Search This Blog

Wednesday, April 6, 2022

Era of Darkness - Shashi Tharoor

എല്ലാ ഇന്ത്യക്കാരും, നമ്മുടെ ചരിത്രത്തെപ്പറ്റി അത്രയൊന്നും ബോധവാന്മാരല്ലാത്ത പുതിയ തലമുറയും ബോധവാന്മാരായിട്ടും ബ്രിട്ടീഷ് ഭക്തികൊണ്ടും ബ്രിട്ടീഷുകാർതന്നെ പ്രചരിപ്പിച്ച വ്യാജവസ്തുതകളുടെ മോഹവലയത്തിൽപ്പെട്ടുപോയ പഴയ തലമുറയും ഒരുപോലെ വായിക്കേണ്ട ഒരു അമൂല്യ ഗ്രന്ഥമാണ് ശശി തരൂരിൻ്റെ Era of Darkness. ഇരുളടഞ്ഞ കാലം എന്ന പേരിൽ മലയാള വിവർത്തനവും ലഭ്യമാണ്.
ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണത്തിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്ന ശശി തരൂരിൻ്റെ ഓക്സ്ഫഡ് സർവ്വകലാശാലയിലെ സുപ്രസിദ്ധമായ പ്രസംഗത്തിൽനിന്നാണ് ഇത്തരമൊരു പുസ്തകമെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
ബ്രിട്ടീഷ് ഭരണം ഇന്ത്യക്കു വളരെയേറെ ഗുണം ചെയ്തു എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്ന വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ടാണ് പുസ്തകം മുന്നേറുന്നത്. വിഷയം ആഴത്തിൽ പഠിച്ച്, കൃത്യമായ വസ്തുതകളും കണക്കുകളും നിരത്തിക്കൊണ്ടാണ് അദ്ദേഹം വായനക്കാർക്ക് തീർത്തും ബോദ്ധ്യമാവും വിധം തൻ്റെ വീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് എല്ലാ പദ്ധതികളും അവർ പ്രാവർത്തികമാക്കിയത്. അതു മൂലം ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ലോകത്തിൽത്തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഇന്ത്യ ബ്രിട്ടീഷുകാർ വിടുമ്പോൾ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി. അതേസമയം, ബ്രിട്ടൻ അതിസമ്പന്ന രാജ്യങ്ങളിലൊന്നായിമാറി. നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ജീവരക്തം ഊറ്റിക്കൂടിച്ച ഭീകരസത്വമായിരുന്നു ബ്രിട്ടൻ. എല്ലാ പ്രാദേശിക ഉല്പാദനപ്രക്രിയകളും നിയമം മൂലവും മൃഗീയശക്തികൊണ്ടും അടിച്ചമർത്തുക, ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വലിയ വിലയ്ക്ക് വാങ്ങാൻ നിർബ്ബന്ധിതരാക്കുക തുടങ്ങിയ കുടിലതന്ത്രങ്ങളാണ് അവർ പയറ്റിയത്. നാട്ടുരാജ്യാക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുകയും രണ്ടു പക്ഷത്തുനിന്നും സുരക്ഷക്ക് പണം വാങ്ങുക എന്ന തെരുവുഗുണ്ടകളുടെ ശൈലിയാണ് അവർ പിന്തുടർന്നത്.
