Search This Blog

Friday, November 9, 2018

പഴയ സിനിമകളിലൂടെ



പഴയ സിനിമകളിലൂടെ:

മലയാറ്റൂരിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘യക്ഷി‘യും(1968) എ ടി കോവൂരിന്റെ അനുഭവകഥയെ ആസ്പദമാക്കി നിർമ്മിച്ച പുനർജന്മവും(1972) ഒരേ മന:ശാസ്ത്രപ്രശ്നത്തെ കേന്ദ്രമാക്കി ആവിഷ്കരിച്ച സിനിമകളാണ്. സമാനതകൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല. രണ്ടിന്റേയും നിർമ്മാതാക്കൾ മഞ്ഞിലാസ്, സംവിധാനം കെ എസ് സേതുമാധവൻ, ക്യാമറ മെല്ലി ഇറാനി, തിരക്കഥ തോപ്പിൽ ഭാസി.

രണ്ടും അക്കാലത്തെ മലയാള സിനിമയുടെ പൊതുവെയുള്ള ചട്ടക്കൂടിൽനിന്നും മാറിനിൽക്കുന്നു.

കഥയിൽനിന്നും വഴുതിപ്പോകാത്ത തിരക്കഥ, ലളിതവും ഋജുവുമായ സംവിധാനശൈലി, മിക്കവാറും കുറഞ്ഞ വെളിച്ചത്തിലുള്ള ഭാവാത്മകമായ ഛായാഗ്രഹണം, സത്യൻ, ശാരദ(യക്ഷി) നസീർ, ജയഭാരതി(പുനർജന്മം) എന്നിവരുടെ പക്വമായ അഭിനയം, വയലാർ ദേവരാജൻ കൂട്ടുകെട്ടിന്റെ അനുഭൂതിസാന്ദ്രമായ ഗാനങ്ങൾ എന്നിവയെല്ലാംകൊണ്ട് ഇന്നും ഈ പടങ്ങൾ സാന്ദ്രമായ ഒരു ദൃശ്യാനുഭവം പകർന്നു നൽകുന്നു. തീർച്ചയായും, അക്കാലത്ത് ഇവയ്ക്ക് അവാർഡുകൾ കിട്ടേണ്ടതായിരുന്നു. കിട്ടിയിട്ടുണ്ടോ എന്നറിയില്ല. (ഒന്നും കിട്ടിയിട്ടില്ല)

7/11/2018

തോപ്പിൽ ഭാസി തിരക്കഥയും കെ എസ് സേതുമാധവൻ സംവിധാനവും ബാലു മഹേന്ദ്ര ഛായാഗ്രഹണവും നിർവ്വഹിച്ച മഞ്ഞിലാസിന്റെ മറ്റൊരു ചിത്രമാണ് ചട്ടക്കാരി (1974)
ഒരു ആംഗ്ലോ ഇന്ത്യൻ യുവതിയും അയൽ‌വാസിയായ ഹിന്ദു യുവാവും തമ്മിലുള്ള പ്രണയകഥയാണ് ഇതിവൃത്തം.
യക്ഷി, പുനർജന്മം എന്നീ മുൻ സംരംഭങ്ങൾക്ക് ഒരു അവാർഡുപോലും ലഭിക്കാത്തതുപോലെ വിചിത്രമാണ് ഇതിനു നിരവധി അവാർഡുകൾ കിട്ടിയത്.
തിരക്കഥയും സംവിധാനവും ഛായാഗ്രഹണവുമൊന്നും അന്നത്തെ നിലവാരം വെച്ചുപോലും ശരാശരിയിൽനിന്നുയരുന്നില്ല. പ്രണയകഥയുടെ പശ്ചാത്തലത്തിന്റെ പുതുമയായിരിക്കാം ഒരു പക്ഷെ, ഇതിന്റെ വിജയത്തിന്റെ രഹസ്യം. അടൂർ ഭാസി അവതരിപ്പിക്കുന്ന തീവണ്ടി എഞ്ചിൻ ഡ്രൈവർ, സോമൻ അവതരിപ്പിക്കുന്ന കാമുകൻ,ആംഗ്ലോ ഇന്ത്യൻ കുടുംബം എന്നിവയെല്ലാം ഒരുപാട് സാദ്ധ്യതകൾ (ദൈവത്തിന്റെ വികൃതികൾ ഇവിടെ ഓർത്തുപോകും) നൽകുന്ന ഘടകങ്ങളാണ്. എന്നാൽ, അതു ശരിക്കും പ്രയോജനപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞില്ല. അടൂർ ഭാസിയും ലക്ഷ്മിയും സ്തുത്യർഹമായ അഭിനയം കാഴ്ചവെക്കുമ്പോൾ നായകനായ ശശിയെ അവതരിപ്പിച്ച മോഹൻ ശർമ്മക്ക് കാര്യമായൊന്നും ചെയ്യാനില്ല. ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രം വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സോമൻ അവതരിപ്പിക്കുന്ന റിച്ചാർഡാണ്. സിനിമ നല്ലൊരു സന്ദേശം നൽകുന്നു എങ്കിലും അത് സിനിമക്കൊടുവിൽ ഒരു പ്രഖ്യാപനമാക്കേണ്ടി വന്നത് തിരക്കത്തയുടെ ദൌർബ്ബല്യമാണെന്നു തോന്നുന്നു.
10/11/2018