സരമാഗുവിന്റെ The Cave എന്ന കൃതി രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും സർഗ്ഗാത്മകതയുടെ എല്ലാ മേഖലകളിലും പരീക്ഷണങ്ങൾ അരങ്ങേറിയ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലെ കൃതികളെ ഓർമ്മിപ്പിക്കുന്ന ഒരു ആധുനിക ക്ലാസ്സിക്കാണെന്നു പറയാം.
വലിയ വലിയ സംഭവങ്ങളോ, കഥാപാത്രങ്ങളുടെ വലിയ നിരയോ ഇല്ലാതെ, ചെറിയൊരു കഥാതന്തു നിരീക്ഷണങ്ങൾകൊണ്ടും ചിന്തകൾകൊണ്ടും സാഹചര്യവിവരണങ്ങൾകൊണ്ടും പൊലിപ്പിച്ച് ഒരു നോവലാക്കുക എന്നത് ചില പുരാതനവും ആധുനികവുമായ ക്ലാസ്സിക്കുകളുടെ ശൈലിയാണ്. അത്തരമൊരു ശൈലിയാണ് ഹോസെ സരമാഗുവിന്റെ കേവ് (The Cave by Jose Saramago) എന്ന നോവൽ പിന്തുടരുന്നത്.
ഒരു ചെറുകഥയിലൊതുക്കാവുന്ന, വളരെ പരിമിതമായ ഒരു കഥാന്തരീക്ഷത്തിൽ, ഭാഷയുടെ വ്യത്യസ്തത കൊണ്ടും സൂക്ഷ്മമായ നിരീക്ഷണങ്ങളും വിവരണങ്ങളും കൊണ്ടും പൊലിപ്പിച്ചുകൊണ്ട് മുന്നൂറിനടുത്ത് പുറങ്ങളുള്ള ഒരു നോവലായി വികസിപ്പിച്ചിരിക്കുന്നു.
പഴയ രീതിയിൽ പ്രവർത്തിക്കുന്ന ഒരു മൺപാത്രനിർമ്മാതാവായ സിപ്രിയാനോ അൽ ഗോർ, അയാളുടെ മകൾ മാർത്ത, ഷോപ്പിങ് സെന്ററിലെ കാവൽക്കാരനായ ജാമാതാവ് മാർതേസ് എന്നിവരാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. സിപ്രിയാനോയുടെ ഭാര്യ മുമ്പേ മരിച്ചുപോയി. ജാമാതാവ് അവരുടെ കൂടെയാണ് താമസം. ജോലിസ്ഥലത്ത് താമസിക്കുന്ന അയാളെ എല്ലാ ആഴ്ചയും സിപ്രിയാനോ തന്റെ വാനിൽ കൊണ്ടു വിടുകയും തിരിച്ച് കൊണ്ടുവരികയും ചെയ്യുന്നു. കൂട്ടത്തിൽ, തന്റെ ഉല്പന്നങ്ങൾ സെന്റർ വഴി വിപണനം ചെയ്യുകയും പതിവാണ്. എന്നാൽ, ആവശ്യക്കാരില്ലാത്തതിനാൽ, ഒരു ദിവസം സെന്റർ പാത്രവില്പനക്കരാർ അവസാനിപ്പിക്കുന്നു. തുടർന്ന്, അച്ഛനും മകളും കൂടി കളിമണ്ണുകൊണ്ടുള്ള പാവകൾ എന്ന പുതിയ പദ്ധതിയുമായി സെന്ററിനെ സമീപിക്കുകയും സാമ്പിളുകൾ സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ , നിർഭാഗ്യവശാൽ, ഉപഭോക്താക്കൾക്കിടയിൽ നടത്തിയ ഒരു സർവ്വെയ്ക്കു ശേഷം ആ സംരംഭവും നിരസിക്കപ്പെടുന്നു.
ഇതിനിടയിൽ, സിപ്രിയാനോ യാദൃച്ഛികമായി അയൽപക്കത്തുള്ള ഇസൂറ എന്ന വിധവയുമായി അടുപ്പത്തിലാവുന്നു.
ഈ സമയം മാർതേസിന് ജോലിക്കയറ്റം കിട്ടി, സെന്ററിന്റെ വക താമസസൗകര്യം ലഭിക്കുന്നു. മാർതേസിന്റെ രക്ഷിതാക്കൾ അയാളോടൊപ്പം താമസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും സൗകര്യക്കുറവുകാരണം മാർത്തയും സിപ്രിയാനോവും മാത്രം അങ്ങോട്ടു താമസം മാറ്റുന്നു.
അധികം താമസിയാതെ, സിപ്രിയാനോ അവിടം മടുത്ത് തിരിച്ചു പോരുകയും ഇസുറയുമൊത്ത് താമസമാവുകയും ചെയ്യുന്നു. തുടർന്ന്, മാർത്തേസ് ജോലി രാജി വെക്കുകയും തിരിച്ചു വന്ന് എല്ലാവരും കൂടി സിപ്രിയാനോയുടെ വണ്ടിയിൽ യാത്ര പുറപ്പെടുന്നതോടു കൂടി നോവലവസാനിക്കുന്നു.
അവസാനത്തെ രണ്ടു അദ്ധ്യായങ്ങളിൽ മാത്രമാണ് ഗുഹയെപ്പറ്റിയുള്ള സംഭവം നടക്കുന്നത്.
നിരൂപകർക്ക് വേണമെങ്കിൽ വലിയ വ്യാഖ്യാനങ്ങൾ നൽകി പൊലിപ്പിച്ചു കാട്ടാമെങ്കിലും ഒരു സാധാരണ വായനക്കാരന് ഈ നോവൽ ആവേശകരമായ വായനാനുഭവം നല്കുമെന്ന അഭിപ്രായമില്ല.
No comments:
Post a Comment