പാരിപ്പോൾ കൊവിഡീൻ കളിക്കളം
പാരിപ്പോൾ നരനോ കൊലക്കളം
ആരിപ്പോളഭയം, ഉരയ്കുവാൻ
പാരിപ്പോളബലം അസംശയം.
വൃത്തം:
ശുദ്ധവിരാൾ
9/4/2020
കറങ്ങുന്നു ചുറ്റും മഹാവ്യാധിയിപ്പോൾ
പുറത്തേക്കിറങ്ങാനൊരുങ്ങല്ലെ തെല്ലും
പരിഭ്രാന്തിയെങ്ങും പടർത്തുന്ന
രോഗം
‘പരത്തുന്ന കാര്യം പറഞ്ഞാൽ പ്രയാസം’.
സമസ്യാപൂരണം ( ഭുജംഗപ്രയാതം )
സമസ്യ: ശ്രീലകം വേണുഗോപാൽ
6/8/21
കറങ്ങുന്നു ചുറ്റും മഹാവ്യാധിയിപ്പോൾ
പുറത്തേക്കിറങ്ങാനൊരുങ്ങല്ലെ തെല്ലും
പരിഭ്രാന്തിയെങ്ങും പടർത്തുന്ന
രോഗം
പരത്താതിരിക്കാൻ ശ്രമിക്കാം നമുക്കും.
18/8/21
ഇന്നു ശാസ്ത്രമതു കൊണ്ടുവരുന്നോ
-
രുന്നതിയ്ക്കളവു വല്ലതുമുണ്ടോ?
നിത്യമെന്നളവിലെത്തുമ മാറ്റം
‘ചിത്തതാരിലതൊരുൾപ്പുളകം താൻ‘
സമസ്യാപൂരണം (സ്വാഗത)
സമസ്യ: വിനോദ് പെരുവ
8/8/21
ഇന്നു ശാസ്ത്രമതു കൊണ്ടുവരുന്നോ
-
രുന്നതിയ്ക്കളവു വല്ലതുമുണ്ടോ?
നിത്യമെന്നളവിലെത്തുമ മാറ്റം
അത്യപൂർവ്വമതൊരത്ഭുതമല്ലോ
18/8/21
ഗ്രൂപ്പ് ഗ്രൂപ്പായി നിന്നീടിൽ
ഗ്രൂപ്പ് നന്നായിരുന്നിടും
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് വന്നാൽ
ഗ്രൂപ്പ് നാശായി നിശ്ചയം.
അനുഷ്ടുപ്പ്
ജനമോ പെരുകി, പെരുംവനമതു പോയ്
ഭുവിയോ മലിനമതീവഗുരുതരം
പരിതസ്ഥിതിയിതു പാരമപകടം
'പരിവേദനമിതു വൈകരുതറിയാൻ.'
-സമസ്യാപൂരണം
വൃത്തം: ദൂഷണഹരണം
സമസ്യ: ഉണ്ണി ചങ്കത്ത്
13/8/21
ജനമോ പെരുകി, പെരുംവനമതു പോയ്
ഭുവിയോ മലിനമതീവഗുരുതരം
പരിതസ്ഥിതിയിതു പാരമപകടം
വരുമോ പറയുക വേഗമൊരു വഴി?
18/8/21
വല്ലാത്ത രോഗമിതു ചുറ്റിനടന്നിടുമ്പോൾ
കാലം കുറച്ചു വഷളെങ്കിലുമെന്തുചെയ്യാം;
നല്ലോരു കാലമുടനെത്തുമതോർത്തുകൊണ്ടി
'ട്ടുല്ലാസമായിനിയുമാടുക കൂട്ടരേ
നാം.'
- സമസ്യാപൂരണം
-
സമസ്യ: ശ്രീകല നായർ തോട്ടര
15/8/21
വല്ലാത്ത രോഗമിതു ചുറ്റിനടന്നിടുമ്പോൾ
കാലം കുറച്ചു വഷളെങ്കിലുമെന്തുചെയ്യാം,
നല്ലോരു കാലമുടനെത്തുമതോർത്തുകൊണ്ടി-
ട്ടുല്ലാസമോടെയിനി വാഴുക നമ്മളെല്ലാം.
18/8/2021
കളി പല വിധമിപ്പോൾ കയ്യിലെത്തുന്നു
ഫോണിൽ
സിനിമകളതു വേറേ പിന്നെയും വന്നിടുന്നു
അറിവു പലതുമെന്നാൽ കിട്ടിടും തീർച്ച,
പക്ഷെ,
കളിയൊരളവു വിട്ടാൽ കാര്യമായ് മാറിയേക്കാം.
വൃത്തം : മാലിനി
- സമസ്യ: സന്തോഷ് ഒതയോത്ത്
കളി പല വിധമിപ്പോൾ കയ്യിലെത്തുന്നു
ഫോണിൽ
സിനിമകളതു വേറേ പിന്നെയും വന്നിടുന്നു
അറിവു പലതുമെന്നാൽ കിട്ടിടും തീർച്ച,
പക്ഷേ,
അറിയുകയതുവേണം ഗൂഢമാം ദുഷ്ഫലങ്ങൾ
-സ്വന്തം
20/8/2021
അതിഭീകരമനിയന്ത്രിത മലിനീകൃത ഭുവനം
അതിദാരുണ ജനജീവിത പരിതസ്ഥിതിയതുമേ
അതിഭീഷണമിവയൊക്കെയുമറിയുന്നൊരു
യുവതേ
പതിവായിതു തുടരുന്നതു തടയാനിനി
വരണേ
സമസ്യാപൂരണം (ശങ്കരചരിതം)
സമസ്യ: വിനോദ് പെരുവ
അതിഭീകരമനിയന്ത്രിത മലിനീകൃത ഭുവനം
അതിദാരുണ ജനജീവിത പരിതസ്ഥിതിയതുമേ
അതിഭീഷണമിവയൊക്കെയുമറിയുന്നൊരു
യുവതേ
അതിവേഗമി ദുരവസ്ഥയെ പൊരുതാനുടനണയൂ!
-സ്വന്തം
പുറമെയൊരടി വെക്കാൻ സാദ്ധ്യമല്ലാത്ത
കാലം
അടി പതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കരയതു കണി കാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ
സമസ്യാപൂരണം
വൃത്തം: മാലിനി
സമസ്യ: ശ്രീലകം വേണുഗോപാൽ
അല്പം വ്യത്യാസത്തിൽ, പ്രാസമൊപ്പിച്ച്:
പടിപുറമെ നടക്കാൻ സാദ്ധ്യമല്ലാത്ത കാലം
അടിപതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കടലതു കരകാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ
'മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ'
26/8/21
പടിപുറമെ നടക്കാൻ സാദ്ധ്യമല്ലാത്ത
കാലം
അടിപതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കടലതു കരകാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ,
പിടിയതു വിടുവിക്കാൻ വായ്ക്കുമോ നല്ല കാലം ?
-സ്വന്തം
27/8/21
ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധമൊഴിഞ്ഞീ ഭുവനമിതെല്ലാം
‘കാണണമെന്നാണിവനുടെ മോഹം.’
29/8/2021
സമസ്യാപൂരണം
വൃത്തം: മൗക്തികമാല
സമസ്യ:ഉണ്ണി
ചങ്കത്ത്
ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധമൊഴിഞ്ഞീ ഭുവനമിതെല്ലാം
ബുദ്ധിയിലെന്നും കരുതുക വേണം
സ്വന്തം
30/8/2021
ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധവിഹീനം കനകയുഗത്തെ
സാദ്ധ്യമതാക്കൂ കഴിവതുവേഗം
സ്വന്തം
30/8/2021
കോവിഡിതിന്നും വളരുകയാണേ,
മാനവനിന്നും തളരുകയാണേ,
ഔഷധമിപ്പോളുടനടിയെത്തി-
ക്കാണണമെന്നാണിവനുടെ മോഹം
31/8/2021
സമസ്യാപൂരണം
വൃത്തം: മൗക്തികമാല
സമസ്യ:ഉണ്ണി ചങ്കത്ത്
കോവിഡിതിന്നും വളരുകയാണേ,
മാനവനിന്നും തളരുകയാണേ,
ഔഷധമിപ്പോളുടനടിയെത്തി
ഭീഷണിയെല്ലാമൊഴിയുകവേണം.
31/8/21
സ്വന്തം
കൊറോണയെന്നുള്ളൊരു രോഗമിപ്പോൾ
പ്രഭാവമോടേ കലിതുള്ളിടുമ്പോൾ
അടക്കമുൾക്കൊണ്ടു വസിച്ചിടേണം
വരാതിരുന്നാലതു നല്ലതല്ലേ?
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
വൃത്തം ഉപേന്ദ്രവജ്ര
2/9/21
കൊറോണയെന്നുള്ളൊരു രോഗമിപ്പോൾ
പ്രഭാവമോടേ കലിതുള്ളിടുമ്പോൾ
അടക്കമുൾക്കൊണ്ടു വസിച്ചിടേണം
പരക്കുമല്ലെങ്കിലതോർമ്മ വേണം
സ്വന്തം
3/9/21
അമ്മിഞ്ഞയൂട്ടിയുമിടയ്ക്കു ഗുണം പറഞ്ഞും
ഇമ്മണ്ണിൽ വീണു വിളയാടുമൊരുണ്ണിയേ നീ
അമ്മേ, തിരിച്ചു ഫലമൊന്നു കൊതിച്ചിടാതേ
‘ചെമ്മേ വളർത്തിവലുതാക്കുക മോദപൂർവ്വം.‘
സമസ്യാപൂരണം
സമസ്യ: ഷിബു വയനാട്
വൃത്തം : വസന്തതിലകം - തഭജജഗഗ
താളം : തംതംത തംതതത തംതത തംത തംതം
2/9/21
അമ്മിഞ്ഞയൂട്ടിയുമിടയ്ക്കു
ഗുണം പറഞ്ഞും
ഇമ്മണ്ണിൽ വീണു വിളയാടുമൊരുത്തനായ് നീ
അമ്മേ, തിരിച്ചു ഫലമൊന്നു കൊതിച്ചിടാതേ
കർമ്മം തുടർന്നു പരിപാലനമേറ്റിടേണം.
സ്വന്തം
2/9/21
ഇമ്മണ്ണിൽ വീണു പല ജീവനൊടുങ്ങിയെന്നാൽ
ധർമ്മം വിടാത്ത രണമൊന്നതിൽ വെന്നയിന്ത്യ
കർമ്മത്തിലാണ്ടൊരുമയോടെ പരിശ്രമിച്ചു
ചെമ്മേ വളർത്തി വലുതാക്കുക മോദപൂർവ്വം
4/9/21 സമസ്യാപൂരണം
സമസ്യ: ഷിബു വയനാട്
വൃത്തം : വസന്തതിലകം
4/9/21
വൃദ്ധി വന്നു
തിരികേ ഗമിക്കവേ
സിദ്ധിയോ പടി കടന്നുപോകവേ
ആധി വന്നു മനമാകെ മൂടവേ
ബുദ്ധി തന്റെ വരുതിക്കുവന്നിടാ.
