Search This Blog

Sunday, July 31, 2022

ഭഗത് സിങ്ങിന്റെ അബദ്ധം

1929 ഏപ്രിൽ 8ന് സെൻട്രൽ അസംബ്ലിയിൽ ജനവിരുദ്ധ നിയമങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് മുൻകൂട്ടി ആസുത്രണം ചെയ്തതുപ്രകാരം ഭഗത് സിങ്ങും ബടകേശ്വർ ദത്തും സന്ദർശക ഗാലറിയിൽനിന്ന് ഔദ്യാഗിക അംഗങ്ങളുടെ ഭാഗത്തേക്ക് രണ്ടു ചെറു ബോംബുകൾ എറിഞ്ഞത്. വളരെ ശക്തി കുറഞ്ഞ ബോംബുകൾ മാരകമായ ആഘാതമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. തുടർന്നുളള ബഹളത്തിൽ പിടി കൊടുക്കാതെ രക്ഷപ്പെടാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു പേരും പോലീസിനു പിടി കൊടുക്കുകയാണ് ചെയ്തത്. അതു ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ അനന്യമായ ഒരു ദുരന്തമായി ഭവിച്ചു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ രണ്ടു സ്വയംകൃതാനർത്ഥങ്ങളാണ് ഇവിടെ സംഭവിച്ചത്.
ബോംബെറിയാനുറച്ച് നിയമ നിർമ്മാണ സഭയിലെ സന്ദർശക ഗാലറിയിൽ കയറിക്കൂടിയ ഇവർ കാര്യമായ അപായമൊന്നുമുണ്ടാക്കാത്ത ചെറു ബോബ് ഉപയോഗിച്ചത് വിചിത്രമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗ് പോലെ നിഷ്കരുണമായ എത്രയോ കുടിലമായ കൊലകളും കൊള്ളകളും ചെയ്തുകൂട്ടിയ ബ്രിട്ടീഷ് കാപാലികർക്ക് നല്ലൊരു മറുപടി കൊടുക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ഇതിലൂടെ കളഞ്ഞു കളിച്ചത്.
മുമ്പ് 1928 ഒക്ടോബർ 3ന് ലാലാ ലജ്പത് റായിയെ മർദ്ദിച്ചുകൊന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥൻ ജെ എ സ്കോട്ടിനെ വെടിവെച്ചു കൊല്ലാനുള്ള ശ്രമത്തിൽ അസ്സിസ്ററൻറ്റായ ജോൺ സാണ്ടേഴ്സിനെ (സ്കോട്ട് അന്ന് അവധിയായതിനാൽ രക്ഷപ്പെട്ടു) വധിച്ച് പിടികൊടുക്കാതെ സമർത്ഥമായി രക്ഷപ്പെട്ടിരുന്നു ഭഗത് സിങ്. 
എന്നാൽ, ഇവിടെ തികച്ചും ആത്മഹത്യാപരമായി, ഗുരുരമായ ഒരു ഭീകരപ്രവർത്തനം നടത്തിയിട്ടും, രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ആദർശത്തിന്റെ പേരിൽ പിടികൊടുക്കാൻ തീരുമാനിച്ചത് സാമാന്യയുക്തിയനുസരിച്ച് അസംബന്ധമെന്നേ പറയാനാവൂ. ജാലിയൻവാലാബാഗിലും മറ്റും നടന്ന സംഭവത്തിലൂടെ വെളിപ്പെട്ട സായിപ്പിന്റെ നിഷ്ഠൂരമായ തനിനിറം ശരിക്കും മനസ്സിലാക്കിയിരുന്ന ഒരു പോരാളിയായിരുന്നു ഭഗത് സിങ് എന്നോർക്കണം. 
ഇതോടെ സാണ്ടേഴ്സിനെ കൊന്നതിലെ പങ്കും വെളിപ്പെട്ടു. ചുരുക്കത്തിൽ, രണ്ടു പേരേയും വധശിക്ഷക്കു വിധിക്കുകയും 1931 മാർച്ച് 23ന് പ്രതിഷേധവുമായി ഇരമ്പിയെത്തിയ വൻ ജനാവലിയെ നുണ പറഞ്ഞു വഞ്ചിച്ചുകൊണ്ട് രഹസ്യമായി  ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. 
വധിക്കപ്പെടുമ്പോൾ വെറും 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഒരുപാട് ജീവിതം ഭാക്കിയുണ്ടായിരുന്ന ഭഗത് സിങ്ങിന്റെ വിയോഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി.
1/8/22

No comments: