അവിടെയാണ് ടി ജെ എസ് ജോർജ് എന്ന വിഖ്യാതനായ പത്രപ്രവർത്തകൻ്റെ ‘ഘോഷയാത്ര‘ എന്ന ഓർമ്മക്കുറിപ്പുകൾ വ്യത്യസ്തമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഒരു ഘോഷയാത്രതന്നെയാണ്. ഒരുപാട് മഹാവ്യക്തിത്വങ്ങളുടെ, അവരുടെ ജീവിതത്തിലെ റോളർകോസ്റ്ററുകൾപോലെയുള്ള ഗതിവിഗതികളുടെ, മഹത്തായ വിജയങ്ങളുടെ, വൻ പരാജയങ്ങളുടെ, വിചിത്ര സ്വഭാവസവിശേഷതകളുടെ, മഹാചരിത്രസംഭവങ്ങളുടെയെല്ലാം ഒരു മഹാഘോഷയാത്ര. ഇതിൽ, വഴിയോരത്ത് കാഴ്ച നോക്കിനിൽക്കുന്ന ജിജ്ഞാസുവായ ഒരു കുട്ടിയുടെ സ്ഥാനമാണ് ഗ്രന്ഥകാരൻ്റേത്.
ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വ്യക്തി എത്തിപ്പെടുക എന്നത് ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇക്കാര്യത്തിൽ ഗ്രന്ഥകാരൻ വളരെ ഭാഗ്യവാനാണെന്നു നിസ്സംശയം പറയാം. ലോകത്ത് അഭൂതപൂർവ്വമായ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടത്തിലാണ് ഒരു പത്രപ്രവർത്തകനായി അദ്ദേഹം ജീവിതമാരംഭിക്കുന്നത്. അത് മുംബൈ, ഹോങ്കോങ്, അമേരിക്കയിലെ ഐക്യരാഷ്ട്രസഭ (അതിന്റെ ഭാഗമായി ലഭിച്ച, അസുലഭമായ കോൺകോർഡ് യാത്രയെക്കുറിച്ചും വളരെ രസകരമായി അദ്ദേഹം വിവരിക്കുന്നു) എന്നിങ്ങനെ മുന്നേറവേ, പത്രപ്രവർത്തനത്തിലെ മഹാരഥന്മാർക്കു പുറമേ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള അനേകം പ്രശസ്ത വ്യക്തികളെ കണ്ടുമുട്ടാനും ചരിത്രസംഭവങ്ങൾക്കു സാക്ഷിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ അനുഭവ വിവരണത്തിലൂടെ അദ്ദേഹം വായനക്കാരുടെ മുമ്പിൽ കാലത്തിന്റെ ഒരു വാഗ്മയചിത്രം വരച്ചു കാട്ടുന്നു. പുസ്തകത്തിനൊടുവിൽ കൊടുത്തിരിക്കുന്ന 'ഘോഷയാത്രയിൽ പങ്കെടുത്തവർ' എന്ന നാമസൂചിയിലൂടെ ഒന്നു കണ്ണോടിച്ചാൽമാത്രം മതി അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ. ആരേയും പഴിക്കാനോ വിധിക്കാനോ മുതിരാതെ ഒരു കുട്ടിയുടെ കൗതുകത്തോടെ ജീവിതക്കാഴ്ച കാണാനും അതു മറ്റുള്ളവരുമായി വളരെ രസകരമായി പങ്കുവയ്ക്കാനും അദ്ദേഹം ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു.
No comments:
Post a Comment