Search This Blog

Saturday, July 20, 2019

കലാലയ രാഷ്ട്രീയവും കാൽ‌പന്തു കളിയും




അങ്ങനെ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഒരു കുടുംബത്തിന്റേയും സമൂഹത്തിന്റേയും വലിയ പ്രതീക്ഷയായിരുന്ന, ഒരുപാട് ജീവിതം ബാക്കിയുണ്ടായിരുന്ന അഭിമന്യുവിന്റെ ജീവൻ. വലിയ യുദ്ധമോ കലാപമോ ഒന്നുമില്ലാതെ,താൻ പഠിച്ചിരുന്ന കലാലയത്തിലേക്ക് കർത്തവ്യത്തിന്റെ വിളി കേട്ട് ഓടിയെത്തിയ ഒരു ചെറുപ്പക്കാരനെ ഒരു കൂട്ടം കാപാലികർ വളരെ ആസൂത്രിതമായി വിളിച്ചു വരുത്തി കുത്തിക്കൊന്നു. ഇതു രാഷ്ട്രീയമാണോ, അഥവാ ഇതാണോ കലാലയ രാഷ്ട്രീയം?

പുതിയ സാഹചര്യത്തിൽ, ദശാബ്ദങ്ങളോളം നമ്മൾ ചർച്ച ചെയ്ത കലാലയരാഷ്ട്രീയത്തിന്റെ പ്രസക്തിയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാവും. കലാലയങ്ങളിൽ രാഷ്ട്രീയം വേണോ, വേണ്ടേ?

ദശാബ്ദങ്ങൾക്കു മുമ്പ്, ക്ലാസ് നടന്നുകൊണ്ടിരിക്കെ, കലാലയത്തിന്റെ നടുത്തളത്തിൽ രണ്ടു വിഭാഗം വിദ്യാർത്ഥികൾ ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയും ഒരു വിദ്യാർത്ഥി കൊല്ലപ്പെടാൻ ഇടയാവുകയും ചെയ്ത സംഭവം നേരിൽ കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചോദ്യത്തിനു കൃത്യമായ ഒരു ഉത്തരമില്ലാതെ മനസ്സിൽ കിടന്നു.

കലാലയ രാഷ്ട്രീയം വേണോ വേണ്ടേ? വിദ്യാർത്ഥികളുടെ ധർമ്മം പഠിക്കുക എന്നതല്ലേ? ലോകവിവരമില്ലാത്ത, നിഷ്ക്കളങ്കരായ, എന്തും സ്വീകരിക്കുന്ന ഇളംമനസ്സുകളിലേക്ക് പുറത്തെ, മലീമസമായ പ്രായോഗിക കക്ഷിരാഷ്ട്രീയത്തിന്റെ വിഷം കുത്തിവെക്കണമോ? ഒരുപാട് പ്രയാസങ്ങൾ സഹിച്ച്, വളരെ പ്രതീക്ഷകളോടെ, പഠിച്ചു വളരാൻ വേണ്ടി കലാലയത്തിലേക്ക് അയക്കപ്പെടുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരുടെ കുട്ടികൾ വ്യക്തമായ ധാരണകളില്ലാതെ, രാഷ്ട്രീയത്തിന്റെ കലാപഭൂമിയിലേക്കെറിയപ്പെട്ട്, പ്രാഥമിക ലക്ഷ്യമായ പഠനത്തിൽ നിന്നും വഴിമാറി, ആസ്പത്രിയിലും കോടതി വരാന്തകളിലും അലഞ്ഞു തിരിഞ്ഞ് സ്വന്തം ഭാവി നശിപ്പിക്കണമോ? ചോദ്യങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണ്ണമാകുന്നു...

അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തിൽ ഒരു ഉൾ‌വിളിപോലെ തോന്നി, അല്ല, കലാലയത്തിൽ രാഷ്ട്രീയം വേണം. പഠനത്തോടൊപ്പം ലോകവിവരം നേടുക, പഠനത്തോടൊപ്പം ജീവിതത്തെപ്പറ്റിയും അല്പം പഠിക്കുക, നാനാ തരത്തിലുള്ള മനുഷ്യരുമായി ഇടപെടുക, മനുഷ്യരെ അറിയുക, ചുറ്റും നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കുക. അനീതികളും ദുരന്തങ്ങളും വെല്ലുവിളികളും തിരിച്ചറിയുക. കഴിയും വിധം പ്രതികരിക്കുക. അങ്ങനെ, മൊത്തത്തിൽ,അത്രയൊന്നും സുഖകരമല്ലാത്ത ജീവിതത്തെ ആത്മവിശ്വാസത്തോടെ, നേർക്കുനേർ അഭിമുഖീകരിക്കുവാൻ പഠിക്കുക. വളരെ നല്ലത്.

അപ്പോൾ ഈ രണ്ടു വാദമുഖങ്ങളും എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?

ഇനി നമുക്ക് ഫൂട്ബോളിനെപ്പറ്റി അല്പം ചിന്തിക്കാം.

സുനിശ്ചിതമായ, അംഗീകൃതമായ പരിധികളുള്ള ഒരു കളത്തിലാണ് കളി നടക്കുന്നത്. പ്രായത്തിൽ കലാലയവിദ്യാർത്ഥികൾക്കു സമാനമായവർ തന്നെയാണ് കളിക്കാർ. കളിക്കു കർശനമായ നിയമങ്ങളുണ്ട്, കളി നിയന്ത്രിക്കാൻ പരിശീലനം സിദ്ധിച്ച റഫറിമാരുണ്ട്, കാണാൻ ആയിരക്കണക്കിനു കാണികളുണ്ട്.

നിയമം തെറ്റിച്ചാൽ ഫൌൾ വിളിയുയരും, നിയമം കയ്യിലെടുത്താൽ മഞ്ഞക്കാർഡുയരും, അതു കഴിഞ്ഞാൽ ചുവപ്പു കാർഡുയരും, ചിലപ്പോൾ കളത്തിനു പുറത്തു പോയെന്നും വരാം.

വീറും വാശിയും നിറഞ്ഞ കായികമായ പോരാട്ടം തന്നെയാണ് ഇത്. മാസങ്ങളോളം നീളുന്ന പരിശീലനത്തിന്റെ അന്തിമ ഫലമാണ് ഇത്. ഒരേ സമയം വിജയവും പരാജയവും സംഭവിക്കുന്നു. ഒരേ കളത്തിൽ ഒരു വശത്ത് വിജയോന്മാദം മറുവശത്ത് പരാജയത്തിന്റെ കയ്പുനീർ. അതേ സമയം ഇത് വെറും രസത്തിനു വേണ്ടിയുള്ള കളിയല്ല. പ്രശസ്തിയോടൊപ്പം ലക്ഷക്കണക്കിന് രൂപയുടെ കളി കുടിയാണ് ഇത്. അതുകൊണ്ടുതന്നെ വിജയത്തിന്റേയും പരാജയത്തിന്റേയും കാഠിന്യവും ചെറുതല്ല. എങ്കിലും, എല്ലാറ്റിനുമൊടുവിൽ, എല്ലാവരും, കളിക്കാരും കാണികളും സംഘാടകരും എല്ലാം കളി ആസ്വദിക്കുന്നു. ജയിച്ചവരും തോറ്റവരും പരസ്പരം ഹസ്തദാനം നല്കി പിരിഞ്ഞു പോകുന്നു. ഇർഷ്യയോ, വെറുപ്പോ, ശത്രുതാ മനോഭാവമോ എല്ലാം കളിക്കളത്തിൽ ഉപേക്ഷിക്കുന്നു. കഴിഞ്ഞതെല്ലാം മറന്ന് അടുത്ത കളിക്കുള്ള തയ്യാറെടുപ്പും കാത്തിരിപ്പും തുടരുന്നു.

എന്തുകൊണ്ട് നമുക്ക് ഈ മാതൃക കലാലയരാഷ്ട്രീയത്തിൽ പകർത്തിക്കൂടാ?

പഠനത്തോടൊപ്പം രാഷ്ട്രീയം. അതിഗുരുതരമായ സാഹചര്യങ്ങളിലൊഴികെ പഠനം വിട്ടു കളിക്കരുത്. അതു കളിയുടെ ഏറ്റവും പ്രധാനപ്പെട്ട നിയമം. സ്പോർട്സ്‌മാൻ സ്പിരിട്ടോടു കൂടിയ രാഷ്ട്രീയം. വീറും വാശിയും വിദ്വേഷവുമെല്ലാം കളിക്കളത്തിൽ മാത്രം. ആത്യന്തികമായി കളി ആസ്വദിക്കുക എന്നതു മാത്രമായിരിക്കണം ലക്ഷ്യം. മറിച്ച്, ഫുട്ബോൾ സ്റ്റേഡിയത്തിൽ കളിക്കാരും കാണികളും ആയുധങ്ങളുമായി വന്നാലത്തെ സ്ഥിതി എന്തായിരിക്കും? അതുപോലെത്തന്നെ കലാലയങ്ങളിൽ ഒരിക്കലും ആയുധങ്ങൾ അനുവദനീയമല്ല എന്നു വിദ്യാർത്ഥികൾ തന്നെ തീരുമാനിക്കണം.

