Search This Blog

Wednesday, April 15, 2020

പെദ്രോ പരാമോ (Pedro Paramo) by ഹുവാൻ റുൾഫോ (Juan Rulfo)

ഓൺലൈനിൽ ആരുടേയോ പോസ്റ്റിലൂടെയാണ് ഈ കൃതിയെപ്പറ്റി അറിഞ്ഞത്. നൂറിൽ താഴെ മാത്രം പുറങ്ങളുള്ള, ഹുവാൻ റുൾഫോ (Juan Rulfo)  എന്ന മെക്സിക്കൻ എഴുത്തുകാരന്റെ ഈ നോവൽ വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നു നൽകുന്നു. പുറമേയ്ക്ക് deceptively simple എന്നു പറയാറുള്ള തരത്തിലുള്ള അയത്നലളിതവും ഭാവാത്മകവുമായ ഭാഷ നമ്മെ ഹഠാദാകർഷിക്കുമെങ്കിലും നോവലിന്റെ അതിസങ്കീർണ്ണമായ രൂപഘടന നമുക്ക് അത്രയൊന്നും എളുപ്പത്തിൽ വഴങ്ങുകയില്ല. ഒരു പക്ഷെ, അതുതന്നെയായിരിക്കും ഈ കൃതിയുടെ ഒരു പരിമിതിയും.
മരണശയ്യയിൽ കിടക്കുന്ന അമ്മയുടെ നിർദ്ദേശപ്രകാരം അച്ഛൻ പെദ്രോ പരാമോയെ. കാണാൻ പ്രേതഭൂമിയായ കൊമാലയിലേക്കു പോകുന്ന ഹുവാൻ പ്രെസ്യാദോ സ്വന്തം അനുഭവം പറയുന്നപോലെയാണ് നോവൽ ആരംഭിക്കുന്നത്. അയാൾ ഒരു കഴുതവണ്ടിയിൽ കയറി അവിടെയെത്തുകയും അമ്മ പറഞ്ഞ ഒരു സ്ത്രീയെ കണ്ടെത്തുകയും അവരുടെ വീട്ടിൽ താമസിക്കുകയും ചെയ്യുന്നു. അവരിലൂടെ, താമസിയാതെ നാം അറിയുന്നു, അയാളുടെ അച്ഛനും കഴുതവണ്ടിക്കാരനും അവർ തന്നെയും എന്നോ മരിച്ചുപോയവരാണെന്ന്. പിന്നീടങ്ങോട്ട്, ഭൂതവും വർത്തമാനവും ഇടകലർന്ന സ്വപ്നസദൃശമായ, കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദി പോലെ, അദ്ധ്യായങ്ങളുടെ ഇടവേളയില്ലാത്ത, ആഖ്യാനത്തിന്റെ ഒരു കുത്തൊഴുക്കാണ്.
വന്നും പോയും കൊണ്ടിരിക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ, ചെറുതും വലതുമായ സംഭവങ്ങളിലൂടെ നാടു മുഴുവൻ കയ്യടക്കിയ, സ്ത്രീലമ്പടനും സാഹസികനുമായ പെദ്രോ പരാമോയുടെ കഥ പറയുന്നു ഈ നോവൽ. പകുതി വെച്ച്, തുടക്കത്തിലെ ആഖ്യാനകാരനായ മിഗേൽ മരിക്കുന്നു. തുടർന്നുള്ള ആഖ്യാനം പ്രഥമ പുരുഷനിൽ നോവലിസ്റ്റ് ഏറ്റെടുക്കുന്നു. 
എന്നാൽ, ഈ വീരനായകന്റെ ചിരകാലകാമുകിയായ സൂസനായാവട്ടെ, മറ്റൊരാളുമായി ഗാഢപ്രേമത്തിലൂടെ വിവാഹിതയാണ്. ഒടുവിൽ, ഭർത്താവിന്റെ മരണ ശേഷം, അവസാനനാളുകളിൽ പെദ്രോവിന്റെ ഭാര്യയാകുന്നുവെങ്കിലും അവർ മാനസികവിഭ്രാന്തിയിലൂടെ മുൻ ഭർത്താവിന്റെ കൂടെത്തന്നെയാണ്. അവിടെയാണ് നമ്മുടെ വീരനായകൻ ശരിക്കും പരാജയപ്പെടുന്നത്. 
ഇതിനിടയിൽ മെക്സിക്കൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നു. വിപ്ലവകാരികളെ പെദ്രോ പണം കൊടുത്തു വശത്താക്കി സ്വന്തം സുരക്ഷ ഉറപ്പിക്കുന്നു. തുടർന്ന് ഗ്രാമം കൊളളയടിച്ച് പണമുണ്ടാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
സൂസന്നയുടെ മരണത്തിൽ ഗ്രാമം അനുശോചിക്കുന്നതിനുപകരം ജനം ഫിയസ്റ്റ ആഘോഷിക്കുന്നു. ഇത് പെദ്രോയെ കോപാകുലനാക്കുന്നു. അയാൾ നാടിനുവേണ്ടി ചെയ്യുന്നതെല്ലാം പിൻവലിക്കുകയും നാട് മഹാദുരനത്തിലേക്കു കൂപ്പുകുത്തുകയും ശ്മശാനഭൂമിക്കു സമാനമാവുകയും ചെയ്യുന്നു.
ഒടുവിൽ, പെദ്രോ യെ അയാളുടെ അവിഹിതബന്ധത്തിലെ പുത്രൻ കുത്തിക്കൊല്ലുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.


ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതാൻ  പ്രചോദനമാകും വിധം മാർക്കേസിനെ അങ്ങേയറ്റം സ്വാധീനിച്ച  കൃതിയാണിത്. ഒരു പക്ഷെ, അല്പം അതിശയോക്തിയാവാം, അദ്ദേഹത്തിന് ഈ കൃതി മുന്നോട്ടും പിന്നോട്ടും ഹൃദിസ്ഥമായിരുന്നു എന്നു പറയപ്പെടുന്നു.
1960കളിലും (ഈ കൃതി 1955ലാണ് പ്രസിദ്ധീകരിച്ചത്.) മറ്റും വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന വായനക്കാരന് പെട്ടെന്ന് പിടികൊടുക്കാത്ത അത്യന്താധുനിക ശൈലിയെ അനുസ്മരിക്കുന്നു ഈ കൃതി. അതിനാൽ, ഈ കൃതി സൂക്ഷ്മമായ പഠനവും വ്യാഖ്യാനവും ആവശ്യപ്പെടുന്നു.



മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ എഴുതുന്നു: മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ എഴുതുന്നു:
എഴുത്തിന്റെ പൂർണ്ണരൂപം:
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി(ലക്കം 1,2, 3) മഹാഭാരതപഠനത്തിൽ ശ്രീ കെ സി നാരായണൻ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ) ധർമ്മപുത്രരുടേയും അർജ്ജുനന്റേയും അഹിംസാവാദത്തേയും അശോക ചക്രവർത്തിയുടെ അഹിംസാനിലപാടും ബുദ്ധമതസ്വാധീനവുമായി താരതമ്യം ചെയ്തുകൊണ്ട് മഹാഭാരതം വൈദികബ്രാഹ്മണമതത്തിന്റെ ബുദ്ധമതത്തിന്മേലുള്ള വിജയത്തെ ആവിഷ്ക്കരിക്കുന്നു എന്ന് വിശദീകരിക്കുന്നു. എന്നാൽ, ഇത് പരിമിതവും ഭാഗികവുമായ ഒരു വീക്ഷണമല്ലേ ആവുന്നുള്ളു എന്ന ഒരു സംശയം ബാക്കിയാവുന്നു.
വാസ്തവത്തിൽ, ധർമ്മപുത്രരും അർജ്ജൂനനും മുന്നോട്ടുവെക്കുന്ന ഈ വിഷാദയോഗം പാണ്ഡവപക്ഷത്തെ അന്തർസംഘർഷത്തെയല്ലേ വരച്ചു കാട്ടുന്നത് ? അല്ലാതെ അത് മൊത്തം മഹാഭാരതത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടാ? പ്രസ്തുത സംഘർഷത്തെ ഗവേഷണബുദ്ധിയോടെ, അക്കാലത്തെ വൈദിക മതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷമായും വൈദികമതത്തിന്റെ വിജയമായും വിലയിരുത്തുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ, അത് അങ്ങനെ മാത്രമാണ് എന്നും പറയാൻ കഴിയില്ല. കാരണം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു കുടുംബവഴക്കുണ്ടാവുമ്പോൾ ഉള്ളിൽ നന്മയുള്ളവരുടെ ഭാഗത്ത് ഈ സംഘർഷം സ്വാഭാവികമായും ഉടലെടുക്കും.
മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിൽത്തന്നെയാണല്ലോ. അവിടെ, വൈദിക മതവും ബുദ്ധമതവുമൊന്നുമില്ല. നിരന്തരമായി അധർമ്മത്തിന്റേയും അനീതിയുടെയും ഇരകളായിട്ടുപോലും, യുദ്ധം വേണോ എന്ന ശങ്ക ഉള്ളിൽ നന്മയുള്ള പാണ്ഡവപക്ഷത്തു മാത്രമേയുള്ളു. കൗരവപക്ഷത്ത് ധർമ്മജ്ഞരും ജ്ഞാനവൃദ്ധരുമായ മഹാപ്രാജ്ഞരെല്ലാം തന്നെ അധർമ്മത്തിന്റെ ആസുരശക്തിക്കൊപ്പം വെറും ആശ്രിതത്വത്തിന്റെ പേരിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കള്ളച്ചൂത്, പാഞ്ചാലീവസ്ത്രാക്ഷേപം, അരക്കില്ലവധശ്രമം, രാജ്യാവകാശനിഷേധം എന്നിങ്ങനെ അധർമ്മപരമ്പര അരങ്ങു തകർക്കുമ്പോഴൊന്നും കൗരവപക്ഷത്ത് ധർമ്മാധർമ്മസംഘർഷങ്ങളില്ല,സന്ദേഹങ്ങളില്ല. അഥവാ, അധർമ്മത്തെ ചെറുത്തു നില്ക്കാനാവാതെ എല്ലാവരും മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്ണന്റെയും ഗീതോപദേശത്തിന്റേയും പ്രസക്തി.
ധർമ്മശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ആസുരശക്തി സർവ്വസന്നാഹങ്ങളുമായി മറുവശത്ത് അണിനിരന്നിരിക്കുമ്പോൾ, അർജ്ജുനൻ ആയുധംവെച്ച് കീഴടങ്ങുകയാണെങ്കിൽ എന്താണ് സംഭവിക്കുക?
ബുദ്ധധർമ്മം അല്ലെങ്കിൽ, ഗാന്ധിമാർഗ്ഗം പാലിച്ച്, ഹിറ്റ്ലറോട് യുദ്ധം ചെയ്യാൻ സഖ്യശക്തികൾ ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കിൽ എന്തു സംഭവിക്കും?
ഭീഷ്മ ഉപദേശത്തിന്റെ അവസ്ഥയും ഇതു തന്നെ. യുദ്ധം നടന്നു, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. പിന്നെ, രാജ്യം വേണ്ട എന്നു പറയുന്നതിലെ നിരർത്ഥകത മനസ്സിലാക്കാൻ ലളിതമായ സാമാന്യയുക്തി മാത്രം മതി. ഇത്തരം ഒരു തീരുമാനം ആരേയാണ് സഹായിക്കുക?
ഇനി, ധർമ്മപുത്രർ അശോകചക്രവർത്തിയുടെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ട ബുദ്ധമത പ്രതിനിധിയാണെന്നും ബുദ്ധമതത്തെ വൈദിക ബ്രാഹ്മണമതം കീഴടക്കുകയാണ് മഹാഭാരതം മുന്നോട്ടുവെക്കുന്ന സന്ദേശം എന്നും കരുതുക. അങ്ങനെയെങ്കിൽ, ധർമ്മരാജാവിന്റെ പുത്രനായി വിശേഷിപ്പിക്കപ്പെടുന്ന ധർമ്മപുത്രനെ മഹാഭാരതത്തിലാകെ ഏറ്റവും മഹത്വപൂർണ്ണമായ കഥാപാത്രമായി ആവിഷ്ക്കരിച്ചതെന്തുകൊണ്ടാണ്? ധർമ്മപുത്രർ എന്ന കഥാപാത്രത്തിന് തുടക്കത്തിലും ഒടുക്കവും (ലേഖകൻ പറയുന്നതു പോലെ വൈദികബ്രാഹ്മണമതത്തിനു കീഴടങ്ങി എന്നനുമാനിക്കുന്നതിനു ശേഷം) എന്തെങ്കിലും മാറ്റമുണ്ടോ? സ്വത:സിദ്ധമായ സ്വഭാവസവിശേഷതകളോടുകൂടിയ ധർമ്മപുത്രർക്കു തന്നെയല്ലേ മഹാഭാരതത്തിൽ ആത്യന്തികവിജയം? അപ്പോൾ ആര് ആരെയാണ് കീഴടിക്കിയത്?
കഴിഞ്ഞ ലക്കത്തിൽ ചാർവാകൻ ധർമ്മപുത്രരെ ജ്ഞാതിഘാതകനും നിന്ദ്യനും മരണാർഹനുമാണെന്ന് ഭർത്സിക്കുന്നു. എന്നാൽ, അതിൽ പുതുമയൊന്നുമില്ല. ധർമ്മപുത്രർ തന്നെ അങ്ങനെ വിഷാദിക്കുന്നവനാണ്. ചാർവാകൻ പറയുമ്പോഴും ധർമ്മപുത്രർ അതോർത്തു ദുഃഖിക്കുന്നു. എന്നാൽ, കൂടെയുള്ള ബ്രാഹ്മണരെല്ലാം ഇതേ അഭിപ്രായക്കാരാണ്, അവരുടെ പ്രതിനിധിയാണ് താൻ എന്ന ചാർവാകന്റെ അവകാശവാദം വ്യാജമാണെന്ന് അപ്പോൾത്തന്നെ തെളിയുന്നു. അതായത്, ദുര്യോധനന്റെ കുബുദ്ധി തന്നെയാണ് ഇദ്ദേഹത്തിലൂടെ പ്രവർത്തിക്കുന്നത്. ഇതിലുപരി, ദുര്യോധനപക്ഷത്ത് എവിടെയാണ് നാസ്തിക, വിയോജക മതങ്ങൾ?
ഗവേഷണകുതുകികൾക്ക് എങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. പാണ്ഡവപക്ഷത്തെ സംഘർഷം വൈദികബൗദ്ധികസംഘർഷമായി വ്യഖ്യാനിക്കാമെങ്കിലും മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിലുള്ളതാണ്, നന്മയും തിന്മയും തമ്മിലുള്ള കാലാതിവർത്തിയായ സംഘർഷമാണെന്നത് പകൽ പോലെ വ്യക്തമാണ്.
അതുകൊണ്ടു തന്നെയാണ്, വൈദികബ്രാഹ്മണമതത്തിനും ബുദ്ധമതത്തിനും യാതൊരു പ്രസക്തിയുമില്ലാത്ത ഈ 21ാം നൂറ്റാണ്ടിലും ഈ പ്രാചീന ഇതിഹാസം നിലനില്ക്കുന്നതും കൂടുതൽ വായിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും.
പരമേശ്വരൻ