5/9/21
സമസ്യാപൂരണം
വൃത്തം : രഥോദ്ധത
വൃത്തം : രഥോദ്ധത
-സ്വന്തം
6/9/21
ബുദ്ധിസൂക്ഷ്മതയതൊന്നുകൊണ്ടുതാൻ
സാദ്ധ്യമാം പദവി കൈവരിക്കിലും
വൃദ്ധനായ് പരിണമിച്ചിടുമ്പൊഴീ
ബുദ്ധി തന്റെ വരുതിക്കു വന്നിടാ
6/9/21
സമസ്യാപൂരണം
വൃത്തം : രഥോദ്ധത (ര ന ര ല ഗ )
സമസ്യ: ശ്രീകല നായർ തോട്ടര
ബുദ്ധിപാടവമതൊന്നുകൊണ്ടുതാൻ
സാദ്ധ്യമാം പദവി കൈവരിക്കിലും
വൃദ്ധനായ് പരിണമിച്ചിടുമ്പൊഴീ-
ബുദ്ധിയെന്നതൊരു മിഥ്യയായിടാം
7/9/21
സ്വന്തം
കാട്ടിൽക്കേറീ മനുജനവനോ കൊന്നു പാരം മുടിച്ചീ-
ഭൂമിക്കേകും കനമിതു തുലോം താങ്ങുവാനാവതില്ലേ;
യന്ത്രത്താലേ കരുണരഹിതം കീറിടും ഭൂമിയേ നാം
പാരിൽപ്പാർത്താൽ മുഴുവനുമഹോ ‘നല്ലതല്ലെന്നു കേൾപ്പൂ‘
9/9/21
സമസ്യാപൂരണം
വൃത്തം: മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
കാട്ടിൽക്കേറീ മനുജനവനോ കൊന്നു പാരം മുടിച്ചീ-
ഭൂമിക്കേകും കനമിതു തുലോം താങ്ങുവാനാവതില്ലേ!
യന്ത്രത്താലേ കരുണരഹിതം കീറിടും ഭൂമിയേ നാം
പാരിൽപ്പാർത്താൽ മുഴുവനുമഹോ ഭീകരം തന്നെയല്ലേ?
മന്ദാക്രാന്ത
സ്വന്തം
13/9/21
പൊടികൾ പലതും മായമാം പണ്ടു തന്നെ
പഴമതിലഹോ വർണ്ണശോഭയ്ക്കു മായം
അരിയിലതുമേ രാസവിദ്യാപ്രയോഗം
കറിയിനമതും ‘നല്ലതല്ലെന്നു കേൾപ്പു‘
10/9/2021
സമസ്യാപൂരണം
വൃത്തം: ചന്ദ്രലേഖ
സമസ്യ: ശ്രീലകം വേണുഗോപാൽ
പൊടികൾ പലതും മായമാം പണ്ടു തന്നെ
പഴമതിലഹോ വർണ്ണശോഭയ്ക്കു മായം
അരിയിലതുമേ രാസവിദ്യാപ്രയോഗം
കറിയിനമതും മായമാണെന്നു കേൾപ്പൂ
ചന്ദ്രലേഖ
സ്വന്തം
13/9/21
പാരിൽപ്പാർത്താൽ ഭീതിയെങ്ങും പരത്തി-
ക്കൊണ്ടാണല്ലോ
ഭീകരക്കൂട്ടമിപ്പോൾ
പാഞ്ഞീടുന്നൂ; ന്യായമില്ലാത്ത കൂട്ടം
ചൊല്ലും വാക്കോ
‘നല്ലതല്ലെന്നു കേൾപ്പൂ’
10/9/21
സമസ്യാപൂരണം
വൃത്തം: ശാലിനി
സമസ്യ: ശ്രീലകം വേണുഗോപാൽ
പാരിൽപ്പാർത്താൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ ഭീകരക്കൂട്ടമിപ്പോൾ
ഭ്രാന്തന്മാരാം ബോധമില്ലാത്ത കൂട്ടം
ചൊല്ലും വാക്കോ ദുഷ്ടലാക്കോടെയാണേ!
സ്വന്തം
വൃത്തം: ശാലിനി
13/9/21
കാറ്റില്ലാ, കോളുമൊട്ടും, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമൊട്ടും, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
എന്നിട്ടും കേരനാട്ടിൽ സ്ഥിതിഗതികളതോ 'നല്ലതല്ലെന്നു കേൾപ്പൂ'
സമസ്യാപൂരണം
വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
10/9/21
കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
എന്നിട്ടും കേരനാട്ടിൽ സ്ഥിതിഗതികളതോ ഒട്ടുമേ നല്ലതല്ലേ!
സ്വന്തം
വൃത്തം :സ്രഗ്‌ധര
13/9/21
കുട്ടിക്കാലം കഴിഞ്ഞാൽ കളികൾ പലതുമേ സാരമില്ലാത്തതാകും
പ്രേമക്കാലം കഴിഞ്ഞാൽ, പുതുമകൾ പലതും തീവ്രമല്ലാത്തതാകും
ജോലിക്കാലം കഴിഞ്ഞാൽ പൊരുതലുകളതോ വ്യർത്ഥമഭ്യാസമാകും
ലോകാവാസം വെടിഞ്ഞാൽ ജനിമൃതി പകരും മേളമോ ശാന്തമാകും.
-സ്വന്തം,
വൃത്തം സ്രഗ്ധര
11/9/21
പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
വരാൻ പോകും ചിത്രം ‘നല്ലതല്ലെന്നു കേൾപ്പൂ’
സമസ്യാപൂരണം
വൃത്തം :ചഞ്ചരീകാവലി
സമസ്യ: ശ്രീലകം വേണുഗോപാൽ
12/9/21
പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
ഇതല്ലോ ലോകത്തിന്നായ് മറക്കാത്ത പാഠം!
സ്വന്തം
12/9/2021
പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
വരാൻ പോകും ചിത്രം ആരറിഞ്ഞൂ വിചിത്രം!
സ്വന്തം
വൃത്തം :ചഞ്ചരീകാവലി
13/9/2021
ലോകം വെല്ലാൻ പല തവണയും പോരടിച്ചേറെയിപ്പോൾ
ജീവൻ, ദ്രവ്യം സമയമതുലം പോര, പാരം ദുരന്തം
എല്ലാമെല്ലാം വലിയയളവിൽ വ്യർത്ഥമാക്കീട്ടു പിന്നെ
തോറ്റോടീടും സ്ഥിതിഗതി തുലോം ശോചനീയം, വിചിത്രം!
സ്വന്തം
15/9/21
വ്യാധിയൊഴിവായി മുകിൽമാലയകലട്ടേ
ഭൂമിതെളിവായി
അതിരാകെ മറയട്ടേ
പുത്തനുണർവാൽ
മനുജരാശി പുലരട്ടേ
സൌഖ്യമിനി പാരിൽ സുധ കോരി വിതറട്ടേ
16/9/2021
സമസ്യാപൂരണം
സമസ്യ: ശ്രീകല നായർ തോട്ടര
വ്യാധിയൊഴിവായി മുകിൽമാലയകലട്ടേ
ഭൂമിതെളിവായി
അതിരാകെ മറയട്ടേ
പുത്തനുണർവാൽ
മനുജരാശി പുലരട്ടേ
സൌഖ്യമിനി പാരിൽ
പരിശോഭ ചൊരിയട്ടേ!
വൃത്തം : ഇന്ദുവദന
സ്വന്തം
17/9/21
പാരിൽപ്പാരം കുടിലതകളാൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ അതിഗുരുതരം ഭീകരക്കൂട്ടമിപ്പോൾ
ചാവേറാലേ അതികഠിനമാം സ്ഫോടനങ്ങൾസ്സമാനം
കാട്ടിക്കൂട്ടും വിനകളവയോ നല്ലതല്ലെന്നു കേൾപ്പൂ
18/9/21
സമസ്യാപൂരണം
വൃത്തം: മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
പാരിൽപ്പാരം കുടിലതകളാൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ അതിഗുരുതരം ഭീകരക്കൂട്ടമിപ്പോൾ
ചാവേറാലേ അതികഠിനമാം സ്ഫോടനങ്ങൾസ്സമാനം
കാട്ടിക്കൂട്ടും വിനകളവയോ ഘോരഘോരം ശരവ്യം!
18/9/21
സ്വന്തം
മന്ദാക്രാന്ത
കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
ഇവ്വണ്ണം കേരനാടേ, ‘ധരണിയിലിതുപോല്‍ വേറെയില്ലില്ല സൌഖ്യം!’
വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
19/9/21
കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
ഇവ്വണ്ണം കേരനാടേയിനിയുമിവിടെതാൻ വേണമേ ജന്മമെല്ലാം.
സ്വന്തം
20/9/21
ചൊല്ലീലേ പണ്ടൊരാളീ ഭുവനമഖിലവും പേരെഴും കാവ്യതാര-
മാരാദ്ധ്യൻ, സ്വപ്നതുല്യം യുവജനമതിനോ നായകസ്ഥാനമാർന്നോൻ
തേനൂറും ഗീതമൊന്നും മദിരലഹരിയും കാമിനീരത്നമൊപ്പ-
മുണ്ടെന്നാൽ ശങ്കയില്ലാ, ‘ധരണിയിലിതുപോൽ വേറെയില്ലില്ല
സൌഖ്യം’
വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
20/9/21
അവനീശനൊരിക്കലും നര-
നവനല്ലെന്നതുറപ്പുതന്നെ, ഹാ!
അവനോ വെറുമീയഹന്തയാ-
ണിവതാനീയണുവിന്നുരയ്പതും.
22/9/21
വൃത്തം : വിയോഗിനി
സ്വന്തം
അവനിവനൊക്കെത്തെരുവിലിറങ്ങി,
നിയമമതെല്ലാം തടവിനകത്തും;
ഗുരുതരമാമീ സ്ഥിതിയതിൽ നമ്മൾ
‘അരിശമടക്കിക്കഴിയുക നല്ലൂ’
സമസ്യാപൂരണം
വൃത്തം:കുസുമവിചിത്ര
സമസ്യ: ഉണ്ണി ചങ്കത്ത്
23/9/21
യുവജനമെല്ലാം തടവിൽ മൊബൈലിൽ
പരിസരമെല്ലാം മറവിയിലപ്പോൾ
പറയുക വയ്യാ, കലിവരുമപ്പോ-
ളരിശമടക്കിക്കഴിയുക നല്ലൂ
സമസ്യാപൂരണം
വൃത്തം:കുസുമവിചിത്ര
സമസ്യ: ഉണ്ണി ചങ്കത്ത്
26/9/21
യുവജനമെല്ലാം തടവിൽ മൊബൈലിൽ
പരിസരമെല്ലാം മറവിയിലപ്പോൾ
പറയുക വയ്യാ, കലിവരുമപ്പോ-
ളറിയുക വേണം തലമുറ മാറ്റം
വൃത്തം:കുസുമവിചിത്ര
സ്വന്തം
26/9/21
അക്ഷരമതാതു പദമദ്ധ്യമതിലായി
പാദമതുദിച്ചു രസമാർന്നഴകിൽ, ശേഷം
ലക്ഷണമിയന്ന കവിതയ്ക്കുമുടലെത്തി;
നിത്യമിതു കിട്ടിടുകിലെന്തു രസമോർത്താൽ.
സമസ്യാപൂരണം
വൃത്തം:ഇന്ദുവദന
സമസ്യ: ഉണ്ണി ചങ്കത്ത്
26/9/21
വായു പരിശുദ്ധമതുപോൽ
ജലവുമേറെ
റോഡിൽ പുക, ശബ്ദമിവയും ബഹളവും പോയ്
ഭക്ഷണമതോ രുചികരം ഹിതകരം, ഹാ!
നിത്യമിതു കിട്ടിടുകിലെന്തു രസമോർത്താൽ
സമസ്യാപൂരണം
വൃത്തം:ഇന്ദുവദന
സമസ്യ: ഉണ്ണി ചങ്കത്ത്
29/9/21
പാരിതിന്നു പല
ഭീകരങ്ങളാം
ഭീഷണിക്കടിമയെന്നിരിക്കിലും
മാനവന്നു ലവലേശമില്ലതിൽ
ഭീതിയൊന്നു ‘വരുമെന്നു
സംശയം.’
സമസ്യാപൂരണം
വൃത്തം:രഥോദ്ധത
സമസ്യ: ഉണ്ണി
ചങ്കത്ത്
30/9/21
പാരിതിന്നു പല
ഭീകരങ്ങളാം
ഭീഷണിക്കടിമയെന്നിരിക്കിലും
മാനവന്നു ലവലേശമില്ലതിൽ
ശങ്കയോ, പരമുപേക്ഷയുണ്ടുതാൻ
വൃത്തം:രഥോദ്ധത
സ്വന്തം
30/9/21
നല്ല കർമ്മമതു
ചെയ്തിരുന്നിടിൽ
നല്ലതാണു ഫലമില്ല
സംശയം
കർമ്മമെന്തതിനു
യോഗ്യമാം ഫലം
ഇല്ലയില്ല വരുമെന്നു
സംശയം.
സമസ്യാപൂരണം
വൃത്തം:രഥോദ്ധത
സമസ്യ: ഉണ്ണി
ചങ്കത്ത്
30/9/21
മാരീചപ്രശ്നം
സത്കർമ്മപാതയിൽ ചരിച്ചസുരന്റെ വാളി-
ലന്ത്യംവരിച്ചു നരകത്തിൽ ഗമിക്കലാണോ,
ദുഷ്ക്കർമ്മ മാർഗ്ഗമതിനൊത്തു ചരിച്ചു രാമ-
ബാണത്തിനാൽ പരമലക്ഷ്യമതോ ശുഭാന്ത്യം?
3/10/21
വസന്തതിലകം
സ്വന്തം
ഇന്നീ കൊറോണയെയെടുത്തു
കളഞ്ഞു ദൂരെ
എല്ലാ നിയന്ത്രണവുമൂരി വലിച്ചെറിഞ്ഞും
ആഘോഷമോടെയുലകാകെ ജനം കുതിക്കും
ആ നല്ല കാലമതിനായ് ‘കൊതികൊണ്ടിടുന്നു‘
സമസ്യാപൂരണം
വൃത്തം: വസന്തതിലകം
സമസ്യ: ശ്രീലകം വേണുഗോപാൽ
3/10/21
പാരം മുഴുത്ത പഴമാങ്ങകൾ കാറ്റിലാടും,
ബാല്യം തരുന്ന പല കൗതുകമൂയലാടും
ബാലർത്തിമർത്തു വിളയാടുമൊരന്തകാലം
മാഞ്ചോട്ടിലിന്നു വരുവാൻ ‘കൊതി കൊണ്ടിടുന്നു.’
സമസ്യാപൂരണം
വൃത്തം: വസന്തതിലകം
സമസ്യ: ശ്രീലകം വേണുഗോപാൽ
പാരം മുഴുത്ത
പഴമാങ്ങകൾ കാറ്റിലാടും,
ബാല്യം തരുന്ന പല കൗതുകമൂയലാടും
ബാലർത്തിമർത്തു വിളയാടുമൊരന്തകാലം
മാഞ്ചോട്ടിലിന്നു വരുവാൻ കൊതിയുണ്ടു പാരം
വൃത്തം: വസന്തതിലകം
സ്വന്തം
4/10/21
പ്രാരാബ്ധമൊക്കെ
പതിയെച്ചുരുളായടുക്കി
ക്ലേശങ്ങളൊപ്പമവ വിസ്മൃതിയാലടക്കി
ആവേശമോടെ ചിറകേറി പരുന്തിനെപ്പോൽ
ലോകം മുഴുക്കെയലയാൻ 'കൊതി കൊണ്ടിടുന്നു.'
7/10/21
സമസ്യാപൂരണം
വൃത്തം: വസന്തതിലകം
പ്രാരാബ്ധമൊക്കെ
പതിയെച്ചുരുളായടുക്കി
ക്ലേശങ്ങളൊപ്പമവ വിസ്മൃതിയാലടക്കി
ആവേശമോടെ ചിറകേറി പരുന്തിനെപ്പോൽ
ലോകം മുഴുക്കെയലയാൻ 'കൊതിയുണ്ടു പാരം
വൃത്തം: വസന്തതിലകം
സ്വന്തം
7/10/21
കുലരാജ്യവുമധികാരവുമിടിവാൾത്തരഹസരണം
വനഭൂമിയിൽ സതിപത്നിയെയതിദാരുണ ഹരണം
അതിഭീകര രണമൊന്നതിലതിസാഹസ വിജയം
വിധിയാണതുകരുതാം കഥ തുടരാം പ്രിയതരമായ്.
8/10/21
സമസ്യാപൂരണം
വൃത്തം: ശങ്കരചരിതം
കുലരാജ്യവുമധികാരവുമിടിവാൾത്തരഹരണം
വനഭൂമിയിൽ സതിപത്നിയെയതിദാരുണ ഹരണം
അതിഭീകര രണമൊന്നതിലതിസാഹസ വിജയം
അതിപാവന കൃതിയീവിധമതു ഭാരതമഹിമ
വൃത്തം: ശങ്കരചരിതം
സ്വന്തം
11/10/2021
വിരളമാകിയ ബുദ്ധിയതാർന്നിടും
ചടുല കായിക ശക്തിയിണങ്ങിടും
മനുജജന്മമതൊന്നു
നിനച്ചിടിൽ
വലിയ ഭാഗ്യമതാണു
മതിക്കെടോ
സമസ്യാപൂരണം
വൃത്തം: ദ്രുതവിളംബിതം
സമസ്യ: ശ്രീലകം
വേണുഗോപാൽ
11/10/2021
പദവിയോ
പണമോ നരനാശ്രയം,
കുലമതോ സഹചാരികളോ പരം?
അവയൊരിക്കലുമാശ്രയമാകൊലാ,
പരമ’ഭാഗ്യമതാണു മതിക്കെടോ'
സമസ്യാപൂരണം
വൃത്തം: ദ്രുതവിളംബിതം
സമസ്യ:
ശ്രീലകം വേണുഗോപാൽ
13/10/2021
പദവിയോ
പണമോ നരനാശ്രയം,
കുലമതോ സഹചാരികളോ പരം?
അവയൊരിക്കലുമാശ്രയമാകൊലാ,
പരമഭാഗ്യമതാണു ധരിക്ക നാം
വൃത്തം : ദ്രുതവിളംബിതം
സ്വന്തം
13/10/21
മതത ഗഗ
തംതംതം തം തം തതം തം തതം തം
കാലത്താലേ ബദ്ധരായോരു നമ്മൾ
കോലത്താലേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ 'നേരെയാക്കാനസാദ്ധ്യം'
സമസ്യാപൂരണം
വൃത്തം : ശാലിനി
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021
കാലത്താലേ ബദ്ധരായോരു നമ്മൾ
കോലത്താലേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ സ്വൈരമില്ലാതെയാവും
വൃത്തം : ശാലിനി
സ്വന്തം
15/10/21
കാലത്താലേ ബഹുസുദൃഢമായ് ബദ്ധരായോരു നമ്മൾ
കോലത്താലേ ചടുലതയൊടേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ പടുകുഴിയിലായ്, തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ കരകയറുവാൻ, 'നേരെയാക്കാനസാദ്ധ്യം'
സമസ്യാപൂരണം
വൃത്തം : മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021
കാലത്താലേ
ബഹുസുദൃഢമായ് ബദ്ധരായോരു നമ്മൾ
കോലത്താലേ ചടുലതയൊടേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ പടുകുഴിയിലായ്, തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ കരകയറുവാൻ, പാരമായാസമാവും
വൃത്തം : മന്ദാക്രാന്ത
സ്വന്തം
16/10/2021
മാബലി നാടിതിൽ മാബലിയില്ലാ
ഉള്ളതു ഭീതിദ ഭീകര വാർത്ത
പീഡനഹത്യകൾ നിത്യവുമിപ്പോൾ
വേഗമി ദുസ്ഥിതി മാറ്റുകിൽ നന്നാം
സമസ്യാപൂരണം
വൃത്തം : ചാരണഗീതം(ദോധകം)
ഭഭ ഭഗഗ
തംതത തംതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021
ഫോണിതിലാണിഹ
ജീവിതമെല്ലാം
ഊണുമുറക്കവുമില്ലതുവിട്ട്
കാണുകയില്ലതിനപ്പുറമൊന്നു-
കാണുമി രീതികൾ മാറ്റുകിൽ നന്നാം.
സമസ്യാപൂരണം
വൃത്തം : ചാരണഗീതം(ദോധകം)
ഭഭഭഗഗ
തംതത തംതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
17/10/21
മാരിമാരികളൊരുങ്ങി
വരുമ്പോൾ
ജീവിതാധികളുയർന്നു വരുന്നു
കെട്ടുകാഴ്ചകളൊതുക്കിയെടുത്തു
ജീവിതപ്പെരുമ ‘മാറ്റുകിൽ നന്നാം‘
സമസ്യാപൂരണം
വൃത്തം : സ്വാഗത (രനഭഗഗ)
തംതതം തതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
18/10/21
നശിച്ചു
പോയ വനമോ,
പക്ഷെ, വീണ്ടും വളർത്തിടാം
മലയോ പോവുകിൽപ്പോയി
തിരികേയില്ലൊരിക്കലും!
