Search This Blog

Sunday, December 26, 2021

വായനക്കാർ എഴുതുന്നു- നമ്മെ പൊതിയുന്ന പ്രതിസന്ധികൾ



ഭൂതവും വർത്തമാനവും എന്ന പംക്തിയിൽ ശ്രീ രാമചന്ദ്ര ഗുഹ ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കത്തിൽ (ലക്കം - 14 ) 'നമ്മെ പൊതിയുന്ന പ്രതിസന്ധികൾ' എന്ന ശീർഷകത്തിൽ കൊവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ആരോപണസ്വരത്തിൽ എഴുതിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ആഗോളവ്യാപകമായ ഒരു ദുരന്തത്തിൽ എല്ലാ ലോകമഹാശക്തികളും കൂപ്പുകുത്തി വീഴുമ്പോൾ ഇത്‌ എത്രകണ്ട്‌ വസ്തുനിഷ്ഠവും യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതുമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷയം പ്രതിസന്ധികളാണെങ്കിലും നല്ല വശം സൗകര്യപൂർവ്വം വിസ്മരിച്ച്‌ കുറ്റവും കുറവുകളും മാത്രം ചൂണ്ടിക്കാട്ടുന്നത്‌ രാമചന്ദ്ര ഗുഹയെപ്പോലുള്ള ഒരു പ്രബുദ്ധ എഴുത്തുകാരനു ഭൂഷണമാണോ?ലോകമൊട്ടാകെ അഞ്ചു ലക്ഷത്തിനടുത്ത് (ഇപ്പോഴും തുടരുന്നു) ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ലോകജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിലെ മരണനിരക്കും രോഗബാധിതരുടെ എണ്ണവും ലോകമഹാശക്തികളുടേതും തമ്മിലുള്ള അന്തരം ലോകം മുഴുവൻ മതിപ്പോടെ കാണുന്നുവെങ്കിലും അദ്ദേഹം കാണാതെ പോയി.
അടച്ചുപൂട്ടൽ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച് കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ അവർ പോവുമോ? അതേ സമയം, പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ സകുടുംബം ജീവിക്കുന്നവർ ആയിരക്കണക്കിന്, റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും കൂട്ടം കൂട്ടമായി വന്നു നിറയാനല്ലേ കൂടുതൽ സാദ്ധ്യത? അങ്ങനെ വന്നാൽ, അടച്ചുപൂട്ടലിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുകയല്ലേ ഉണ്ടാവുക? (അപ്പോൾ അതിനെ വിമർശിക്കാവുന്നതാണ്)
ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികൾ അടച്ചുപൂട്ടൽ വ്യവസ്ഥ(എവിടെയാണോ അവിടെ തുടരുക.)ക്കു വിരുദ്ധമായി നൂറുകണക്കിനു കിലോമീറ്റർ നടന്നും നാടുവിടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. അതിനു പക്ഷെ, അതീവ ഗുരുതരമായ സാഹചര്യത്തിൽ നടപ്പിലാക്കിയ അടച്ചുപൂട്ടലിനെ മാത്രം പഴിക്കാനാവില്ല. ഇക്കാര്യത്തിൽ
സംസ്ഥാന സർക്കാരുകൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? അവർ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങൾ എന്തു ചെയ്യുകയായിരുന്നു? എങ്ങനെയാണ് കേരളം ഈ പ്രശ്നം കൈകാര്യം ചെയ്തത്? നൂറായിരം സംസ്കാരിക സംഘടനകളുണ്ടല്ലോ അവരൊക്കെ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സമൂഹം എന്തു ചെയ്യുകയായിരുന്നു? ഈ വക ചോദ്യങ്ങളൊന്നും ലേഖകൻ പരിഗണിക്കുന്നതേയില്ല എന്നത് വിചിത്രം തന്നെ! ഇക്കാലത്ത് വിശപ്പുകൊണ്ട് നാടുവിടേണ്ടിവരിക എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
സാമ്പത്തികപ്രശ്നവും തൊഴിലില്ലായ്മയും കൊവിഡ് മഹാമാരിയെപ്പോലെത്തന്നെ ആഗോളപ്രശ്നമാണെന്നത് വിശദീകരണമാവശ്യമില്ലാത്തവിധം സുവ്യക്തമാണ്. എന്നാൽ, ദീർഘവീക്ഷണത്തോടു കൂടി, വർഷങ്ങൾക്കു മുമ്പു തന്നെ കോടിക്കണക്കിനു നിർദ്ധനർക്ക് സ്വന്തമായി ബാങ്ക് എക്കൗണ്ട് നല്കിയതും അതിലേക്ക് മദ്ധ്യവർത്തികളെ ഒഴിവാക്കിക്കൊണ്ട് നേരിട്ട് പണം അടയ്ക്കുന്നതും ലേഖകൻ കണക്കിലെടുക്കുന്നില്ല.
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിയുടെ സാഹചര്യത്തിൽ കുറ്റവും കുറവും സ്വാഭാവികം തന്നെ. എല്ലാം കുറ്റമറ്റ രീതിയിലാണ് പോകുന്നത് എന്ന് ആർക്കും അവകാശപ്പെടാനാവില്ല. എങ്കിലും, രണ്ടു വശങ്ങളും കണ്ടുകൊണ്ടുള്ള ഒരു സന്തുലിതമായ വീക്ഷണം വെറുമൊരു രാഷ്ട്രീയക്കാരനല്ലാത്ത, സർഗ്ഗപ്രതിഭയായ രാമചന്ദ്ര ഗുഹയെപ്പോലുള്ളവരിൽനിന്ന് വായനക്കാർ പ്രതീക്ഷിക്കും എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
21/6/2020


No comments: