Search This Blog

Thursday, July 11, 2019

Half of a Yellow Sun-Chimamanda Ngozi Adichie

ആഫ്രിക്കൻ കൃതികൾ പൊതുവെ വ്യത്യസ്തമായ വായനാനുഭവം പകർന്നു നൽകുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ, ഇതിവൃത്തങ്ങൾ, ജീവിതമുഹൂർത്തങ്ങൾ, സാമൂഹിക അന്തരീക്ഷം, സംസ്കാരം, ചരിത്രം എല്ലാംകൊണ്ടും നമുക്കു പരിചിതമായ, യൂറോപ്യൻ, അമേരിക്കൻ ഇംഗ്ലീഷ് നോവലുകളിൽനിന്നും വേറിട്ടു നിൽക്കുന്നു. Chimamanda Ngozi Adichiയുടെ Half of a Yellow Sun എന്ന നോവലും ഇതിനൊരു അപവാദമല്ല.
പൊതുവെ ആഫ്രിക്കൻ ചരിത്രസംഭവങ്ങൾ ലോകശ്രദ്ധയിൽനിന്നും മറഞ്ഞു കിടക്കുന്നത് എല്ലാംകൊണ്ടും അവഗണിക്കപ്പെടുന്നതിന്റെ ഭാഗമായിരിക്കാം. ഈ നോവലിന്റെ ഇതിവൃത്തവും അതുപോലെ ലോകം കാര്യമായി ചർച്ച ചെയ്യപ്പെടാതെ വിട്ടുകളഞ്ഞ, 1967-70 കാലത്ത് നൈജീരിയയിൽ അരങ്ങേറിയ ബയാഫ്ര യുദ്ധത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഇഗ്ബോ വംശക്കാർ അനുഭവിച്ച വിവേചനത്തിന്റെ പരിണതഫലമായി, നൈജീരിയയിൽനിന്നും വേർപെട്ട് ബയാഫ്ര എന്ന പേരിൽ ഒരു പുതിയ രാഷ്ട്രം രൂപീകരിക്കുന്നതും വൻശക്തികളുടെ ഒത്താശയോടെ അത് അട്ടിമറിക്കപ്പെടുന്നതും വീണ്ടും നൈജീരിയയോടു കൂട്ടിച്ചേർക്കുന്നതുമാണ് നോവലിന്റെ പശ്ചാത്തലം.
ഇംഗ്ലണ്ടിൽ സ്ഥിരതാമസമായ സമ്പന്നരും ബുദ്ധിജീവികളുമായ കുടുംബത്തിന്റെ ജീവിതം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട യുദ്ധം എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് എഴുത്തുകാരി വരച്ചുകാട്ടുന്നത്. യുദ്ധത്തിന്റെ ഭീകരതയും ക്രൂരതയും സ്വതവെത്തന്നെ ദരിദ്രരായ ആഫ്രിക്കൻ സമൂഹത്തെ തകർത്തുകളയുന്ന ചിത്രം കരളലിയിക്കുന്നതാണ്. എങ്കിലും, വൻ സാദ്ധ്യതയുള്ള ഈ വിഷയം വേണ്ടവിധം പ്രയോജനപ്പെടുത്താൻ എഴുത്തുകാരിക്കു കഴിഞ്ഞുവോ എന്നതു സംശയമാണ്. കുറെ, ഭീകരമായ സംഭവങ്ങൾ പകർത്തുമ്പോഴും, ക്രമാനുഗതമായി വികസിച്ച്, ശക്തമായ പരിസമാപ്തിയിലെത്തുന്ന ഒരു കഥാതന്തുവിന്റെ അഭാവം നോവലിന്റെ പോരായ്മയാണെന്നു തോന്നുന്നു. ബയാഫ്രയുടെ സ്വാതന്ത്ര്യത്തിനെ പിന്തുണയ്ക്കുന്ന ഒരു ബ്രിട്ടീഷുകാരനും ഇതിൽ മുഖ്യകഥാപാത്രമായി വരുന്നുണ്ടെങ്കിലും വായനക്കാരുടെ മനസ്സിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാൻ പ്രസ്തുത കഥാപാത്രത്തിനു കഴിയുന്നില്ല.
കേന്ദ്രകഥാപാത്രങ്ങളുടെ ഭൃത്യൻ അപ്രതീക്ഷിതമായി, നിർബ്ബന്ധയുദ്ധസേവനത്തിലേക്കെടുത്തെറിയപ്പെടുകയും മരണവക്ത്രത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചെത്തുകയും ചെയ്യുമ്പോൾ, സന്നദ്ധസേവനത്തിലേർപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങളായ ഇരട്ട സഹോദരിമാരിലൊരാൾ അതിർത്തിയിൽ ഭക്ഷണം തേടിപ്പോയി തിരിച്ചെത്തുന്നില്ല. അതിലെ ദുരൂഹത അതേപടി നിലനിർത്തിക്കൊണ്ടാണ് നോവൽ അവസാനിപ്പിക്കുന്നത്.
നോവലിന്റെ ആദ്യത്തെ ഭാഗം 1960കളുടെ തുടക്കത്തിലും രണ്ടാമത്തെ ഭാഗം ഒടുക്കത്തിലുമായിരിക്കെ മൂന്നാമത്തെ ഭാഗം വീണ്ടും 1960കളുടെ തുടക്കത്തിലേക്കു തിരിച്ചുപോകുന്നു. വിചിത്രമെന്നു പറയട്ടെ, രണ്ടാമത്തെ ഭാഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ വായനാക്കാർക്കും മനസ്സിലാവണമെങ്കിൽ, മൂന്നാമത്തെ ഭാഗം വായിക്കണം. ഇതു വിചിത്രമായ ഒരു വൈകല്യമാണ്.
എങ്കിലും, നൈജീരിയൻ ചരിത്രത്തിലെ നിർഭാഗ്യകരമായ ഒരു മുഹൂർത്തം ലോകം മുഴുവനുമുള്ള വായനക്കാരുടെ മനസ്സിൽ വളരെ ശക്തമായി പുനരുജ്ജീവിപ്പിക്കുന്നു എന്നത് അഭിനന്ദനാർഹം തന്നെ.