അനുഷ്ടുപ്പ്
19/10/21
കണ്ടാലവനോ
പാരം സരസൻ
അത്യാദരവും വാക്ചാതുരിയും
എന്തെങ്കിലുമാവശ്യത്തിനു നാം
ചാരത്തണയേ ‘കണ്ടാലറിയാം.‘
സമസ്യാപൂരണം
വൃത്തം : സുഷമ (തയഭഗ)
തം തം ത ത തം തം തം തതതം
സമസ്യ: ഉണ്ണി ചങ്കത്ത്
20/10/21
കണ്ടാലവനോ പാരം സരസൻ
അത്യാദരവും വാക്ചാതുരിയും
എന്തെങ്കിലുമാവശ്യത്തിനു നാം
ചാരത്തണയേ മാറും വിധവും
വൃത്തം: സുഷമ
സ്വന്തം
21/10/21
കാലം തെളിയാക്കാറ്റും മഴയും
കോലം തകരും വെള്ളക്കളിയും
മേഘാരവവും വിസ്ഫോടനവും
പോക്കോ കഠിനം കണ്ടാലറിയാം
സമസ്യാപൂരണം
വൃത്തം : സുഷമ (തയഭഗ)
സമസ്യ: ഉണ്ണി ചങ്കത്ത്
22/10/21
നെന്മിനി
ഭട്ടതിരിപ്പാടിന്റെ 84ആം പിറന്നാളിന് ആശംസ:
ശ്രീകൃഷ്ണയ്ക്കോ യശസ്സും ബഹുവിധമറിവോ ശിഷ്യസമ്പത്തിനായും
നല്കിക്കൊണ്ടേ വിളങ്ങും ഗുരുവരമതിയാം സാത്വികശ്രേഷ്ഠനാകും
പട്ടേരിപ്പാടുമാഷേ, ഗുരുവര, ശിരസാ കുമ്പിടുന്നേൻ സമോദം,
ആശംസിക്കുന്നു പാരം പഴയൊരു പഠിതാവായുരാരോഗ്യസൌഖ്യം
സ്രഗ്ദ്ധര
25/10/21
ദാരിദ്ര്യരോഗമിവകൊണ്ടു വലഞ്ഞു പാരം
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതെത്ര സത്യം'
സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ(ചൊല്ലാം വസന്തതിലകം തഭജംജഗംഗം)
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
28/10/21
ദാരിദ്ര്യരോഗമിവകൊണ്ടു
വലഞ്ഞു പാരം
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറിടുമൊട്ടു നൂനം
സ്വന്തം
31/10/21
ജീവിക്കുവാനൊരു നിവൃത്തി ലഭിച്ചിടാതെ
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതെത്ര സത്യം'
സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
28/10/21
ജീവിക്കുവാനൊരു
നിവൃത്തി ലഭിച്ചിടാതെ
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതൊട്ടു നൂനം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21
വിദ്യാർത്ഥിയായിടുക ജീവിത കാലമെല്ലാം
അദ്ധ്യാപനം പരമതും മടിയാതെ വേണം
കൊള്ളക്കൊടുക്കയതുവേണ്ടതുപോലെയെന്നാൽ
വിദ്യാധനാർജ്ജനമതേറുമതെത്ര സത്യം
സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
29/10/21
വിദ്യാർത്ഥിയായിടുക ജീവിത കാലമെല്ലാം
അദ്ധ്യാപനം പരമതും മടിയാതെ വേണം
കൊള്ളക്കൊടുക്കയതുവേണ്ടതുപോലെയെന്നാൽ
വിദ്യാധനാർജ്ജനമതോ പരിപൂർണ്ണമാകും
സ്വന്തം
29/10/21
സർവ്വം ചരാചരവുമൂഴിയിൽ ശാന്തിയോടെ,
സന്തോഷമോടെ
നിവസിച്ചിടുമെന്നിരിക്കിൽ
സ്വർഗ്ഗം
സമാനമഴകാർന്നു വിളങ്ങിടുമ്പോൾ
സാകല്യമൂഴിയിലതേറുമതെത്ര
സത്യം!
സമസ്യാപൂരണം
വസന്തതിലകം
സമസ്യ:
ശ്രീലകം വേണുഗോപാൽ
30/10/21
സർവ്വം
ചരാചരവുമൂഴിയിൽ ശാന്തിയോടെ,
സന്തോഷമോടെ നിവസിച്ചിടുമെന്നിരിക്കിൽ
സ്വർഗ്ഗം സമാനമഴകാർന്നു വിളങ്ങിടുമ്പോൾ
സാകല്യമൂഴിയിൽ നിറഞ്ഞു വിളങ്ങുമേറ്റം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21
അന്നന്നു
പാഠമതറിഞ്ഞു പഠിച്ചിടേണം
അന്നന്നു
കർമ്മമതു വേണ്ടതു ചെയ്തിടേണം
ഇന്നീവിധം
കരുതലോടെ പുരോഗമിച്ചാൽ
പിന്നീടു
സൌഖ്യവുമതേറുമതെത്ര സത്യം!
സമസ്യാപൂരണം
വസന്തതിലകം
സമസ്യ:
ശ്രീലകം വേണുഗോപാൽ
30/10/2021
അന്നന്നു
പാഠമതറിഞ്ഞു പഠിച്ചിടേണം
അന്നന്നു കർമ്മമതു വേണ്ടതു ചെയ്തിടേണം
ഇന്നീവിധം കരുതലോടെ പുരോഗമിച്ചാൽ
പിന്നീടു സൌഖ്യമതു നമ്മിൽ വിളങ്ങുമേറ്റം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21
വിദ്യാഭ്യാസം ഭവനമൊഴിവായ്, വന്നു വിദ്യാലയത്തിൽ,
പോരാ, പാരം സിനിമകളിതാ കൊട്ടകക്കൂട്ടിലെത്തി
അയ്യോ, പാരം ഭയമരുളുമീ വ്യാധിതന്മുന്നിൽ വേണോ?
രോഗം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?*
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
2/11/21
വിദ്യാഭ്യാസം ഭവനമൊഴിവായ്, വന്നു
വിദ്യാലയത്തിൽ,
പോരാ, പാരം സിനിമകളതോ കൊട്ടകക്കൂട്ടിലെത്തി
അയ്യോ, പാരം ഭയമരുളുമീ വ്യാധിതന്മുന്നിൽ വേണോ?
വ്യാപിച്ചെന്നാൽ സ്ഥിതിഗതികളോ താറുമാറാകുമേറ്റം.*
മന്ദാക്രാന്ത
സ്വന്തം
3/11/21
*നവമ്പർ 1 മുതൽ കേരളത്തിൽ
വിദ്യാഭ്യാസസ്ഥാപനങ്ങളും സിനിമാശാലകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
കാലക്കോലം വളരെയധികം മോശമാകുന്ന കാലം
വെള്ളപ്പൊക്കം പ്രതിദിനമതോ രൂക്ഷമാകുന്ന കാലം
മാറിപ്പോണം കടലിനകലം വിട്ടു ദൂരേയ്ക്കു വേഗം
വെള്ളം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
3/11/21
കാലക്കോലം വളരെയധികം മോശമാകുന്ന കാലം
വെള്ളപ്പൊക്കം പ്രതിദിനമതോ രൂക്ഷമാകുന്ന കാലം
മാറിപ്പോണം കടലിനകലം വിട്ടു ദൂരേയ്ക്കു വേഗം
വെള്ളം, പാരം ഭയകരബലം, നിശ്ചയം
തന്നെ പാരിൽ
മന്ദാക്രാന്ത
സ്വന്തം
3/11/21
കുട്ടിക്കാലം മുതലൊളിയെഴും സ്നേഹബന്ധങ്ങളെല്ലാം
കാലാധീനം ഗതിവിഗതിയാൽത്തട്ടിമുട്ടിത്തകർന്നും
സ്വന്തം കാര്യം പല വിധമതോ വന്നിടങ്കോലുമിട്ടും
വൈരം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
4/11/21
കുട്ടിക്കാലം മുതലൊളിയെഴും സ്നേഹബന്ധങ്ങളെല്ലാം
കാലാധീനം ഗതിവിഗതിയാൽത്തട്ടിമുട്ടിത്തകർന്നും
സ്വന്തം കാര്യം പല വിധമതോ വന്നിടങ്കോലുമിട്ടും
വൈരം പാരം വളരുമുടനെത്തന്നെ രോധിച്ചിടേണം
മന്ദാക്രാന്ത
സ്വന്തം
5/11/21
പാരാകെ മൂടുന്നു മനുഷ്യസൃഷ്ടികൾ
പാരാകെ മൂടുന്നു മനുഷ്യചേഷ്ടിതം
മായുന്നു മറ്റുള്ളവയൊക്കെയോർക്കുക
കായുന്ന കാര്യം ‘ദയനീയമല്ലയോ‘?
ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
9/11/21
പഠിപ്പിനോ പാരിലിറങ്ങുവാനുമോ
സുഹൃദ് ജനത്തെപ്പുനരൊന്നുകാണുവാൻ
ഒരിക്കലും സാദ്ധ്യതയില്ല, കഷ്ടമേ,
കൊറോണനേരം ‘ദയനീയമല്ലയോ‘?
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
9/11/21
ഇംഗ്ലീഷുഭാഷയ്ക്കു മതിപ്പു മാത്രമായ്
സ്വന്തത്തിനോ പാരമവജ്ഞ മാത്രമായ്
സ്വാഭാവികം, ഭാഷ മരിച്ചുപോയിടും
കഷ്ടം, നിയോഗം ‘ദയനീയമല്ലയോ‘?
ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
11/11/2021
സിദ്ധാന്തമെല്ലാം കടുകട്ടിയെങ്കിലും
സിദ്ധിച്ചതില്ലാ കരകൗശലം തഥാ
പറ്റുംവിധം വേല മുടിച്ചുവെങ്കിലോ,
ആവർത്തി ‘ചെയ്തീടണമെന്നു ചൊല്ലുമോ?‘
ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശോഭന കാരയിൽ
13/11/21
നമുക്കു നാമേ തുണയെന്നുറയ്ക്കണം,
നമുക്കു തോന്നുന്നതുപോലെ ചെയ്യണം,
ഒരിക്കലും വേണ്ടൊരു ശങ്ക-മറ്റവർ
മറിച്ചു 'ചെയ്തീടണമെന്നു ചൊല്ലുമോ?‘
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ശോഭന കാരയിൽ
14/11/21
നമുക്കു
നാമേ തുണയെന്നുറയ്ക്കണം,
നമുക്കു തോന്നുന്നതുപോലെ ചെയ്യണം,
ഒരിക്കലും വേണ്ടൊരു ശങ്ക-മറ്റവർ
വരുന്നപോലേ വരുമൊക്കെയെന്നുമേ
വംശസ്ഥം
സ്വന്തം
14/11/21
ലോകമാസകലമാസുരാവലി
ഞെരുങ്ങിവിങ്ങി നിറയുന്നതി-
ക്ക്രൂരമാകിയ വിപത്തുകൾ പലതു കാട്ടിടും ദുരിത കാലമായ്.
വേലെടുത്തു വിളയാടി നീയിവരെ ദേവനായക, ഹനിച്ചിടൂ,
രക്ഷ ചെയ്ക ഭുവനത്തിനിന്നു 'ശിവനന്ദനാ
നമനമേകുവേൻ'
സമസ്യാപൂരണം
വിജയ് മിത്രക്കാമഠം
വൃത്തം : കുസുമമഞ്ജരി
21/11/21
ആദിത്യദീപം
തെളിയട്ടെ പാരിൽ
മാരിക്കു നാശം പിണയട്ടെ വേഗം
വ്യാധിക്കു വേണം ദ്രുതശാന്തിയപ്പോൾ
മാലോകരെല്ലാം സുഖമായ് വസിക്കും.
ഇന്ദ്രവജ്ര
സ്വന്തം
21/11/21
ഇതാ വരുന്നൂ പ്രിയ മാതൃനാടേ
പ്രവാസ കാലം മതിയാക്കിയിപ്പോൾ
പരാതിയില്ലാതെ വരുന്ന കാലം
കഴിച്ചുകൂട്ടാമതുതന്നെ മോഹം
ഉപേന്ദ്രവജ്ര
സ്വന്തം
22/11/21
ഇതു കോമള സുഖശീതള മലയാചല ഭുവനം
പലയാറുകളിടതോടുകളണിമേടതു നിറയും
പല മാതിരി ജനജീവിതമിഴചേർന്നിഹ പുലരും
ഇതു മാനവ സഹവർത്തനമണയുന്നൊരു ഭവനം
ശങ്കരചരിതം
സ്വന്തം
23/11/21
ഭക്ഷിക്കാനും മറ്റു കാര്യങ്ങളൊന്നും,
മിണ്ടാൻപോലും തീരെ വയ്യാത്ത മട്ടായ്.
സർവ്വാധീശാ, മൃത്യുവേ, ഹേ,
ദയാലോ,
കാരുണ്യക്കൈ ‘നീട്ടി നീ രക്ഷയേകൂ‘
ശാലിനി
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
25/11/21
ദാരിദ്ര്യത്താൽ വലിയ വിഷമംകൊണ്ടു പാരം വലഞ്ഞി-
ട്ടന്നത്തിന്നും വളരെയധികം ബുദ്ധിമുട്ടിത്തളർന്നും
പാരം, കഷ്ടം! അവശതയിലാം ബുദ്ധിമാനാം യുവാവി-
ന്നത്യാശ്വാസം പകരുമൊരു കൈ ‘നീട്ടി നീ രക്ഷയേകൂ‘
മന്ദാക്രാന്ത
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
25/11/21
സംസാരത്തിൽക്കിടന്നും പല
തവണയതിൽപ്പെട്ടു വട്ടം കറങ്ങി-
പ്പാരം വേഷങ്ങളാടിപ്പലവിധമൊടുവിൽപ്പാരമോടിത്തളർന്നും
ഇപ്പാരിൻ സൗഭഗങ്ങൾ, സുഖമതിലധികം ക്രൂരതയ്ക്കും
വിധേയ-
മിജ്ജന്മച്ചക്രമിപ്പോൾ മതി, കൃപയധികം ‘നീട്ടി
നീ രക്ഷയേകൂ‘
സ്രഗ്ദ്ധര
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
26/11/21
ഊണിനില്ല രുചി, തേമന*മെല്ലാം
വേണ്ടതൊക്കെ നിരയായിനിരത്തി
വെച്ചിരിക്കിലുമതൊന്നു രുചിക്കാൻ
ഇല്ല തീരെ രുചി, കാരണമെന്തോ!
സ്വാഗത
സ്വന്തം
27/11/21
*തേമനം-കറി
പാരിടമൊന്നായ് മനുജന്മാർക്കായ്
തരികയതല്ല, ശരിക്കും
പക്ഷിമൃഗങ്ങൾക്കണിയായ് വൃക്ഷങ്ങളുമിവിടെപ്പുലരേണം
മാമലകൾക്കും നദിതോടിന്നും വിപിനമതിന്നിഹ പാരം
പങ്കിടുകെന്നാൽ പുലരാം മർത്ത്യന്നനവരതം സുഖമോടേ
കമലാക്ഷം
സ്വന്തം
27/11/21
കടാക്ഷമാകുന്ന സൂര്യപ്രകാശം
ചൊരിഞ്ഞിടേണേ പ്രപഞ്ചത്തിലെല്ലാം
വളർന്നിടട്ടേ തവാത്മാംശമെങ്ങും
പരന്നിടട്ടേ തവാത്മപ്രഭാവം
കേരളി
4/12/21
മനുഷ്യനാണെന്നു ധരിച്ചിടും വൃഥാ
മനുഷ്യനല്ലെന്നു വിധിച്ചിടും ഭവാൻ
അമാനുഷാകാരമതിൽ വിളങ്ങിടും
‘നമിപ്പു ഞാനാ തിരുപാദപങ്കജം‘
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
4/12/21
കാണുക, പാടുക കേൾക്കുക ജീവിതഗാഥകളിനിയും
ആശനിരാശകളായിരമായിഹ പൂവിടുമിനിയും
ഭാസുരമാസുരഭീതിദ കാതര ഭാവന വിടരും
ആയിരമായിരമാറുകളായിഹ ജീവിതമൊഴുകും
അശ്വഗതി
5/12/21
മനുഷ്യനാണെന്നു ധരിച്ചിടും വൃഥാ
മനുഷ്യനല്ലെന്നു വിധിച്ചിടും ഭവാൻ
അമാനുഷാകാരമതിൽ വിളങ്ങിടും
‘നമിപ്പു ഞാനാ തിരുപാദപങ്കജം‘
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
4/12/21
അതിർത്തിക്കു കാവൽക്കു നിൽക്കുന്നു സൈന്യം
മഹാമാരിനേരം കുതിക്കുന്നു സൈന്യം
പരാതിക്കുമില്ലാ, ഡിമാന്റിന്നുമില്ലാ
വിപത്തിൽത്തഴക്കം കുതിക്കുന്ന വീര്യം
ഭുജംഗപ്രയാതം
7/12/21
ചതിക്കാതെ കാവൽക്കു നിൽക്കുന്നു സൈന്യം
മഹാമാരിനേരം കുതിക്കുന്നു സൈന്യം
പരാതിക്കുമില്ലാ, ഡിമാന്റിന്നുമില്ലാ
വിപത്തിൽത്തഴക്കം കുതിക്കുന്ന വീര്യം
ഭുജംഗപ്രയാതം
7/12/21
കരകമലം -- ഭ ഭ ന ജ ന സ - തംതത തംതത തതതത തംതത തത തതതം(18)
ചിലർക്കോയുറക്കം മഹത്തായ കർമ്മം,
പരർക്കോ പരം കർമ്മമേ നൽകു സൗഖ്യം
ചിലർക്കോ വിഷാദം കടുംകെട്ടു പോലെ-
പ്പരർക്കോ സദാ പൂർണ്ണ സന്തോഷപൂരം
ഭുജംഗപ്രയാതം
9/12/21
പാരാകെപ്പടരുന്നതായ രോഗം;
സൂക്ഷിക്കേണമിതെന്നു വിജ്ഞർ ചൊല്ലീ
എന്നാലോ ഫലമില്ല,യൊട്ടുപാളീ;
ബോദ്ധ്യം വന്നു, ‘പറഞ്ഞതെത്ര സത്യം!‘
ദേവനാദം( വൃത്തമഞ്ജരിയിലില്ലാത്ത പുതിയ വൃത്തം- മംസംജംഗഗയോടെ ദേവനാദം)
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
9/12/21
ചാരുതയാർന്നൊരു ഭുവനമതിൽപ്പരമൊരുവണുവായ്
വന്നു ഭവിച്ചു, മനുജനു സുരക്ഷയതു വിരളമായ്
ആയിരമായ്പ്പലരിവിടെയൊടുങ്ങിയതിവിവശരും
ആധികളായിരമതിനുപുറത്തതു വളരെയുമായ്
കരകമലം
10/12/21
തരണമേ തവ വീക്ഷണമെപ്പൊഴും
വരണമേ വരദാനമതെപ്പൊഴും
തരണമേ നലമാകിയ ബുദ്ധിയും
ശരണമേകുക പർവ്വതനന്ദിനീ
ദ്രുതവിളംബിതം
12/12/21
താപം നൽകും പലവിധമായ് മനുജനവൻ തന്നധികാരം,
ഭൂമിക്കേറേപ്പരുഷമതാം വിധിവിപരീതം പിണയുന്നൂ
താനാണീ ഭൂമിയുടെ വിചാരണയതിനായുള്ളധികാരി-
യെന്നൂറ്റംകൊള്ളുവതിനൊരന്ത്യമതണയാറായിനി നൂനം
വാണി
12/12/21
സുഖസൗകര്യമതൊക്കെ വേണ്ടതാം
അതിലില്ലൊട്ടു പരാതിയേതുമേ
അമൃതായാലുമതേറെയായിടിൽ
സുഖമല്ലാ, പരമാർത്തിയായിടും
പത്മിനി (സഭജലഗ). വിയോഗിനിയുടെ സമവൃത്തം
സ്വന്തം
14/12/21
സുഖസൗകര്യമതൊക്കെ വേണ്ടതാം
അതിലില്ലൊട്ടു പരാതിയേതുമേ
സുഖസൗകര്യമതൊക്കെ വേണ്ടപോൽ
തുലനം ‘തീർപ്പതിലുണ്ടു വൈഭവം‘
പത്മിനി (സഭജലഗ). വിയോഗിനിയുടെ സമവൃത്തം
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
14/12/21
സുഖസൗകര്യമതൊക്കെ വേണ്ടതാം
അതിലില്ലൊട്ടു പരാതിയേതുമേ
സുഖസൗകര്യമതൊക്കെ വേണ്ടപോൽ
തുലനം ചെയ് വതിലാണു മേൽഗതി
പത്മിനി
സ്വന്തം
21/12/21
സുഖദു:ഖങ്ങളിണങ്ങി ജീവിതം
പകലും രാത്രിയുമായ് ചരിക്കവേ
സുഖദു:ഖങ്ങളിൽ തെന്നിവീഴൊലാ,
തുലനം 'തീർപ്പതിലുണ്ടു വൈഭവം'
പത്മിനി (സഭരലഗ)(വിയോഗിനിയുടെ സമപാദം.വൃത്തമഞ്ജരിയിലില്ല )
സമസ്യാപൂരണം
15/12/21
സുഖദു:ഖങ്ങളിണങ്ങി ജീവിതം
പകലും രാത്രിയുമായ് ചരിക്കവേ
സുഖദു:ഖങ്ങളിൽ തെന്നിവീഴൊലാ,
തുലനം മാത്രമതാണു നേർവഴി
പത്മിനി (സഭരലഗ)(വിയോഗിനിയുടെ സമപാദം.വൃത്തമഞ്ജരിയിലില്ല )
സ്വന്തം
21/12/21
ഭുവനം നേരിടുമെത്ര പോരുകൾ
മനുജൻ മാത്രമതിന്റെ കാരണം
അവനോ തന്റെ വിശേഷ ബുദ്ധിയാൽ
ശമനം ‘തീർപ്പതിലുണ്ടു വൈഭവം.‘
പത്മിനി
സമസ്യാപൂരണം
16/12/21
ഭുവനം നേരിടുമെത്ര പോരുകൾ
മനുജൻ മാത്രമതിന്റെ കാരണം
അവനോ തന്റെ വിശേഷ ബുദ്ധിയാൽ
ശമനം കൊണ്ടുവരാൻ ശ്രമിക്കണം
പത്മിനി
സ്വന്തം
21/12/21
ഭുവനമാണു മനുഷ്യനു കാരണം
ഭുവനമാണു മനുഷ്യനു കാര്യവും
ഭുവനമാണു മനുഷ്യനു സർവ്വവു-
മിവ മറന്നു കളിക്കൊലയൊട്ടുമേ
ദ്രുതവിളംബിതം.
16/12/21
തപനമണ്ഡലമൊന്നു പിഴച്ചിടിൽ
ഭഗണചക്രമതൊന്നു വിറച്ചിടിൽ
ഭുവനിയും ബഹുകൂട്ടരുമായുടൻ
ചിരമതാകിയ ബന്ധനമുക്തരാം
ദ്രുതവിളംബിതം.
16/12/21
പറയാമിനിയും രസമാർന്നെഴുമാ-
കഥയായിരമാമിരവിൽ തുടരേ
ചെവിയോർക്ക, രസിക്ക, പരം കുതുകാൽ
പറയാമിനിയും, മൃതിയെത്തടയാൻ
തോടകം(സസസസ)
സൂചന: അറബിക്കഥകൾ
17/12/21
പണ്ടേതോ പരമാണു വന്നു തലയിൽക്കേറീ പരം വിട്ടുപോ-
കാതിങ്ങീവിധമായ്പ്പരന്നുലകിതിൽപ്പാരം പരീക്ഷിക്കുവാൻ
പാടേ വീണു മനുഷ്യസൃഷ്ടമഖിലം ചീട്ടിൻ പെരും കോട്ടപോ-
ലെന്നാൽ നമ്മൾ പഠിച്ചുവോ ഗുരു തരും പാഠങ്ങളെന്തെങ്കിലും?
ശാർദ്ദൂലവിക്രീഡിതം
17/12/21
പാരം വേഗതയാർന്ന പാതയിവിടെക്കാണാം നമുക്കെത്രയും
വേഗം, പോകണമന്നുതന്നെയനിലൻ തോറ്റീടണം, മാത്രമോ,
വേണം ജീവിതവേഗവും, പുനരതിൻ വേഗം കുറേ കൂട്ടണം
കാണം വിറ്റു തുലയ്ക്കിലും പുലരണം ഘോഷത്തൊടൊപ്പം മുദാ
ശാർദ്ദൂലവിക്രീഡിതം
19/12/21
നടപ്പുണ്ടു രോഗം, മഹാമാരിയാണേ
നടക്കാം പരം ശ്രദ്ധയുൾക്കൊണ്ടു മാത്രം
നടക്കാതിരിക്കാമനാവശ്യമായി-
യൊടുക്കം, പരം ‘വന്നുവെന്നാൽ കറക്കും.‘
സമസ്യാപൂരണം
ഭുജംഗപ്രയാതം
21/12/21
നടപ്പുണ്ടു രോഗം, മഹാമാരിയാണേ
നടക്കാം പരം ശ്രദ്ധയുൾക്കൊണ്ടു മാത്രം
നടക്കാതിരിക്കാമനാവശ്യമായി-
യൊടുക്കം വരേയ്ക്കും സുരക്ഷാർഹരാവാം.
ഭുജംഗപ്രയാതം
സ്വന്തം
21/12/21
അതിപരവശനാകും രോഗിയെക്കണ്ടുകൊണ്ടാ-
വഴിയതിലൊരു നോട്ടം നൽകിടാതേ കടന്നു
പലതവണ ഗമിക്കും കൂട്ടരേ! ഓർക്കണം നാം
ഗതിയതു ദയനീയം ‘വന്നുവെന്നാൽ കറക്കും‘
സമസ്യാപൂരണം
മാലിനി
21/12/21
അതിപരവശനാകും രോഗിയെക്കണ്ടുകൊണ്ടാ
വഴിയതിലൊരു നോട്ടം നൽകിടാതേ കടന്നു
പലതവണ ഗമിക്കും കൂട്ടരേ! ഓർക്കണം നാം
ഗതിയതു ദയനീയം വന്നിടാമേ നമുക്കും
മാലിനി
സ്വന്തം
21/12/21
നാട്ടാർക്കെല്ലാം വളരെയധികം ക്ഷേമകാര്യങ്ങൾ ചെയ്യും
ഐക്യത്തിന്നായതികഠിനമാം വർത്തനം കാഴ്ച വെക്കും
നേതൃത്വം താൻ ബഹുഗുണകരം നാടിനെന്നാൽ, മറിച്ചോ,
അന്തഃഛിദ്രം ഗുരുതരമതോ ‘വന്നുവെന്നാൽ കറക്കും.‘
മന്ദാക്രാന്ത
സമസ്യാപൂരണം
22/12/21
നാട്ടാർക്കെല്ലാം വളരെയധികം ക്ഷേമകാര്യങ്ങൾ ചെയ്യും
ഐക്യത്തിന്നായതികഠിനമാം വർത്തനം കാഴ്ച വെക്കും
നേതൃത്വം താൻ ബഹുഗുണകരം നാടിനെന്നാൽ, മറിച്ചോ,
അന്തഃഛിദ്രം ഗുരുതരമതോ പാരമാഘാതമാകും
മന്ദാക്രാന്ത
സ്വന്തം
23/12/21
വർഷക്കാലം പിറന്നാൽ മുകിലുകളവയോ വാതിലെല്ലാം തുറക്കും
വായുക്ഷോഭം വളർന്നാലടിമുടി മുഴുവൻ അന്തരീക്ഷം വിറയ്ക്കും
വെള്ളക്ഷോഭം കനത്താലണകൾ മുഴുവനും നാട്ടിലാകെത്തുറക്കും
വെള്ളപ്പാച്ചിൽ പരന്നിട്ടമിതമളവിലായ് ‘വന്നുവെന്നാൽ കറക്കും‘
സമസ്യാപൂരണം
സ്രഗ്ദ്ധര
23/12/21
വർഷക്കാലം പിറന്നാൽ മുകിലുകളവയോ വാതിലെല്ലാം തുറക്കും
വായുക്ഷോഭം വളർന്നാലടിമുടി മുഴുവൻ അന്തരീക്ഷം വിറയ്ക്കും
വെള്ളക്ഷോഭം കനത്താലണകൾ മുഴുവനും നാട്ടിലാകെത്തുറക്കും
വെള്ളപ്പാച്ചിൽ പരന്നാൽ കുടിലുകൾ പലതും പൂർണ്ണമായും തകർക്കും
സ്രഗ്ദ്ധര
സ്വന്തം
24/12/21
നിന്ദ്യർക്കായും പീഡിതർക്കായ് ജനിച്ചോൻ
ലോകത്തിന്നും രക്ഷയായിപ്പിറന്നോൻ
ക്രൂശിച്ചാലും അന്ത്യമില്ലാത്തവൻ തൻ
പൂർണ്ണാഭാവം വന്നുവെന്നാൽ കറക്കും
ശാലിനി
സ്വന്തം
25/12/21
പുത്തൻവർഷത്തിൻ പൊലിമ കലരും ഘോഷമെല്ലാം നടത്താൻ
സൂക്ഷിച്ചീടേണം, കൊവിഡിതിനിയും ഭീമമാകാരമായ്ത്താൻ
നിൽക്കുന്നൂ പുത്തൻ പുകിലുകളുമായ് വേരുറപ്പിച്ചിടുന്നൂ.
ശ്രദ്ധിച്ചീടേണം വളരെയധികം, വന്നുവെന്നാൽ കറക്കും
കുസുമിതലതാവേല്ലിത
സ്വന്തം
28/12/21
പുത്തൻവർഷത്തിൻ പൊലിമ കലരും ഘോഷമെല്ലാം നടത്താൻ
സൂക്ഷിച്ചീടേണം, കൊവിഡിതിനിയും ഭീമമാകാരമായ്ത്താൻ
നിൽക്കുന്നൂ പുത്തൻ പുകിലുകളുമായ് വേരുറപ്പിച്ചിടുന്നൂ.
ശ്രദ്ധിച്ചീടേണം വളരെയധികം, തെറ്റിയെന്നാൽ ദുരന്തം.
കുസുമിതലതാവേല്ലിത
സ്വന്തം
30/12/21
ഞെട്ടറ്റു വീഴുന്നു ദിനങ്ങളൊന്നായ്
ഞെട്ടറ്റു വീഴുന്ന ദലങ്ങളെപ്പോൽ
കർമ്മത്തെ ഗാഢം പുണരേണമെന്നും
കർമ്മത്തിൽ കാലത്തെയൊതുക്കിടേണം
ഇന്ദ്രവജ്ര
സ്വന്തം
31/12/21
പിരിയും പതിവിൻപടിയായ്പ്പലതും
പൊലിയുന്നിതുവർഷമിതിന്നു പരം
പകരം നവവത്സരവും വരവായ്
പറയാം വിടയും വരവേൽക്കലതും
തോടകം
സ്വന്തം
31/12/21
പാരിൽപ്പാർത്താൽ, ദുരന്തം പലവിധമതിലായ് ജീവിതം കാണ്മു; മർത്ത്യർ
പാരം കഷ്ടം സഹിച്ചും സ്ഥിതിഗതിയതിലോ തട്ടിമുട്ടിത്തളർന്നും
മുന്നോട്ടായുന്നുവെന്നാൽ, ചിലരതു വെറുതേ ധൂർത്തടിച്ചും കളഞ്ഞും
ആഘോഷിക്കുന്നു പാരം, സഹജരിലലിവോ തീരെയില്ലാതെ കഷ്ടം!
സ്രഗ്ദ്ധര
സ്വന്തം
3/1/2022
എന്തൊക്കെക്കാണണം നാമിവിടെ ദിവസവും, ബന്ധമെല്ലാം കളഞ്ഞി-
ട്ടാകപ്പാടേ വിരോധം പെരുവഴിനടുവിൽ, മാത്രമോ, വീട്ടിനുള്ളിൽ
കത്തിക്കാളുന്നു കഷ്ടം! ബഹുകഠിനതരം പീഡനം, വെട്ടിവീഴ്ത്തൽ,
പോരാ, ആത്മാഹുതിയ്ക്കും വിരളതയെതുമേ തീരെയില്ലെന്നു ചൊല്ലാം
സ്രഗ്ദ്ധര
സ്വന്തം
5/1/2022
ഇല്ലാ ബന്ധങ്ങളൊന്നും, സുതർ, സഹചരരും, സോദരർക്കും തഥൈവ:
ഇല്ലാ ഭേദം, സമാനം വികലതയതുതാൻ വാണിടുന്നൂ സുതാര്യം
കൊല്ലാമാർക്കും മനസ്സിന്നകമതിൽ കടുകിൻ മാത്രയോളം വികല്പം
ഇല്ലാതേകണ്ടു തിണ്ണം കുടിലതയതിനാൽ ചൊല്ലെഴും കേരഭൂവിൽ
സ്രഗ്ദ്ധര
സ്വന്തം
6/1/22
ലഹരിയാണു ഭരിപ്പതു നാടിനെ
മദിരയും പല ഭീകരമൗഷധം
കുടിലമാം പല കുത്സിതവൃത്തികൾ
കൊടിയതായിയി കേരളഭൂമിയിൽ
ദ്രുതവിളംബിതം
സ്വന്തം
10/1/22
പല വിധത്തിൽ പരിസ്ഥിതി ദൂഷണം
വികസനം പരമെന്നു വിശേഷണം
മല, നദീതടമൊക്കവെ ശോഷണം
പരമ ഭീദിതമാകിയ പേഷണം
ദ്രുതവിളംബിതം
സ്വന്തം
12/1/22
ജനനിയെന്നു പിതാവു സഹോദരൻ
സഹചരൻ, അയൽ വാസിയതെന്നുമോ
ഇവിടെയില്ല വിവേചനമൊട്ടുമേ
അവനവന്നുടെ കാര്യമതൊന്നുതാൻ
ദ്രുതവിളംബിതം
സ്വന്തം
12/1/22
ഗംഗാധരാ, തലയിൽ നീ ചിരമായ് വഹിക്കും
ഗംഗാനദിക്കു ദുരവസ്ഥയതെത്ര കഷ്ടം!
മാലിന്യമൊട്ടതിൽ നിറഞ്ഞുകവിഞ്ഞിതേറ്റം,
മാലിന്യഭാരമതിനെങ്ങനെ മുക്തി ചൊല്ലൂ.
വസന്തതിലകം
സ്വന്തം
16/1/22
ഗഗനേ സൂര്യനൊളി പരത്തീട്ടുലകിതിൽ ജീവന്നുയിരേകും
ഇരവും പിന്നെ പകലുമായിട്ടരുണിമ പാരിൽ വരവായി
ഋതുഭേദങ്ങൾ പൊലിമ ചാർത്തീട്ടണിയണിയായ് വന്നണയുന്നു
ഇതിനെല്ലാമുറവയതാം ശക്തിയതെവനാണെന്നറിവുണ്ടോ?
വനമാലം(സഭസഭസഭഗഗ)20
സ്വന്തം
16/1/22
ഗാനം, കഥാനടനസൂക്ഷ്മകടാക്ഷനാട്യം
സങ്കീർണ്ണമാം വിശദമായ വികാരഭാവം
മേളപ്പദം, പലവിധം ബഹുചാരുവേഷം;
എല്ലാം തികഞ്ഞ കഥകേളിയതിന്നു കൂപ്പാം
വസന്തതിലകം
സ്വന്തം
19/1/22
*അദ്ധ്വാനം വേണ്ടുവോളം, പലവിധമതിലോ ആണ്ടുമുങ്ങുന്ന ഭാവം
നേട്ടങ്ങൾക്കൊട്ടുമില്ലാ വിരളതയതിലും കീർത്തിയോടാർത്തിയില്ലാ;
ഭാവം സൗമ്യം വിനീതം സ്മിതമനവരതം സ്ഥായിയായ് കാത്തിടുന്നോൻ
വീജേബീത്ര്യക്ഷ്യരിക്കായ് വിടപറയുക നാമേറ്റവും ദുഃഖമോടേ!
സ്രഗ്ദ്ധര
21/1/22
*20/1/22ന് അന്തരിച്ച തോട്ടര വടക്കേടത്ത് ഭവദാസൻ നമ്പൂതിരി (വി ജെ ബി നമ്പൂതിരി സതീഷിന്റെ അച്ഛൻ)ക്ക് സ്മരണാഞ്ജലി
Translation as requested by Kannan:
Steeped in hard work of various kinds
Achievements in abundance
Yet not craving for fame
Gentle, humble, with a smile
Always playing on his face
Known in the three letters VJB
Let us say adieu to him
With utmost sorrow!
22/1/22
ജനിതകവിജയം താനിന്നു ശാസ്ത്രത്തിനുന്നം;
അനവരതമതിന്നായ് പോരിലാണിന്നു ശാസ്ത്രം
പരമതെവിടെയെത്തും, ചോദ്യമേറ്റം പ്രധാനം
മറുപടിയതിനുണ്ടോയെന്നതത്രേ ദുരൂഹം
മാലിനി
സ്വന്തം
23/1/22
ദുരിതമനുഭവത്തിൽപ്പാരിലെല്ലാരുമിപ്പോൾ
കൊവിഡിതിനുടെ രോഷം പാരമേറുന്നിതിപ്പോൾ
ക്ഷമയൊടു തുടരേണം ജാഗ്രത, ശ്രദ്ധയും കേൾ
ശുഭമതു കരുതേണം ചിന്ത്യമാമന്ത്യമെന്നും
മാലിനി
സ്വന്തം
23/1/22
ബലമതിവിടെയേറേ മാന്യമായ്ത്തീർന്നിരിപ്പൂ;
ധനമതിവിടെയേറേ ശക്തമായ്ത്തീർന്നിരിപ്പൂ;
ഗുണമതിവിടെയേറേ മോശമായ്ത്തീർന്നിരിപ്പൂ;
പതനമതിനു വേറേ കാരണം വേണ്ടതുണ്ടോ?
മാലിനി
സ്വന്തം
25/1/22
ദാരിദ്ര്യം, ജാതിഭേദം, കൊടുമഴിമതിയും മാത്രമോ, പക്ഷപാതം,
മദ്യാസക്തിക്കുമില്ലാ പരിമിതിയെതുമേ, ഭീതിദം കാലമിപ്പോൾ
കണ്ടാലാർക്കും വെറുക്കുംവിധമതിപരുഷം ക്രൂരകൃത്യങ്ങളെങ്ങും
ചിന്തിക്കേണം നമുക്കും പ്രതിവിധിയിതിനായ് തീർച്ചയായും, നിതാന്തം.
സ്രഗ്ദ്ധര
സ്വന്തം
27/1/22
ജാഗ്രത്താകാം നമുക്കീ കൊവിഡതിനുടെ മേലാധിപത്യത്തിനായി,
പാരം ശ്രദ്ധിച്ചിരിക്കാം സ്ഥിതിഗതികളതിൻ കേറ്റിറക്കങ്ങളെല്ലാം.
വേഗം പാരിൽ ലഭിക്കും പ്രതിവിധിയതിനായ് കാതുകൂർപ്പിച്ചിരിക്കാം
ഒട്ടും സന്ദേഹമില്ലാ, മനുജനവനഹോ, അന്ത്യജേതാവതെന്നും
സ്രഗ്ദ്ധര
സ്വന്തം
25/1/22
ബുദ്ധന്മാരേറെ ഭൂവിൽ വിവിധ തരമതായ് കാണ്മതേകസ്വരൂപം
അജ്ഞാനത്താലെ,യെന്നാൽ മനുജനവനതോ കാണ്മു വെവ്വേറെയായി
ഏറേ പ്രശ്നം മുളയ്ക്കും ധരണിയിലതിനാൽ തീർത്തുമാവശ്യമേതു-
മില്ലാതേകണ്ടു, പാരം ശിശുസമമതുതാൻ, ബുദ്ധിഹീനം തഥൈവ
സ്രഗ്ദ്ധര
സ്വന്തം
28/1/22
താഴേ, താഴേയ്ക്കു പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
കാലം പിന്നോട്ടു പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
സൂക്ഷ്മാൽ സൂക്ഷ്മത്തിൽ പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
ദൂരേ, മേലോട്ടു പോയാൽ പുനരവിടെ നടക്കുന്നതോ തീർച്ചയില്ലാ;
താഴേ, താഴേയ്ക്കു പോയാൽ പുനരവിടെ നടക്കുന്നതും തീർച്ചയില്ലാ;
സൂക്ഷ്മാൽ സൂക്ഷ്മത്തിലാഴ്ന്നാൽ പുനരവിടെ നടക്കുന്നതും തീർച്ചയില്ലാ;
കാലം പിന്നോട്ടു പോയാൽ ചരിതമതറിയാനൂഹമേകാശ്രയം താൻ
30/1/22-5/2/22
എന്നാലും പോയിടുന്നൂ മനുജനവനിതാ പാരമുത്സാഹമോടേ
ശാസ്ത്രത്തിൻ തേരിലേറിപ്പലപല പുതുതാം ജ്ഞാനലക്ഷ്യങ്ങൾ തേടി.
എന്തെല്ലാം കാഴ്ചകൾ നാമിതിനകമിവിടെക്കണ്ടു, പാരം വിചിത്രം;
എന്നാലില്ലറ്റമെങ്ങും വഴിയതു തുടരേ, നീണ്ടുപോകുന്നതെന്നും
സ്രഗ്ദ്ധര
31/1/22
കൊവിഡിൻ്റെ രണ്ടാം വാർഷികം:
വർഷം രണ്ടും കഴിഞ്ഞീ കൊവിഡതിനുടെയീ ഭീകരം വാഴ്ച ഭൂവിൽ
കഷ്ടം, കാട്ടാന നാട്ടിൽക്കയറി വിലസുമാമട്ടിലെല്ലാം തകർത്തും
ഇഷ്ടംപോൽച്ചാടിവീണും മനുജനവനെയീ മട്ടിലാകെത്തളർത്തി-
പ്പുഷ്ടം മുന്നോട്ടു പായും ഗജസമമിവനേയാരു കൂട്ടിൽത്തളയ്ക്കും?
സ്രഗ്ദ്ധര
30/1/22
വർഷം രണ്ടും കഴിഞ്ഞീ കൊവിഡതിനുടെയീ താണ്ഡവം ഭീകരം താൻ
കഷ്ടം, കാട്ടാന നാട്ടിൽക്കയറി വിലസുമാമട്ടിലെല്ലാം തകർത്തും
ഇഷ്ടംപോൽച്ചാടിവീണും മനുജനവനെയീ മട്ടിലാകെത്തകർത്തും
പുഷ്ടം മുന്നോട്ടു പായും ഗജസമമിവനേയാരു കൂട്ടിൽത്തളയ്ക്കും?
