Search This Blog

Monday, May 16, 2022

വായനക്കാർ എഴുതുന്നു: അപൂർവ്വ ശാസ്ത്രപ്രതിഭ : ഗോപിനാഥൻ കർത്ത

ഹൃദയസ്പൃക്കായ ഒരു വായനാനുഭവമായിരുന്നു കോട്ടയിൽ ഐപ്പ് വർഗ്ഗീസ്, ഇന്ദിര കർത്ത, ജോസഫ് ആന്റണി എന്നിവർ ചേർന്നെഴുതിയ 'മലയാളി അറിയാതെപോയ അപൂർവ്വ ശാസ്ത്രപ്രതിഭ' എന്ന ലേഖനം (100:8). നിരവധി മാദ്ധ്യമങ്ങളിലൂടെ വിവരവിസ്ഫോടനം നടക്കുന്ന ഇക്കാലത്തും ഗോപിനാഥൻ കർത്ത എന്ന ശാസ്ത്രപ്രതിഭയെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ശാസ്ത്രമേഖലയെക്കുറിച്ചും സാമാന്യം വിശദമായ അറിവു പകരുന്ന വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം തന്നെയായിരുന്നു അത്. മാത്രമല്ല, വായനക്കാരിൽ ഒരുപാട് ചിന്തകളുണർത്തുന്ന ഒന്നാണ് ഈ ലേഖനം. ശാസ്ത്രമേഖല പൊതുവെ പാശ്ചാത്യരുടെ കുത്തകയാണെന്ന ഒരു രൂഢമൂലമായ വിശ്വാസം ലോകത്താകമാനം നിലനില്ക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. അതിനിടയിൽ അത്രയൊന്നും ആധുനിക സൗകര്യങ്ങളില്ലാതെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, അസാമാന്യ പ്രതിഭാവിലാസം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങൾ അവഗണിക്കപ്പെടുന്നു എന്നത് വളരെ ദു:ഖകരമായ വസ്തുതയാണ്. അങ്ങനെത്തന്നെയാണ് ഇന്ത്യക്ക് ഗോപിനാഥൻ കർത്തയുടെ പേരിലുള്ള, ചുരുങ്ങിയത് ഒരു നോബൽ പുരസ്കാരമെങ്കിലും നഷ്ടപ്പെട്ടത് എന്ന് നിസ്സംശയം പറയാം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിട്ടുപോലും ഈ ദുർഗ്ഗതി അദ്ദേഹത്തെ വേട്ടയാടി എന്നത് തീർത്തും അപലപനീയമാണ്. വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന നോബൽ പുരസ്കാരങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താല്പര്യങ്ങളിലേക്കും ലേഖനം വെളിച്ചം വീശുന്നു. ഇതൊരു വെല്ലുവിളിയായെടുത്ത്, ഇന്ത്യ ശാസ്ത്രപ്രതിഭകൾക്ക് ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും നല്കി ശാസ്ത്രമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയർത്തേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ലേഖനം വിരൽ ചൂണ്ടുന്നത്.
ഒടുവിൽ, നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ ശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്ക് എത്രകണ്ട് പ്രാധാന്യം നൽകുന്നുണ്ട് എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. അക്കാര്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വേറിട്ടുനില്ക്കുന്നു എന്നു പറയാൻ വളരെ സന്തോഷമുണ്ട്. ആഴ്ചപ്പതിപ്പിൽ വരുന്ന ശ്രീ ജോസഫ് ആന്റണിയുടേയും മറ്റും ശാസ്ത്രലേഖനങ്ങൾ ഇവിടെ സ്മരിക്കുന്നു. അറിയപ്പെടാത്ത ശാസ്ത്രപ്രതിഭകളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6/5/22
22-25/5/22 ലക്കം (100 : 10 )ൽ പ്രസിദ്ധീകരിച്ചു


No comments: