Search This Blog
Friday, December 25, 2020
സംസ്കൃതഭാഷയുടെ നിലനില്പ്
Saturday, December 19, 2020
വായനക്കാർ എഴുതുന്നു - ശേഷാദ്രി മാഷ്
Monday, November 23, 2020
Muslim Politics in Kerala
വായനക്കാർ എഴുതുന്നു -കെ എൽ മോഹനവർമ്മ അഭിമുഖം
പ്രിയ പത്രാധിപർ,
പ്രസിദ്ധ സാഹിത്യകാരൻ ശ്രീ കെ എൽ മോഹനവർമ്മയുമായി കെ. സി. സുബി നടത്തിയ അഭിമുഖം ( ആത്മകഥ ക്രിസ്പായി പറയാം: ഐ വാസ് വെരി ഹാപ്പി - ലക്കം 35) ഓർമ്മകളെ ദശാബ്ദങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. 1980കളിൽ എറണാകുളത്ത് കാരിക്കാമുറി ക്രോസ് റോഡിൽ എം വി ദേവൻ, കലാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയിരുന്ന കേരള കലാപീഠം എന്ന വളരെ വ്യത്യസ്തമായ കലാസ്ഥാപനത്തിൽ വെച്ച് മിക്കവാറും നിത്യസന്ദർശകൻ എന്നു പറയാവുന്ന ശ്രീ കെ എൽ മോഹനവർമ്മയെ പല തവണ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എഴുത്തുകാരൻ എന്നറിയാമെങ്കിലും ഓഹരി എന്ന നോവലിലൂടെ പ്രശസ്തനാവുന്നതിനു വളരെ മുമ്പായിരുന്നു അത്. കല, സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽപ്പെട്ട പല പ്രശസ്തരുടെ പ്രഭാഷണങ്ങളും അനൗപചാരിക കൂടിക്കാഴ്ചകളും കലാ പ്രദർശനങ്ങളുമെല്ലാം അരങ്ങേറിയിരുന്ന അവിടെ അരങ്ങത്ത് എന്നതിലേറെ സദസ്സിലെ നർമ്മ സംഭാഷണങ്ങളിലായിരുന്നു ശ്രീ മോഹനവർമ്മയുടെ സ്ഥാനം. മിക്കവാറും പരിപാടി ആരംഭിക്കുന്നതിനു അല്പം മുമ്പുതന്നെ എത്തുമായിരുന്ന അദ്ദേഹത്തിന്റെ പല വിഷയങ്ങളെപ്പറ്റിയുള്ള സൗഹൃദസംഭാഷണങ്ങൾ ഇന്നും ഓർക്കുന്നു. പ്രസന്നവും പ്രസാദാത്മകവുമായ തുറന്ന മനസ്സിന്റെ ഉടമയായ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നീട്, വർഷങ്ങൾക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വന്ന ഓഹരി എന്ന നോവലിലൂടെത്തന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. മലയാള നോവലിന് ഒരു പുതിയ സാദ്ധ്യത നല്കുന്ന ലളിതവും ചടുലവുമായ ശൈലിയിൽ രചിക്കപ്പെട്ട പ്രസ്തുത നോവൽ ആവേശത്തോടു കൂടിയാണ് വായിച്ചത്.
ദശാബ്ദങ്ങൾക്കുശേഷം ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ചപ്പോൾ ആ പഴയ മോഹനവർമ്മയുടെ പ്രസന്നമായ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. 84ാം വയസ്സിലും യുവത്വത്തിന്റെ ഊർജ്ജസ്വലതയും തുറന്ന മനസ്സും അദ്ദേഹത്തിന്റെ വാക്കുകളിൽ തുടിച്ചുനില്ക്കുന്നതായി അനുഭവിച്ചറിയുന്നു. കുറേക്കൂടി അനുഭവങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തിൽനിന്ന് വായനക്കാർക്കു ലഭിക്കുന്ന വിധം അഭിമുഖം തുടരേണ്ടതായിരുന്നു എന്നു തോന്നി. പകരം, അത് വളരെ 'ക്രിസ്പാ'യിപ്പോയി എന്ന ഒരു തോന്നൽ അവശേഷിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഈ അഭിമുഖത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
പരമേശ്വരൻ
14/11/2020
24/11/2020ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു
Saturday, November 21, 2020
Budhism and Upanishads
Monday, November 16, 2020
ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്
Tuesday, November 3, 2020
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ഒക്ടോബർ 31
Wednesday, October 21, 2020
യൂറോപ്യൻ അധിനിവേശം
Wednesday, September 23, 2020
FB Posts
‘പെൻഷൻ പറ്റീന്നു കേട്ടു; ഇന്യെന്താ പരിപാടി?‘
കാലവർഷവും തുലാവർഷവും കൂട്ടിയോജിപ്പിക്കാനാണോ പരിപാടി!? 😊
ബില്ല് അകത്ത്, രാഹു പുറത്ത്! 😀 22/9/2020
വൻകിട കർഷകർക്ക് പുതിയ കാർഷിക നിയമങ്ങൾ ഗുണം ചെയ്യുമായിരിക്കും. ചെറുകിടക്കാരന്റെ കാര്യം കട്ടപ്പൊക! ആത്മഹത്യകൾ ഇനിയും പ്രതീക്ഷിക്കാം!21/2/2020
സപ്ത.15: ദൂരദർശൻ സ്ഥാപകദിനം. മറ്റു ചാനലുകൾക്കൊന്നും താല്പര്യമില്ലാത്ത കച്ചേരി, നൃത്തം, പല വിഷയങ്ങളിൽപ്പെട്ട ഡോക്യൂമെന്ററികൾ എന്നിവയെല്ലാം പരസ്യശല്യമില്ലാതെ കാണാൻ ദൂരദശൻ മാത്രം!15/9/2020
അന്തരിച്ച വ്യക്തിയുടെ ഷഷ്ടിപൂർത്തിയും നവതിയുമൊക്കെ അതേ പേരിൽ (മുമ്പ് ജന്മവാർഷികം എന്നായിരുന്നു) ആഘോഷിക്കുന്നത് ഉചിതമാണോ? അയ്യപ്പപ്പണിക്കർ ക്ഷമിക്കുക. 13/9/2020
രണ്ടു പേർക്കും ഓരോ ഇല കൊടുത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റോ? 🙂 (രണ്ടില ചിഹ്നത്തിനു വേണ്ടി കേരള കോൺഗ്രസ്സ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ തർക്കം) 11/9/2020
കണ്ണന് സൂതൻ സകലതും നിയന്ത്രിക്കുന്ന മർമ്മസ്ഥാനമായിരുന്നു. 10/9/2020
The Death of Ivan ||ych
Wednesday, August 19, 2020
ചന്ദ്രനിലെ യുഎസ് പതാക
മനുഷ്യൻ ചന്ദ്രനിലിറങ്ങിയോ എന്ന വിവാദമുയർത്തി പല സംശയങ്ങളും തൊടുത്തുവിടുന്ന സംശയാലുക്കളുടെ ഒരു ചോദ്യം അന്തരീക്ഷവായുവില്ലാത്ത ചന്ദ്രോപരിതലത്തിൽ യു എസ് പതാക എങ്ങനെ കാറ്റിലെന്ന പോലെ നിവർന്നുനില്ക്കുന്നു എന്നതാണ്. സഫാരി ടി വിയിലെ Mission Space എന്ന പരമ്പര അതിനുത്തരം നല്കുന്നു:
പതാക ഒരു അലൂമിനിയം ചട്ടക്കൂടിൽ കെട്ടിവെക്കുകയാണ് ആംസ്ട്രോങ്ങും ആൽഡ്രിനും ചെയ്തത്. കൊടിനാട്ടാനുള്ള കാൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഉറപ്പിക്കുവാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. പതാകയുടെ ചുളിവുകൾ നിവർത്താൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ, അവർ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. അത് കാറ്റടിക്കുന്നപോലെ തോന്നിക്കും എന്നവർ പരസ്പരം പറയുന്നുമുണ്ട്. ഇനി ആർക്കും സംശയമില്ലല്ലോ?
Sunday, August 16, 2020
മതമില്ലാത്ത യൂറോപ്പ്
Wednesday, August 12, 2020
Monday, August 10, 2020
കമല, മാധവിക്കുട്ടി, കമല സുരയ്യ
മാധവിക്കുട്ടിയുടെ എഴുത്തിനെപ്പറ്റി ആർക്കും തർക്കമുണ്ടാവാനിടയില്ല. എന്നാൽ, മതങ്ങളെപ്പറ്റി ഒരു സാമാന്യബോധം ബുദ്ധിജീവിയായിട്ടുപോലും പരിപക്വമായ പ്രായത്തിലും അവർക്കുണ്ടായിരുന്നില്ല എന്നു വേണം അവരുടെ ചെയ്തിയിൽനിന്നും മനസ്സിലാക്കാൻ. കാരണം, അവരുടെ സ്വതന്ത്രമായ സ്വത്വത്തിന് ഏറ്റവും അനുയോജ്യമായ മതം ഹിന്ദുമതമാണെന്ന് തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. എന്നിട്ട് പോയതോ, സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തി.ന്റെ കണികപോലും അനുവദിക്കാത്ത ഇസ്‌ലാം മതത്തിലേക്ക്. പോരാ, രാജാവിനേക്കാൾ വലിയ രാജ്യഭക്തിഎന്ന മട്ടിൽ സ്വന്തം വ്യക്തിത്വത്തിനു കടകവിരുദ്ധമായി പർദ്ദയിട്ടു നടന്നു. അങ്ങനെ വയസ്സുകാലത്ത് സ്വന്തം സ്വാതന്ത്ര്യം മതത്തിനു പണയം വെച്ചു സ്വയം കെണിയിൽച്ചെന്നു ചാടി. ഒടുവിൽ, കുഴിയിലേക്കു കാലുനീട്ടിയിരിക്കുമ്പോൾ അവർക്കു ബോധം വെച്ചു. എന്തു ഫലം! അങ്ങോട്ടു ചാടിയതുപോലെ അവർക്കു തിരിച്ചു ചാടാൻ കഴിയുമോ? ഇസ്ലാമിന്റെ നിലപാട് എല്ലാവർക്കും സുവിദിതമാണല്ലോ. ഒടുവിൽ, അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ പരിഹാസ്യമായ അന്ത്യമായിരുന്നു അവരെ കാത്തിരുന്നത്.
Thursday, August 6, 2020
The Cave by Jose Samarago
Thursday, July 23, 2020
പരിഭാഷയ്ക്ക് ഒരു പാഠം-The Cave (Jose Samarago)
Wednesday, June 17, 2020
കുത്തുള്ളി ശങ്കരനാരായണേട്ടൻ
Saturday, May 23, 2020
അങ്കമാലി ഡയറീസ് - ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ
ലിജി ജോസ് പെല്ലിശ്ശേരിയെപ്പറ്റി ഒരുപാട് കേട്ടതുകൊണ്ട് 'അങ്കമാലി ഡയറീസ്' ഒന്നു കാണാമെന്നു കരുതി.
പണ്ട് violence വാണിജ്യസിനിമയുടെ ചേരുവയുടെ ഭാഗമായിരുന്നു. എന്നാൽ, അപ്പോഴും violence മാത്രമുള്ള ഒരു സിനിമ വളരെ വിരളമായിരുന്നു. ഇതിലെ സംഭവങ്ങൾ മുംബെയിലെ അധോലോകത്താണ് നടക്കുന്നതെങ്കിൽ വിശ്വസിക്കാമായിരുന്നു.
