സമീപകാല ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത
വിധം കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ രണ്ടു സംഭവങ്ങൾ അരങ്ങേറിയ വർഷമാണ് കഴിഞ്ഞുപോയ
2018. ആദ്യത്തേത് ആധുനിക കേരളത്തെ സുഖസുന്ദരസുഷുപ്തിയിൽനിന്നും
ഒരു പേടിസ്വപ്നം പോലെ ഞെട്ടിച്ചുണർത്തിയ പ്രളയദുരന്തമാണെങ്കിൽ, രണ്ടാമത്തേത് ഒരു കോടതിവിധിയിലൂടെ
കാലം തെറ്റി വന്ന ശബരിമല യുവതിപ്രവേശന നവോത്ഥാനമായിരുന്നു. ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ
അരങ്ങേറിയ ഈ പഴഞ്ചൻ ഭക്തിവിപ്ലവനവോത്ഥാനം അസംബന്ധങ്ങളുടേയും
വിരോധാഭാസങ്ങളുടെയും ഒരു മലകയറ്റമായിരുന്നു.
1.
മറ്റു ദേവാലയങ്ങളെ അപേക്ഷിച്ച്
നവോത്ഥാന മൂല്യങ്ങൾ പരമാവധി കാത്തുസൂക്ഷിക്കുന്ന ഇടമാണ് ശബരിമല. ജാതിമതധനവേഷവാഹനഉച്ചനീചത്വങ്ങളൊന്നുമില്ല
എന്നു മാത്രമല്ല, വിശ്വാസപരമായിത്തന്നെ മതമൈത്രിയുടെ ഒരു പ്രതീകമാണ് ശബരിമല. അവിടെയാണ്
ജാതിമതവിശ്വാസങ്ങൾക്കെതിരായ ഇടതുസർക്കാർ നവോത്ഥാനം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
2.
സാധാരണയായി വിശ്വാസങ്ങൾക്ക് യുക്തിയില്ല. എന്നാൽ, ശബരിമല യുവതിപ്രവേശന
നിയന്ത്രണത്തിനു പിന്നിൽ തികച്ചും ആധുനികമായ
ഒരു യുക്തിയുണ്ട്. അത് സ്ത്രീസുരക്ഷയാണ്. സ്ത്രീകൾക്കെതിരായ പീഡനങ്ങൾ ഒരു വൻ ഭീഷണിയായിരിക്കുന്ന
ഇക്കാലത്ത് അത് ഏറ്റവും പ്രസക്തമാണ്.
3.
വിശ്വാസത്തിന്റെ പേരിലെങ്കിലും ഇങ്ങനെയൊരു ആചാരം കൊണ്ടുവന്ന പണ്ടുള്ളവരുടെ
സാമാന്യയുക്തി പോലും നമുക്കില്ലെന്നു തെളിയിക്കുകയാണോ ഇപ്പോൾ?
4.
സ്ത്രീസുരക്ഷക്കുവേണ്ടിയുള്ള, മറ്റു നിയന്ത്രണങ്ങളായ മുന്നണി
പട്ടാളം, ഫാക്ടറികളിലെ 24 മണിക്കൂർ ഷിഫ്ട് ജോലികൾ, തീവണ്ടിയിലെ പ്രത്യേക കമ്പാർട്ട്മെന്റ്,
ബസ്സിലെ സീറ്റ് എന്നിവയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല.
5.
മതദൈവവിശ്വാസങ്ങൾ തള്ളിക്കളയുന്ന ഇടതുപക്ഷ സർക്കാർ ആചാരപരമായ
ഭക്തി നിരുത്സാഹപ്പെടുത്തുന്നതിനു പകരം പോലീസ് സന്നാഹങ്ങളോടുകൂടി യുവതികളെ ക്ഷേത്രത്തിൽ
തൊഴാനായി കൊണ്ടുപോകുന്നു.
6.
ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത, വടക്കേ ഇന്ത്യയിലെ ഏതോ സ്ത്രീകളാണ്
(ആദ്യം ഒരു മുസ്ലീം പുരുഷന്റെ പേരാണ് കേട്ടിരുന്നത്. പിന്നീടെപ്പോഴോ സ്ത്രീകളായി) മനുഷ്യാവകാശത്തിന്റെ
പേരിൽ ശബരിമലയിൽ യുവതി പ്രവേശനത്തിനായി കേസു കൊടുത്തത്.
7.
വർഷങ്ങൾക്കു ശേഷം അവർ RSS ബന്ധമുള്ളവരാണെന്ന് ഇടതുപക്ഷക്കാർ കണ്ടെത്തുന്നു.
8.
ഇത്രയും കാലത്തിനിടയിലും അതു മനസ്സിലാക്കാൻ കഴിഞ്ഞില്ല, അഥവാ,
യാതൊരു അന്വേഷണവും കൂടാതെയാണ് വർത്തമാനകാലപ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരമൊരു
സാഹസത്തിലേക്ക് എടുത്തു ചാടിയത്!
9.
കോടതിയിൽ യുഡിഎഫ് സർക്കാർ എതിർ സത്യവാങ്മൂലം നല്കിയപ്പോൾ, ഇടതുപക്ഷസർക്കാർ
വിപ്ലവാവേശത്തിൽ വേണ്ടത്ര പഠനം നടത്താതെ (ഇന്നത്തെ സംഭവവികാസങ്ങളിൽ നിന്ന് വെളിപ്പെടുന്നത്
) അനുകൂല സത്യവാങ്മൂലം നല്കി.
10.
കോടതി നടപടികൾ എവിടേയോ നടക്കുന്നു എന്നല്ലാതെ അതിന്റെ ഗുണഭോക്താക്കളായ
പൊതു സമൂഹവുമായി, വിശിഷ്യ സ്ത്രീകളുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
11.
ഈ നവോത്ഥാനത്തിൽ ഇത്രയധികം താല്പര്യമുണ്ടെങ്കിൽ മാറി മാറി വന്ന
ഇടതു സർക്കാരുകളൊന്നും ഇങ്ങനെയൊരു വിഷയം പൊതുജനങ്ങൾക്കിടയിൽ ചർച്ചക്കു വെക്കാത്തത്
എന്തുകൊണ്ടാണ് എന്നത് ചിന്തനീയമാണ്.
12.
അങ്ങനെയിരിക്കെ, ഇതു കോടതിയുടെ ആവശ്യമാണോ, സർക്കാരിന്റെ ആവശ്യമാണോ,
അഥവാ, കോടതിയുടെ ചെലവിൽ, പൂർണ്ണമായും കോടതിയെ ചാരി നിന്നുകൊണ്ട് നവോത്ഥാനപട്ടം കയ്യടക്കാമെന്നാണോ
ഇതിന്റെ പിന്നിലെ ഉദ്ദേശ്യം എന്ന സംശയമുണർത്തുന്നു.
13.
വർഷങ്ങൾക്കു ശേഷം കോടതിക്കു മുന്നിൽ വന്ന വാദങ്ങൾക്കനുസരിച്ച്,
മനുഷ്യാവകാശ പ്രശ്നം എന്ന നിലയിൽ മാത്രം പരിഗണിച്ച്, പ്രായോഗിക പ്രശ്നങ്ങളൊന്നും കണക്കിലെടുക്കാതെ യുവതിപ്രവേശനത്തിനു അനുകൂലമായി വിധിയായി.
14.
അഞ്ചംഗ ബഞ്ചിലെ ഒരേയൊരു വനിത മാത്രം വിയോജിപ്പു രേഖപ്പെടുത്തി.
15.
പൊതുജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സാധാരണക്കാരായ സ്ത്രീസമൂഹത്തിൽ
നിന്ന് ഒരിക്കലും അങ്ങനെ ഒരു ആവശ്യമുയർന്നിരുന്നില്ല.
16.
ബി ജെ പി, യു ഡി എഫ് തുടങ്ങിയവരെല്ലാം ആദ്യം വിധിയെ അനുകൂലിച്ചു.
17.
കേരള സർക്കാർ ഉടൻ തന്നെ സുപ്രീംകോടതിവിധി നടപ്പാക്കും എന്നു പ്രഖ്യാപിച്ച്
ശബരിമലയിൽ അധിക സൌകര്യങ്ങൾക്കായി 100ഏക്ര വനഭൂമിക്ക് ആവശ്യം ഉന്നയിക്കുകയും സന്നിധാനത്ത്
വനിതാ പോലീസിനെ വിന്യസിക്കാൻ ഒരുങ്ങുകയും ചെയ്തു.
18.
സംസ്ഥാനം ആഗസ്തിൽ ഉണ്ടായ മുമ്പെങ്ങുമില്ലാത്ത വിധം ദുരിതം വിതച്ച,
പമ്പയിൽത്തന്നെ വൻ നാശമുണ്ടാക്കിയ പ്രളയത്തിന്റെ
കെടുതികളിൽപ്പെട്ടുഴലുന്ന അവസ്ഥയിലും, ശബരിമല മണ്ഡലകാലത്തിനു തൊട്ടുമുമ്പ് യാതൊരു സംവിധാനവുമില്ലാത്ത
അവസ്ഥയിലും പാർലമെന്റ് തെരഞ്ഞെടുപ്പ് വാതിക്കലെത്തിനിൽക്കുമ്പോഴുമാണ് ഇങ്ങനെയൊരു സാഹസത്തിനു
മുതിർന്നത്.
19.
എന്നാൽ, ഇതിന്റെ പ്രധാന ഗുണഭോക്താക്കളായ കേരളത്തിലെ സാധാരണക്കാരായ
വനിതകൾ മുമ്പൊരിക്കലും കാണാത്തവിധം വമ്പിച്ച പ്രതിഷേധവുമായി തെരുവിലിറങ്ങി. ശബരിമല
അയ്യപ്പന്റെ പ്രതിഷ്ഠാസങ്കല്പം നൈഷ്ഠികബ്രഹ്മചാരിയായതിനാലാണ് യുവതികൾക്ക് പ്രവേശനമില്ലാത്തത്,
അതിനാൽ വിധി ആചാരങ്ങൾക്കു വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം.
20.
ഇതോടെ ബി ജെ പി, യു ഡി എഫ് തുടങ്ങിയ സംഘടനകളെല്ലാം ചുവടു മാറ്റി
വിശ്വാസികൾക്കൊപ്പമായി. എന്നാൽ, സി പി എമ്മിന്റെ നേതൃത്വത്തിൽ ഇടതുസർക്കാർ പൂർവ്വാധികം
ശക്തിയോടെ നവോത്ഥാനം, കോടതിവിധിയുടെ അലംഘനീയത എന്നീ വാദങ്ങളുയർത്തിപ്പിടിച്ച് മുന്നോട്ടു
പോയി.
21.
എന്നാൽ, അതേ സമയം, ദേവസ്വം ബോർഡ് പ്രസിഡണ്ട് യുവതി പ്രവേശനത്തെ
ശക്തമായി എതിർക്കുകയും കോടതിയിൽ പുന:പരിശോധനാഹർജി നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
22.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പിറ്റേദിവസം അദ്ദേഹം
സ്വന്തം നിലപാട് വിഴുങ്ങി. തുടർന്ന് മറ്റു പലരും പുന: പരിശോധനാ ഹർജികളും റിട്ട് ഹർജികളും
നൽകി.
23.
കേരളത്തിലെ സാധാരണക്കാരായ യുവതികളാരും ശബരിമലയിൽ തൊഴാനെത്തിയില്ല.
24.
ഒരു പക്ഷെ, പ്രതിപക്ഷ കക്ഷികൾ പ്രശ്നം ഏറ്റെടുത്തതുകൊണ്ടാവാം,
പിന്നീടൊരിക്കലും സാധാരണക്കാരായ സ്ത്രീകൾ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങിയില്ല.
25.
തൊഴാൻ എത്തിയത് ശബരിമലയും ഭക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത,
വിപ്ലവപാർട്ടികളിൽപ്പെട്ട, വിശ്വാസത്തെ തള്ളിപ്പറയുന്ന യുവതികൾ മാത്രം.
26.
അവർക്ക് സുരക്ഷാ അകമ്പടിയായി ഇടതു സർക്കാരിന്റെ വൻ പോലീസ് സന്നാഹം.
27.
അവരിൽ ഒരാൾക്ക് മറയായി പോലീസിന്റെ പ്രച്ഛന്നവേഷം നൽകി.
28.
വിചിത്രമെന്നു പറയാം, ശബരിമല പ്രശ്നം നടന്നുകൊണ്ടിരിക്കേ പുന:പരിശോധന/റിട്ട്
ഹർജികളിലെ തീർപ്പ് കല്പിക്കുന്നത് കോടതി മണ്ഡല, മകരവിളക്ക് കഴിഞ്ഞ് ജനവരി 22ലേക്കു
മാറ്റി. എന്നാൽ, പഴയ വിധി സ്റ്റേ ഇല്ല എന്നു ആവർത്തിച്ചു പറഞ്ഞ് ശബരിമല പ്രശ്നം പരിഹാരത്തിനു
പകരം ഞാണിന്മേൽ നിർത്തി. അതു മൂലം ബഹളം തുടർന്നുകൊണ്ടിരുന്നു.
29.
ഹിന്ദു സംഘടനകളും സാധാരണ ഭക്തരും കൂടി ഉയർത്തിയ വൻ പ്രതിഷേധത്തിൽ
ഇങ്ങനെ തൊഴാൻ വന്നവരെല്ലാം തോറ്റു പിന്മടങ്ങി. ആയിരക്കണക്കിനു സാധാരണ ഭക്തരെ അറസ്റ്റു
ചെയ്ത് ജയിലിലടച്ചു.
30.
ശബരിമലയിൽ തൊഴാനെത്തിയ വനിതയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന പേരിൽ
ഒരു ബി ജെ പി നേതാവിനെ അറസ്റ്റു ചെയ്ത്, ഉടൻ ജാമ്യം ലഭിക്കാതിരിക്കാൻ മറ്റു പല പഴയ
കേസുകളും കൂട്ടിച്ചേർത്തു. എന്നാൽ, മൂന്നാഴ്ചയ്ക്കുശേഷം അദ്ദേഹം പുറത്തു കടന്നു.
31.
മറ്റൊരു നേതാവ് ആചാരമൊന്നുമില്ലാതെ പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞു
നിന്നു.
32.
പ്രതിഷേധിക്കുന്നവരെ ശാന്തരാക്കാനുള്ള ശ്രമത്തിൽ പോലീസ് അദ്ദേഹത്തിനു
സ്വന്തം മൈക്ക് നൽകി.
33.
വലിയ വീരവാദങ്ങളോടെ, വളരെയേറെ കൊട്ടിഘോഷിച്ച് മുംബെയിൽ നിന്നു
വന്ന മഹാ മനുഷ്യാവകാശ പ്രവർത്തകക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ
തിരിച്ചു പോകേണ്ടി വന്നു.
34.
നാമജപം ഒരു സമരായുധമായി മാറി.
35.
ഇക്കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന വ്യക്തിശുചിത്വം ദേവാലയങ്ങളിൽ
പണ്ടേ പാലിച്ചു പോരുന്നതാണ്. എല്ലാ ശാരീരിക വിസർജ്ജ്യങ്ങളും ദേവാലയങ്ങളിലും ആരാധനയുമായി
ബന്ധപ്പെട്ട ചടങ്ങുകളിലും ഒഴിവാക്കപ്പെടുകയാണ് സാമാന്യമായ കീഴ്വഴക്കം. എന്നാൽ, ശബരിമലയുടെ കാര്യത്തിൽ, ആർത്തവശുദ്ധി എന്തോ
മഹാ പാതകമാണെന്ന മട്ടിൽ വളച്ചൊടിച്ച് ഊതിപ്പെരുപ്പിച്ച് ഒരു മഹാ വിപ്ലവമായി കൊട്ടിഘോഷിക്കുന്നത്
അപഹാസ്യമായേ കാണാനാവൂ.
36.
ലക്ഷക്കണക്കിനു ഭക്തർ വരികയും തമ്പടിക്കുകയും ചെയ്യുന്ന ശബരിമലയിൽ
144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
37.
അപകടത്തിൽ മരിച്ചു എന്നു പിന്നീട് വെളിപ്പെട്ട ഒരു വൃദ്ധൻ പോലീസ്
നടപടി മൂലം മരിച്ചു എന്നു ആരോപിച്ച് ബി ജെ പി ഹർത്താൽ നടത്തി. അതുപോലെ സന്നിധാനത്തിൽ
വച്ച് ഒരാൾ തീകൊളുത്തി ആത്മഹത്യ ചെയ്തതിന്റെ പേരിലും ഹർത്താൽ നടത്തി പരിഹാസ്യരായി.
38.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം നിരോധനാജ്ഞയുടെ പേരിൽ കടത്തി വിടാതെ
വാക്കേറ്റത്തിനു മുതിർന്ന പോലീസ് തമിഴ്നാടിൽനിന്നുള്ള മനീതി സംഘത്തിന്റെ വാഹനം കടത്തിവിട്ടു.
39.
ആയിരക്കണക്കിനു ഭക്തരെ അറസ്റ്റു ചെയ്ത പോലീസ് നിരോധനാജ്ഞ ലംഘിക്കാൻ
വന്ന യു ഡി എഫ് സംഘത്തെ അറസ്റ്റു ചെയ്യാൻ വിസമ്മതിച്ചു.
40.
കഴിഞ്ഞ വർഷം വരെ പോലീസിന്റെ ഏറ്റവും നല്ല, സമർപ്പണബുദ്ധിയോടുകൂടിയ
സേവനം ലഭിക്കുന്ന സ്ഥലമായിരുന്ന ശബരിമല ഇക്കൊല്ലം,
സർക്കാർ നയം മൂലം, ജനങ്ങളോട് ഏറ്റവും ശത്രുതാപരമായി പെരുമാറുന്ന സ്ഥലമായി മാറി.
41.
നിയന്ത്രണാതീതമായ തിരക്കുള്ള സമയത്തും, വളരെ പരിമിതമായ സൌകര്യം
മാത്രമുള്ള വനാന്തരീക്ഷത്തിൽ, യാതൊരു പ്രശ്നവുമില്ലാതെ, ശാന്തിയും സമാധാനവും നിറഞ്ഞ
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർത്ഥാടനം നടക്കുന്ന ശബരിമല അക്ഷരാർത്ഥത്തിൽ കലാപഭൂമിയായി
മാറി.
42.
കോടതിവിധി കേട്ടപാതി, കേൾക്കാത്ത പാതി, ഇപ്പ ശര്യാക്കിത്തരാമെന്ന
മട്ടിൽ, വാലിൽ തീകൊളുത്തിയപോലെ മലയിലേക്ക് എടുത്തു ചാടിയ സർക്കാർ അധികം താമസിയാതെ ഉരുണ്ടുപെരണ്ടു താഴെ വീണു.
43.
ഒടുവിൽ, വിശ്വാസിയല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് മലകയറാൻ വന്ന
സ്ത്രീകളെ പോലീസു തന്നെ നിരുൽസാഹപ്പെടുത്തി തിരിച്ചയക്കാൻ തുടങ്ങി.
44.
സുരക്ഷയൊരുക്കാൻ വന്ന പോലീസുതന്നെ പാതിവഴിയിൽ വിപ്ലവയുവതികളെ
കയ്യൊഴിയുന്നു എന്ന പരാതിയുമുയർന്നു.
45.
ഒടുവിൽ രണ്ടു സ്ത്രീകളെ വൃദ്ധയുടെ വേഷം കെട്ടിച്ച് രാത്രിയുടെ
മറവിൽ ശബരിമലയിൽ പ്രവേശിപ്പിച്ചു.
46.
വാവർ പള്ളിയിൽ പ്രവേശിക്കാൻ വന്ന രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്തു
നീക്കി.
47.
ശബരിമല വിഷയത്തിൽ അപ്രതീക്ഷിതമായി ഉയർന്നുവന്ന പ്രതിഷേധത്തിന്റേയും
പരാജയത്തിന്റേയും ജാള്യത മറച്ചുവെക്കാനെന്ന മട്ടിൽ, വൻ സർക്കാർ സന്നാഹങ്ങളും നവോത്ഥാനത്തിന്റെ
പേരിലുള്ള പ്രചരണങ്ങളുമായി, കേരളമുടനീളം നീളുന്ന ഒരു വനിതാമതിൽ എന്ന മറ്റൊരു വിവാദത്തിലേക്ക്
എടുത്തു ചാടി.
48.
ഔദ്യോഗികമായി ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ച ഈ പരിപാടി
സാമ്പത്തിക സ്രോതസ്സിന്റെ പേരിലും വർഗ്ഗീയതയുടെ പേരിലും വലിയ ആശയക്കുഴപ്പങ്ങൾക്കും
വിവാദങ്ങൾക്കും കോടതി നടപടിക്കും ഇടയാക്കി.
49.
ഒപ്പം ബി ജെ പിയുടെ അയ്യപ്പജ്യോതിയും യു ഡി എഫിന്റെ സംഗമവും അരേങ്ങേറി.
പ്രളയകാലത്തെ രാഷ്ട്രീയ ലീലകൾ മറ്റെല്ലാം മറന്ന് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആഘോഷിച്ചു.
സാധാരണക്കാരായ ജനങ്ങൾ ഈ അസംബന്ധനാടകങ്ങൾ കണ്ട് മൂക്കത്ത് വിരൽ വെച്ചു.
50.
ശബരിമലയുടെ കാര്യത്തിൽ, ഒരു നൂറ്റാണ്ടു പിന്നിലേക്കു പോയി പഴഞ്ചൻ
ഭക്തിവിപ്ലവനവോത്ഥാനനായകർക്കൊപ്പം നിന്നപ്പോൾ, കുരിശു വെച്ച് കുന്ന് കയ്യേറിയ കേസ്,
ഫ്രാങ്കോ സ്ത്രീപീഡനകേസ്, പള്ളിത്തർക്കങ്ങൾ, മുസ്ലീം സ്ത്രീപക്ഷ നാടകം മുത്തലാക്ക്
നിയമം എന്നിവയിലെല്ലാം പല നൂറ്റാണ്ടുകൾക്കു പിന്നിലേക്കു പോയി പീഡകരുടേയും ക്രിമിനലുകളുടേയും
പിന്നിൽ ‘ഇടതു പുരോഗമനസർക്കാർ’ പാറ പോലെ ഉറച്ചുനിന്നു.
51.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയാകെ ബിജെപി കത്തിക്കയറുമ്പോഴും
കേരളത്തിൽ അതിനു കാര്യമായ മുന്നേറ്റമൊന്നും കൈവരിക്കാൻ കഴിഞ്ഞില്ല. എന്നാൽ, കോടതിവിധിയെ
ചാരിനിന്നുകൊണ്ട് ചുളുവിൽ പഴഞ്ചൻ ഭക്തിവിപ്ലവനവോത്ഥാനനായകത്വം സ്വയം എടുത്തണിയാൻ ശ്രമിച്ച
ഇടതു സർക്കാർ അറിഞ്ഞോ അറിയാതെയോ ബിജെപിക്ക് അപ്രതീക്ഷിതമായ ഒരു വേദിയും വമ്പിച്ച മാദ്ധ്യമശ്രദ്ധയും
താലത്തിൽ വെച്ചു നീട്ടി. എന്നാൽ, ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിൽ അതെത്ര കണ്ട് പ്രയോജനപ്പെടുത്താനായി
എന്നത് വേറെ കാര്യം.
52.
അതിനുള്ള ഒരു കാരണം, ശബരിമലപ്രശ്നത്തിൽ, സമഗ്രമായ പരിജ്ഞാനമോ
ഉറച്ച കാഴ്ചപ്പാടോ ഇല്ലാത്ത കേന്ദ്രനേതൃത്വത്തിന്റെ വിചിത്രവും പരസ്പരവിരുദ്ധവുമായ
നിലപാടുകളും അലംഭാവവുമാണ്.
53.
ഇത്രയും കോളിളക്കം സൃഷ്ടിച്ച, സ്ത്രീസുരക്ഷയുടേയും പരിസ്ഥിതിയുടേയും
കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങളുള്ള ഒരു പ്രശ്നത്തിൽ, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുന്ന
തരത്തിലുള്ള കോടതിയുടെ നിലപാട് വളരെ വിചിത്രമായി ആർക്കെങ്കിലും തോന്നിയെങ്കിൽ കുറ്റം
പറയാൻ കഴിയില്ല.
54.
ഈ കോലാഹലങ്ങൾക്കെല്ലാമൊടുവിൽ എന്തു നവോത്ഥാനമാണ് കേരളത്തിൽ സംഭവിച്ചത്
എന്ന് അടുത്ത തെരഞ്ഞെടുപ്പു ഫലം പറയട്ടെ!
കൂടുതൽ ചുഴിഞ്ഞു നോക്കിയാൽ ഇനിയും എത്രയോ വൈരുദ്ധ്യങ്ങൾ ചുരുളഴിഞ്ഞു വരും.
തത്ക്കാലം ഇത്രമാത്രം കുറിക്കട്ടെ.
പരമേശ്വരൻ
24/1/2019