Search This Blog

Saturday, December 4, 2021

വായനക്കാർ എഴുതുന്നു - ഫ്രാൻസ് ഫാനൻ



ഫ്രാൻസ് ഫാനനെപ്പറ്റി ഡോ. ജെ സുഭാഷ് എഴുതിയ 'ഭാവിയുടെ സുവിശേഷകൻ' എന്ന ലേഖനം (99:36) ഹൃദയസ്പൃക്കും അതേസമയം, ചിന്തോദ്ദീപകവുമായ ഒരനുഭവമായി. മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അവബോധം വികസിച്ചുവരുന്ന ഇരുപതാം നൂറ്റാണ്ടിൽ ഒരു മനോരോഗവിദഗ്ധനായി ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാരീസിൽ ജീവിക്കാൻ അവസരം ലഭിക്കുക എന്ന അത്യപൂർവ്വമായ ജീവിതനിയോഗംപോലും, കറുത്തവനായി ജനിച്ചു എന്ന വിധിയുടെ നിസ്സഹായാവസ്ഥയിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാൻ പര്യാപ്തമായില്ല. മറിച്ച്, അത് വർണ്ണവിവേചനം എന്ന ശപിക്കപ്പെട്ട മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി, പ്രതിരോധത്തിന്റെ അടിത്തറ പാകാനുള്ള കഠിന യത്നത്തിലേക്ക് എടുത്തു ചാടാൻ അദ്ദേഹത്തിന് പ്രേരകമായി. അതിനായി അദ്ദേഹം, 'തന്നെ വേണ്ടാത്ത വെള്ളക്കാരന്റെ നാട്ടിൽനിന്നും തന്നെ ആവശ്യമുള്ള' അൾജീരിയയിലേക്ക് ജീവിതം പറിച്ചുനട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതദൗത്യം പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയോ എന്ന കാര്യം ദശാബ്ദങ്ങൾക്കുശേഷം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.അദ്ദേഹത്തിന്റെ വിപ്ലവചിന്തകളെ വ്യത്യസ്തമാക്കുന്നത്, വർണ്ണവിവേചനത്തിനെതിരായ പോരാട്ടം വെള്ളക്കാരനെതിരായ പോരാട്ടത്തിലൊതുങ്ങാതെ കറുത്തവന്റെ സമഗ്രമായ ഉന്നമനവും അധികാരം പിടിച്ചെടുക്കലുമാണ് എന്ന ആശയമാണ്. കമ്മ്യൂണിസത്തിൽനിന്ന് വ്യത്യസ്തമായി, ന്യൂനപക്ഷമായ വ്യാവസായിക തൊഴിലാകളികൾക്കു പകരം മഹാഭൂരിപക്ഷമായ കർഷകരെ മുന്നണിയിലേക്കു നയിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന കർമ്മപദ്ധതി. വ്യാവസായിക തൊഴിലാളികളുടെ സംഘടിതശക്തി ജനാധിപത്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല, ലേഖനത്തിൽ പറയുന്നതുപോലെ, പൊതുവെ അംഗീകരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തവിധം കറുത്തവർഗ്ഗക്കാരുടെ ഉന്നമനം ഹിംസയിലൂടെത്തന്നെ വേണമെന്ന് അദ്ദേഹം നിഷ്ക്കർഷിക്കുന്നു. മൃഗീയശക്തിയെ മൃഗീയശക്തികൊണ്ടുതന്നെ നേരിട്ടു വിജയം വരിക്കുക എന്നത് ആവേശകരവും വരും തലമുറകൾക്ക് പ്രചോദനകരവും അഭിമാനകരവുമാണെന്നതിൽ തെല്ലും സംശയമില്ല. എന്നാൽ, അത് എത്രകണ്ട് യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വ്യാവസായികവിപ്ലവത്തിനു മുമ്പ് പരമ്പരാഗത ആയുധമുറകൾകൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞേക്കാമെങ്കിലും വെടിമരുന്നിന്റെ ആവിർഭാവത്തിലൂടെ ഉയർന്നുവന്ന വൻമാരകശക്തിയുള്ള ആയുധങ്ങളോടുകൂടിയ വൻ സൈനികശക്തിക്കു മുമ്പിൽ കർഷകരുടെ മുന്നേറ്റം അമ്പേ പരാജയപ്പടാനാണ് സാദ്ധ്യത. കാരണം, താരതമ്യേന ചെറിയ തോതിലുള്ള ആക്രമണംപോലും അധീശശക്തികൾക്ക് പതിന്മടങ്ങ് മൃഗീയ ശക്തി പ്രയോഗിക്കാനുള്ള ന്യായീകരണം നല്കുന്നു. ഫലത്തിൽ, അതു വടി കൊടുത്ത് അടി വാങ്ങുന്നതിനു സമാനമായിരിക്കും. ഈ വിധത്തിൽ കൂടുതൽ സംഘടിതശക്തിയുള്ള സംഘടനകൾപോലും പരാജയപ്പെട്ടുപോകുന്നു എന്നാണ് പാലസ്തീനിലും ഐർലൻറിലും, നമ്മുടെ പുന്നപ്ര വയലാർ നക്സലിസ, മാവോയിസ്റ്റ് മുന്നേറ്റങ്ങളിലുമെല്ലാം ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അവിടെയാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരം വ്യത്യസ്തമാകുന്നത്.
ഇതൊക്കെയാണെങ്കിലും ഇത്തരം സാമൂഹിക, ബൗദ്ധിക ആശയങ്ങളും അവയ്ക്കുവേണ്ടി ഉറച്ച ലക്ഷ്യബോധത്തോടുകൂടി ജനങ്ങളിലേക്കിറങ്ങി നേതൃത്വപരമായ കർമ്മത്തിൽ മുഴുകുന്ന മഹനീയ വ്യക്തിത്വങ്ങളുംതന്നെയാണ് ഏതൊരു സമൂഹത്തിന്റെയും അഭ്യുന്നതിക്ക് ചാലകശക്തിയായി വർത്തിക്കുന്നത്. ഫ്രാൻസ് ഫാനനെപ്പോലെ ലോകത്തെങ്ങുമുള്ള നിന്ദിതരും പീഡിതരുമായ ജനങ്ങൾക്കുവേണ്ടി സ്വയം ഉഴിഞ്ഞിട്ട, അത്രയൊന്നും അറിയപ്പെടാത്ത മഹനീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.
19/11/2021 
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 99:38ൽ