്രകൃതം, താല്പര്യം എന്നിവയെല്ലാം ആശ്രയിച്ചിരിക്കുമല്ലോ. സ്മരണകളിലെ നായകൻ പറയുന്ന ആൾതന്നെയാവുകയും പറയുന്നത് ഒരേ കാര്യങ്ങൾതന്നെയാവുകയും ചെയ്താൽ സ്വാഭാവികമായും കേൾവിക്കാർ പതുക്കെ അവരുടെ പാട്ടിനുപോകും.
അവിടെയാണ് ടി ജെ എസ് ജോർജ് എന്ന വിഖ്യാതനായ പത്രപ്രവർത്തകൻ്റെ ‘ഘോഷയാത്ര‘ എന്ന ഓർമ്മക്കുറിപ്പുകൾ വ്യത്യസ്തമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഒരു ഘോഷയാത്രതന്നെയാണ്. ഒരുപാട് മഹാവ്യക്തിത്വങ്ങളുടെ, അവരുടെ ജീവിതത്തിലെ റോളർകോസ്റ്ററുകൾപോലെയുള്ള ഗതിവിഗതികളുടെ, മഹത്തായ വിജയങ്ങളുടെ, വൻ പരാജയങ്ങളുടെ, വിചിത്ര സ്വഭാവസവിശേഷതകളുടെ, മഹാചരിത്രസംഭവങ്ങളുടെയെല്ലാം ഒരു മഹാഘോഷയാത്ര. ഇതിൽ, വഴിയോരത്ത് കാഴ്ച നോക്കിനിൽക്കുന്ന ജിജ്ഞാസുവായ ഒരു കുട്ടിയുടെ സ്ഥാനമാണ് ഗ്രന്ഥകാരൻ്റേത്.
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വ്യക്തി എത്തിപ്പെടുക എന്നത് ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇക്കാര്യത്തിൽ ഗ്രന്ഥകാരൻ വളരെ ഭാഗ്യവാനാണെന്നു നിസ്സംശയം പറയാം. ലോകത്ത് അഭൂതപൂർവ്വമായ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഒരു പത്രപ്രവർത്തകനായി അദ്ദേഹം ജീവിതമാരംഭിക്കുന്നത്. അത് മുംബൈ, ഹോങ്കോങ്, അമേരിക്കയിലെ ഐക്യരാഷ്ട്രസഭ (അതിന്റെ ഭാഗമായി ലഭിച്ച, അസുലഭമായ കോൺകോർഡ് യാത്രയെക്കുറിച്ചും വളരെ രസകരമായി അദ്ദേഹം വിവരിക്കുന്നു) എന്നിങ്ങനെ മുന്നേറവേ, പത്രപ്രവർത്തനത്തിലെ മഹാരഥന്മാർക്കു പുറമേ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള അനേകം പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാനും ചരിത്രസംഭവങ്ങൾക്കു സാക്ഷിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ അനുഭവ വിവരണത്തിലൂടെ അദ്ദേഹം വായനക്കാരുടെ മുമ്പിൽ കാലത്തിന്റെ ഒരു വാഗ്മയചിത്രം വരച്ചു കാട്ടുന്നു. പുസ്തകത്തിനൊടുവിൽ കൊടുത്തിരിക്കുന്ന 'ഘോഷയാത്രയിൽ പങ്കെടുത്തവർ' എന്ന നാമസൂചിയിലൂടെ ഒന്നു കണ്ണോടിച്ചാൽമാത്രം മതി അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ. ആരേയും പഴിക്കാനോ വിധിക്കാനോ മുതിരാതെ ഒരു കുട്ടിയുടെ കൗതുകത്തോടെ ജീവിതക്കാഴ്ച കാണാനും അതു മറ്റുള്ളവരുമായി വളരെ രസകരമായി പങ്കുവയ്ക്കാനും അദ്ദേഹം ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു.
കൊച്ചി വിമാനത്താവള നിർമ്മാണത്തെപ്പറ്റി വി ജെ കുര്യൻ
കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത് തമിഴ്നാട്, കർണ്ണാടക,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളായിരുന്നു. എന്നാൽ, ഇവിടെയുളളവരേയും ജോലിക്കെടുക്കണമെന്ന മുറവിളിയുയർന്നു. അങ്ങനെ കോൺട്രാക്റ്റർ കുറെ മലയാളിത്തൊഴിലാളികളേയും ജോലിക്കെടുത്തു. എന്നാൽ, അധികം താമസിയാതെ, അവർ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പരാതിയുമായി കോൺട്രാക്റ്റർ എത്തി. പരിഹാരവും അദ്ദേഹംതന്നെ മുന്നോട്ടു വെച്ചു. അതായത്, ജോലിയൊന്നും ചെയ്യേണ്ട, കൂലി (നോക്കുകൂലി!) കൃത്യമായി കൊടുക്കാം. തുടർന്ന് പ്രാദേശിക തൊഴിലാളികൾ വന്ന് ജോലിക്കു പകരം ജോലിസ്ഥലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ഫുട്ബോൾകളി തുടങ്ങി. അപ്പോൾ ജോലി ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ പണി നിർത്തി കളി കാണാൻ തുടങ്ങി. വീണ്ടും കോൺട്രാക്ടറുടെ പ്രശ്നപരിഹാരം വന്നു. പ്രാദേശിക തൊഴിലാളികൾ ജോലിക്കു വരേണ്ട. എല്ലാ ആഴ്ചയും കൂലി പ്രാദേശിക തൊഴിലാളികളുടെ വീട്ടിലെത്തിക്കാം. അങ്ങനെയാണ് പ്രശ്നം ഒത്തുതീർന്നത്.
- വി ജെ കുര്യൻ (സഫാരി ടിവി 'ചരിത്രം എന്നിലൂടെ')
അങ്ങനെയാണ് മലയാളികൾ ഇന്ന് അഭിമാനിക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ നിർമ്മാണം നടന്നത്. ഒരു പക്ഷേ, ഇതും കൊച്ചി വിമാനത്താവളത്തിന്റെ ലോകത്തിലാദ്യം എന്ന വിശേഷണങ്ങളിലൊന്നായിരിക്കാം.
Subscribe to:
Posts (Atom)