പേരശ്ശിയുടെ മകൻ ശങ്കരനാരായണേട്ടന്റെ ഒന്നാം ചരമവാർഷികദിനം. കുട്ടിക്കാലത്ത് അമ്മയുടെ കൂടെ മുത്തശ്ശന്റേയോ മുത്തശ്ശിയുടേയോ ചാത്തത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശേഷത്തിനോ പോകുമ്പോഴാണ് ശങ്കരനാരായണേട്ടനെ കാണാറ്. വലിയ സമകാലിക രാഷ്ട്രീയ ചർച്ചകളുടേയും തമാശകളുടേയും പൊട്ടിച്ചിരികളുടേയും നടുവിൽ മിക്കവാറും ശങ്കരനാരായണേട്ടൻ ഉണ്ടാവും. കുട്ടിത്തം വിടാത്ത ഞങ്ങളെല്ലാം കാണികൾ മാത്രമായിരുന്നു.
ഒരു പക്ഷെ, ഞങ്ങൾ മരുമക്കളുടെ ഇടയിൽ ഏറ്റവും സ്മാർട്ടായിരുന്ന അദ്ദേഹം കളിയാക്കലിന്റെ ആശാനായിരുന്നു. അതിനാൽ, വല്ലാതെ അദ്ദേഹത്തിന്റെ കണ്മുന്നിൽ പെടാതിരിക്കാൻ സൂക്ഷിച്ചിരുന്നതായി ഓർമ്മിക്കുന്നു.
എപ്പോഴും പ്രസന്നമായ ഭാവവും നർമ്മബോധവും വാക്ചാതുരിയും എല്ലാം ചേർന്ന ആകർഷണീയ വ്യക്തിത്വം ശങ്കരനാരായണേട്ടനെ എല്ലാവർക്കും, പ്രത്യേകിച്ച് എല്ലാ പേരശ്ശിമാർക്കും പ്രിയങ്കരനാക്കി.
പിന്നെ, ജീവിതം തെളിക്കുന്നതിനനുസരിച്ച് അകന്നകന്നു പോയി....
അവധിക്കു നാട്ടിൽ വരുമ്പോൾ പലപ്പോഴും പേരശ്ശിയെ കാണാൻ പോകാറുണ്ട്. മിക്കവാറും ശങ്കരനാരായണേട്ടൻ അവിടെ ഉണ്ടാവാറില്ല. പേരശ്ശിയുടെ സ്നേഹാധിക്യം അനുഭവിച്ചു തിരിച്ചു പോരുകയാണ് പതിവ്.
ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ വലിയ പ്രവർത്തകനാണെന്നറിയാമായിരുന്നെങ്കിലും കൂടുതൽ വിശദമായി ഒന്നും അറിയാമായിരുന്നില്ല.
ഞാൻ നാട്ടിലില്ലാത്ത ആളായതുകൊണ്ടും എനിക്ക് വലിയ വിവരമില്ല എന്നു തോന്നിയതുകൊണ്ടുമാവാം, വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴൊന്നും രാഷ്ട്രീയം ചർച്ച ചെയ്തതായി ഓർക്കുന്നില്ല.
അസുഖബാധിതനാണെന്ന വിവരം വളരെക്കഴിഞ്ഞാണ് അറിഞ്ഞത്. വിളിച്ചപ്പോൾ സ്വതസ്സിദ്ധമായ നർമ്മബോധത്തോടെ സാധാരണ മട്ടിലുള്ള വർത്തമാനം. പക്ഷെ, അണുബാധ ഭയന്ന് സന്ദർശകരെ ഒഴിവാക്കുകയാണെന്ന് മകൻ പറഞ്ഞതനുസരിച്ച് നേരിൽ കാണാൻ പറ്റിയില്ല.
അടുത്ത അവധിക്ക് വന്നപ്പോൾ അന്വേഷിച്ചപ്പോളറിഞ്ഞത് ശങ്കരനാരായണേട്ടൻ തൃശ്ശൂർ പാലിയേറ്റീവ് കെയറിലാണെന്നായിരുന്നു. കാണാൻ പ്രശ്നമില്ല എന്നും അറിഞ്ഞു. ഉടൻ തന്നെ ചെന്നു കണ്ടു. വലിയ പ്രശ്നം തോന്നിയില്ല.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റത് മരണവാർത്തയുമായെത്തിയ ഫോൺവിളി കേട്ടായിരുന്നു..
മരണവാർത്ത അറിയിച്ചിരുന്നെങ്കിലും അമ്മ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ശങ്കരനാരായണേട്ടനെ അന്വേഷിക്കാറുണ്ട്.
പരമേശ്വരൻ
കൈനിക്കര വടക്കേടത്ത്
No comments:
Post a Comment