Search This Blog

Friday, December 25, 2020

സംസ്കൃതഭാഷയുടെ നിലനില്പ്

സംസ്കൃതഭാഷയ്ക്ക് ഇനി ലോകത്ത് ഒന്നും ചെയ്യാനില്ല എന്ന അസംബന്ധചിന്ത തന്നെയാണ് ഇന്ന് ഈ ഭാഷയെ നശിപ്പിക്കുന്നത്. അത് അങ്ങനെയൊന്നും നശിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യയിലാകമാനം എത്രയോ സംസ്കൃത സർവ്വകലാശാലകളുണ്ട്, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. കർണ്ണാടകത്തിലോ മറ്റോ സംസ്കൃതം മാത്രം പറയുന്ന ഗ്രാമമുണ്ട്. സംസ്കൃതഭാഷയിലെ നൂറുകണക്കിന് ശാസ്ത്രീയ ഗാനങ്ങൾ എത്രയോ വേദികളിൽ അരങ്ങുതകർക്കുന്നുണ്ട്, ദാവിതലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളടക്കം. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യം തത്വചിന്ത മുതലായ പ്രാചീനശാസ്ത്രശാഖകളിലൂടെ പുത്തൻ അറിവുകൾ ആധുനിക തലമുറകൾക്ക് പകർന്നു നല്കാൻ പര്യാപ്തമായ ഗ്രന്ഥശേഖരങ്ങൾ എവിടെയെങ്കിലുമൊക്കെ ആധുനിക ഗവേഷകരെ കാത്തിരിക്കുന്നുണ്ടാവാം. ഇന്നും ഔദ്യോഗികമായി പ്രയോഗത്തിലുള്ള ആയുർവ്വേദ മൂലഗ്രന്ഥങ്ങളെല്ലാം സംസ്കൃത ഭാഷയിലാണ്. വസ്തുതകൾ ഇതായിരിക്കെ, പണ്ട് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു ഒരു ഭാഷയെ എഴുതിത്തള്ളാൻ ശ്രമിക്കുന്നത് നമ്മുടെ കഴിവല്ല, ബുദ്ധിയല്ല, മറിച്ച്, കഴിവുകേടും ബുദ്ധിശൂന്യതയുമാണ്. നമ്മുടെ കൊളോണിയൽ അടിമമനസ്സാണ് അതു വെളിപ്പെടുത്തുന്നത്. നമ്മുടേതായ എല്ലാ കാര്യങ്ങളിലുമെന്നപോലെ സായിപ്പ് പറഞ്ഞാലേ നമ്മുടെ കണ്ണു തുറക്കുകയുള്ളു. എന്തൊക്കെപ്പറഞ്ഞാലും,ബുദ്ധിജീവികളെന്ന് നമ്മൾ കരുതുന്ന സായിപ്പിന്റെ പ്രാചീനഗ്രീക്ക് ലാറ്റിൻ ഭാഷകളടക്കം ഈജിപ്ഷ്യൻ, മായൻ എന്നിങ്ങനെ ലോകത്തിലെ ഏതു പ്രാചീനഭാഷകളേക്കാൾ വലിയ സജീവസാന്നിദ്ധ്യം സംസ്കൃതത്തിന് ഇന്ന് ഇന്ത്യയിലുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇത്രയുമായ സ്ഥിതിക്ക് ഇനി ആ ഭാഷയെ നശിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.

No comments: