Search This Blog

Saturday, February 5, 2022

ഇന്ത്യൻ രാഷ്ട്രീയം

രാഷ്ട്രീയം എന്നു പറഞ്ഞാൽ കട്ടുമുടിക്കാനും ചുറ്റും കുറെ ആളുകളെ നിർത്തി മേനിക്കണ്ടപ്പനായി വിലസാനുമുള്ള ഒരു വേദിയാണെന്ന അവസ്ഥയുള്ളിടത്തോളം കാലം കോൺഗ്രസ്സോ മറ്റേതൊരു പാർട്ടിയോ നന്നാവില്ല എന്നത് മൂന്നു തരം. എത്ര കൊട്ടുകിട്ടിയാലും മനസ്സിലാവാത്ത ദുരന്തങ്ങളാണ് ഇന്ന് രാഷ്ട്രീയവേദി കയ്യടക്കിയിരിക്കുന്നത്. ആം ആദ്മി ചെറിയൊരു പ്രതീക്ഷ നല്കി. പക്ഷേ, അതു മുളയിലേ കരിഞ്ഞു. കോൺഗ്രസ്സാണെങ്കിൽ, എന്നെ തല്ലണ്ടമ്മാമാ, ഞാൻ നേരെയാവില്ല എന്ന മട്ടിലും. കാരണം, ആർക്കും നന്നാവണെമെന്നില്ല. പൊതുജനത്തിന്റെ പണംകൊണ്ട് തിന്നും കുടിച്ചും വിലസണമെന്നുമാത്രമേയുള്ളു. അങ്ങനെയുള്ളവരെ മാത്രമേ രാഷ്ട്രീയം ആകർഷിക്കുന്നുള്ളു. അതിനാൽ, ഇവിടെ പ്രതീക്ഷക്ക് ഒരു വകയും കാണുന്നില്ല.

Sunday, January 30, 2022

വരും തലമുറകൾക്ക് ഒരു വിദ്യാഭ്യാസസ്ഥാപനം

IIT, IISc,TIFR പോലെയുള്ള ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരേയും കാത്തുനില്ക്കാതെ, ആരേയും ആശ്രയിക്കാതെ, ഈ കേരളത്തിൽ സ്ഥാപിക്കാൻ കഴിയുമോ? അതിവേഗ റയിൽപ്പാത, മുട്ടിനു മുട്ടിനു വിമാനത്താവളങ്ങൾ എന്നിവയേക്കാളെല്ലാം വരുംതലമുറകൾക്ക്  നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും ഉത്തമമായ സംഭാവന അതായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.