Search This Blog

Tuesday, October 4, 2022

ഹൈബ്രിഡ് വാഹനങ്ങൾ

ഹൈബ്രിഡ് വാഹനങ്ങൾ

ഇത് വൈദ്യുത വാഹനങ്ങളുടെ പ്രാരംഭകാലം. പല പരിമിതികൾമൂലം ജനങ്ങളുടെ പൂർണ്ണവിശ്വാസം ആർജ്ജിക്കാൻ കഴിയാത്തതിനാൽ, രണ്ടു തോണിയിലും കാലുവെക്കുന്ന തരത്തിലുള്ള പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ഇന്ധനവും വൈദ്യുതിയും വിവിധ അളവിൽ യോജിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ രംഗപ്രവേശം ചെയ്യുന്നത്.
ഇന്ധനവും വൈദ്യുതിയും സഹകരിച്ചു പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഒറ്റനോട്ടത്തിൽ വളരെ സമർത്ഥമായ ഒരു കണ്ടുപിടിത്തമാണെന്നു തോന്നാം. വാഹനത്തിൻ്റെ എഞ്ചിൻ്റേയും ബാറ്ററിയുടേയും പരിമതികൾ അതു മറികടക്കുന്നു. എഞ്ചിൻ്റെ കാര്യത്തിൽ ഇന്ധനച്ചെലവും ബാറ്ററിയുടെ കാര്യത്തിൽ ഒറ്റച്ചാർജിനു ഓടാവുന്ന ദൂരവും. എന്നാൽ, ഒന്നുകൂടി സൂക്ഷ്മമായി ചിന്തിച്ചാൽ, ദീർഘകാലാടിസ്ഥാനത്തിൽ, നാം ഒരു പ്രശ്നത്തിനുപകരം രണ്ടു പ്രശ്നം തലയിൽ കയറ്റി വെക്കുകയാണ് ചെയ്യുന്നത് എന്നു കാണാൻ കഴിയും. അതായത്, മുമ്പു ചെയ്തിരുന്ന എഞ്ചിൻ്റെ പരിപാലനത്തിനുപകരം ഇപ്പോൾ എഞ്ചിനും ബാറ്ററിയും പരിപാലിക്കണം. എഞ്ചിൻ്റേയും അതിൻ്റെ അനുബന്ധ സംവിധാനങ്ങളുടെയെല്ലാം (ഇന്ധനപമ്പ്, ഇഞ്ചക്റ്റർ റേഡിയേറ്റർ, കൂളിങ്ങ് സിസ്റ്റം, ലൂബ്രിക്കേഷൻ...) പ്രശ്നങ്ങളിൽനിന്ന് നമുക്ക് മോചനം ലഭിക്കുന്നില്ല. കൃത്യമായ കാലപരിധിക്കുള്ള സർവീസും നടത്തണം. പുറമെ, എഞ്ചിനും ബാറ്ററിയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം അധികമായുണ്ട്. അല്പകാലം ഓടുമ്പോൾ ഈ സംവിധാനങ്ങൾക്കെല്ലാം പ്രശ്നങ്ങൾ വരാം, റിപ്പയർ വരാം. വാഹനം വാങ്ങുമ്പോൾ നാം എഞ്ചിൻ്റേയും ബാറ്ററിയുടേയും വില കൊടുക്കണം. എന്നിട്ടോ, ശബ്ദ, പുകമലിനീകരണങ്ങളിൽനിന്നും നമുക്ക് പൂർണ്ണമായ മോചനമില്ല അല്പം ഇന്ധനലാഭം മാത്രമാണ് നമുക്കു ലഭിക്കുന്നത്. ചുരുക്കത്തിൽ, ഒരു ഇലക്ട്രിക് വാഹനത്തെപ്പറ്റി ചിന്തിക്കുമ്പോൾ നാം എന്തെല്ലാം ഗുണഗണങ്ങൾ പ്രതീക്ഷിക്കുന്നുവോ, അതൊന്നും സഫലമാവുന്നില്ല. ഈ സാഹചര്യത്തിൽ, അല്പം വൈകിയാണെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട ദൂരം സുഖമായി ഓടിയെത്തുന്ന വൈദ്യുത വാഹനംതന്നെയാണ് അഭികാമ്യം. വാഹനങ്ങൾക്ക് സാധാരണഗതിയിൽ ആവശ്യമായ ബാറ്ററിശേഷിയിൽ അല്പം കൂടുതൽ ശേഷിയുള്ള ബാറ്ററി ഉൾക്കൊള്ളിക്കുകയും അങ്ങനെ കൂടുതൽ ദൂരം ഓടാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഇന്ന് അഭിലഷണീയമായ രൂപകല്പന.
കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വൈദ്യുതവാഹനമേഖലയിൽ വന്നുകൊണ്ടിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതനുസരിച്ച് ഇന്നു നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പഴങ്കഥയായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

No comments: