Search This Blog

Wednesday, February 21, 2018

ഹിന്ദുമതം എന്ന ഭാരതീയ ചിന്താപദ്ധതി



പൌരാണിക ഭാരതീയചിന്തകളിലൊന്നും ഹിന്ദുമതത്തെപ്പറ്റി പറയുന്നില്ല. കാരണം, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആധുനിക അർത്ഥത്തിലുള്ള മതസങ്കല്പം അന്നുണ്ടായിരുന്നില്ല. പിന്നീട്, മറ്റു മതങ്ങൾ ഉടലെടുത്തപ്പോൾ, ഈ ഭാരതീയ ചിന്താപദ്ധതിയേയും നിർവ്വചിക്കാനായി പുറമേനിന്നുള്ളവർ ഹിന്ദു എന്ന് വിളിച്ചതാണ് എന്നാണ് എനിക്കു തോന്നുന്നത്. ഈ നിർവ്വചനം മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്.

ഋഷികൾ എന്നു പറയുന്ന ഒരു വലിയ കൂട്ടം ബുദ്ധിജീവികൾ, അവരുടെ ആത്മനിഷ്ഠമായ ചിന്തയിലൂടേയും മനനത്തിലൂടേയും കുറെ ദർശനപരമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്നു. അതു വെറും മനുഷ്യന്റെ ലൌകിക ജീവിതത്തിലൊതുങ്ങുന്നില്ല എന്നതാണ് ഭാരതീയചിന്തയെ വ്യത്യസ്തമാക്കുന്നത്. അണു മുതൽ അണ്ഡകടാഹം വരെ അതു പരന്നുകിടക്കുന്നു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളേയും അതു പരിഗണിക്കുന്നു. ഒന്നിലധികം വ്യക്തികൾ അവരവരുടേതായ രീതിയിലുള്ള ചിന്തകൾ മുന്നോട്ടുവെക്കുന്നതിനാൽ ഇവിടെ ഏകശിലാസംസ്കാരമില്ല. എല്ലാം അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാനുള്ള വിശാലമായ മനസ്ഥിതി പ്രാചീന ഭാരതീയർക്കുണ്ടായിരുന്നു എന്നതാണ് പൌരാണിക ഭാരതീയരുടെ മറ്റൊരു സവിശേഷത. അതുതന്നെയാണ് ഇന്നു ഹിന്ദുമതം എന്നു വിവക്ഷിക്കുന്നതിന്റെ ശക്തിയും ദൌർബ്ബല്യവും. അതുകൊണ്ടാണ് അതു അത്യന്തം പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും നിലനിൽക്കുന്നത്.

എല്ലാ മതത്തിലും പ്രായോഗികമായി ജാതിയും ബിംബാരാധനയും നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കാലവ്യത്യാസം കാരണം അവയുടെ രൂപവും ഭാവവും മാറുന്നു എന്നു മാത്രം. കൃസ്തുമതത്തിൽ റോമൻ കത്തോലിക് മുതൽ പെന്തക്കോസ്തുവരെയുള്ള പല അവാന്തര വിഭാഗങ്ങൾക്കിടയിൽ ജാതിക്കു സമാനമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിലും അതേപോലെ, സുന്നി, ഷിയാ തുടങ്ങി നിരവധി വിഭാഗങ്ങൾക്കിടയിലും ഇതുതന്നെയാണ് അവസ്ഥ. ഇതും മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു പരിമിതിയായിരിക്കാം.

കൃസ്തുമതത്തിൽ കുരിശ്, കൃസ്തു, ഉണ്ണിമേരി എന്നിങ്ങനെ, ചിത്രങ്ങളായും ശില്പങ്ങളായും ബിംബങ്ങൾ നിലനിൽക്കുന്നു. ഇസ്ലാമിൽ, ക അബയുടെ ചിത്രം പരക്കെ കാണാം. പ്രാർത്ഥനയിലും അതൊരു ബിംബമാണ്. ഒരു പ്രത്യേക വ്യക്തി ആരംഭിച്ചതിനാൽ അതിനുള്ള സാദ്ധ്യതകൾ വളരെ പരിമിതമാണെന്നുമാത്രം. എന്നാൽ, അതിന്റെ പേരിൽ മറ്റുള്ളവരോട് വലിയ ശത്രുതാമനോഭാവവും അവരെ ഉന്മീലനം ചെയ്യേണ്ടതാണെന്ന വളരെ അപകടകരമായ ചിന്തയും സ്വാഭാവികമായി ഉടലെടുക്കുന്നു. ഇത് പുരോഗമനമാണോ അതോ അധ:പതനമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.