ഓൺലൈനിൽ ആരുടേയോ പോസ്റ്റിലൂടെയാണ് ഈ കൃതിയെപ്പറ്റി അറിഞ്ഞത്. നൂറിൽ താഴെ മാത്രം പുറങ്ങളുള്ള, ഹുവാൻ റുൾഫോ (Juan Rulfo) എന്ന മെക്സിക്കൻ എഴുത്തുകാരന്റെ ഈ നോവൽ വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നു നൽകുന്നു. പുറമേയ്ക്ക് deceptively simple എന്നു പറയാറുള്ള തരത്തിലുള്ള അയത്നലളിതവും ഭാവാത്മകവുമായ ഭാഷ നമ്മെ ഹഠാദാകർഷിക്കുമെങ്കിലും നോവലിന്റെ അതിസങ്കീർണ്ണമായ രൂപഘടന നമുക്ക് അത്രയൊന്നും എളുപ്പത്തിൽ വഴങ്ങുകയില്ല. ഒരു പക്ഷെ, അതുതന്നെയായിരിക്കും ഈ കൃതിയുടെ ഒരു പരിമിതിയും.
മരണശയ്യയിൽ കിടക്കുന്ന അമ്മയുടെ നിർദ്ദേശപ്രകാരം അച്ഛൻ പെദ്രോ പരാമോയെ. കാണാൻ പ്രേതഭൂമിയായ കൊമാലയിലേക്കു പോകുന്ന ഹുവാൻ പ്രെസ്യാദോ സ്വന്തം അനുഭവം പറയുന്നപോലെയാണ് നോവൽ ആരംഭിക്കുന്നത്. അയാൾ ഒരു കഴുതവണ്ടിയിൽ കയറി അവിടെയെത്തുകയും അമ്മ പറഞ്ഞ ഒരു സ്ത്രീയെ കണ്ടെത്തുകയും അവരുടെ വീട്ടിൽ താമസിക്കുകയും ചെയ്യുന്നു. അവരിലൂടെ, താമസിയാതെ നാം അറിയുന്നു, അയാളുടെ അച്ഛനും കഴുതവണ്ടിക്കാരനും അവർ തന്നെയും എന്നോ മരിച്ചുപോയവരാണെന്ന്. പിന്നീടങ്ങോട്ട്, ഭൂതവും വർത്തമാനവും ഇടകലർന്ന സ്വപ്നസദൃശമായ, കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദി പോലെ, അദ്ധ്യായങ്ങളുടെ ഇടവേളയില്ലാത്ത, ആഖ്യാനത്തിന്റെ ഒരു കുത്തൊഴുക്കാണ്.
വന്നും പോയും കൊണ്ടിരിക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ, ചെറുതും വലതുമായ സംഭവങ്ങളിലൂടെ നാടു മുഴുവൻ കയ്യടക്കിയ, സ്ത്രീലമ്പടനും സാഹസികനുമായ പെദ്രോ പരാമോയുടെ കഥ പറയുന്നു ഈ നോവൽ. പകുതി വെച്ച്, തുടക്കത്തിലെ ആഖ്യാനകാരനായ മിഗേൽ മരിക്കുന്നു. തുടർന്നുള്ള ആഖ്യാനം പ്രഥമ പുരുഷനിൽ നോവലിസ്റ്റ് ഏറ്റെടുക്കുന്നു.
എന്നാൽ, ഈ വീരനായകന്റെ ചിരകാലകാമുകിയായ സൂസനായാവട്ടെ, മറ്റൊരാളുമായി ഗാഢപ്രേമത്തിലൂടെ വിവാഹിതയാണ്. ഒടുവിൽ, ഭർത്താവിന്റെ മരണ ശേഷം, അവസാനനാളുകളിൽ പെദ്രോവിന്റെ ഭാര്യയാകുന്നുവെങ്കിലും അവർ മാനസികവിഭ്രാന്തിയിലൂടെ മുൻ ഭർത്താവിന്റെ കൂടെത്തന്നെയാണ്. അവിടെയാണ് നമ്മുടെ വീരനായകൻ ശരിക്കും പരാജയപ്പെടുന്നത്.
ഇതിനിടയിൽ മെക്സിക്കൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നു. വിപ്ലവകാരികളെ പെദ്രോ പണം കൊടുത്തു വശത്താക്കി സ്വന്തം സുരക്ഷ ഉറപ്പിക്കുന്നു. തുടർന്ന് ഗ്രാമം കൊളളയടിച്ച് പണമുണ്ടാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
സൂസന്നയുടെ മരണത്തിൽ ഗ്രാമം അനുശോചിക്കുന്നതിനുപകരം ജനം ഫിയസ്റ്റ ആഘോഷിക്കുന്നു. ഇത് പെദ്രോയെ കോപാകുലനാക്കുന്നു. അയാൾ നാടിനുവേണ്ടി ചെയ്യുന്നതെല്ലാം പിൻവലിക്കുകയും നാട് മഹാദുരനത്തിലേക്കു കൂപ്പുകുത്തുകയും ശ്മശാനഭൂമിക്കു സമാനമാവുകയും ചെയ്യുന്നു.
ഒടുവിൽ, പെദ്രോ യെ അയാളുടെ അവിഹിതബന്ധത്തിലെ പുത്രൻ കുത്തിക്കൊല്ലുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.
ഏകാന്തതയുടെ നൂറുവർഷങ്ങൾ എഴുതാൻ പ്രചോദനമാകും വിധം മാർക്കേസിനെ അങ്ങേയറ്റം സ്വാധീനിച്ച കൃതിയാണിത്. ഒരു പക്ഷെ, അല്പം അതിശയോക്തിയാവാം, അദ്ദേഹത്തിന് ഈ കൃതി മുന്നോട്ടും പിന്നോട്ടും ഹൃദിസ്ഥമായിരുന്നു എന്നു പറയപ്പെടുന്നു.
1960കളിലും (ഈ കൃതി 1955ലാണ് പ്രസിദ്ധീകരിച്ചത്.) മറ്റും വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന വായനക്കാരന് പെട്ടെന്ന് പിടികൊടുക്കാത്ത അത്യന്താധുനിക ശൈലിയെ അനുസ്മരിക്കുന്നു ഈ കൃതി. അതിനാൽ, ഈ കൃതി സൂക്ഷ്മമായ പഠനവും വ്യാഖ്യാനവും ആവശ്യപ്പെടുന്നു.
No comments:
Post a Comment