മലയാളത്തിൽ സഫാരി ടിവി ഒരു സംഭവം തന്നെ. ദശാബ്ദങ്ങളായി ഒരേ തരത്തിലുള്ള പരിപാടികൾ കാണിച്ചുകൊണ്ടിരിക്കുന്ന മറ്റു ചാനലുകൾക്കൊന്നും ഇത്തരം ഒരു ആശയംപോലും തോന്നിയില്ല എന്നത് അത്ഭുതം തന്നെ! ഒന്നാലോചിച്ചു നോക്കൂ. അതിൽ സ്മൃതി, ചരിത്രം എന്നിലൂടെ എന്നിവ വലിയ സാങ്കേതിക വിദ്യയൊന്നുമില്ലാതെ വളരെ നിസ്സാരമായി ഏതു ചാനലിനും ചെയ്യാവുന്നതേയുള്ളു. പറ്റിയ ആളെ കണ്ടെത്തണം. അത്രയേയുള്ളു. എന്നിട്ടും, എത്ര ഹൃദയാവർജ്ജകം! വിസ്മൃതിയിലേക്കു മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ദൃക്സാക്ഷിവിവരണം തന്നെ അമൂല്യമായ ചരിത്രരേഖയാണ്. അതുപോലും നമ്മുടെ മഹാ ചാനലുകൾക്ക് ഇത്ര കാലമായിട്ടും തോന്നിയില്ല. എങ്ങനെയാണ് ഇതിന്റെ സാമ്പത്തികം എന്നു പിടി കിട്ടുന്നില്ല. പ്രത്യേകിച്ചും, ഇത്രയേറെ അമൂല്യമായ വിഡിയോ ശേഖരം എങ്ങനെ സംഘടിപ്പിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.
യു ട്യൂബിലെ വരുമാനം കിട്ടുമായിരിക്കും. എന്നാൽ, CDയും പുസ്തകവും എത്ര പേർ വാങ്ങും? അതിൽത്തന്നെ പുസ്തകങ്ങൾക്ക് വലിയ ആകർഷണമുണ്ടാ? പ്രസിദ്ധരായ എഴുത്തുകാർ രചിച്ച വളരെ വിശദമായ ജീവചരിത്രവും മറ്റും ലഭ്യമാണല്ലോ. ആയിരക്കണക്കിന് രൂപ ചെലവാക്കി എത്ര പേർ സി ഡി വാങ്ങും? അതേസമയം വിഡിയോകളുടെ അവകാശത്തിന് എത്ര ലക്ഷങ്ങൾ കൊടുക്കേണ്ടിവരും? മറിച്ച്, പരസ്യത്തിന്റെ പ്രലോഭനം എത്ര വലുതാണ്! സെക്കന്റുകൾക്ക് ലക്ഷങ്ങൾ കയ്യിൽ വരും. അതുപോലെത്തന്നെ ഒരു ചെറിയ തുകയ്ക്ക് paid channel ആക്കിയാലും നല്ലൊരു തുക ലഭിക്കും. എന്നിട്ടും അതിനെന്നും ശ്രമിക്കാതെ തികച്ചും സൗജന്യമായി കാണികളിലേക്കെത്തിക്കുന്ന അനന്യമായ ദൃശ്യാനുഭവമാണ് ഈ ചാനൽ പകർന്നു നല്കുന്നത്.