ഹിന്ദുത്വ ദേശീയതയെ ഉയർത്തിക്കാട്ടി രാഷ്ട്രീയപരമായി മുതലെടുക്കുന്നതിനായി പ്രാചീന ഭാരതീയചിന്തകളെ 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി അടിക്കടി വലിയ വലിയ അവകാശവാദങ്ങളുന്നയിക്കുകയും നിരർത്ഥകമായ ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര സന്ദർഭമാണ് ഇത്. എന്നാൽ, ഈ വിഷയത്തെപ്പറ്റി യാതൊരു പഠനവും നടത്താതെ, അതിനു യാതൊരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയക്കാർ വെറും അനുമാനങ്ങൾ തട്ടിവിടുന്നതാണ് പൊതുവെ കണ്ടു വരുന്നത്. ഇതുവഴി ഇവർ സ്വയം പരിഹാസ്യരാവുകയും മഹത്തായ ഒരു ചിന്താപൈതൃകത്തെ അവഹേളിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നതുമില്ല എന്നതാണ് ഏറെ വിചിത്രമായിരിക്കുന്നത്.
പ്രാചീന ഭാരതീയചിന്തകളും 21ആം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. ഓരോ കാലത്തും അതിന്റേതായ രീതികൾ എന്നു മാത്രം മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇവിടെ ഭാരതീയദർശനങ്ങളെ ഒട്ടും കുറച്ചു കാണേണ്ടതില്ല. അതു ശരിയായി പഠിക്കുക എന്നതാണ് അതിനെ ആദരിക്കുന്നുവെന്ന് ഊറ്റംകൊള്ളുന്നവർ ആദ്യം ചെയ്യേണ്ടത്. അതിനുശേഷമാണ് അത് ആധുനികരീതികളുപയോഗിച്ച് വികസിപ്പിക്കാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടത്.
ആത്മനിഷ്ഠമായ ചിന്ത, ഉൾക്കാഴ്ച, ഉൾവിളി, തർക്കം, യുക്തി എന്നിവയിലൂടെയാണ് ഭാരതീയ ദർശനങ്ങൾ വികസിക്കുന്നത്. വാസ്തവത്തിൽ, ആധുനിക ശാസ്ത്രത്തിന്റെ മുള പൊട്ടുന്നതും അങ്ങനെത്തന്നെയാണ്. ഭൌതികമായ പരീക്ഷണനിരീക്ഷണങ്ങൾക്കുള്ള സാദ്ധ്യത അക്കാലത്ത് താരതമ്യേന വിരളമായിരുന്നു എന്നു പറയാം. ചിന്താതലത്തിലെങ്കിലും അതിനൊരു തുടർച്ച എപ്പോഴോ നമുക്കു നഷ്ടപ്പെട്ടു. അതിന്റെ പ്രധാന കാരണം ഇതെല്ലാം വാചികമായോ ലിഖിതമായോ രേഖപ്പെടുത്തി വെച്ചിരുന്ന സംസ്കൃതഭാഷ ഒരു സമൂഹം തങ്ങളുടേതു മാത്രമായി കൊട്ടിയടച്ചു വെച്ചു എന്നതാണ്.
ഭാഷ ഒരു ജൈവപ്രകൃതിയാണ്. അതിനു വളരാൻ കാറ്റും വെളിച്ചവും വൈവിദ്ധ്യമാർന്ന സൃഷ്ടികളായ ഭക്ഷണവും വേണം. കാറ്റും വെളിച്ചവുമില്ലാതെ അടച്ചു വെച്ചാൽ അതു ക്രമേണ നശിക്കും. അതുതന്നെയാണ് സംസ്കൃതത്തിനു സംഭവിച്ചത്. ഇന്നിപ്പോൾ നമ്മൾ ആ ഭാഷയിലൂടെ മനസ്സിലാക്കുന്നതുതന്നെയാണോ അതിന്റെ ആദിമപാഠം ഉദ്ദേശിച്ചത് എന്നുതന്നെ കൃത്യമായി പറയാനാവാത്ത സ്ഥിതിയാണ്. കൃത്യമായി മനസ്സിലാക്കപ്പെടുന്നു എന്ന ഉത്തമബോദ്ധ്യമുള്ള കാര്യങ്ങളിൽനിന്ന് ഏറ്റവും സാദ്ധ്യതയുള്ള തെരഞ്ഞെടുത്ത വിഷയങ്ങളെപ്പറ്റി (ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം മുതലായവ ഉദാഹരണം) ഗഹനമായ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അതിനു പൊതു ഫണ്ട് ഉപയോഗിക്കുന്നത് ആക്ഷേപം വിളിച്ചു വരുത്തും. അതിനുള്ള ഇച്ഛാശക്തിയും സമർപ്പണബുദ്ധിയുമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വന്നാൽ മാത്രമേ അതു യാഥാർത്ഥ്യമാവൂ. അങ്ങനെ ശാസ്ത്രീയമായ പഠനഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വസ്തുതകളാണ് ആധുനികലോകത്തിനു മുന്നിൽ സമർപ്പിക്കേണ്ടത്. അങ്ങനെ മാത്രമേ നമുക്ക് ആ മഹത്തായ ചിന്താപൈതൃകത്തോട് നീതി പുലർത്താൻ കഴിയുകയുള്ളു