Search This Blog

Sunday, December 26, 2021

വായനക്കാർ എഴുതുന്നു: കവിതയും സംഗീതവും

 


ഹൃദയാവർജ്ജകമായ ഒരു വായനാനുഭവമാണ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കം 11. പകർന്നു നൽകിയത്‌.
കവിതയും സംഗീതവും എന്ന് ആഴ്ചപ്പതിപ്പിന്റെ പരസ്യം കണ്ടപ്പോൾ എന്താണ് സംഗതി എന്നു ശരിക്കും പിടികിട്ടിയില്ല. ഒരു താരതമ്യ പഠനമാണോ എന്നും സംശയിച്ചു.
ആഴ്ചപ്പതിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കവിതയിലേയും സംഗീതത്തിലേയും സവിശേഷവ്യക്തിത്വങ്ങളെ സ്മരിക്കുന്ന ഈ ലക്കം മനസ്സു നിറയ്ക്കുന്നതായി. പി കുഞ്ഞിരാമൻ നായർ, എംഡി രാമനാഥൻ, ഒ എൻ വി കുറുപ്പ്, മാധവിക്കുട്ടി. ഇതിലധികം ഒരു കവിതയും സംഗീതവും എന്താണ് വേണ്ടത്?
നൂറു ശതമാനം കവിയായ പി യും നൂറു ശതമാനം വാഗ്ഗേയകാരനായ എം ഡി രാമനാഥനും അവർക്കിടയിൽ, കവിതയ്ക്കും സംഗീതത്തിനും ഒരു കരുത്തുറ്റ പാലമായി ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ഒ എൻ വിയും. അതുകൊണ്ടുമായില്ല, ഇതിനിടയിൽ മാധവിക്കുട്ടിയെന്ന മറ്റൊരു നൂറു ശതമാനം കവിയും.
പ്രകൃതിയും പ്രണയവും ദുഃഖവും ആനന്ദവും ആശയും നിരാശയുമെല്ലാം ചേരുംപടി ചേർത്ത് അനുഭൂതി സാന്ദ്രമായ ജനപ്രിയ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുമ്പോഴും കാലത്തിന്റെ പോക്കിൽ വേപഥു പൂണ്ട് ശാസ്ത്രത്തിനപ്പുറം കണ്ട് ഭൂമിക്ക് ചരമഗീതം രചിച്ച ഒ എൻ വിയുടെ സ്മരണ പുതുക്കിക്കൊണ്ട് എം. പി വീരേന്ദ്രകുമാർ സ്വയം ഓർമ്മയിലേക്കു പിൻവാങ്ങി. ഒരു പക്ഷെ, അദ്ദേഹത്തിന്റെ അവസാനത്തെ പ്രസിദ്ധീകൃത രചനയായിരിക്കാം അത്. ഒ എൻ വിക്കൊപ്പം വീരേന്ദ്രകുമാറിനും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
പി കുഞ്ഞിരാമൻ നായർ-കവി, കാമുകൻ, ഭ്രാന്തൻ. കവിതയിൽ മുങ്ങിക്കളിച്ചിട്ടും കവിത എന്ന നിത്യകന്യകയെ തേടി നടന്ന അവധൂതൻ.
കവി ഇവിടെയിട്ടുപോയ തമ്മിൽ ചേർച്ചയില്ലാത്ത പാദരക്ഷകൾ, കവിയുടെ കാല്പാടുകൾ മനനം ചെയ്തു കൊണ്ട് എത്ര മനോഹരമായാണ് ശ്രീ ഇ.പി രാജഗോപാലൻ കവിയുടെ കവിശരീരം ആവാഹിച്ചെടുത്തത്! ഒപ്പം പി യുടെ ചലനാത്മകതയ്ക്കൊപ്പം കൂടിയ സജയ് കെ.വിയും.
അർത്ഥകാമങ്ങളില്ലാതെ സംഗീതധർമ്മത്തിൽ സ്വയം സമർപ്പിച്ച ഒരു സംഗീതയോഗിവര്യൻ എന്നു പറയാവുന്ന എം ഡി രാമനാഥനെപ്പറ്റി ഡോ. മധു വാസുദേവന്റെ ഹൃദയസ്പർശ്ശിയായ വാങ്മയചിത്രം മറക്കാനാവാത്തതാണ്‌.
കൂട്ടത്തിൽ ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിനിടയിലും സുഖത്തിലും ദുഃഖത്തിലുമാറാടി, സ്ത്രീയുടെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും നൊമ്പരപ്പെടുകയും ചെയ്തു കൊണ്ട് ഒറ്റയ്ക്കു നടന്ന മാധവിക്കുട്ടി എന്ന കമലാ ദാസും.
ഒരു പക്ഷെ, കവിതയിൽ ആണ്ടു മുങ്ങുന്ന കവിത്വം തന്നെയായിരിക്കാം പിയെയും എം ഡി രാമനാഥനേയും മാധവിക്കുട്ടിയേയുമെല്ലാം ആർക്കും പിടി കൊടുക്കാത്ത, അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛ എന്ന 'താന്തോന്നിത്തം' ജീവിതത്തിന്റെ മുഖമുദ്രയാക്കാൻ നിർബ്ബന്ധിതരാക്കിയത്.
ഈ മഹാ സർഗ്ഗപ്രതിഭകളെയെല്ലാം ഒരു ആഴ്ചയുടെ കാലപരിധിയിലിണക്കിയ വിധിയുടെ വിലാസം പിന്തുടർന്നുകൊണ്ട് ഇറക്കിയ മാതൃഭൂമിയുടെ ഈ ലക്കം അപൂർവ്വമായ ധന്യത കൈവരിക്കുന്നു. ഭാവുകങ്ങൾ!
26/5/2020

വായനക്കാർ എഴുതുന്നു- നമ്മെ പൊതിയുന്ന പ്രതിസന്ധികൾ



ഭൂതവും വർത്തമാനവും എന്ന പംക്തിയിൽ ശ്രീ രാമചന്ദ്ര ഗുഹ ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കത്തിൽ (ലക്കം - 14 ) 'നമ്മെ പൊതിയുന്ന പ്രതിസന്ധികൾ' എന്ന ശീർഷകത്തിൽ കൊവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ആരോപണസ്വരത്തിൽ എഴുതിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ആഗോളവ്യാപകമായ ഒരു ദുരന്തത്തിൽ എല്ലാ ലോകമഹാശക്തികളും കൂപ്പുകുത്തി വീഴുമ്പോൾ ഇത്‌ എത്രകണ്ട്‌ വസ്തുനിഷ്ഠവും യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതുമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷയം പ്രതിസന്ധികളാണെങ്കിലും നല്ല വശം സൗകര്യപൂർവ്വം വിസ്മരിച്ച്‌ കുറ്റവും കുറവുകളും മാത്രം ചൂണ്ടിക്കാട്ടുന്നത്‌ രാമചന്ദ്ര ഗുഹയെപ്പോലുള്ള ഒരു പ്രബുദ്ധ എഴുത്തുകാരനു ഭൂഷണമാണോ?ലോകമൊട്ടാകെ അഞ്ചു ലക്ഷത്തിനടുത്ത് (ഇപ്പോഴും തുടരുന്നു) ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ലോകജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിലെ മരണനിരക്കും രോഗബാധിതരുടെ എണ്ണവും ലോകമഹാശക്തികളുടേതും തമ്മിലുള്ള അന്തരം ലോകം മുഴുവൻ മതിപ്പോടെ കാണുന്നുവെങ്കിലും അദ്ദേഹം കാണാതെ പോയി.
അടച്ചുപൂട്ടൽ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച് കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ അവർ പോവുമോ? അതേ സമയം, പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ സകുടുംബം ജീവിക്കുന്നവർ ആയിരക്കണക്കിന്, റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും കൂട്ടം കൂട്ടമായി വന്നു നിറയാനല്ലേ കൂടുതൽ സാദ്ധ്യത? അങ്ങനെ വന്നാൽ, അടച്ചുപൂട്ടലിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുകയല്ലേ ഉണ്ടാവുക? (അപ്പോൾ അതിനെ വിമർശിക്കാവുന്നതാണ്)
ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികൾ അടച്ചുപൂട്ടൽ വ്യവസ്ഥ(എവിടെയാണോ അവിടെ തുടരുക.)ക്കു വിരുദ്ധമായി നൂറുകണക്കിനു കിലോമീറ്റർ നടന്നും നാടുവിടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. അതിനു പക്ഷെ, അതീവ ഗുരുതരമായ സാഹചര്യത്തിൽ നടപ്പിലാക്കിയ അടച്ചുപൂട്ടലിനെ മാത്രം പഴിക്കാനാവില്ല. ഇക്കാര്യത്തിൽ
സംസ്ഥാന സർക്കാരുകൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? അവർ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങൾ എന്തു ചെയ്യുകയായിരുന്നു? എങ്ങനെയാണ് കേരളം ഈ പ്രശ്നം കൈകാര്യം ചെയ്തത്? നൂറായിരം സംസ്കാരിക സംഘടനകളുണ്ടല്ലോ അവരൊക്കെ എന്തു ചെയ്യുകയായിരുന്നു? പ്രാദേശിക സമൂഹം എന്തു ചെയ്യുകയായിരുന്നു? ഈ വക ചോദ്യങ്ങളൊന്നും ലേഖകൻ പരിഗണിക്കുന്നതേയില്ല എന്നത് വിചിത്രം തന്നെ! ഇക്കാലത്ത് വിശപ്പുകൊണ്ട് നാടുവിടേണ്ടിവരിക എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
സാമ്പത്തികപ്രശ്നവും തൊഴിലില്ലായ്മയും കൊവിഡ് മഹാമാരിയെപ്പോലെത്തന്നെ ആഗോളപ്രശ്നമാണെന്നത് വിശദീകരണമാവശ്യമില്ലാത്തവിധം സുവ്യക്തമാണ്. എന്നാൽ, ദീർഘവീക്ഷണത്തോടു കൂടി, വർഷങ്ങൾക്കു മുമ്പു തന്നെ കോടിക്കണക്കിനു നിർദ്ധനർക്ക് സ്വന്തമായി ബാങ്ക് എക്കൗണ്ട് നല്കിയതും അതിലേക്ക് മദ്ധ്യവർത്തികളെ ഒഴിവാക്കിക്കൊണ്ട് നേരിട്ട് പണം അടയ്ക്കുന്നതും ലേഖകൻ കണക്കിലെടുക്കുന്നില്ല.
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിയുടെ സാഹചര്യത്തിൽ കുറ്റവും കുറവും സ്വാഭാവികം തന്നെ. എല്ലാം കുറ്റമറ്റ രീതിയിലാണ് പോകുന്നത് എന്ന് ആർക്കും അവകാശപ്പെടാനാവില്ല. എങ്കിലും, രണ്ടു വശങ്ങളും കണ്ടുകൊണ്ടുള്ള ഒരു സന്തുലിതമായ വീക്ഷണം വെറുമൊരു രാഷ്ട്രീയക്കാരനല്ലാത്ത, സർഗ്ഗപ്രതിഭയായ രാമചന്ദ്ര ഗുഹയെപ്പോലുള്ളവരിൽനിന്ന് വായനക്കാർ പ്രതീക്ഷിക്കും എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
21/6/2020


Tuesday, December 21, 2021

വായനക്കാർ എഴുതുന്നു - ഇംഗ്ലീഷ് എന്നും ശാസ്ത്രഭാഷയായിരിക്കുമോ

ഇംഗ്ലീഷ് എന്നും ശാസ്ത്രഭാഷയായിരിക്കുമോ എന്ന സി.എം മുരളീധരന്റെ ലേഖനം (ലക്കം 99 : 40) തികച്ചും ഒരു പുതിയ അറിവായിരുന്നു. ശാസ്ത്രവിഷയങ്ങൾ മാതൃഭാഷയിലൂടെത്തന്നെ വേണം എന്ന വിഷയം വിവിധ മാദ്ധ്യമങ്ങളിൽ ദശാബ്ദങ്ങളായി ചർച്ച ചെയ്യപ്പെടുമ്പോഴും ശാസ്ത്ര വിഷയങ്ങൾക്ക് പ്രത്യേക ഭാഷ എന്നതിനെപ്പറ്റി ഒരു സൂചന പോലും കണ്ടിട്ടില്ല. എന്നാൽ, ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ അത്തരമൊരു ആശയം ഉയർന്നുവരികയും കഠിനശ്രമത്തിലൂടെ ഒന്നിലധികം ഭാഷകൾ പ്രാവർത്തികമാക്കപ്പെടുകയും ചെയ്തിരുന്നു എന്നത് തികച്ചും വിസ്മയകരമായ ഒരു അറിവുതന്നെ. എന്നാൽ, ഈ ഭാഷകളുടെ ഘടന എങ്ങനെയായിരുന്നു, എങ്ങനെയാണ് അവയിൽ വാക്കുകളും വാചകങ്ങളും പ്രയോഗിച്ചിരുന്നത് തുടങ്ങിയ ഭാഷാപരമായ വിശദാംശങ്ങളുടെ ഒരു സൂചനപോലും നല്കാതെയാണ് സുദീർഘമായ ലേഖനം അവസാനിക്കുന്നത് എന്നത് അതിന്റെ ഒരു പരിമിതിയാണ്. പ്രസ്തുത വിഷയത്തെപ്പറ്റി താമസിയാതെ മറ്റൊരു ലേഖനംകൂടി വരുമെന്നു പ്രതീക്ഷിക്കുന്നു.
21/12/21
28/12/21 ലക്കം 99:42ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.


Saturday, December 4, 2021

വായനക്കാർ എഴുതുന്നു - ഫ്രാൻസ് ഫാനൻ



ഫ്രാൻസ് ഫാനനെപ്പറ്റി ഡോ. ജെ സുഭാഷ് എഴുതിയ 'ഭാവിയുടെ സുവിശേഷകൻ' എന്ന ലേഖനം (99:36) ഹൃദയസ്പൃക്കും അതേസമയം, ചിന്തോദ്ദീപകവുമായ ഒരനുഭവമായി. മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അവബോധം വികസിച്ചുവരുന്ന ഇരുപതാം നൂറ്റാണ്ടിൽ ഒരു മനോരോഗവിദഗ്ധനായി ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാരീസിൽ ജീവിക്കാൻ അവസരം ലഭിക്കുക എന്ന അത്യപൂർവ്വമായ ജീവിതനിയോഗംപോലും, കറുത്തവനായി ജനിച്ചു എന്ന വിധിയുടെ നിസ്സഹായാവസ്ഥയിൽനിന്നും അദ്ദേഹത്തെ രക്ഷിക്കാൻ പര്യാപ്തമായില്ല. മറിച്ച്, അത് വർണ്ണവിവേചനം എന്ന ശപിക്കപ്പെട്ട മാനസികാവസ്ഥയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി, പ്രതിരോധത്തിന്റെ അടിത്തറ പാകാനുള്ള കഠിന യത്നത്തിലേക്ക് എടുത്തു ചാടാൻ അദ്ദേഹത്തിന് പ്രേരകമായി. അതിനായി അദ്ദേഹം, 'തന്നെ വേണ്ടാത്ത വെള്ളക്കാരന്റെ നാട്ടിൽനിന്നും തന്നെ ആവശ്യമുള്ള' അൾജീരിയയിലേക്ക് ജീവിതം പറിച്ചുനട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതദൗത്യം പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിയോ എന്ന കാര്യം ദശാബ്ദങ്ങൾക്കുശേഷം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.അദ്ദേഹത്തിന്റെ വിപ്ലവചിന്തകളെ വ്യത്യസ്തമാക്കുന്നത്, വർണ്ണവിവേചനത്തിനെതിരായ പോരാട്ടം വെള്ളക്കാരനെതിരായ പോരാട്ടത്തിലൊതുങ്ങാതെ കറുത്തവന്റെ സമഗ്രമായ ഉന്നമനവും അധികാരം പിടിച്ചെടുക്കലുമാണ് എന്ന ആശയമാണ്. കമ്മ്യൂണിസത്തിൽനിന്ന് വ്യത്യസ്തമായി, ന്യൂനപക്ഷമായ വ്യാവസായിക തൊഴിലാകളികൾക്കു പകരം മഹാഭൂരിപക്ഷമായ കർഷകരെ മുന്നണിയിലേക്കു നയിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന കർമ്മപദ്ധതി. വ്യാവസായിക തൊഴിലാളികളുടെ സംഘടിതശക്തി ജനാധിപത്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല, ലേഖനത്തിൽ പറയുന്നതുപോലെ, പൊതുവെ അംഗീകരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തവിധം കറുത്തവർഗ്ഗക്കാരുടെ ഉന്നമനം ഹിംസയിലൂടെത്തന്നെ വേണമെന്ന് അദ്ദേഹം നിഷ്ക്കർഷിക്കുന്നു. മൃഗീയശക്തിയെ മൃഗീയശക്തികൊണ്ടുതന്നെ നേരിട്ടു വിജയം വരിക്കുക എന്നത് ആവേശകരവും വരും തലമുറകൾക്ക് പ്രചോദനകരവും അഭിമാനകരവുമാണെന്നതിൽ തെല്ലും സംശയമില്ല. എന്നാൽ, അത് എത്രകണ്ട് യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വ്യാവസായികവിപ്ലവത്തിനു മുമ്പ് പരമ്പരാഗത ആയുധമുറകൾകൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞേക്കാമെങ്കിലും വെടിമരുന്നിന്റെ ആവിർഭാവത്തിലൂടെ ഉയർന്നുവന്ന വൻമാരകശക്തിയുള്ള ആയുധങ്ങളോടുകൂടിയ വൻ സൈനികശക്തിക്കു മുമ്പിൽ കർഷകരുടെ മുന്നേറ്റം അമ്പേ പരാജയപ്പടാനാണ് സാദ്ധ്യത. കാരണം, താരതമ്യേന ചെറിയ തോതിലുള്ള ആക്രമണംപോലും അധീശശക്തികൾക്ക് പതിന്മടങ്ങ് മൃഗീയ ശക്തി പ്രയോഗിക്കാനുള്ള ന്യായീകരണം നല്കുന്നു. ഫലത്തിൽ, അതു വടി കൊടുത്ത് അടി വാങ്ങുന്നതിനു സമാനമായിരിക്കും. ഈ വിധത്തിൽ കൂടുതൽ സംഘടിതശക്തിയുള്ള സംഘടനകൾപോലും പരാജയപ്പെട്ടുപോകുന്നു എന്നാണ് പാലസ്തീനിലും ഐർലൻറിലും, നമ്മുടെ പുന്നപ്ര വയലാർ നക്സലിസ, മാവോയിസ്റ്റ് മുന്നേറ്റങ്ങളിലുമെല്ലാം ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അവിടെയാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരം വ്യത്യസ്തമാകുന്നത്.
ഇതൊക്കെയാണെങ്കിലും ഇത്തരം സാമൂഹിക, ബൗദ്ധിക ആശയങ്ങളും അവയ്ക്കുവേണ്ടി ഉറച്ച ലക്ഷ്യബോധത്തോടുകൂടി ജനങ്ങളിലേക്കിറങ്ങി നേതൃത്വപരമായ കർമ്മത്തിൽ മുഴുകുന്ന മഹനീയ വ്യക്തിത്വങ്ങളുംതന്നെയാണ് ഏതൊരു സമൂഹത്തിന്റെയും അഭ്യുന്നതിക്ക് ചാലകശക്തിയായി വർത്തിക്കുന്നത്. ഫ്രാൻസ് ഫാനനെപ്പോലെ ലോകത്തെങ്ങുമുള്ള നിന്ദിതരും പീഡിതരുമായ ജനങ്ങൾക്കുവേണ്ടി സ്വയം ഉഴിഞ്ഞിട്ട, അത്രയൊന്നും അറിയപ്പെടാത്ത മഹനീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.
19/11/2021 
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 99:38ൽ

Thursday, November 4, 2021

പഴയ ഗാനങ്ങൾ പുതിയ സിനിമയിൽ

മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന പാട്ട് ഒരു പുതിയ സിനിമയിൽ, ആകെ മൂടിപ്പുതച്ച ഒരുത്തൻ വെള്ളം കുടിച്ചുകൊണ്ട്  നടക്കുന്ന രംഗത്തിൽ ചേർത്തിരിക്കുന്നു! എന്തൊരു ദ്രോഹം! ഗാനത്തെ ഇങ്ങനെ കൊന്നു തിന്നുന്നവരോട് ചോദിക്കാനും പറയാനും ആരുമില്ലേ!? ആരാണ് ഇതിനനുവാദം നല്കിയത്? എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരിക്കുമോ സമ്മതിച്ചത്?

Saturday, September 18, 2021

ഹരാകിരി

 രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങാൻ ചക്രവർത്തി തീരുമാനിച്ചതിനെത്തുടർന്ന് ജപ്പാൻ യുദ്ധകാര്യമന്ത്രി ജനറൽ അനാമി ഹരാകിരി അനുമിക്കുന്ന ഹൃദയഭേദകമായ രംഗം സഫാരി ടിവിയിൽ. ജപ്പാൻ്റെ പാരമ്പര്യപ്രകാരം അഭിമാനകരമായ ഒരു കർമ്മമായായി ഹരാകാരി അംഗീകരിക്കപ്പെടുന്നതിനാൽ പറഞ്ഞുറച്ച് ആസൂത്രണം ചെയ്താണ് അത് നിർവ്വഹിക്കപ്പെട്ടത്. അല്പം മുമ്പ് മുറിയിലെത്തിയ സൈന്യത്തിലെ ഉദ്യോഗസ്ഥനായ അളിയനോടൊപ്പം മദ്യപിച്ച് വർത്തമാനം പറയുന്നതിനിടയിൽ താനും പിന്തുടരുകയാണെന്ന് പറഞ്ഞ അളിയൻ്റെ മുഖത്ത് വീണ്ടും വീണ്ടും ആഞ്ഞടിച്ചു അനാമി. 'നിനക്ക് ഇതുമതി നീ രാജ്യത്തിൻ്റെ ഭാവികാര്യങ്ങൾ ചെയ്യണം' എന്നു പറഞ്ഞായിരുന്നു അടി. ഉടൻ തന്നെ പൂർവ്വസ്ഥിതി പ്രാപിക്കുകയും തനിക്ക് ഹരാകിരിക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻ തന്നെ വാളെടുത്ത് വെട്ടി കർമ്മം സുഗമമാക്കാനുള്ള മനക്കരുത്ത് കാട്ടണം എന്ന് നിർദ്ദേശിച്ചുകൊണ്ടാണ് അയാളെ പറഞ്ഞയച്ചത്. എന്നിട്ട് സ്വന്തം വാൾ വയറ്റിലേക്ക് കുത്തിയിറക്കി. അല്പം കഴിഞ്ഞ് അളിയൻ തിരിച്ചു വന്നപ്പോൾ ഈ സ്ഥിതിയിൽ കുനിഞ്ഞിരിക്കുന്ന അനാമിയെയാണ് കാണുന്നത്. സഹായിക്കണോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു മറുപടി. അതേ സമയം വാൾ വലിച്ചൂരി കഴുത്തിലെ ഞെരമ്പു മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഫലവത്തായില്ല. തിരിച്ചുപോയ അളിയൻ അല്പനിമിഷങ്ങൾക്കുശേഷം അനാമിയുടെ അലർച്ച കേട്ട് തിരിച്ചെത്തി. അനാമിക്ക് സഹായം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും സ്വന്തം വാളെടുത്ത് വെട്ടി അന്ത്യം സുഗമമാക്കുകയും ചെയ്തു. ഹൃദയഭേദകവും ബീഭത്സവുമായ ഒരു രംഗം!

Wednesday, August 25, 2021

എന്റെ ശ്ലോകങ്ങൾ

എന്റെ ശ്ലോകങ്ങൾ

 

പാരിപ്പോൾ കൊവിഡീൻ കളിക്കളം

പാരിപ്പോൾ നരനോ കൊലക്കളം

ആരിപ്പോളഭയം, ഉരയ്കുവാൻ

പാരിപ്പോളബലം അസംശയം.

വൃത്തം: ശുദ്ധവിരാൾ

9/4/2020

 

കറങ്ങുന്നു ചുറ്റും മഹാവ്യാധിയിപ്പോൾ

പുറത്തേക്കിറങ്ങാനൊരുങ്ങല്ലെ തെല്ലും

പരിഭ്രാന്തിയെങ്ങും പടർത്തുന്ന രോഗം

‘പരത്തുന്ന കാര്യം പറഞ്ഞാൽ പ്രയാസം’.

സമസ്യാപൂരണം ( ഭുജംഗപ്രയാതം )

സമസ്യ: ശ്രീലകം വേണുഗോപാൽ

6/8/21

കറങ്ങുന്നു ചുറ്റും മഹാവ്യാധിയിപ്പോൾ

പുറത്തേക്കിറങ്ങാനൊരുങ്ങല്ലെ തെല്ലും

പരിഭ്രാന്തിയെങ്ങും പടർത്തുന്ന രോഗം

പരത്താതിരിക്കാൻ ശ്രമിക്കാം നമുക്കും.

18/8/21

 

ഇന്നു ശാസ്ത്രമതു കൊണ്ടുവരുന്നോ -

രുന്നതിയ്ക്കളവു വല്ലതുമുണ്ടോ?

നിത്യമെന്നളവിലെത്തുമ മാറ്റം

‘ചിത്തതാരിലതൊരുൾപ്പുളകം താൻ‘

സമസ്യാപൂരണം (സ്വാഗത)

സമസ്യ: വിനോദ് പെരുവ

8/8/21

ഇന്നു ശാസ്ത്രമതു കൊണ്ടുവരുന്നോ -

രുന്നതിയ്ക്കളവു വല്ലതുമുണ്ടോ?

നിത്യമെന്നളവിലെത്തുമ മാറ്റം

അത്യപൂർവ്വമതൊരത്ഭുതമല്ലോ

18/8/21

 

ഗ്രൂപ്പ് ഗ്രൂപ്പായി നിന്നീടിൽ

ഗ്രൂപ്പ് നന്നായിരുന്നിടും

ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് വന്നാൽ

ഗ്രൂപ്പ് നാശായി നിശ്ചയം.

അനുഷ്ടുപ്പ് 

 

ജനമോ പെരുകി, പെരുംവനമതു പോയ്

ഭുവിയോ മലിനമതീവഗുരുതരം

പരിതസ്ഥിതിയിതു പാരമപകടം

'പരിവേദനമിതു വൈകരുതറിയാൻ.'

-സമസ്യാപൂരണം

വൃത്തം: ദൂഷണഹരണം

സമസ്യ: ഉണ്ണി ചങ്കത്ത്

13/8/21

ജനമോ പെരുകി, പെരുംവനമതു പോയ്

ഭുവിയോ മലിനമതീവഗുരുതരം

പരിതസ്ഥിതിയിതു പാരമപകടം

വരുമോ പറയുക വേഗമൊരു വഴി?

18/8/21

 

വല്ലാത്ത രോഗമിതു ചുറ്റിനടന്നിടുമ്പോൾ

കാലം കുറച്ചു വഷളെങ്കിലുമെന്തുചെയ്യാം;

നല്ലോരു കാലമുടനെത്തുമതോർത്തുകൊണ്ടി

'ട്ടുല്ലാസമായിനിയുമാടുക കൂട്ടരേ നാം.'

- സമസ്യാപൂരണം

- വൃത്തം : വസന്തതിലകം

- സമസ്യ: ശ്രീകല നായർ തോട്ടര

15/8/21


വല്ലാത്ത രോഗമിതു ചുറ്റിനടന്നിടുമ്പോൾ

കാലം കുറച്ചു വഷളെങ്കിലുമെന്തുചെയ്യാം,

നല്ലോരു കാലമുടനെത്തുമതോർത്തുകൊണ്ടി-

ട്ടുല്ലാസമോടെയിനി വാഴുക നമ്മളെല്ലാം.

18/8/2021


കളി പല വിധമിപ്പോൾ കയ്യിലെത്തുന്നു ഫോണിൽ

സിനിമകളതു വേറേ പിന്നെയും വന്നിടുന്നു

അറിവു പലതുമെന്നാൽ കിട്ടിടും തീർച്ച, പക്ഷെ,

കളിയൊരളവു വിട്ടാൽ കാര്യമായ് മാറിയേക്കാം.

വൃത്തം : മാലിനി

- സമസ്യ: സന്തോഷ് ഒതയോത്ത്

19/8/2021


കളി പല വിധമിപ്പോൾ കയ്യിലെത്തുന്നു ഫോണിൽ

സിനിമകളതു വേറേ പിന്നെയും വന്നിടുന്നു

അറിവു പലതുമെന്നാൽ കിട്ടിടും തീർച്ച, പക്ഷേ,

അറിയുകയതുവേണം ഗൂഢമാം ദുഷ്ഫലങ്ങൾ

-സ്വന്തം

20/8/2021


അതിഭീകരമനിയന്ത്രിത മലിനീകൃത ഭുവനം

അതിദാരുണ ജനജീവിത പരിതസ്ഥിതിയതുമേ

അതിഭീഷണമിവയൊക്കെയുമറിയുന്നൊരു യുവതേ

പതിവായിതു തുടരുന്നതു തടയാനിനി വരണേ

സമസ്യാപൂരണം (ശങ്കരചരിതം)

സമസ്യ: വിനോദ് പെരുവ


അതിഭീകരമനിയന്ത്രിത മലിനീകൃത ഭുവനം

അതിദാരുണ ജനജീവിത പരിതസ്ഥിതിയതുമേ

അതിഭീഷണമിവയൊക്കെയുമറിയുന്നൊരു യുവതേ

അതിവേഗമി ദുരവസ്ഥയെ പൊരുതാനുടനണയൂ!

-സ്വന്തം


പുറമെയൊരടി വെക്കാൻ സാദ്ധ്യമല്ലാത്ത കാലം
അടി പതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കരയതു കണി കാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ
മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ

സമസ്യാപൂരണം

വൃത്തം: മാലിനി

സമസ്യ: ശ്രീലകം വേണുഗോപാൽ


അല്പം വ്യത്യാസത്തിൽ, പ്രാസമൊപ്പിച്ച്:

പടിപുറമെ നടക്കാൻ സാദ്ധ്യമല്ലാത്ത കാലം
അടിപതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കടലതു കരകാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ
'മുടിയുമൊരു നിമേഷം കാണുവാനാഗ്രഹം മേ'

26/8/21

പടിപുറമെ നടക്കാൻ സാദ്ധ്യമല്ലാത്ത കാലം
അടിപതറിയടിഞ്ഞേ താഴെ വീഴും വ്യവസ്ഥ
കടലതു കരകാണാൻ മാർഗ്ഗമില്ലാത്ത പൂട്ടൽ,
പിടിയതു വിടുവിക്കാൻ വായ്ക്കുമോ നല്ല കാലം ?
-സ്വന്തം

27/8/21

ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധമൊഴിഞ്ഞീ ഭുവനമിതെല്ലാം

‘കാണണമെന്നാണിവനുടെ മോഹം.’
29/8/2021


സമസ്യാപൂരണം
വൃത്തം: മൗക്തികമാല

സമസ്യ:ഉണ്ണി ചങ്കത്ത്

ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധമൊഴിഞ്ഞീ ഭുവനമിതെല്ലാം

ബുദ്ധിയിലെന്നും കരുതുക വേണം

സ്വന്തം

30/8/2021


ഭാരതമേ, നീയുണരുക വേഗം
പാരിനു രക്ഷയ്ക്കണയുക വേഗം
യുദ്ധവിഹീനം കനകയുഗത്തെ

സാദ്ധ്യമതാക്കൂ കഴിവതുവേഗം

സ്വന്തം

30/8/2021


കോവിഡിതിന്നും വളരുകയാണേ,

മാനവനിന്നും തളരുകയാണേ,

ഔഷധമിപ്പോളുടനടിയെത്തി-

ക്കാണണമെന്നാണിവനുടെ മോഹം

31/8/2021

സമസ്യാപൂരണം
വൃത്തം: മൗക്തികമാല

സമസ്യ:ഉണ്ണി ചങ്കത്ത്


കോവിഡിതിന്നും വളരുകയാണേ,
മാനവനിന്നും തളരുകയാണേ,
ഔഷധമിപ്പോളുടനടിയെത്തി
ഭീഷണിയെല്ലാമൊഴിയുകവേണം.
31/8/21

സ്വന്തം


കൊറോണയെന്നുള്ളൊരു രോഗമിപ്പോൾ
പ്രഭാവമോടേ കലിതുള്ളിടുമ്പോൾ
അടക്കമുൾക്കൊണ്ടു വസിച്ചിടേണം
വരാതിരുന്നാലതു നല്ലതല്ലേ?
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
വൃത്തം ഉപേന്ദ്രവജ്ര
2/9/21


കൊറോണയെന്നുള്ളൊരു രോഗമിപ്പോൾ
പ്രഭാവമോടേ കലിതുള്ളിടുമ്പോൾ
അടക്കമുൾക്കൊണ്ടു വസിച്ചിടേണം
പരക്കുമല്ലെങ്കിലതോർമ്മ വേണം
സ്വന്തം
3/9/21

 

അമ്മിഞ്ഞയൂട്ടിയുമിടയ്ക്കു ഗുണം പറഞ്ഞും
ഇമ്മണ്ണിൽ വീണു വിളയാടുമൊരുണ്ണിയേ നീ

അമ്മേ, തിരിച്ചു ഫലമൊന്നു കൊതിച്ചിടാതേ
‘ചെമ്മേ വളർത്തിവലുതാക്കുക മോദപൂർവ്വം.‘
സമസ്യാപൂരണം
സമസ്യ: ഷിബു വയനാട്
വൃത്തം : വസന്തതിലകം - തഭജജഗഗ
താളം : തംതംത തംതതത തംതത തംത തംതം
2/9/21

 

അമ്മിഞ്ഞയൂട്ടിയുമിടയ്ക്കു ഗുണം പറഞ്ഞും
ഇമ്മണ്ണിൽ വീണു വിളയാടുമൊരുത്തനായ് നീ
അമ്മേ, തിരിച്ചു ഫലമൊന്നു കൊതിച്ചിടാതേ
കർമ്മം തുടർന്നു പരിപാലനമേറ്റിടേണം.
സ്വന്തം

2/9/21


ഇമ്മണ്ണിൽ വീണു പല ജീവനൊടുങ്ങിയെന്നാൽ

ധർമ്മം വിടാത്ത രണമൊന്നതിൽ വെന്നയിന്ത്യ

കർമ്മത്തിലാണ്ടൊരുമയോടെ പരിശ്രമിച്ചു

ചെമ്മേ വളർത്തി വലുതാക്കുക മോദപൂർവ്വം

4/9/21 സമസ്യാപൂരണം

സമസ്യ: ഷിബു വയനാട്

വൃത്തം : വസന്തതിലകം

 

ഇമ്മണ്ണിൽ വീണു പല ജീവനൊടുങ്ങിയെന്നാൽ
ധർമ്മം വിടാത്ത രണമൊന്നതിൽ വെന്നയിന്ത്യ,
കർമ്മത്തിലാണ്ടൊരുമയോടെ പരിശ്രമിച്ചു
ചെമ്മേ നമുക്കതിനു നീതി പുലർത്തിടേണം
-സ്വന്തം

4/9/21


വൃദ്ധി വന്നു തിരികേ ഗമിക്കവേ
സിദ്ധിയോ പടി കടന്നുപോകവേ
ആധി വന്നു മനമാകെ മൂടവേ
ബുദ്ധി തന്റെ വരുതിക്കുവന്നിടാ.
5/9/21
സമസ്യാപൂരണം
വൃത്തം : രഥോദ്ധത

 

വൃദ്ധി വന്നു തിരികേ ഗമിക്കവേ
സിദ്ധിയോ പടി കടന്നുപോകവേ
ആധി വന്നു മനമാകെ മൂടവേ
ബുദ്ധിയോ പല വഴിക്കു പാഞ്ഞുപോയ്.

വൃത്തം : രഥോദ്ധത

-സ്വന്തം

6/9/21


ബുദ്ധിസൂക്ഷ്മതയതൊന്നുകൊണ്ടുതാൻ
സാദ്ധ്യമാം പദവി കൈവരിക്കിലും
വൃദ്ധനായ് പരിണമിച്ചിടുമ്പൊഴീ
ബുദ്ധി തന്റെ വരുതിക്കു വന്നിടാ
6/9/21
സമസ്യാപൂരണം
വൃത്തം : രഥോദ്ധത (ര ന ര ല ഗ )
സമസ്യ: ശ്രീകല നായർ തോട്ടര

ബുദ്ധിപാടവമതൊന്നുകൊണ്ടുതാൻ
സാദ്ധ്യമാം പദവി കൈവരിക്കിലും
വൃദ്ധനായ് പരിണമിച്ചിടുമ്പൊഴീ-
ബുദ്ധിയെന്നതൊരു മിഥ്യയായിടാം

7/9/21

സ്വന്തം


കാട്ടിൽക്കേറീ മനുജനവനോ കൊന്നു പാരം മുടിച്ചീ-
ഭൂമിക്കേകും കനമിതു തുലോം താങ്ങുവാനാവതില്ലേ;
യന്ത്രത്താലേ കരുണരഹിതം കീറിടും ഭൂമിയേ നാം
പാരിൽപ്പാർത്താൽ മുഴുവനുമഹോ ‘നല്ലതല്ലെന്നു കേൾപ്പൂ‘
9/9/21
സമസ്യാപൂരണം
വൃത്തം: മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ


കാട്ടിൽക്കേറീ മനുജനവനോ കൊന്നു പാരം മുടിച്ചീ-
ഭൂമിക്കേകും കനമിതു തുലോം താങ്ങുവാനാവതില്ലേ!
യന്ത്രത്താലേ കരുണരഹിതം കീറിടും ഭൂമിയേ നാം
പാരിൽപ്പാർത്താൽ മുഴുവനുമഹോ ഭീകരം തന്നെയല്ലേ?
മന്ദാക്രാന്ത
സ്വന്തം
13/9/21

 

പൊടികൾ പലതും മായമാം പണ്ടു തന്നെ
പഴമതിലഹോ വർണ്ണശോഭയ്ക്കു മായം
അരിയിലതുമേ രാസവിദ്യാപ്രയോഗം
കറിയിനമതും ‘നല്ലതല്ലെന്നു കേൾപ്പു‘

10/9/2021

സമസ്യാപൂരണം
വൃത്തം: ചന്ദ്രലേഖ


സമസ്യ: ശ്രീലകം വേണുഗോപാൽ

പൊടികൾ പലതും മായമാം പണ്ടു തന്നെ
പഴമതിലഹോ വർണ്ണശോഭയ്ക്കു മായം
അരിയിലതുമേ രാസവിദ്യാപ്രയോഗം
കറിയിനമതും മായമാണെന്നു കേൾപ്പൂ
ചന്ദ്രലേഖ
സ്വന്തം
13/9/21

 

പാരിൽപ്പാർത്താൽ ഭീതിയെങ്ങും പരത്തി-

ക്കൊണ്ടാണല്ലോ  ഭീകരക്കൂട്ടമിപ്പോൾ

പാഞ്ഞീടുന്നൂ; ന്യായമില്ലാത്ത കൂട്ടം

ചൊല്ലും വാക്കോ  ‘നല്ലതല്ലെന്നു കേൾപ്പൂ’

10/9/21

സമസ്യാപൂരണം
വൃത്തം: ശാലിനി
സമസ്യ: ശ്രീലകം വേണുഗോപാൽ

 

പാരിൽപ്പാർത്താൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ ഭീകരക്കൂട്ടമിപ്പോൾ
ഭ്രാന്തന്മാരാം ബോധമില്ലാത്ത കൂട്ടം
ചൊല്ലും വാക്കോ ദുഷ്ടലാക്കോടെയാണേ!
സ്വന്തം
വൃത്തം: ശാലിനി
13/9/21

 

കാറ്റില്ലാ, കോളുമൊട്ടും, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമൊട്ടും, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
എന്നിട്ടും കേരനാട്ടിൽ സ്ഥിതിഗതികളതോ 'നല്ലതല്ലെന്നു കേൾപ്പൂ'
സമസ്യാപൂരണം
വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
10/9/21


കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
എന്നിട്ടും കേരനാട്ടിൽ സ്ഥിതിഗതികളതോ ഒട്ടുമേ നല്ലതല്ലേ!
സ്വന്തം
വൃത്തം :സ്രഗ്‌ധര
13/9/21

 

കുട്ടിക്കാലം കഴിഞ്ഞാൽ കളികൾ പലതുമേ സാരമില്ലാത്തതാകും

പ്രേമക്കാലം കഴിഞ്ഞാൽ, പുതുമകൾ പലതും തീവ്രമല്ലാത്തതാകും

ജോലിക്കാലം കഴിഞ്ഞാൽ പൊരുതലുകളതോ വ്യർത്ഥമഭ്യാസമാകും

ലോകാവാസം വെടിഞ്ഞാൽ ജനിമൃതി പകരും മേളമോ ശാന്തമാകും.
-സ്വന്തം,

വൃത്തം സ്രഗ്ധര
11/9/21


പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
വരാൻ പോകും ചിത്രം ‘നല്ലതല്ലെന്നു കേൾപ്പൂ’
സമസ്യാപൂരണം
വൃത്തം :ചഞ്ചരീകാവലി
സമസ്യ: ശ്രീലകം വേണുഗോപാൽ
12/9/21

പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
ഇതല്ലോ ലോകത്തിന്നായ് മറക്കാത്ത പാഠം!
സ്വന്തം
12/9/2021


പരന്നൂ പാരാവാരം കണക്കേ കൊറോണ
മരിപ്പൂ മർത്ത്യന്മാരോ കണക്കറ്റു പാരം
ഇരിപ്പൂ ശാസ്ത്രം കേമം പരാധീനമായി
വരാൻ പോകും ചിത്രം ആരറിഞ്ഞൂ വിചിത്രം!
സ്വന്തം
വൃത്തം :ചഞ്ചരീകാവലി
13/9/2021


ലോകം വെല്ലാൻ പല തവണയും പോരടിച്ചേറെയിപ്പോൾ
ജീവൻ, ദ്രവ്യം സമയമതുലം പോര, പാരം ദുരന്തം
എല്ലാമെല്ലാം വലിയയളവിൽ വ്യർത്ഥമാക്കീട്ടു പിന്നെ
തോറ്റോടീടും സ്ഥിതിഗതി തുലോം നല്ലതല്ലെന്നു കേൾപ്പു
മന്ദാക്രാന്ത
15/9/21
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ


ലോകം വെല്ലാൻ പല തവണയും പോരടിച്ചേറെയിപ്പോൾ
ജീവൻ, ദ്രവ്യം സമയമതുലം പോര, പാരം ദുരന്തം
എല്ലാമെല്ലാം വലിയയളവിൽ വ്യർത്ഥമാക്കീട്ടു പിന്നെ
തോറ്റോടീടും സ്ഥിതിഗതി തുലോം ശോചനീയം, വിചിത്രം!
സ്വന്തം
15/9/21

 

വ്യാധിയൊഴിവായി മുകിൽമാലയകലട്ടേ

ഭൂമിതെളിവായി അതിരാകെ മറയട്ടേ

പുത്തനുണർവാൽ മനുജരാശി പുലരട്ടേ

സൌഖ്യമിനി പാരിൽ സുധ കോരി വിതറട്ടേ

16/9/2021

സമസ്യാപൂരണം

വൃത്തം : ഇന്ദുവദന

സമസ്യ: ശ്രീകല നായർ തോട്ടര

 

 

വ്യാധിയൊഴിവായി മുകിൽമാലയകലട്ടേ

ഭൂമിതെളിവായി അതിരാകെ മറയട്ടേ

പുത്തനുണർവാൽ മനുജരാശി പുലരട്ടേ

സൌഖ്യമിനി പാരിൽ പരിശോഭ ചൊരിയട്ടേ!

വൃത്തം : ഇന്ദുവദന

സ്വന്തം

17/9/21


പാരിൽപ്പാരം കുടിലതകളാൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ അതിഗുരുതരം ഭീകരക്കൂട്ടമിപ്പോൾ
ചാവേറാലേ അതികഠിനമാം സ്ഫോടനങ്ങൾസ്സമാനം
കാട്ടിക്കൂട്ടും വിനകളവയോ നല്ലതല്ലെന്നു കേൾപ്പൂ
18/9/21
സമസ്യാപൂരണം
വൃത്തം: മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ


പാരിൽപ്പാരം കുടിലതകളാൽ ഭീതിയെങ്ങും പരത്തി-
പ്പാഞ്ഞീടുന്നൂ അതിഗുരുതരം ഭീകരക്കൂട്ടമിപ്പോൾ
ചാവേറാലേ അതികഠിനമാം സ്ഫോടനങ്ങൾസ്സമാനം
കാട്ടിക്കൂട്ടും വിനകളവയോ ഘോരഘോരം ശരവ്യം!
18/9/21
സ്വന്തം
മന്ദാക്രാന്ത


കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
ഇവ്വണ്ണം കേരനാടേ, ‘ധരണിയിലിതുപോല്‍ വേറെയില്ലില്ല സൌഖ്യം!’
വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
19/9/21


കാറ്റില്ലാ, കോളുമില്ലാ, ബഹുഗുരുതരമാം മാരിയും തീരെയില്ലാ,
ചൂടില്ലാ, ശീതമില്ലാ, ബഹുഗുരുതരമാം പഞ്ഞവും തീരെയില്ലാ,
ഭൂകമ്പം കേട്ടതില്ലാ, പലവിധമണുവാൽ ബാധയോ ഒട്ടുമില്ലാ.
ഇവ്വണ്ണം കേരനാടേയിനിയുമിവിടെതാൻ വേണമേ ജന്മമെല്ലാം.
സ്വന്തം
20/9/21


ചൊല്ലീലേ പണ്ടൊരാളീ ഭുവനമഖിലവും പേരെഴും കാവ്യതാര-

മാരാദ്ധ്യൻ, സ്വപ്നതുല്യം യുവജനമതിനോ നായകസ്ഥാനമാർന്നോൻ

തേനൂറും ഗീതമൊന്നും മദിരലഹരിയും കാമിനീരത്നമൊപ്പ-

മുണ്ടെന്നാൽ ശങ്കയില്ലാ, ‘ധരണിയിലിതുപോൽ വേറെയില്ലില്ല സൌഖ്യം’

വൃത്തം :സ്രഗ്‌ധര
സമസ്യ: ശ്രീലകം വേണുഗോപാൽ
20/9/21


അവനീശനൊരിക്കലും നര-

നവനല്ലെന്നതുറപ്പുതന്നെ, ഹാ!

അവനോ വെറുമീയഹന്തയാ-

ണിവതാനീയണുവിന്നുരയ്പതും.

22/9/21

വൃത്തം : വിയോഗിനി

സ്വന്തം

 

അവനിവനൊക്കെത്തെരുവിലിറങ്ങി,

നിയമമതെല്ലാം തടവിനകത്തും;

ഗുരുതരമാമീ സ്ഥിതിയതിൽ നമ്മൾ

‘അരിശമടക്കിക്കഴിയുക നല്ലൂ’

സമസ്യാപൂരണം

വൃത്തം:കുസുമവിചിത്ര

സമസ്യ: ഉണ്ണി ചങ്കത്ത്

23/9/21

 

യുവജനമെല്ലാം തടവിൽ മൊബൈലിൽ
പരിസരമെല്ലാം മറവിയിലപ്പോൾ
പറയുക വയ്യാ, കലിവരുമപ്പോ-
ളരിശമടക്കിക്കഴിയുക നല്ലൂ
സമസ്യാപൂരണം
വൃത്തം:കുസുമവിചിത്ര
സമസ്യ: ഉണ്ണി ചങ്കത്ത്
26/9/21


യുവജനമെല്ലാം തടവിൽ മൊബൈലിൽ
പരിസരമെല്ലാം മറവിയിലപ്പോൾ
പറയുക വയ്യാ, കലിവരുമപ്പോ-
ളറിയുക വേണം തലമുറ മാറ്റം
വൃത്തം:കുസുമവിചിത്ര
സ്വന്തം
26/9/21


അക്ഷരമതാതു പദമദ്ധ്യമതിലായി
പാദമതുദിച്ചു രസമാർന്നഴകിൽ, ശേഷം
ലക്ഷണമിയന്ന കവിതയ്ക്കുമുടലെത്തി;
നിത്യമിതു കിട്ടിടുകിലെന്തു രസമോർത്താൽ.

സമസ്യാപൂരണം
വൃത്തം:ഇന്ദുവദന
സമസ്യ: ഉണ്ണി ചങ്കത്ത്
26/9/21


വായു പരിശുദ്ധമതുപോൽ ജലവുമേറെ
റോഡിൽ പുക, ശബ്ദമിവയും ബഹളവും പോയ്
ഭക്ഷണമതോ രുചികരം ഹിതകരം, ഹാ!
നിത്യമിതു കിട്ടിടുകിലെന്തു രസമോർത്താൽ

സമസ്യാപൂരണം
വൃത്തം:ഇന്ദുവദന
സമസ്യ: ഉണ്ണി ചങ്കത്ത്
29/9/21


പാരിതിന്നു പല ഭീകരങ്ങളാം

ഭീഷണിക്കടിമയെന്നിരിക്കിലും

മാനവന്നു ലവലേശമില്ലതിൽ

ഭീതിയൊന്നു ‘വരുമെന്നു സംശയം.’

സമസ്യാപൂരണം
വൃത്തം:രഥോദ്ധത

സമസ്യ: ഉണ്ണി ചങ്കത്ത്
30/9/21


പാരിതിന്നു പല ഭീകരങ്ങളാം

ഭീഷണിക്കടിമയെന്നിരിക്കിലും

മാനവന്നു ലവലേശമില്ലതിൽ

ശങ്കയോ, പരമുപേക്ഷയുണ്ടുതാൻ

വൃത്തം:രഥോദ്ധത

സ്വന്തം

30/9/21


നല്ല കർമ്മമതു ചെയ്തിരുന്നിടിൽ

നല്ലതാണു ഫലമില്ല സംശയം

കർമ്മമെന്തതിനു യോഗ്യമാം ഫലം

ഇല്ലയില്ല വരുമെന്നു സംശയം.

സമസ്യാപൂരണം
വൃത്തം:രഥോദ്ധത

സമസ്യ: ഉണ്ണി ചങ്കത്ത്
30/9/21

 

മാരീചപ്രശ്നം
സത്കർമ്മപാതയിൽ ചരിച്ചസുരന്റെ വാളി-
ലന്ത്യംവരിച്ചു നരകത്തിൽ ഗമിക്കലാണോ,
ദുഷ്ക്കർമ്മ മാർഗ്ഗമതിനൊത്തു ചരിച്ചു രാമ-
ബാണത്തിനാൽ പരമലക്ഷ്യമതോ ശുഭാന്ത്യം?
3/10/21
വസന്തതിലകം
സ്വന്തം

 

ഇന്നീ കൊറോണയെയെടുത്തു കളഞ്ഞു ദൂരെ
എല്ലാ നിയന്ത്രണവുമൂരി വലിച്ചെറിഞ്ഞും
ആഘോഷമോടെയുലകാകെ ജനം കുതിക്കും
ആ നല്ല കാലമതിനായ് ‘കൊതികൊണ്ടിടുന്നു‘
സമസ്യാപൂരണം
വൃത്തം: വസന്തതിലകം
സമസ്യ: ശ്രീലകം വേണുഗോപാൽ
3/10/21


പാരം മുഴുത്ത പഴമാങ്ങകൾ കാറ്റിലാടും,
ബാല്യം തരുന്ന പല കൗതുകമൂയലാടും
ബാലർത്തിമർത്തു വിളയാടുമൊരന്തകാലം
മാഞ്ചോട്ടിലിന്നു വരുവാൻ
‘കൊതി കൊണ്ടിടുന്നു.’
സമസ്യാപൂരണം
വൃത്തം: വസന്തതിലകം
സമസ്യ: ശ്രീലകം വേണുഗോപാൽ


പാരം മുഴുത്ത പഴമാങ്ങകൾ കാറ്റിലാടും,
ബാല്യം തരുന്ന പല കൗതുകമൂയലാടും
ബാലർത്തിമർത്തു വിളയാടുമൊരന്തകാലം
മാഞ്ചോട്ടിലിന്നു വരുവാൻ കൊതിയുണ്ടു പാരം

വൃത്തം: വസന്തതിലകം

സ്വന്തം

4/10/21


പ്രാരാബ്ധമൊക്കെ പതിയെച്ചുരുളായടുക്കി
ക്ലേശങ്ങളൊപ്പമവ വിസ്മൃതിയാലടക്കി
ആവേശമോടെ ചിറകേറി പരുന്തിനെപ്പോൽ
ലോകം മുഴുക്കെയലയാൻ 'കൊതി കൊണ്ടിടുന്നു.'
7/10/21

സമസ്യാപൂരണം
വൃത്തം:
വസന്തതിലകം


പ്രാരാബ്ധമൊക്കെ പതിയെച്ചുരുളായടുക്കി
ക്ലേശങ്ങളൊപ്പമവ വിസ്മൃതിയാലടക്കി
ആവേശമോടെ ചിറകേറി പരുന്തിനെപ്പോൽ
ലോകം മുഴുക്കെയലയാൻ 'കൊതിയുണ്ടു പാരം

വൃത്തം: വസന്തതിലകം

സ്വന്തം

7/10/21

 

 കുലരാജ്യവുമധികാരവുമിടിവാൾത്തരഹസരണം

വനഭൂമിയിൽ സതിപത്നിയെയതിദാരുണ ഹരണം
അതിഭീകര രണമൊന്നതിലതിസാഹസ വിജയം
വിധിയാണതുകരുതാം കഥ തുടരാം പ്രിയതരമായ്.
8/10/21

സമസ്യാപൂരണം
വൃത്തം: ശങ്കരചരിതം

 

കുലരാജ്യവുമധികാരവുമിടിവാൾത്തരഹരണം
വനഭൂമിയിൽ സതിപത്നിയെയതിദാരുണ ഹരണം
അതിഭീകര രണമൊന്നതിലതിസാഹസ വിജയം
അതിപാവന കൃതിയീവിധമതു ഭാരതമഹിമ

വൃത്തം: ശങ്കരചരിതം

സ്വന്തം

11/10/2021

 

വിരളമാകിയ ബുദ്ധിയതാർന്നിടും

ചടുല കായിക ശക്തിയിണങ്ങിടും

മനുജജന്മമതൊന്നു നിനച്ചിടിൽ

വലിയ ഭാഗ്യമതാണു മതിക്കെടോ

സമസ്യാപൂരണം
വൃത്തം: ദ്രുതവിളംബിതം

സമസ്യ: ശ്രീലകം വേണുഗോപാൽ

11/10/2021      

 

പദവിയോ പണമോ നരനാശ്രയം,
കുലമതോ സഹചാരികളോ പരം?
അവയൊരിക്കലുമാശ്രയമാകൊലാ,
പരമ’ഭാഗ്യമതാണു മതിക്കെടോ'

സമസ്യാപൂരണം
വൃത്തം: ദ്രുതവിളംബിതം

സമസ്യ: ശ്രീലകം വേണുഗോപാൽ

13/10/2021

      

പദവിയോ പണമോ നരനാശ്രയം,
കുലമതോ സഹചാരികളോ പരം?
അവയൊരിക്കലുമാശ്രയമാകൊലാ,
പരമഭാഗ്യമതാണു ധരിക്ക നാം
വൃത്തം : ദ്രുതവിളംബിതം
സ്വന്തം
13/10/21


മതത ഗഗ
തംതംതം തം തം തതം തം തതം തം
കാലത്താലേ ബദ്ധരായോരു നമ്മൾ
കോലത്താലേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ 'നേരെയാക്കാനസാദ്ധ്യം'
സമസ്യാപൂരണം
വൃത്തം : ശാലിനി
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021


കാലത്താലേ ബദ്ധരായോരു നമ്മൾ
കോലത്താലേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ സ്വൈരമില്ലാതെയാവും
വൃത്തം : ശാലിനി
സ്വന്തം
15/10/21

കാലത്താലേ ബഹുസുദൃഢമായ് ബദ്ധരായോരു നമ്മൾ
കോലത്താലേ ചടുലതയൊടേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ പടുകുഴിയിലായ്, തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ കരകയറുവാൻ, 'നേരെയാക്കാനസാദ്ധ്യം'
സമസ്യാപൂരണം
വൃത്തം : മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021


കാലത്താലേ ബഹുസുദൃഢമായ് ബദ്ധരായോരു നമ്മൾ
കോലത്താലേ ചടുലതയൊടേ മാറ്റമുൾക്കൊണ്ടു വേഗം
പോയില്ലെന്നാൽ പടുകുഴിയിലായ്, തെല്ലു പൊല്ലാപ്പിലാവും;
പൊല്ലാപ്പായാൽ കരകയറുവാൻ, പാരമായാസമാവും
വൃത്തം : മന്ദാക്രാന്ത

സ്വന്തം

16/10/2021


മാബലി നാടിതിൽ മാബലിയില്ലാ
ഉള്ളതു ഭീതിദ ഭീകര വാർത്ത
പീഡനഹത്യകൾ നിത്യവുമിപ്പോൾ
വേഗമി ദുസ്ഥിതി മാറ്റുകിൽ നന്നാം
സമസ്യാപൂരണം
വൃത്തം : ചാരണഗീതം(ദോധകം)
ഭഭ ഭഗഗ
തംതത തംതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
15/10/2021


ഫോണിതിലാണിഹ ജീവിതമെല്ലാം
ഊണുമുറക്കവുമില്ലതുവിട്ട്
കാണുകയില്ലതിനപ്പുറമൊന്നു-
കാണുമി രീതികൾ മാറ്റുകിൽ നന്നാം.
സമസ്യാപൂരണം
വൃത്തം : ചാരണഗീതം(ദോധകം)
ഭഭഭഗഗ
തംതത തംതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
17/10/21

 

മാരിമാരികളൊരുങ്ങി വരുമ്പോൾ
ജീവിതാധികളുയർന്നു വരുന്നു
കെട്ടുകാഴ്ചകളൊതുക്കിയെടുത്തു
ജീവിതപ്പെരുമ ‘മാറ്റുകിൽ നന്നാം‘

സമസ്യാപൂരണം
വൃത്തം : സ്വാഗത (രനഭഗഗ)
തംതതം തതത തംതത തംതം
സമസ്യ: ശ്രീലകം വേണുഗോപാൽ
18/10/21

 

നശിച്ചു പോയ വനമോ,
പക്ഷെ, വീണ്ടും വളർത്തിടാം
മലയോ പോവുകിൽപ്പോയി
തിരികേയില്ലൊരിക്കലും!

അനുഷ്ടുപ്പ്
19/10/21


കണ്ടാലവനോ പാരം സരസൻ
അത്യാദരവും വാക്ചാതുരിയും
എന്തെങ്കിലുമാവശ്യത്തിനു നാം
ചാരത്തണയേ ‘കണ്ടാലറിയാം.‘
സമസ്യാപൂരണം
വൃത്തം : സുഷമ (തയഭഗ)
തം തം ത ത തം തം തം തതതം
സമസ്യ: ഉണ്ണി ചങ്കത്ത്
20/10/21


കണ്ടാലവനോ പാരം സരസൻ
അത്യാദരവും വാക്ചാതുരിയും
എന്തെങ്കിലുമാവശ്യത്തിനു നാം
ചാരത്തണയേ മാറും വിധവും
വൃത്തം: സുഷമ
സ്വന്തം
21/10/21

കാലം തെളിയാക്കാറ്റും മഴയും
കോലം തകരും വെള്ളക്കളിയും
മേഘാരവവും വിസ്ഫോടനവും
പോക്കോ കഠിനം കണ്ടാലറിയാം
സമസ്യാപൂരണം
വൃത്തം : സുഷമ (തയഭഗ)
സമസ്യ: ഉണ്ണി ചങ്കത്ത്
22/10/21

 

നെന്മിനി ഭട്ടതിരിപ്പാടിന്റെ 84ആം പിറന്നാളിന് ആശംസ:
ശ്രീകൃഷ്ണയ്ക്കോ യശസ്സും ബഹുവിധമറിവോ ശിഷ്യസമ്പത്തിനായും
നല്കിക്കൊണ്ടേ വിളങ്ങും ഗുരുവരമതിയാം സാത്വികശ്രേഷ്ഠനാകും
പട്ടേരിപ്പാടുമാഷേ, ഗുരുവര, ശിരസാ കുമ്പിടുന്നേൻ സമോദം,
ആശംസിക്കുന്നു പാരം പഴയൊരു പഠിതാവായുരാരോഗ്യസൌഖ്യം
സ്രഗ്ദ്ധര
25/10/21


ദാരിദ്ര്യരോഗമിവകൊണ്ടു വലഞ്ഞു പാരം
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതെത്ര സത്യം'

സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ(ചൊല്ലാം വസന്തതിലകം തഭജംജഗംഗം)
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
28/10/21


ദാരിദ്ര്യരോഗമിവകൊണ്ടു വലഞ്ഞു പാരം
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറിടുമൊട്ടു നൂനം
സ്വന്തം
31/10/21


ജീവിക്കുവാനൊരു നിവൃത്തി ലഭിച്ചിടാതെ
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതെത്ര സത്യം'

സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
28/10/21

 

ജീവിക്കുവാനൊരു നിവൃത്തി ലഭിച്ചിടാതെ
ഭൂവാസമാകെയൊരുപീഡയതെങ്കിലും കേൾ,
ജീവാവസാനമതു വന്നു വിളിച്ചിടുമ്പോൾ
ജീവിക്കുവാൻ കൊതിയതേറുമതൊട്ടു നൂനം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21


വിദ്യാർത്ഥിയായിടുക ജീവിത കാലമെല്ലാം
അദ്ധ്യാപനം പരമതും മടിയാതെ വേണം
കൊള്ളക്കൊടുക്കയതുവേണ്ടതുപോലെയെന്നാൽ
വിദ്യാധനാർജ്ജനമതേറുമതെത്ര സത്യം

സമസ്യാപൂരണം
വസന്തതിലകം - തഭജ ജ ഗഗ
തംതംത തംതത തതംത തതംത തം തം
സമസ്യ: ശ്രീലകം വേണുഗോപാൽ
29/10/21


വിദ്യാർത്ഥിയായിടുക ജീവിത കാലമെല്ലാം
അദ്ധ്യാപനം പരമതും മടിയാതെ വേണം
കൊള്ളക്കൊടുക്കയതുവേണ്ടതുപോലെയെന്നാൽ
വിദ്യാധനാർജ്ജനമതോ പരിപൂർണ്ണമാകും
സ്വന്തം
29/10/21


സർവ്വം ചരാചരവുമൂഴിയിൽ ശാന്തിയോടെ,

സന്തോഷമോടെ നിവസിച്ചിടുമെന്നിരിക്കിൽ

സ്വർഗ്ഗം സമാനമഴകാർന്നു വിളങ്ങിടുമ്പോൾ

സാകല്യമൂഴിയിലതേറുമതെത്ര സത്യം!

സമസ്യാപൂരണം

വസന്തതിലകം

സമസ്യ: ശ്രീലകം വേണുഗോപാൽ
30/10/21

 

സർവ്വം ചരാചരവുമൂഴിയിൽ ശാന്തിയോടെ,
സന്തോഷമോടെ നിവസിച്ചിടുമെന്നിരിക്കിൽ
സ്വർഗ്ഗം സമാനമഴകാർന്നു വിളങ്ങിടുമ്പോൾ
സാകല്യമൂഴിയിൽ നിറഞ്ഞു വിളങ്ങുമേറ്റം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21

 

അന്നന്നു പാഠമതറിഞ്ഞു പഠിച്ചിടേണം

അന്നന്നു കർമ്മമതു വേണ്ടതു ചെയ്തിടേണം

ഇന്നീവിധം കരുതലോടെ പുരോഗമിച്ചാൽ

പിന്നീടു സൌഖ്യവുമതേറുമതെത്ര സത്യം!

സമസ്യാപൂരണം

വസന്തതിലകം

സമസ്യ: ശ്രീലകം വേണുഗോപാൽ

30/10/2021

 

അന്നന്നു പാഠമതറിഞ്ഞു പഠിച്ചിടേണം
അന്നന്നു കർമ്മമതു വേണ്ടതു ചെയ്തിടേണം
ഇന്നീവിധം കരുതലോടെ പുരോഗമിച്ചാൽ
പിന്നീടു സൌഖ്യമതു നമ്മിൽ വിളങ്ങുമേറ്റം
വസന്തതിലകം - തഭജ ജ ഗഗ
സ്വന്തം
31/10/21

 

വിദ്യാഭ്യാസം ഭവനമൊഴിവായ്, വന്നു വിദ്യാലയത്തിൽ,
പോരാ, പാരം സിനിമകളിതാ കൊട്ടകക്കൂട്ടിലെത്തി
അയ്യോ, പാരം ഭയമരുളുമീ വ്യാധിതന്മുന്നിൽ വേണോ?
രോഗം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?*
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
2/11/21

വിദ്യാഭ്യാസം ഭവനമൊഴിവായ്, വന്നു വിദ്യാലയത്തിൽ,
പോരാ, പാരം സിനിമകളതോ കൊട്ടകക്കൂട്ടിലെത്തി
അയ്യോ, പാരം ഭയമരുളുമീ വ്യാധിതന്മുന്നിൽ വേണോ?
വ്യാപിച്ചെന്നാൽ സ്ഥിതിഗതികളോ താറുമാറാകുമേറ്റം.*
മന്ദാക്രാന്ത
സ്വന്തം
3/11/21
*നവമ്പർ 1 മുതൽ കേരളത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും സിനിമാശാലകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.

കാലക്കോലം വളരെയധികം മോശമാകുന്ന കാലം
വെള്ളപ്പൊക്കം പ്രതിദിനമതോ രൂക്ഷമാകുന്ന കാലം
മാറിപ്പോണം കടലിനകലം വിട്ടു ദൂരേയ്ക്കു വേഗം
വെള്ളം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
3/11/21

കാലക്കോലം വളരെയധികം മോശമാകുന്ന കാലം
വെള്ളപ്പൊക്കം പ്രതിദിനമതോ രൂക്ഷമാകുന്ന കാലം
മാറിപ്പോണം കടലിനകലം വിട്ടു ദൂരേയ്ക്കു വേഗം
വെള്ളം, പാരം ഭയകരബലം, നിശ്ചയം തന്നെ പാരിൽ
മന്ദാക്രാന്ത
സ്വന്തം
3/11/21


കുട്ടിക്കാലം മുതലൊളിയെഴും സ്നേഹബന്ധങ്ങളെല്ലാം
കാലാധീനം ഗതിവിഗതിയാൽത്തട്ടിമുട്ടിത്തകർന്നും
സ്വന്തം കാര്യം പല വിധമതോ വന്നിടങ്കോലുമിട്ടും
വൈരം വന്നാൽ വലിയ വിഷമം തന്നെയല്ലേ ശരിക്കും?
സമസ്യാപൂരണം
മന്ദാക്രാന്ത
സമസ്യ: ശ്രീലകം വേണുഗോപാൽ
4/11/21


കുട്ടിക്കാലം മുതലൊളിയെഴും സ്നേഹബന്ധങ്ങളെല്ലാം
കാലാധീനം ഗതിവിഗതിയാൽത്തട്ടിമുട്ടിത്തകർന്നും
സ്വന്തം കാര്യം പല വിധമതോ വന്നിടങ്കോലുമിട്ടും
വൈരം പാരം വളരുമുടനെത്തന്നെ രോധിച്ചിടേണം
മന്ദാക്രാന്ത
സ്വന്തം
5/11/21

 

പാരാകെ മൂടുന്നു മനുഷ്യസൃഷ്ടികൾ
പാരാകെ മൂടുന്നു മനുഷ്യചേഷ്ടിതം
മായുന്നു മറ്റുള്ളവയൊക്കെയോർക്കുക
കായുന്ന കാര്യംദയനീയമല്ലയോ‘?
ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ

9/11/21


പഠിപ്പിനോ പാരിലിറങ്ങുവാനുമോ
സുഹൃദ് ജനത്തെപ്പുനരൊന്നുകാണുവാൻ
ഒരിക്കലും സാദ്ധ്യതയില്ല, കഷ്ടമേ,
കൊറോണനേരം ‘ദയനീയമല്ലയോ‘?
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ
9/11/21


ഇംഗ്ലീഷുഭാഷയ്ക്കു മതിപ്പു മാത്രമായ്
സ്വന്തത്തിനോ പാരമവജ്ഞ മാത്രമായ്
സ്വാഭാവികം, ഭാഷ മരിച്ചുപോയിടും
കഷ്ടം, നിയോഗം ‘ദയനീയമല്ലയോ‘?

ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശ്രീലകം വേണുഗോപാൽ

11/11/2021

 

സിദ്ധാന്തമെല്ലാം കടുകട്ടിയെങ്കിലും
സിദ്ധിച്ചതില്ലാ കരകൗശലം തഥാ
പറ്റുംവിധം വേല മുടിച്ചുവെങ്കിലോ,
ആവർത്തി ‘ചെയ്തീടണമെന്നു ചൊല്ലുമോ?‘
ഇന്ദ്രവംശ
സമസ്യാപൂരണം
സമസ്യ: ശോഭന കാരയിൽ

13/11/21

 

നമുക്കു നാമേ തുണയെന്നുറയ്ക്കണം,
നമുക്കു തോന്നുന്നതുപോലെ ചെയ്യണം,
ഒരിക്കലും വേണ്ടൊരു ശങ്ക-മറ്റവർ
മറിച്ചു 'ചെയ്തീടണമെന്നു ചൊല്ലുമോ?‘
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ശോഭന കാരയിൽ
14/11/21


നമുക്കു നാമേ തുണയെന്നുറയ്ക്കണം,
നമുക്കു തോന്നുന്നതുപോലെ ചെയ്യണം,
ഒരിക്കലും വേണ്ടൊരു ശങ്ക-മറ്റവർ
വരുന്നപോലേ വരുമൊക്കെയെന്നുമേ

വംശസ്ഥം
സ്വന്തം

14/11/21


ലോകമാസകലമാസുരാവലി ഞെരുങ്ങിവിങ്ങി നിറയുന്നതി-
ക്ക്രൂരമാകിയ വിപത്തുകൾ പലതു കാട്ടിടും ദുരിത കാലമായ്.
വേലെടുത്തു വിളയാടി നീയിവരെ ദേവനായക, ഹനിച്ചിടൂ,
രക്ഷ ചെയ്ക ഭുവനത്തിനിന്നു 'ശിവനന്ദനാ നമനമേകുവേൻ'
സമസ്യാപൂരണം
വിജയ് മിത്രക്കാമഠം
വൃത്തം : കുസുമമഞ്ജരി

21/11/21

 

ആദിത്യദീപം തെളിയട്ടെ പാരിൽ
മാരിക്കു നാശം പിണയട്ടെ വേഗം
വ്യാധിക്കു വേണം ദ്രുതശാന്തിയപ്പോൾ
മാലോകരെല്ലാം സുഖമായ് വസിക്കും.
ഇന്ദ്രവജ്ര
സ്വന്തം
21/11/21


ഇതാ വരുന്നൂ പ്രിയ മാതൃനാടേ
പ്രവാസ കാലം മതിയാക്കിയിപ്പോൾ
പരാതിയില്ലാതെ വരുന്ന കാലം
കഴിച്ചുകൂട്ടാമതുതന്നെ മോഹം
ഉപേന്ദ്രവജ്ര

സ്വന്തം
22/11/21


ഇതു കോമള സുഖശീതള മലയാചല ഭുവനം
പലയാറുകളിടതോടുകളണിമേടതു നിറയും
പല മാതിരി ജനജീവിതമിഴചേർന്നിഹ പുലരും
ഇതു മാനവ സഹവർത്തനമണയുന്നൊരു ഭവനം
ശങ്കരചരിതം

സ്വന്തം
23/11/21

 

ഭക്ഷിക്കാനും മറ്റു കാര്യങ്ങളൊന്നും,
മിണ്ടാൻപോലും തീരെ വയ്യാത്ത മട്ടായ്.
സർവ്വാധീശാ, മൃത്യുവേ, ഹേ, ദയാലോ,
കാരുണ്യക്കൈ ‘നീട്ടി നീ രക്ഷയേകൂ‘
ശാലിനി
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
25/11/21

ദാരിദ്ര്യത്താൽ വലിയ വിഷമംകൊണ്ടു പാരം വലഞ്ഞി-
ട്ടന്നത്തിന്നും വളരെയധികം ബുദ്ധിമുട്ടിത്തളർന്നും
പാരം, കഷ്ടം! അവശതയിലാം ബുദ്ധിമാനാം യുവാവി-
ന്നത്യാശ്വാസം പകരുമൊരു കൈ ‘നീട്ടി നീ രക്ഷയേകൂ‘

മന്ദാക്രാന്ത
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
25/11/21

 

സംസാരത്തിൽക്കിടന്നും പല തവണയതിൽപ്പെട്ടു വട്ടം കറങ്ങി-
പ്പാരം വേഷങ്ങളാടിപ്പലവിധമൊടുവിൽപ്പാരമോടിത്തളർന്നും
ഇപ്പാരിൻ സൗഭഗങ്ങൾ, സുഖമതിലധികം ക്രൂരതയ്ക്കും വിധേയ-
മിജ്ജന്മച്ചക്രമിപ്പോൾ മതി, കൃപയധികം ‘നീട്ടി നീ രക്ഷയേകൂ‘
സ്രഗ്ദ്ധര
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
26/11/21

 

ഊണിനില്ല രുചി, തേമന*മെല്ലാം
വേണ്ടതൊക്കെ നിരയായിനിരത്തി
വെച്ചിരിക്കിലുമതൊന്നു രുചിക്കാൻ
ഇല്ല തീരെ രുചി, കാരണമെന്തോ!
സ്വാഗത
സ്വന്തം
27/11/21

*തേമനം-കറി

 

പാരിടമൊന്നായ് മനുജന്മാർക്കായ് തരികയതല്ല, ശരിക്കും
പക്ഷിമൃഗങ്ങൾക്കണിയായ് വൃക്ഷങ്ങളുമിവിടെപ്പുലരേണം
മാമലകൾക്കും നദിതോടിന്നും വിപിനമതിന്നിഹ പാരം
പങ്കിടുകെന്നാൽ പുലരാം മർത്ത്യന്നനവരതം സുഖമോടേ

കമലാക്ഷം

സ്വന്തം
27/11/21

 

കടാക്ഷമാകുന്ന സൂര്യപ്രകാശം
ചൊരിഞ്ഞിടേണേ പ്രപഞ്ചത്തിലെല്ലാം
വളർന്നിടട്ടേ തവാത്മാംശമെങ്ങും
പരന്നിടട്ടേ തവാത്മപ്രഭാവം
കേരളി
4/12/21

 

മനുഷ്യനാണെന്നു ധരിച്ചിടും വൃഥാ
മനുഷ്യനല്ലെന്നു വിധിച്ചിടും ഭവാൻ
അമാനുഷാകാരമതിൽ വിളങ്ങിടും
നമിപ്പു ഞാനാ തിരുപാദപങ്കജം‘
വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ദേവി നെടിയൂട്ടം
4/12/21

 

കാണുക, പാടുക കേൾക്കുക ജീവിതഗാഥകളിനിയും
ആശനിരാശകളായിരമായിഹ പൂവിടുമിനിയും
ഭാസുരമാസുരഭീതിദ കാതര ഭാവന വിടരും
ആയിരമായിരമാറുകളായിഹ ജീവിതമൊഴുകും
അശ്വഗതി
5/12/21


മനുഷ്യനാണെന്നു ധരിച്ചിടും വൃഥാ

മനുഷ്യനല്ലെന്നു വിധിച്ചിടും ഭവാൻ

അമാനുഷാകാരമതിൽ വിളങ്ങിടും

‘നമിപ്പു ഞാനാ തിരുപാദപങ്കജം‘

വംശസ്ഥം

സമസ്യാപൂരണം

സമസ്യ: ദേവി നെടിയൂട്ടം

4/12/21


അതിർത്തിക്കു കാവൽക്കു നിൽക്കുന്നു സൈന്യം

മഹാമാരിനേരം കുതിക്കുന്നു സൈന്യം

പരാതിക്കുമില്ലാ, ഡിമാന്റിന്നുമില്ലാ

വിപത്തിൽത്തഴക്കം കുതിക്കുന്ന വീര്യം

ഭുജംഗപ്രയാതം

7/12/21


ചതിക്കാതെ കാവൽക്കു നിൽക്കുന്നു സൈന്യം

മഹാമാരിനേരം കുതിക്കുന്നു സൈന്യം

പരാതിക്കുമില്ലാ, ഡിമാന്റിന്നുമില്ലാ

വിപത്തിൽത്തഴക്കം കുതിക്കുന്ന വീര്യം

ഭുജംഗപ്രയാതം

7/12/21

കരകമലം -- ഭ ഭ ന ജ ന സ - തംതത തംതത തതതത തംതത തത തതതം(18)


ചിലർക്കോയുറക്കം മഹത്തായ കർമ്മം,

പരർക്കോ പരം കർമ്മമേ നൽകു സൗഖ്യം

ചിലർക്കോ വിഷാദം കടുംകെട്ടു പോലെ-

പ്പരർക്കോ സദാ പൂർണ്ണ സന്തോഷപൂരം

ഭുജംഗപ്രയാതം

9/12/21


പാരാകെപ്പടരുന്നതായ രോഗം;

സൂക്ഷിക്കേണമിതെന്നു വിജ്ഞർ ചൊല്ലീ

എന്നാലോ ഫലമില്ല,യൊട്ടുപാളീ;

ബോദ്ധ്യം വന്നു, ‘പറഞ്ഞതെത്ര സത്യം!‘

ദേവനാദം( വൃത്തമഞ്ജരിയിലില്ലാത്ത പുതിയ വൃത്തം- മംസംജംഗഗയോടെ ദേവനാദം)

സമസ്യാപൂരണം

സമസ്യ: ശ്രീലകം വേണുഗോപാൽ

9/12/21


ചാരുതയാർന്നൊരു ഭുവനമതിൽപ്പരമൊരുവണുവായ്

വന്നു ഭവിച്ചു, മനുജനു സുരക്ഷയതു വിരളമായ്

ആയിരമായ്പ്പലരിവിടെയൊടുങ്ങിയതിവിവശരും

ആധികളായിരമതിനുപുറത്തതു വളരെയുമായ്

കരകമലം

10/12/21


തരണമേ തവ വീക്ഷണമെപ്പൊഴും

വരണമേ വരദാനമതെപ്പൊഴും

തരണമേ നലമാകിയ ബുദ്ധിയും

ശരണമേകുക പർവ്വതനന്ദിനീ

ദ്രുതവിളംബിതം

12/12/21


താപം നൽകും പലവിധമായ് മനുജനവൻ തന്നധികാരം,

ഭൂമിക്കേറേപ്പരുഷമതാം വിധിവിപരീതം പിണയുന്നൂ

താനാണീ ഭൂമിയുടെ വിചാരണയതിനായുള്ളധികാരി-

യെന്നൂറ്റംകൊള്ളുവതിനൊരന്ത്യമതണയാറായിനി നൂനം

വാണി

12/12/21


സുഖസൗകര്യമതൊക്കെ വേണ്ടതാം

അതിലില്ലൊട്ടു പരാതിയേതുമേ

അമൃതായാലുമതേറെയായിടിൽ

സുഖമല്ലാ, പരമാർത്തിയായിടും

പത്മിനി (സഭജലഗ). വിയോഗിനിയുടെ സമവൃത്തം

സ്വന്തം

14/12/21


സുഖസൗകര്യമതൊക്കെ വേണ്ടതാം

അതിലില്ലൊട്ടു പരാതിയേതുമേ

സുഖസൗകര്യമതൊക്കെ വേണ്ടപോൽ

തുലനം ‘തീർപ്പതിലുണ്ടു വൈഭവം‘

പത്മിനി (സഭജലഗ). വിയോഗിനിയുടെ സമവൃത്തം

സമസ്യാപൂരണം

സമസ്യ: ശ്രീലകം വേണുഗോപാൽ

14/12/21


സുഖസൗകര്യമതൊക്കെ വേണ്ടതാം

അതിലില്ലൊട്ടു പരാതിയേതുമേ

സുഖസൗകര്യമതൊക്കെ വേണ്ടപോൽ

തുലനം ചെയ് വതിലാണു മേൽഗതി

പത്മിനി

സ്വന്തം

21/12/21


സുഖദു:ഖങ്ങളിണങ്ങി ജീവിതം

പകലും രാത്രിയുമായ് ചരിക്കവേ

സുഖദു:ഖങ്ങളിൽ തെന്നിവീഴൊലാ,

തുലനം 'തീർപ്പതിലുണ്ടു വൈഭവം'

പത്മിനി (സഭരലഗ)(വിയോഗിനിയുടെ സമപാദം.വൃത്തമഞ്ജരിയിലില്ല )

സമസ്യാപൂരണം

15/12/21


സുഖദു:ഖങ്ങളിണങ്ങി ജീവിതം

പകലും രാത്രിയുമായ് ചരിക്കവേ

സുഖദു:ഖങ്ങളിൽ തെന്നിവീഴൊലാ,

തുലനം മാത്രമതാണു നേർവഴി

പത്മിനി (സഭരലഗ)(വിയോഗിനിയുടെ സമപാദം.വൃത്തമഞ്ജരിയിലില്ല )

സ്വന്തം

21/12/21


ഭുവനം നേരിടുമെത്ര പോരുകൾ

മനുജൻ മാത്രമതിന്റെ കാരണം

അവനോ തന്റെ വിശേഷ ബുദ്ധിയാൽ

ശമനം ‘തീർപ്പതിലുണ്ടു വൈഭവം.‘

പത്മിനി

സമസ്യാപൂരണം

16/12/21


ഭുവനം നേരിടുമെത്ര പോരുകൾ

മനുജൻ മാത്രമതിന്റെ കാരണം

അവനോ തന്റെ വിശേഷ ബുദ്ധിയാൽ

ശമനം കൊണ്ടുവരാൻ ശ്രമിക്കണം

പത്മിനി

സ്വന്തം

21/12/21


ഭുവനമാണു മനുഷ്യനു കാരണം

ഭുവനമാണു മനുഷ്യനു കാര്യവും

ഭുവനമാണു മനുഷ്യനു സർവ്വവു-

മിവ മറന്നു കളിക്കൊലയൊട്ടുമേ

ദ്രുതവിളംബിതം.

16/12/21


തപനമണ്ഡലമൊന്നു പിഴച്ചിടിൽ

ഭഗണചക്രമതൊന്നു വിറച്ചിടിൽ

ഭുവനിയും ബഹുകൂട്ടരുമായുടൻ

ചിരമതാകിയ ബന്ധനമുക്തരാം

ദ്രുതവിളംബിതം.

16/12/21


പറയാമിനിയും രസമാർന്നെഴുമാ-

കഥയായിരമാമിരവിൽ തുടരേ

ചെവിയോർക്ക, രസിക്ക, പരം കുതുകാൽ

പറയാമിനിയും, മൃതിയെത്തടയാൻ

തോടകം(സസസസ)

സൂചന: അറബിക്കഥകൾ

17/12/21


പണ്ടേതോ പരമാണു വന്നു തലയിൽക്കേറീ പരം വിട്ടുപോ-

കാതിങ്ങീവിധമായ്പ്പരന്നുലകിതിൽപ്പാരം പരീക്ഷിക്കുവാൻ

പാടേ വീണു മനുഷ്യസൃഷ്ടമഖിലം ചീട്ടിൻ പെരും കോട്ടപോ-

ലെന്നാൽ നമ്മൾ പഠിച്ചുവോ ഗുരു തരും പാഠങ്ങളെന്തെങ്കിലും?

ശാർദ്ദൂലവിക്രീഡിതം

17/12/21


പാരം വേഗതയാർന്ന പാതയിവിടെക്കാണാം നമുക്കെത്രയും 

വേഗം, പോകണമന്നുതന്നെയനിലൻ തോറ്റീടണം, മാത്രമോ,

വേണം ജീവിതവേഗവും, പുനരതിൻ വേഗം കുറേ കൂട്ടണം

കാണം വിറ്റു തുലയ്ക്കിലും പുലരണം ഘോഷത്തൊടൊപ്പം മുദാ

ശാർദ്ദൂലവിക്രീഡിതം

19/12/21


നടപ്പുണ്ടു രോഗം, മഹാമാരിയാണേ

നടക്കാം പരം ശ്രദ്ധയുൾക്കൊണ്ടു മാത്രം

നടക്കാതിരിക്കാമനാവശ്യമായി-

യൊടുക്കം, പരം ‘വന്നുവെന്നാൽ കറക്കും.‘

സമസ്യാപൂരണം

ഭുജംഗപ്രയാതം

21/12/21


നടപ്പുണ്ടു രോഗം, മഹാമാരിയാണേ

നടക്കാം പരം ശ്രദ്ധയുൾക്കൊണ്ടു മാത്രം

നടക്കാതിരിക്കാമനാവശ്യമായി-

യൊടുക്കം വരേയ്ക്കും സുരക്ഷാർഹരാവാം.

ഭുജംഗപ്രയാതം

സ്വന്തം

21/12/21


അതിപരവശനാകും രോഗിയെക്കണ്ടുകൊണ്ടാ-

വഴിയതിലൊരു നോട്ടം നൽകിടാതേ കടന്നു

പലതവണ ഗമിക്കും കൂട്ടരേ! ഓർക്കണം നാം

ഗതിയതു ദയനീയം ‘വന്നുവെന്നാൽ കറക്കും‘

സമസ്യാപൂരണം

മാലിനി

21/12/21


അതിപരവശനാകും രോഗിയെക്കണ്ടുകൊണ്ടാ

വഴിയതിലൊരു നോട്ടം നൽകിടാതേ കടന്നു

പലതവണ ഗമിക്കും കൂട്ടരേ! ഓർക്കണം നാം

ഗതിയതു ദയനീയം വന്നിടാമേ നമുക്കും

മാലിനി

സ്വന്തം

21/12/21


നാട്ടാർക്കെല്ലാം വളരെയധികം ക്ഷേമകാര്യങ്ങൾ ചെയ്യും

ഐക്യത്തിന്നായതികഠിനമാം വർത്തനം കാഴ്ച വെക്കും

നേതൃത്വം താൻ ബഹുഗുണകരം നാടിനെന്നാൽ, മറിച്ചോ,

അന്തഃഛിദ്രം ഗുരുതരമതോ ‘വന്നുവെന്നാൽ കറക്കും.‘

മന്ദാക്രാന്ത

സമസ്യാപൂരണം

22/12/21


നാട്ടാർക്കെല്ലാം വളരെയധികം ക്ഷേമകാര്യങ്ങൾ ചെയ്യും

ഐക്യത്തിന്നായതികഠിനമാം വർത്തനം കാഴ്ച വെക്കും

നേതൃത്വം താൻ ബഹുഗുണകരം നാടിനെന്നാൽ, മറിച്ചോ,

അന്തഃഛിദ്രം ഗുരുതരമതോ പാരമാഘാതമാകും

മന്ദാക്രാന്ത

സ്വന്തം

23/12/21


വർഷക്കാലം പിറന്നാൽ മുകിലുകളവയോ വാതിലെല്ലാം തുറക്കും

വായുക്ഷോഭം വളർന്നാലടിമുടി മുഴുവൻ അന്തരീക്ഷം വിറയ്ക്കും

വെള്ളക്ഷോഭം കനത്താലണകൾ മുഴുവനും നാട്ടിലാകെത്തുറക്കും

വെള്ളപ്പാച്ചിൽ പരന്നിട്ടമിതമളവിലായ് ‘വന്നുവെന്നാൽ കറക്കും‘

സമസ്യാപൂരണം

സ്രഗ്ദ്ധര

23/12/21


വർഷക്കാലം പിറന്നാൽ മുകിലുകളവയോ വാതിലെല്ലാം തുറക്കും

വായുക്ഷോഭം വളർന്നാലടിമുടി മുഴുവൻ അന്തരീക്ഷം വിറയ്ക്കും

വെള്ളക്ഷോഭം കനത്താലണകൾ മുഴുവനും നാട്ടിലാകെത്തുറക്കും

വെള്ളപ്പാച്ചിൽ പരന്നാൽ കുടിലുകൾ പലതും പൂർണ്ണമായും തകർക്കും

സ്രഗ്ദ്ധര

സ്വന്തം

24/12/21


നിന്ദ്യർക്കായും പീഡിതർക്കായ് ജനിച്ചോൻ

ലോകത്തിന്നും രക്ഷയായിപ്പിറന്നോൻ

ക്രൂശിച്ചാലും അന്ത്യമില്ലാത്തവൻ തൻ

പൂർണ്ണാഭാവം വന്നുവെന്നാൽ കറക്കും

ശാലിനി

സ്വന്തം

25/12/21


പുത്തൻവർഷത്തിൻ പൊലിമ കലരും ഘോഷമെല്ലാം നടത്താൻ

സൂക്ഷിച്ചീടേണം, കൊവിഡിതിനിയും ഭീമമാകാരമായ്ത്താൻ

നിൽക്കുന്നൂ പുത്തൻ പുകിലുകളുമായ് വേരുറപ്പിച്ചിടുന്നൂ. 

ശ്രദ്ധിച്ചീടേണം വളരെയധികം, വന്നുവെന്നാൽ കറക്കും

കുസുമിതലതാവേല്ലിത

സ്വന്തം

28/12/21


പുത്തൻവർഷത്തിൻ പൊലിമ കലരും ഘോഷമെല്ലാം നടത്താൻ

സൂക്ഷിച്ചീടേണം, കൊവിഡിതിനിയും ഭീമമാകാരമായ്ത്താൻ

നിൽക്കുന്നൂ പുത്തൻ പുകിലുകളുമായ് വേരുറപ്പിച്ചിടുന്നൂ. 

ശ്രദ്ധിച്ചീടേണം വളരെയധികം, തെറ്റിയെന്നാൽ ദുരന്തം.

കുസുമിതലതാവേല്ലിത

സ്വന്തം

30/12/21


ഞെട്ടറ്റു വീഴുന്നു ദിനങ്ങളൊന്നായ്

ഞെട്ടറ്റു വീഴുന്ന ദലങ്ങളെപ്പോൽ

കർമ്മത്തെ ഗാഢം പുണരേണമെന്നും

കർമ്മത്തിൽ കാലത്തെയൊതുക്കിടേണം

ഇന്ദ്രവജ്ര

സ്വന്തം

31/12/21


പിരിയും പതിവിൻപടിയായ്പ്പലതും

പൊലിയുന്നിതുവർഷമിതിന്നു പരം

പകരം നവവത്സരവും വരവായ്

പറയാം വിടയും വരവേൽക്കലതും

തോടകം

സ്വന്തം

31/12/21


പാരിൽപ്പാർത്താൽ, ദുരന്തം പലവിധമതിലായ് ജീവിതം കാണ്മു; മർത്ത്യർ

പാരം കഷ്ടം സഹിച്ചും സ്ഥിതിഗതിയതിലോ തട്ടിമുട്ടിത്തളർന്നും 

മുന്നോട്ടായുന്നുവെന്നാൽ, ചിലരതു വെറുതേ ധൂർത്തടിച്ചും കളഞ്ഞും

ആഘോഷിക്കുന്നു പാരം, സഹജരിലലിവോ തീരെയില്ലാതെ കഷ്ടം!

സ്രഗ്ദ്ധര

സ്വന്തം

3/1/2022


എന്തൊക്കെക്കാണണം നാമിവിടെ ദിവസവും, ബന്ധമെല്ലാം കളഞ്ഞി-

ട്ടാകപ്പാടേ വിരോധം പെരുവഴിനടുവിൽ, മാത്രമോ, വീട്ടിനുള്ളിൽ

കത്തിക്കാളുന്നു കഷ്ടം! ബഹുകഠിനതരം പീഡനം, വെട്ടിവീഴ്ത്തൽ,

പോരാ, ആത്മാഹുതിയ്ക്കും വിരളതയെതുമേ തീരെയില്ലെന്നു ചൊല്ലാം

സ്രഗ്ദ്ധര

സ്വന്തം

5/1/2022


ഇല്ലാ ബന്ധങ്ങളൊന്നും, സുതർ, സഹചരരും, സോദരർക്കും തഥൈവ:

ഇല്ലാ ഭേദം, സമാനം വികലതയതുതാൻ വാണിടുന്നൂ സുതാര്യം

കൊല്ലാമാർക്കും മനസ്സിന്നകമതിൽ കടുകിൻ മാത്രയോളം വികല്പം

ഇല്ലാതേകണ്ടു തിണ്ണം കുടിലതയതിനാൽ ചൊല്ലെഴും കേരഭൂവിൽ

സ്രഗ്ദ്ധര

സ്വന്തം

6/1/22


ലഹരിയാണു ഭരിപ്പതു നാടിനെ

മദിരയും പല ഭീകരമൗഷധം

കുടിലമാം പല കുത്സിതവൃത്തികൾ

കൊടിയതായിയി കേരളഭൂമിയിൽ

ദ്രുതവിളംബിതം

സ്വന്തം

10/1/22


പല വിധത്തിൽ പരിസ്ഥിതി ദൂഷണം

വികസനം പരമെന്നു വിശേഷണം

മല, നദീതടമൊക്കവെ ശോഷണം

പരമ ഭീദിതമാകിയ പേഷണം

ദ്രുതവിളംബിതം

സ്വന്തം

12/1/22


ജനനിയെന്നു പിതാവു സഹോദരൻ

സഹചരൻ, അയൽ വാസിയതെന്നുമോ

ഇവിടെയില്ല വിവേചനമൊട്ടുമേ

അവനവന്നുടെ കാര്യമതൊന്നുതാൻ

ദ്രുതവിളംബിതം

സ്വന്തം

12/1/22


ഗംഗാധരാ, തലയിൽ നീ ചിരമായ് വഹിക്കും

ഗംഗാനദിക്കു ദുരവസ്ഥയതെത്ര കഷ്ടം!

മാലിന്യമൊട്ടതിൽ നിറഞ്ഞുകവിഞ്ഞിതേറ്റം,

മാലിന്യഭാരമതിനെങ്ങനെ മുക്തി ചൊല്ലൂ.

വസന്തതിലകം

സ്വന്തം

16/1/22


ഗഗനേ സൂര്യനൊളി പരത്തീട്ടുലകിതിൽ ജീവന്നുയിരേകും

ഇരവും പിന്നെ പകലുമായിട്ടരുണിമ പാരിൽ വരവായി

ഋതുഭേദങ്ങൾ പൊലിമ ചാർത്തീട്ടണിയണിയായ് വന്നണയുന്നു

ഇതിനെല്ലാമുറവയതാം ശക്തിയതെവനാണെന്നറിവുണ്ടോ?

വനമാലം(സഭസഭസഭഗഗ)20

സ്വന്തം

16/1/22


ഗാനം, കഥാനടനസൂക്ഷ്മകടാക്ഷനാട്യം

സങ്കീർണ്ണമാം വിശദമായ വികാരഭാവം

മേളപ്പദം, പലവിധം ബഹുചാരുവേഷം;

എല്ലാം തികഞ്ഞ കഥകേളിയതിന്നു കൂപ്പാം

വസന്തതിലകം

സ്വന്തം

19/1/22


*അദ്ധ്വാനം വേണ്ടുവോളം, പലവിധമതിലോ ആണ്ടുമുങ്ങുന്ന ഭാവം 

നേട്ടങ്ങൾക്കൊട്ടുമില്ലാ വിരളതയതിലും കീർത്തിയോടാർത്തിയില്ലാ;

ഭാവം സൗമ്യം വിനീതം സ്മിതമനവരതം സ്ഥായിയായ് കാത്തിടുന്നോൻ

വീജേബീത്ര്യക്ഷ്യരിക്കായ് വിടപറയുക നാമേറ്റവും ദുഃഖമോടേ! 

സ്രഗ്ദ്ധര

21/1/22

*20/1/22ന് അന്തരിച്ച തോട്ടര വടക്കേടത്ത് ഭവദാസൻ നമ്പൂതിരി (വി ജെ ബി നമ്പൂതിരി സതീഷിന്റെ അച്ഛൻ)ക്ക് സ്മരണാഞ്ജലി


Translation as requested by Kannan:


Steeped in hard work of various kinds

Achievements in abundance

Yet not craving for fame

Gentle, humble, with a smile

Always playing on his face

Known in the three letters VJB

Let us say adieu to him

With utmost sorrow!

22/1/22


ജനിതകവിജയം താനിന്നു ശാസ്ത്രത്തിനുന്നം;

അനവരതമതിന്നായ് പോരിലാണിന്നു ശാസ്ത്രം

പരമതെവിടെയെത്തും, ചോദ്യമേറ്റം പ്രധാനം

മറുപടിയതിനുണ്ടോയെന്നതത്രേ ദുരൂഹം 

മാലിനി

സ്വന്തം

23/1/22


ദുരിതമനുഭവത്തിൽപ്പാരിലെല്ലാരുമിപ്പോൾ

കൊവിഡിതിനുടെ രോഷം പാരമേറുന്നിതിപ്പോൾ

ക്ഷമയൊടു തുടരേണം ജാഗ്രത, ശ്രദ്ധയും കേൾ

ശുഭമതു കരുതേണം ചിന്ത്യമാമന്ത്യമെന്നും

മാലിനി

സ്വന്തം

23/1/22


ബലമതിവിടെയേറേ മാന്യമായ്ത്തീർന്നിരിപ്പൂ;

ധനമതിവിടെയേറേ ശക്തമായ്ത്തീർന്നിരിപ്പൂ;

ഗുണമതിവിടെയേറേ മോശമായ്ത്തീർന്നിരിപ്പൂ;

പതനമതിനു വേറേ കാരണം വേണ്ടതുണ്ടോ?

