Search This Blog

Tuesday, November 3, 2020

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ഒക്ടോബർ 31

വിനാശ കാലേ വിപരീത ബുദ്ധി എന്നു പറഞ്ഞപോലെ ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദുർബ്ബലമായ നിമിഷത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതും നിസ്സാരമായ ഒരു കോടതി വിധിയുടെ പേരിൽ. അതുപോലെയൊരു നേതാവ് കോൺഗ്രസ്സിൽ പിന്നീടൊരിക്കലുമുണ്ടായില്ല. കോൺഗ്രസ്സിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അവരുടെ അന്ത്യം. ഖലിസ്ഥാൻ തീവ്രവാദികളോട് അവരെടുത്ത ധീരമായ നിലപാട് സ്തുത്യർഹമായിരുന്നു. എന്നാൽ, സ്വന്തം സുരക്ഷാ ഭടന്മാരിൽ നിന്ന് തത്ക്കാലത്തേക്കെങ്കിലും സിക്കുകാരെ ഒഴിവാക്കുക എന്നത് അന്നത്തെ അന്തരീക്ഷത്തിൽ വളരെ ലളിതമായ സാമാന്യ യുക്തിയായിരുന്നു. അവിടേയും ഗുരുതരമായ വിധിവൈപരീത്യം അവരെ വേട്ടയാടി.
അടിയന്തരാവസ്ഥയെപ്പറ്റി എത്ര പഴി പറഞ്ഞാലും രാജ്യത്തൊട്ടാകെയുണ്ടായ അതിന്റെ ഗുണഫലങ്ങളും മറക്കാനാവില്ല. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എല്ലാം അപ്രത്യക്ഷമായി, ഭക്ഷ്യക്ഷാമം കുറഞ്ഞു. ഓഫീസുകൾ ശരിക്കു പ്രവർത്തിക്കാൻ തുടങ്ങി. സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കി എന്നത് അനിഷേധ്യമായ വസ്തുതയാണ്, നമ്മുടെ മഹാ ബുദ്ധിജീവികൾ അതു ചൂണ്ടിക്കാട്ടിയാൽ ഉറഞ്ഞു തുള്ളുമെങ്കിലും.
പിന്നീട് വന്നവർ അധികാരം കുരങ്ങന്റെ കയ്യിൽ കിട്ടിയ മാലയാക്കിയപ്പോൾ ജനം നിസ്സംശയം അവരെ തിരിച്ചുകൊണ്ടു വന്നത് അവരുടെ നേതൃത്വ ഗുണത്തിന്റെ ചരിത്രസാക്ഷ്യമാണ്.