ഇതിലെ മലയാള സംഭാഷണങ്ങൾ മുഴുവൻ കേട്ട് മനസ്സിലായവർക്ക് നമോവാകം!
കൂട്ടത്തിൽ കിരീടം എന്ന മനോഹരമായ സിനിമയെപ്പറ്റി വെറുതെ ഓർത്തു.
Wednesday, April 15, 2020
പെദ്രോ പരാമോ (Pedro Paramo) by ഹുവാൻ റുൾഫോ (Juan Rulfo)
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ എഴുതുന്നു: മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ
എഴുത്തിന്റെ പൂർണ്ണരൂപം:
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി(ലക്കം 1,2, 3) മഹാഭാരതപഠനത്തിൽ ശ്രീ കെ സി നാരായണൻ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട് വേർ) ധർമ്മപുത്രരുടേയും അർജ്ജുനന്റേയും അഹിംസാവാദത്തേയും അശോക ചക്രവർത്തിയുടെ അഹിംസാനിലപാടും ബുദ്ധമതസ്വാധീനവുമായി താരതമ്യം ചെയ്തുകൊണ്ട് മഹാഭാരതം വൈദികബ്രാഹ്മണമതത്തിന്റെ ബുദ്ധമതത്തിന്മേലുള്ള വിജയത്തെ ആവിഷ്ക്കരിക്കുന്നു എന്ന് വിശദീകരിക്കുന്നു. എന്നാൽ, ഇത് പരിമിതവും ഭാഗികവുമായ ഒരു വീക്ഷണമല്ലേ ആവുന്നുള്ളു എന്ന ഒരു സംശയം ബാക്കിയാവുന്നു.
വാസ്തവത്തിൽ, ധർമ്മപുത്രരും അർജ്ജൂനനും മുന്നോട്ടുവെക്കുന്ന ഈ വിഷാദയോഗം പാണ്ഡവപക്ഷത്തെ അന്തർസംഘർഷത്തെയല്ലേ വരച്ചു കാട്ടുന്നത് ? അല്ലാതെ അത് മൊത്തം മഹാഭാരതത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടാ? പ്രസ്തുത സംഘർഷത്തെ ഗവേഷണബുദ്ധിയോടെ, അക്കാലത്തെ വൈദിക മതവും ബുദ്ധമതവും തമ്മിലുള്ള സംഘർഷമായും വൈദികമതത്തിന്റെ വിജയമായും വിലയിരുത്തുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ, അത് അങ്ങനെ മാത്രമാണ് എന്നും പറയാൻ കഴിയില്ല. കാരണം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു കുടുംബവഴക്കുണ്ടാവുമ്പോൾ ഉള്ളിൽ നന്മയുള്ളവരുടെ ഭാഗത്ത് ഈ സംഘർഷം സ്വാഭാവികമായും ഉടലെടുക്കും.
മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിൽത്തന്നെയാണല്ലോ. അവിടെ, വൈദിക മതവും ബുദ്ധമതവുമൊന്നുമില്ല. നിരന്തരമായി അധർമ്മത്തിന്റേയും അനീതിയുടെയും ഇരകളായിട്ടുപോലും, യുദ്ധം വേണോ എന്ന ശങ്ക ഉള്ളിൽ നന്മയുള്ള പാണ്ഡവപക്ഷത്തു മാത്രമേയുള്ളു. കൗരവപക്ഷത്ത് ധർമ്മജ്ഞരും ജ്ഞാനവൃദ്ധരുമായ മഹാപ്രാജ്ഞരെല്ലാം തന്നെ അധർമ്മത്തിന്റെ ആസുരശക്തിക്കൊപ്പം വെറും ആശ്രിതത്വത്തിന്റെ പേരിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കള്ളച്ചൂത്, പാഞ്ചാലീവസ്ത്രാക്ഷേപം, അരക്കില്ലവധശ്രമം, രാജ്യാവകാശനിഷേധം എന്നിങ്ങനെ അധർമ്മപരമ്പര അരങ്ങു തകർക്കുമ്പോഴൊന്നും കൗരവപക്ഷത്ത് ധർമ്മാധർമ്മസംഘർഷങ്ങളില്ല,സന്ദേഹങ്ങളില്ല. അഥവാ, അധർമ്മത്തെ ചെറുത്തു നില്ക്കാനാവാതെ എല്ലാവരും മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്ണന്റെയും ഗീതോപദേശത്തിന്റേയും പ്രസക്തി.
ധർമ്മശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ആസുരശക്തി സർവ്വസന്നാഹങ്ങളുമായി മറുവശത്ത് അണിനിരന്നിരിക്കുമ്പോൾ, അർജ്ജുനൻ ആയുധംവെച്ച് കീഴടങ്ങുകയാണെങ്കിൽ എന്താണ് സംഭവിക്കുക?
ബുദ്ധധർമ്മം അല്ലെങ്കിൽ, ഗാന്ധിമാർഗ്ഗം പാലിച്ച്, ഹിറ്റ്ലറോട് യുദ്ധം ചെയ്യാൻ സഖ്യശക്തികൾ ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കിൽ എന്തു സംഭവിക്കും?
ഭീഷ്മ ഉപദേശത്തിന്റെ അവസ്ഥയും ഇതു തന്നെ. യുദ്ധം നടന്നു, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. പിന്നെ, രാജ്യം വേണ്ട എന്നു പറയുന്നതിലെ നിരർത്ഥകത മനസ്സിലാക്കാൻ ലളിതമായ സാമാന്യയുക്തി മാത്രം മതി. ഇത്തരം ഒരു തീരുമാനം ആരേയാണ് സഹായിക്കുക?
ഇനി, ധർമ്മപുത്രർ അശോകചക്രവർത്തിയുടെ മാതൃകയിൽ സൃഷ്ടിക്കപ്പെട്ട ബുദ്ധമത പ്രതിനിധിയാണെന്നും ബുദ്ധമതത്തെ വൈദിക ബ്രാഹ്മണമതം കീഴടക്കുകയാണ് മഹാഭാരതം മുന്നോട്ടുവെക്കുന്ന സന്ദേശം എന്നും കരുതുക. അങ്ങനെയെങ്കിൽ, ധർമ്മരാജാവിന്റെ പുത്രനായി വിശേഷിപ്പിക്കപ്പെടുന്ന ധർമ്മപുത്രനെ മഹാഭാരതത്തിലാകെ ഏറ്റവും മഹത്വപൂർണ്ണമായ കഥാപാത്രമായി ആവിഷ്ക്കരിച്ചതെന്തുകൊണ്ടാണ്? ധർമ്മപുത്രർ എന്ന കഥാപാത്രത്തിന് തുടക്കത്തിലും ഒടുക്കവും (ലേഖകൻ പറയുന്നതു പോലെ വൈദികബ്രാഹ്മണമതത്തിനു കീഴടങ്ങി എന്നനുമാനിക്കുന്നതിനു ശേഷം) എന്തെങ്കിലും മാറ്റമുണ്ടോ? സ്വത:സിദ്ധമായ സ്വഭാവസവിശേഷതകളോടുകൂടിയ ധർമ്മപുത്രർക്കു തന്നെയല്ലേ മഹാഭാരതത്തിൽ ആത്യന്തികവിജയം? അപ്പോൾ ആര് ആരെയാണ് കീഴടിക്കിയത്?
കഴിഞ്ഞ ലക്കത്തിൽ ചാർവാകൻ ധർമ്മപുത്രരെ ജ്ഞാതിഘാതകനും നിന്ദ്യനും മരണാർഹനുമാണെന്ന് ഭർത്സിക്കുന്നു. എന്നാൽ, അതിൽ പുതുമയൊന്നുമില്ല. ധർമ്മപുത്രർ തന്നെ അങ്ങനെ വിഷാദിക്കുന്നവനാണ്. ചാർവാകൻ പറയുമ്പോഴും ധർമ്മപുത്രർ അതോർത്തു ദുഃഖിക്കുന്നു. എന്നാൽ, കൂടെയുള്ള ബ്രാഹ്മണരെല്ലാം ഇതേ അഭിപ്രായക്കാരാണ്, അവരുടെ പ്രതിനിധിയാണ് താൻ എന്ന ചാർവാകന്റെ അവകാശവാദം വ്യാജമാണെന്ന് അപ്പോൾത്തന്നെ തെളിയുന്നു. അതായത്, ദുര്യോധനന്റെ കുബുദ്ധി തന്നെയാണ് ഇദ്ദേഹത്തിലൂടെ പ്രവർത്തിക്കുന്നത്. ഇതിലുപരി, ദുര്യോധനപക്ഷത്ത് എവിടെയാണ് നാസ്തിക, വിയോജക മതങ്ങൾ?
ഗവേഷണകുതുകികൾക്ക് എങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. പാണ്ഡവപക്ഷത്തെ സംഘർഷം വൈദികബൗദ്ധികസംഘർഷമായി വ്യഖ്യാനിക്കാമെങ്കിലും മഹാഭാരതത്തിലെ കാതലായ സംഘർഷം പാണ്ഡവരും കൗരവരും തമ്മിലുള്ളതാണ്, നന്മയും തിന്മയും തമ്മിലുള്ള കാലാതിവർത്തിയായ സംഘർഷമാണെന്നത് പകൽ പോലെ വ്യക്തമാണ്.
അതുകൊണ്ടു തന്നെയാണ്, വൈദികബ്രാഹ്മണമതത്തിനും ബുദ്ധമതത്തിനും യാതൊരു പ്രസക്തിയുമില്ലാത്ത ഈ 21ാം നൂറ്റാണ്ടിലും ഈ പ്രാചീന ഇതിഹാസം നിലനില്ക്കുന്നതും കൂടുതൽ വായിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും.
പരമേശ്വരൻ

Monday, March 30, 2020
എന്തതിശയമേ! അല്പം കൊറോണവിചാരം
പ്രകൃതിയുടെ വഴികൾ എത്ര ആശ്ചര്യകരം!
മനുഷ്യൻ തന്റെ സൃഷ്ടി എന്നഭിമാനിക്കുന്ന ശാസ്ത്രത്തിന്റെ അനന്തമായ പടവുകൾ ഒന്നൊന്നായി കയറി ദൈവത്വത്തിലെത്താൻ ശ്രമിക്കുമ്പോൾ, ഈ പ്രപഞ്ചം മുഴുവൻ തന്റെ ചുറ്റും തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു ധരിച്ചു വശാവുമ്പോൾ, ഇതാ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ജീവൻ പോലുമില്ലാത്ത ഒരു അണുശകലം മനുഷ്യൻ കെട്ടിപ്പൊക്കിയ ബാബിലോൺ കോട്ട ഒരു ചീട്ടു കൊട്ടാരംപോലെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുന്നു! ലോകത്താകമാനമുള്ള മനുഷ്യന്റെ എല്ലാവിധ പ്രവർത്തനങ്ങളും നിശ്ചലമാക്കി, അവനെ സ്വന്തം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ബന്ദിയാക്കിയിരിക്കുന്നു.
ഒരു പക്ഷെ, ഏതാനും ആഴ്ചകൾക്കെങ്കിലും ഭൂമിയെ മനുഷ്യേതരപ്രകൃതിക്കു വിട്ടു നല്കിയിരിക്കുന്നു. അങ്ങനെ, മനുഷ്യൻ പ്രകൃതിക്കേല്പിച്ച കനത്ത ആഘാതത്തിന് വളരെ നിസ്സാരമായ അളവിലെങ്കിലും, പരിഹാരമുണ്ടാക്കുന്നു. ഇത് മുന്നോട്ടുള്ള പാതയിൽ, മനുഷ്യനെ സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടിത്തന്നെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധേയമായ വസ്തുത ലോകം തങ്ങളുടെ കൈപ്പിടിയിലാണെന്ന് അഹങ്കരിക്കുകയും അത് അങ്ങനെത്തന്നെ നിലനിർത്താൻ എന്തു കുത്സിത പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരെയുമാണ് ഈ അണുശകലം ഏറ്റവുമധികം ബാധിച്ചത് എന്നതാണ്.
ലോകം മുഴുവൻ നിമിഷങ്ങൾക്കുള്ളിൽ ചുട്ടെരിക്കാൻ കഴിയും എന്ന അഹങ്കാരത്തോടെ ആയിരക്കണക്കിനു അണ്വായുധങ്ങൾ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന മഹാശക്തികൾ ഈ അണുശകലത്തിനു മുന്നിൽ നിരായുധരാവുന്നു. എല്ലാവിധ രോഗബാധകളേയും സ്വന്തം സൃഷ്ടിയായ ആരോഗ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ തൂത്തെറിഞ്ഞു എന്നഭിമാനിക്കുന്നവർ ഈ അണുശകലത്തിന്റെ നിസ്സാര പ്രയോഗമായ ജലദോഷപ്പനിതൊണ്ടവേദനക്കു മരുന്നില്ലാതെ അന്ധാളിച്ചു നില്ക്കുന്നു.
മനുഷ്യന്റെ മറ്റൊരു സൃഷ്ടിയായ മതവും ദൈവവും ദേവാലയങ്ങളും നിശ്ചലമായിരിക്കുന്നു. സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി ഈശ്വരനു സേവ ചെയ്യുന്ന ഭക്തരെ ദേവാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. ഒപ്പം ദൈവത്തിന്റെ ഏജൻസി ഏറ്റെടുത്തിരിക്കുന്ന ആൾ ദൈവങ്ങളും സ്വന്തം ഭക്തരെ അവരുടെ പാട്ടിനു വിട്ട് സ്വന്തം കൊട്ടാരങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നു
അനിതരസാധാരണവും അഭൂതപൂർവ്വവുമായ തന്റെ മഹത്തായ സിദ്ധികളെ നില മറന്ന് ദുരുപയോഗം ചെയ്ത് ഭൂമിയും അന്തരീക്ഷവും അടങ്ങുന്ന മൊത്തം പരിസ്ഥിതിവ്യവസ്ഥയെയാകെ തകിടം മറിച്ച്, തികച്ചും ബുദ്ധിശൂന്യമായി സർവ്വനാശത്തിലേക്കു കുതിക്കുന്ന മനുഷ്യ സമൂഹത്തെ മാത്രമാണ് ഈ അണുശകലം ലക്ഷ്യം വെക്കുന്നത് എന്നോർക്കുക. അതേസമയം, ഒരു യുദ്ധംപോലെയോ, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾപോലെയോ ഇത്, കാലാകാലങ്ങളായി മാനവരാശി ആർജ്ജിച്ച മനുഷ്യനിർമ്മിതമായ യാതൊന്നിനേയും സ്പർശിക്കുകപോലും ചെയ്യുന്നില്ല എന്നത് ചിന്തനീയമായ യാഥാർത്ഥ്യമാണ്. അതായത്, ഈ മഹാവ്യാധി പിൻവാങ്ങുമ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സാധാരണജീവിതത്തിലേക്കു തിരിച്ചു പോകാൻ പ്രകൃതി മനുഷ്യന് ഒരവസരം കൂടി നല്കുന്നു. എന്നാൽ, അത്, നീയൊക്കെ ഇത്രയേയുള്ളു, 'കൊഞ്ചൻ തുളള്യാൽ ചട്ട്യോളം' എന്നു പറഞ്ഞപോലെ ഏതു സമയവും എന്റെ പിടിയിലൊതുങ്ങും എന്ന ഒരു മുന്നറിയിപ്പോടുകൂടിയാണെന്നു മാത്രം.
അതിനു ചെവി കൊടുക്കണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.
30/3/2020
Thursday, March 26, 2020
കൊറോണ ദുരന്തം
Bloody Africans and Asiansനു മാത്രമായി വെച്ചിരുന്നതായിരുന്നല്ലോ ഇത്തരം ദുരിതങ്ങളെല്ലാം. നമ്മൾ സഹതാപത്തോടെ അതെല്ലാം ശരിയാക്കി കൊടുക്കാനുള്ളവരും. കാലം മാറി, കഥ മാറി. നാൻ യാർ തെരിയുമാ? Covid 19 താൻടാ!
Any time in recent history did India as a whole stand so single mindedly united towards a singular purpose as the Janatha curfew?
Any time in recent history has a pandemic affected so devastatingly the rich and powerful US and Europe rather than poor Africa and Asia?
Learning from Covid 19 will handshake be a thing of the past?
Sunday, March 8, 2020
കേരളത്തിലെ ഇറ്റാലിയൻ കൊറോണ ദുരന്തം
ലോകം മുഴുവൻ കൊറോണ ഭീതിയിൽ അകപ്പെട്ടിരിക്കെ, വ്യാപകമായി അണുബാധയുള്ള ഇറ്റലിയിൽ നിന്നും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ദോഹ വഴി കൊച്ചിയിലെത്തുകയും അധികൃതരെ വിവരമറിയിക്കാതെ, യാതൊരു സുരക്ഷാനടപടിയുമെടുക്കാതെ, തികച്ചും സാധാരണമട്ടിൽ വീട്ടിലും ബന്ധുക്കളുടെ അടുത്തും മറ്റു പല സ്ഥലത്തും കറങ്ങുകയും ചെയ്തവരെപ്പറ്റി എന്തു പറയണം? ഇത് വിവരമില്ലായ്മയോ അതോ സർക്കാർ സംവിധാനങ്ങളോട് (ഇന്ത്യയിൽമാത്രം) മലയാളിയുടെ സ്വതസ്സിദ്ധമായ അലംഭാവം, പുച്ഛം എന്നിവയുടെ പ്രത്യക്ഷ ഉദാഹരണമോ? പിടിക്കപ്പെട്ടിട്ടും സർക്കാർ ആസ്പത്രിയിലേക്ക് വരാൻ വിസമ്മതിച്ച (വാർത്ത) അവരുടെ മനോഭാവം ഇതല്ലാതെ മറ്റെന്താണ്?
അതേസമയം, ഗുരുതരമായ സാഹചര്യത്തിൽ, പാസ്പോർട്ട്, ടിക്കറ്റ് മുതലായ എല്ലാ രേഖകളുമുണ്ടായിട്ടും ഒരു അന്വേഷണവുമില്ലാതെ ഇവരെ പുറത്തുവിട്ടതെങ്ങനെ എന്നതും ദുരൂഹമായിരിക്കുന്നു.
എന്തായാലും, സംഗതി പുറത്തായ ഉടൻ സടകുടഞ്ഞ് എഴുന്നേറ്റ് അതീവ ജാഗ്രതയോടെ അവരെ ബലമായി ആസ്പത്രിയിലെത്തിക്കുകയും അവരുമായി ബന്ധം പുലർത്തിയ എല്ലാവരേയും അന്വേഷിക്കാൻ ഒട്ടും സമയം പാഴാക്കാതെ, യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യസംഘങ്ങളെ നിയോഗിക്കുകയും മുവ്വായിരത്തോഇം പേരെ കണ്ടെത്തുകയും ചെയ്ത ഇടതു സർക്കാരിന്റെ ജാഗ്രതയും സേവനസന്നദ്ധതയും കാര്യക്ഷമതയും മാതൃകാപരവും ശ്ലാഘനീയവുമാണെന്നതിൽ തർക്കമില്ല.