മാലിനി

സ്വന്തം

25/1/22


ദാരിദ്ര്യം, ജാതിഭേദം, കൊടുമഴിമതിയും മാത്രമോ, പക്ഷപാതം,

മദ്യാസക്തിക്കുമില്ലാ പരിമിതിയെതുമേ, ഭീതിദം കാലമിപ്പോൾ

കണ്ടാലാർക്കും വെറുക്കുംവിധമതിപരുഷം ക്രൂരകൃത്യങ്ങളെങ്ങും

ചിന്തിക്കേണം നമുക്കും  പ്രതിവിധിയിതിനായ് തീർച്ചയായും, നിതാന്തം.

സ്രഗ്ദ്ധര

സ്വന്തം

27/1/22



ജാഗ്രത്താകാം നമുക്കീ കൊവിഡതിനുടെ മേലാധിപത്യത്തിനായി, 

പാരം ശ്രദ്ധിച്ചിരിക്കാം സ്ഥിതിഗതികളതിൻ കേറ്റിറക്കങ്ങളെല്ലാം.

വേഗം പാരിൽ ലഭിക്കും പ്രതിവിധിയതിനായ് കാതുകൂർപ്പിച്ചിരിക്കാം

ഒട്ടും സന്ദേഹമില്ലാ, മനുജനവനഹോ, അന്ത്യജേതാവതെന്നും

സ്രഗ്ദ്ധര

സ്വന്തം

25/1/22


ബുദ്ധന്മാരേറെ ഭൂവിൽ വിവിധ തരമതായ് കാണ്മതേകസ്വരൂപം

അജ്ഞാനത്താലെ,യെന്നാൽ മനുജനവനതോ കാണ്മു വെവ്വേറെയായി 

ഏറേ പ്രശ്നം മുളയ്ക്കും ധരണിയിലതിനാൽ തീർത്തുമാവശ്യമേതു-

മില്ലാതേകണ്ടു, പാരം ശിശുസമമതുതാൻ, ബുദ്ധിഹീനം തഥൈവ

സ്രഗ്ദ്ധര

സ്വന്തം

28/1/22


ദൂരേ, മേലോട്ടു പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
താഴേ, താഴേയ്ക്കു പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
കാലം പിന്നോട്ടു പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ
സൂക്ഷ്മാൽ സൂക്ഷ്മത്തിൽ പോയാൽ പുനരവിടെയതോ വേണ്ടപോൽ തീർച്ചയില്ലാ

ദൂരേ, മേലോട്ടു പോയാൽ പുനരവിടെ നടക്കുന്നതോ തീർച്ചയില്ലാ;
താഴേ, താഴേയ്ക്കു പോയാൽ പുനരവിടെ നടക്കുന്നതും തീർച്ചയില്ലാ;
സൂക്ഷ്മാൽ സൂക്ഷ്മത്തിലാഴ്ന്നാൽ പുനരവിടെ നടക്കുന്നതും തീർച്ചയില്ലാ;
കാലം പിന്നോട്ടു പോയാൽ ചരിതമതറിയാനൂഹമേകാശ്രയം താൻ
30/1/22-5/2/22

എന്നാലും പോയിടുന്നൂ മനുജനവനിതാ പാരമുത്സാഹമോടേ
ശാസ്ത്രത്തിൻ തേരിലേറിപ്പലപല പുതുതാം ജ്ഞാനലക്ഷ്യങ്ങൾ തേടി.
എന്തെല്ലാം കാഴ്ചകൾ നാമിതിനകമിവിടെക്കണ്ടു, പാരം വിചിത്രം;
എന്നാലില്ലറ്റമെങ്ങും വഴിയതു തുടരേ, നീണ്ടുപോകുന്നതെന്നും
സ്രഗ്ദ്ധര
31/1/22

കൊവിഡിൻ്റെ രണ്ടാം വാർഷികം:

വർഷം രണ്ടും കഴിഞ്ഞീ കൊവിഡതിനുടെയീ ഭീകരം വാഴ്ച ഭൂവിൽ
കഷ്ടം, കാട്ടാന നാട്ടിൽക്കയറി വിലസുമാമട്ടിലെല്ലാം തകർത്തും
ഇഷ്ടംപോൽച്ചാടിവീണും മനുജനവനെയീ മട്ടിലാകെത്തളർത്തി-
പ്പുഷ്ടം മുന്നോട്ടു പായും ഗജസമമിവനേയാരു കൂട്ടിൽത്തളയ്ക്കും?
സ്രഗ്ദ്ധര
30/1/22
വർഷം രണ്ടും കഴിഞ്ഞീ കൊവിഡതിനുടെയീ താണ്ഡവം ഭീകരം താൻ
കഷ്ടം, കാട്ടാന നാട്ടിൽക്കയറി വിലസുമാമട്ടിലെല്ലാം തകർത്തും
ഇഷ്ടംപോൽച്ചാടിവീണും മനുജനവനെയീ മട്ടിലാകെത്തകർത്തും
പുഷ്ടം മുന്നോട്ടു പായും ഗജസമമിവനേയാരു കൂട്ടിൽത്തളയ്ക്കും?
സ്രഗ്ദ്ധര
1/2/22
കാരുണ്യം കടലായിടും പരമതിൻ മേലേ സുനാമിക്കുമേ
തീരേയില്ലതിനൊട്ടു ശങ്ക, പരമാത്മാവിൻ മഹായുക്തിതാൻ
പാരം മാനവനൊട്ടു ജൃംഭിതനവൻ മേലോട്ടു പൊങ്ങുമ്പൊഴോ
ഘോരം ദണ്ഡു പതിച്ചിടും, പരമതോ, ചിന്തിച്ചു കൂപ്പീടണം
ശാർദ്ദൂലവിക്രീഡിതം
30/1/22
സകല ഭുവനവും തൻ യുക്തി മാത്രം നിനച്ചു
സകലവിധമതാകും ജീവിജാലങ്ങളൊപ്പം
സമതുലനമതെല്ലാമാളി നന്നായ് നയിക്കും
സഗുണമഗുണമാകും ശക്തിയെക്കൈതൊഴുന്നേൻ
മാലിനി
2/2/22
സൂക്ഷ്മത്തിൽ സൂക്ഷ്മമായും പരമതിനുപുറം സ്ഥൂലമായും വിളങ്ങും
പൂർണ്ണത്തിൽ പൂർണ്ണമായും വിലസിടുമതിനാൽ ബുദ്ധിതന്നപ്പുറത്തും
പൂജ്യത്തിൽ പൂജ്യമായും വിലസിടുമതിനാൽ കാഴ്ചകൾക്കപ്പുറത്തും
അസ്തിത്വാതീതനെന്നാൽ ഭുവനമെവിടെയും വ്യാപിയാം സർവ്വശക്തൻ
3/2/22
ഹാ, മർത്ത്യനെത്ര കഠിനം ചിരമായ് ശ്രമിപ്പൂ
പാരം പരംപൊരുൾ മനസ്സിലുറച്ചിടാനായ്
നീയോയിരിപ്പു ചെറുപുഞ്ചിരിയോടുകൂടി,
'കാണട്ടെ, നിൻ വിരുതതെങ്ങനെ'യെന്നപോലേ
വസന്തതിലകം
4/2/22
ഗ്രാമം വിടാമതു കഴിഞ്ഞിനി ജില്ലയാവാം
സംസ്ഥാനവും പിറകെ രാജ്യവുമായിരിക്കാം
ഭൂഖണ്ഡവും ധരണിയും ഗ്രഹവും കടന്നു,
പോകാം നമുക്കു ഭുവനത്തിനതിർത്തി തേടി.
വസന്തതിലകം
14/2/22

ഉറങ്ങുന്നു രാവിൽ മരിക്കുന്നപോലെ
ഉണർന്നങ്ങെണീക്കും പുനർജ്ജീവിതംപോൽ
മരിക്കുന്നു പാരം, ജനിക്കും തഥൈവ;
പരം മൃത്യുഭീയോ,യൊടുങ്ങുന്നതില്ലാ!
ഭുജംഗപ്രയാതം
16/2/22



*ലാളിത്യം ചേർന്നെഴുമഭിനയം പാരമാഹ്ളാദമേകും
ചൊല്ലിൻചേലോ ലളിതമധുരം, ഭാവഹാവാദി വേറേ
വേഷങ്ങൾക്കോ വിവിധതരമാം ശൈലിയേറെ പ്രസിദ്ധം;
നക്ഷത്രംപോൽ ലളിത ചിരമായ് വാഴുമേ മർത്ത്യഹൃത്തിൽ
മന്ദാക്രാന്ത
23/2/22
*22/2/22നു അന്തരിച്ച കെ പി എ സി ലളിതയുടെ സ്മരണയ്ക്ക്

മനുഷ്യൻ

പ്രാചീനമാമിതരജീവിഗണത്തിനെപ്പോൽ
നിസ്സാരനായിവിടെ വന്നുപിറന്ന മർത്ത്യൻ
മെല്ലേ വളർന്നുലകിതാകെ നിറഞ്ഞു പാരം
ദൈവംസമാനമുലകാകെ ഭരിച്ചിടുന്നൂ
വസന്തതിലകം
2/3/22
വൈകാതെ തൻ പെരിയ രാജസഭാവമാർന്നു
ഭൂമിക്കു ഭാരമൊരു രാക്ഷസനെന്നപോലെ
മണ്ണായ മണ്ണുമതിലുള്ളൊരു ജീവിജാലം
പോരാഞ്ഞു കാടു കടലും നിജഭക്ഷ്യമാക്കി
വസന്തതിലകം
4/3/22
കാലം മുറയ്ക്കു പരിണാമഗതിക്കു പാരം
മുന്നോട്ടു പാഞ്ഞൊടുവിലോ, ബഹുഭാഗ്യമോടേ
ശാസ്ത്രം നരന്നു തുണയായൊരു ദിവ്യശക്തി
വന്നെത്തിയത്ഭുതമതെന്നു പറഞ്ഞിടട്ടേ
വസന്തതിലകം
4/3/22
പിന്നീടു വന്നതഖിലം ബഹുധാ വിചിത്രം
വന്നൂ ബലം പരമശക്തിയതെന്നപോലെ
യന്ത്രങ്ങൾ വന്നുനിറയുന്നിഹ പാരിലെല്ലാം
വൻശക്തിയാർന്ന പല ഭൂതഗണങ്ങൾപോലെ
വസന്തതിലകം
8/3/22
പോരാ, വളർന്നു പരമാണുകണത്തിലേക്കും
പാരം വിശാലഭഗണത്തിനുമപ്പുറത്തും
നക്ഷത്രകോടിയതിനപ്പുറമായ് വിളങ്ങും
പാരം നിഗൂഢപരമാർത്ഥതലത്തിലേക്കും
വസന്തതിലകം
16/3/22
ജൃംഭിച്ച വീര്യമൊടുയർന്നുപറന്നിടുമ്പോൾ
കാടൻമൃഗത്തിനുടെ ഭാവമതാ കിടപ്പൂ,
എല്ലാ ദുഷിപ്പുമൊടു ഭൂവിനു ഭാരമായി
സർവ്വം നശിക്കുവതിനായ് പടകൂട്ടിടുന്നൂ
വസന്തതിലകം
16/3/22
.........
*ഭൂമിക്കായി ഒരു മണിക്കൂർ

ഇരുട്ടത്തിരിക്കാം മണിക്കൂറു മാത്രം
പരം ഭൂവിനേകാമൊരല്പം സഹായം
ചിരം നമ്മളെല്ലാം രസിക്കും സുഖങ്ങൾ
ഒരല്പം ത്യജിക്കാം വരുന്നോർക്കുവേണ്ടി
ഭുജംഗപ്രയാതം
26/3/22
ഇരുട്ടത്തിരിക്കുമ്പൊഴോർക്കാം മനുഷ്യൻ
വെറും ബുദ്ധികൊണ്ടേ നടത്തുന്ന ജാലം
തനിക്കായി മാത്രം സുഖത്തിന്നു വേണ്ടി
പലർക്കും കൊടുംശിക്ഷ നൽകുന്നു പാരം
ഭുജംഗപ്രയാതം
27/3/22
മൃഗങ്ങൾക്കു നാശം വനത്തിന്നു നാശം
പരം കുന്നുമാറും തകർന്നൂ, വരണ്ടൂ
കവർന്നൂ ധരണിയ്ക്കകത്തുള്ളതെല്ലാം
പുറത്തേക്കു തള്ളീയഴുക്കായതെല്ലാം
ഭുജംഗപ്രയാതം
27/3/22
നമുക്കാണിതെല്ലാം നമുക്കായി മാത്രം
നമുക്കാസ്വദിക്കാം മറക്കാം വികല്പം
പരം ജീവിജാലം മറഞ്ഞാലതൊട്ടും
കണക്കാക്കിടേണ്ടാ, മറക്കാമതെല്ലാം
ഭുജംഗപ്രയാതം
29/3/22
കഴിഞ്ഞൂ കുറേക്കാലമാന്ധ്യത്തിലാണ്ടും
രമിച്ചുല്ലസിച്ചും പരം ലക്കു കെട്ടും
അറിഞ്ഞില്ല ദൂരത്തിരുട്ടിൻ പ്രഭാവം
പരക്കുന്ന വേഗം, കഠോരം സ്വരൂപം
ഭുജംഗപ്രയാതം
1/4/22
ഇരുട്ടാണു ചുറ്റും പരക്കുന്നതിപ്പോൾ
ഇരുട്ടിൻ മഹാ വായ് പിളർത്തുന്നു ചുറ്റും
ഇരുട്ടിൽത്തടഞ്ഞേ നടക്കുന്നു മർത്ത്യൻ
ഒരല്പം വെളിച്ചത്തിനായ്ക്കേണിടുന്നൂ
ഭുജംഗപ്രയാതം
29/3/22
കെടുത്താം വിളക്കല്പനേരം സമോദം
തമസ്സിൻ മഹാശക്തി മൂടാതിരിപ്പാൻ
പരം, ചെയ്ത തെറ്റിന്നു ഖേദത്തിനായി,
തിരുത്താനുടൻ, ഭാവിദീപ്തിക്കുവേണ്ടി
ഭുജംഗപ്രയാതം
1/4/22
*മാർച്ച് 26 രാത്രി 8.30 മുതൽ 09.30 വരെ വിദ്യുച്ഛക്തി പൂർണ്ണമായും  നിർത്തിവെച്ച് ഭൗമമണിക്കൂർ എന്ന പേരിൽ ലോകം മുഴുവൻ പരിസ്ഥിതിസംരക്ഷണത്തിനായി അണിചേരുന്നു.

തലയ്ക്കു മേലേ പൊരിചൂടതെങ്കിലും
തറയ്ക്കിളക്കം ശകലം വരാതെയീ
ധരയ്ക്കു നന്മയ്ക്കതിനൊന്നുമാത്രമാം
'തരുക്കൾ തൻ ജീവിതമെത്ര ധന്യമാം' 
വൃത്തം: വംശസ്ഥം
സമസ്യാപൂരണം
സമസ്യ: ഡോ. ആർ. രാജൻ
10/4/22
തലയ്ക്കു മേലേ പൊരിചൂടതെങ്കിലും
തറയ്ക്കിളക്കം ശകലം വരാതെയീ
ധരയ്ക്കു നന്മയ്ക്കതിനൊന്നുമാത്രമാം
മരങ്ങൾ തൻ മൂല്യമതാർക്കളന്നിടാം!
വൃത്തം: വംശസ്ഥം
6/5/22

മഴയ്ക്കു ഭാവം പലതെന്നിരിക്കിലും
പഴിക്കുവാനാഗ്രഹമില്ലൊരിക്കലും
മഴയ്ക്കു കൂട്ടായ് മഴ മാത്രമല്ലയോ,
പിഴയ്ക്കുകിൽ ജീവിതമെത്ര കഷ്ടമാം!
വൃത്തം: വംശസ്ഥം
28/4/22

ചിരിച്ചിടാം മെല്ലെ വിളിച്ചിടാം മുദാ
കരഞ്ഞിടാം തേങ്ങി നിരുദ്ധകണ്ഠനായ്
അലച്ചിടാം ഘോരരസത്തിലായ് പരം
ചതിച്ചിടാമൊട്ടറിയാതെയെത്തിയും
വൃത്തം: വംശസ്ഥം
2/5/22

ഒച്ച വെച്ചു വിജയം വരിക്കിലോ
ഒച്ച നില്ക്കിലുടനെപ്പരാജയം
ഒച്ചുപോലെയിഴയും മനസ്സിലും
ഒച്ചകൊണ്ടതിനെ വെൽക സാദ്ധ്യമോ?
രഥോദ്ധത
15/6/22

അക്ഷരങ്ങളവയക്കമതായി
അക്കമോ വെറുതെ പൂജ്യവുമൊന്നും
ഇന്നിവയ്ക്കു കളിയാടുവതിന്നായ്
ലോകമൊക്കെയൊരു വേദിയതായി
സ്വാഗത
21/6 /22

കുടിലതകളസംഖ്യം ചെയ്തു നാം പാരിലാകെ 
വന, മല, നദിയെല്ലാം കാൺകവേ പോയ് മറഞ്ഞൂ
പകരമവിടെയെല്ലാം രാവണൻ കോട്ട പൊങ്ങീ
പടുമുളകൾ കണക്കേ പാരിലെല്ലാം നിറഞ്ഞു.
മാലിനി
26/6/22

ധരണിയതു മുഴുക്കേ ചൂടുകൊണ്ടാർത്തയായി
ഹിമവിരിയതുമെല്ലേ ചൂടിനാൽ വെള്ളമായി
കരകൾ പലയിടത്തും വാരിധിയ്ക്കുള്ളിലായി
സമനില തകരുന്നൂ അന്തരീക്ഷത്തിലാകെ
മാലിനി
27/6/22

മനുജനവനിതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ
പതിവതിവിടെയെന്നും അന്ധമായ് ചെയ്തിടുന്നൂ
കനിവൊടു ചിലതെല്ലാം ഭൂമി പാരം ക്ഷമിക്കു-
മതിനു പുറമെയെന്നാൽ കാട്ടിടും തൽസ്വഭാവം 
മാലിനി
27/6/22

കൊടിയകൊലകളാദ്യം ജന്തുജാലങ്ങളോടും
പുനരതു തുടരുന്നൂ സസ്യജാലങ്ങളോടും
കൊടിയ രുധിരദാഹം കെട്ടടങ്ങാതെ പിന്നെ
മനുജരവരിടയ്ക്കായ് യുദ്ധഘോഷങ്ങളെന്നും.
മാലിനി
28/6/22

പല പല വിധമാകും ഭോഗതൃഷ്ണയ്ക്കു കീഴെ
വരുവതു തെളിവോടേ കാണുവാനാവതില്ലാ;
നിരവധി ദുരിതങ്ങൾ മുന്നിലെത്തുന്ന നേരം
വികസനമതുമാത്രം ബുദ്ധിയിൽ നിന്നിടുന്നൂ
മാലിനി
2/7/22

വിഷാദമൂകം പകലന്തിയോളം
ഇരുണ്ടുമൂടീട്ടൊരു മാനമിപ്പോൾ
ബലം പിടിച്ചിട്ടു വിടാതെ ഭൂമി
പരസ്പരം മൽസരമാർന്നിടുന്നൂ
ഉപേന്ദ്രവജ്ര
3/7/22

ഒടുക്കമസ്സന്ധ്യയടുത്തുവന്നു
തിടുക്കമായ് സ്വാന്തനവാക്കുമായി
അലിഞ്ഞു ചിത്തം, ഘനമാലയപ്പോൾ
പൊഴിച്ചു കണ്ണീർ ജലധാരയായി
ഉപേന്ദ്രവജ്ര
4/7/22

തെളിഞ്ഞു വാനം കദനം വെടിഞ്ഞു
പ്രസന്നയായ് ഭൂമിയുമപ്രകാരം
കുതിർന്നു ദിവ്യം ജലധാരയിങ്കൽ
ധരിത്രിയും വാനവുമൊന്നുപോലെ.
4/7/22
പവനനുമിടിവെട്ടും ഘോരമായിത്തുടങ്ങീ
പിണരുകളതിനൊപ്പം കൊള്ളിയാൻപോലെ മിന്നീ.
പുകിലുകളിതു കാൺകേ ഭൂമിയെല്ലാം നടുങ്ങീ
പരമതിലിളകാതേ ധീരമായ്ത്താൻ തുടർന്നൂ
5/7/22


ഇസങ്ങളെല്ലാം കപടം നിനയ്ക്കുകിൽ
മനുഷ്യനെല്ലാം തകിടം മറിയ്ക്കയാൽ
ഇരിപ്പതിപ്പോൾ കെടുകാഴ്ച മാത്രമായ്
തുടർന്നു പോകുന്നതു പാഴ്ക്കിനാവുമായ്
വംശസ്ഥം
5/9/22

ഭൂവിട്ടല്ലോ മനുഷ്യൻ വികസനമതിനായ് പാരമൗദ്ധത്യമോടേ
ശാസ്ത്രത്തിൻ തേരിലേറിപ്പലപല വിധമാം ഭോഗസൗഖ്യങ്ങൾ തേടി
അസ്ത്രത്തിൻ വേഗമോടേ ചടുലതയൊടു ഹാ, മാനമേറുന്നുവെന്നാൽ,
ഭൂവോ, പാടെത്തകർന്നൂ, 'നിയതിയുടെ കളിക്കൂത്തരങ്ങെത്ര കേമം'
സമസ്യാപൂരണം
സ്രഗ്ദ്ധര
26/9/22
ഭൂവിട്ടല്ലോ മനുഷ്യൻ വികസനമതിനായ് പാരമൗദ്ധത്യമോടേ
ശാസ്ത്രത്തിൻ തേരിലേറിപ്പലപല പുതുതാം ഭോഗസൗഖ്യങ്ങൾ തേടി
അസ്ത്രത്തിൻ വേഗമോടേ ചടുലതയൊടു ഹാ, മാനമേറുന്നുവെന്നാൽ,
ഭൂവോ, പാടേത്തകർന്നൂ, വിധിമഹിമയതോ പാരമാശ്ചര്യമല്ലോ.
സ്വന്തം
സ്രഗ്ദ്ധര
28/9/22
അണുസംഹാരം

പണ്ടെങ്ങോ സൂക്ഷ്മമായോരണുവതു വലുതായെത്രയും ഭീകരം ഹാ!
ലോകം മൊത്തം വിഴുങ്ങാൻ തുനിയുവതിനുടൻ വായ് പിളർന്നെത്തിയെന്നാൽ
മർത്ത്യൻ മുന്നിട്ടിറങ്ങീ, പടപൊരുതിയതിൻ നേരെ ശാസ്ത്രായുധത്താൽ,
മണ്ടീ സൂക്ഷ്മാണുവപ്പോൾ; മനുജനവനഹോ ഭൂമിതൻ വീരപുത്രൻ!

സ്രഗ്ദ്ധര
6/10/22
ഞൊടിയിടയിൽ വരുന്നൂ ഭാഗ്യമോ, മോദമോടേ,
പരമതു മലയോളം വൃദ്ധിയാർജ്ജിപ്പു, ചിത്രം
അതിനിടയിൽ വരുന്നൂ ഭീതിദം ഗർത്തമയ്യോ 
നിയതിയുടെ കുതിപ്പിൻ ലക്ഷ്യമാർക്കാവു ചൊല്ലാൻ
മാലിനി
12/10/22

ദൈവത്തോട്


ദൈവത്തിൻ നാടിതെന്നായ് പറയുവതതുപോൽ ദൈവമേ, കേൾപ്പതുണ്ടോ?
ദൈവത്തിൻ പേരിലിപ്പോളതിഗുരുതരമാം ഹീനകൃത്യങ്ങൾ പാരം
കാട്ടിക്കൂട്ടുന്നതെല്ലാം പരമവിടെ ഭവാൻ കേൾപ്പതുണ്ടോ ശരിക്കും?
കാട്ടാളർ ചെയ്തുകൂട്ടും കുടില വിനകളോ, ചൊല്ലു, നിന്നിച്ഛയാണോ?
സ്രഗ്ദ്ധര
14/10/22


ആശയവിത്തു വിതയ്ക്കുക ചുറ്റും 
കർമ്മമതാൽ പരിപാലനമാവാം
 വിത്തുവളർന്നു പടർന്നു കരേറി
 ലോകമതാകെ സുഖം ചൊരിയട്ടേ.
 ചാരണഗീതം 
20/10/22

 പാരെല്ലാമുരുകുംവിധത്തിലിവിടെപ്പാരം കഠോരം തപം
 മൂലം സർവ്വജനാവലിക്കുപുറമേ സസ്യം, മൃഗങ്ങൾക്കുമേ
 ഇല്ലാ സ്വസ്ഥതയൊട്ടുമേ,യറിയുകെൻ ഗംഗാധരാ, എത്രയും 
കാരുണ്യം നിറയും 'കനത്ത മുകിലായ് പെയ്യാനണഞ്ഞാവു നീ!' 
വൃത്തം : ശാർദ്ദൂലവിക്രീഡിതം. 
സമസ്യാപൂരണം (ബ്രാഹ്മണ്യം)
 22/10/22, 
പാരെല്ലാമുരുകുംവിധത്തിലിവിടെപ്പാരം കഠോരം തപം 
മൂലം സർവ്വജനാവലിക്കുപുറമേ സസ്യം, മൃഗങ്ങൾക്കുമേ
ഇല്ലാ സ്വസ്ഥതയൊട്ടുമേയറിയുകെൻ ഗംഗാധരാ, എത്രയും
 കാരുണ്യം നിറയും ഘനാംബു ദയവായ് വർഷിച്ചിടേണേയുടൻ 
വൃത്തം : ശാർദ്ദൂലവിക്രീഡിതം 
സ്വന്തം
 22/10/22
 മഴ നീ വരിക, മനം കവരുക നീ,
 മനതാരിലെ പല താപമകലുവാൻ 
പലതാം കുസൃതികൾ നിന്നുടെ പതിവാം;
 അതിലില്ലൊരുവിധമാം പരിഭവവും
 ദൂഷണഹരണം
 4/11/22

സൂക്ഷ്മമാമണു മുതൽക്കു ഭീമതര താരസഞ്ചയമതൊക്കവേ,
സൂക്ഷ്മമാംവിധമൊരുക്കിനിർത്തി കളിവേദിയിൽക്കളി തുടർച്ചയായ്
നട്ടുവന്നുടെ വിദഗ്ദ്ധയിച്ഛയതുപോലവേ കഠിനമായിടും
ചിട്ടയിൽത്തുടരുമാ പരാപര'കലാവിശാരദനു കൈതൊഴാം.
വൃത്തം : കുസുമമഞ്ജരി.
സമസ്യാപൂരണം (ബ്രാഹ്മണ്യം)
23/11/22

സൂക്ഷ്മമാമണു മുതൽക്കു ഭീമതര താരസഞ്ചയമതൊക്കവേ,
സൂക്ഷ്മമാംവിധമൊരുക്കിനിർത്തി കളിവേദിയിൽക്കളി തുടർച്ചയായ്
നട്ടുവന്നുടെ വിദഗ്ദ്ധയിച്ഛയതുപോലവേ കഠിനമായിടും
ചിട്ടയിൽത്തുടരുമാ പരാപരകലാവിലാസമതിനായ്ത്തൊഴാം
വൃത്തം : കുസുമമഞ്ജരി.
സ്വന്തം
23/11/22

ചക്ക

പാശ്ചാത്യമാം പഴമതോ പ്രിയമേറെയെന്നാൽ
നേന്ത്രപ്പഴം, ചെറുപഴം ഇവയാർക്കുവേണം?
ഏറെത്തരം സുലഭമാം പഴമാങ്ങയൊട്ടും
വേണ്ടാർക്കുമേ, പറയണോയിനി ചക്ക വേറേ?
വസന്തതിലകം
സ്വന്തം
25/11/22

ചെണ്ട

ചെണ്ട കൊള്ളുന്നു ദേദ്യങ്ങൾ
കണ്ടുകൊണ്ടു ജനങ്ങളും
ഉണ്ടു ഖേദമിതിൽപ്പാരം
ചെണ്ടതൻ ഗതിയോർക്കവേ
പത്ഥ്യാവക്ത്രം
സ്വന്തം
26/11/22

പുസ്തകം

ജ്ഞാനത്തിൻ മുത്തു തേടും പലവിധ വിവരാന്വേഷികൾക്കായി കാത്തി-
ട്ടെന്തെല്ലാം പുസ്തകത്തിൽ പലവിധ വിവരം സുപ്തമായിക്കിടപ്പൂ!
രത്നങ്ങൾ മുത്തുമെല്ലാം ജലനിധിയകമേ ഗൂഢമായിക്കിടക്കും
സമ്പത്തിൻ മുത്തു തേടും കഠിനഹൃദയരാം ധീവരർക്കെന്നപോലെ
സ്രഗ്ദ്ധര
സ്വന്തം
27/11/22

വായനയ്ക്കു സമയം കുറഞ്ഞുപോയ്
പുസ്തകത്തിനു പ്രിയം കുറഞ്ഞുപോയ്
കെട്ടുകാഴ്ചയതിലാണു കൗതുകം
കെട്ട കാലമതു തന്നെ നിശ്ചയം.
രഥോദ്ധത
സ്വന്തം
27/11/22

പുസ്തകത്തിനു പ്രിയം കുറഞ്ഞുപോയ്
അസ്തമിച്ചു ചെറു വായനാരസം
കെട്ടുകാഴ്ചയതിലാണു കൗതുകം
കെട്ട കാലമതുതന്നെ നിശ്ചയം.
രഥോദ്ധത
സ്വന്തം
27/11/22

അമ്പത്തൊന്ന് എന്നു തുടങ്ങണം.

അമ്പത്തൊന്നു വരുന്നയക്ഷരഗണം ചേർത്തെത്രയും വേഗമായ്
അമ്പോടാശയദീപ്തിയാർന്ന കൃതിയായൊന്നിന്നു സൃഷ്ടിക്കണം
ഇമ്പത്തോടതു സൂക്ഷ്മമായി മനനം ചെയ്തിട്ടു സന്തോഷമായ്
സമ്പത്തായ്ക്കരുതീട്ടു ലോകമതിനായ് കാഴ്ചക്കു വെച്ചീടണം
ശാർദ്ദൂലവിക്രീഡിതം
സ്വന്തം
28/11/22

ഗുരു

ഗുരുകാരണവർക്കു കൂപ്പിടാം
ഗുരുവാകിയ കർമ്മമൊന്നിനാൽ
ഗുരുവാകിയ ലോകമൊന്നിതിൽ
ഗുരുവാം ഗതി സാദ്ധ്യമായതിൽ
സുമുഖി
സ്വന്തം
29/11/22

ഗാന്ധിജി

ഇരുട്ടിൽത്തപ്പുമിന്ത്യയ്ക്കു
ഒരു വെട്ടപ്രവാഹമായ്
ഇരിപ്പൂ ഗാന്ധിയെന്നെന്നും
ഭാരതത്തിന്റെ സത്തയായ്
പത്ഥ്യാവക്‌ത്രം
സ്വന്തം
30/11/22

സത്യമാർഗ്ഗമതുകൊണ്ടു ഭാരതം
സ്നേഹദീപശിഖ കാട്ടി നേരെയായ്
ശാന്തിപാതയിൽ നയിച്ച വീരനാം
ഗാന്ധിജിക്കു പരകോടി കൂപ്പുകൈ
രഥോദ്ധത
സ്വന്തം
1/12/22

അമ്മ

അമ്മയാണു ശിശുവിന്നൊരാശ്രയം
അമ്മയാണു മനുജന്നൊരാശ്രയം
അമ്മയാണു ഭവനത്തിനാശ്രയം
അമ്മയാണു ഭുവനത്തിനാശ്രയം
രഥോദ്ധത
സ്വന്തം
2/12/22

സത്യം

സത്യമെന്നതിനെയിഷ്ടമാംവിധം
കൃത്യമായി പരുവപ്പെടുത്തുവാൻ
നിത്യവും കഠിനമായ് ശ്രമിക്കുവോൻ
മർത്ത്യനോ, ഒരു നികൃഷ്ടജീവിയോ?
രഥോദ്ധത
സ്വന്തം
4/12/22

സത്യം പ്രപഞ്ചമതിലൊക്കെ നിറഞ്ഞു നില്പൂ;
അജ്ഞാനകാരണമതാൽ പിടികിട്ടിടാതെ
എത്തിപ്പിടിക്കുവതിനായ്ത്തുനിയുന്നുവെന്നാൽ
മർത്ത്യന്നതോ ഒരു മരീചികമാത്രമായി
വസന്തതിലകം
സ്വന്തം
4/12/22