ബ്രിട്ടീഷ്സംഭാവനയായി ആരാധകർ ചൂണ്ടിക്കാട്ടുന്ന വലിയൊരു പദ്ധതി ഇന്ത്യൻ റയിൽവെയാണ്. ഇന്ത്യയിലെ വിദൂരഭാഗങ്ങളിൽനിന്നു കയറ്റുമതിക്കുള്ള ചരക്കുകൾ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം കൊണ്ടുവരുക എന് എന്നതായിരുന്നു റയിൽവെ നിർമ്മാണത്തിന്റെ ലക്ഷ്യം. എന്നാൽ, അതിന്റെ നിർമ്മാണച്ചെലവ് അക്കാലത്ത് അമേരിക്കയിലെ ചെലവിന്റെ ഒമ്പതിരട്ടിയോളമായിരുന്നു. കാരണം, അതിനുവേണ്ട സാമഗ്രികൾ മുഴുവനും ഇന്ത്യൻ പണംകൊണ്ട് ബ്രിട്ടനിൽനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭീമമായ ശമ്പളമാണ് മറ്റൊന്ന്. അതും ബ്രിട്ടനിലേക്കൊഴുകി. ബ്രിട്ടീഷ് പാർലമെന്റംഗങ്ങൾ പലരും ഇന്ത്യൻ റയിൽവെയുടെ ഓഹരിക്കാരായിരുന്നു. അക്കാലത്തെ നിലവാരമനുസരിച്ച് ഭീമമായ ലാഭവിഹിതമാണ് അവർക്ക് നല്കിയിരുന്നത്. പകരം ഇന്ത്യയെ കൊള്ളയടിക്കുന്നതിനു സഹായകരമായ നിയമങ്ങൾ അവർ പാസ്സാക്കി. ഇങ്ങനെ ഒരു ദൂഷിതവലയമായിരുന്നു റയിൽവെ കേന്ദ്രീകരിച്ച് അരങ്ങേറിയത്. മാത്രമല്ല, തീവണ്ടികളിൽ ചരക്കുഗതാഗതത്തിനായിരുന്നു മുൻഗണന. ചരക്കു ഗതാഗതത്തിനും ഉയർന്ന ഉദ്യോഗസ്ഥന്മാർ കയറുന്ന ഉയർന്ന ക്ലാസ്സുകളിലും വളരെ കുറഞ്ഞ കൂലിയായിരിക്കേ, വളരെ പരിമിതമായ മൂന്നാം ക്ലാസ്സിൽ ഉയർന്ന നിരക്കും ഈടാക്കിക്കൊണ്ടിരുന്നു. 
ബ്രിട്ടൻ്റെ നിയമസംവിധാനമയിരുന്നു മറ്റൊന്ന്. ഒരുപാട് ഭേദഗതികളോടെ അത് ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും വിവേചനത്തിൻ്റെ കൂത്തരങ്ങായിരുന്ന നിയമസംവിധാനം അക്കാലത്ത് ബ്രിട്ടീഷ് ക്രിമിനലുകളെ രക്ഷിക്കാനും തദ്ദേശീയർക്ക് പരമാവധി ശിക്ഷ നൽകാനുമുള്ള ഒരു ഉപകരണമായിരുന്നു. ബ്രിട്ടീഷുകാർ ചെയ്യുന്ന കൊലകൾക്കുപോലും നിസ്സാരമായ വകുപ്പുകൾ ചുമത്തി ചെറിയ ശിക്ഷകൾ വിധിക്കുമ്പോൾ ഇന്ത്യക്കാരുടെ നിസ്സാര കുറ്റങ്ങൾക്കുപോലും കനത്ത ശിക്ഷയാണ് വിധിച്ചിരുന്നത്. ചുരുക്കത്തിൽ, ലോകത്തിനു മുന്നിൽ ഒരു മഹാസ്ഥാപനം എന്ന പ്രതീതിയുണർത്തുന്ന പൊള്ളയായ കെട്ടുകാഴ്ച്ച മാത്രമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ നിയമസംവിധാനം. അതിന്റെ ഏറ്റവും ഭീതിതമായ ദൃഷ്ടാന്തമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. എന്താണ് നടക്കുന്നത് എന്ന് നോക്കാൻപോലും ശ്രമിക്കാതെ, ഒരു മുന്നറിയിപ്പും നല്കാതെ, രക്ഷാമാർഗ്ഗങ്ങളെല്ലാം അടച്ചുകൊണ്ട് തുരുതുരാ വെടിയുതിർത്തു നൂറുകണക്കിന് നിരപരാധികളും നിരായുധരുമായ സാധാരണക്കാരെ കൊന്നൊടുക്കി. മുറിവേറ്റവരെ രക്ഷിക്കാൻ ആരേയും അനുവദിക്കാതെ ഒരു ദിവസത്തേക്ക് പ്രവേശനം നിരോധിച്ചു. ഇത്തരം അധമകൃത്യം ചെയ്ത രാക്ഷസസമാനനനായ ഡയർ എന്ന ക്ഷുദ്രജീവിയെ ന്യായീകരിക്കാനും അനുമോദിക്കാനുമാണ് ബ്രിട്ടീഷ് സർക്കാർ ഒരുമ്പെട്ടത്.
