പണ്ടെന്നോ പറന്നു പോയ ഒരു കിളി തിരിച്ചെത്തിയ പോലുള്ള ആഹ്ലാദമാണ് റിപ്പബ്ലിക് പതിപ്പിന്റെ തിരിച്ചു വരവ് വായനക്കാർക്ക് പകർന്നു നല്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഷകളിൽ നിന്നുള്ള കൃതികൾക്ക് മലയാളത്തിൽ ഒരു സംഗമവേദിയൊരുക്കുക എന്നത് എന്തുകൊണ്ടും വ്യത്യസ്തവും സർഗ്ഗാത്മകവുമായ ഒരു ആശയമാണ് എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷയിൽ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇത് എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർത്ഥ്യമാക്കി എന്നത് കൈരളിക്കു നല്കിയ മഹത്തായ സേവനം തന്നെയാണ്. കാരണം, ലോകത്തിലെ പല ഭാഷകളിലേയും കൃതികളെപ്പറ്റി മലയാളിക്ക് സാമാന്യ വിവരമുണ്ടെങ്കിലും ഇന്ത്യയിലെത്തന്നെ മറ്റു ഭാഷകളിലെ കൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും നാം അറിയുന്നത് അവ ഏതെങ്കിലും ദേശീയ പുരസ്ക്കാരത്തിന് അർഹമാവുമ്പോൾ മാത്രമാണ്. ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാക്കിയ മഹത്തായ ഉദ്യമമായിരുന്നു മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പ്. മാത്രമല്ല, ബംഗാളിയിലെയും മറ്റും പ്രശസ്തമായ നോവലുകളുടെ വിവർത്തനങ്ങളും അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ടോ വർഷങ്ങൾക്കു മുമ്പ് ആ ആശയത്തിളക്കം അണഞ്ഞു പോയി എന്നത് തികച്ചും നിർഭാഗ്യകരം തന്നെ. കാലം എത്രയോ മാറി. ലോകത്തെന്നപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. പുതിയ ആശയങ്ങളും ഭാവുകത്വങ്ങളും വരുന്നു, പുതിയ എഴുത്തുകാരും കൃതികളും വരുന്നു. സാഹിത്യകുതുകികളായ മലയാളികൾക്ക് തീർച്ചയായും അവയെപ്പറ്റിയെല്ലാം വായിച്ചറിയാൻ അതിയായ താൽപര്യമുണ്ടാവും. അതു കണ്ടറിഞ്ഞ് പഴയ റിപ്പബ്ലിക്ക് പതിപ്പിനെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടും സ്തുത്യർഹം തന്നെ. കൂടുതൽ ഭാഷകളും കൃതികളും ഉൾപ്പെടുത്തി ഈ മഹത് ഉദ്യമം കൂടുതൽ വിപുലവും സാർത്ഥകവുമാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.
പരമേശ്വരൻ,
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2021 ഫെബ്രുവരി 14 -20 (98:48) ) തലേ ആഴ്ച മുതൽ ആരംഭിച്ച ഏറ്റവും നല്ല കത്തിനുള്ള സമ്മാനത്തേടെ, ‘തിരികെ വരുന്നു ആ ഇന്ത്യ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു.
No comments:
Post a Comment