സ്രഗ്ദ്ധര
1/2/22
കാരുണ്യം കടലായിടും പരമതിൻ മേലേ സുനാമിക്കുമേ
തീരേയില്ലതിനൊട്ടു ശങ്ക, പരമാത്മാവിൻ മഹായുക്തിതാൻ
പാരം മാനവനൊട്ടു ജൃംഭിതനവൻ മേലോട്ടു പൊങ്ങുമ്പൊഴോ
ഘോരം ദണ്ഡു പതിച്ചിടും, പരമതോ, ചിന്തിച്ചു കൂപ്പീടണം
ശാർദ്ദൂലവിക്രീഡിതം
30/1/22
സകല ഭുവനവും തൻ യുക്തി മാത്രം നിനച്ചു
സകലവിധമതാകും ജീവിജാലങ്ങളൊപ്പം
സമതുലനമതെല്ലാമാളി നന്നായ് നയിക്കും
സഗുണമഗുണമാകും ശക്തിയെക്കൈതൊഴുന്നേൻ
മാലിനി
2/2/22
സൂക്ഷ്മത്തിൽ സൂക്ഷ്മമായും പരമതിനുപുറം സ്ഥൂലമായും വിളങ്ങും
പൂർണ്ണത്തിൽ പൂർണ്ണമായും വിലസിടുമതിനാൽ ബുദ്ധിതന്നപ്പുറത്തും
പൂജ്യത്തിൽ പൂജ്യമായും വിലസിടുമതിനാൽ കാഴ്ചകൾക്കപ്പുറത്തും
അസ്തിത്വാതീതനെന്നാൽ ഭുവനമെവിടെയും വ്യാപിയാം സർവ്വശക്തൻ
3/2/22
ഹാ, മർത്ത്യനെത്ര കഠിനം ചിരമായ് ശ്രമിപ്പൂ
പാരം പരംപൊരുൾ മനസ്സിലുറച്ചിടാനായ്
നീയോയിരിപ്പു ചെറുപുഞ്ചിരിയോടുകൂടി,
'കാണട്ടെ, നിൻ വിരുതതെങ്ങനെ'യെന്നപോലേ
വസന്തതിലകം
4/2/22
ഗ്രാമം വിടാമതു കഴിഞ്ഞിനി ജില്ലയാവാം
സംസ്ഥാനവും പിറകെ രാജ്യവുമായിരിക്കാം
ഭൂഖണ്ഡവും ധരണിയും ഗ്രഹവും കടന്നു,
പോകാം നമുക്കു ഭുവനത്തിനതിർത്തി തേടി.
വസന്തതിലകം
14/2/22
ഉറങ്ങുന്നു രാവിൽ മരിക്കുന്നപോലെ
ഉണർന്നങ്ങെണീക്കും പുനർജ്ജീവിതംപോൽ
മരിക്കുന്നു പാരം, ജനിക്കും തഥൈവ;
പരം മൃത്യുഭീയോ,യൊടുങ്ങുന്നതില്ലാ!
ഭുജംഗപ്രയാതം
16/2/22
*ലാളിത്യം ചേർന്നെഴുമഭിനയം പാരമാഹ്ളാദമേകും
ചൊല്ലിൻചേലോ ലളിതമധുരം, ഭാവഹാവാദി വേറേ
വേഷങ്ങൾക്കോ വിവിധതരമാം ശൈലിയേറെ പ്രസിദ്ധം;
നക്ഷത്രംപോൽ ലളിത ചിരമായ് വാഴുമേ മർത്ത്യഹൃത്തിൽ
മന്ദാക്രാന്ത
23/2/22
*22/2/22നു അന്തരിച്ച കെ പി എ സി ലളിതയുടെ സ്മരണയ്ക്ക്
ദൈവത്തിൻ നാടിതെന്നായ് പറയുവതതുപോൽ ദൈവമേ, കേൾപ്പതുണ്ടോ?
ദൈവത്തിൻ പേരിലിപ്പോളതിഗുരുതരമാം ഹീനകൃത്യങ്ങൾ പാരം
കാട്ടിക്കൂട്ടുന്നതെല്ലാം പരമവിടെ ഭവാൻ കേൾപ്പതുണ്ടോ ശരിക്കും?
കാട്ടാളർ ചെയ്തുകൂട്ടും കുടില വിനകളോ, ചൊല്ലു, നിന്നിച്ഛയാണോ?
സ്രഗ്ദ്ധര
14/10/22
ആശയവിത്തു വിതയ്ക്കുക ചുറ്റും
സൂക്ഷ്മമാമണു മുതൽക്കു ഭീമതര താരസഞ്ചയമതൊക്കവേ,
സൂക്ഷ്മമാംവിധമൊരുക്കിനിർത്തി കളിവേദിയിൽക്കളി തുടർച്ചയായ്
നട്ടുവന്നുടെ വിദഗ്ദ്ധയിച്ഛയതുപോലവേ കഠിനമായിടും
ചിട്ടയിൽത്തുടരുമാ പരാപര'കലാവിശാരദനു കൈതൊഴാം.
വൃത്തം : കുസുമമഞ്ജരി.
സമസ്യാപൂരണം (ബ്രാഹ്മണ്യം)
23/11/22
സൂക്ഷ്മമാമണു മുതൽക്കു ഭീമതര താരസഞ്ചയമതൊക്കവേ,
സൂക്ഷ്മമാംവിധമൊരുക്കിനിർത്തി കളിവേദിയിൽക്കളി തുടർച്ചയായ്
നട്ടുവന്നുടെ വിദഗ്ദ്ധയിച്ഛയതുപോലവേ കഠിനമായിടും
ചിട്ടയിൽത്തുടരുമാ പരാപരകലാവിലാസമതിനായ്ത്തൊഴാം
വൃത്തം : കുസുമമഞ്ജരി.
സ്വന്തം
23/11/22
ചക്ക
പാശ്ചാത്യമാം പഴമതോ പ്രിയമേറെയെന്നാൽ
നേന്ത്രപ്പഴം, ചെറുപഴം ഇവയാർക്കുവേണം?
ഏറെത്തരം സുലഭമാം പഴമാങ്ങയൊട്ടും
വേണ്ടാർക്കുമേ, പറയണോയിനി ചക്ക വേറേ?
വസന്തതിലകം
സ്വന്തം
25/11/22
ചെണ്ട
ചെണ്ട കൊള്ളുന്നു ദേദ്യങ്ങൾ
കണ്ടുകൊണ്ടു ജനങ്ങളും
ഉണ്ടു ഖേദമിതിൽപ്പാരം
ചെണ്ടതൻ ഗതിയോർക്കവേ
പത്ഥ്യാവക്ത്രം
സ്വന്തം
26/11/22
പുസ്തകം
ജ്ഞാനത്തിൻ മുത്തു തേടും പലവിധ വിവരാന്വേഷികൾക്കായി കാത്തി-
ട്ടെന്തെല്ലാം പുസ്തകത്തിൽ പലവിധ വിവരം സുപ്തമായിക്കിടപ്പൂ!
രത്നങ്ങൾ മുത്തുമെല്ലാം ജലനിധിയകമേ ഗൂഢമായിക്കിടക്കും
സമ്പത്തിൻ മുത്തു തേടും കഠിനഹൃദയരാം ധീവരർക്കെന്നപോലെ
സ്രഗ്ദ്ധര
സ്വന്തം
27/11/22
വായനയ്ക്കു സമയം കുറഞ്ഞുപോയ്
പുസ്തകത്തിനു പ്രിയം കുറഞ്ഞുപോയ്
കെട്ടുകാഴ്ചയതിലാണു കൗതുകം
കെട്ട കാലമതു തന്നെ നിശ്ചയം.
രഥോദ്ധത
സ്വന്തം
27/11/22
പുസ്തകത്തിനു പ്രിയം കുറഞ്ഞുപോയ്
അസ്തമിച്ചു ചെറു വായനാരസം
കെട്ടുകാഴ്ചയതിലാണു കൗതുകം
കെട്ട കാലമതുതന്നെ നിശ്ചയം.
രഥോദ്ധത
സ്വന്തം
27/11/22
അമ്പത്തൊന്ന് എന്നു തുടങ്ങണം.
അമ്പത്തൊന്നു വരുന്നയക്ഷരഗണം ചേർത്തെത്രയും വേഗമായ്
അമ്പോടാശയദീപ്തിയാർന്ന കൃതിയായൊന്നിന്നു സൃഷ്ടിക്കണം
ഇമ്പത്തോടതു സൂക്ഷ്മമായി മനനം ചെയ്തിട്ടു സന്തോഷമായ്
സമ്പത്തായ്ക്കരുതീട്ടു ലോകമതിനായ് കാഴ്ചക്കു വെച്ചീടണം
ശാർദ്ദൂലവിക്രീഡിതം
സ്വന്തം
28/11/22
ഗുരു
ഗുരുകാരണവർക്കു കൂപ്പിടാം
ഗുരുവാകിയ കർമ്മമൊന്നിനാൽ
ഗുരുവാകിയ ലോകമൊന്നിതിൽ
ഗുരുവാം ഗതി സാദ്ധ്യമായതിൽ
സുമുഖി
സ്വന്തം
29/11/22
ഗാന്ധിജി
ഇരുട്ടിൽത്തപ്പുമിന്ത്യയ്ക്കു
ഒരു വെട്ടപ്രവാഹമായ്
ഇരിപ്പൂ ഗാന്ധിയെന്നെന്നും
ഭാരതത്തിന്റെ സത്തയായ്
പത്ഥ്യാവക്‌ത്രം
സ്വന്തം
30/11/22
സത്യമാർഗ്ഗമതുകൊണ്ടു ഭാരതം
സ്നേഹദീപശിഖ കാട്ടി നേരെയായ്
ശാന്തിപാതയിൽ നയിച്ച വീരനാം
ഗാന്ധിജിക്കു പരകോടി കൂപ്പുകൈ
രഥോദ്ധത
സ്വന്തം
1/12/22
അമ്മ
അമ്മയാണു ശിശുവിന്നൊരാശ്രയം
അമ്മയാണു മനുജന്നൊരാശ്രയം
അമ്മയാണു ഭവനത്തിനാശ്രയം
അമ്മയാണു ഭുവനത്തിനാശ്രയം
രഥോദ്ധത
സ്വന്തം
2/12/22
സത്യം
സത്യമെന്നതിനെയിഷ്ടമാംവിധം
കൃത്യമായി പരുവപ്പെടുത്തുവാൻ
നിത്യവും കഠിനമായ് ശ്രമിക്കുവോൻ
മർത്ത്യനോ, ഒരു നികൃഷ്ടജീവിയോ?
രഥോദ്ധത
സ്വന്തം
4/12/22
അജ്ഞാനകാരണമതാൽ പിടികിട്ടിടാതെ
എത്തിപ്പിടിക്കുവതിനായ്ത്തുനിയുന്നുവെന്നാൽ
മർത്ത്യന്നതോ ഒരു മരീചികമാത്രമായി
വസന്തതിലകം
സ്വന്തം
4/12/22
No comments:
Post a Comment