ഇംഗ്ലീഷ് വിദ്യാഭ്യാസമാകട്ടെ, സ്വന്തമായുള്ളതിനെയെല്ലാം പുച്ഛത്തോടെ കാണുന്ന ഒരു കൂട്ടം ബ്രിട്ടീഷ്ഭക്തരെ തങ്ങളുടെ ഗുമസ്തപ്പണിക്കുവേണ്ടി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. 
സ്പെയിനിന് കോളനിരാജ്യങ്ങളെ മുഴുവൻ കത്തോലിക് മതത്തിലേക്ക് മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഫ്രാൻസിന് സ്വന്തം സംസ്ക്കാരം വളർത്തുക എന്നതായിരുന്നു. ബ്രിട്ടനാകട്ടെ, സമ്പത്ത് കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അത് അവരുടെ പ്രബുദ്ധ മതേതരത്വമായി തെറ്റിദ്ധരിക്കാനിടയാക്കി
ശശി തരൂർ നിരീക്ഷിക്കുന്നു.
ബംഗാളിൽ ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണികൊണ്ട് തെരുവിൽ വീഴുമ്പോൾ ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്നവിധത്തിൽ വിൻസ്റ്റൺ ചർച്ചിൽ വ്യക്തിപരമായ ഉത്തരവിൽ ഇന്ത്യയിൽനിന്ന് ധാന്യങ്ങളും മറ്റും കയറ്റുമതി തുടരുകയും ആസ്ത്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു വന്ന ഗോതമ്പ് ബ്രിട്ടന്റെ കരുതൽ ശേഖരം കൂട്ടാൻവേണ്ടി വഴിതിരിച്ചുവിടുകയും അതുവഴി ലക്ഷക്കണക്കിനു പട്ടിണിമരണങ്ങൾക്കു കാരണക്കാരനായ ചർച്ചിലിനെ ഹിറ്റ്ലർക്കു സമനായി ശശി തരൂർ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നു.
 പല തരത്തിലുള്ള ഭിന്നതകൾകൊണ്ട് വെട്ടിനുറുക്കിയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്. നിസ്സാര വൈവിധ്യങ്ങളെ ഊതിപ്പെരുപ്പിച്ച് മുതലെടുക്കുക എന്നതായിരുന്നല്ലോ അവരുടെ മുഖമുദ്ര. ഏറ്റവും നല്ല ഉദാഹരണം പൊതുവെ ഒരു ആധുനികൻ എന്നു പറയാവുന്ന ജിന്ന തന്നെയാണ്. ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ Direct Action Day ആഹ്വാനം ചെയ്യുന്ന തരത്തിൽ അയാളെ ഒരു ക്ഷുദ്രജീവിയാക്കിയതിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ പങ്ക് ശശി തരൂർ വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. അത് വിഭജനാനന്തര ഭീകരതവരെ നീണ്ടു.
ഇന്ത്യൻ നേതാക്കളോടാലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് നാമമാത്രമായ പ്രതിനിധിസഭയിൽനിന്ന് കോൺഗ്രസ്സ് നേതാക്കൾ രാജിവെച്ചത് അബദ്ധമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടുന്നു. അത് തന്നിഷ്ടം പോലെ പ്രവർത്തിക്കാനും ജിന്നയുടെ ലീഗുമായി കൂടുതൽ അടുത്ത് ഭിന്നിപ്പ് വർദ്ധിപ്പിക്കാനുമുള്ള അവസരമായാണ് ബ്രിട്ടീഷ് ഭരണകൂടം ഉപയോഗപ്പെടുത്തിയത്. ലീഗിനെ പ്രീണിപ്പിക്കാനുള്ള എല്ലാ അവസരവും അവർ മുതലെടുത്തു.
ക്വിറ്റ് ഇന്ത്യാസമരവും വേണ്ടത്ര വിജയിച്ചില്ല എന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.
അഹിംസാമാർഗ്ഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നു പറയാമെങ്കിലും 1945 ജനുവരിയിൽ നടന്ന നാവികകലാപം ഇന്ത്യയിൽനിന്നുള്ള ബ്രിട്ടൻ്റെ ഒഴിഞ്ഞുപോക്കിന് വളരെയേറെ ആക്കം കൂട്ടിയെന്നു ശശി തരൂർ നിരീക്ഷിക്കുന്നു.   
പിന്നെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാര്യം. ആദ്യകാല രാഷ്ട്രീയ നിലവാരത്തിലേക്ക് ഉയരാൻ പിന്നീടു വന്ന തലമുറകൾക്കായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. മാത്രമല്ല, തുടർച്ചയായ അധ:പതനത്തിന്റെ പാതയിലായിരുന്നു എന്നതും സത്യം തന്നെ. ഇന്ത്യക്കു യോജിച്ചത് പ്രസിഡൻഷ്യൽ സംവിധാനമാണെന്ന് ശശി തരൂർ പറയുന്നു. ഇപ്പോഴത്തെ രീതിയിൽ രാജ്യതാല്പര്യത്തേക്കാൾ നിക്ഷിപ്ത താല്പര്യങ്ങളാണ് പാർട്ടികളെ നയിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
സ്വാതന്ത്ര്യത്തിനു ശേഷം 75 വർഷം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പു വരുമ്പോൾ നാലു വോട്ടിന് ജാതിയും മതവും പ്രാദേശികതയുമെല്ലാം കുത്തിച്ചെലുത്തി സായിപ്പിന്റെ തന്ത്രം പയറ്റാൻ നമുക്ക് ഒരു ഉളുപ്പുമില്ല. എന്തൊക്കെയായാലും, ഭാഷയിലും, പാരമ്പര്യത്തിലും, ജീവിതരീതിയിലുമെല്ലാം ഇത്രയേറെ വൈവിദ്ധ്യമുള്ള ഒരു രാജ്യം ഇങ്ങനെയെങ്കിലും ഒന്നിച്ചു നില്ക്കുന്നു എന്നത് നിസ്സാര കാര്യമല്ല. മറിച്ച്, നൂറ്റാണ്ടുകളോളം ജനാധിപത്യം നിലനില്ക്കുന്ന പ്രബുദ്ധരെന്നു നാം കരുതുന്ന രാജ്യങ്ങളിലെ അവസ്ഥയെന്താണ്? എവിടെയെങ്കിലും ഇവിടത്തെപ്പോലെ ഇത്രയധികം കക്ഷികളുള്ള ഒരു സംവിധാനമുണ്ടോ? എല്ലായിടത്തും മുഖ്യമായി രണ്ടു കക്ഷികൾ മാത്രം. പിന്നെ, ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ അവസ്ഥയെന്താണ്? ഒരുപാട്, ഒരുപാട് പരിമിതികൾക്കുള്ളിലും ഇന്ത്യ എല്ലാ മേഖലകളിലും വൻ മുന്നേറ്റം നടത്തി എന്നത് അനിഷേധ്യമായ വസ്തുതയാണ്.

No comments: