Search This Blog

Monday, July 22, 2019

വാല്മീകിരാമായണത്തിൽ

വാല്മീകിരാമായണത്തിൽ ആദ്യ സർഗ്ഗത്തിൽത്തന്നെ കഥയുടെ രത്നച്ചുരുക്കം നാരദമഹർഷി വാല്മീകിയോട് പറയുന്നുണ്ട്. അതായത്, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി വായനക്കാരനെ കയ്യിലെടുക്കാൻ ഉദ്ദേശ്യമില്ല, മറിച്ച്, കൂടുതൽ സൂക്ഷ്മമായി, കൂടുതൽ ആഴത്തിൽ കൃതി ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വായനക്കാരെയാണ്‌ ലക്ഷ്യം വെക്കുന്നത്‌ എന്നല്ലേ ഇതിലൂടെ കവി വെളിപ്പെടുത്തുന്നത്‌? 

രാമൻ, ശ്രീരാമൻ എല്ലാം ശരി. രാമചന്ദ്രൻ എന്ന് ചന്ദ്രനെ കൊണ്ടുവന്നത് എപ്പോഴാണ്? വാത്മീകി തന്നെ ആ പേരും നല്കിയിരുന്നോ?

വാല്മീകീരാമായണത്തിൽ ഗ്രന്ഥകർത്താവും കഥയും കെട്ടിപ്പിണഞ്ഞു കിടക്കുന്നു. / ഗ്രന്ഥരചനയ്ക്കുണ്ടായ സാഹചര്യം വിവരിക്കുന്ന രണ്ടും മൂന്നും നാലും സർഗ്ഗങ്ങളിൽ വാല്മീകി മറ്റൊരാളാണെന്നതു പോലെ പ്രഥമപുരുഷനിലാണ് വിവരണം. ഇതു പൊതുവെ പുരാണേതിഹാസങ്ങളിലെല്ലാമുള്ള രചനാസങ്കേതമാണെന്നു തോന്നുന്നു. ഇത്തരം ഏതെങ്കിലും കൃതികളിൽ ഉത്തമപുരുഷനിൽ വിവരിക്കുന്നുണ്ടോ? അതേസമയം, ആധുനിക കാലത്തെത്തുമ്പോൾ ഉത്തമപുരുഷനിലുള്ള ആഖ്യാനം സർവ്വസാധാരണമാവുന്നു. Call me Ishmael - Moby Dick എന്നത് വളരെ പ്രസിദ്ധമായ ഉദാഹരണം. എന്നാൽ, തികച്ചും വ്യത്യസ്തമായി, ഇവിടത്തെ 'ഞാൻ' മിക്കവാറും ഗ്രന്ഥകാരനല്ലതന്നെ. മറിച്ച്, മുഖ്യ കഥാപത്രത്തിന്റെ വീക്ഷണത്തിലൂടെ ഗ്രന്ഥകർത്താവ് കഥ പറയുന്നു എന്നു മാത്രം.

#വാല്മീകിരാമായണത്തിൽ വിഭാണ്ഡക മുനിയുടെ മകനായ ഋഷ്യശൃംഗൻ ലോമപാദ രാജാവിന്റെ അഭീഷ്ടപ്രകാരം വശീകരിക്കപ്പെട്ട് അദ്ദേഹത്തിന്റെ മകൾ ശാന്തയെ വിവാഹം ചെയ്ത് കൊട്ടാരത്തിൽ ചിരകാലം പാർത്തിട്ടും പിതാവായ വിഭാണ്ഡകന്റെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു പ്രതികരണമുണ്ടായതായി പറയുന്നില്ല. മറ്റേതെങ്കിലും സന്ദർഭത്തിൽ ഇതേപ്പറ്റി എന്തെങ്കിലും സൂചനയുണ്ടോ?

വാല്മീകിരാമായണം ശ്രീരാമനെ സാധാരണ മനുഷ്യനായും അദ്ധ്യാത്മരാമായണം ഈശ്വരാവതാരമായും കണക്കാക്കുന്നു എന്ന് പൊതുവിലൊരു നിഗമനം കേട്ടിട്ടുണ്ട്. എന്നാൽ, വാസ്തവത്തിൽ വാല്മീകീരാമായണവും ശ്രീരാമൻ വിഷ്ണുവിന്റെ അംശമായി പിറക്കുന്നു എന്ന് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്.
തത: പത്മപലാശാക്ഷ: കൃത്വാത്മാനം ചതുർവിധം
പിതരം രോചയാമാസ തദാ ദശരഥം നൃപം
പദ്മഭള നേത്രനായ ഭഗവാൻ സ്വശക്തിയെ നാലായി പകുത്ത് ദശരഥ മഹാരാജനെ താതനാക്കുവാൻ തീരുമാനിച്ചു.(ബാലകാണ്ഡം, സർഗ്ഗം 15
അതായത്, ശ്രീരാമൻ മാത്രമല്ല, ലക്ഷമണനും, ഭരതനും ശത്രുഘ്നനും ഭഗവാന്റെ അംശം തന്നെ.
എന്നു മാത്രമല്ല, വാനരോല്പത്തി എന്ന 17ആം സർഗ്ഗത്തിലെത്തുമ്പോൾ, വാനരപ്പടയടക്കം രാമരാവണയുദ്ധത്തിലേർപ്പെടുന്ന എല്ലാവരും തന്നെ ദേവയക്ഷഗന്ധർവ്വാദികളുടെ ദിവ്യജന്മങ്ങളാണെന്നു സ്പഷ്ടമാക്കുന്നു.

വാല്മീകീരാമായണത്തിൽ രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ യാത്രാമദ്ധ്യേ പറഞ്ഞുകൊടുക്കുന്ന പാലാഴിമഥനം കഥയിൽ വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവൻ ഹലാഹല വിഷം ഭക്ഷിച്ചു എന്നു മാത്രമേ പറയുന്നുള്ളു. ശ്രീപാർവ്വതി വന്നു ശിവന്റെ കണ്ഠത്തിൽ പിടിച്ചതും നീലകണ്ഠനായതും ഒന്നും പറയുന്നില്ല.

സാധാരണയായി പുരാണേതിഹാസങ്ങളിൽ അമാനുഷവും അഭൗമവുമായ അതിശയോക്തികളാണ് കണ്ടുവരാറ്. എന്നാൽ, 
അഥ മേ കൃഷത ക്ഷേത്രം ലാങ് ഗലാദുത്ഥിതാ മയാ
ക്ഷേത്രം ശോധയതാ ലബ്ധാ നാമ് നാ സീതേതി വിശ്രുതാ
എന്ന് വാല്മീകീരാമായണത്തിൽ ജനകരാജാവ് പറയുന്നു.
അപ്പോൾ, സ്വാഭാവികമായും ഒരു സംശയമുയരുന്നു. ഒരു രാജാവ് വയലിൽ കലപ്പകൊണ്ട് നിലമൂഴുമോ?
#വാല്മീകീരാമായണത്തിൽ
അച്ഛന്റെ ആജ്ഞയനുസരിക്കുക എന്ന പേരിലാണ് രാമൻ രാജ്യമുപേക്ഷിച്ച് വനവാസത്തിനൊരുങ്ങുന്നത്.  എന്നാൽ, ദശരഥൻ ഒന്നും മിണ്ടുന്നില്ല. അദ്ദേഹം തളർന്നിരിപ്പായിരുന്നു. കൈകേയിയാണ് അദ്ദേഹത്തിനുവേണ്ടി സംസാരിച്ചത്. അതേ സമയം സ്വന്തം അമ്മയായ കൗസല്യ ഒരിക്കലും കാട്ടിലേക്കു പോകരുതെന്ന് രാമനോട് കേണപേക്ഷിക്കുന്നുണ്ട്. അപ്പോൾ, ഏതാണ് ധർമ്മം?

#വാല്മീകീരാമായണത്തിൽ
ന ച തത്ര ഗത: കിഞ്ചിദ്
ദ്രഷ്ടുമർഹസി വിപ്രിയം
മൽക്കൃതേന ച തേ ശോകോ
ന ഭവിഷ്യാമി ദുർഭരാ 
(അയോദ്ധ്യാകാണ്ഡം, സർഗ്ഗം 30, ശ്ലോകം 17)
അവിടെവെച്ച് എന്നിൽനിന്ന് ഒരപ്രിയവും അങ്ങേയ്ക്ക് വരികയില്ല. ഞാൻ മൂലം ശോകവുമുണ്ടാവില്ല. ഞാൻ അങ്ങേയ്ക്ക് ഭാരമായിത്തീരുകയില്ല.
രാമനോടൊത്ത് കാട്ടിലേക്ക് വരുന്നതിന് സീതയുയർത്തുന്ന വാദങ്ങളിലൊന്നാണ് ഇത്. ശേഷം ചരിത്രം!
#വാല്മീകീരാമായണത്തിൽ
വനവാസത്തിനൊരുങ്ങി, സീതയോടും ലക്ഷ്മണനോടുമൊത്ത്  പിതാവിനോട്  യാത്ര പറയാൻ ചെല്ലുന്ന ശ്രീരാമൻ, നേരെ ചെന്ന് ദശരഥനെ കാണുകയല്ല ചെയ്യുന്നത്. മറിച്ച്, രാജാവിന്റെ കാര്യാലയം എന്ന പോലെ, തേരാളിയും കാര്യസ്ഥനും സുരക്ഷ ഉദ്യോഗസ്ഥനും സെക്രട്ടറിയുമെല്ലാമായ സുമന്ത്രനോട് വന്ന വിവരം പിതാവിനെ അറിയിക്കാൻ പറഞ്ഞ് കാത്തിരിക്കുകയാണ്. ദശരഥനാവട്ടെ, തന്റെ ഭാര്യമാരെയെല്ലാം വിളിച്ചു വരുത്തിയതിനു ശേഷമാണ് രാമനെ വിളിക്കാൻ സുമന്ത്രനോടു പറയുന്നത്.

#വാല്മീകീരാമായണത്തിൽ
കൈകേയിയുടെ വരാഭ്യർത്ഥനയെത്തുടർന്ന് കൊട്ടാരത്തിലുണ്ടായ ഭൂകമ്പത്തിന്റെ സമയത്ത് ഭരതനും ശത്രുഘ്നനും കേകയത്തായിരുന്നുവെങ്കിലും (ഭാര്യമാരുടെ കാര്യം പറയുന്നില്ല) സംഭവവികാസങ്ങൾക്കൊടുവിൽ ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകാനായി രാജകുടുംബാംഗങ്ങളോടു യാത്ര പറയുന്ന സന്ദർഭത്തിലും, ആരുംതന്നെ, നിശ്ചയമായും അവിടെത്തന്നെ ഉണ്ടായിരിക്കേണ്ട ഊർമ്മിളയെപ്പറ്റിയോ, ഭരത ശത്രുഘ്നൻമാരെപ്പറ്റിയോ അവരുടെ ഭാര്യമാരായ മാണ്ഡവി, ശ്രുതകീർത്തി എന്നിവരെപ്പറ്റിയോ ഒരു പരാമർശവും നടത്തുന്നില്ല എന്നത് എങ്ങനെ ന്യായീകരിക്കാനാവും?

വനവാസയാത്രയിൽ ശൃംഗിബേരപുരത്തിൽ വെച്ച്‌ ശ്രീരാമനും കൂട്ടരും കാട്ടാളരാജാവായ ഗുഹനെ കണ്ടുമുട്ടുന്ന സന്ദർഭം ( അയോദ്ധ്യാകാണ്ഡം സർഗ്ഗം 50) അതീവ ഹൃദയസ്പർശിയാണ്‌. ശ്രീരാമന്റെ ആത്മസമനായ സഖാവ്‌ എന്നാണ്‌ വാല്‌മീകി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. ശ്രീരാമൻ തന്റെ രാജ്യത്ത്‌ വന്നതറിഞ്ഞ്‌ അദ്ദേഹം മന്ത്രിമാരും പരിവാരങ്ങളുമായി വരുന്നു.  രാമനും ലക്ഷ്മണനും മുന്നോട്ടു നടന്നു ചെന്ന് അദ്ദേഹത്തെ സ്വീകരിക്കുന്നു. ഗുഹൻ ആലിംഗനം ചെയ്ത്‌ അവരെ സ്വീകരിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നു. എന്നാൽ, താപസവ്രതത്തിലായതിനാൽ രാമൻ അതെല്ലാം സ്നേഹപൂർവ്വം നിരസിക്കുന്നു. കുതിരകൾക്കുള്ള തീറ്റ മാത്രം സ്വീകരിക്കുന്നു. അന്നത്തെ രാത്രി മുഴുവൻ ലക്ഷ്മണനും സുമന്ത്രനുമായി അയോദ്ധ്യയിലെ വർത്തമാനം പറഞ്ഞുകൊണ്ട് കഴിച്ചുകൂട്ടുന്നു.

#വാല്മീകീരാമായണത്തൽ
 അർത്ഥധർമ്മൗ പരിത്യജ്യ
യ കാമമനുവർത്തതേ
ഏവമാപദ്യതേ ക്ഷിപ്രം
രാജാ ദശരഥോ യഥാ
അയോദ്ധ്യാകാണ്ഡം, സർഗ്ഗം 53 ,ശ്ലോകം 13
ധർമ്മാർത്ഥങ്ങളെ ഉപേക്ഷിച്ച് കാമത്തെ സ്വീകരിക്കുന്നവൻ ദശരഥനെപ്പോലെ വേഗം ആപത്തിൽ കുടുങ്ങും.
രാമൻ കാട്ടിൽവെച്ച് ലക്ഷ്മണനോട് സങ്കടം പറയുന്ന ഭാഗമാണ് ഇത്.
ദശരഥനെപ്പറ്റി ഇങ്ങനെയൊരു ആരോപണം വസ്തുതക്കു നിരക്കുന്നതാണോ? 
ദേവാസുരയുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന്റെ നന്ദിസൂചകമായി വരം നല്കി. അതു നിറവേറ്റുക എന്നതു തന്നെയാണ് സത്യവും ധർമ്മവും. പിന്നെ, സ്വാഭാവികമായും, തന്റെ ഇഷ്ടഭാര്യയിൽ നിന്ന് ഇത്രയും നിഷ്ക്കരുണമായ ആവശ്യങ്ങൾ വരാനുള്ള സാദ്ധ്യത മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതാണ് ദശരഥനു പറ്റിയ വിന.

ദശരഥന്റെ മരണശേഷം ഭരതന്റെ അടുത്തേയ്ക്ക് പോകുന്ന ദൂതന്മാരോട് വസിഷ്ഠൻ പറയുന്നു:
മാ ചാസ്മൈ രോഷിതം രാമം
മാ ചാസ്മൈ പിതരം മൃതം
ഭവന്ത: ശംസിഷുർഗത്വാ
രാഘവാണാമിത ക്ഷയം
അയോദ്ധ്യാകാണ്ഡം സർഗ്ഗം 68 ശ്ലോകം. 8

അദ്ദേഹത്തോട് (ഭരതനോട് ) രാമൻ പോയതും അച്ഛൻ മരിച്ചതും സൂര്യവംശത്തിന്റെ ഈ നാശവും ഒന്നും പറയരുത്.
അച്ഛന്റെ മരണവാർത്ത നേരെ ചെന്നു പറയരുത് എന്ന ആ കരുതൽ, ഔചിത്യബോധം ഉന്നതമായ സംസ്കാരത്തിന്റെ ലക്ഷണമാണല്ലോ. അത് ഇന്നും നാം പാലിക്കാറുണ്ട്.

ശോകോ നാശയതേ ധൈര്യം
ശോകോ നാശയതേ ശ്രുതം
ശോകോ നാശയതേ സർവ്വം
നാസ്തി ശോക സമോ രിപു
ശോകത്താൽ ധൈര്യം നശിക്കും. ജ്ഞാനവും ശോകത്താൽ നശിക്കും. ശോകം സകലതിനെയും നശിപ്പിക്കും. ശോകത്തെപ്പോലെ ഒരു ശത്രുവുമില്ല.
അയോദ്ധ്യാകാണ്ഡം. സർഗ്ഗം .62 ശ്ലോകം 15
ഇന്നത്തെ വിഷാദരോഗം പോലെ.

ദശരഥൻ, കൌസല്യ,(കൈകേയി തെറ്റായി, ആ വിധം തന്നെ ഉറച്ചു വിശ്വസിച്ചു),രാമൻ, ലക്ഷ്മണൻ, ഗുഹൻ, ത്രികാലജ്ഞാനിയായ ഭരദ്വാജമുനി തുടങ്ങിയവരെല്ലാം ഭരതനെ സംശയിക്കുന്നുണ്ട്. എല്ലാവരോടും ഭരതൻ അത്യന്തം ദു:ഖത്തോടെ തന്റെ നിലപാടു വിശദീകരിക്കുന്നുണ്ട്. അവർക്കാർക്കും ഭരതന്റെ മഹത്വം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നല്ലേ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്?

വനവാസത്തിനു പോയ രാമനെ അന്വേഷിച്ച് കാട്ടിൽ പോകുന്ന ഭരതൻ ഒരു മഹാ ചതുരംഗപ്പടയെ കൂടെക്കൂട്ടിയതെന്തിനാണ്?

വനത്തിൽ വികാരാദ്രമായ രാമഭരതസമാഗമം വാല്മീകി ഏറ്റവും കുറഞ്ഞ വാക്കുകളിൽ അതീവ ഹൃദയസ്പർശിയാക്കി. 
ഭരതനെ കാണുന്ന രാമൻ തന്റെ ദുര്യോഗത്തെപ്പറ്റി ഒരക്ഷരം പറയാതെ രാജ്യഭരണത്തിന്റെ, രാജധർമ്മത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും 76 ശ്ലോകങ്ങളുള്ള നൂറാം സർഗ്ഗം മുഴുവനുമായി, ക്ഷേമമാരായുകയും ഉപദേശം നല്കുകയും ചെയ്യുന്നു. മറുപടിയായി, ഭരതൻ, കുലധർമ്മമനുസരിച്ച് മൂത്ത പുത്രനാണ് രാജ്യഭാരമേൽക്കേണ്ടത് എന്നതിനാൽ താൻ ധർമ്മവിഹീനനാണെന്നും രാമൻ തന്നെ അയോദ്ധ്യയിൽ തിരിച്ചുവന്ന് രാജാഭിഷേകം ചെയ്യണമെന്ന് പല വിധത്തിൽ സമർത്ഥിച്ച് അപേക്ഷിക്കുന്നു. അതീവ ഹൃദയസ്പൃക്കായ ഒരു മുഹൂർത്തം തന്നെയാണ് ഇത്.


സഹൈവ മൃത്യൂർവ്രജതി
സഹമൃത്യൂർനിഷീദതി
ഗത്വാ സുദീർഘമദ്ധ്വാനം
സഹമൃത്യുർനിവർത്തതേ.
(അയോദ്ധ്യാ. സർഗ്ഗം 104, ശ്ലോകം 22 )
മരണം ഒരുമിച്ചു നടക്കുന്നു. മരണം ഒരുമിച്ച് ഇരിക്കുന്നു. നെടുവഴിയിലൂടെ നടന്നാലും മരണം കൂടെത്തന്നെ വന്ന് കൂടെത്തന്നെ മടങ്ങുന്നു.


സഹസ്രാങ്ങൾക്കപ്പുറത്തുനിന്ന് ജീവിതത്തെക്കുറിച്ച് ഒരു മഹാ സത്യം!

വാല്മീകീരാമായണത്തിൽ ഏറ്റവും ദുരന്തപൂർണ്ണമായ അദ്ധ്യായം ഒരു പക്ഷെ, മാരീചന്റെ മായാമൃഗ പകർന്നാട്ടവും തുടർന്നുള്ള സീതാപഹരണവും തന്നെയായിരിക്കും. ഒരു ദുരന്തനാടകം തന്നെയാണ് അത്.
ഒറ്റ നോട്ടത്തിൽത്തന്നെ, മറ്റാരേക്കാൾ മുന്നെ ലക്ഷ്മണനു കാര്യം പിടികിട്ടി.
തമേവൈന മഹം മന്യേ മാരീചം രാക്ഷസം മൃഗം (ആ മാരീചനെന്ന രാക്ഷസൻ തന്നെയാണ് ഈ മാനെന്നു ഞാൻ വിചാരിക്കുന്നു) എന്ന് അദ്ദേഹം കൃത്യമായി മർമ്മത്തിൽത്തന്നെ തൊടുന്നുണ്ട്. 'രാഘവാ, ലോകത്തിൽ ഇങ്ങനെ രത്നമയമായ ഒരു മാനുണ്ടാവില്ല ' എന്നത് ലക്ഷ്മണന്റെ കുറിക്കു കൊള്ളുന്ന യുക്തിയാണ്. 
എന്നാൽ, അതു വകവെക്കാതെ, മായയിൽ മയങ്ങിപ്പോയ സീത ആ പ്രസ്താവം വിപരീത അർത്ഥത്തിൽ തിരിച്ചിടുകയും മോഹചിന്ത കാടുകയറാൻ അനുവദിക്കുകയും ചെയ്യുന്നു. വനവാസം കഴിഞ്ഞ് നാട്ടിൽച്ചെന്നു പാർക്കുമ്പോൾ ഭരതനും രാമനും മാതാപിതാക്കൾക്കും തനിക്കും ഈ ദിവ്യമൃഗത്തിന്റെ രൂപം ആശ്ചര്യമരുളും എന്നുവരെയെത്തി അത്. ജീവനോടെ കിട്ടിയില്ലെങ്കിൽ കൊന്ന് തോൽ ഇരിപ്പിടമായി ലഭിച്ചാലും മതി എന്നായി സീത. ഇത്ര കടുംപിടുത്തം സ്ത്രീകൾക്ക് നല്ലതല്ല എന്നു തിരിച്ചറിയുന്നുവെങ്കിലും സീതക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല.
വെറുമൊരു മാനിനേക്കാളുപരി മാരീചന്റെ മാസ്മരിക ശക്തിയിൽ രക്ഷയില്ലാത്ത വിധം വീണുപോയ അവസ്ഥയിലാണ് സീത.
രാമനും ആദ്യം ലക്ഷ്മണന്റെ ലളിതമായ യുക്തി ബോധിക്കുന്നില്ല. അദ്ദേഹവും മാനിന്റെ ദിവ്യമായ സൗന്ദര്യത്തിൽ അഭിരമിക്കുകയാണ് ചെയ്യുന്നത്. അതിനെ ന്യായീകരിക്കാൻ രാമൻ ക്ഷത്രിയ ധർമ്മവും അർത്ഥ ശാസ്ത്രവുമെല്ലാം പൊക്കിക്കൊണ്ടുവന്ന് ചിന്തയുടെ കാടുകയറുന്നു. എന്നിട്ട് ഈ മാനിന്റെ തോലിൽ സീത എന്നോടൊപ്പം ഇരിക്കണം എന്ന് സീതയുടെ മോഹചിന്തയുടെ ഒപ്പം നില്ക്കുന്നു. 
ഈ സമയമെല്ലാം ലക്ഷ്മണൻ അചഞ്ചലമായ മൗനം ഭജിക്കുന്നു.
ഒടുവിൽ, എന്തുകൊണ്ടോ, രാമൻ ലക്ഷ്മണന്റെ വാദമുഖത്തെ നേരിടാനൊരുങ്ങുന്നു. ലക്ഷ്മണൻ പറയുന്നതുപോലെ ഇത് രാക്ഷസന്റെ മായയാണെങ്കിൽ അവനെ കൊല്ലുക തന്നെ വേണം എന്ന സാമാന്യം യുക്തമായ വീക്ഷണത്തിലേക്ക് തിരിച്ചെത്തുന്നു. അതിനു ഉപോൽബലകമായി ലക്ഷ്മണനു മുന്നിൽ വാതാപിയുടെ കഥ നിരത്തുന്നു. അപ്പോഴും രാമന്റെ മനസ്സ് സീതയുടെ മോഹചിന്തയിൽത്തന്നെയാണ്.
അങ്ങനെ, ഒടുവിൽ, സീതയുടെ സുരക്ഷ ലക്ഷ്മണനെ ഏല്പിച്ച് രാമൻ മാനിനെ പിടിക്കാൻ ഒരുങ്ങിപ്പുറപ്പെടുന്നു.
വിചിത്രമെന്നു പറയട്ടെ, ഖരനുമായുള്ള യുദ്ധത്തിൽ 14000 രാക്ഷസന്മാരെ  ഒറ്റയ്ക്കു നേരിട്ട് കാലപുരിയിലേക്കയച്ച രാമൻ അതേ വില്ലുമായി ഒരു മാനിനെ പിടിക്കാനാവാതെ, മാരീചന്റെ പ്രലോഭനങ്ങൾക്കു വശംവദനായി കാട്ടിനുള്ളിലേക്കു അകന്നകന്നു പോകുന്ന രംഗം ഒരു പക്ഷെ രാമായണത്തിൽ രാമന്റെ ഏറ്റവും ദുർബ്ബലമായ കാഴ്ചയായിരിക്കും. സീതയുടെ മോഹചിന്തയിലൂടെ സീതയോടൊപ്പം രാമനും മാരീചന്റെ മാസ്മരിക പ്രഭാവത്തിനു അടിപ്പെട്ടു പോയി എന്നതാണ് ഇത് നിസ്സംശയം വിളിച്ചോതുന്നത്. 
ഒടുവിൽ, രാമൻ മാരീചനെ വധിക്കുന്നുവെങ്കിലും ഒരു കുടില തന്ത്രത്തിലൂടെ തന്റെ ദൗത്യത്തിന്റെ വിജയം ഉറപ്പിച്ചിരുന്നു. വൻ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളു. 
ചാവാൻ നേരത്ത് രാമന്റെ ശബ്ദത്തിൽ അത്യുച്ചത്തിൽ സീതയേയും ലക്ഷ്മണനേയും വിളിച്ചു നിലവിളിക്കുക എന്ന തറവേലയാണ് മാരിചൻ പ്രയോഗിച്ചത്. അതു കേട്ടപാതി, കേൾക്കാത്തപാതി മായ്ക്കടിപ്പെട്ട സീത ഇളകിവശായി. 
ഒരിക്കൽക്കൂടി ലക്ഷ്മണൻ തന്റെ കുശാഗ്ര ബുദ്ധിയും അചഞ്ചലമായ വിശ്വാസവും ഉറച്ച നിലപാടും വ്യക്തമാക്കുന്നു. 
തുടർന്നു വരുന്നത് സീതയുടെ ഏറ്റവും പരിതാപകരമായ അധ:പതനമാണ്. 
സീത ലക്ഷ്മണന്റെ ഉദ്ദേശ്യശുദ്ധിയേയും ജ്യേഷ്ഠഭക്തിയേയും സത്യസന്ധതേയും തുറന്നടിച്ച് ചോദ്യം ചെയ്യുന്നു. അതിലൂടെ അതുവരെ നിലനിന്ന തകർക്കാനാവാത്ത വിധം സുദൃഢമായ വ്യക്തിബന്ധങ്ങളിൽ ഒരു വലിയ കഠാര കുത്തിയിറക്കുകയാണ് ചെയ്തത്. അതു ലക്ഷ്മണനിലൊതുങ്ങുന്നില്ല. അതി ക്രൂരമായി ഭരതനേയും സംശയത്തോടെ വീക്ഷിക്കുന്നു. എല്ലാറ്റിനും പുറമെ കിടയറ്റ വില്ലാളിയായ സ്വന്തം ഭർത്താവിൽ അനുജൻ ലക്ഷ്മണനുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസംപോലും സീതക്ക് കൈമോശം വന്നു. 
ഒരു പക്ഷെ, ഇതായിരിക്കാം മാരീചന്റേയും അവനിലൂടെ രാവണന്റേയും ഏറ്റവും വലിയ വിജയം. 
പിന്നെയെല്ലാം സ്വാഭാവിക തുടർച്ചയായിരുന്നു...
ഈ ദുർഘടസന്ധിയിലൂടെയെല്ലാം ഒരിക്കലും പതറാതെ ജ്യേഷ്ഠനിലും ജ്യേഷ്ഠപത്നിയിലുമുള്ള ഭക്ത്യാദരങ്ങൾ കാത്തുസൂക്ഷിച്ച് 
തന്റെ കടമ നിർവ്വഹിക്കുന്ന ലക്ഷ്മണന്റെ സവിശേഷ വ്യക്തിത്വം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. 

ഉഷിത്വാ ദ്വാദശസമാ ഇക്ഷ്വാകൂണാ നിവേശനേ
ഭുഞ്ജാനാ മാനുഷാ ഭോഗാൻ സർവ്വകാമ സമൃദ്ധിനി
ഞാൻ പന്ത്രണ്ടു വർഷം ഇക്ഷ്വാകുപുരിയിൽ വസിച്ച് മാനുഷസുഖങ്ങളെല്ലാം അനുഭവിച്ച് സർവ്വകാമ സമൃദ്ധിയിൽ വാണു.
(ആരണ്യ. സർഗ്ഗം. 47 സീതാരാവണ സംവാദം ശ്ലോകം. 4)
ഇതിൽ നിന്നാണ്  ഒരു കാലഗണന ലഭിക്കുന്നത്. അതുപോലെ തുടർന്നുള്ള മറ്റൊരു ശ്ലോകത്തിൽ രാമൻ കാട്ടിലേക്കു പോകുന്ന സമയത്ത് അദ്ദേഹത്തിന് 25 വയസ്സും സീതക്ക് 18 വയസ്സുമായിരുന്നു എന്നു പറയുന്നുണ്ട്


#വാല്മീകീരാമായണത്തിൽ
സാധാരണ വിവരിക്കാറുള്ളതുപോലെ, രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നത് പുഷ്പക വിമാനത്തിലല്ല, മറിച്ച്, ഒരു 'കരവായു' ക്ഷമതയുള്ള രഥത്തിലാണ്.  അതിൽ, സാരഥിക്കു പുറമെ ഛത്ര ചാമരങ്ങൾ വഹിക്കാനുള്ള അകമ്പടിയുണ്ടായിരുന്നു. അവരെ എല്ലാവരേയും ജടായു വധിക്കുകയും രഥം തകർക്കുകയും ചെയ്തു. രാവണനും സീതയും ഭൂമിയിൽ പതിക്കുന്നു. തുടർന്നുള്ള യുദ്ധത്തിൽ ജടായു കൊല്ലപ്പെടുന്നു.
അതിനു ശേഷം രാവണൻ സീതയേയും കൊണ്ട് യാതൊരു വാഹനവുമില്ലാതെ സ്വയമേവ വാനിലേക്കുയരുകയാണ് ചെയ്യുന്നത്.
ലങ്കയിൽ നിന്ന് രാവണൻ ദണ്ഡകാരണ്യത്തിലെത്തിയതും ഈ പറക്കും രഥത്തിലായിരിക്കണം, വാല്മീകി അങ്ങനെ വ്യക്തമാക്കുന്നില്ലെങ്കിലും,

ഇദം ശരീരം നി:സംജ്ഞം 
ബന്ധ വാ ഘാത യ സ്വ വാ
നേദം ശരീരം രക്ഷ്യം മേ
ജീവിതം വാപി രാക്ഷസ. (ആരണ്യ. സർഗ്ഗം 56, ശ്ലോകം 21)
രാക്ഷസാ, ഈ ശരീരമോ ജീവിതമോ രക്ഷിക്കണമെന്ന് എനിക്കില്ല. അതിനാൽ, ചേതനയില്ലാത്ത ഈ ശരീരത്തെ നീ കൊല്ലുകയോ കെട്ടിയിടുകയോ ചെയ്തു കൊള്ളുക
രാവണന്റെ പ്രലോഭങ്ങൾക്കു മറുപടിയായി സീത കോപത്തോടെ പറയുന്ന വാക്കുകളിൽ ഏറ്റവും ഉദാത്തവും രാവണനെ നിരായുധനാക്കുന്നതുമായ വാക്കുകൾ ഇതാണെന്നു തോന്നുന്നു.

#വാല്മീകീരാമായണത്തിൽ
ശ്രീരാമൻ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷണം സീതാപഹരണം തന്നെയെന്നതിൽ ആർക്കും തർക്കമുണ്ടാവാനിടയില്ല.
വെറും നിസ്സാരവും ചപലവുമായ ഒരു മോഹസഫലീകരണത്തിന്, ലക്ഷ്മണന്റെ മുന്നറിയിപ്പ് വകവെക്കാതെ, യാതൊരു വീണ്ടുവിചാരവുമില്ലാതെ ഇറങ്ങിത്തിരിച്ച് ഒരു വൻ ദുരന്തം സ്വയം വിളിച്ചുവരുത്തുകയാണുണ്ടായത്. എത്ര മഹാകേമനും മനുഷ്യസഹജമായ ചില അബദ്ധങ്ങൾ സംഭവിക്കാമെന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് ഇത്.  
രാമന് ദുരന്തങ്ങൾ പുത്തിരിയല്ല. 

രാജ്യപ്രണാശ: സ്വജനൈർവ്വിയോഗ
പിതുർവ്വിനാശോ ജനനീവിയോഗ

രാജ്യനാശം, സ്വജനവിയോഗം, അച്ഛന്റെ മരണം, ജനനീവിയോഗം എന്നിവയെല്ലാം രാമൻ സമചിത്തതയോടെ നേരിട്ടു. 
പുറമെ 16ാം വയസ്സിൽ മാരീചനുമായുള്ള യുദ്ധം, ഖരന്റെ നേതൃത്വത്തിലുള്ള 14000 രാക്ഷസന്മാരുമായുള്ള ഒറ്റയ്ക്കുള്ള ഘോരയുദ്ധം.
എന്നാൽ, അവിടെയെല്ലാം ധർമ്മസംരക്ഷണത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. അതിൽ ഉള്ളാലെ അഭിമാനിക്കാനും സന്തോഷിക്കാനും വകയുണ്ടായിരുന്നു. എന്നാൽ, ഇവിടെ എന്താണുള്ളത്‌? സ്വയംകൃതാനർത്ഥത്തിന്റെ ജാള്യത, ആത്മനിന്ദ, മാനഹാനി, നിരാശ, ദു:ഖത്തിന്റെ കയ്പുനീർ, ശൂന്യത, ഭാര്യയെ സംബന്ധിച്ച അനിശ്ചിതത്വം, വേട്ടയാടുന്ന വിഷാദം...
മാരീചന്റെ നിലവിളി കേട്ടതു മുതൽ രാമന്റെ മനോവ്യാപാരത്തിന്റെ ദിശ മാറുന്നു. അശുഭലക്ഷണങ്ങൾ കണ്ട്‌ രാമൻ ആശങ്കാകുലനാവുന്നു. 
അല്പം കഴിഞ്ഞ്, ലക്ഷ്മണൻ സീതയില്ലാതെ, ഏകനായി വരുന്നതു കണ്ട് രാമൻ ഞെട്ടിപ്പോകുന്നു. തുടർന്ന് രാമൻ ലക്ഷ്മണനെ സീതയെ ഒറ്റയ്ക്കാക്കി പോന്നതിൽ നീരസപ്പെടുകയും ലക്ഷ്മണനെ ശാസിക്കുകയും ചെയ്യുന്നു. സീതയുടെ പെരുമാറ്റത്തെപ്പറ്റി ലക്ഷമണന്റെ വിശദമായ വിശദീകരണം രാമൻ അവഗണിക്കുന്നു. 
ശൂന്യമായ ആശ്രമം കണ്ട് രാമൻ ഭ്രാന്താവസ്ഥയിലാവുന്നു.  ആശ/നിരാശ, വീരം, കരുണം എന്നിങ്ങനെ പല പല ഭാവങ്ങളിൽ ചാഞ്ചാടുന്നു രാമൻ. ഭാവിയെപ്പറ്റി ആശങ്കാകുലനാവുന്നു. സീതയില്ലാതെ അയോദ്ധ്യയിൽ ചെല്ലുന്നതിന്റെ അപഹാസ്തയയെക്കുറിച്ച് ചിന്തിച്ച് ലജ്ജിതനാവുന്നു.
കൈകേയിയും സീതയുടെ പിതാവായ ജനകനും എങ്ങനെയായിരിക്കും തന്നെ സ്വീകരിക്കുക? ഇനി താൻ അയോദ്ധ്യയിലേക്കില്ല എന്നെല്ലാമാണ് രാമൻ വിഷാദത്തിനടിപ്പെട്ട് ചിന്തിക്കുന്നത്.
ഖരനുമായുള്ള യുദ്ധാന്ത്യത്തിൽ ആഹ്ലാദിച്ച ദേവന്മാരൊന്നും ഈ ദുർഘടസന്ധിയിൽ രാമനെ സഹായിക്കാനെത്തിയില്ല.
മാത്രമല്ല, കായികമായി അജയ്യനായ തനിക്ക്‌ ഒരു ഏറ്റുമുട്ടലിനുള്ള അവസരം നൽകാതെ, എന്താണ്‌ സംഭവിച്ചത്‌ എന്ന് അറിയാൻപോലും കഴിയാതെ, തന്റെ കഴിവുകളെയെല്ലാം നിഷ്ഫലമാക്കിക്കൊണ്ടുള്ള ഒരു ഇരുട്ടടിയാണ്‌ രാമനു നേരെ വിധി പ്രയോഗിച്ചത്‌.
പലപ്പോഴും വിധിയുടെ വിളയാട്ടം അങ്ങനെയാണല്ലോ. നിനച്ചിരിക്കാത്ത ഒരു ദുർബ്ബല നിമിഷത്തിൽ, ഒരു ചെറിയ പിഴവിൽ, പ്രതിരോധത്തിനുള്ള സാദ്ധ്യതകളെല്ലാം അടച്ചുകൊണ്ട് വിധി ആക്രമിച്ചു കീഴ്പ്പെടുത്തുന്നു. പുരാണകഥകളിൽ ഇത്തരം ദൃഷ്ടാന്തങ്ങൾ നിരവധിയാണ്. ഇവിടെ രാമന് കായികമായി ഒന്നും ചെയ്യാനില്ല. പറ്റേണ്ടത് പറ്റിക്കഴിഞ്ഞു. ഇവിടെ യുദ്ധം മാനസിക തലത്തിലാണ്. പോരാത്തതിന്‌, സ്വയം ആശ്വസിക്കുന്നതിനു വേണ്ടി ആരെയെങ്കിലും പഴിക്കാമെങ്കിൽ, അതിന്റെ മുന നീളുന്നത്‌, താൻ തന്നെ സാക്ഷിയായ ശത്രുവിന്റെ ഒരു ചൊട്ടുവിദ്യയിൽ വീണുപോയ തന്റെ പ്രാണപ്രേയസിയുടെ നേരെയാവുന്ന, തളർത്തുന്ന നിസ്സഹായത സഹിക്കാവുന്നതിനപ്പുറമാകുന്നു. 
ലക്ഷ്മണനേയും പഴിക്കാനാവില്ല. എന്തൊരു വിഷലിപ്തമായ വാക്കുകളാണ്‌ സീതയിൽനിന്നും വന്നത്‌! ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു അത്‌. അത്‌ ലക്ഷ്മണനെ തീർത്തും നിസ്സഹായനാക്കി. (ലക്ഷ്മണനു ചെയ്യാമായിരുന്ന ഒരേയൊരു കാര്യം സീതയെ കൂടെക്കൂട്ടുക എന്നതായിരുന്നു. വിധിവൈപരീത്യംകൊണ്ട്‌ അതുമുണ്ടായില്ല)
ആകെ തകർന്ന രാമൻ കോപാവേശത്തിൽ ലോകം മുഴുവൻ നശിപ്പിക്കാനൊരുങ്ങുന്നു. ലക്ഷ്മണൻ പതിവുപോലെ സൽബുദ്ധി ഉപദേശിക്കുന്നുവെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് വഴിയിൽ പൂക്കൾ വീണു കിടക്കുന്നതും അതു പിന്തുടർന്ന് തകർന്നു കിടക്കുന്ന രഥവും സാരഥിയുടെയും മറ്റും മൃതദേഹവും മൃതപ്രായനായി കിടക്കുന്ന ജടായുവിനേയും ആധുനിക കുറ്റാന്വേഷണ കഥയെ അനുസ്മരിപ്പിക്കും വിധം കണ്ടെത്തുന്നത്. ജടായുവിനെ കണ്ട പാതി കാണാത്തപാതി, അവൻ തന്നെയാണ് സീതയെ കൊന്നു തിന്നത് എന്നുറപ്പിച്ച് രാമൻ ജടായുവിനെ കൊല്ലാനൊരുങ്ങുന്നു. അതു മറ്റൊരു വലിയ അബദ്ധമാവുമായിരുന്നു. കാരണം, സീതക്ക് എന്തു സംഭവിച്ചു എന്നതിന് ഒരു തുമ്പുമില്ലാത്ത അവസ്ഥയിൽ, കൃത്യമായ വിവരം നല്കുന്നത് സാക്ഷിയായ ജടായുവാണ്. 
പതുക്കെ, പതുക്കെ രാമൻ തന്റെ മനോനില വീണ്ടെടുക്കുന്നു. ലക്ഷ്മണന്റെ വാക്കുകൾ കേൾക്കാൻ സന്നദ്ധനാവുന്നു.
ഇങ്ങനെ, രാമൻ തന്റെ ദിവ്യപരിവേഷമെല്ലാം അഴിച്ചു വെച്ച്, മനുഷ്യസഹജമായ ദൗർബ്ബല്യങ്ങളോടെ,  സാധാരണക്കാരിൽ സാധാരണക്കാരനാവുന്ന,  രാമായണത്തിൽത്തന്നെ ഏറ്റവും ഹൃദയസ്പർശിയായ  സന്ദർഭമാണ് ഇത്.

മരണമടുക്കുമ്പോൾ മരങ്ങൾ സ്വർണ്ണവർണ്ണത്തിൽ കാണപ്പെടുമെന്ന് വാല്മീകീരാമായണത്തിൽ പല സന്ദർഭങ്ങളിലും പറയുന്നുണ്ട്. രാമൻ ഖരനോടും , സീത രാവണനോടും ജടായു സ്വയവും അങ്ങനെ പറയുന്നു.

#വാല്മീകീരാമായണത്തിൽ

മാരീചൻ

മറ്റു ദുഷ്ട കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി മാരീചനെ വിഭിന്നമായ ഭാവങ്ങളിലാണ് വാല്മീകി അവതരിപ്പിക്കുന്നത്. 
വിശ്വാമിത്രന്റെ യാഗവേദിയിൽ രക്തവും മാംസവും ചൊരിഞ്ഞ് അതിക്രൂരനായ മായാരണവിദഗ്ദ്ധനായ മാരീചൻ ശ്രീരാമന്റെ പ്രതിരോധത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. പിന്നീട്, അയാളെ കാണുന്നത്, വല്ക്കല ജടാധാരിയായി വനത്തിൽ തപസ്സനുഷ്ടിക്കുന്ന സന്യാസിയായിട്ടാണ്.
 സീതയെ അപഹരിക്കുക എന്ന അകമ്പനന്റെ ബുദ്ധിയിലുദിച്ച ആശയം നടപ്പാക്കാൻ സഹായമഭ്യർത്ഥിച്ച് രാവണൻ മാരീചനെ  ആശ്രമത്തിൽച്ചെന്ന് കാണുന്നു. രാമന്റെ വീര്യത്തെ ഉദ്ഘോഷിച്ചുകൊണ്ട് മാരീചൻ രാവണനെ കണക്കറ്റ് ശകാരിച്ച് തിരിച്ചയക്കുന്നു. എന്നാൽ, സഹോദരിയായ ശൂർപ്പണഖയുടെ കടുത്ത ആക്ഷേപം സഹിക്കാൻ വയ്യാതെ രാവണൻ ഒരിക്കൽക്കൂടി സഹായാഭ്യർത്ഥനയുമായി മാരീചനെ സമീപിക്കുന്നു. വീണ്ടും, മാരീചൻ രാമന്റെ ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടും രാക്ഷസകുലം ഒന്നടങ്കം മുടിയുമെന്ന് താക്കീതു നല്കിക്കൊണ്ടും രാവണനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ, കോപാകുലനായ രാവണൻ മാരീചനെ മരണഭീഷണി മുഴക്കി ഭയപ്പെടുത്തുന്നു. അതേസമയം ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ പകുതി രാജ്യം നല്കാമെന്ന് പ്രലോഭിപ്പിക്കുന്നു. മനസ്സില്ലാമനസ്സോടെ, രാക്ഷസവംശം ഒന്നടങ്കം മുടിയാൻ പോകുന്നു എന്ന തിരിച്ചറിവോടെ, എങ്ങനെയായാലും തന്റെ മരണം ഉറപ്പാണെന്ന് മനസ്സിലാക്കി മാരീചൻ വിധിക്കു കീഴടങ്ങുന്നു.
അങ്ങനെ, രാവണന്റെ ആജ്ഞാശക്തിക്കു മുമ്പിൽ പിടിച്ചു നിൽക്കാനാവാത്ത മാരീചന്റെ ദുർബ്ബല മുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
എന്നാൽ, മാരീചന്റെ ഏറ്റവും ഭീകരവും അപകടകരവുമായ മുഖം ഒരു പക്ഷെ, മായാമൃഗമായുള്ള പകർന്നാട്ടം തന്നെയായിരിക്കും.
യാഗവേദിയിൽ മാംസവും രക്തവും വർഷിക്കുന്ന ഘോരരൂപിയായ രാക്ഷസൻ വെറും 16 വയസ്സുള്ള ബാലന്മാരുടെ അസ്ത്രശക്തിയിൽ തോറ്റോടിയപ്പോൾ, മനോഹരവും നിഷ്ക്കളങ്കവും നിരുപദ്രവവുമായ മായാമൃഗമായുള്ള വേഷപ്പകർച്ചയിലൂടെ, രാമന്റെ അജയ്യമായ കായികശക്തിയെ തീർത്തും അപ്രസക്തമാക്കിക്കൊണ്ട്, സീതയേയും രാമനേയും ഒരേ സമയം മോചനമില്ലാത്ത വിധം മാനസികമായി പൂർണ്ണമായും കീഴ്പ്പെടുത്തുന്നു. സമചിത്തത കൈവിടാതെ ഉറച്ചുനിന്ന ലക്ഷ്മണനെയാകട്ടെ, നിഷ്ക്രിയനും അപ്രസക്തനുമാക്കുന്നു. രാമന്റെ അസ്ത്രശക്തിയിൽ അപ്രതിഹതമായ മരണത്തെ അറിഞ്ഞുകൊണ്ടു തന്നെ സ്വയം വരിക്കുമ്പോഴും ശ്രീരാമന്റെ തനി സ്വരത്തിൽ ലക്ഷ്മണനേയും സീതയേയും വിളിച്ചു കൊണ്ട് ഉറക്കെ നിലവിളിക്കുക എന്ന ഒരു തറവിദ്യയിലൂടെ ഇരകളുടെ ദുരന്തം പൂർത്തിയാക്കുന്നു. 
ശരിക്കും ലക്ഷണമൊത്ത ഒരു ദുരന്ത നാടകം തന്നെ!
#വാല്മീകീരാമായണത്തിൽ
സീതയെ കാണാതെ വിരഹവിഷാദപരവശനായി പമ്പാ പ്രദേശത്ത് (ഇത് നമ്മുടെ പമ്പയല്ല, കർണ്ണാടകയിലെവിടേയോ ആണ് എന്നു പണ്ഡിതമതം) അലയുമ്പോൾ രാമൻ തന്റെ കാമമോഹപാരവശ്യങ്ങളെപ്പറ്റി ലക്ഷ്മണനോട് ഉള്ളു തുറന്ന് വിലപിക്കുന്നു. എന്നാൽ, ഈ സന്ദർഭത്തിലും ലക്ഷ്മണൻ ഊർമ്മിളയെപ്പറ്റിയോ, ഭാര്യയെപ്പിരിഞ്ഞിരിക്കുന്ന സ്വന്തം അവസ്ഥയെപ്പറ്റി യോ ഒരക്ഷരം പോലും ഉരിയാടുന്നില്ല എന്നത് വിചിത്രം തന്നെ! ഊർമ്മിളക്ക് അർഹമായ സ്ഥാനം നല്കുന്ന ഏതെങ്കിലും രാമായണമുണ്ടോ?

#വാല്മീകീരാമായണത്തിൽ

ബാലിവധം

രാമായണം നിലനില്ക്കുന്നിടത്തോളം കാലം ബാലിവധത്തെക്കുറിച്ചുള്ള തർക്കങ്ങളും തുടരും. 
സീതാപഹരണത്തിനു ശേഷം വിഷാദവും വിരഹവും നിസ്സഹായതയും നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന അവസ്ഥയിലെത്തിച്ച ശ്രീരാമന് കിട്ടിയ പിടിവള്ളിയായിരുന്നു സുഗ്രീവൻ. സീതയെ കണ്ടെത്താനായി സുഗ്രീവൻ പറയുന്ന എന്തും ചെയ്യുക എന്ന ഒരവസ്ഥയിലെത്തി രാമൻ. പോരാത്തതിനു, രണ്ടു പേരുടേയും പ്രശ്നം വിചിത്രമായ രീതിയിൽ സമാനമാണെന്ന വസ്തുത ആവേശത്തിനു ആക്കം കൂട്ടി. രണ്ടു പേർക്കും രാജ്യവും ഭാര്യയേയും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ, തുല്യദു:ഖിതരാണ്‌. സുഗ്രീവന്റെ കാര്യത്തിൽ, ശത്രു പ്രത്യക്ഷനായ സ്വന്തം മൂത്ത സഹോദരനാണ്‌. അതുകൊണ്ട്‌ നേരിടുക മാത്രമേ വേണ്ടൂ. രാമന്റെ കാര്യത്തിലാണെണെങ്കിൽ, രാജ്യം പോയതു പ്രശ്നമല്ല, അതു സ്വയം വരിച്ചതാണ്‌. എന്നാൽ, ഭാര്യയുടെ കാര്യത്തിൽ യാതൊരു വിവരവുമില്ല. അതിന്‌ സുഗ്രീവന്റെ സഹായം അനിവാര്യമാണ്‌. അപ്പോൾപ്പിന്നെ, ഒറ്റനോട്ടത്തിൽ, മറ്റൊന്നും ആലോചിക്കാനില്ലാത്ത അവസ്ഥ. 
പക്ഷെ, ഇവിടെ ദൗത്യം നിസ്സാരമല്ല. 
രാജധർമ്മ പ്രകാരം രാജാവായ മൂത്ത സഹോദരനെ വധിച്ച് രാജ്യം ഇളയവനു നല്കുക എന്നതാണ്. ഇവിടെ കൈകേയിയുടേയും രാമന്റേയും അവസ്ഥയുമായി സമാന്തരം ദർശിക്കാൻ ഒരു വിഷമവുമില്ല. പിന്നെ ആശ്വാസകരമായുള്ളത് ജ്യേഷ്ഠൻ അനുജന്റെ ഭാര്യയെ കൈക്കലാക്കുകയും രാജ്യത്തു നിന്ന് ആട്ടിയോടിക്കുകയും ചെയ്തു എന്നതാണ്. അത് വളരെ ഗുരുതരമായ കുറ്റമാണെന്നതിൽ സംശയമൊന്നുമില്ല. സുഗ്രീവൻ പ്രതികാരനടപടിയെടുക്കുന്നതിൽ ഒരു തെറ്റും പറയാൻ കഴിയില്ല. എന്നാൽ, ഒരു മൂന്നാമൻ ഇടപെടുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുന്നു. അതും രാജധർമ്മം കടുകിട തെറ്റാതെ പാലിക്കണമെന്ന നിർബ്ബന്ധമുള്ള രാമനെപ്പോലെ ഒരാളാവുമ്പോൾ പ്രത്യേകിച്ച് പറയേണ്ടതില്ല.
ഒരു കടുത്ത നടപടിക്കു മുതിരുന്നതിനു മുമ്പ് എതിർ കക്ഷിക്ക് ഇക്കാര്യത്തിൽ എന്തു പറയാനുണ്ട് എന്ന അടിസ്ഥാനപരമായ കാര്യം അന്വേഷിക്കേണ്ടതല്ലേ?
ഒരു അനുരഞ്ജനശ്രമം എന്നത് ഒഴിവാക്കാൻ കഴിയുമോ, പ്രത്യേകിച്ചും ബാലിയുടെ വൈരം സുഗ്രീവൻ തന്നെ ഗുഹയിലടച്ച് കൊല്ലാൻ ശ്രമിച്ചു എന്ന തെറ്റിദ്ധാരണമൂലമാണെന്ന് സുഗ്രീവൻ തന്നെ ശ്രീരാമനോട് പറഞ്ഞ സ്ഥിതിക്ക്? മാത്രമല്ല, യുദ്ധത്തിനിടയ്ക്ക് അവസരം ലഭിച്ചിട്ടും ബാലി സുഗ്രീവനെ കൊല്ലാതെ താക്കീതു ചെയ്ത് വിടുകയായിരുന്നു. 
എല്ലാംകൊണ്ടും,  ബാലിസുഗ്രീവന്മാർക്കിടയിലുള്ള പ്രശ്നത്തിൽ, സ്വന്തം ലക്ഷ്യം നേടാൻ വേണ്ടി മാത്രം, സുഗ്രീവന്റെ വാക്കുകൾ മാത്രം കേട്ട്, അവരുടെ പോരിന്നിടയിൽ, പ്രതിരോധത്തിനു യാതൊരു അവസരവും നല്കാതെ ഒളിയമ്പുകൊണ്ട് ബാലിയെ കൊന്നത് ധർമ്മത്തിനുവേണ്ടി എല്ലാം ത്യജിച്ച രാമന് ഒരിക്കലും ന്യായീകരിക്കാനാവില്ല. അതുകൊണ്ടു തന്നെ, അമ്പേറ്റു വീണ ബാലിയുടെ യുക്തിയുക്തമായ ചോദ്യങ്ങൾക്ക് അപ്രസകതമായ ഉത്തരങ്ങൾ നല്കി വീണിടത്ത് ഉരുളുകയാണ് രാമൻ ചെയ്തത്.
വിഷയേ വാ പുരേ വാ തേ
യദാ നാപകരോമ്യഹം
ന ച ത്വാമവജാനേഹം
കസ്മാൽ ത്വം ഹൻസ്വ കിൽബിഷം
നിന്റെ നാട്ടിലോ നഗരത്തിലോ ഞാനൊരപരാധവും ചെയ്തിട്ടില്ല. നിന്നെ നിന്ദിച്ചതുമില്ല. കുറ്റക്കാരനല്ലാത്ത എന്നെ എന്തിനു കൊല്ലുന്നു?
ഫലമൂലാശിനം നിത്യം
 വാനരം വനഗോചരം
 മാമിഹാf പ്രതിയുദ്ധ്യന്ത-
 മന്യേന ച സമാഗതം
 ഫലമൂലങ്ങൾ ഭക്ഷിക്കുന്നവനും വനത്തിൽ മാത്രം വാഴുന്നവനും വാനരം എതിർത്തു പൊരുതാത്തവരും അന്യനോടു യുദ്ധം ചെയ്യുന്നവനുമായ എന്നെ എന്തിനു നീ വധിക്കുന്നു?
ഹത്വാ ബാണേന കാകുൽസ്ഥ
മാമാഹാfനപരാധിനം
കിം വക്ഷ്യസി സതാം മദ്ധ്യേ
കർമ്മകകൃത്യാ  ജുഗുപ്സിതം
നിർദ്ദോഷിയായ എന്നെ ശരത്താൽ കൊന്ന് നിന്ദ്യമായ കർമ്മം ചെയ്ത നീ സജ്ജനങ്ങളോട് എന്തു പറയും?
എന്നിങ്ങനെ പോകുന്നു ബാലിയുടെ ചോദ്യങ്ങൾ .
ഇതിനു രാമൻ നല്കുന്ന ഉത്തരം സമസ്ത ഭൂമിയും ഇക്ഷ്വാകുവിന്റേയാണ്. രാജാവായ ഭരതന്റെ പ്രതിനിധിയെന്ന എന്ന നിലക്ക് എന്തും ചെയ്യാമെന്നാണ്. അനുജന്റെ ഭാര്യയെ സ്വന്തമാക്കി എന്നതാണ് പ്രധാന കുറ്റം. അതിന് വധശിക്ഷ സ്വയം വിധിക്കുന്നു. അങ്ങനെ ശിക്ഷിക്കപ്പെട്ടാലും സ്വർഗ്ഗം പൂകും എന്നൊക്കെയാണ്.
എന്നാൽ, ഇക്ഷ്വാകു കോസല രാജാവു മാത്രമല്ലേ, മനുഷ്യ നിയമങ്ങൾ വാനരർക്കു ബാധകമാണോ? (ഞങ്ങൾ വാനരരാണ് എന്ന് ബാലി പറയുന്നുണ്ട് ) എന്നീ ചോദ്യങ്ങൾ അവശേഷിക്കുന്നു.
ബാലിവധം എന്ന ഉപാഖ്യാനം, വാസ്തവത്തിൽ, ഏതെങ്കിലും തരത്തിൽ, സർഗ്ഗാത്മകമായോ, ദാർശനികമായോ, ധാർമ്മികമായോ, രാമായണ കഥക്ക് ഗുണപരമായ ഒരു കുതിപ്പ് നല്കുന്നുണ്ടോ? 
മൂത്തപുത്രനായ ബാലി രാജാവായത് രാജധർമ്മമനുസരിച്ചു തന്നെയാണ്. നേരെ മറിച്ച്, അനുജനാണ് ജ്യേഷ്ഠനെ പുറത്താക്കി രാജ്യം കയ്യേറിയിരുന്നതെങ്കിൽ രാമന് ധാർമ്മികമായ ന്യായീകരണമുണ്ടാവുമായിരുന്നു.
തികച്ചും ന്യായമായ ഒരു തെറ്റിദ്ധാരണമൂലമാണ് അനുജൻ സുഗ്രീവനുമായി ബാലി ഇടഞ്ഞത്. മായാവി എന്ന അസുരനുമായുള്ള യുദ്ധത്തിനായി ഗുഹയിൽ കടന്ന ബാലിയെ ഒരു വർഷം കഴിഞ്ഞിട്ടും കാണാതെ സുഗ്രീവൻ ഗുഹാമുഖം വലിയ പാറ കൊണ്ട് അടച്ച് തിരിച്ചുപോരുകയാണുണ്ടായത്. പാറ കൊണ്ട് ഗുഹാമുഖം അടക്കേണ്ട ആവശ്യമുണ്ടായിരുന്നോ? 
പിന്നെയുള്ളത് അനുജനെ ആട്ടിയോടിച്ച് അനുജന്റെ ഭാര്യയെ സ്വന്തമാക്കി എന്ന കുറ്റമാണ്. അത് ശരിയാണു താനും. എന്നാൽ, ബാലിയുടെ വധത്തിനു ശേഷം സുഗ്രീവൻ ചെയ്തതും അതു തന്നെയാണ്. അതിനാൽ, മനുഷ്യർക്കിടയിലുള്ളതു പോലെ അതിനത്ര ഗൗരവമില്ലെന്നു വേണം മനസ്സിലാക്കാൻ.
അതിനാൽ, ബാലിക്ക് വൃഥാവിൽ എല്ലാം നഷ്ടപ്പെട്ടു. എങ്കിലും, സ്വന്തം അന്തസ്സും ആഭിജാത്യവും വെളിപ്പെടുത്തിക്കൊണ്ട് രാമന്റെ ദിവ്യത്വം അംഗീകരിച്ച് അദ്ദേഹത്തെ വണങ്ങിക്കൊണ്ടാണ് ബാലി വിട പറയുന്നത്. മരണം രാമന്റെ കൈ കൊണ്ടുതന്നെയാവട്ടെ എന്നുറച്ചുകൊണ്ടാണ് താര തടഞ്ഞിട്ടും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ബാലി പറയുന്നു. അങ്ങനെ ബാലി ഒരു യഥാർത്ഥ ദുരന്ത നായകനായി മാറുന്നു.
സുഗ്രീവൻ ഭൗതികമായി എല്ലാം നേടിയെങ്കിലും ധാർമ്മികമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. സ്വന്തം കാര്യം നേടിയപ്പോൾ രാമനോടുള്ള കടമ മറന്ന് സുഖഭോഗങ്ങളിൽ മതിമറന്ന സുഗ്രീവനെ ഉണർത്താൻ രാമന്റെ നിർദ്ദേശപ്രകാരം കോപാകുലനായ ലക്ഷ്മണൻ വന്ന് ഭീഷണിപ്പെടുത്തേണ്ടിവന്നു എന്നത് സുഗ്രീവന്റെ തനിസ്വഭാവം വെളിപ്പെടുത്തുന്നതാണ്. 
ഇനി രാമനു വ്യക്തിപരമായ എന്തെങ്കിലും നേട്ടമുണ്ടായോ?
വേണ്ടത്ര വീണ്ടുവിചാരമില്ലാതെ, സുഗ്രീവനോടൊപ്പം നിന്ന് ഒളിയമ്പുകൊണ്ട് ബാലിയെ കൊന്ന രാമൻ ധർമ്മത്തിനു വേണ്ടി എല്ലാം ത്യജിച്ച തന്റെ ധർമ്മ പരിവേഷം ത്യജിച്ച് അധർമ്മത്തിനു കൂട്ടുനില്ക്കുകയല്ലേ ചെയ്തത്?
സീതയെ കണ്ടെത്തി വീണ്ടെടുക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം നേടാൻ ചെയ്യേണ്ടിവന്നു എന്ന വാദവും നിലനില്കുകയില്ല. കാരണം, ബാലി തന്നെ പറഞ്ഞതു പോലെ, ബാലി വിചാരിച്ചാൽ, ഇതിലും എത്രയോ എളുപ്പത്തിൽ കാര്യം സാധിക്കാമായിരുന്നു.
നേരേ മറിച്ച്, രാമന്റെ ദിവ്യപരിവേഷം പ്രയോജനപ്പെടുത്തി ബാലി സുഗ്രീവന്മാരുടെ തെറ്റിദ്ധാരണ മാറ്റുകയും താര പറഞ്ഞ പോലെ സുഗ്രീവനെ യുവരാജാവായി വാഴിക്കുകയും, ഒത്തൊരുമിച്ച് സീതയെ വീണ്ടെടുക്കുന്നതിനായി യത്നിക്കുകയും ചെയ്തിരുന്നെങ്കിൽ, രാമന്റെ ധാർമ്മിക പരിവേഷത്തിനു യാതൊരു കളങ്കവുമേല്ക്കാതെ തന്നെ രാമരാവണയുദ്ധം മറ്റൊരു രൂപം. കൈവരിച്ചേനെ.

#വാല്മീകീരാമായണത്തിൽ
ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള മഹാകാവ്യമായ വാല്മീകീരാമായണത്തിന്റെ അന്ത്യത്തിലും കേന്ദ്ര കഥാപാത്രമായ, ജനകരാജാവിന് ഉഴവുചാലിൽ നിന്നു ലഭിച്ചു എന്നു മാത്രം വിവരിക്കപ്പെടുന്ന സീതയുടെ യഥാർത്ഥ മാതാപിതാക്കളാരെന്നത് നിഗൂഢമായിത്തന്നെ നിലനില്ക്കുന്നു. രാമായണത്തിലെ നൂറുകണക്കിന് കഥാപാത്രങ്ങളിലാരും തന്നെ അതു ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. മറിച്ച്, എല്ലാവരും ജാനകി, (ജനകന്റെ യഥാർത്ഥ മകളായ ഊർമ്മിളയ്ക്കു പോലും ലഭിക്കാത്ത പേര്) വൈദേഹി എന്നെല്ലാം വിളിച്ച് ജനകന്റെ പിതൃത്വം പറഞ്ഞുറപ്പിക്കുകയാണ് ചെയ്യുന്നത്. വിചിത്രം തന്നെ!
#വാല്മീകീരാമായണത്തിൽ
ലങ്കയിൽ കടന്ന ഹനുമാനെ ലങ്കാലക്ഷ്മി തടയുകയും അവളെ ജയിച്ച് ഹനുമാൻ ലങ്ക മുഴുവൻ വിഹരിക്കാനുള്ള അനുമതി സമ്പാദിക്കുകയും ചെയ്തു. എന്നാൽ, രാക്ഷസന്മാരുടെ വലിയ സുരക്ഷാ സൈന്യത്തെ ഹനുമാൻ കാണുന്നുണ്ടെങ്കിലും ആരും ഹനുമാനെ കാണുന്നതായി പറയുന്നില്ല. അതേസമയം, രാവണന്റെ കിടപ്പുമുറി പോലും ഹനുമാൻ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. എന്നാൽ, ഹനുമാൻ വേഷപ്രച്ഛന്നനോ, അദൃശ്യനോ ആയിട്ടല്ല സഞ്ചരിക്കുന്നത്.
അതുപോലെത്തന്നെ, ഘോരരൂപികളായ രാക്ഷസിമാരുടെ മദ്ധ്യത്തിലിരിക്കുന്ന സീതയെ രാവണൻ സന്ദർശിക്കുകയും ഭീഷണിപ്പെടുത്തുകയും തുടർന്ന് രാക്ഷസിമാരും സീതയെ കൊന്നു തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഹനുമാൻ വൃക്ഷക്കൊമ്പിലിരുന്ന് കാണുന്നു. ആത്മഹത്യയ്ക്കു തയ്യാറാവുന്ന സീതയെ രാമകഥ വിവരിച്ച് വളരെയേറെ മുൻകരുതലോടെ സമീപിച്ച് ആഗമനോദ്ദേശ്യം വെളിപ്പെടുത്തുന്നു. തുടർന്ന് സീതയുടെ  അടുത്ത് ചെന്ന് സ്വന്തം പുറത്തു കയറി രക്ഷപ്പെടാമെന്ന് നിർദ്ദേശിക്കുകയും ഭീമാകാരമായ തന്റെ തനിസ്വരൂപം കാണിക്കുകയും ചെയ്യുന്നു. അപ്പോഴും ചുറ്റുമുള്ള രാക്ഷസിമാർ ഹനുമാനെ കാണുകയോ നേരിടുകയോ ചെയ്യുന്നില്ല. 

#വാല്മീകീരാമായണത്തിൽ
സിംഹാസനത്തിലിരിക്കുന്ന രാവണന്റെ മുന്നിൽ ഹനുമാൻ സ്വന്തം വാലു ചുരുട്ടി വെച്ച് അതേ ഉയരത്തിൽ ഇരിപ്പുറപ്പിച്ചു എന്നൊരു കഥയുണ്ട്. എന്നാൽ, അത്തരം വില കുറഞ്ഞ പ്രകടനങ്ങളൊന്നും വാല്മീകിയുടെ ഹനുമാൻ ചെയ്യുന്നില്ല. ഈ വിഷയത്തിൽ വലിയ വിശദാംശങ്ങളിലേക്ക് വാല്മീകി പ്രവേശിക്കുന്നില്ലെങ്കിലും പൊതുവെ, മാന്യമായ സ്വീകരണമാണ് ഹനുമാന് ലഭിക്കുന്നത് എന്നു വേണം അനുമാനിക്കാൻ.
രാവണനെ കണ്ട ഹനുമാന്റെ പ്രതികരണം:
അഹോ രൂപമഹോ ധൈര്യ
മഹോ സത്വമഹോ ദ്യുതി
അഹോ രാക്ഷസരാജസ്യ 
സർവ്വലക്ഷണയുക്തതാ
രൂപവും ധൈര്യവും ശക്തിയും തേജസ്സും എല്ലാ ലക്ഷണങ്ങളുടെ തികവും എല്ലാം വിസ്മയകരം തന്നെ.
യദ്യധർമ്മോ ന ബലവാൻ 
സ്യാദയം രാക്ഷസേശ്വര:
സ്യാദയം സുരലോകസ്യ
സശക്രസ്യാപി രക്ഷിതാ
ഇത്ര കടുത്ത അധർമ്മം ചെയ്തില്ലായിരുന്നെങ്കിൽ ഈ രാക്ഷസരാജാവ് ഇന്ദ്രനോടൊത്ത ദേവലോകത്തിന്റെ പോലും രക്ഷിതാവായിരുന്നേനെ.
തിരിച്ച്, കോപിഷ്ഠനും ശങ്കാകുലനുമായ രാവണൻ, പണ്ട് കൈലാസത്തിൽ വെച്ച് വാനരമുഖൻ എന്നു പരിഹസിച്ചപ്പോൾ വാനരൻ മൂലം ആപത്തു സംഭവിക്കും എന്നു ശപിച്ച സാക്ഷാൽ നന്ദിതന്നെയാണോ ഇവൻ, അതോ വാനരരൂപം പൂണ്ട ബാണാസുരനാണോ ഇവൻ എന്നാണ് ചിന്തിക്കുന്നത്. 
തുടർന്ന് ഹനുമാൻ സ്വയം പരിചയപ്പെടുത്തുകയും രാവണന് സുദീർഘമായി ധർമ്മോപദേശം നൽകുകയും ചെയ്യുന്നു. 
എന്നാൽ, രാവണൻ കൂടുതൽ കോപിഷ്ഠനായി ഹനുമാനെ കൊല്ലാൻ കല്പിക്കുന്നു എന്നു മാത്രം.

#വാല്മീകീരാമായണത്തിൽ 
മനുഷ്യരായാലും രാക്ഷസന്മാരായാലും സുപ്രധാനമായ പ്രതിസന്ധി ഘട്ടങ്ങളിൽ കൂട്ടായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുകയും മുന്നോട്ടു പോവുകയും ചെയ്യുക എന്ന പ്രക്രിയ രാമായണത്തിലുടനീളം കാണാം. എന്നാൽ, ദശരഥൻ രാമനെ കാട്ടിലേക്കയയ്ക്കുന്നതും രാവണൻ സീതയെ അപഹരിക്കുന്നതും ഈ നടപടിക്രമം പാലിക്കാതെയാണ്. അതിനവർ പഴി കേൾക്കുക മാത്രമല്ല, സ്വന്തം ജീവൻ കൊണ്ട് വില നൽകേണ്ടി വരികയും ചെയ്യുന്നു.

#വാല്മീകീരാമായണത്തിൽ
ഒരുമാതിരിപ്പെട്ട വാനരർക്കും രാക്ഷസർക്കും സ്വയം ആകാശത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഹനുമാൻ, രാവണൻ, വിഭീഷണൻ എന്നിവരെല്ലാം സമുദ്രം തരണം ചെയ്യുന്നതു അങ്ങനെയാണ്. എന്നാൽ, ദിവ്യപുരുഷന്മാരായ രാമലക്ഷ്മണന്മാർക്ക് അതിനുള്ള കഴിവില്ല. അവർ യഥാക്രമം ഹനുമാന്റേയും അംഗദന്റേയും പുറത്തു കയറിയാണ് വലിയ ദൂരങ്ങൾ താണ്ടുന്നത്.

#വാല്മീകീരാമായണത്തിൽ
സഹോദര, അധികാര സംഘർഷം രാമായണത്തിൽ ആവർത്തിച്ചു വരുന്ന വിഷയമാണ്.
ദശരഥപുത്രന്മാർക്കിടയിൽ യാതൊരു സംഘർഷത്തിനുമിടയില്ലാത്തവിധം മാതൃകാപരമായ ബന്ധം നിലനില്ക്കുമ്പോഴും കൈകേയി എന്ന ബാഹ്യശക്തിയുടെ പ്രവർത്തനഫലമായി യഥാർത്ഥ അനന്തരാവകാശിയായ മൂത്തപുത്രന് അധികാരം നഷ്ടപ്പെടുകയും വനവാസം വിധിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും സഹോദരന്മാർ തമ്മിൽ യാതൊരു സംഘർഷവുമില്ലാതെ സ്നേഹ ബഹുമാനത്തോടു കൂടിയ ഊഷ്മളമായ ബന്ധം നിലനില്ക്കുന്നു. 
സുഗ്രീവന്റെ ഭാഗത്തു നിന്നു  വേണ്ടത്ര ആലോചനയില്ലാതെ ഉണ്ടായ  അപക്വമായ ഒരു പിഴവുകൊണ്ട് ജ്യേഷ്‌ഠനും രാജാവുമായ ബാലിയുമായി രൂക്ഷമായ സംഘർഷം ഉടലെടുക്കുകയും രാമൻ എന്ന ബാഹ്യശക്തിയുടെ ഇടപെടലിലൂടെ ജീവൻ നഷ്ടപ്പെടുകയും രാജ്യവും കുടുംബവും അനുജനായ സുഗ്രീവനിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു.  അവസാനനിമിഷം വരെ ബാലി സഹോദരസ്നേഹം കൈവിടുന്നില്ല എന്നത് സംഭവത്തിന് വലിയ ദുരന്ത ഭാവം നല്കുന്നു. വിചിത്രമെന്നു പറയാം, സംഘർഷം അവിടെ അവസാനിക്കുകയും മറ്റു കുടുംബബന്ധങ്ങൾ സുഗമമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.
വിഭീഷണനാവട്ടെ, ജ്യേഷ്ഠനായ രാവണന്റെ പോക്ക് ശരിയല്ലെന്നു കണ്ട് നേർവഴി ഉപദേശിക്കുവാൻ ശ്രമിക്കുകയും ഫലമില്ലെന്നു മനസ്സിലാക്കി പെട്ടെന്നു തന്നെ രാമപക്ഷത്തേക്ക് കൂറുമാറുകയും ചെയ്യുന്നു. വിഭീഷണനും കൂടി ഭാഗഭാക്കാവുന്ന യുദ്ധത്തിലൂടെ ജ്യേഷ്ഠന്റെ മരണത്തിലേക്കും സ്വന്തം രാജ്യലബ്ധിയിലേക്കും നയിക്കുന്നു. രാവണന്റെ കാഴ്ചപ്പാടിൽ അത്യന്തം ശിക്ഷാർഹമായ ഈ പ്രവൃത്തിയെ തുടർന്ന് വിഭീഷണനെ ലക്ഷ്യം വെച്ച് എന്തെങ്കിലും പ്രതികാര നടപടികൾ ഉണ്ടാവുന്നില്ല.

#വാല്മീകീരാമായണത്തിൽ

യുദ്ധകാണ്ഡത്തിലെ സുഗ്രീവരാവണയുദ്ധം എന്ന 40ാം സർഗ്ഗം അല്പം പ്രക്ഷിപ്തമാണെന്നു തോന്നുന്നു. കഥാസന്ദർഭത്തിനോ, കഥാപാത്രങ്ങൾക്കോ തീരെ യോജിക്കാത്ത വികലവും അസംബന്ധവുമായ ഒരു കഥാഭാഗമായി തോന്നി അത്.
രാമലക്ഷ്മണന്മാരും വിഭീഷണനും വാനരപ്രമുഖരുമെല്ലാം സുവേലപർവ്വതത്തിനു മുകളിൽ കയറി ലങ്ക വീക്ഷിച്ചു നില്ക്കവേ രാവണനെ കാണുകയും വാനരരാജാവായ സുഗ്രീവൻ യാതൊരു മുന്നറിയിപ്പുമില്ലാതെ, പെട്ടെന്ന്, കോപാന്ധനാവുകയും രാവണന്റെ മാളികയിലേക്കു ചാടി രാവണന്റെ കിരീടം തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് രണ്ടു പേരും മാത്രമായി പൊരിഞ്ഞ ദ്വന്ദയുദ്ധം നടക്കുന്നു. ഒടുവിൽ രാവണൻ മായായുദ്ധത്തിനൊരുങ്ങുമ്പോൾ സുഗ്രീവൻ തിരിച്ചു ചാടി മറ്റുള്ളവർ നില്ക്കുന്നിടത്തേക്ക് തിരിച്ചെത്തുന്നു.
അസമ്മന്ത്ര്യമയാ സാർദ്ധം
തദിദം സാഹസംകൃതം
ഏവം സാഹസകർമ്മാണി
ന കുർവന്തി ജനേശ്വര
സംശയേ സ്ഥാപ്യ മാം ചേദം
ബലം ച സവിഭീഷണം
കഷ്ടം കൃതമിദം വീര
സാഹസം സാഹസപ്രിയ
ഈ ഭാദിം മാ കൃഥാ വീര
ഏവം വിധമചിന്തിതം
എന്നോട് ആലോചിക്കാതെ നീ ഇതു ചെയ്തത് സാഹസം. ജനേശ്വരൻമാർ ഇങ്ങനെയുള്ള സാഹസങ്ങൾ ചെയ്യാറില്ല.
നിന്റെയീ തീവ്രമായ സാഹസം എന്നെയും സൈന്യത്തേയും വിഭീഷണനേയും സംശയത്തിലാഴ്ത്തി. ഇനി മുതൽ ആലോചനയില്ലാതെ ഇങ്ങനെയൊന്നും ചെയ്യരുത് എന്നാണ് രാമന്റെ പ്രതികരണം.
കോടിക്കണക്കിന് വാനരരൊത്ത് യുദ്ധത്തിനൊരുങ്ങുന്ന വാനരരാജാവ് എന്തു കിറുക്കാണ് കാണിക്കുന്നത് എന്നാണ് ശരാശരി വായനക്കാർക്കും തോന്നുക.
മറുഭാഗത്ത്, ദേവലോകത്തെപ്പോലും ആക്രമിച്ചു കീഴടക്കിയ ഒരു മഹാ രക്ഷസരരാജാവ് ലക്ഷക്കണക്കിന് രാക്ഷസഭടരോടൊത്ത് ഒരു മഹായുദ്ധത്തിനൊരുങ്ങി നില്ക്കുന്ന വേളയിൽ ഇത്രയും നിസ്സാരമായി ഒരു വാനരൻ ശരീരത്തിൽ ചാടി വീണ് കിരീടം തട്ടിത്തെറിപ്പിക്കുക എന്നു പറഞ്ഞാൽ ശുദ്ധ അസംബന്ധമെന്നേ സാമാന്യയുക്തിക്കു ചിന്തിക്കാൻ കഴിയുകയുള്ളു. 
രാവണനുമായി കൂടിക്കാഴ്ച ലഭിക്കാനുള്ള മാർഗ്ഗമായാണ് മുമ്പ് ഹനുമാൻ അശോകവനം നശിപ്പിക്കുന്നത് എന്നോർക്കണം.
അതുകൊണ്ടും തീർന്നില്ല. തുടർന്ന് സുഗ്രീവനും രാവണനും മാത്രമായി ഗംഭീര ദ്വന്ദയുദ്ധം നടക്കുന്നു. രണ്ടു പേരും അവശരാവുന്നു. അപ്പോഴും രാവണന്റെ ചുറ്റുമുള്ള ആയിരക്കണക്കിന് രക്ഷാഭടന്മാർ ആരും തന്നെ ഇടപെടുന്നില്ല. ഒടുവിൽ, സുഗ്രീവൻ സുരക്ഷിതനായി തിരിച്ചു പോവുകയും ചെയ്യുന്നു! 
തുടർന്നാണ് രാമൻ വിധിപ്രകാരം അംഗദനെ ദൂതിനയക്കുന്നത്. അപ്പോഴും അംഗദൻ നിഷ്പ്രയാസം സചിവസമേതനായ രാവണസവിധത്തിലെത്തുകയും പരുഷമായ ഭാഷയിൽ സംവദിക്കുകയും ചെയ്തു. തുടർന്ന് രാവണ കല്പനപ്രകാരം രാക്ഷസന്മാർ അംഗദനെ പിടിച്ചു കെട്ടാനൊരുങ്ങിയപ്പോൾ അംഗദൻ സ്വന്തം ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായിക്കണ്ട് പിടി കൊടുക്കുകയും അവരേയും കൊണ്ട് മാളികപ്പുറത്തു കയറി അവരെ താഴേക്കെറിയുകയും മാളികയുടെ മുകൾ ഭാഗം തകർത്ത് സുരക്ഷിതനായി രാമസന്നിധിയിലെത്തുകയും ചെയ്തു.
അപ്പോൾ ശരാശരി വായനക്കാരന് തോന്നുന്നത് ദേവന്മാർപോലും ഭയപ്പെടുന്ന രാവണൻ ഇത്രയേയുള്ളു എന്നാണ്. ഇതിനുവേണ്ടിയായിരുന്നോ രാമകഥ എന്ന ഈ പുകിലെല്ലാം സൃഷ്ടിച്ചത്?
#വാല്മീകീരാമായണത്തിൽ

സീതാപഹരണം

ജനസ്ഥാനത്തുവച്ച് രാമൻ ഖരനെ വധിച്ചതിനെത്തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് രാവണന്റെ അടുത്തെത്തിയ അകമ്പനൻ എന്ന രാക്ഷസനാണ് സീതാപഹരണം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. രാമന്റെ അപാരസിദ്ധികൾ വർണ്ണിച്ചുകൊണ്ട് ദേവാസുരന്മാർക്കാർക്കും രാമനെ പോരിൽ ജയിക്കാനാവില്ല എന്നു പറയുമ്പോൾ രാവണൻ താൻ തന്നെ രാമലക്ഷ്മണന്മാരെ കൊല്ലാൻ പോവുകയാണെന്ന് പറയുന്നു. എന്നാൽ,

നഹി രാമോ ദശഗ്രീവ
ശക്യോ ജേതും ത്വയാ യുധി
രാക്ഷസാം വാപി ലോകേന
സ്വർഗ്ഗ: പാപ ജനൈരിവ (ആരണ്യ. സർഗ്ഗം 31 ശ്ലോ. 27 )
പാപികൾക്ക് സ്വർഗ്ഗം എന്നപോലെ അങ്ങേയ്ക്കോ രാക്ഷസവൃന്ദത്തിനോ രാമനെ വെല്ലാനാവില്ലെന്ന് അകമ്പനൻ തീർത്തും പ്രവചനാത്മകമായി രാവണനോട് പറയുന്നു.
തുടർന്ന്, ആ സാഹചര്യത്തിൽ, രാമനെ കൊല്ലാനുള്ള വളരെ സമർത്ഥമായ ഒരു ഉപായം അകമ്പനൻ രാവണനോട് ഉണർത്തിക്കുന്നു.
തസ്യാ ഹരസ്വ ഭാര്യാം
ത്വം പ്രമത്ഥ്യതു മഹാവനേ
സ തയാ രഹിത കാമീ 
രാമോ ഹാസ്യതി ജീവിതം. (ശ്ലോ. 31 )
അവനെ ആ മഹാ വനത്തിലിട്ട് ചുറ്റിച്ച് അവന്റെ ഭാര്യയെ അപഹരിക്കുക. അവളെ പിരിഞ്ഞാൽ കാമിയായ രാമൻ ജീവൻ വെടിയും.
ഒരു പക്ഷെ, മന്ഥരയുടെ ഉപദേശത്തിനുശേഷം രാമായണത്തിൽ ഏറ്റവും നിർണ്ണായകമായ മറ്റൊരു ഉപദേശം!
എന്തായാലും, രാവണന് ആശയം നല്ലവണ്ണം പിടിച്ചു.
ഒട്ടും താമസിയാതെ അതു നടപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.  ചീത്ത പറഞ്ഞോടിച്ച മാരീചനെ പ്രലോഭിച്ചും ഭീഷണപ്പെടുത്തിയും വരുതിയിലാക്കി. അയാളുടെ ജീവൻ ബലി കൊടുത്ത് കാര്യം സാധിക്കുകയും ചെയ്തു.
എന്നാൽ, അതിനു ശേഷം, രാവണന്റെ ശ്രദ്ധ മുഴുവൻ സീതയിലായി. രാമനെ വക വരുത്താനുള്ള മാർഗ്ഗം എന്നതിലുപരി സീത ലക്ഷ്യമായി മാറി. സീതയുടെ ആകർഷണവലയത്തിൽപെട്ട് കാമമോഹിതനായ രാവണൻ ലക്ഷ്യം മറന്ന് പ്രതിരോധത്തിലായി എന്നു പറയാം. പിന്നെ, നമ്മൾ കാണുന്നത് മൂന്നു ലോകവും വിറപ്പിച്ച രാക്ഷസരാജാവിനെയല്ല.
സീതയെ അപഹരിച്ചതിനു ശേഷം രാമനെ അദൃശ്യരായി നിരീക്ഷിക്കാനും സന്ദർഭം കിട്ടിയാൽ വധിക്കാനുമായി അതിസമർത്ഥന്മാരായ എട്ട് രാക്ഷസരെ രാവണൻ നിയോഗിക്കുന്നുണ്ട്. എന്നാൽ, അവരെപ്പറ്റി പിന്നീട് വാല്മീകി ഒന്നും പറയുന്നില്ല. 
ബുദ്ധി ഓതിക്കൊടുത്ത അകമ്പനനാവട്ടെ, പൊരിഞ്ഞ രാക്ഷസവാനര യുദ്ധത്തിനിടയിൽ വജ്രദംഷ്ട്രൻ മരിച്ചു വീണതിനുശേഷം പടയെ നയിക്കാൻ നിയോഗിതനാവുകയും ഹനുമാനാൽ വധിക്കപ്പെടുകയും ചെയ്തു.

#വാല്മീകീരാമായണത്തിൽ
ലോകത്തിലെ ഏതു പുരാണങ്ങളിലും പക്ഷിമൃഗാദികളും മറ്റും കഥാപാത്രങ്ങളായി രംഗപ്രവേശനം ചെയ്യുന്നത് സാധാരണമാണെങ്കിലും രാമായണത്തിലെപ്പോലെ മനുഷ്യർക്കുപകരം കോടിക്കണക്കിനു വാനരന്മാർ വളരെ സുപ്രധാനവും നിർണ്ണായകവുമായ ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന മറ്റേതെങ്കിലും പുരാണേതിഹാസങ്ങളുണ്ടോ എന്നറിയില്ല. രാമായണത്തിൽ മനുഷ്യരുടെ സാന്നിദ്ധ്യമായി, വിഭീഷണനും നാലു സചിവരുമടക്കം, രാമപക്ഷത്ത് വെറും ഏഴുപേർ മാത്രം!

#വാല്മീകീരാമായണത്തിൽ
രാവണവധത്തോടുകൂടി ധർമ്മപുരുഷോത്തമനായ രാമന്റെ ഭാവം പെട്ടെന്ന്,  തീർത്തും വിലക്ഷണമായി,  മാറുന്നു. സുഗ്രീവാദികളെപ്പോലും, രാമനെന്തു പറ്റീ എന്നു വിസ്മയിപ്പിച്ചുകൊണ്ട് രാമൻ സ്വന്തം നിലമറന്ന് സീതയോട് അകൽച്ചയോടെ പെരുമാറുകയും അവിടെ കൂടിയവരേയെല്ലാം മാറ്റി നിർത്തി സീതയ്ക്ക് പ്രത്യേക പരിഗണന നല്കുന്നതിനെ രാമൻ തടയുകയും ചെയ്യന്നു. തുടർന്നുള്ള സീതാരാമസമാഗമം രാമന്റെ അവജ്ഞയോടു കൂടിയ പെരുമാറ്റത്താൽ അത്യന്തം അരോചകമായി മാറി. 
ഇതുവരെ ചെയ്ത വിക്രമങ്ങളൊന്നും സീതയ്ക്കു വേണ്ടിയായിരുന്നില്ല, മറിച്ച്, സ്വന്തം വംശത്തിനേറ്റ കളങ്കം മായ്ച്ചു കളയാനും കുലമഹിമ നിലനിർത്താനുമായിരുന്നു എന്നാണ് രാമൻ പറയുന്നത്.
ചാരിത്ര്യശുദ്ധിയിൽ സംശയമുള്ള അവസ്ഥയിൽ തനിക്കു സീതയെ സ്വീകരിക്കാനാവില്ലെന്നും എവിടേയ്ക്കുവേണമെങ്കിലും പോകാമെന്നും രാമൻ സീതയോടു പറയുന്നു.
എന്നാൽ, തുടർന്ന്, തീർത്തും അനാവശ്യമായി, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ,
ഇതി പ്രവ്യാഹൃതം ഭദ്രേ
മയൈതൽ കൃത ബുദ്ധിനാ
ലക്ഷ്മണേ ഭരതേ വാ ത്വം 
കുരു ബുദ്ധിം യഥാസുഖം
സുഗ്രീവേ വാനരേന്ദ്രേ വാ
രാക്ഷസേന്ദ്രേ വിഭീഷണേ
നിവേശയ മന: സീതേ
യഥാ വാ സുഖമാത്മന:
ഭദ്രേ, നിശ്ചയിച്ചുറപ്പിച്ചു തന്നെ ഞാൻ പറയുന്നു, ലക്ഷ്മണനിലോ, ഭരതനിലോ രാക്ഷസേന്ദ്രനായ വിഭീഷണനിലോ ഇഷ്ടം പോലെ മനസ്സുറപ്പിച്ചു കൊള്ളു
എന്നു പറയുമ്പോൾ അത്  രാമായണത്തിലാകെത്തന്നെ രാമൻ ഏറ്റവും അധ:പതിക്കുന്ന മുഹൂർത്തമാവുന്നു.
മര്യാദാപുരുഷോത്തമനായ രാമന് സ്വന്തം ഭാര്യയെക്കുറിച്ച് എങ്ങനെ ഈ വിധം ചിന്തിക്കാനും അതിലുപരി, വമ്പിച്ച ജനാവലിയുടെ മുന്നിൽ വെച്ച് പരസ്യമായി പറയാനും കഴിയുന്നു? ഇവിടെ രാമന്റെ തന്നെ മന:ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിലൂടെ സ്വയം പരിഹാസ്യനാവുന്നതിനപ്പുറം സീതയേയും വിശ്വസ്തനായ സന്തതസഹചാരിയായ ലക്ഷ്മണനേയും ജ്യേഷ്ഠഭക്തനായ ഭരതനേയും സുഗ്രീവനേയും വിഭീഷണനേയുമാണ് ഒറ്റയടിക്ക് അപമാനിക്കുന്നത്. 
അതേസമയം, സീതയുടെ നില രാമനെ അപേക്ഷിച്ച് എത്രയോ ഉയരത്തിലാണ്. 
സീത രാമന് ശക്തിയുക്തം മറുപടി പറയുന്നു:
കിം മാമസദൃശം വാക്യ
മീദൃശം ശ്രോത്ര ദാരുണം
രൂക്ഷം ശ്രാവയസേ വീര
പ്രാകൃത: പ്രാകൃതാമിവ
വീരാ, ഹീനൻ ഹീനയോടെന്നപോലെ എന്നോടിങ്ങനെ രൂക്ഷവും കർണ്ണ കഠോരവും അനുചിതവുമായ വാക്കുകൾ പറയുന്നതെന്തുകൊണ്ട്?
എന്നിങ്ങനെ നിരവധി വാദമുഖങ്ങളുയർത്തുന്നു. ഒടുവിൽ, ഇതെല്ലാം കണ്ട് കോപിഷ്ഠനായ ലക്ഷ്മണനോട് ചിതയൊരുക്കാൻ പറഞ്ഞ് സ്വയം അഗ്നിയിൽ പ്രവേശിക്കുന്നു. 
ഈ ക്രൂരമായ വൈചിത്ര്യത്തിന് ഒരു പരിഹാരമെന്നോണം, അതുവരെ അസ്പഷ്ടമാക്കി വെക്കപ്പെട്ടിരുന്ന രാമന്റെ ദിവ്യത്വം എല്ലാ മറകളും നീക്കി പുറത്തുചാടുന്നു. അതു പക്ഷെ, ദിവ്യത്വത്തിന്റെ പരമ പുരുഷനായ രാമന്റെ വഴിവിട്ട പോക്ക് തിരുത്താനാണെന്നത് ഒരു വിരോധാഭാസം തന്നെ!
അങ്ങനെ, അവിടെ വൈശ്രവണനും യമനും ഇന്ദ്രനും വരുണനും ശിവനും ബ്രഹ്മാവുമെല്ലാം അവിടെ പ്രത്യക്ഷപ്പെടുകയും 
കർത്താ സർവ്വസ്യ ലോകസ്യ
ശ്രേഷ്ഠോ ജ്ഞാനതാം വര
ഉപക്ഷസേ കഥം സീതാം
പതന്തീം ഹവ്യവാഹന
സർവ്വലോക സ്രഷ്ടാവും ജ്ഞാനിവര്യനും ശ്രേഷ്ഠനുമായ അങ്ങ് തീയിൽ ചാടുന്ന സീതയെ എന്തുകൊണ്ടാണ് ഉപേക്ഷിക്കുന്നത് ?
അന്തേ ചാദൗ ച ലോകാനാം
ദൃശ്യസേ ത്വം പരന്തപ
ഉപേക്ഷസേ ചവൈദേഹീം
മാനുഷ: പ്രാകൃതോ യഥാ
ശത്രുനാശകാ, അങ്ങ് ലോകങ്ങളുടെ ആദിയിലും അന്ത്യത്തിലും കാണപ്പെടുന്നു. എന്നിട്ടും വൈദേഹിയെ വെടിയുന്നതെന്തുകൊണ്ട് ?
എന്നുമെല്ലാം ചോദിക്കുന്നു. അതിന് രാമന്റെ
ആത്മാനം മാനുഷം മന്യേ
രാമം ദശരഥാത്മജം
യോfഹം യസ്യ യതശ്ചാഹം
ഭഗവംസ്തൽ ബ്രവീതു മേ
ദശരഥന്റെ പുത്രനായ രാമനെന്ന മനുഷ്യനായാണ് ഞാനെന്നെ അറിയുന്നത്. ഞാനാരെന്നും എന്തിന് എവിടെ നിന്നു ഭഗവാൻ എന്നോടു പറഞ്ഞാലും എന്ന മറുപടി രസകരമായ ഒരു ആധുനിക അസ്തിത്വ പ്രശ്നം ഉന്നയിക്കുന്നു.
തുടർന്ന് ദേവന്മാരെല്ലാവരും കൂടി രാമനെ സ്തുതിക്കുന്നു.
ഒടുവിൽ, അഗ്നിദേവൻ തന്നെ സീതയെ അഗ്നിയിൽനിന്ന് എടുത്തു കൊണ്ടുവന്ന് രാമന് സമ്മാനിക്കുകയും ദേവന്മാരെല്ലാവരും കൂടി രാമനെ സീതയുടെ സത്യം ബോധിപ്പിക്കുകയും രാമൻ സീതയെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കാര്യം ശുഭമായി അവസാനിക്കുന്നു.

#വാല്മീകീരാമായണത്തിൽ
വാനരന്മാർക്കും ലങ്കയിലെ രാക്ഷസന്മാർക്കും ഭാരതത്തിലെ ദേവാംശമുള്ള മനുഷ്യരേക്കാൾ ഉന്നതമായ സാങ്കേതികവിദ്യ സ്വന്തമായിരുന്നു. വാനരന്മാർക്ക് ഇഷ്ടാനുസരണം മനുഷ്യരൂപം പ്രാപിക്കാനും വായുസഞ്ചാരം ചെയ്യാനും കഴിയുമായിരുന്നു. രാക്ഷസന്മാർ ഏതു രൂപം കൈവരിക്കാനും വായു സഞ്ചാരത്തിനും പ്രാപ്തരായിരുന്നു. മാത്രമല്ല, പുഷ്പകവിമാനത്തിനു പുറമെ, രാവണന് വായുമാർഗ്ഗം സഞ്ചരിക്കാൻ കഴിവുള്ള രഥമുണ്ടായിരുന്നു. 
സുപ്രസിദ്ധമായ പുഷ്പകവിമാനത്തിലാണ് കോടിക്കണക്കിനു വരുന്ന വാനരപ്പട ഒന്നടങ്കം ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്കു വരുന്നത്. തന്നെയുമല്ല, അത് ശബ്ദനിയന്ത്രിത വാഹനമായിരുന്നു.
അബ്രവീച്ച തദാ രാമ
സ്തദ്വിമാനമുത്തമം
വഹ വൈശ്രവണം ദേവ
മനു ജാനാമി ഗമ്യതാം.
പിന്നീട് രാമൻ ആ ശ്രേഷ്ഠ വിമാനത്തോടരുളി: വൈശ്രവണദേവന്റെ വാഹനമാവുക; ഞാനനുവദിക്കുന്നു.
പുഷ്പകവിമാനം യഥാർത്ഥത്തിൽ വൈശ്രവണന്റെയാണെന്നതു ശരിയാണെങ്കിലും അദ്ദേഹത്തെ ഭാരതീയനെന്നു പറയാമെങ്കിലും മനുഷ്യഗണത്തിലോ ദേവഗണത്തിലോ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടത് എന്ന സംശയം ബാക്കിയാവുന്നു.

#വാല്മീകീരാമായണത്തിൽ

ഹനുമാൻ

മഹാവീരപരാക്രമിയാണെങ്കിലും ഹനുമാൻ അല്പം അന്തർമുഖനും മിതഭാഷിയും കാര്യമാത്രപ്രസക്തനുമാണ്. ഓരോ ചുവടുവെപ്പും വരുംവരായ്കകൾ നല്ലവണ്ണം ചിന്തിച്ചുമാത്രം മുന്നോട്ടുവെക്കുന്ന പ്രകൃതക്കാരനാണ്. തന്റെ ശക്തിദൗർബ്ബല്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം അദ്ദേഹത്തിനുണ്ട്. രാജഭക്തിയും സ്വാമിഭക്തിയും നിർണ്ണയിക്കുന്ന പരിധികൾ ഒരിക്കലും അദ്ദേഹം ഭേദിക്കുന്നില്ല. എത്രയേറെ പ്രാപ്തിയുണ്ടെങ്കിലും സുഗ്രീവനും യുവരാജാവായ അംഗദനും കീഴമർന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ നില.
സമുദ്രതരണത്തിന് ആളെ തിരയുന്ന വേളയിൽ ഓരോരുത്തരും തനിക്കു ചാടാൻ പറ്റുന്ന ദൂരം വെളിപ്പെടുത്തുമ്പോൾ ഹനുമാൻ ഏകനായി മാറി നില്ക്കുകയാണ് ചെയ്യുന്നത്. ജാംബവാൻ വന്ന് അപേക്ഷിക്കുമ്പോൾ മാത്രമാണ് അദ്ദേഹം ദൗത്യം ഏറ്റെടുക്കുന്നത്. 
ലങ്കയിലേക്കു ചാടുന്ന വഴിക്ക് നേരിട്ട തടസ്സങ്ങൾ വളരെ സമർത്ഥമായാണ് ഹനുമാൻ മറികടക്കുന്നത്.
ലങ്കയിൽ ചെന്ന് സീതയെ കണ്ടുമുട്ടുന്ന രംഗവും വളരെ ശ്രദ്ധേയമാണ്. സീതയുടെ പ്രതികരണത്തെപ്പറ്റി, വളരെ ആശങ്കയോടെ, വരുംവരായ്കകൾ സൂക്ഷ്മമായി ചിന്തിച്ചാണ് അടുത്തുള്ള മരത്തിലിരുന്ന് രാമന്റെ ഗുണഗണങ്ങൾ വർണ്ണിച്ച് ഒപ്പം സീതയുടെ പ്രതികരണം നിരീക്ഷിച്ച് സീതയെ നേരിട്ടു സമീപിക്കുന്നത്.
 സാഹചര്യത്തിനനുസരിച്ച്, തന്റെ നിർദ്ദിഷ്ടമായ ദൗത്യ പരിധിക്കപ്പുറം കടന്ന് നിർണ്ണായകമായ ചില നടപടികളെടുക്കാൻ താൻ പ്രാപ്തനാണെന്ന് അക്ഷകുമാരന്റെ വധത്തിലേക്കു വരെ നയിച്ച യുദ്ധങ്ങളും രാവണനുമായുള്ള സമാഗമവും ലങ്കാദഹനവുമെല്ലാം തെളിയിക്കുന്നു. 
 ദൗത്യവിജയത്തിന്റെ പാരമ്യത്തിൽ സീതയെ പുറത്തേറ്റി ലങ്കയിൽ നിന്നും രക്ഷപ്പെടുത്തി രാമസന്നിധിയിലെത്തിച്ചുകൊണ്ട് രാമായണത്തിലെ കാതലായ പ്രശ്നത്തിന് ഒറ്റയടിക്ക് അതിലളിതമായി പരിഹാരം കാണാനും ഹനുമാൻ തയ്യാറാവുന്നു. 
 കിഷ്ക്കിന്ധയിൽ തിരിച്ചെത്തി, രാമൻ ആവശ്യപ്പെടുമ്പോൾ മാത്രമാണ് ഹനുമാൻ ലങ്കയിലെ സംഭവവികാസങ്ങൾ കാര്യമാത്രപ്രസക്തമായി വിവരിക്കുന്നത്. 
 തുടർന്നു വരുന്ന രാമരാവണയുദ്ധത്തിലും ഹനുമാന്റെ സംഭാവന അനന്യമാണ്. 
 അക്ഷകുമാരൻ, ധൂമ്രാക്ഷൻ, അകമ്പനൻ, ത്രിശിരസ്സ് എന്നിവരെയെല്ലാം ഹനുമാൻ വധിക്കുന്നു. 
 രണ്ടു തവണ ഹിമാലയത്തിലെത്തി മൃതസഞ്ജീവനി കൊണ്ടുവന്ന് വാനരന്മാരേയം ലക്ഷണനേയും പുനരുജ്ജീവിപ്പിക്കുന്നു. 
 ഇങ്ങനെ ഏതു പ്രതിസസിഘട്ടത്തേയും മറികടക്കാൻ നിയോഗിക്കപ്പെടുന്ന ഒരു പ്രൊഫഷണൽ ടാസ്ക് മാസ്റ്ററാണ് ഹനുമാൻ.
 ഒടുവിൽ ലങ്കയിൽ നിന്നുമടങ്ങിയെത്തി ഭരതന്റെ അടുത്തേക്ക്ഭൂതനായി പോകാൻ രാമൻ നിയോഗിക്കുന്നതും ഹനുമാനെത്തന്നെ.
 ഇങ്ങനെയൊക്കെയാണെങ്കിലും, പൊതുവെ കല്പിക്കപ്പെടുന്നതുപോലെ (ശ്രീരാമ ക്ഷേത്രങ്ങളിലെല്ലാം ഹനുമാൻ പ്രതിഷ്ഠയും സാധാരണയായി കാണാറുണ്ട്) ഒരു മഹാ രാമഭക്തൻ എന്ന പ്രതിച്ഛായ വാല്മീകീരാമായണം ഹനുമാന് ഒരിക്കലും നല്കുന്നില്ല. അത്, ഒരു പക്ഷെ, അദ്ധ്യാത്മരാമായണത്തിന്റെ സൃഷ്ടിയാവാം.

#വാല്മീകീരാമായണത്തിൽ

രാമരാവണയുദ്ധം

ഭൂമൌ സ്ഥിതസ്യ രാമസ്യ
രഥസ്തസ്യ ച രാക്ഷസ
ന സമം യുദ്ധമിത്യാഹുർ
ദേവഗന്ധർവ്വദാനവാ:
(യുദ്ധ. സർഗ്ഗം103 ശ്ലോ. 5)
"രാമൻ നിലത്തു നില്ക്കുന്നു, രാവണൻ രഥത്തിൽ നില്ക്കുന്നു. യുദ്ധം സമമല്ല." എന്നു ദേവദാനവഗന്ധർവ്വന്മാർ പറഞ്ഞു.
രാവണൻ രഥത്തിലേറി രാമനു നേരേയും രാമൻ നിലത്തു നിന്ന് തിരിച്ചും ശരമാരി ചൊരിയുമ്പോൾ പറയുന്നതാണ് ഇത്.
അതുകൊണ്ട് രാമന് സഹായത്തിനായി ഇന്ദ്രൻറെ തേരും തേരാളിയും ദേവലോകത്തുനിന്ന് ഇറങ്ങിവരുന്നു.
വാസ്തവത്തിൽ, യുദ്ധം ഒരിക്കലും സമമായിരുന്നില്ല. രാമപക്ഷത്തുനിന്ന് സാമ്പ്രദായിക ആയുധങ്ങളൊന്നുമില്ലാത്ത ഒരു തരം കാടൻ യുദ്ധമുറയായിരുന്നു നടന്നിരുന്നത്. കുന്നും മലയും (പാറഎന്നു മനസ്സിലാക്കാം) വൃക്ഷങ്ങളും പറിച്ചെടുത്ത് എറിയുക, അടുത്തു കിട്ടിയാൽ അടി ഇടി എന്നതെല്ലാമാണ് വാനരന്മാരുടെ യുദ്ധം. രാമലക്ഷണന്മാർ മാത്രമാണ് അമ്പും വില്ലും പ്രയോഗിക്കുന്നത്. എതിർഭാഗത്ത് ചതുരംഗപ്പടയടക്കം സാമ്പ്രാദായിക യുദ്ധമാണ്.
അതേ സമയം, എല്ലാം ഇട്ടെറിഞ്ഞ്, അമ്പും വില്ലും മാത്രമായി വനവാസത്തിനിറങ്ങിയ രാമന്റെ ആവനാഴി ജനസ്ഥാനത്തുവെച്ച് 14000രാക്ഷസന്മാരെ നേരിട്ട് ഒറ്റയ്ക്ക് തോൽപ്പിച്ചതിനുശേഷവും ബാക്കിയാണ്.
ഇന്ദ്രജിത്തിന്റെ മായായുദ്ധമാണ് രാമപക്ഷത്തിന് ഏറ്റവും വലിയ പ്രഹരം നല്കിയത്. മറുവശത്ത് ഗരുഡനും മൃതസഞ്ജീവനിയും രാമലക്ഷ്മണന്മാർക്കും ലക്ഷക്കണക്കിന് വാനരന്മാർക്കും പുതുജീവൻ നല്കിയപ്പോൾ വധിക്കപ്പെട്ട രാക്ഷസന്മാരേയെല്ലാം  അവരുടെ ഭീമമായ സംഖ്യ വെളിപ്പെടാതിരിക്കാൻ അപ്പപ്പോൾ കടലിലെറിഞ്ഞിരുന്നു എന്നാണ് സംഭവത്തിനു ശേഷം വാല്മീകി പറയുന്നത്. അല്ലെങ്കിൽ, ഔഷധവൃക്ഷത്തിൽ നിന്നുള്ള കാറ്റേല്ക്കുമ്പോൾ വാനരരോടൊപ്പം രാക്ഷസന്മാരും ഉയിർത്തെഴുന്നേല്ക്കുമായിരുന്നു.
മാത്രമല്ല, മഹാഭാരതയുദ്ധവുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും അവ്യവസ്ഥിതമായ ഒരു യുദ്ധമായിരുന്നു രാമരാവണയുദ്ധം. സംഖ്യാബലം, യുദ്ധഭൂമി, സമയദൈർഘ്യം, യുദ്ധനിയമങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അവ്യക്തമായ സൂചനകളേ വാല്മീകി നല്കുന്നുള്ളു.
യുദ്ധമവസാനിക്കുമ്പോൾ മഹാഭാരതയുദ്ധത്തിനു വിരുദ്ധമായി രാവണപക്ഷത്ത് ഒന്നടങ്കം എല്ലാവരും കൊന്നൊടുക്കപ്പെട്ടപ്പോൾ രാമപക്ഷത്ത് എല്ലാവരും ഒരു പോറലുപോലും പറ്റാതെ, ആഘോഷമായി സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നു.
കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ സംഭവിച്ച സാമൂഹ്യപുരോഗതിയും കൂടുതൽ വ്യവസ്ഥാപിതമായ സാമൂഹ്യഘടനയും നിയമവ്യവസ്ഥയും അതിനനുസൃതമായി വികസിച്ച കൂടുതൽ യഥാതഥമായ ആവിഷ്ക്കാരശൈലിയുമെല്ലാമായിരിക്കും ഇതു സൂചിപ്പിക്കുന്നത്.


#വാല്മീകിരാമായണത്തിൽ
രാവണവധത്തിനുശേഷം സീതയുടെ കാര്യത്തിലുണ്ടായ അപഭ്രംശത്തിനു ശേഷം രാമൻ നില വീണ്ടെടുക്കുകയും കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോവുകയും ചെയ്യുന്നു.  
ഇന്ദ്രാദികൾ വന്നു വരം നല്കിയപ്പോൾ യുദ്ധത്തിൽ മരിക്കുകയും മുറിവേൽക്കുകയും ചെയ്യുന്ന വാനരന്മാരെ മുഴുവൻ പൂർവ്വസ്ഥിതിയിലെത്തിക്കാനും അവർക്കു ഭക്ഷിക്കാനായി കാലസ്ഥിതി നോക്കാതെ ധാരാളം ഫലമൂലങ്ങൾ ഉണ്ടാവാനുമാണ് രാമൻ വരം ചോദിക്കുന്നത്. 
വിഭീഷണൻ രാമനെ സൽക്കാരത്തിനു ക്ഷണിക്കുമ്പോൾ വളരെ മാന്യമായി അതു നിരസിക്കുകയും വാനരന്മാർക്ക് സൽക്കാരവും സമ്മാനങ്ങളും നൽകാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. 
തുടർന്ന്, യാത്ര പറയുമ്പോൾ മാത്രം അല്പം ഇടർച്ച പറ്റിയില്ലേ എന്നൊരു സംശയം. 
മറ്റുള്ളവരോട് ഇഷ്ടം പോലെ മടക്കയാത്ര ചെയ്യാൻ നിർദ്ദേശിച്ച് പുഷ്പകവിമാനത്തിലേറാൻ തുടങ്ങുമ്പോൾ വിഭീഷണനും വാനരന്മാരും മറ്റും ഇടപെട്ട് തങ്ങൾക്കും അയോദ്ധ്യ കാണാൻ താല്പര്യമുണ്ടെന്നറിയിക്കുന്നു. തുടർന്ന്, വാനരപ്പടയേയും വിഭീഷണാദികളേയും പുഷ്പകവിമാനത്തിൽ കയറ്റിയാണ് രാമൻ അയോദ്ധ്യയിലേക്കു മടങ്ങുന്നത്. 
തിരിച്ചെത്തി, നേരിട്ട് ഭരതനെ കാണുന്നതിനു പകരം ഭരതന്റെ ഇംഗിതമറിയാൻ വീണ്ടും ഹനുമാനെ ദൂതനായി അയയ്ക്കുകയാണ് ചെയ്യുന്നത്. രാജാവായി തുടരാനാണ് ഭരതന്റെ താല്പര്യമെങ്കിൽ അങ്ങനെ ആയിക്കൊള്ളട്ടെ എന്നും രാമൻ ഹനുമാനോടു പറഞ്ഞേല്പിക്കുന്നു.  
പ്രതീക്ഷിച്ചതുപോലെ എല്ലാം ശുഭമായി പര്യവസാനിക്കുന്നു. വാനരവിഭീഷണാദികളുടെ പങ്കാളിത്തത്തോടെ അതിഗംഭീരമായി രാമന്റെ രാജാഭിഷേകം നടക്കുന്നു. അമൂല്യമായ സമ്മാനങ്ങൾ നല്കി എല്ലാവരേയും യാത്രയക്കുന്നു. അങ്ങനെ, രാമായണകഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു. മഹാഭാരതത്തിലെപ്പോലെ മഹത്തായ ദാർശനിക സമസ്യകളിലൂടെ, ധാർമ്മികപ്രതിസന്ധിഘട്ടങ്ങളിലൂടെ, തത്വോപദേശങ്ങളിലൂടെ, വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ ധാർമ്മിക സംഘർഷങ്ങളിലൂടെ വായനക്കാരെ ആഴത്തിൽ മഥിച്ച്, അവരെ ഉദ്ബുദ്ധരാക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം വാല്മീകിരാമായണത്തിലില്ല. വായനക്കാർക്ക് സ്വാഭാവികമായും അറിയുന്ന കാര്യങ്ങൾ രാമൻ എന്ന ദൃഷ്ടാന്തത്തിലൂടെ ഒരു ആവർത്തനപഠനത്തിനു വഴിയൊരുക്കുക എന്നൊരു ഭാവമാണ് വാല്മീകിക്ക് എന്നു തോന്നും. ഒരുപാട് സൂചിത കഥകൾ, ഉപാഖ്യാനങ്ങൾ എന്നിവയെല്ലാം വായനക്കാർക്കറിയാമല്ലോ എന്ന മട്ടിൽ വെറുതെ സ്പർശിച്ചു പോവുക മാത്രമാണ് ചെയ്യുന്നത്. ഭശരഥൻ, രാമൻ, സീത, ലക്ഷ്മണൻ താര, ബാലി വിഭീഷണൻ, കുംഭകർണ്ണൻ തുടങ്ങിയവരുടെ സ്വാഭാവികവും ലളിതവുമായ അഭിപ്രായപ്രകടനങ്ങളിലൂടെ മാത്രമാണ് വായനക്കാരിൽ ധർമ്മചിന്തയുണർത്താൻ വാല്മീകി ശ്രമിക്കുന്നത്.
ബാലിവധമൊഴിച്ചാൽ, ആക്രമണത്തിനു പ്രതിരോധം, അല്ലെങ്കിൽ, തെറ്റിനുള്ള പരിഹാരം എന്നല്ലാതെ, ഒരു മഹാ ധർമ്മയുദ്ധം അല്ലെങ്കിൽ, ധർമ്മസംഘർഷമെന്ന അവകാശവാദമൊന്നും യുദ്ധങ്ങൾക്കൊന്നുമില്ല.
ചുരുക്കത്തിൽ, ആദികാവ്യം എന്ന നിലയ്ക്ക് ചുരാണേതിഹാസങ്ങളിലേക്ക് ഗഹനമായി ഇറങ്ങുന്നതിനു മുമ്പ് ലളിതമായ ഭാഷയിൽ ഒരുപാട് വെച്ചുകെട്ടുകളില്ലാത്ത ഒരു ഇതിഹാസമായി വാല്മീകീരാമയണത്തെ വായിക്കാമെന്നു തോന്നുന്നു.

വാല്മീകീരാമായണത്തിൽ

യുദ്ധകാണ്ഡത്തിൽ ശ്രീരാമപട്ടാഭിഷേകം എന്ന 129ാം സർഗ്ഗത്തിൽ രാമൻ ലങ്കയിൽ നിന്നും തിരിച്ചെത്തി ഭരതനിൽ നിന്നും രാജ്യഭാരം ഏറ്റെടുക്കുകയും വിഭീഷണവാനരാദികളുടെ സജീവമായ പങ്കാളിത്തത്തോടെ ഗംഭീരമായി പട്ടാഭിഷേകം നടത്തുകയും എല്ലാവരേയും സമ്മാനങ്ങൾ നല്കി യാത്രയയ്ക്കുകയും ചെയ്തു.
തുടർന്ന് അല്ലലും അലട്ടുമില്ലാത്ത, ഏറ്റവും മാതൃകാപരമായ ഭരണം കാഴ്ച വെച്ചുകൊണ്ട് രാമൻ പതിനൊന്നായിരം വർഷം ജീവിച്ചു. 
തുടർന്ന് പുരാണേതിഹാസങ്ങളുടെ രീതിയനുസരിച്ച് ഒരു ഫലശ്രുതിയോടുകൂടി കൃതി അവസാനിപ്പിക്കുന്നു എന്നു പറയാം.
അപ്പോൾപ്പിന്നെ ഒരു ഉത്തരകാണ്ഡത്തിന്റെ പ്രസക്തിയെന്താണ്? 
തീർച്ചയായും ഉണ്ട്. 
കഥ യുദ്ധകാണ്ഡത്തോടു കൂടി അവസാനിച്ചു എന്നു കണക്കാക്കിയാൽത്തന്നെ കഥയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ എന്തുകൊണ്ടോ കവി ഒഴിവാക്കിയിരിക്കുന്നു. ഏറ്റവും പ്രധാനമായി രാമായണത്തിൽ രാമൻ കഴിഞ്ഞാൽ രണ്ടാമത്തെ മുഖ്യകഥാപാത്രം എന്ന് ഉറപ്പിച്ചു പറയാവുന്ന, മൂന്നു ലോകവും കീഴടക്കിയ രാവണനെപ്പറ്റി വിശദമായി ഒന്നും അതുവരെയുള്ള കഥയിൽ പറയുന്നില്ല. ഉത്തരകാണ്ഡത്തിൽ, രാമൻ രാജാവായി സസുഖം വാഴുമ്പോൾ, ഏറ്റവും പ്രശസ്തരായ ഋഷിമാരുടെ ഒരു സംഘം സന്ദർശിക്കുകയും രാമൻ അവരോട് ജിജ്ഞാസയോടെ ചോദിക്കുമ്പോൾ അഗസ്ത്യമുനി പറയുന്നതായിട്ടാണ് രാവണചരിതം വായനക്കാരുടെ മുന്നിലെത്തുന്നത്. 
അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വായനക്കാരിൽ ഉദിക്കുന്നു: മൂന്നു ലോകത്തും പ്രസിദ്ധനായ രാവണനെപ്പററി ഒന്നുമറിയാതെയാണോ രാവണനുമായി രാമൻ യുദ്ധത്തിനു പുറപ്പെട്ടത്? രാമായണത്തിന്റെ മുഖ്യ ആഖ്യാനത്തിൽ പ്രത്യക്ഷമായി സീതയെ കട്ടു കൊണ്ടു പോയ ഒരു ഭീകര രാക്ഷസൻ എന്ന ചിത്രം മാത്രമാണ് വായനക്കാരിൽ സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ, ഉത്തരകാണ്ഡത്തിലെ രാവണചരിതം എത്തുമ്പോൾ മാത്രമാണ് രാവണന്റെ ഭീമാകാരം വായനക്കാരന്റെ മുന്നിൽ മാനം മുട്ടെ ഉയർന്നു പൊങ്ങുന്നത്. വാസ്തവത്തിൽ, ഈ ഭാഗം വളരെ മുമ്പ് ബാലകാണ്ഡത്തിലോ, അയോദ്ധ്യാകാണ്ഡത്തിലോ, അതുമല്ലെങ്കിൽ, രാമന്റെ അവതാരോദ്ദേശ്യമെന്ന നിലക്ക് ഒരു പൂർവ്വകാണ്ഡമായിത്തന്നെയോ വരേണ്ടതായിരുന്നില്ലേ?
പൊതുവെ പറഞ്ഞാൽ, ഇതു തന്നെയാണ് ഉത്തരകാണ്ഡത്തിൽ പറയുന്ന കാര്യങ്ങളുടെയെല്ലാം അവസ്ഥ. അതായത് മുഖ്യ ആഖ്യാനത്തിൽ ഒഴിവാക്കിയ ഉപഖ്യാനങ്ങളെല്ലാം അനുബന്ധങ്ങൾപോലെ ഉത്തരകാണ്ഡത്തിൽ ചേർത്തു വെച്ചിരിക്കുന്നു. അതിൽ രാവണചരിതത്തിനു പുറമെ, ഹനുമാന്റെ ചരിത്രമുണ്ട്, ജനകന്റെ ഉല്പത്തിയുണ്ട് ശംബൂകവധമുണ്ട്, ലവണാസുരവധമുണ്ട്...
ഇവയെല്ലാം മുഖ്യ ആഖ്യാനത്തിൽ സന്ദർഭോചിതമായി സന്നിവേശിപ്പിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചു പോകുന്നു.
എന്നാൽ , അതിനിടയ്ക്ക് മുഖ്യ ആഖ്യാനത്തിന്റെ തുടർച്ചയെന്ന പോലെ വരുന്ന സീതാപരിത്യാഗവും മറ്റും ഏച്ചുകൂട്ടിയപോലെ മുഴച്ചിരിക്കുന്നു. 
ഉത്തരകാണ്ഡത്തിൽ രാക്ഷസവാനരവിസർജ്ജനം എന്ന 40ാം സർഗ്ഗത്തിൽ വാനരന്മാർ വിഭീഷണൻ മുതലായവരെ സമ്മാനങ്ങൾ നല്കി യാത്രയയയ്ക്കുന്നു എന്ന് വീണ്ടും ആവർത്തിക്കുന്നു.
വാല്മീകിരാമായണത്തിൽ

അപാരമായ കഴിവുകൾ ദുരുപയോഗപ്പെടുത്തുന്നതിന്റെ കഥയാണ് രാവണസഹോദരന്മാരുടേത്. 
രാവണൻ പതിനായിരം വർഷം ആഹാരമില്ലാതെ തപസ്സു ചെയ്തു. ഓരോ ആയിരം വർഷം കൂടുമ്പോൾ ദശമുഖൻ ഓരോ തലയറുത്ത് തീയിൽ ഹോമിച്ചു. പതിനായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ പത്താമത്തെ തലയും ഹോമിക്കാൻ തുടങ്ങിയപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് വേണ്ട വരം ആവശ്യപ്പെട്ടു. 
വളരെ കൃത്യമായി അമരത്വം തന്നെയാണ് രാവണൻ ആവശ്യപ്പെടുന്നത്.  അല്ലാതെ രാമായണത്തിൽ പലയിടത്തും പറയുന്നതുപോലെ മനുഷ്യരിൽ നിന്നുള്ള അവധ്യത്വം ആവശ്യപ്പെടാതിരുന്നതല്ല. എന്നാൽ, കേവലമായ അമരത്വം വരിക്കാനാവില്ല എന്നു ബ്രഹ്മാവ് പറഞ്ഞതിനെ തുടർന്നാണ് രാവണൻ ദൈത്യദാനവരാക്ഷസന്മാരും ദേവന്മാരും വധിക്കരുതെന്ന വരം ആവശ്യപ്പെടുന്നത്. മനുഷ്യാദികളായ പ്രാണികളെയെല്ലാം തൃണവൽഗണിച്ചു എന്നത് രാവണനു പറ്റിയ അബദ്ധം തന്നെ. അതിൽ സന്തുഷ്ടനായെന്നവണ്ണം ബ്രഹ്മാവ് ഒരു ബോണസ് വരം കൂടി നല്കുന്നു. അതായത്, മുമ്പ് അഗ്നിയിൽ ഹോമിച്ച തലകളെല്ലാം പൂർവ്വസ്ഥിതിയിലാവുമെന്ന്. ഇത്, പക്ഷെ, വരമോ ശാപമോ എന്നത് മറ്റൊരു കാര്യം. 
കുംഭകർണ്ണനാവട്ടെ, വേനൽക്കാലത്ത് പഞ്ചാഗ്നി മദ്ധ്യത്തിലും മഴക്കാലത്ത് മഴ നനഞ്ഞു കൊണ്ടും തണുപ്പു കാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്നും ധർമ്മത്തിലും സന്മാർഗ്ഗത്തിലും അടിയുറച്ചു കൊണ്ട് പതിനായിരം സംവത്സരം തപസ്സു ചെയ്തു. 
എന്നാൽ, വരം നല്കുന്നതിനു മുമ്പ്, ഭയചകിതരായ ദേവകളുടെ അപേക്ഷ പ്രകാരം ബ്രഹ്മാവ് ഒരു തന്ത്രം പ്രയോഗിക്കുന്നു. സരസ്വതിയെ നിയോഗിച്ച് കുംഭകർണ്ണന് നാക്കുപിഴ വരുത്തുന്നു. അങ്ങനെ, വരം ചോദിച്ചപ്പോൾ അനേക വർഷങ്ങൾ ഉറങ്ങാൻ കഴിയണം എന്നായിപ്പോയി. അങ്ങനെയാവട്ടെ എന്നു ബ്രഹ്മാവും.
എന്തൊരു വരദാനമാണിത്! വരദാനത്തിലും മായം, വഞ്ചന! 
ഉടൻ തന്നെ കുംഭകർണ്ണന് ബോധമുദിച്ചു. എങ്ങനെ താൻ ഇങ്ങനെയൊരു വരം ആവശ്യപ്പെട്ടു എന്ന് അത്ഭുതപ്പെട്ടു. ദേവന്മാർ തന്നെ വ്യാമോഹിപ്പിച്ചിട്ടുണ്ടാവണം എന്ന് കാരണവും കണ്ടെത്തി.
വിഭീഷണനും അയ്യായിരം വർഷം ഒറ്റക്കാലിൽ നിന്നുകൊണ്ട് തപസ്സു ചെയ്തു. അതിനു ശേഷം കയ്യും മുഖവും മുകളിലേക്കുയർത്തി ധ്യാനനിരതനായി വീണ്ടും അയ്യായിരം വർഷം തപസ്സു ചെയ്തു. വിഭീഷണൻ ആവശ്യപ്പെട്ട വരം എപ്പോഴും, ഏതു സാഹചര്യത്തിലും ചെയ്യുന്നതെല്ലാം ധർമ്മാധിഷ്ഠിതമാവണമെന്നായിരുന്നു.
എന്തായാലും, വരം ലഭിച്ച ഉടൻ ആയിരക്കണക്കിനു വർഷങ്ങളായി പാലിച്ചു വന്ന അതികഠിനമായ ആത്മനിയന്ത്രണം അപ്പാടെ കാറ്റിൽ പറത്തി രാവണനും കുംഭകർണ്ണനും  അതിഭീകരമായ രാക്ഷസഭാവം പുറത്തെടുക്കുന്നു. 
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തിന്റെ വിചിത്രമായ തിരിച്ചിടലാണ് ഇത്. ചിന്തനീയമായ ഒരു വിചിത്ര മാനസികാവസ്ഥ.
മൂന്നു പേരും പതിനായിരം കൊല്ലമാണ് അതികഠിനമായ തപസ്സ് ചെയ്യുന്നത്. എന്നാൽ, മൂന്നു പേരും ആവശ്യപ്പെട്ടതനുസരിച്ച് സമ്പാദിക്കുന്ന വരം തീർത്തും വ്യത്യസ്തം.
സത്വരജതമോഗുണങ്ങളുടെ ഒരു ആവിഷ്കാരം കൂടിയാണ് ഈ സഹോദരങ്ങൾ.

വാല്മീകീരാമായണത്തിൽ

ശംബൂകവധം

എന്നും വിവാദമായ വിഷയം
ശൂദ്രന് തപസ്സു ചെയ്യാൻ പാടില്ല എന്നു പച്ചയായി പറയുന്ന, ശൂദ്രൻ, അഥവാ ചാതുർവ്വർണ്യം ജന്മനാ നിർണ്ണയിക്കപ്പെടുന്നു എന്ന് അർത്ഥശങ്കയയ്ക്കിടയില്ലാത്തവിധം വിളിച്ചു പറയുന്ന ഒരു  സന്ദർഭം.
രാവണവധത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തി രാമൻ മാതൃകാപരമായ ഭരണം നടത്തിക്കൊണ്ടിരിക്കെ, ഒരു ബ്രാഹ്മണൻ മരണം സംഭവിച്ച ബാലനായ തന്റെ മകന്റെ മൃതശരീരവുമായി കൊട്ടാരത്തിലെത്തുന്നു. രാജാവിന് എന്തോ ധർമ്മഭ്രംശം സംഭവിച്ചിരിക്കുന്നു, അതുകൊണ്ടാണ് ഇങ്ങനെയൊരു ബാലമരണം സംഭവിച്ചത് എന്ന് രാജാവിനെ പഴിക്കുകയും തന്റെ ഏക മകനെ വീണ്ടെടുത്തു തരണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു.
രാമൻ രാജഗുരുക്കളായ മഹർഷീശ്വരന്മാരോട് വിഷയം കൂടിയാലോചിക്കുന്നു.
ആ സദസ്സിൽ വെച്ച് നാരദൻ അതിന്റെ കാരണത്തെപ്പറ്റി രാമനോട് വിശദമായി സംസാരിക്കുന്നു. അതായത്, നാടിന്റെ സനാതന വ്യവസ്ഥക്കു വിരുദ്ധമായി ഏതോ ശൂദ്രൻ തപസ്സു ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ അപമൃത്യുവുണ്ടായത് അതിനു വേണ്ട പരിഹാരമുണ്ടാക്കണം. എങ്കിൽ, ബ്രാഹ്മണ ബാലന് ജീവൻ തിരികെ ലഭിക്കും. ഇതു കേട്ട ഉടൻ രാജാവ് രാജ്യഭാരം സഹോദരന്മാർക്കു നല്കി, ബ്രാഹ്മണബാലന്റെ മൃതശരീരം എണ്ണപ്പാത്തിയിൽ കേടു കൂടാതെ സംരക്ഷിക്കാൻ കൽപ്പന കൊടുത്തു. അതിനു ശേഷം പുഷ്പക വിമാനത്തെ മനസ്സിൽ ധ്യാനിച്ച് വിളിച്ചു വരുത്തുകയും അമ്പും വില്ലും വാളും എടുത്ത് വിമാനത്തിൽ കയറി ഒറ്റയ്ക്ക് യാത്രയാവുകയും ചെയ്തു.
വിമാനമാർഗ്ഗം നാനാദിക്കിലും സഞ്ചരിച്ച് തെക്കൻ ദിക്കിൽ ഒരു പർവ്വതത്തിന്റെ സമീപത്തുള്ള പൊയ്കയിൽ തല കീഴായിനിന്നു തപസ്സു ചെയ്യുന്ന താപസനെ കണ്ടു മുട്ടുന്നു.
കസ്യാം യോന്യാം തപോവൃദ്ധ
വർത്തസേ ദൃഢവിക്രമ
തപോവൃദ്ധ, ദൃഢവിക്രമ, ഏതു ജാതിയിലാണ് അങ്ങയുടെ ജനനം? എന്നാണ് രാമൻ ശംബൂകനോടു ചോദിക്കുന്നത്.
ശൂദ്രനാണ് എന്ന സത്യം പറയുമ്പോൾ രാമൻ മറ്റൊന്നും ആലോചിക്കാതെ, ഒരവസരവും നൽകാതെ വാളെടുത്ത് ശംബൂകനെ വെട്ടിക്കൊല്ലുകയാണ് ചെയ്യുന്നത്. .
എന്നാൽ, അതേസമയം, പണ്ട്, ദശരഥൻ ശബ്ദവേധിയായ അസ്ത്രം ഉപയോഗിച്ച്, ആന വെള്ളം കുടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് താപസകുമാരനെ കൊന്നപ്പോൾ ഞാൻ ശൂദ്രനാണ് അതിനാൽ, അങ്ങേയ്ക്ക് ബ്രഹ്മഹത്യാപാപമില്ല എന്നു ദശരഥനോട് പറയുന്നുണ്ട്.
നദ്വിജാതിരഹം രാജൻ
മാ ഭൂത്തേ മനസോ വ്യഥാ
ശൂഭായാമസ്മി വൈശ്യേന
ജാതോ ജനപദാധിപ
രാജാവേ, ഞാൻ ബ്രാഹ്മണനല്ല ; ഞാൻ ശൂദ്രസ്ത്രീയിൽ വൈശ്യനു ജനിച്ചവനാകുന്നു. അതിനാൽ, മനസ്സിൽ ഒരു ആധിയും വേണ്ട.
അതായത്, ഇവിടെ ശൂദ്രനു തപസ്സു ചെയ്യാൻ യാതൊരു വിലക്കുമില്ല.

ഒരു താപസനെ കണ്ടെത്താൻ രാജാവ് രാജ്യഭരണമുപേക്ഷിച്ച് ഒറ്റയ്ക്ക് വിമാന മാർഗ്ഗം യാത്രയാവുന്നു.(സീതയെകണ്ടെത്താൻ പെട്ടപാട് നമ്മൾ കണ്ടതാണ്)
ജീവിപ്പിക്കാനുള്ള ബ്രാഹ്മണബാലന്റെ ശരീരം എണ്ണപ്പാത്തിയിലിട്ടു സംരക്ഷിക്കാൻ പറയുന്നു. രാമരാവണയുദ്ധത്തിൽ ലക്ഷക്കണക്കിനു വാനരന്മാരെ പുനർജ്ജീവിപ്പിച്ചത് ഇങ്ങനെയാണോ?
കപടഭാവത്തോടെയാണ് രാമൻ ജംബൂകനോട് സംസാരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, ഇതൊന്നും രാമായണത്തിന്റേയോ രാമന്റേയോ, വാല്മീകിയുടെയോ പൊതുസ്വഭാവവുമായി യാതൊരുതരത്തിലും യോജിച്ചു പോകുന്നതല്ല എന്ന് ഒരു ശരാശരി വായനക്കാരനു പോലും പകൽപോലെ വ്യക്തമാവും. അതിനാൽ, ഇതെല്ലാം വളരെ അവിദഗ്ദ്ധമായ കൂട്ടിച്ചേർക്കലിന്റെ ഫലമായി വന്നു ഭവിച്ചതായേ കരുതാൻ കഴിയൂ.

സീതാപരിത്യാഗം, മോക്ഷലബ്ധി

സത്യമാണോ, ധർമ്മമാണോ വലുത്?
കേവലമായ സത്യമാണോ സമൂഹം പടുത്തുയർത്തിയ യാഥാസ്ഥിക ധർമ്മമാണോ ഒരു പ്രതിസസിഘട്ടത്തിൽ പരിഗണിക്കപ്പെടേണ്ടത് എന്ന ചോദ്യമാണ് വാല്മീകിരാമായണത്തിൽ സീതാപരിത്യാഗം എന്ന ദുർഘടസന്ധി ഉയർത്തുന്നത്.
രാവണവധത്തിനുശേഷം സീതയെപ്പറ്റി സ്വന്തം മനസ്സിലുദിച്ച സംശയം രാമൻ  ക്രൂരമായിത്തന്നെ പരസ്യമായി പ്രകടിപ്പിച്ചതാണ്. അതിനു പ്രതിവിധിയായി സീത ഉടൻ തന്നെ സ്വമേധയാ തീയിൽ ചാടി അഗ്നിപരീക്ഷക്കു തയ്യാറാവുകയും അഗ്നിദേവൻതന്നെ സീതയെ എടുത്തുകൊണ്ടുവന്ന് രാമനെ തിരിച്ചേല്പിക്കുകയും സീതയെ സ്വീകരിക്കുവാൻ 'ആജ്ഞാപിക്കുക’യും ചെയ്തതാണ്. അതും പോരാഞ്ഞ് ഇന്ദ്രനോടൊത്ത് ദേവന്മാരും അതു കഴിഞ്ഞ് സ്വർഗ്ഗത്തിൽ നിന്ന് ദശരഥനും പ്രത്യക്ഷപ്പെട്ട് സീത തികച്ചും പതിവ്രതയാണെന്നും നിസ്സംശയമായും അവളെ സ്വീകരിക്കണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സന്തോഷപൂർവ്വം സ്വീകരിക്കുകയും സന്തോഷകരമായ ദാമ്പത്യം തുടർന്നു വന്നതുമാണ്. ഇതിൽപ്പരം ഒരു സത്യം എന്താണ് വേണ്ടത്?
അങ്ങനെയിരിക്കെ, ഒരിക്കൽ, ദൂതന്മാരോട് നാട്ടിലെ വിശേഷങ്ങളാരായുകയും ജനങ്ങളെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത് എന്ന് അവർ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ, രാമൻ വീണ്ടും വീണ്ടും രാജകുടുംബാംഗങ്ങളിലാരെപ്പറ്റിയും പറയുന്ന കാര്യങ്ങളെപ്പറ്റി സത്യമായ കാര്യം മറയ്ക്കാതെ പറയാൻ നിർബ്ബന്ധിക്കുമ്പോഴാണ് അവർ സീതയെപ്പറ്റിയുള്ള അപവാദത്തെപ്പറ്റി പറയുന്നത്. അതോടു കൂടി രാമൻ ആകെ തളരുന്നു. ഇത്രയേയുള്ളു രാമന്റെ മനസ്ഥൈര്യം?
പഴയ അഗ്നിപരീക്ഷയുടെ കാര്യങ്ങൾ ഓർമ്മിക്കാത്തതല്ല. അതെല്ലാം ഈ സന്ദർഭത്തിലും രാമൻ ആവർത്തിക്കുന്നുണ്ട്:

പ്രത്വയാർത്ഥം തത സീതാ
വിവേശജ്വലനം തഥാ
പ്രത്യക്ഷം തവ സൗമിത്രേ
ദേവാനാം ഹവ്യവാഹന

അപാപാം മൈഥിലീമാഹ
വായുശ്ചാകാശ ഗോചര:
ചന്ദ്രാദിത്യൗ ചശംസേതേ
സുരാണാം സന്നിധൗ പുരാ

ഋഷീണാം ചൈവ സർവേഷാ
മപാപാം ജനകാത്മജാം
ഏവം ശുദ്ധസമാചാരാ
ദേവഗന്ധർവ്വസന്നിധൗ
ലങ്കാദ്വീപേ മഹേന്ദ്രേണ
മമ ഹസ്തേ നിവേശിതാ

അന്തരാത്മാ ച മേ വേത്തി
സീതാം ശുദ്ധാം യശസ്വിനീം
തതോ ഗൃഹീത്വാ വൈദേഹീ
മയോദ്ധ്യാമഹമാഗത

അതിൽ തെളിവിനു വേണ്ടി സീത അവിടെ തീയിൽ ചാടി. സൗമിത്രേ, നീയും ദേവകളും കാണ്കേ ഹവ്യവാഹനനായ അഗ്നിയും ആകാശഗോചരനായ വായുവും സീത നിർദോഷയാണെന്ന് പറഞ്ഞു. സർവ്വദേവമഹർഷിമാരുടേയും സവിധത്തിൽ വെച്ച് സൂര്യചന്ദ്രന്മാരും സീത നിർദോഷയാന്നെന്ന് അന്നു തന്നെ ചൊല്ലുകയുണ്ടായി. ഇങ്ങനെ സദ് വൃത്തയായവളെ ദേവഗന്ധർവ്വന്മാരുടെ സന്നിധിയിൽ ലങ്കാദ്വീപിൽ വെച്ച് പുരന്ദരൻ എന്റെ കൈയിൽത്തന്നു.
കീർത്തിമതിയായ സീത പരിശുദ്ധയാണെന്ന് എന്റെ അന്തരാത്മാവും അറിയുന്നു. അതുകൊണ്ടുതന്നെയാണ് സീതയെ അയോദ്ധ്യയിലേക്കു കൊണ്ടു പോന്നത്.

ഇതിൽപ്പരം രാമന് എന്താണ് വേണ്ടത്? ഇതിലെല്ലാം ഉപരിയാണോ ഏതോ നാട്ടുകാർ എന്തോ അപവാദം പറയുന്നത്? ഏതോ നാട്ടുകാർ എന്തോ പറയുന്നതാണോ ധർമ്മം? അങ്ങനെ നോക്കുമ്പോൾ ഇതു സത്യവും ധർമ്മവും തമ്മിലുള്ള സംഘർഷം തന്നെയല്ല എന്നു പറയേണ്ടി വരും. മറിച്ച്, ഇത് രാമന്റെ ചഞ്ചല മനസ്സും സീതയുടെ സ്ഥൈര്യവും സ്ഥിതപ്രജ്ഞയും തമ്മിലുള്ള പോരാട്ടമാണ്. നിർഭാഗ്യവശാൽ, സീതയുടെ ഭാഗത്തുള്ള ധർമ്മവും സത്യവും നീതിയും നന്മയുമെല്ലാം പരാജയപ്പെടുന്നു. മാത്രമല്ല, അതിന്റെ കീർത്തി മുഴുവൻ തീർത്തും തെറ്റായി രാമന് ചാർത്തിക്കൊടുത്തിരിക്കുന്നു.
അതുകൊണ്ടും അവസാനിക്കുന്നില്ല. എത്ര ഹീനമായാണ് രാമൻ സീതയെ കാട്ടിലേക്കയക്കുന്നത്! പണ്ടത്തെപ്പോലെ സീതയ്ക്കു പ്രതികരിക്കാൻ അവസരം കൊടുക്കാതെ, സീതയുടെ ഇഷ്ടം നടപ്പാക്കാൻ എന്ന വ്യാജേന, നിരപരാധിയായ ഒരാളെ അയാളറിയാതെ ചതിവിൽ തുറുങ്കിലടയ്ക്കുന്ന പോലീസ് മുറയാണ്, ചതി ഒട്ടും സംശയിക്കാത്ത, ഗർഭിണിയായ സീതയുടെ മേൽ, സ്വയം മാറി നിന്ന്, ലക്ഷ്മണനെ നിയോഗിച്ചുകൊണ്ട് രാമൻ പ്രയോഗിക്കുന്നത്.
വനത്തിൽ , താപസരുടെ ആശ്രമത്തിൽ കഴിയാനുള്ള ആഗ്രഹം സാധിക്കാൻ പോകുന്നു എന്ന സന്തോഷത്തോടെയാണ് സീത യാത്ര പുറപ്പെടുന്നത്. ആശ്രമവാസികൾക്ക് സമ്മാനിക്കാനായി സ്വർണ്ണവും രത്നങ്ങളും കൂടെ കരുതുന്നു. ഒടുവിൽ, ഗംഗാനദിക്കക്കരെ ആശ്രമസമീപത്തെത്തുമ്പോൾ ദുഃഖം സഹിക്കാൻ വയ്യാതെ കരഞ്ഞു പോകുന്ന ലക്ഷ്മണനെ സീത ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് തന്നെ രാമൻ ഉപേക്ഷിച്ചിരിക്കുന്നു എന്ന നടുക്കുന്ന സത്യം സീത മനസ്സിലാക്കുന്നത്.
ദുഖാർത്തയായ സീത ബോധരഹിതയായി നിലം പതിക്കുന്നു. ഉടൻ തന്നെ ബോധം വീണ്ടെടുത്ത സീത ലക്ഷ്മണനോട് കരളലിയിക്കുന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത്.
കിം നു വക്ഷ്യാമി മുനിഷു
കർമ്മ വാ ദുത്കൃതം ച കിം
കിസ്മിംശ്ചിത് കാരണേ ത്യക്താ
രാഘവേണ മഹാത്മനാ
മഹർഷിമാരോട് ഞാൻ എന്തു പറയും? എന്തു ദൃഷ്കൃതമാണ് ഞാൻ ചെയ്തത്? മഹാത്മാവായ രാഘവൻ എന്നെ ഉപേക്ഷിക്കാൻ കാരണമെന്ത്?
ന ഖല്യദ്വൈവ സൗമിത്രേ
ജീവിതം ജാഹ്നവീതലേ
ത്യജേയം രാജവംശസ്തു
ഭർത്തൂർമേ പരിഹാസ്യതേ
സൗമിത്രേ, എനിക്കിപ്പോൾത്തന്നെ ഗംഗയിൽ പ്രാണൻ ത്യജിക്കാനും കഴിയില്ല. കാരണം, അങ്ങനെ ചെയ്താൽ ഭർത്താവിന്റെ രാജവംശം പരിഹസിക്കപ്പെടും.
തുടർന്ന്, യുക്തിയുക്തമായ വാക്കുകൾക്കൊടുവിൽ , സമചിത്തത വീണ്ടെടുത്ത് തന്റെ കടമ നിർവ്വഹിച്ച് തിരിച്ചു പൊയ്ക്കൊള്ളാൻ സീത ലക്ഷ്മണനോട് പറയുന്നു.
ഇവിടെയെല്ലാം രാമനേക്കാൾ എല്ലാംകൊണ്ടും എത്രയോ മുകളിലാണ് സീതയുടെ നില.
പിന്നീട്, രാമന് ഇങ്ങനെ വരാൻ എന്താണ് കാരണം എന്ന് സുമന്ത്രൻ ലക്ഷ്മണനോടു പറയുന്നുണ്ട്.
ദേവാസുരയുദ്ധത്തിൽ തോറ്റോടിയ അസുരന്മാർക്ക് ഭൃഗു മഹർഷിയുടെ പത്നി അഭയം നല്കി. ഇതിൽ കോപിച്ച് വിഷ്ണു ചക്രം പ്രയോഗിച്ച് ഭൃഗുപത്നിയുടെ തലയറുത്തു. വിവരമറിഞ്ഞ ഭൃഗു വിഷ്ണുവിനെ ശപിച്ചു. ഭൂമിയിൽ മനുഷ്യനായി ജനിക്കുമെന്നും വളരെക്കാലം പത്നിവിയോഗം അനുഭവിക്കും എന്നുമായിരുന്നു ശാപം. ഇവിടേയും പ്രശ്നം വിഷ്ണുവിന്റെയാണ്, ഇതിൽ സീതക്ക് ഒരു പങ്കുമില്ല. എന്നിട്ടും അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് സീതയും!
ഇതു കേൾക്കുമ്പോൾ ലക്ഷ്മണന് ആശ്വാസമായി. അപ്പോഴും നിരപരാധിയായ സീതയുടെ അവസ്ഥയെപ്പറ്റി ചിന്തിക്കാൻ ലക്ഷ്മണൻ മുതിരുന്നില്ല.
വാല്മീകീരാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയും അതേസമയം, ജൂഗൂപ്സാവഹവുമായ ഒരു സന്ദർഭമാണ് ഇതെന്നു പറയാം.
തുടർന്ന്, സീതയെ കാട്ടിൽ ഉപേക്ഷിച്ചതിനു ശേഷം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിൽ രാമനോ മറ്റുള്ളവരോ വാല്മീകിയോ ഏതാനും സർഗ്ഗങ്ങളിൽ സീതയെപ്പറ്റി യാതൊന്നും പറയുന്നില്ല! ശത്രുഘ്നൻ ലവണാസുരവധത്തിനായി പോകുംവഴി വാല്മീകിയുടെ ആശ്രമം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്യുന്നുണ്ട്. അവിടെ വെച്ച് സീതയുടെ പ്രസവവാർത്ത അറിയുന്നു. അവിടെ നിന്ന് യാത്രയാവുന്നതിനു മുമ്പ് സീതയെ സന്ദർശിക്കുന്നു. സീതയെ വന്ദിച്ച് 'അമ്മേ, ഭാഗ്യം' എന്നു മാത്രം പറയുന്നു.
ലവണാസുരവധം കഴിഞ്ഞ് തിരിച്ചു വരുംവഴിയും ശത്രുഘ്നൻ വാല്മീകീആശ്രമം സന്ദർശിക്കുന്നുണ്ട്. അവിടെ വെച്ച് ആരോ അതിമധുരമായി രാമകഥ ചെല്ലുന്നത് കേൾക്കുന്നു. കൂടെയുള്ള സൈന്യം ഇതിനെപ്പറ്റി ആരായുകയും ചെയ്യുന്നു. എന്നാൽ, ശത്രുഘ്നൻ അതിനെപ്പററി വാല്മീകിയോടു ചോദിക്കാൻ വിസമ്മതിക്കുന്നു. ആശ്രമത്തിൽ അങ്ങനെ വിസ്മയകരമായി പലതും കാണും അതിനെപ്പററിയെല്ലാം ചോദിക്കുന്നതു ശരിയല്ല എന്നാണ് ശതൂഘ്നൻ പറയുന്നത്.
അപ്പോഴും സീതയെപ്പററിയോ, മക്കളായ ലവകുശന്മാരെപ്പറ്റിയോ യാതൊരു പരാമർശവുമില്ല.
പിന്നീട്, രാമൻ അതിഗംഭീരമായി അശ്വമേധയാഗം ചെയ്യാൻ ഒരുങ്ങവേ, എല്ലാ രാജാക്കന്മാരേയും ഋഷിമാരേയും വിഭീഷണാദി രാക്ഷസന്മാരേയും സുഗ്രീവനേയും മറ്റു വാനരന്മാരേയും ക്ഷണിച്ചുവരുത്തുമ്പോൾ വാല്മീകിയേയോ സീതയേയോ ക്ഷണിക്കുന്നതായി പറയുന്നില്ല. എന്നാൽ, അതേസമയം, സീതയുടെ സ്ഥാനത്ത് ഒരു കാഞ്ചനസീതയെ നിർമ്മിച്ച് തൽസ്ഥാനത്തു വെക്കുകയും ചെയ്യുന്നു!
പക്ഷെ, വാല്മീകി അങ്ങനെ വിടുന്ന ആളായിരുന്നില്ല.
യാഗം നടന്നുകൊണ്ടിരിക്കേ അദ്ദേഹം ലവകുശന്മാരുമായി സ്ഥലത്തെത്തുകയും അവരെക്കൊണ്ട് താൻ രചിച്ച രാമകഥ അതിമധുരമായി പാടിക്കുകയും ചെയ്തു. വാല്മീകി അവർക്ക് രണ്ടു നിർദ്ദേശങ്ങൾ നല്കിയിരുന്നു. ആരുടെ മക്കളാണെന്നു രാമൻ ചോദിച്ചാൽ വാല്മീകിയുടെ ശിഷ്യരാണെന്നു മാത്രം പറയുക. പൊന്നും പണവുമൊന്നും ആഗ്രഹിക്കരുത്.  വനവാസികൾക്ക് ഇതുകൊണ്ട് എന്തു പ്രയോജനം?ലവകുശന്മാർ പറഞ്ഞതു പോലെ വാല്മീകി രചിച്ച രാമകഥ യാഗപരിസരത്തെല്ലാം നടന്ന് അതിമധുരമായി പാടാൻ തുടങ്ങി. കുട്ടികൾക്ക് രാമനുമായുള്ള സാമ്യം കണ്ട് പലരും അത്ഭുതപ്പെട്ടു. കുട്ടികളുടെ സംഗീതപരിപാടി രാമന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ അവരെ ക്ഷണിച്ചു വരുത്തി ഋഷിമാരുടേയും മറ്റും വലിയ സദസ്സിൽ അവരെക്കൊണ്ട് രാമകഥ പാടിപ്പിച്ചു. ആരാണ് ഇതിന്റെ കർത്താവ് എന്തെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നെല്ലാം കുട്ടികളോടു ചോദിച്ചു. വാല്മീകി മഹർഷിയാണ് ഇതിന്റെ രചയിതാവ്, അദ്ദേഹം അവിടെ സന്നിഹിതനായിട്ടുണ്ട് എന്ന് അവർ രാമനോടു പറഞ്ഞു. രാമൻ അവർക്ക് പതിനെണ്ണായിരം സ്വർണ്ണം സമ്മാനമായി നല്കാൻ നിർദ്ദേശിച്ചു. എന്നാൽ, വനവാസികളായ തങ്ങൾക്ക് ഇതുകൊണ്ട് എന്തു പ്രയോജനം എന്നു പറഞ്ഞ് അവർ അതെല്ലാം നിരസിച്ചു.
കുട്ടികളുടെ കഥാലാപനത്തിൽ നിന്നു തന്നെ ഒടുവിൽ, അവർ സ്വന്തം മക്കളാണെന്ന് രാമന് മനസ്സിലായി. അങ്ങനെ, രാമൻ ദൂതന്മാരെ അയച്ച് വാല്മീകിയെ തന്റെ ഇംഗിതം അറിയിക്കുന്നു. അതായത്, വാല്മീകിയുടെ അനുവാദത്തോടു കൂടി സീതയ്ക്ക് സഭയിൽ വെച്ച് തന്റെ പരിശുദ്ധി തെളിയിക്കാൻ ഒരു അവസരം കൂടി നല്കാമെന്നായിരുന്നു അത്.
 സീതയെ കാട്ടിലുപേക്ഷിക്കുന്നതിനു മുമ്പ് രാമന്  ഈ ബുദ്ധി എന്തുകൊണ്ട് തോന്നിയില്ല എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്.
 ഏതായാലും, പറഞ്ഞതു പോലെ, ദേവകളും ഋഷിമാരും ജനങ്ങളും വിഭീഷണാദിരാക്ഷസന്മാരും വാനരന്മാരുമടങ്ങുന്ന ഒരു മഹാ സദസ്സിൽ, മുന്നിൽ വാല്മീകിയെ അനുഗമിച്ചുകൊണ്ട് അധോവദനയായി, കണ്ണീർ വാർത്തുകൊണ്ട് രാമനെ സ്മരിച്ചുകൊണ്ട് സീത പ്രത്യക്ഷപ്പെട്ടു.
 ആദ്യം വാല്മീകിമഹർഷി രാമന് സീതയുടെ പരിശുദ്ധിയെ കുറിച്ച് ഉറപ്പു നല്കുന്നു. സീതയ്ക്ക് എന്തെങ്കിലും ദേഷമുണ്ടെങ്കിൽ തന്റെ ആയിരക്കണക്കിനു കൊല്ലക്കാലത്തെ തപസ്സ് നിഷ്ഫലമാവട്ടെ എന്നാണ് അദ്ദേഹം ശപഥം ചെയ്യുന്നത്.
 ബഹുവർഷസഹസ്രാണി
 തപശ്ചര്യാ മയാകൃതാ
 തസ്യാ : ഫലമുപാശ്നീയാ
 മപാപാ യദി മൈഥിലീ
 അനേകായിരമാണ്ടുകൾ ഞാൻ തപസ്സു ചെയ്തിട്ടുണ്ട്. മൈഥിലി നിർദ്ദോഷയാണെങ്കിൽ മാത്രം ഞാൻ അതിന്റെ ഫലം അനുഭവിക്കട്ടെ.
 രാമൻ അതു പൂർണ്ണമായും സമ്മതിക്കുമ്പോഴും സീത സഭാമദ്ധ്യത്തിൽ വിശുദ്ധി തെളിയിച്ച് തന്റെ പ്രീതി സമ്പാദിക്കട്ടെ എന്ന മൊശടൻ നിലപാടാണ് സ്വീകരിക്കുന്നത്.
 ഇവിടെ സീതയുടെ പരിശുദ്ധിയെകുറിച്ച് ഉത്തമബോദ്ധ്യമുണ്ടായിട്ടും സ്വന്തം അപകർഷതയിൽനിന്നുളവായ വിചിത്ര മാനസികാവസ്ഥയാണ് രാമൻ പ്രകടിപ്പിക്കുന്നത്.
 തുടർന്ന്, സീത ശപഥം ചെയ്യുന്നു:

 യഥാfഹം രാഘാവാദന്യം
 മനസാfപി ന ചിന്തയേ
 തഥാ മേ മാധവീ ദേവീ
 വിവരം ദാതുമർഹതി

 മനസാ കർമ്മണാ വാചാ
 യഥാ രാമം സമർച്ചയേ
 തഥാ മേ മാധവീ ദേവി
 വിവരം ദാതുമർഹതി.