വളരെ അപൂർവ്വമായ ചില സംഭവങ്ങളൊഴിച്ചാൽ, കളിക്കളങ്ങളിൽ പൊതുവെ കലാപം ഇല്ലെന്നു തന്നെ പറയാം. അതായിരിക്കണം കലാലയങ്ങൾക്കു മാതൃക. ഹിംസ ഒരു തരത്തിലും അനുവദനീയമല്ല. അതാണ് കളിയുടെ രണ്ടാമത്തെ നിയമം.

ഒരു ലീഗ് ടൂർണ്ണമെന്റുപോലെ, മതേതര ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതു രാഷ്ട്രീയ ചായ്‌വുള്ള ടീമുകൾക്കും പങ്കെടുക്കാം. പണ്ടത്തെ വീടുകളിലെ കാഴ്ചച്ചുമരുപോലെ, അല്ലെങ്കിൽ, ഇപ്പോഴത്തെ മുഖപുസ്തകചുമരുപോലെ, ഓരോ വിഭാഗങ്ങൾക്കും ചുരുങ്ങിയ ചെലവിൽ ഒരു രാഷ്ട്രീയ മതിൽ നല്കുക. അവർക്കിഷ്ടം പോലെ ചുമരെഴുത്തുകൾ, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ബാനറുകൾ അങ്ങനെ എന്തു വേണമെങ്കിലും സഭ്യതയുടെ പരിധി വിടാതെ ആവിഷ്ക്കരിക്കാം. ഒരു കാരണവശാലും മറ്റുള്ളവരുടെ മതിലിൽ ഇടപെടരുത്. അതു ശ്രദ്ധിക്കാനായി വിദ്യാർത്ഥികളുടെ തന്നെ ഒരു സംഘം റഫറിയായി പ്രവർത്തിക്കാം. പഠനത്തിനിടയിൽത്തന്നെ രാഷ്ട്രീയ സംവാദങ്ങൾക്ക് അല്പം സമയം അനുവദിക്കാം. റഫറിയായി അദ്ധ്യാപകരോ പുറത്തു നിന്നുള്ള നേതാക്കളോ വരാം.

രാഷ്ട്രീയത്തിന്റെ ഭാഗമായി വ്യക്തിത്വവികസന ക്ലാസ്സുകൾ സംഘടിപ്പിക്കാം. വിവിധ സമകാലിക വിഷയങ്ങളെപ്പറ്റി രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ സംഘടിപ്പിക്കാം. ഇതിനായി മാസത്തിൽ ഒരു ദിവസമോ മറ്റോ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കാം.

ഫുട്ബോൾ കളിക്കാർ ഫുട്ബോൾ കളിയിലാണ് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത്: അല്ലാതെ ഹോക്കിയിലോ ടെന്നീസിലോ അല്ല. അതുപോലെ കലാലയ രാഷ്ട്രീയം വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നണം. അത്തരം പ്രശ്നങ്ങൾക്ക് ഇപ്പോൾ യാതൊരു പഞ്ഞവുമില്ലല്ലോ. പലപ്പോഴും വിദ്യാർത്ഥികളുടെ ഗുരുതരമായ പ്രശ്നങ്ങൾ യാതൊരു പരിഗണനയും ലഭിക്കാതെ അവഗണിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഒരുപടി കൂടി കടന്ന് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുവാൻ എല്ലാ കലാലയ മാനേജുമെൻറിലും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വേണം.

ഇങ്ങനെ രാഷ്ട്രീയവും പഠനവും ചേരുംപടി ചേർത്തുകൊണ്ട് മുന്നോട്ടു പോകുന്ന ഒരു വ്യവസ്ഥ ആവിഷ്കരിക്കാൻ കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രീയസംസ്കാരം തന്നെ മാറും. വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമായ ഒരു പുതു തലമുറ ഉയർന്നു വരും. കുടുംബം, ദേശം, ലോകം എന്നിങ്ങനെ വികസിക്കുന്ന വിശാലവീക്ഷണമുള്ള ഒരു ഭാവിതലമുറ തീർച്ചയായും നമുക്ക്‌ പ്രതീക്ഷിക്കാം. അത്തരമൊരു യുവതലമുറ ഇന്ത്യയെ വികസ്വര രാജ്യം എന്ന നിലയിൽ നിന്ന് ഒരു വികസിത രാജ്യം എന്ന പദവിയിലേക്കുയർത്തും എന്നതിൽ യാതൊരു സംശയവും വേണ്ട. അതു തന്നെയായിരിക്കണം കലാലയരാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം.