പ്രകൃതിയുടെ വഴികൾ എത്ര ആശ്ചര്യകരം!
മനുഷ്യൻ തന്റെ സൃഷ്ടി എന്നഭിമാനിക്കുന്ന ശാസ്ത്രത്തിന്റെ അനന്തമായ പടവുകൾ ഒന്നൊന്നായി കയറി ദൈവത്വത്തിലെത്താൻ ശ്രമിക്കുമ്പോൾ, ഈ പ്രപഞ്ചം മുഴുവൻ തന്റെ ചുറ്റും തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു ധരിച്ചു വശാവുമ്പോൾ, ഇതാ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ജീവൻ പോലുമില്ലാത്ത ഒരു അണുശകലം മനുഷ്യൻ കെട്ടിപ്പൊക്കിയ ബാബിലോൺ കോട്ട ഒരു ചീട്ടു കൊട്ടാരംപോലെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുന്നു! ലോകത്താകമാനമുള്ള മനുഷ്യന്റെ എല്ലാവിധ പ്രവർത്തനങ്ങളും നിശ്ചലമാക്കി, അവനെ സ്വന്തം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ബന്ദിയാക്കിയിരിക്കുന്നു.
ഒരു പക്ഷെ, ഏതാനും ആഴ്ചകൾക്കെങ്കിലും ഭൂമിയെ മനുഷ്യേതരപ്രകൃതിക്കു വിട്ടു നല്കിയിരിക്കുന്നു. അങ്ങനെ, മനുഷ്യൻ പ്രകൃതിക്കേല്പിച്ച കനത്ത ആഘാതത്തിന് വളരെ നിസ്സാരമായ അളവിലെങ്കിലും, പരിഹാരമുണ്ടാക്കുന്നു. ഇത് മുന്നോട്ടുള്ള പാതയിൽ, മനുഷ്യനെ സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടിത്തന്നെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധേയമായ വസ്തുത ലോകം തങ്ങളുടെ കൈപ്പിടിയിലാണെന്ന് അഹങ്കരിക്കുകയും അത് അങ്ങനെത്തന്നെ നിലനിർത്താൻ എന്തു കുത്സിത പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരെയുമാണ് ഈ അണുശകലം ഏറ്റവുമധികം ബാധിച്ചത് എന്നതാണ്.
ലോകം മുഴുവൻ നിമിഷങ്ങൾക്കുള്ളിൽ ചുട്ടെരിക്കാൻ കഴിയും എന്ന അഹങ്കാരത്തോടെ ആയിരക്കണക്കിനു അണ്വായുധങ്ങൾ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന മഹാശക്തികൾ ഈ അണുശകലത്തിനു മുന്നിൽ നിരായുധരാവുന്നു. എല്ലാവിധ രോഗബാധകളേയും സ്വന്തം സൃഷ്ടിയായ ആരോഗ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ തൂത്തെറിഞ്ഞു എന്നഭിമാനിക്കുന്നവർ ഈ അണുശകലത്തിന്റെ നിസ്സാര പ്രയോഗമായ ജലദോഷപ്പനിതൊണ്ടവേദനക്കു മരുന്നില്ലാതെ അന്ധാളിച്ചു നില്ക്കുന്നു.
മനുഷ്യന്റെ മറ്റൊരു സൃഷ്ടിയായ മതവും ദൈവവും ദേവാലയങ്ങളും നിശ്ചലമായിരിക്കുന്നു. സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി ഈശ്വരനു സേവ ചെയ്യുന്ന ഭക്തരെ ദേവാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. ഒപ്പം ദൈവത്തിന്റെ ഏജൻസി ഏറ്റെടുത്തിരിക്കുന്ന ആൾ ദൈവങ്ങളും സ്വന്തം ഭക്തരെ അവരുടെ പാട്ടിനു വിട്ട് സ്വന്തം കൊട്ടാരങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നു
അനിതരസാധാരണവും അഭൂതപൂർവ്വവുമായ തന്റെ മഹത്തായ സിദ്ധികളെ നില മറന്ന് ദുരുപയോഗം ചെയ്ത് ഭൂമിയും അന്തരീക്ഷവും അടങ്ങുന്ന മൊത്തം പരിസ്ഥിതിവ്യവസ്ഥയെയാകെ തകിടം മറിച്ച്, തികച്ചും ബുദ്ധിശൂന്യമായി സർവ്വനാശത്തിലേക്കു കുതിക്കുന്ന മനുഷ്യ സമൂഹത്തെ മാത്രമാണ് ഈ അണുശകലം ലക്ഷ്യം വെക്കുന്നത് എന്നോർക്കുക. അതേസമയം, ഒരു യുദ്ധംപോലെയോ, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾപോലെയോ ഇത്, കാലാകാലങ്ങളായി മാനവരാശി ആർജ്ജിച്ച മനുഷ്യനിർമ്മിതമായ യാതൊന്നിനേയും സ്പർശിക്കുകപോലും ചെയ്യുന്നില്ല എന്നത് ചിന്തനീയമായ യാഥാർത്ഥ്യമാണ്. അതായത്, ഈ മഹാവ്യാധി പിൻവാങ്ങുമ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സാധാരണജീവിതത്തിലേക്കു തിരിച്ചു പോകാൻ പ്രകൃതി മനുഷ്യന് ഒരവസരം കൂടി നല്കുന്നു. എന്നാൽ, അത്, നീയൊക്കെ ഇത്രയേയുള്ളു, 'കൊഞ്ചൻ തുളള്യാൽ ചട്ട്യോളം' എന്നു പറഞ്ഞപോലെ ഏതു സമയവും എന്റെ പിടിയിലൊതുങ്ങും എന്ന ഒരു മുന്നറിയിപ്പോടുകൂടിയാണെന്നു മാത്രം.
അതിനു ചെവി കൊടുക്കണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.
30/3/2020