ഞാൻ രാമനെയല്ലാതെ മറ്റാരെക്കുറിച്ചും മനസ്സിൽ വിചാരിക്കാറില്ലെങ്കിൽ ഭൂമിദേവി എനിക്ക് ഇടം തരട്ടെ!
മനസാ വാചാ കർമ്മണാ ഞാൻ രാമനെ അർച്ചിക്കുന്നുണ്ടെങ്കിൽ ഭൂമീദേവി എനിക്ക് ഇടം തരട്ടെ!
അതോടുകൂടി അവിടെ കൂടിയവരെയെല്ലാം അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് ഭൂമിയിൽ നിന്നും ഒരു സ്വർണ്ണ സിംഹാസനം ഉയർന്നു വരികയും ഭൂമിദേവിതന്നെ സീതയെ അതിലിരുത്തി രസാതലത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സീതയുടെ ശപഥം ഭൂമിദേവി ഇടം തരട്ടെ എന്നു മാത്രമാണ്. അല്ലാതെ, പരിശുദ്ധി തെളിയിക്കുന്നതിന്റെ സ്വാഭാവികലക്ഷ്യം എന്നു കണക്കാക്കാവുന്ന രാമനോടൊത്തുള്ള ജീവിതം തിരികെ കിട്ടണമെന്നല്ല. സീതാപരിത്യാഗത്തോടെ രാമൻ അതിനുള്ള അർഹത നഷ്ടപ്പെടുത്തി എന്നു വേണം മനസ്സിലാക്കാൻ. രാമനു മറുപടിയായി ലോകത്തിനു മുമ്പിൽ സ്വന്തം പരിശുദ്ധി തെളിയിക്കുന്നതോടു കൂടി രാമനെ കയ്യൊഴിയുകയും സ്വയം രാമന് അപ്രാപ്യയാവുകയും ചെയ്യുക എന്ന മധുരമായ പ്രതികാരമാണ് ഇവിടെ അരങ്ങേറിയത്. ഭൂമീദേവിയും ആ ലക്ഷ്യത്തിനനുസൃതമായാണ് പ്രവർത്തിച്ചത്.
രാമനെ സംബന്ധിച്ചിടത്തോളം, കനത്ത പ്രഹരം തന്നെയായിരുന്നു ഇത്. ലോകത്തിനു മുന്നിൽ മര്യാദാപുരുഷോത്തമനാവാൻ താൻ കാട്ടിലെറിഞ്ഞ സീത തന്റെ വ്യവസ്ഥയിൽത്തന്നെ വീണ്ടും പരിശുദ്ധി തെളിച്ച് തിരിച്ചെത്തുന്നു എന്ന രാമന്റെ അഹന്തയ്ക്ക് വൻ തിരിച്ചടിയേല്പിച്ചുകൊണ്ട് അതേ ലോകത്തിനു മുന്നിൽ സ്വന്തം പരിശുദ്ധി തെളിയിക്കുകയും രാമന് മറ്റൊരവസരം നിഷേധിച്ചുകൊണ്ട് സീത എന്നെന്നേയ്ക്കുമായി അപ്രത്യക്ഷയാവുകയും ചെയ്യുന്നു. രാമന്റെ വിശ്വാസ്യത പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. സീത തിരിച്ചു വന്നാൽ, എന്നെങ്കിലും രാമന് ഇതുപോലെ വീണ്ടും ഒരു വിളി തോന്നില്ലെന്നെന്താണുറപ്പ്?
രാമന്റെ തികച്ചും പ്രതീക്ഷിതമായ പ്രതികരണം മന:ശാസ്ത്രപരമായിത്തന്നെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
വിസ്മയം, ദുഃഖം, ശുണ്ഠി, കോപം എന്നിങ്ങനെ മുന്നേറുന്നു അത്. ഭ്രാന്തമായ കോപത്തിൽ ഉടൻ സീതയെ തിരിച്ചെത്തിക്കാൻ രാമൻ ഭൂമിദേവിയോട് ആജ്ഞാപിക്കുന്നു, പണ്ട് സീതാപഹരണത്തിനു ശേഷം ചെയ്തതുപോലെ, ഭൂമി മുച്ചൂടും നശിപ്പിക്കുമെന്ന് വൃഥാ ഭീഷണിപ്പെടുത്തുന്നു.
ഒടുവിൽ, ബ്രഹ്മാവ് തന്നെ പ്രത്യക്ഷപ്പെട്ട്  'അടങ്ങ് വേലായ്ധാ' എന്ന മട്ടിൽ രാമനിൽ സ്വത്വബോധം ഉണർത്തുകയും സീതയുടെ അന്തർദ്ധാനത്തിന്റെ പൊരുൾ രാമനെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ, അത്യന്തം നാടകീയവും രസനിഷ്യന്ദിയും ആണെങ്കിലും, സീതയുടെ ആദ്യത്തെ അത്യുജ്ജ്വലമായ  അഗ്നിപരീക്ഷയ്ക്കും സ്വീകാരത്തിനും ശേഷം ഈ ഉപാഖ്യാനം മുഴുവൻ തീർത്തും അനാവശ്യവും സാമാന്യയുക്തിക്കു നിരക്കാത്തതുമായ ആവർത്തനമാണെന്നു പറയാം. മാത്രമല്ല, ഈ ആഖ്യാനം രാമന്റെ ഗുണങ്ങൾക്കു പകരം ദൗർബല്യങ്ങൾ മാത്രമാണ് പുറത്തുകൊണ്ടുവരുന്നത് എന്നു കാണാൻ വിഷമമില്ല. ഇത് യുദ്ധകാണ്ഡത്തിലവസാനിക്കുന്ന മുഖ്യ ആഖ്യാനത്തിലെ രാമനുമായി പൊരുത്തപ്പെടുന്നില്ല എന്നു പറയാം. അങ്ങനെ ചിന്തിക്കുമ്പോൾ ഈ ഭാഗം പിന്നീട് എഴുതിച്ചേർത്തതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റു പറയാൻ കഴിയില്ല.
ഉപസംഹാരം
ശത്രുഘ്നനെ ലവണാസുരവധത്തിനായി നിയോഗിച്ച്, വധത്തിനുശേഷം രാമൻ ശത്രുഘ്നനെത്തന്നെ ആ രാജ്യത്തിന്റെ രാജാവായി വാഴിച്ചു. രാമന്റെ അനുവാദത്തോടെ ഭരതനും കേകയ രാജാവും ചേർന്ന് ഗന്ധർവ്വരാജ്യം കീഴടക്കി ഭരതന്റെ രണ്ടു മക്കൾക്കായി വീതിച്ചു നല്കി. അതിനുശേഷം തന്നോടൊപ്പം വസിക്കാനായിരുന്നു രാമൻ ഭരതനു നല്കിയ നിർദ്ദേശം.
അതുപോലെ, ഭരതന്റെ അഭിപ്രായമനുസരിച്ച്, ലക്ഷ്മണന്റെ മക്കളായ അംഗദനും ചന്ദ്രകേതുവിനും വേണ്ടി കാരുപഥവും മല്ലഭൂമിയും കീഴടക്കി അവിടെ അംഗദീയമെന്നും ചന്ദ്രകാന്തമെന്നും പേരായ നഗരങ്ങൾ നിർമ്മിക്കുകയും അവിടെ അവരെ രാജാവായി വാഴിക്കുകയും ചെയ്തു.
അതിനു ശേഷം രാമനും ലക്ഷ്മണനും ഭരതനും അയോദ്ധ്യയിൽ വളരെക്കാലം സസുഖം വസിച്ചു
അങ്ങനെയിരിക്കെ, കാലൻ  ഒരു താപസന്റെ വേഷത്തിൽ രാമന്റെ കൊട്ടാരത്തിലെത്തി അതിഗൂഢമായ ഒരു കാര്യം ഒറ്റയ്ക്ക് പറയാനുണ്ടെന്ന് ഉണർത്തിക്കുന്നു. മറ്റാരെങ്കിലും അതു കാണുകയോ കേൾക്കുകയോ ചെയ്താൽ അയാൾ വധിക്കപ്പെടണം എന്നും താപസൻ ആവശ്യപ്പെട്ടു. അതു പൂർണ്ണമായും അംഗീകരിച്ച രാമൻ ആരേയും അകത്തേക്കു കടത്തിവിടരുത്, അഥവാ, ആരെങ്കിലും കടന്നു വന്നാൽ അയാൾ വധിക്കപ്പെടും എന്ന കല്പനയോടെ ലക്ഷ്മണനെത്തന്നെ കാവൽ നിർത്തുന്നു. ആ സമയത്ത് ദുർവ്വാസാവ് അവിടെയെത്തുകയും എത്രയും പെട്ടെന്ന് രാമനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്പം കാക്കാൻ ആദരപൂർവ്വം അപേക്ഷിക്കുന്ന ലക്ഷ്മണനോട് ഉടൻ രാമനെ കാണാനനുവദിച്ചില്ലെങ്കിൽ, രാമനേയും ലക്ഷ്മണനേയും ഭരതനേയും ഒപ്പം രാജ്യത്തേയും സന്തതിപരമ്പരകളേയും ശാപത്താൽ ഉന്മൂലനം ചെയ്യുമെന്ന് ദുർവ്വാസാവ് ആക്രോശിക്കുന്നു. ധർമ്മസങ്കടത്തിലായ ലക്ഷ്മണൻ തന്റെ ആത്മത്യാഗം കൊണ്ട് മറ്റെല്ലാവരേയും നാശത്തിൽ നിന്നു രക്ഷിക്കാമെന്ന നിശ്ചയത്തോടെ അകത്തു പ്രവേശിച്ച് മഹർഷി വന്ന വിവരം രാമനെ അറിയിക്കുന്നു...
ഇതിനിടയിൽ, കാലൻ തന്റെ ആഗമനോദ്ദേശം രാമനോടു പറയുന്നു. രാമന്റെ അവതാര ലക്ഷ്യം പൂർത്തിയായിരിക്കുന്നു. വിഷ്ണു സ്വരൂപത്തിലേക്കു മടങ്ങുകയോ ഇതുപോലെ തുടരുകയോ ചെയ്യാമെന്ന് പറയുന്നു. രാമൻ തിരിച്ചു പോകാമെന്ന് സമ്മതിക്കുന്നു.
എല്ലാവരോടും കൂടിയാലോചിച്ച്, കാര്യങ്ങൾ ലക്ഷ്മണനോട് തുറന്നു പറഞ്ഞ് രാമൻ ലക്ഷ്മണനെ ഉപേക്ഷിക്കുന്നു.
കണ്ണീരോടെ ലക്ഷ്മണൻ നേരെ സരയൂതീരത്തേക്കു പോയി അന്ത്യയാത്രയ്ക്കുവേണ്ടി ശ്വാസമടക്കികൊണ്ട് നില്ക്കവെ, ദേവേന്ദ്രൻ പ്രതൃക്ഷപ്പെട്ട് ലക്ഷ്മണനെ ദേവലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
തുടർന്ന്, ഭരതനോട് രാജ്യഭാരം ഏല്ക്കാൻ നിർദ്ദേശിച്ചുകൊണ്ട് താനും ലക്ഷ്മണനെ പിന്തുടരുകയാണെന്ന് രാമൻ പ്രഖ്യാപിക്കുന്നു. എന്നാൽ, ഭരതൻ ആ നിർദ്ദേശം അംഗീകരിക്കാതെ, ലവനും കുശനുമായി രാജ്യം വീതിച്ചു നല്കി രാമനെ പിന്തുടരാനാണ് തീരുമാനിച്ചത്.
സംഭവ വികാസങ്ങളെല്ലാം അറിയിയ്ക്കാനായി രാമൻ ദൂതനെ ശത്രുഘ്നന്റെ അടുത്തേക്കയക്കുന്നു. ഘോരമായ വംശനാശം അടുത്തെത്തി എന്നറിഞ്ഞ ശത്രുഘ്നൻ താനും രാമനെ പിന്തുടരുകയാണെന്നു പ്രഖ്യാപിച്ച്  രാജ്യം മക്കളായ സുബാഹുവിനും ശത്രുഘാതിക്കും വീതിച്ചു നല്കി അയോദ്ധ്യയിലെത്തുന്നു.  ന ചാന്യദപി വക്തവ്യം
തവ വീര ന ശാസനം
വിഹന്യമാനമിച്ഛാമി
മദ്വിധേന വിശേഷത
 വീര, മറിച്ചൊന്നും പറയരുത്. അങ്ങയുടെ ആജ്ഞയെ അനാദരിക്കരുതെന്നുണ്ട്, പ്രത്യേകിച്ചും. എന്നെപ്പോലൊരാൾ
 എന്നാണ് ശത്രുഘ്നൻ രാമനോടു പറയുന്നത്. ശത്രുഘ്നന്റെ ദൃഢനിശ്ചയം മനസ്സിലാക്കി രാമൻ ' അങ്ങനെയാവട്ടെ' എന്ന് അനുവാദം നല്കുന്നു.
തുടർന്ന്, വിഭീഷണന്റെ നേതൃത്വത്തിൽ രാക്ഷസന്മാരും , സുഗ്രീവന്റെ നേതൃത്വത്തിൽ വാനരന്മാരും അയോദ്ധ്യയിലെ ആബാലവൃദ്ധം ജനങ്ങളും വിവരമറിഞ്ഞ് രാമനെ പിന്തുടരാനെത്തുന്നു. (സുഗ്രീവൻ അംഗദനെ രാജാവായി വാഴിച്ചിരിക്കുന്നു.
ഉറ്റ സുഹൃത്തായ സുഗ്രീവനെക്കൂടാതെ ദേവലോകത്തോ പരമപദത്തിലോ താൻ പോവുകയില്ല എന്നു പറഞ്ഞാണ് രാമൻ സുഗ്രീവനെ കൂടെ വരാൻ അനുവദിക്കുന്നത്.
എന്നാൽ, പ്രജകളുള്ളിടത്തോളം കാലം ധർമ്മാനുസരണം ലങ്ക വാഴണം എന്നാണ് വിഭീഷണനോട് രാമൻ സ്നേഹപൂർവ്വം നിർദ്ദേശിക്കുന്നത്.
അതുപോലെ, ഹനുമാനോട് തന്റെ കഥ പ്രചരിക്കുന്നിടത്തോളം കാലം സ്വന്തം പ്രതിജ്ഞ പാലിച്ചുകൊണ്ട് ജീവിച്ചിരിക്കാൻ രാമൻ നിർദ്ദേശിക്കുന്നു.
ജാംബവാനോടും മറ്റു അഞ്ചു പേരോടും കലികാലം വരെ ജീവിച്ചിരിക്കാൻ നിർദ്ദേശിക്കുന്നു.
അതേസമയം, മറ്റുള്ള രാക്ഷസന്മാരേയും വാനരന്മാരേയും തന്നെ അനുഗമിക്കുവാൻ രാമൻ അനുവദിക്കുന്നു.
തുടർന്നു വരുന്നത് അക്ഷരാർത്ഥത്തിൽ, മഹത്തായ മഹാപ്രസ്ഥാനമാണ്.
ഏറ്റവും ഹൃദയസ്പർശിയും സ്തോഭജനകവുമായ ആഖ്യാനമാണ് ഇവിടെ. വേണമെങ്കിൽ, ഒരു സർഗ്ഗം മുഴുവൻ ഉദ്ധരിക്കാവുന്നതാണ്.
നേരിയ വസ്ത്രമുടുത്ത്, കൈവിരലുകളിൽ കുശപ്പുല്ലുകൾ ധരിച്ച്, പരമമായ ബ്രാഹ്മമന്ത്രം ജപിച്ച്, ആരോടും ഒന്നും മിണ്ടാതെ, സൂര്യനെപ്പോലെ ജ്വലിച്ചു കൊണ്ട് രാമൻ ഗൃഹത്തിൽ നിന്നും പുറത്തുകടന്നു. രാമന്റെ വലതുവശത്ത് ശ്രീയും ഇടത്ത് ഭൂമിയും മുന്നിൽ സംഹാരശക്തിയും നിലകൊണ്ടു. വില്ലും ശരങ്ങളും വേദങ്ങളും ഗായത്രിയും ഓങ്കാരവും വഷട്കാരവും മഹർഷിമാരും ദേവന്മാരും എല്ലാ രാമനെ അനുഗമിച്ചു..
ബന്ധുക്കളും ബ്രാഹ്മണരും ഭൃത്യരും അടങ്ങിയ കൊട്ടാരവാസികളായ സകലരും കൊട്ടാരം വിട്ടിറങ്ങി രാമനെ അനുഗമിച്ചു. അവിടെ വന്നെത്തിയ മഹർഷിമാരും മഹീദേവന്മാരും രാക്ഷസന്മാരും വാനരന്മാരും ഋക്ഷന്മാരും അയോദ്ധ്യാവാസികളും എന്തിനേറെ, വാല്മീകിയുടെ തന്നെ വാക്കുകളിൽ, സർവ്വ ചരാചരങ്ങളും രാമനെ അനുഗമിച്ചു.
 പണ്ടത്തെപ്പോലെ ഇതു വനയാത്രയല്ല, മറിച്ച്, തിരിച്ചുവരവില്ലാത്ത, ജീവിതത്തിന്റെ അന്ത്യയാത്രയാണ്, പൂർണ്ണബോദ്ധ്യത്തോടെയുള്ള സ്വച്ഛന്ദമൃത്യുവാണ്. ഇവിടെ ഭയമില്ല, ശങ്കയില്ല, ഉൽക്കണ്ഠയില്ല, ദുഃഖമില്ല, നിരാശയില്ല, പരമാത്മാവുമായി ഏകീഭവിക്കുന്നതിലെ പരമാനന്ദം മാത്രം.
 ന തത്ര കശ്ചിദ്ദീനോ വാ
 വ്രീഡിതോfപി ദുഃഖിത:
 ഹൃഷ്ടം പ്രമുദിതം സർവ്വം
 ബഭൂവ പരമാത്ഭുതം
 അതിൽ ദീനനായോ ദുഖിതനായോ ലജ്ജിതനായോ ആരും തന്നെ ഉണ്ടായിരുന്നില്ല. സർവ്വരും ഹർഷവും മോദവും പൂണ്ട് അത്യാശ്ചര്യഭരിതരായി വിളങ്ങി.

മഹാഭാരതത്തിലെപ്പോലെ, ഇവിടെ പരാജയബോധമില്ല, ശൂന്യതാബോധമില്ല, ഒറ്റപ്പെടലില്ല, വിഷാദമില്ല, വിഫലചിന്തയില്ല, മറിച്ച്, രാക്ഷസനോ വാനരനോ സാധാരണ ജനമോ എന്ന ഭേദമില്ലാതെ, ഒറ്റമനസ്സോടെ,  അഭൗമമായ പരമാനന്ദത്തോടെ രാമനോടൊപ്പം അന്ത്യയാത്രയ്ക്കാരുങ്ങുകയാണ്! ദ്വാരക കടലെടുത്തു പോകുമ്പോൾ, ഇവിടെ, അയോദ്ധ്യ ശൂന്യമായി എന്നു വാല്മീകി പറയുന്നു. എന്നാൽ, ഇവിടെ നശ്വരതയുടെ ശൂന്യതയല്ല, മറിച്ച്, ആത്മബോധത്തോടെ പരമാത്മശക്തിയുമായി സ്വയം താദാത്മ്യം പ്രാപിക്കുന്ന അനശ്വരതയുടെ ശൂന്യതയാണ്.
ഇത്രയും അത്യുജ്ജ്വലമായ ഒരു ഉപസംഹാരം ലോകത്ത് മറ്റേതെങ്കിലും കൃതിയിൽ കാണാനാവുമോ?
ചുരുക്കത്തിൽ, ഈ അത്യുജ്ജ്വലമായ ഉപസംഹാരം ഉത്തരകാണ്ഡത്തെ സാർത്ഥകമാക്കുന്നു.





1 comment:

DKM said...

namastE,

Your piece is brilliant, but I only rushed through it, after deciding to go through it carefully, leisurely.

A personal note: In the YuddhakANDam, once I read what follows: When Hanuman brought the hill with growing herbs, even before he touched down, all the suffering army was healed.

I firmly believe in using herbs and spices in curing illness and have used many of them during my long life and have survived without using any pharmaceutical drugs. But after reading the Vaalmeeki rAmAyaNa portion, I had the insight that we really need not "consume" all these herbals to cure illness: their mere presence might have a healing effect. Since then I have only grown herbs and have them around my house, inside the house. I do use them in cooking, but my idea of "consuming" them has weakened. Now I have a different relationship with healing plants (which pretty much includes all of the vegetal kingdom!). After the dawning of that insight, I have started reading books such as Plants as a Person, Plant Communication, etc.

Thank you for your detailed look, which I will come back to later. DKM