ഭാരതീയചിന്തയുടെ അടിത്തറയായി കണക്കാക്കപ്പെടുന്ന വേദങ്ങളിൽനിന്നാരംഭിച്ച് ചിന്തയുടെ കൊടുമുടിയായ അദ്വൈതസിദ്ധാന്തംവരെ നീളുന്നു പ്രതിപാദ്യ വിഷയം.
ഒരു പക്ഷെ, ഭൂമിയിൽ മനുഷ്യന്റെ ആവിർഭാവം മുതൽ ഭൂമിയുടെ ഏതൊരു കോണിലുമുള്ള മനുഷ്യമനസ്സിനെ മഥിച്ച പ്രശ്നങ്ങളുടെ ബഹിർസ്ഫുരണങ്ങൾ തന്നെയായിരിക്കണം വേദങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, നമുക്ക് അജ്ഞാതമായ പ്രകൃതിശക്തികളോടുള്ള ഭയം, ഭക്തി, വിധേയത്വം. അവയുടെ ക്രമമായും ചിലപ്പോൾ അങ്ങനെയല്ലാതെയുമുള്ള പ്രവർത്തനത്തിൽ നിന്ന് നിഗമനത്തിലൂടെ അവയിൽ സ്വന്തം പ്രകൃതം ആരോപിക്കൽ. തുടർന്ന്, സ്വാഭാവികമായും, നമുക്ക് നല്ലതു സംഭവിക്കാൻ അവയുടെ അനുഗ്രഹം വേണമെന്ന തോന്നൽ, അവയെ സന്തോഷിപ്പിക്കാനുള്ള ചടങ്ങുകൾ, ബലികർമ്മങ്ങൾ, അതിനനുസരിച്ചുള്ള വിശ്വാസപ്രമാണങ്ങൾ എന്നിങ്ങനെ വേദങ്ങളുടെ, അഥവാ, വൈദിക മതത്തിന്റെ പോക്ക്.
ഇതിൽ ഋഗ്വേദം മുതൽ അഥർവ്വവേദം വരെയെത്തുമ്പോൾ പുറമെ നിന്നു വരുന്ന ആര്യന്മാരുടെ സംസ്ക്കാരത്തിൽ പ്രാദേശിക സമൂഹത്തിന്റെ സംസ്കാരവുമായുള്ള ഇടകലരൽ മൂലം അതാവശ്യപ്പെടുന്ന മൃഗബലി, മന്ത്രവാദം മുതലായ ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.
എന്നാൽ, ഇവിടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത, ലോകത്തെ മറ്റെല്ലാ സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതമെന്നു വിവക്ഷിക്കപ്പെടുന്ന ഭൂപ്രദേശത്ത് ഇതെല്ലാം നാലു വേദങ്ങളിലായി വളരെ വിശദമായി സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്ത് വരുംതലമുറകളിലേക്കു ശ്രുതിയായും സ്മൃതിയായും ഗുരുപരമ്പരകളിലൂടെ കൈമാറ്റപ്പെട്ടു എന്നതാണ്.
വേദകാലത്ത് കാര്യമായ സംഘർഷങ്ങളോ ഭക്ഷണദൗർല്ലഭ്യമോ ഇല്ലാത്ത പൊതുവെ ശാന്തമായ കാലഘട്ടമായിരുന്നതിനാൽ ആത്മീയമായ ചിന്തകൾക്കും മനനങ്ങൾക്കും ധാരാളം സമയമുണ്ടായിരുന്നു എന്നാണ് ഈ സർഗ്ഗസമ്പന്നതയ്ക്കു കാരണമായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നതെങ്കിലും അസാമാന്യമായ ധീഷണാവൈഭവം കൂടി സംയോജിക്കുമ്പോൾ മാത്രമേ ഇത്രയും വിപുലവും സൂക്ഷ്മവുമായ ഒരു ജ്ഞാനശേഖരം നൂറ്റാണ്ടുകളിലേക്ക് പകർന്നു നല്കാൻ കഴിയുകയുള്ളു എന്നത് വെറും ലളിതമായ യുക്തിയാണ്.
ഇങ്ങനെ പ്രാചീന മനുഷ്യന്റെ ശക്തി ദൗർബ്ബല്യങ്ങൾ, ആര്യസമൂഹ അധിനിവേശത്തിന്റെയും അവർ പ്രാദേശിക സമൂഹവുമായുള്ള സഹവാസത്തിൽ നിന്നുയർന്നുവന്ന ഉച്ചനീചത്വങ്ങളും വ്യത്യസ്ത വിശ്വാസാനുഷ്ഠാനങ്ങളുമെല്ലാം കൂടിക്കലർന്ന് രൂപംകൊണ്ട വിചിത്രമായ യാഥാസ്ഥിതികത്വത്തിനെതിരായ നവോത്ഥാനപരമായ മുന്നേറ്റമാണ് ഉപനിഷത്തുക്കളിലൂടെ ഉയർന്നുവരുന്നത്.
ഇത്രയുമൊക്കെയായപ്പോഴേയ്ക്കും കാലം ഒരുപാട് മുന്നോട്ടുപോവുകയും മനുഷ്യസമൂഹം വളർന്നു വലുതാവുകയും സാധാരണ ജനങ്ങൾ ഈ ചിന്താധാരയിൽ നിന്നും അകന്നു പോവുകയും ചെയ്തതുകൊണ്ടായിരിക്കാം ഒരു പക്ഷെ, അവർക്കു കൂടി ഉൾക്കൊള്ളാൻ പാകത്തിൽ കഥകളുടെ രൂപത്തിൽ പുരാണേതിഹാസങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
എന്നാൽ, ഈ ജ്ഞാനവിജ്ഞാനങ്ങളെല്ലാം കാലത്തിൻ്റെ കുത്തൊഴുക്കിൽ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും മുങ്ങിപ്പോവുകയും പലതരത്തിലുള്ള അനാചാരങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോഴാണ് ഒരു നവോത്ഥാനശക്തിയായി ബുദ്ധൻ ഉയർന്നു വന്നത്. സ്വാഭാവികമായും, മനുഷ്യനും മനുഷ്യത്വവുമായിരുന്നു അദ്ദേഹത്തിൻ്റെ മുദ്രാവാക്യങ്ങൾ. വേദങ്ങൾക്ക് അദ്ദേഹം അമിത പ്രാധാന്യം നല്കിയില്ല. അതിനാൽ, അദ്ദേഹം നാസ്തികനായി കണക്കാക്കപ്പെട്ടു. ബുദ്ധ തത്വസംഹിതകളും മനുഷ്യകേന്ദ്രീകൃതമാണ്. എങ്കിലും, ഈ പ്രപഞ്ചത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പരമമായ ചൈതന്യം എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ബുദ്ധമതം നിരവധി അവാന്തരവിഭാഗങ്ങളായി മാറി അതിന്റെ വ്യതിരിക്തത നഷ്ടപ്പെട്ടു എന്നു തന്നെ പറയാം.
ലോകചരിത്രത്തിൽത്തന്നെ ആദ്യമായി മതപ്രചരണം ഒരു ലക്ഷ്യമായി സ്വീകരിക്കുന്നത് ബുദ്ധനാണ്. ദുരാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന ഒരു നവോത്ഥാനശക്തിക്ക്, സ്വാഭാവികമായും, അത് ഒഴിച്ചുകൂടാനാവില്ല. എന്നാൽ, അത് മൃഗീയശക്തിയുപയോഗിച്ചോ സമ്മർദ്ദതന്ത്രങ്ങളുപയോഗിച്ചോ ആയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ബുദ്ധമതം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ കാലോചിതമായും മനുഷ്യകേന്ദ്രീകൃതമായും പരിഷ്ക്കരിച്ചുകൊണ്ടാണ് പിറവിയെടുക്കുകയും വികസിക്കുകയും ചെയ്തതെങ്കിലും അത് ഹിന്ദുസമൂഹത്തിൽ നിന്നും അകലം പാലിച്ച് വേറിട്ടു നിന്നു. അതേസമയം, സമാന ചിന്താപദ്ധതി ഉയർത്തിപ്പിടിക്കുന്ന ജൈനമതം ഹിന്ദു സമൂഹവുമായി സഹവർത്തിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. അതുകൊണ്ടായിരിക്കണം ഇന്ത്യയിൽ ബുദ്ധമതം കുറ്റിയറ്റു പോയെങ്കിലും ജൈനമതം ഇന്നും നിലനില്ക്കുന്നത് എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.
തുടർന്ന് ന്യായം, വൈശേഷികം, സാംഖ്യം, മീമാംസ, വേദാന്തം, അദ്വൈതം, ശൈവം, വൈഷ്ണവം, ശാക്തേയം തുടങ്ങിയ ഭക്തിസങ്കല്പങ്ങൾ എന്നിങ്ങനെ വിവിധ ചിന്താപദ്ധതികളെപ്പറ്റി ഗ്രന്ഥകാരൻ സൂക്ഷ്മമായി വിവരിക്കുന്നു.
കർമ്മജ്ഞാനേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, ആത്മബോധം, ജാഗ്രത്, സ്വപ്ന, സുഷുപ്തി തുരീയാവസ്ഥകളിൽ അവയുടെ വ്യത്യസ്ത പ്രകടനങ്ങൾ, ആത്മാവ്, ജീവാത്മാവ്, പരമാത്മാവ്, അവയുടെ കാര്യകാരണ ബന്ധങ്ങൾ, പുനർജന്മം, മോക്ഷം, പ്രകൃതിപുരുഷദ്വന്ദം, വസ്തു പ്രപഞ്ചഘടന, മായ, സൃഷ്ടിസ്ഥിതിസംഹാരം പ്രളയം, പുനർസൃഷ്ടി എന്നിങ്ങനെ പോകുന്നു ഭാരതീയചിന്തയെ ഉദീപിപ്പിക്കുന്ന വിഷയങ്ങൾ.
ഏതു ചിന്താപദ്ധതിയെടുത്താലും അനിഷേധ്യവും അവിതർക്കിതവുമായ ഒരു ആശയസംഹിത എന്ന ഒരു അവസ്ഥ ഇല്ലതന്നെ. വ്യത്യസ്ത ആശയങ്ങളും വീക്ഷണങ്ങളും പരിഷ്ക്കാരങ്ങളും അവ തമ്മിലുള്ള സംവാദങ്ങളും എല്ലാമായാണ് മുന്നോട്ടു പോകുന്നത്. ഓരോ വീക്ഷണങ്ങൾക്കും അവരുടേതായ അനുയായികളുമുണ്ട്.
സൂക്ഷ്മമായ വിവരണങ്ങളിൽ പലതും ഒരു ശരാശരി വായനക്കാരന്റെ തലയ്ക്കു മുകളിലൂടെ പോകുന്നു എന്നതിനാൽ വായന ഒരു വെല്ലുവിളിയാവുന്നു. എന്തായാലും, മനസ്സിലായാലും ഇല്ലെങ്കിലും, ഇതു വായിച്ചു തീർക്കണം എന്ന ദൃഢവ്രതത്തോടെയാണ് രണ്ടു വാള്യങ്ങളിലായി 1400 ഓളം പുറങ്ങളുള്ള ഈ പുസ്തകം വായിച്ചു പൂർത്തിയാക്കിയത്
No comments:
Post a Comment