Search This Blog

Sunday, August 7, 2022

അപ്പോളോ ഒന്നും സോയൂസ് ഒന്നും

ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ അമേരിക്കയുടെ അപ്പോളോ ഒന്നും റഷ്യയുടെ സോയൂസ് ഒന്നും വൻ ദുരന്തമായിരുന്നു. രണ്ടിന്റെ പിന്നിലും അല്പം അഹന്തയും വികട ബുദ്ധിയും പ്രകടമായിരുന്നു.
ആദ്യത്തേത്, വിയറ്റ്നാം യുദ്ധത്തിലും കറുത്തവരോടുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിലുമുണ്ടായ നാണക്കേടിൽനിന്നു ലോകശ്രദ്ധയകറ്റാൻ ഒരു സൂത്രപ്പണി എന്ന നിലയ്ക്കാണ് അരങ്ങേറിയത്. അതിനായി തെരഞ്ഞെടുത്ത മൂന്നു ബഹിരാകാശ സഞ്ചാരികളെ പരിശീലനത്തിന്റെ ഭാഗമായി പേടകത്തിൽ കയറ്റിയിരുത്തിയതായിരുന്നു. അതിനുമുമ്പുതന്നെ പേടകത്തിൽ എന്തോ അസാധാരണമായ മണമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതു പ്രശ്നമില്ലെന്നായിരുന്നു അതേപ്പറ്റി പഠിച്ച സമിതിയുടെ ശുപാർശ. ബഹിരാകാശസഞ്ചാരികൾക്കും ആ മണം അനുഭവപ്പെട്ടു. ഏതായാലും പേടകത്തിൽ ഇരിപ്പുറപ്പിച്ച് അധികം താമസിയാതെ അകത്ത് തീയാളുകയും നൊടിയിടയിൽ പേടകം സഞ്ചാരികളോടുകൂടി കത്തിയമരുകയും ചെയ്തു.
അടുത്ത ഊഴം റഷ്യയുടേതായിരുന്നു. 
അമേരിക്കയ്ക്കു മുമ്പേ ചന്ദ്രനിലിറങ്ങണം എന്ന തീരുമാനത്തിലായിരുന്നു സോയൂസ്-1ന്റെ നിർമ്മാണം. 
വിക്ഷേപണത്തിനുമുമ്പ് അതിൽ ഇരുന്നൂറോളം സാങ്കേതികപ്രശ്നങ്ങൾ വിദഗ്ദ്ധ പരിശോധനാസമിതി കണ്ടെത്തുകയും വിക്ഷേപണം മാറ്റിവെക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലെനിന്റെ ജന്മദിനത്തിൽത്തന്നെ വിക്ഷേപണം നടക്കണമെന്ന ഉന്നതരുടെ ഉറച്ച തീരുമാനപ്രകാരം വിക്ഷേപണം മുൻ നിശ്ചയ പ്രകാരം തന്നെ മുന്നോട്ടു പോവുകയായിരുന്നു. വിക്ഷേപണം നടന്ന് അധികം താമസിയാതെ അതിലെ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ല എന്നു കണ്ടെത്തി. ഇത് പേടകത്തിനാവശ്യമായ വൈദ്യുതി ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. അതിനാൽ, പദ്ധതി ഉപേക്ഷിച്ച് ഭൂമിയിലേക്കു മടങ്ങാൻ ബഹിരാകാശസഞ്ചാരിക്ക് നിർദ്ദേശം നൽകി. അതുപ്രകാരം അടിയന്തര സംവിധാനമുപയോഗിച്ച് പേടകം തിരിച്ചുവിട്ടു. ഭൂമിയോടടുക്കവേ പതിവുപോലെ പാരച്യൂട്ട് പ്രവർത്തിപ്പിച്ചു. എന്നാൽ, അനുബന്ധ പാർച്ചൂട്ട് തുറന്നെങ്കിൽ മുഖ്യമായ പാരച്ചൂട്ട് തുറന്നില്ല. താമസിയാതെ പേടകത്തിന് തീപിടിക്കുകയും ആകെ കത്തിക്കരിഞ്ഞ ഒരു പിണ്ഡമായി നിലം പതിക്കുകയും ചെയ്തു. ഒടുവിൽ, പേടകത്തിൽനിന്ന് പുറത്തെടുത്തത് സഞ്ചാരിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടമായിരുന്നു.

-സഫാരി ടി വി മിഷൻ സ്പേസ്
7/8/22




No comments: