#പണ്ട്
തിരുവാതിരസ്മരണ
'ധനുമാസത്തിൽ തിരുവാതിര
ഭഗവാൻ തന്റെ തിരുനാളാണ്...'
തിരുവാതിരയ്ക്കു ദിവസങ്ങൾക്കു മുമ്പുതന്നെ പുലർച്ചെ, കൊടും തണുപ്പിനെ കൂസാതെ സ്ത്രീകൾ ഒത്തുകൂടി നാട്ടിലെ കുളത്തിൽ പാട്ടുപാടി തുടിച്ചു കളിക്കുക പതിവാണ്. അതു കേട്ടാണ് സമീപത്തെ വീടുകളിലെ കുട്ടികൾ ഉണരുന്നത്. ചില ഉത്സാഹികളായ കുട്ടികൾ അമ്മമാരോടൊപ്പം കുളത്തിലെത്തി, തീ കായാൻ ചമ്മല കൂട്ടി കത്തിച്ച് വെച്ചിരിക്കുന്ന തീക്കുണ്ഡത്തിനരികെ മുനിഞ്ഞിരിക്കുന്നുണ്ടാവും.
കുളി കഴിഞ്ഞാൽ അല്പ നേരം ഊഞ്ഞാലാടുക പതിവാണ്.
വടക്കൻ കേരളത്തിൽ തിരുവാതിരക്കു മാത്രമാണ് ഊഞ്ഞാലിടുന്നത്.
ദിവസങ്ങൾക്കു മുമ്പു തന്നെ പതിവു വിദഗ്ദ്ധർ ഊഞ്ഞാലു കെട്ടിയിട്ടുണ്ടാവും. ഇപ്പോഴത്തെ നൈലോൺ കയറുകളെല്ലാം വരുന്നതിനു മുമ്പ് മൂന്നു തരത്തിലാണ് ഊഞ്ഞാൽ കെട്ടുന്നത്. ഊഞ്ഞാലിനു മാത്രം ഉപയോഗിക്കുന്ന ഒരു തരം കാട്ടുവള്ളി ഏതെങ്കിലും മരത്തിന്റെ കൊമ്പിൽ കെട്ടി ഇരിക്കാൻ ഓലമടലിന്റെയോ മുളയുടേയോ പടിയുടെ രണ്ടറ്റത്തുമായി കെട്ടിക്കുന്നു. ഇതിനെ വള്ളിയൂഞ്ഞാൽ എന്നു പറയുന്നു. ഈ വള്ളിയുടെ ഉറപ്പിന്റെ കാര്യം എങ്ങിനെ തീരുമാനിക്കുന്നു എന്നത് ദുരൂഹമായ കാര്യമാണ്.
കൂടുതൽ വിദഗ്ദ്ധമായി, നീണ്ട, ഉറപ്പുള്ള മുള വേണ്ടത്ര നീളത്തിൽ നെടുകെ കീറി ഒരറ്റം അകത്തി തുളയുണ്ടാക്കി മുളയുടെ അലകു കൊണ്ട് ഇരിക്കാനുള്ള പടി പിടിപ്പിക്കുന്നു. മുളയുടെ കീറാത്ത മറ്റേ അറ്റം കയറുകൊണ്ട് മരത്തിൻറെ കൊമ്പിൽ കെട്ടുന്നു. ഇതിനെ മുളയൂഞ്ഞാൽ എന്നു പറയുന്നു. ഇതിനു ആഭിജാത്യം കൂടും.
ഇതല്ലാതെ വണ്ണമുള്ള കയറുകൊണ്ട് കെട്ടിയും ഊഞ്ഞാലുണ്ടാക്കാം.
ഊഞ്ഞാലിൽ ഇരുന്നും നിന്നും സ്വയം കുതിച്ചും പല അഭ്യാസങ്ങളുണ്ട്.
ഓണത്തിനു പഴം നുറുക്കുപോലെ ഇളനീർ, ചെറുപഴം ചാമയരിച്ചോറ്, കാവിത്ത്, ചേമ്പ് മുതിര, ഉണക്കപ്പയറ് എന്നിവ കൊണ്ടുള്ള പുഴുക്ക്, കൂവപ്പായസം എന്നിവയാണ് തിരുവാതിരയുടെ തനതായ വിഭവങ്ങൾ. കൂവപ്പൊടിയുണ്ടാക്കൽ തന്നെ നീണ്ടതും ശ്രമകരവുമായ ഒരു ജോലിയാണ്. ആഴ്ചകൾക്കു മുമ്പുതന്നെ അതു തയ്യാറാക്കിയിരിക്കും.
ഉച്ചതിരിഞ്ഞാൽ, ഏതെങ്കിലും വീട്ടിൽ ഒത്തുകൂടി സ്ത്രീകളുടെ തിരുവാതിരക്കളി.
ഏതെങ്കിലും കുടുംബത്തിൽ മുമ്പ് വിവാഹം നടന്നാൽ, തൊട്ടടുത്ത തിരുവാതിര പുത്തൻ തിരുവാതിര എന്ന പേരിൽ എല്ലാവരും ഒത്തുകൂടി പ്രത്യേകം ആഘോഷിക്കുന്നു.
നൂറ്റെട്ടു വെറ്റില മുറുക്കലും പാതിരാപൂ ചൂടലും സ്ത്രീകളുടെ പ്രത്യേക ചടങ്ങാണ്.
പാതിരയോടടുക്കുമ്പോൾ പുരുഷന്മാരുടെ ചോഴി കെട്ടൽ രസകരമായ അനുഭവമാണ്. ദേഹം മുഴുവൻ ഉണങ്ങിയ വാഴയിലയും മറ്റും പൊതിഞ്ഞുകെട്ടി തൊപ്പിയും കവുങ്ങിൻപാളകൊണ്ടുള്ള മുഖം മൂടിയും ധരിച്ച് കളിച്ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം ചെയ്ത് വീടുകൾ സന്ദർശിക്കുന്നു. അവർക്ക് ഇളനീരും പഴവും പണവുമെല്ലാം സമ്മാനിക്കുന്നു. എല്ലാം കഴിഞ്ഞ് പുലർച്ചെ എവിടെയെങ്കിലും കൂടി എല്ലാം പങ്കിട്ട് പിരിയുന്നു.
ഇന്ന് എല്ലാ ആഘോഷങ്ങളേയും പോലെ തിരുവാതിരയും ഗൃഹാന്തരീക്ഷത്തിൽനിന്ന് പൊതുവേദിയിലെത്തിയിരിക്കുന്നു.
No comments:
Post a Comment