ശ്ലോകങ്ങൾ ശാസ്ത്രീയസംഗീത ശൈലിയിൽ ചൊല്ലുന്ന പ്രവണത കൂടിക്കൂടി വരുന്നതായി കാണാം. എന്നാൽ, ഇത് എത്രകണ്ട് അനുകരണീയമാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ശ്ലോകങ്ങളുടെ ഈണവും താളവും ശാസ്ത്രീയസംഗീതത്തിൽനിന്നും വ്യത്യസ്തമാണ്. അത് ഓരോ വൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ, ഒരു ശ്ലോകം ശാസ്ത്രീയസംഗീതശൈലിയിൽ ആലപിക്കുമ്പോൾ വൃത്തത്തിന്റെ സ്വതസ്സിദ്ധമായ സ്വത്വം നഷ്ടപ്പെടുന്നു. സംഗീതാത്മകമായി ശ്ലോകം ചൊല്ലുമ്പോൾ എല്ലാ വൃത്തങ്ങളും ഒരുപോലെയിരിക്കും. അവ തമ്മിലുള്ള വിവേചനം അസാദ്ധ്യമാവുന്നു. ഇത് ഒട്ടും ആശാസ്യമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാൽ, ഇതിനർത്ഥം ശ്ലോകം ഒരിക്കലും സംഗീതാത്മകമായി ആവിഷ്ക്കരിക്കാൻ പാടില്ല എന്നല്ല. ശ്ലോകം ചൊല്ലേണ്ട വേദിയിൽ പരമ്പരാഗത ശ്ലോകശൈലിയിലും സംഗീത വേദിയിൽ സംഗീതാത്മകമായും ചൊല്ലുക എന്നതാണ് കരണീയം.
1 comment:
കൃഷ്ണമുക്തകങ്ങൾ
ഡി. കെ. എം.കർത്താ (ഗുരുവായൂരപ്പൻ മാസിക, ജൂലൈ 2023)
കൃഷ്ണദർശനം
കിഞ്ജൽക്കം പോലെ മിന്നും വസനവു, മരയിൽ പട്ടയിൽച്ചേർത്തുവെച്ചോ-
രത്യന്തം ഭങ് ഗിയുള്ളോരസുലഭമുളതൻ വംശിയും കാണ്മു ഞങ്ങൾ;
നെറ്റിത്തൂമയ്ക്കു മുന്നിൽ കുറുനിരയഴകാർന്നാടിടും നൃത്തവും, നീൾ--
ക്കണ്ണിൽത്തിങ്ങുന്നൊരൻപും കുസൃതിയുമൊരുമിയ്ക്കുന്നതും കാണ്മു ഞങ്ങൾ.
[കിഞ്ജൽക്കം = താമരപ്പൂമ്പൊടി; തൂമ = ഭങ്ഗി]
കൃഷ്ണമാന്ത്രികം
ഗോപീകന്യയ്ക്കു നാവാൽ അനവധി വിഷയം വിസ്തരിയ് ക്കാനുമേറെ--
ക്കാലത്തോളം മൊഴിഞ്ഞാ വിവരണമൊടുവിൽ നിർത്തുവാനും തിടുക്കം;
വായോ, പക്ഷേ, തുറന്നാൽക്കഴിയുക പറയാൻ ബന്ധമില്ലാത്ത വാക്കാ--
"ണാനന്ദാബ്ധേ, മുരാരേ, മദനസമ, ഹരേ, കൃഷ്ണ, ശൃങ്ഗാര സിന്ധോ !"
[ശ്രീകൃഷ്ണകർണ്ണാമൃതം 1/ 55 ]
കൃഷ്ണനടൻ
ഞാലുന്നൂ കർണ്ണികാരം ചെവികളി, ലരയിൽച്ചൂഴുമപ്പട്ടുവസ്ത്രം
പാറുന്നൂ കാറ്റിലല്പം; വിപിനതുളസിതൻ ദാമമാടുന്നു മെയ്യിൽ;
പാടുന്നൂ മന്ദമായിട്ടരയിലെ മണികൾ; കൃഷ്ണകേശത്തിലൂഞ്ഞാ-
ലാടുന്നൂ കേകിപക്ഷം; ഹരിയുടെ നടനം കണ്ടു കണ്ണേ മയങ്ങൂ !
[ദാമം = മാല; കേകിപക്ഷം = മയിൽപ്പീലി]
കൃഷ്ണദൗത്യം
വന്നാൻ ദേവകനന്ദിനീതനയനായ് ശ്രീദ്വാപരത്തിൽസ്സ്വയം;
കൊന്നാൻ തന്നെ വധിയ് ക്കുവാനലറിയെത്തുന്നോരെ നിര്യത്നമായ്;
ചൊന്നാൻ വൈദികകാവ്യസത്യമെഴുനൂറോളം സ്വപദ്യങ്ങളിൽ--
ത്തന്നാൻ ഭക്തിപഥത്തിലേവനുമൊരേ ലക്ഷ്യം, ജഗന്നാഥ, നീ!
[നിര്യത്നം = പ്രയാസപ്പെടാതെ ]
കൃഷ്ണമഹത്വം
ചൗര്യത്തിൽച്ചതുരൻ, ഹലിയ് ക്കൊരനുജൻ, കംസന്നു മോക്ഷപ്രദൻ,
വ്യാളത്തിന്റെ ഫണങ്ങളിൽ വിഷഹരൻ, രാധയ് ക്കു ചിത്തേശ്വരൻ;
മാഴ്കുന്നോർക്കഭയപ്രദൻ, വിജയനോ വേദൗഘ-സാരപ്രദൻ,
ആനായർക്കരചൻ തെളിഞ്ഞ യമുനാതീരത്തു വാഴുന്നവൻ.
[വേദൗഘം = വേദങ്ങളുടെ കൂട്ടം, വേദോപദേശം; ആനായർ = ഗോപാലകർ]
കൃഷ്ണമുകിൽ
വേദാരംപോലെ ലോകം പലകുറി നിറവും ഭാവവും മാറ്റിടുന്നൂ;
വേതാളംപോലെ താപം ഹൃദയവനികയിൽ നൃത്തമാടുന്നു നിത്യം;
വേഴാമ്പൽപോലെ ഞാനെൻ ഹരിയുടെ കൃപയാം കാർമ്മുകിൽ കാത്തിരിപ്പേൻ;
വേറാരുള്ളൂ കെടുത്താൻ അഴലുകൾ അനലപ്രായമാളുന്ന നേരം ?
[വേദാരം = ഓന്ത് ; അനലപ്രായം = തീപോലെ ]
കൃഷ്ണഭക്തി
സ്ഥൂലത്തിൽസ്സൂക്ഷ്മമാകും ഹരിയുടെ നിലയെകാണുവാൻ ഭക്തിയല്ലാ--
തേതുള്ളൂ മാർഗ്ഗം ? അന്യം പഥഗണമെളുതല്ലാർക്കുമീ ദുര്യുഗത്തിൽ;
നേട്ടം നോക്കാതെ കർമ്മം തുടരുക കഠിനം; ജ്ഞാനമാർഗ്ഗം വിരക്ത-
ന്മാർക്കേ ചേരൂ, ഹരേ നിൻ തിരുവടി പുണരൽ ശപ്തനും ക്ഷിപ്രസാദ്ധ്യം!
[ദുര്യുഗം = ചീത്ത യുഗം (കലി)]
കൃഷ്ണസ്നാനം
ഗോധൂളീധൂസരം ശ്രീഹരിയുടെ വപു; വാ സൂരജയ് ക്കിന്നു സായം--
കാലത്താകും കുളിർക്കും തിരയുടെ വിരലാൽദ്ധൂളി നീക്കീട്ടു ചൊല്ലാൻ:--
"ആരെക്കാൽതൊട്ടു ധൂളീശകലമതുടനേ ചന്ദനംപോലെ ഭക്ത്യാ
ഫാലത്തിൽത്തേയ്ക്കുവാനായ് മുനിജനമുഴറീ, യിന്നവൻ മഗ്നനെന്നിൽ!"
[ഗോധൂളീധൂസരം = പശുക്കുളമ്പുയർത്തുന്ന പൊടി പുരണ്ടത്; മഗ്നൻ = മുഴുകിയവൻ ]
കൃഷ്ണദാനം
കേൾക്കാനല്ലോ ലഭിച്ചൂ ശ്രവണപുടകമപ്പുണ്യഗോവിന്ദനാമം,
ഓതാനല്ലോ ലഭിച്ചീയധരപുടമതേ ഹർഷമേറ്റുന്ന നാമം;
പോകാനല്ലോ ലഭിച്ചൂ ഗുരുപവനപുരേ കാലു രണ്ടും ഹരേ, യി--
ന്നേകാനല്ലോ ലഭിച്ചൂ ബലയുതമിരുകൈ ശിഷ്ടരായോർക്കു ദാനം.
[ശ്രവണപുടകം = ചെവിയുടെ മടക്ക്)
കൃഷ്ണനാമം
രോഗത്തിൽപ്പരമൗഷധം, വ്യഥയിലോ സാന്ത്വം പ്രശാന്തിപ്രദം,
പേടിപ്പിച്ചുവളഞ്ഞിടും ഭയശതം കേറാത്ത ചുറ്റമ്പലം,
എകാകിത്വമെരിച്ചിടുന്നപൊഴുതിൽത്തൂകുന്ന വർഷം, ഹരേ
നാമം താവകം; എന്നുമെന്നുമതുതാനാപത്തിലേകാഭയം!
[പൊഴുതിൽ = സമയത്ത്]
Post a Comment