Search This Blog

Sunday, March 3, 2019

ഉണ്ണിക്കുട്ടന്റെ ലോകം-നന്തനാർ

വളരെക്കാലമായി വായിക്കാനാഗ്രഹിച്ചിരുന്ന നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന കൃതി രണ്ടു ദിവസം മുമ്പ് വായിച്ചു തീർത്തു. മനസ്സിലുണ്ടായിരുന്ന സങ്കല്പങ്ങൾക്കു വിരുദ്ധമായി കൃതി നിരാശപ്പെടുത്തി എന്നു പറയാം. കുട്ടികളുടെ ഭാവനയുടെ ചിറകു വിടർത്തിപ്പറക്കുന്ന കഥയോ അനുഭവങ്ങളോ അനുഭൂതിസാന്ദ്രമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കും എന്ന മുൻ‌ധാരണയോടുകൂടിയാണ് വായിക്കാൻ തുടങ്ങിയത്. ആത്മാവിന്റെ നോവുകൾ, അനുഭവങ്ങൾ എന്നീ കൃതികളെല്ലാം നമ്മെ വർഷങ്ങളോളം വേട്ടയാടുന്നവയായിരുന്നു എന്ന അനുഭവമായിരുന്നു ഇതിന്റെ അടിസ്ഥാനം. എന്നാൽ, ഇവിടെ തികച്ചും വ്യത്യസ്തമായി, സാമാന്യം അല്ലലൊന്നുമില്ലാതെ കഴിയുന്ന, പറയത്തക്ക വ്യത്യസ്തതയൊന്നുമില്ലാത്ത ഒരു പഴയ തറവാടിലെ സ്കൂൾ പ്രായമാവുന്ന ഒരു കുട്ടിയുടെ വളരെ പരിമിതമായ ഒരു കാലത്തെ ജീവിതത്തിന്റെ ശുഷ്കമായ തത്സമയ വിവരണം മാത്രമായി ചുരുങ്ങുന്നു ഈ കൃതി. 1960/70 കാലത്തെ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതിക്ക് വാസ്തവത്തിൽ, അനന്തസാദ്ധ്യതയാണുള്ളത്. വേലയും പൂരവും, കുട്ടികളുടെ കളികളും മാങ്ങാക്കാലവും ആഘോഷങ്ങളും എന്നിങ്ങനെ എന്തെല്ലാം. എന്നാൽ, എന്തുകൊണ്ടെന്നറിയില്ല, നോവലിസ്റ്റ് കൃതിയെ വല്ലാതെ പരിമിതപ്പെടുത്തിക്കളഞ്ഞു. ഒന്നാമത്, മിക്കവാറും വീട്ടിൽ മാത്രമൊതുങ്ങുന്ന പ്രായം, രണ്ടാമത്, കാലപരിധി. ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’ മാത്രമാണ് ആദ്യത്തെ ഭാഗത്ത്. എന്നാൽ, അതു വളരെ പ്രത്യേകത നിറഞ്ഞ സംഭവബഹുലമായ ഒരു ദിവസമാണോ? അതല്ലതാനും. വെറുമൊരു സാധാരണ ദിവസത്തിൽ സാധാരണമായ ഒരു തത്സമയ വിവരണം മാത്രമായി നോവൽ. കാര്യമായ സംഭവങ്ങളോ പുറമെ നിന്നുള്ള കഥാപാത്രങ്ങളോ വിരളം. കുടുംബത്തിനു തന്നെ ചുറ്റുവട്ടമായി വലിയ സാമൂഹികമായ ബന്ധമില്ലെന്നു തോന്നും തുടർന്നുള്ള ഭാഗങ്ങളിലും.  നന്തനാർ കൃതികളിലെ തീക്ഷ്ണമായ വിഷാദവും സംഘർഷവുമൊന്നും ഇതിൽ കാണുന്നില്ല. മൊത്തത്തിൽ നിരാശപ്പെടുത്തുന്ന ഒരു കൃതി.