പ്രിയ പത്രാധിപർ,
പ്രസിദ്ധ സാഹിത്യകാരൻ ശ്രീ കെ എൽ മോഹനവർമ്മയുമായി കെ. സി. സുബി നടത്തിയ അഭിമുഖം ( ആത്മകഥ ക്രിസ്പായി പറയാം: ഐ വാസ് വെരി ഹാപ്പി - ലക്കം 35) ഓർമ്മകളെ ദശാബ്ദങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. 1980കളിൽ എറണാകുളത്ത് കാരിക്കാമുറി ക്രോസ് റോഡിൽ എം വി ദേവൻ, കലാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കേരള കലാപീഠം എന്ന വളരെ വ്യത്യസ്തമായ കലാസ്ഥാപനത്തിൽ വെച്ച് മിക്കവാറും നിത്യസന്ദർശകൻ എന്നു പറയാവുന്ന ശ്രീ കെ എൽ മോഹനവർമ്മയെ പല തവണ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എഴുത്തുകാരൻ എന്നറിയാമെങ്കിലും ഓഹരി എന്ന നോവലിലൂടെ പ്രശസ്തനാവുന്നതിനു വളരെ മുമ്പായിരുന്നു അത്. കല, സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽപ്പെട്ട പല പ്രശസ്തരുടെ പ്രഭാഷണങ്ങളും അനൗപചാരിക കൂടിക്കാഴ്ചകളും കലാ പ്രദർശനങ്ങളുമെല്ലാം അരങ്ങേറിയിരുന്ന അവിടെ അരങ്ങത്ത് എന്നതിലേറെ സദസ്സിലെ നർമ്മ സംഭാഷണങ്ങളിലായിരുന്നു ശ്രീ മോഹനവർമ്മയുടെ സ്ഥാനം. മിക്കവാറും പരിപാടി ആരംഭിക്കുന്നതിനു അല്പം മുമ്പുതന്നെ എത്തുമായിരുന്ന അദ്ദേഹത്തിന്റെ പല വിഷയങ്ങളെപ്പറ്റിയുള്ള സൗഹൃദസംഭാഷണങ്ങൾ ഇന്നും ഓർക്കുന്നു. പ്രസന്നവും പ്രസാദാത്മകവുമായ തുറന്ന മനസ്സിന്റെ ഉടമയായ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നീട്, വർഷങ്ങൾക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വന്ന ഓഹരി എന്ന നോവലിലൂടെത്തന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. മലയാള നോവലിന് ഒരു പുതിയ സാദ്ധ്യത നല്കുന്ന ലളിതവും ചടുലവുമായ ശൈലിയിൽ രചിക്കപ്പെട്ട പ്രസ്തുത നോവൽ ആവേശത്തോടു കൂടിയാണ് വായിച്ചത്.
ദശാബ്ദങ്ങൾക്കുശേഷം ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ചപ്പോൾ ആ പഴയ മോഹനവർമ്മയുടെ പ്രസന്നമായ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. 84ാം വയസ്സിലും യുവത്വത്തിന്റെ ഊർജ്ജസ്വലതയും തുറന്ന മനസ്സും അദ്ദേഹത്തിന്റെ വാക്കുകളിൽ തുടിച്ചുനില്ക്കുന്നതായി അനുഭവിച്ചറിയുന്നു. കുറേക്കൂടി അനുഭവങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തിൽനിന്ന് വായനക്കാർക്കു ലഭിക്കുന്ന വിധം അഭിമുഖം തുടരേണ്ടതായിരുന്നു എന്നു തോന്നി. പകരം, അത് വളരെ 'ക്രിസ്പാ'യിപ്പോയി എന്ന ഒരു തോന്നൽ അവശേഷിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഈ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
പരമേശ്വരൻ
14/11/2020
24/11/2020ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു
No comments:
Post a Comment