Search This Blog

Wednesday, September 23, 2020

The Death of Ivan ||ych

ലിയോ ടോൾസ്റ്റോയിയുടെ അനന്യമായ ഒരു രചനയാണ് 1885ൽ പ്രസിദ്ധീകരിക്കപ്പെട്ട  The Death of Ivan Illych എന്ന ചെറുനോവൽ. ഇതിന്റെ ഇതിവൃത്തം ഒറ്റനോട്ടത്തിൽ വളരെ ലളിതമാണ്. സ്വപ്രയത്നത്തിലൂടെ പടിപടിയായി ഉന്നത ഉദ്യോഗസ്ഥനാവുകയും സമൂഹത്തിലെ ഉന്നതശ്രേണിയിലെത്തപ്പെടുകയും യാതൊരു തടസ്സവൂമില്ലാതെ ഇഷ്ടപ്പെട്ട സ്ത്രീയും രണ്ടു കുട്ടികളുമൊത്ത് കുടുംബജീവിതം നയിക്കുകയും ചെയ്യുന്ന ഇവാൻ ഇല്ലിച്ച് എന്ന കഥാനായകൻ പൊതുവെ സമൂഹത്തിൽ സാധാരണം എന്നു തോന്നാവുന്ന ദാമ്പത്യസ്വരച്ചേർച്ചയിൽപെട്ട് വലയുന്നു. എന്നാൽ, അതിനെക്കാളേറെ അയാളുടെ ജീവിതം മാറ്റിമറിച്ചത് ഒരു ചെറിയ വീഴ്ചയെത്തുടർന്നുണ്ടായ ദുരൂഹമായ രോഗാവസ്ഥയാണ്. 
അതോടെ, കുടുംബം വൈകാരികമായി അകന്നു പോവുകയും താൻ ഒറ്റപ്പെടുകയും ചെയ്തു എന്ന ബോധം അയാളെ കീഴടക്കുന്നു. അയാൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല എന്ന സ്വാന്തനവാക്കുകൾ മരണോന്മുഖനായ അയാളിൽ വിപരീത ഫലമാണ് ഉളവാക്കുന്നത്. സമർപ്പണബോധത്തോടെ അയാളെ പരിചരിക്കുന്ന ജെറാസിം എന്ന ഭൃത്യൻ മാത്രമാണ് അയാളിൽ അല്പമെങ്കിലും സ്വാന്തനം പകരുന്നത്. ഡോക്ടർമാർ മാറിമാറി വരുന്നുണ്ടെങ്കിലും അവർക്കൊന്നും അയാളുടെ മരണോന്മുഖതയുടെ കെട്ട് പൊട്ടിക്കാൻ കഴിയുന്നില്ല.
തുടർന്ന് അയാൾ പതുക്കെ, പതുക്കെ ജീവിതവുമായുള്ള പിടുത്തം വിട്ട് വഴുതി, വഴുതി മരണത്തിലേക്കു പതിക്കുന്നു.
ശാരീരികമായ വേദന അയാളെ തളർത്തുന്നുണ്ടെങ്കിലും അതിനേക്കാളെല്ലാമുപരി അയാളെ മഥിക്കുന്നത് ജീവിതവും മരണത്തിനിടയിലുമുള്ള അനിശ്ചിതത്വവും അന്തർസംഘർഷങ്ങളും സൃഷ്ടിക്കുന്ന അസ്തിത്വവ്യഥകളാണ്. ജീവിതം മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി മാറുന്നു. ഇവിടെയാണ് നോവൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉയർന്നുവന്ന അസ്തിത്വപ്രശ്നത്തിന്റെ ഭാവുകത്വം സ്വീകരിക്കുന്നത്. കപടവും സ്നേഹശൂന്യവുമായ ജീവിതം വെറും പൊയ്ക്കോലം പോലെ വ്യാജമായിരുന്നു എന്ന ചിന്ത നിരന്തരമായി അയാളെ വേട്ടയാടുന്നു. ആ വിധത്തിൽ നോക്കിയാൽ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കമ്മുവും കാഫ്കയും സാർത്രുമെല്ലാം മുന്നോട്ടു വെച്ച അസ്തിത്വചിന്ത വിഷയകമായ നോവലുകളുടെ മുൻഗാമിയാണെന്നു പറയാം. 
നോവലിന്റെ ശൈലിയിലും പ്രകടമായ വ്യത്യസ്തതയുണ്ട്. കൃതിയുടെ പകുതിയോളം വരെ, അതായത്, കഥാനായകന്റെ ജീവിതം സുഗമമായി അഭിവൃദ്ധി പ്രാപിക്കുന്ന ഭാഗത്ത്, ആഖ്യാനപരമായ ശൈലി പിന്തുടരുമ്പോൾ, രണ്ടാം പാദത്തിൽ, വ്യക്തിനിഷ്ഠമായ സംഘർഷങ്ങൾ പ്രാമുഖ്യം നേടുമ്പോൾ ഭാഷ ഭാവാത്മകമാവുന്നു. 
ഇവാന്റെ മരണത്തിനുശേഷം ഫ്ലാഷ് ബാക്ക് രീതിയിലാണ് കഥ പുരോഗമിക്കുന്നത്. അക്കാലത്ത്, ഒരു പക്ഷേ, അതു പുതുമായായിരിക്കാമെങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ യഥാതഥമായി, ആ ആദ്യഭാഗം അവസാനത്തിലേക്കു മാറ്റുകയല്ലേ ഉചിതം എന്നു തോന്നാം. 
എന്തുതന്നെയായാലും, പത്തൊമ്പതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതിക്ക്, വൃദ്ധർക്കും രോഗികൾക്കും ആശ്രയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, വൃദ്ധസദനങ്ങൾ പെരുകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മുമ്പെന്നത്തേക്കാളേറെ പ്രസക്തിയുണ്ട് എന്ന് നിസ്സംശയം പറയാം.

No comments: