ഹൃദയാവർജ്ജകമായ ഒരു വായനാനുഭവമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കം 11. പകർന്നു നൽകിയത്.
കവിതയും സംഗീതവും എന്ന് ആഴ്ചപ്പതിപ്പിന്റെ പരസ്യം കണ്ടപ്പോൾ എന്താണ് സംഗതി എന്നു ശരിക്കും പിടികിട്ടിയില്ല. ഒരു താരതമ്യ പഠനമാണോ എന്നും സംശയിച്ചു.
ആഴ്ചപ്പതിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കവിതയിലേയും സംഗീതത്തിലേയും സവിശേഷവ്യക്തിത്വങ്ങളെ സ്മരിക്കുന്ന ഈ ലക്കം മനസ്സു നിറയ്ക്കുന്നതായി. പി കുഞ്ഞിരാമൻ നായർ, എംഡി രാമനാഥൻ, ഒ എൻ വി കുറുപ്പ്, മാധവിക്കുട്ടി. ഇതിലധികം ഒരു കവിതയും സംഗീതവും എന്താണ് വേണ്ടത്?
നൂറു ശതമാനം കവിയായ പി യും നൂറു ശതമാനം വാഗ്ഗേയകാരനായ എം ഡി രാമനാഥനും അവർക്കിടയിൽ, കവിതയ്ക്കും സംഗീതത്തിനും ഒരു കരുത്തുറ്റ പാലമായി ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ഒ എൻ വിയും. അതുകൊണ്ടുമായില്ല, ഇതിനിടയിൽ മാധവിക്കുട്ടിയെന്ന മറ്റൊരു നൂറു ശതമാനം കവിയും.
പ്രകൃതിയും പ്രണയവും ദുഃഖവും ആനന്ദവും ആശയും നിരാശയുമെല്ലാം ചേരുംപടി ചേർത്ത് അനുഭൂതി സാന്ദ്രമായ ജനപ്രിയ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുമ്പോഴും കാലത്തിന്റെ പോക്കിൽ വേപഥു പൂണ്ട് ശാസ്ത്രത്തിനപ്പുറം കണ്ട് ഭൂമിക്ക് ചരമഗീതം രചിച്ച ഒ എൻ വിയുടെ സ്മരണ പുതുക്കിക്കൊണ്ട് എം. പി വീരേന്ദ്രകുമാർ സ്വയം ഓർമ്മയിലേക്കു പിൻവാങ്ങി. ഒരു പക്ഷെ, അദ്ദേഹത്തിന്റെ അവസാനത്തെ പ്രസിദ്ധീകൃത രചനയായിരിക്കാം അത്. ഒ എൻ വിക്കൊപ്പം വീരേന്ദ്രകുമാറിനും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
പി കുഞ്ഞിരാമൻ നായർ-കവി, കാമുകൻ, ഭ്രാന്തൻ. കവിതയിൽ മുങ്ങിക്കളിച്ചിട്ടും കവിത എന്ന നിത്യകന്യകയെ തേടി നടന്ന അവധൂതൻ.
കവി ഇവിടെയിട്ടുപോയ തമ്മിൽ ചേർച്ചയില്ലാത്ത പാദരക്ഷകൾ, കവിയുടെ കാല്പാടുകൾ മനനം ചെയ്തു കൊണ്ട് എത്ര മനോഹരമായാണ് ശ്രീ ഇ.പി രാജഗോപാലൻ കവിയുടെ കവിശരീരം ആവാഹിച്ചെടുത്തത്! ഒപ്പം പി യുടെ ചലനാത്മകതയ്ക്കൊപ്പം കൂടിയ സജയ് കെ.വിയും.
അർത്ഥകാമങ്ങളില്ലാതെ സംഗീതധർമ്മത്തിൽ സ്വയം സമർപ്പിച്ച ഒരു സംഗീതയോഗിവര്യൻ എന്നു പറയാവുന്ന എം ഡി രാമനാഥനെപ്പറ്റി ഡോ. മധു വാസുദേവന്റെ ഹൃദയസ്പർശ്ശിയായ വാങ്മയചിത്രം മറക്കാനാവാത്തതാണ്.
കൂട്ടത്തിൽ ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിനിടയിലും സുഖത്തിലും ദുഃഖത്തിലുമാറാടി, സ്ത്രീയുടെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും നൊമ്പരപ്പെടുകയും ചെയ്തു കൊണ്ട് ഒറ്റയ്ക്കു നടന്ന മാധവിക്കുട്ടി എന്ന കമലാ ദാസും.
ഒരു പക്ഷെ, കവിതയിൽ ആണ്ടു മുങ്ങുന്ന കവിത്വം തന്നെയായിരിക്കാം പിയെയും എം ഡി രാമനാഥനേയും മാധവിക്കുട്ടിയേയുമെല്ലാം ആർക്കും പിടി കൊടുക്കാത്ത, അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛ എന്ന 'താന്തോന്നിത്തം' ജീവിതത്തിന്റെ മുഖമുദ്രയാക്കാൻ നിർബ്ബന്ധിതരാക്കിയത്.
ഈ മഹാ സർഗ്ഗപ്രതിഭകളെയെല്ലാം ഒരു ആഴ്ചയുടെ കാലപരിധിയിലിണക്കിയ വിധിയുടെ വിലാസം പിന്തുടർന്നുകൊണ്ട് ഇറക്കിയ മാതൃഭൂമിയുടെ ഈ ലക്കം അപൂർവ്വമായ ധന്യത കൈവരിക്കുന്നു. ഭാവുകങ്ങൾ!
26/5/2020
No comments:
Post a Comment