പ്രാചീന കാലത്ത് കടന്നാക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ളവരെങ്കിലും അതിനുശേഷമുള്ള നിരവധി നൂറ്റാണ്ടുകളിൽ ലോകത്ത് ഏറ്റവുമധികം പീഡിക്കപ്പെട്ട ജനത ജൂതന്മാരായിരിക്കും. അതിസമർത്ഥരും ബുദ്ധിമാന്മാരും അദ്ധ്വാനശീലരുമായിട്ടും ഇതാണ് അവസ്ഥയെന്നതാണ് ഏറെ വിചിത്രം. അവർ ഏറ്റവുമധികം പീഡിക്കപ്പെട്ടത് മൊത്തം യൂറോപ്പിലുമാണെന്നു പറയാം. അതിൽ റഷ്യയായിരിക്കും ഏറ്റവും മുന്നിൽ. നാസി ജർമ്മനിയെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. നാസി ജർമ്മനിയിലെ അവസ്ഥ ഒന്നോ രണ്ടോ ദശാബ്ദങ്ങളായിരുന്നെങ്കിൽ റഷ്യയിൽ നൂറ്റാണ്ടുകളായിരുന്നു. റഷ്യൻ വിപ്ലവത്തിന് അവർ പരിപൂർണ്ണ പിന്തുണ നൽകിയെങ്കിലും വിപ്ലവാനന്തരം അവർ ക്രൂരമായി വേട്ടയാടപ്പെട്ടു, കൂട്ടക്കൊല ചെയ്യപ്പെട്ടു.
ജൂതരിൽ ഏറ്റവും ഭാഗ്യവന്മാർ എന്നു പറയാവുന്നത് വളരെ മുമ്പു തന്നെ അമേരിക്കയിലേക്ക് കുടിയേറിയവരായിരിക്കും.
എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, വളരെ ദുരിതങ്ങൾ അനുഭവിച്ച് സ്വന്തം രാജ്യം കെട്ടിപ്പടുത്തപ്പോൾ അവരുടെ പ്രാചീന തനിനിറം തല പൊക്കാൻ തുടങ്ങി. അതിനു ഇരയായവരോ താരതമ്യേന നിരപരാധികളായ പാലസ്തീൻ അറബികളും എന്നത് ചരിത്രത്തിന്റെ ക്രൂരമായ വിധിവൈപരീത്യം തന്നെ.
പാലസ്തീൻകാർക്കെതിരെയുള്ള ഇസ്രായേലിന്റെ നടപടികളെ തീർച്ചയായും പണ്ട് ജൂതന്മാർക്കെതിരെയുള്ള പീഡനങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം, കാലം എത്രയോ മാറി എന്നതാണ്. ഇന്ന് ലോക നിയമങ്ങളും മനുഷ്യാവകാശങ്ങളും രാഷ്ട്രങ്ങൾ തമ്മിലിടപെടാനുള്ള ചട്ടങ്ങളുമെല്ലാമുള്ള പരിഷ്കൃത സമൂഹമാണെന്ന് നാം അഭിമാനിക്കുന്നു. എന്നാൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊന്നും വകവെക്കാതെ, ലോകാഭിപ്രായം മാനിക്കാതെ പാലസ്തീൻകാർക്ക് അവരുടെ രാജ്യം എന്ന ചിരകാലാഭിലാഷത്തെ ഏതു വിധേനയും കുളം തോണ്ടുക എന്ന കൂടിലവൃത്തിയുമായി മുന്നോട്ടു പോകുന്നു. അതിന് അവരുടെ വരുതിയിലുള്ള യു എസ് എന്ന ആധുനികതയുടെ തലതൊട്ടപ്പൻ എന്ന് സ്വയം ഉദ്ഘോഷിക്കുന്ന രാഷ്ട്രം കൂട്ടുനില്ക്കുന്നു. ഇവിടെ അവർ സ്വന്തം ദുരിതപൂർണ്ണമായ ഭൂതകാലം പാടെ വിസ്മരിക്കുന്നു.