Search This Blog

Tuesday, April 27, 2021

വായനക്കാർ എഴുതുന്നു - താമസി

പുതിയ സാഹിത്യ പ്രതിഭകളെ തുയിലുണർത്തി ലോകത്തിന്റെ അക്ഷരവെളിച്ചത്തിലേക്ക് ആനയിക്കുന്ന വിഷുപ്പതിപ്പിന്റെ (99 : 05)തിരിച്ചു വരവ് എന്തുകൊണ്ടും ആഹ്ലാദകരം തന്നെ! പുതിയ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകൾ വിഷുപ്പതിപ്പിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.  കൂട്ടത്തിൽ പറയട്ടെ, ഈ മഹത്തായ സംരംഭത്തിന്റെ സാർത്ഥകതയുടെ നേർസാക്ഷ്യം തന്നെയാണ് ഈ ലക്കത്തിൽ പുന: പ്രസിദ്ധീകരിച്ച, ഈയിടെ അന്തരിച്ച ബഹുമുഖപ്രതിഭയായ പി ബാലചന്ദ്രന്റെ 1972ലെ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ താമസി എന്ന നാടകം. അര നൂറ്റാണ്ടോളം പഴക്കമുള്ള മഞ്ഞച്ച കടലാസിലെ കുനുകുനാ എന്ന അച്ചടിയുടെ തനിപ്പകർപ്പ് മുതിർന്ന തലമുറകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായിരിക്കും. എന്നാൽ, അതിലുമുപരി, അര നൂറ്റാണ്ടിനോടടുക്കുന്ന ആ നാടകം കാലപ്പഴക്കത്തിനതീതമായി, ഇന്നും നവംനവങ്ങളായ അനുഭൂതികളും ചിന്തകളും ഉണർത്താൻ പര്യാപ്തമാണ്. ഒരു ബിരുദ വിദ്യാർത്ഥിയുടെ കൃതി എന്ന് വിശ്വസിക്കാൻ പ്രയാസമായ തരത്തിലുള്ള പക്വതയും കയ്യടക്കവും സർഗ്ഗപ്രതിഭയും അതിൽ പ്രകടമാണ്. വെറും മൂന്നു കഥാപാത്രങ്ങളെ രംഗത്തും പിന്നണിയിൽ ഒരു നടിയുടെ ശബ്ദസാന്നിദ്ധ്യവുംകൊണ്ട് അനിർവ്വചനീയമായ ഒരു അനുഭൂതിതലത്തിലേക്ക് വായനക്കാരെ ഉയർത്തുന്നു ഈ നാടകം. ലളിതമായ സംഭാഷണത്തിലൂടെ വികസിക്കുന്ന നാടകം കഥാപാത്രങ്ങളുടെ വ്യക്തിബന്ധങ്ങളും സംഘർഷങ്ങളും കുറ്റബോധത്താൽ വേട്ടയാടപ്പെട്ട് എല്ലാം തേച്ചുമായ്ക്കാൻ ശ്രമിക്കുന്ന രക്ഷകനെത്തന്നെ വകവരുത്തി മറ്റൊരു പാതകത്തിലേക്കു വഴുതി വീഴുന്ന ദുരന്തപൂർണ്ണമായ വിരോധാഭാസവും വിധിവൈപരീത്യവും മഥിക്കുന്ന വായനാനുഭവം പകർന്നു നൽകുന്നു.  പി ബാലചന്ദ്രൻ എന്ന ബഹുമുഖപ്രതിഭയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിനോടൊപ്പം പരേതാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നു.

എപ്രിൽ 27ലെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.